Friday, July 07, 2006

കേരളസംഗമം : സമയവിവരപ്പട്ടിക

ഇന്നേയ്ക്കു കഷ്ടാഷ്ടമി വെള്ളിയാഴ്ച. രണ്ടു നാള്‍ അവധി. ഉറക്കം നമുക്കു മുടിയാതു്‌. ശുട്ടിടുവേന്‍!

മുടിഞ്ഞ പണി കാരണം യൂയേയീ മീറ്റില്‍ കാര്യമായി സംബന്ധിക്കാന്‍ പറ്റിയില്ല. അതിനാല്‍ അരയും തലയും മുറുക്കി കേരളാ മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കലേഷിന്റെ കല്യാണത്തിനു ശേഷം ഒന്നു ഉഷാറായി ഒന്നിനും കൂടിയിട്ടില്ല. നിങ്ങളുമില്ലേ?

(പാവം, ബാംഗ്ലൂര്‍ മീറ്റിനെ ആശീര്‍വദിക്കാന്‍ ഒരു കോന്തനും ഉണ്ടായിരുന്നില്ല - ആദിത്യനൊഴികെ.)

എറണാകുളത്തു്‌ ശനിയാഴ്ച ശനിയപ്രസാദത്തിനാല്‍ രാവിലെ 10 മണിക്കാണു കലാകായികപരിപാടികള്‍ തുടങ്ങുന്നതു്‌. അതുല്യയും സൂവും തമ്മില്‍ കെട്ടിപ്പിടിക്കുന്നതു്‌, ശ്രീജിത്ത്‌ മുല്ലപ്പൂവിനെ പരിചയപ്പെടുന്നതു്‌, വിശ്വവും അചിന്ത്യയും തമ്മില്‍ ആര്‍ക്കാണു കൂടുതല്‍ കടുകട്ടി വാക്യങ്ങള്‍ പറയാന്‍ പറ്റുക എന്നു മത്സരിക്കുന്നതു്‌ ഇങ്ങനെ വികാരനിര്‍ഭരമായ പല രംഗങ്ങളും തുളസിയും കുമാറും വിശ്വവും (ഒന്നരലക്ഷം വേണ്ടാ, അല്‍പം കുറച്ചു മതി!) അഭ്രപാളികളില്‍ പകര്‍ത്തുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം!

അപ്പോള്‍ ഉറക്കമിളച്ചും ഇളയ്ക്കാതെയും ഉച്ചയൂണുപേക്ഷിച്ചും (ചെലപ്പഴേ ഉള്ളൂ, വക്കാരി എന്തും ഉപേക്ഷിക്കും, ഊണു മാത്രം... യൂയേയീ മീറ്റിനിടയ്ക്കു പോയി മോരുകറിയും പാവയ്ക്കാ മെഴുക്കുപുരട്ടിയും കൂട്ടി വെട്ടിത്തട്ടിയവനാണു ദുഷ്ടന്‍!) ലോകത്തിന്റെ നാനാഭാഗത്തുനിന്നും കേരളസംഗമം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിശദസമയവിവരപ്പട്ടിക:

ചില നിര്‍ഭാഗ്യവാന്മാര്‍ക്കു തലേന്നേ (വെള്ളിയാഴ്ച) പുറപ്പെടണം. വെള്ളിയാഴ്ച പരിപാടി ആരംഭിക്കുന്നവര്‍:

ഉമേഷ്‌, സന്തോഷ്‌, രാജേഷ്‌, സ്നേഹിതേഷ്‌ : 9:30 PM
സിബു, ആദു, മനു, സെലീറ്റു : 11:30 PM

ബാക്കിയെല്ലാവരും ശനിയാഴ്ച പോയാല്‍ മതി.

ഒരു പട പാതിരായ്ക്കു തുടങ്ങുന്നുണ്ടു്‌. താഴെയുള്ളവര്‍:

കുട്ട്യേടത്തി, എല്‍ജ്യേടത്തി, ബിന്ദ്വേടത്തി, മന്‍ജിത്തണ്ണന്‍, ശനിയണ്ണന്‍, ഏവുവണ്ണന്‍, പാപ്പണ്ണന്‍, പപ്രാണ്ണന്‍, രാവുണ്ണ്യണ്ണന്‍, മൊഴിയണ്ണന്‍ : 12:30 AM

പിന്നെ എല്ലാരും രാവിലെ എഴുന്നേറ്റു പോയാല്‍ മതി:

താര : 4:30 AM
പുല്ലൂരാന്‍, അരവിന്ദന്‍, ജേക്കബാന്‍, വെമ്പള്ളിയാന്‍ : 6:30 AM
തണുപ്പന്‍, ഡാലി : 7:30 AM
യൂയേയീക്കാര്‍ : 8:30 AM
ഇന്ത്യക്കാര്‍ : 10 AM

ബാക്കിയുള്ളവര്‍ ഉച്ചയൂണു കഴിഞ്ഞു്‌:

സതീഷ്‌ : 12:30 PM
വക്കാരി : 1:30 PM

പേരു പറയാത്തവര്‍ പേരു പറഞ്ഞവരുടെ സമയത്തിനോടു കൂട്ടുകയോ കിഴിക്കുകയോ കീറുകയോ മുറിക്കുകയോ ചെയ്തു സമയം കണ്ടുപിടിക്കേണ്ടതാകുന്നു.

അപ്പോള്‍ ഗോദയില്‍ വെച്ചു കാണാം. ലാല്‍സലാം!

798 comments:

«Oldest   ‹Older   801 – 798 of 798
«Oldest ‹Older   801 – 798 of 798   Newer› Newest»