Friday, October 06, 2006

പ്രിയരേ... എന്നോട്‌ ക്ഷമിക്കുക.........

പ്രിയരേ... എന്നോട്‌ ക്ഷമിക്കുക.. എനിക്കറിയാം ക്ലബ്ബില്‍ ഇങ്ങനെയുള്ള ലേഖനങ്ങള്‍.. പോസ്റ്റ്‌ ചെയ്യാന്‍ പാടില്ലാന്ന്.. അതും ഒരു പത്രത്തില്‍ വന്ന ഒരു ലേഖനം.. എന്തോ .. പൊതുവേ.. മനസ്സിനെ കരയിപ്പിക്കുന്ന ഏതൊരു വാര്‍ത്ത വായിച്ചാലും കരയുന്ന ഞാന്‍ ഇത്‌ വായിച്ചപ്പോള്‍ പൊട്ടി കരഞ്ഞ്‌ പോയി.. അവളുടെ വാക്കുകള്‍ കണ്ണുകളുള്ള നമ്മുടെ ഹൃദങ്ങളിലേക്ക്‌ കാരമുള്ളുകൊണ്ട്‌ കുത്തുകയായിരിന്നു.. അവളുടെ മനോധൈര്യം.. ഇത്‌ വായിക്കാതെ പോയവര്‍ ..വായിക്കുക അതുകൊണ്ടാണ്‌ ഒത്തിരി വിമര്‍ശനങ്ങള്‍ ലഭിക്കുമെന്നറിഞ്ഞിട്ടും ഞാനിവിടെ... ഇത്‌ പോസ്റ്റ്‌ ചെയ്യുന്നു.......
എന്തുരസം,,,, ഈ ഇരുള്‍വഴിത്താര


ജീവിതത്തില്‍ നിറഞ്ഞ ഇരുട്ടിനെ പുഞ്ചിരിയാല്‍ മറ്റുള്ളവര്‍ക്ക്‌ വെളിച്ചമാക്കി മാറ്റുകയാണ്‌ അഖിലയെന്ന പതിനേഴുകാരി. രണ്ടു വര്‍ഷം മുമ്പ്‌ പ്ലസ്‌ വണ്ണിന്‌ പഠിക്കുമ്പോള്‍ പെട്ടെന്നൊരുനാള്‍
അഖിലയുടെ കണ്ണിലെ വെളിച്ചം അണഞ്ഞു. 'റെറ്റിനിറ്റാച്ച്‌മെന്റി'ന്‌ പ്രതിവിധിയില്ലെന്ന്‌ വൈദ്യശാസ്ത്രം ി‍ധിയെഴുതി. പക്ഷേ, അഖില തളര്‍ന്നില്ല. ആ അവസ്ഥയെ പൂര്‍ണമായും സ്വീകരിച്ചു; ഒരു ഉയിര്‍ത്തെഴുന്നേല്‍പിന്റെ പുഞ്ചിരിയോടെ. തളിപ്പറമ്പിലെ നൃത്താധ്യാപിക കലാമണ്ഡലം വിമലാദേവിയുടെയും സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പ്‌ ഉദ്യോഗസ്ഥന്‍ എം.ആര്‍. പവിത്രന്റെയും മകള്‍ അഖില ഇപ്പോള്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്‌.
സ്വന്തം അനുഭവങ്ങള്‍ അഖില പങ്കുവെയ്ക്കുകയാണിവിടെ.

2004 ജൂലായ്‌ 15
ഉറക്കച്ചടവോടെ അമ്മയുടെ അടുത്തുചെന്ന്‌ 'ഞാന്‍ സഹായിക്കണോ?' എന്ന്‌ ചോദിക്കുമ്പോള്‍ ഇതെന്റെ കാഴ്ച മറയും മുമ്പുള്ള അവസാനചോദ്യമാണെന്ന്‌ ആരും ഓര്‍ത്തുകാണില്ല. അന്ന്‌, ആ മഴയുള്ള ദിവസം ഞാന്‍ കുടചൂടി നടന്നകന്നത്‌ ഇരുട്ടിലേക്കാണെന്ന്‌ ഞാനൊട്ടും കരുതിയതുമില്ല. അല്ല, കരുതിയിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ.

സമയം 11.20. എന്റെ ഓര്‍മ്മയില്‍ അതൊരു ബുധനാഴ്ച ദിവസമാണ്‌. പൊളിറ്റിക്സ്‌ ക്ലാസില്‍ ജനാര്‍ദ്ദനന്‍സാറിന്റെ കത്തികേള്‍ക്കുമ്പോള്‍ ഒരുവിധം നന്നായി ബോറടിക്കുന്നുണ്ടായിരുന്നു. ആ സമയത്ത്‌ സാര്‍ വായതുറന്നാല്‍ 'പൊളിറ്റിക്കല്‍ സയന്‍സ്‌ ഈസ്‌ എ മാസ്റ്റര്‍ സയന്‍സ്‌'എന്ന്‌ ഒരു നൂറുവട്ടം പറയുമായിരുന്നു. പെട്ടെന്ന്‌ സാറിനൊരു വളവ്‌. എനിക്കാദ്യം ചിരിയാണ്‌ വന്നത്‌. ഇയാള്‌ ഇറങ്ങിപ്പോവാതെ വളഞ്ഞും പുളഞ്ഞും കളിക്കുകയാണോ എന്നോര്‍ത്ത്‌ കുറച്ചുദേഷ്യവും തോന്നി. പിന്നെയാണു മനസ്സിലായത്‌ അത്‌ സാറിന്റെ കുഴപ്പമല്ല, എന്റെ കണ്ണിന്റെയാണെന്ന്‌. പിന്നെ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ കണ്ണിന്‌ ഒരു വല്ലാത്ത വേദനയോടുകൂടെ ആ വളവങ്ങ്‌ ശരിയായി. സാറ്‌ ഇറങ്ങിപ്പോവുകയും ചെയ്തു.

വൈകിട്ട്‌ വീട്ടിലെത്തി, കുളിക്കാനായി കണ്ണട അഴിച്ചുവെച്ചപ്പോഴാണ്‌ ഒരുസത്യം ഞാന്‍ മനസ്സിലാക്കുന്നത്‌. എന്റെകണ്ണിന്‌ കാഴ്ച നന്നേകുറവ്‌. സംഭവം എന്താണെന്ന്‌ ഒരു ഊഹവുമില്ല. അപ്പോഴാണ്‌ ആ വളവിന്റെയും വേദനയുടേയും കാര്യം ഞാന്‍ ഓര്‍ത്തത്‌. ഞാന്‍ വലതുകണ്ണും ഇടതുകണ്ണും മാറിമാറി അടച്ചുനോക്കി. ഇടതില്‍ നല്ല ഇരുട്ട്‌. പിന്നെ ഞാന്‍ അത്‌ ശ്രദ്ധിച്ചില്ല. കുളിച്ചുവന്ന്‌ അമ്മയോടുകുശലം പറഞ്ഞ്‌ കിടന്നുറങ്ങി.
ജൂലായ്‌ 16
കണ്ണടവെയ്ക്കാതെ ഒരടി നടക്കാന്‍ വയ്യ. ചെല്ലുന്നിടത്തൊക്കെ പോയിമുട്ടുന്നു. എന്നിട്ടും കട്ടിക്കണ്ണടയെടുത്തു വെച്ച്‌ സ്കൂളില്‍ പോയി. പഠിക്കാം എന്നുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല ക്ലാസില്‍ കഷ്ടപ്പെട്ട്‌ പോയത്‌. ഇന്നും ജനേട്ടന്റെ ക്ലാസുണ്ടേ; സാറിനെക്കണ്ടാല്‍ എങ്ങനാ കാഴ്ചപോവുക എന്നതിനെക്കുറിച്ച്‌ ഒരു അന്വേഷണം നടത്തിയേക്കാമെന്ന്‌ കരുതി. സാറിന്റെ ക്ലാസ്‌ കഴിഞ്ഞു. പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല. അന്വേഷണത്തെക്കുറിച്ചുള്ള പ്രതീക്ഷയൊക്കെ കളഞ്ഞ്‌ ഞാന്‍ സ്കൂളിന്റെ പടിയിറങ്ങി.

വീട്ടിലേക്കുള്ള യാത്രാമധ്യേ വീണ്ടും എന്റെ കണ്ണില്‍ വളവനുഭവപ്പെട്ടു. പെട്ടെന്ന്‌ എനിക്കു സന്തോഷമാണ്‌ തോന്നിയത്‌. വളഞ്ഞുപോയ കാഴ്ച വളഞ്ഞ്‌ തന്നെ തിരിച്ചുവരുമായിരിക്കും. പിന്നീട്‌ എനിക്ക്‌ കുറച്ച്‌ പേടിതോന്നി. ഇതും അതുപോലെ മറ്റേക്കണ്ണ്‌ അടിച്ചുപോവാനാണെങ്കിലോ? ഞാന്‍ ഓടി വീട്ടിനകത്തേക്ക്‌ കയറി. കണ്ണടച്ചുകിടന്നു. വീണ്ടും വേദന, മുറുക്കി അടച്ചകണ്ണുകള്‍ വീണ്ടും തുറക്കുമ്പോള്‍ മുന്നില്‍ ഇരുട്ട്‌ മാത്രം. എവിടെയോ ഒരു ചെറിയ വെളിച്ചം അവശേഷിച്ചുകൊണ്ട്‌ എന്റെ കാഴ്ച എന്നോട്‌ യാത്രപറഞ്ഞു. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അതങ്ങ്‌ ഫ്യൂസടിച്ചുപോയി' അല്ലെങ്കില്‍ 'ഹെഡ്‌ലൈറ്റ്‌ അടിച്ചുപോയികിട്ടിയാലും തൃപ്തിവരാത്ത മനുഷ്യന്‍ വീണ്ടും എന്തിനെയോ അന്വേഷിച്ചുകൊണ്ടിരിക്കും. പിന്നീടങ്ങോട്ട്‌ ഞാനും അച്ഛനും അമ്മയും കയറിയിറങ്ങിയ ആസ്പത്രികള്‍ നിരവധിയാണ്‌. അവസാനം ശങ്കര നേത്രാലയയില്‍ എത്തിയപ്പോഴും പറഞ്ഞത്‌ അതേ വാക്കുകളായിരുന്നു.

അന്നു മുതല്‍ ഇന്നോളം ഞാന്‍ ഇരുട്ടിനെ സ്നേഹിക്കുകയായിരുന്നു. ഞാനെന്റെ പരിമിതികളെ അറിഞ്ഞ്‌ എന്നെ സ്നേഹിക്കുകയായിരുന്നു. ശബ്ദത്തിലൂടെയും സ്പര്‍ശത്തിലൂടെയും ലോകത്തെ അറിയുകയായിരുന്നു. അതും ഒരു സുഖമാണ്‌, കേട്ടോ.

ശരിക്കും എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയോ ഇതിന്‌? എഴുതാന്‍ മടിയുള്ള എനിക്കുവേണ്ടി ഞാന്‍ പറയാതെ തന്നെ മറ്റുള്ളവര്‍ എഴുതുന്നു. എനിക്കു കേള്‍ക്കാന്‍ മനുഷ്യരും കമ്പ്യൂട്ടറും വായിക്കുന്നു. ഒരുതരം രാജകീയ ജീവിതം!

ഞാന്‍ വേദനിക്കാറുണ്ട്‌, എനിക്കു കിട്ടുന്ന സഹതാപമോര്‍ത്ത്‌, ബന്ധുവീട്ടില്‍ എനിക്ക്‌ കിട്ടുന്ന വരവേല്‍പോര്‍ത്ത്‌. ചിലര്‍ പറയും ഇവര്‍ വെറുതെ പറയുകയാണെന്ന്‌. കാഴ്ചപോയ ഒരാള്‍ക്ക്‌ ഇങ്ങനെ സന്തോഷിക്കാന്‍ കഴിയില്ല എന്ന്‌. ചിലര്‍ എന്റെ ഈ അവസ്ഥയോര്‍ത്ത്‌ എന്നെക്കാളങ്ങ്‌ വേദനിക്കും. അപ്പോള്‍ ഞാനെന്നോടുതന്നെ ചോദിക്കും; നീ എന്തിനുവേണ്ടി ഇതു സഹിക്കുന്നുവെന്ന്‌. നിന്നെ മനസ്സിലാക്കാത്തവരെ നീ എന്തിനു സഹിക്കണമെന്ന്‌?

'രോഗം ഒരു ശാപമല്ല. രോഗം വന്നവര്‍ക്ക്‌ സന്തോഷിക്കാന്‍ അവകാശമില്ല.' എന്ന്‌ ആരാണ്‌ പറഞ്ഞത്‌? രോഗത്തിനടിമപ്പെടുമ്പോഴാണ്‌ നാം നമ്മെ തിരിച്ചറിയുക. ഞാനീ രോഗത്തിലൂടെയാണ്‌ ലോകത്തിന്റെ വ്യത്യസ്തത അറിഞ്ഞത്‌; ഇരുളും വെളിച്ചവും അറിഞ്ഞത്‌. എന്നെ സംബന്ധിച്ചിടത്തോളം രോഗം ഒരു നല്ല അവസ്ഥയാണ്‌.


ആയുര്‍വേദ ചികിത്സയുടെ മൂന്നാംഘട്ടം കഴിഞ്ഞപ്പോള്‍ പ്രതീക്ഷയുടെ ജാലകങ്ങള്‍ തുറന്നുകൊണ്ട്‌ വെളിച്ചം വീണ്ടും എന്നെത്തേടി വന്നു. മങ്ങിയ വെളിച്ചത്തില്‍ വലതുകണ്ണിന്റെ അരികിലൂടെ എനിക്ക്‌ നിഴലുകള്‍ കാണാമെന്നായി. നിറങ്ങളില്ലാതെ ലോകം കാണാമെന്നായി. അന്നു ഞാന്‍ അധികം സന്തോഷിച്ചില്ല. കാരണം കാഴ്ച പോയപ്പോള്‍ ഞാന്‍ ദുഃഖിച്ചിട്ടില്ല. ഏതു പരിസ്ഥിതിയോടും പെട്ടെന്നിണങ്ങാന്‍ എന്റെ മനോബലം എന്നെ അനുവദിച്ചിരുന്നു. ജീവിതപ്രതിസന്ധികളെ ഒരിക്കലും ഞാന്‍ കരഞ്ഞമുഖത്തോടെ എതിരേറ്റിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക്‌, എന്റെ കണ്ണിലേക്ക്‌ വെളിച്ചം അരിച്ചിറങ്ങിയപ്പോള്‍ തുള്ളിച്ചാടാനൊന്നും തോന്നിയില്ല. കുറേ മാസങ്ങള്‍ ഞാന്‍ തനിച്ച്‌ സ്കൂളില്‍ പോയിവന്നു. മങ്ങിയ വെളിച്ചത്തില്‍ വളരെ ബുദ്ധിമുട്ടിയാല്‍ വലിയ അക്ഷരങ്ങള്‍ വായിക്കാമെന്നായി. പക്ഷേ മാസങ്ങളേ ആ കാഴ്ചകള്‍ എന്നെ രസിപ്പിച്ചുള്ളു. പതിയെ അതും അതിന്റെ വഴിക്കുപോയി. വീണ്ടും ബള്‍ബിന്റെ 'വയറിങ്‌' ദ്രവിച്ചുപോയി. അഥവാ ഫ്യൂസടിച്ചുപോയി!'

കാഴ്ചയുടെ വാതിലുകള്‍ വീണ്ടും കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ഇനി എനിക്ക്‌ കാഴ്ച കിട്ടുമെന്നു പ്രതീക്ഷിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്‌ അച്ഛനും അമ്മയ്ക്കും നഷ്ടമായതെങ്കില്‍ എനിക്കത്‌ പുത്തന്‍ ഊര്‍ജമാണ്‌ തന്നത്‌. ജീവിതത്തെക്കുറിച്ച്‌ ഇനിയുമേറെ പ്രതീക്ഷിക്കാനുണ്ടെന്നുള്ള അഥവാ ആഗ്രഹിക്കാനുണ്ടെന്നുള്ള ഒരു വിശ്വാസമാണ്‌ എന്നില്‍ ബലപ്പെട്ടത്‌.

എന്റെ കൂടെ ജീവിതാവസാനംവരെ ആരുമുണ്ടാവില്ലെന്ന തിരിച്ചറിവാണ്‌ എന്നെ ഇന്നു നയിക്കുന്നത്‌. ആരും കൂടെയില്ലെങ്കിലും ജീവിക്കാമെന്ന തന്റേടമാണ്‌ എന്റെ മുന്നോട്ടുള്ള പ്രചോദനം.

വേദനകളെ സന്തോഷത്തോടെ കാണാനുള്ള മനസ്സാണ്‌ നമുക്കു വേണ്ടത്‌. കാഴ്ച ഒരു ചിത്രമാണ്‌. എന്നെ സംബന്ധിച്ചിടത്തോളം ചിതലരിച്ച്‌ പൊടിഞ്ഞുപോയ ചിത്രം. ഇന്ന്‌ എനിക്കു കാഴ്ചയുണ്ടായിരുന്നുവെന്നോര്‍ക്കാന്‍ എന്റെ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളു. കണ്ണില്‍ തുടര്‍ച്ചയായി വന്നെത്തുന്ന ഫ്ലാഷുകളും അതേത്തുടര്‍ന്നുണ്ടാവുന്ന കുത്തിപ്പറിക്കുന്ന വേദനകളും മാത്രം. ഫ്ലാഷുകള്‍ എന്നെ വെളിച്ചത്തെ ഓര്‍മിപ്പിക്കുന്നു. വേദനകള്‍ എന്നെ എന്റെ കണ്ണുകളെ ഓര്‍മിപ്പിക്കുന്നു. അങ്ങനെ കണാന്‍ ശ്രമിക്കുമ്പോള്‍ എനിക്കതിനെയും സ്നേഹിക്കാന്‍ കഴിയുന്നു, ഇരുട്ടിനെയെന്നപോലെ.


ഏകാന്തത എന്നില്‍ വന്നുപൊതിയുമ്പോള്‍ ഞാനോര്‍ക്കാറുണ്ട്‌. ഓടിക്കളിച്ചു നടന്ന നാട്ടുവഴികളെ, നൃത്തച്ചുവടുകള്‍ക്ക്‌ ആലസ്യത്തിന്റെ നിറംപകര്‍ന്ന്‌ ടീച്ചര്‍മാരെ, ദേഷ്യം പിടിപ്പിച്ച ആ പഴയ പകലുകളെ, വായന ജീവിതമായിക്കണ്ട രാത്രികളെ ഒക്കെ. കട്ടിക്കണ്ണടയുംവെച്ച്‌ ക്ലാസില്‍ ചെല്ലുമ്പോള്‍ എനിക്കൊരു ഇരട്ടപ്പേരുണ്ടായിരുന്നു-'ത്രീഡി' ഇന്ന്‌ എന്നെയാരും അങ്ങനെ വിളിക്കാറില്ല. അങ്ങനെ വിളിക്കാന്‍ എനിക്കിന്ന്‌ കണ്ണടയില്ലല്ലോ.

ഓര്‍ക്കാനിത്തിരി വിശേഷങ്ങള്‍ തന്നിട്ട്‌ കാഴ്ച പടിയിറങ്ങിപ്പോയി. അതോര്‍ത്ത്‌ ഞാന്‍ ദുഃഖിക്കാറില്ല. ശബ്ദംകൊണ്ടും സ്പര്‍ശംകൊണ്ടും മാത്രമേ ഞാനീലോകത്തെ അറിയുന്നുള്ളൂ. ഇരുളിലെവിടെയോ കെടാറായ പടുതിരിപോലെ എന്നെത്തേടിയെത്തുന്ന വെളിച്ചമുണ്ടല്ലോ, അതില്‍ ഞാന്‍ തൃപ്തയാണ്‌.

ഒരിക്കലും മുകളിലേക്കു നോക്കാതിരിക്കുക, മുകളിലേക്കു നോക്കിയാല്‍ നമ്മെക്കാള്‍ സുഖം അനുഭവിക്കുന്നവരെയേ കാണാന്‍ കഴിയൂ. അപ്പോള്‍ ഇതൊന്നുമെനിക്ക്‌ അനുഭവിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന്‌ വൃഥയോടെ നമുക്ക്‌ ഓര്‍ക്കേണ്ടിവരും. എന്നാല്‍ താഴെ, ദുരിതങ്ങളുടെ ലോകത്തേക്ക്‌ നാം നോക്കുമ്പോള്‍ അവരുടെ ദുരിതങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ ഞാനറിയുന്നു, അവര്‍ എന്നെക്കാള്‍ വേദനിക്കുന്നവരാണെന്ന്‌. നാം അവരെ അറിയാന്‍ ശ്രമിക്കുമ്പോള്‍ നാം അറിയുന്നത്‌ നമ്മെത്തന്നെയാണ്‌. നാം അവര്‍ക്കുവേണ്ടി ചിരിക്കുമ്പോള്‍, അവര്‍ക്കുവേണ്ടി കരയുമ്പോള്‍, നാം ചിരിക്കുകയും കരയുകയും ചെയ്യുന്നത്‌ നമുക്കു വേണ്ടിത്തന്നെയാണ്‌.

പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌ ഫിലോസഫി പറയാന്‍കൊള്ളാം, പ്രവര്‍ത്തിക്കാന്‍ ആവില്ലെന്ന്‌. മനോബലമാണ്‌ എന്തിനും ആധാരം. ആ ബലത്തില്‍നിന്നാണ്‌ തത്ത്വചിന്തയുടെ ഉത്ഭവം. അന്ന്‌ വേദനയോടെ ചിന്തിച്ച പലതിനും ഇന്ന്‌ എനിക്കു മറുപടിയുണ്ട്‌. കാലിലൊരു മുള്ളുകൊണ്ടാല്‍ കരയുന്ന എന്നെ ഈ ഞാനാക്കി വളര്‍ത്തിയത്‌ എന്റെ ചിന്തകള്‍ തന്നെയാണ്‌. പഴകിയ ഫിലോസഫി പറഞ്ഞ്‌ മുഷിപ്പിക്കുകയല്ല. ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാനുള്ള പ്രേരണയാണിത്‌. എന്നും മനസ്സില്‍ വെളിച്ചം സൂക്ഷിക്കുക. അങ്ങനെയെങ്കില്‍ നമ്മുടെ ജീവിതലക്ഷ്യങ്ങള്‍ നമുക്കന്യമാവില്ല.


ഒരുദിവസം ഉറക്കത്തില്‍ നിന്നുണര്‍ന്ന എനിക്ക്‌ എന്റെ അമ്മയുടെ മുഖം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ആകെ അമ്പരപ്പോടെ ഞാന്‍ ഓരോമുഖങ്ങളായി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഏറെയും പരാജയങ്ങള്‍. പെട്ടെന്ന്‌ ഒരു നിമിഷത്തേക്ക്‌ ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. പിന്നെ എനിക്കു തോന്നിത്തുടങ്ങി, ഇതും ഒരനുഗ്രഹമാണെന്ന്‌. ആ മുഖങ്ങള്‍ക്കുവന്ന മാറ്റങ്ങള്‍ ഓര്‍ത്ത്‌ ഞാന്‍ വ്യാകുലപ്പെടേണ്ടതില്ലല്ലോ. അവരെ എനിക്കു ശബ്ദത്തിലുടെയും സ്പര്‍ശനത്തിലൂടെയും സ്നേഹിക്കാമല്ലോ. പണ്ട്‌ ഇവര്‍ ഇങ്ങനെയായിരുന്നു. അവരെ എനിക്ക്‌ കാണാമായിരുന്നു എന്നു ചിന്തിക്കേണ്ട അവസ്ഥ എന്നില്‍ നിന്നു മാഞ്ഞുപോയിരിക്കുന്നു. ഈ ചിന്തകള്‍ എന്നെ വീണ്ടും സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.

ഒരിക്കല്‍ മഹാരാജാസില്‍ ഹിസ്റ്ററിക്ലാസില്‍ വെച്ച്‌ ഒരു രസമുണ്ടായി. എന്റെ കണ്ണുകളെ ആരും വിശ്വസിക്കാറില്ല. എനിക്ക്‌ കാഴ്ചയില്ലെന്നും ആര്‍ക്കുംതോന്നില്ല. ഞാന്‍ ടീച്ചറുടെ ക്ലാസുകേട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ നോട്ടം ടീച്ചറുടെ നേരെയായിരുന്നില്ല. ശബ്ദം എവിടെനിന്നാണ്‌ പുറപ്പെടുന്നതെന്നു കൃത്യമായി അറിയാനാവാതെ വരുമ്പോള്‍ അങ്ങനെ സംഭവിക്കാറുണ്ട്‌. ടീച്ചര്‍ പെട്ടെന്നു ദേഷ്യപ്പെട്ട്‌ എന്റെ മുമ്പിലുള്ള ഡസ്ക്കില്‍ അടിച്ച്‌. എവിടെനോക്കി ഇരിക്കുകയാണെന്ന്‌ ചോദിച്ചു. പെട്ടെന്ന്‌ വിറച്ചുപോയ ആ നിമിഷത്തില്‍ എനിക്ക്‌ ഒന്നും പറയാന്‍ കഴിഞ്ഞില്ല. എന്റെ ക്ലാസിലെ മറ്റുകുട്ടികള്‍ സത്യാവസ്ഥ പറഞ്ഞപ്പോള്‍ എനിക്കു ചിരിയാണ്‌ വന്നത്‌. മിസ്സിന്റെ ആ നേരത്തെ മാനസികാവസ്ഥയോര്‍ത്താണത്‌.

പിന്നീട്‌ മിസ്സിനെന്നെ എഴുതാന്‍ പഠിപ്പിക്കലാണ്‌ ജോലി. വളഞ്ഞുപുളഞ്ഞ്‌ വലുതായി പ്പോകുന്ന എന്റെ അക്ഷരങ്ങളെ നേര്‍വഴിക്കു നയിക്കാനാണ്‌ മിസ്‌ ശ്രമിച്ചുകൊണ്ടിരുന്നത്‌. അതിനുശേഷം ഒന്നില്‍ പഠിച്ച എ.ബി.സി.ഡി ഇംഗ്ലീഷ്‌ അക്ഷരമാല വീണ്ടും ഞാന്‍ എഴുതിപ്പഠിച്ചു. മുഖങ്ങളെന്നപോലെ ഞാന്‍ അക്ഷരങ്ങളും ഞാന്‍ മറന്നുതുടങ്ങിയിരുന്നു. എന്നാല്‍ രമ്യയുടേയും മിസ്സിന്റെയും സഹായത്തോടെ എന്റെ അക്ഷരങ്ങള്‍ മറവിയുടെ മാറാല കുടഞ്ഞെറിഞ്ഞ്‌ പുറത്തുവന്നു കൊണ്ടിരിക്കുന്നു. ഞാന്‍ നന്ദിയോടെ രമ്യയെ എന്നും ഓര്‍ക്കാന്‍ എന്നെ എന്റെ രക്ഷകന്‍ സഹായിച്ചെന്ന്‌വരും.

ഞാന്‍ നന്ദിയോടെ സ്മരിക്കുന്ന ഒരുപാട്‌ ശബ്ദങ്ങളുണ്ട്‌ ഈലോകത്ത്‌. എനിക്ക്‌ ഏറ്റവും ഇഷ്ടം ഷൈജയുടെ കൂടെ നടക്കാനായിരുന്നു. കാരണം എന്റെ കാലടി എന്നേക്കാള്‍ നിയന്ത്രിക്കാന്‍ കഴിയുക അവള്‍ക്കായിരുന്നു. എന്റെ ഓര്‍മ്മയില്‍ നിന്നും പടിയിറങ്ങിപ്പോയ അവളുടെ മുഖത്തെ ഞാന്‍ ഓര്‍ക്കാറില്ല. പക്ഷേ, അവളുടെ കൈത്തണ്ടകളുടെ സുരക്ഷിതത്വത്തിന്റെ ഓര്‍മ്മകള്‍ നന്ദിയോടെ എന്റെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും. അവളെന്നോട്‌ പറയും "എടീ നിന്നോട്‌ ഒരാള്‍ ചിരിക്കുന്നുണ്ട്‌, നീ ചിരിച്ചോ" എന്നൊക്കെ. ഞങ്ങള്‍ എനിക്ക്‌ കാഴ്ചയില്ലെന്ന പറയാതെ പറ്റിച്ചവരുടെ എണ്ണം നിരവധിയാണ്‌. അതും ഒരു രസമല്ലേ? "കണ്‍മണിനീയെന്‍ കരംപിടിച്ചാല്‍ കണ്ണുകളെന്തിന്‌വേറെ" സാജന്‍സാര്‍ ഞങ്ങളെക്കുറിച്ച്‌ ഇങ്ങനെ പടിയപ്പോഴാണ്‌ ആ സുരക്ഷിതത്വത്തിന്‌ അത്രയും മധുരമുണ്ടെന്ന്‌ ഞാനറിഞ്ഞത്‌. ഇന്ന്ആ കരവലയത്തിന്റെ സുരക്ഷിതത്വമില്ലാതെയും എനിക്ക്‌ ജീവിക്കാന്‍ കഴിയുമെന്ന്‌ അല്ലെങ്കില്‍ കഴിയണമെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.

അതുപോലെ എന്നെ പ്ലസ്‌ടുവിന്‌ പഠിക്കാന്‍ സഹായിച്ച കുഞ്ഞാന്റിയേയും പരീക്ഷയെഴുതാന്‍ സഹായിച്ച ചിന്നുവിനെയും എനിക്ക്‌ മറക്കാനാവില്ലല്ലോ

ഇങ്ങനെ ഒരുപാടൊരുപാട്‌ സംഭവങ്ങളിലൂടെ ദുഃഖത്തെയും സന്തോഷത്തേയും ഞാനറിയുന്നു. ഇന്നുഞ്ഞാന്‍ ഇരുളും വെളിച്ചവും അറിയുന്നു. ഇനി അതിനെ താരതമ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഞാനറിയുന്നു.

29 comments:

ശ്രീജിത്ത്‌ കെ said...

ഈ മനോധൈര്യത്തിനു മുന്നില്‍ നമിക്കുന്നു. ഇത്ര മാത്രം ധൈര്യം മനസ്സില്‍ ഉള്ളവര്‍ ഉണ്ടോ? അദ്ഭുതം തന്നെ. ഞാനോ മറ്റോ ആയിരുന്നെങ്കില്‍ എപ്പോള്‍ തകര്‍ന്ന് പോയേനേ എന്ന് ചോദിച്ചാല്‍ മതി.

Anonymous said...

വാക്കുകളില്ല..........
സഹതപിക്കാന്‍ ധൈര്യമില്ല.....
ഈ മൌനം നിന്നെ ആശ്വസിപ്പിക്കുമോ?

ഫാരിസ്‌ said...

God Bless You.. There are manythings to learn frm u..

Ambi said...

ഞാനീയെഴുതുന്നത് നീയറിയുന്നുണ്ടോ എന്നെനിക്കറിയില്ല..അറിഞ്ഞില്ലേലും ഒന്നുമില്ല..
സഹതാപമില്ലൊട്ടും..തനിക്കില്ലാത്ത എന്തെങ്കിലും കുറവുള്ളപ്പോഴേ നാം സഹതപിക്കൂ..
എനിക്കിത് വന്നില്ലല്ലോ എന്ന ആശ്വാസം..അതാണ് സഹതാപം.
അസൂയയാണ് നിന്നോട്..
നിറയെ സ്നേഹവും..
കാളിയമ്മക്ക് എന്തെങ്കിലുംകാര്യം കാണും നിന്നെക്കൊണ്ട്..
അവര് വെറും മണ്ടിയല്ലല്ലോ..
പക്ഷേ ഇന്നെനിക്കൊന്ന് കരയണം ..സത്യമായും..
എരിശ്ശെരിയും മാങ്ങാത്തൊലിയും..

വിശ്വപ്രഭ viswaprabha said...

ഞാനും ഈ ലേഖനം വായിച്ചിരുന്നു ഈയാഴ്ച്ചത്തെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍.

ക്ലാസ്സ് റൂമില്‍ ടീച്ചര്‍ ദേഷ്യപ്പെട്ട ഭാഗം വായിച്ചപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു.
ഒരു വേള ഇവിടെ ഈ ലേഖനം ടൈപ്പുചെയ്തു കയറ്റിയാലോ എന്ന് ആലോചിക്കുകപോലുമുണ്ടായി!

എത്ര സമാനമനസ്കരാണ് മനുഷ്യര്‍ അല്ലേ?

അഖില നമ്മെ മനസ്സിലാക്കിത്തരുന്നു വലിയ വലിയ പാഠങ്ങള്‍!

അരവിശിവ. said...

മാതൃഭൂമിയില്‍ ആ ലേഖനം കണ്ടിരുന്നുവെങ്കിലും അന്നു വായിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല...‘കമണ്റ്റുകള്‍‘ ഞങ്ങള്‍ ബൂലോകര്‍ക്കു വേണ്ടി അതു മുഴുവന്‍ ടൈപ്പു ചെയ്തു പോസ്റ്റി..താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല...അന്ന് ആ കുട്ടിയുടെ ചിരിയ്ക്കുന്ന മുഖത്തിന്റെ ചിത്രം മതൃഭൂമിയിലുണ്ടായിരുന്നു.പ്രകാശം അപ്പോഴും ആ കണ്ണുകളില്‍ നിന്ന് സ്ഫുരിയ്ക്കുന്നുണ്ടായിരുന്നു.നോക്കി നില്‍ക്കെ ഞാന്‍ വളരെ ചെറുതായതുപോലെ തോന്നി.പരീക്ഷണത്തിന് ഈശ്വരന്‍ തിരഞ്ഞെടുത്ത തന്റെ പ്രീയപ്പെട്ട മകള്‍...ചിലപ്പോള്‍ നമ്മളെയൊക്കെ മറന്നാലും സ്നേഹവുമായി ഈശ്വരന്‍ ആ അഖിലയുടെ ചുറ്റിനുമുണ്ടാവുമെന്നു കരുതി ആശ്വസിയ്ക്കാം.....

bodhappayi said...

വളരെ നല്ല പോസ്റ്റ്. ബൂലോഗ ക്ലബ് ഇതിനു തന്നെ...

Ambi said...
This comment has been removed by a blog administrator.
Anonymous said...

അമ്പീ, മൊനേ, തടിയാ, അധികം ഓവറാക്കല്ലേ....

പുളകിതന്‍ said...

ബൂലോഗരെ, കമണ്ടുകളുടെ, ഈ പോസ്റ്റോ, നമ്മള്‍ ഇടുന്ന കമന്റുകളോ, ആ സഹോദരിക്ക് കാണാന്‍ കഴിയുന്നില്ലെങ്കിലും, നമ്മുടെയൊക്കെ, ഹ്രുദയങ്ങളില്‍ നിന്നുവരുന്ന ഈ വാക്കുകള്‍ അവളില്‍ എത്തട്ടെ, അവള്‍ക്ക് കൂടുതല്‍ ശ്ക്തി പകരട്ടെ......
ആര്‍ക്കും എപ്പോഴും എന്തും സംഭവിക്കാം, അതിനെ വേണമെങ്കില്‍ വിധിയെന്നു വിളിക്കാം.
ഈ വിധിയില്‍ മനം നൊന്ത് സ്വയം ഉരുകി ജീവിതം കളയുകയും
അവസാനിപ്പിക്കുകയും ചെയ്യുന്നവര്‍ ഭീരുക്കള്‍.
പകരം അഖിലയെപ്പോലെ
അവയൊക്കെ, ധൈര്യത്തോടെ നേരിടുന്നവര്‍ ധീരന്മാര്‍. കാരണം അവര്‍ക്കറിയാം.. ജീവിതം ഒന്നേയുള്ളൂ..

അഗ്രജന്‍ said...

കമണ്ടുകളെ വളരെ നന്നായി താങ്കള്‍ ചെയ്തത്.

അഖിലയോട് സഹതപിച്ചാല്‍ ആ കുട്ടിയത് പൊറുക്കില്ല. ആ മനോധൈര്യം, അതൊന്ന് മാത്രം മതി... ആ കുട്ടിക്ക്.

ഇടിവാള്‍ said...

വളരെ നല്ല പോസ്റ്റ്

ഇടിവാള്‍ said...
This comment has been removed by a blog administrator.
:: niKk | നിക്ക് :: said...

വളരെ നൊമ്പരപ്പെടുത്തുന്ന ലേഖനമാണിത്‌. നല്ല പോസ്റ്റ്‌. കമന്റുകളേ നന്ദി.

പച്ചാളം : pachalam said...

എന്തു പറയും...

ദില്‍ബാസുരന്‍ said...

അഖിലയ്ക്ക് എന്റെ മുഖത്തില്‍ നിന്ന്‍ ഒരു പുഞ്ചിരി സമ്മാനമായി ഇതാ തരുന്നു. മനസ്സില്‍ നിന്നും സ്നേഹം, ബഹുമാനം, സന്തോഷം എന്നിവയും.

വൈക്കന്‍... said...

അഖിലേ... നിന്റെ മനോധൈര്യം നിന്നെ കാത്തുരക്ഷിക്കും. അതിനൊരു കുറവും വരാതിരിക്കുവാന്‍ ഞങ്ങള്‍ ഈശ്വരനോട് അപേക്ഷിക്കുന്നു. കാഴ്ച്ച വീണ്ടെടുക്കുമാറാകട്ടെ..

ആത്മകഥ said...
This comment has been removed by a blog administrator.
Anonymous said...

കൂട്ടുകാരാ.. എപ്പോഴുമെന്ന പോലെ വൈകിയാണ് ‘അഖിലയെ’ വായിക്കാന്‍ കഴിഞ്ഞത്. ഒരു ജീവിതം എന്നതു കൊണ്ട് മനസ്സിനെ പിടിച്ചിരിത്തുന്നതാണ്. സഹതപിക്കരുതെന്നുള്ളതു കൊണ്ടു തന്നെ അഖിലയ്ക്ക് തുടര്‍ന്നും മന:ശക്തിയും സന്തോഷവും സുരക്ഷിതത്വത്തിനായ് ഒരു പാട് കൈകളും ഉണ്ടാകട്ടേ എന്ന് പ്രാര്‍ത്ഥിക്കാം.

(ഒരു തളിപ്പറമ്പുകാരനായ ഞാന്‍ എത്ര വൈകിയാണിതറിഞ്ഞത് എന്നതു കൊണ്ടു ഒരു പാട് വിഷമവും)

എന്നാലും അഖിലയ്ക്ക് ഒരു പാട് സ്ന്തോഷമുണ്ടകാന്‍ ഞങ്ങളുടെ പ്രാര്‍ത്ഥ്നകള്‍ക്കൊപ്പം ഇനി നീയും.

കമണ്റ്റുകള്‍ said...

ഇവിടെ ഞാനീ പോസ്റ്റ്‌ ഇടുമ്പോള്‍ . ഇത്തിരി ഭയം മനസ്സില്‍ ഉണ്ടായിരിന്നു .. ബ്ലോഗേര്‍സ്‌ വല്ല ചീത്ത വാക്കും പറയുമോ എന്ന ഭയം... ഏതായാലും അങ്ങനെയുള്ള ഭയം ആസ്ഥാനത്തായി എന്നു മനസ്സില്ലായി.. വിശ്വേട്ടന്‍ പറഞ്ഞത്‌ പോലെ എല്ലാം സമാനചിന്താഗതിക്കാരായവര്‍.. ഈ പോസ്റ്റിന്റെ ആധികാരികത എനിക്കല്ല അത്‌ അഖിലക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌ ഒരു വരിപോലും എന്റേതായി ഇല്ല എല്ലാം അഖിലയുടേത്‌ മാത്രം.. അഖിലയുടെ ചിന്തകള്‍.. പ്രവര്‍ത്തികള്‍.. സഹതാപം കാംക്ഷിക്കാത്ത ദൃഡമാര്‍ന്ന മനസ്സ്‌.. നമ്മുക്ക്‌ നമിച്ചേ തീരൂ..ഒരു പക്ഷെ അഖിലക്ക്‌ പ്രതീക്ഷ ഇല്ലായിരിക്കാം.. എന്ത്‌കൊണ്ട്‌ അഖില പ്രതീക്ഷിക്കുന്നില്ല . അതും ആ നിശ്ചയദാര്‍ഡ്ഡ്യത്തിന്റെ പ്രതിഫലമാണ്‌... ഒരു പക്ഷെ പ്രതീക്ഷകള്‍ക്ക്‌ ചിറക്‌ മുളച്ചില്ലെങ്കിലോ വീണ്ടും നിരാശയിലേക്ക്‌ കൂപ്പ്‌കുത്തി.. നന്നായി അഖില എല്ലാം ഒരിക്കള്‍ക്കൂടികാണുമെന്ന പ്രതീക്ഷ അര്‍പ്പിക്കാത്തത്‌ വളരെ നന്നായി... പക്ഷെ . ..എനിക്ക്‌ .. ഞങ്ങള്‍ക്ക്‌.. നമ്മുക്ക്‌ പ്രതീക്ഷയുണ്ട്‌.. അപ്രതീക്ഷിതമായി ഒരുദിവസം വെളിച്ചവും ചിത്രങ്ങള്‍ വളഞ്ഞ്‌ പുളഞ്ഞ്‌ വീണ്ടും ഒരിക്കലും നഷ്ടപ്പെടാതെ ..കാഴ്ച അഖിലക്ക്‌ തിരിക ലഭിക്കും... എനിക്കുറപ്പുണ്ട്‌.. ഞാന്‍ എന്റെ പ്രിയം നിറഞ്ഞ ഉമ്മ .. ഹൃദയം നിറയെ സ്നേഹമുള്ള എല്ലാവരും അഖിലക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നു ..... ഞാന്‍ .. ദൈവം.. പ്രപഞ്ചം.. ഇതെല്ലാം സത്യമാണെങ്കില്‍ .. അഖിക്ക്‌ നമ്മെ കാണാനാവും ... തീര്‍ച്ച..

ദൈവം said...

തോഴരേ,
അഖിലയെക്കുറിച്ച്‌ ഏറെ മുന്‍പെ ബ്ലോഗില്‍ എഴുതണമെന്നു കരുതിയതാണു ഞാന്‍.
എന്നാല്‍ അതവള്‍ക്കിഷ്ടമാകുമൊ എന്നു ഞാന്‍ സംശയിച്ചു.
അടുത്തിരിക്കുമ്പോള്‍ കണ്ണുകളിലേക്ക്‌ അറിയാതെ നോക്കുമ്പോള്‍ പ്രതികരണമില്ലാത്ത അവ ഞങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്‌.
അല്‍പകാലത്തെ പരിചയമെ ആ കുട്ടിയുമായുള്ളൂ.
അവരുടെ ജീവിതക്കുറിപ്പുകള്‍ ഉജ്ജ്വലമാണ്‌.
വാരന്ത്യപ്പതിപ്പില്‍ ഉള്‍പ്പെടുത്താത്തവ ചേര്‍ത്ത്‌ ഒരു ബ്ലോഗ്‌ അഖിലക്കുവേണ്ടി തുടങ്ങാന്‍ ഞാന്‍ ശ്രമിക്കാം.
നിങ്ങളുടെ സ്നേഹം അവള്‍ക്കു കൈമാറാം

പുളകിതന്‍ said...
This comment has been removed by a blog administrator.
പുളകിതന്‍ said...
This comment has been removed by a blog administrator.
പുളകിതന്‍ said...
This comment has been removed by a blog administrator.
പുളകിതന്‍ said...

അഖിലയുടെ ചിത്രത്തോടെ,
മാത്രുഭൂമി വാരാന്ത പതിപ്പില്‍ കഴിഞ്ഞയാഴ്ച്ച വന്ന ഈ ലേഖനം കാണാന്‍ കഴിയാത്തവര്‍ക്കുവേണ്ടി ഇവിടിടുന്നു
http://www.mathrubhumi.com/
2006_customimages/news/
PF123140_40varpg1.pdf

ബിന്ദു said...

അഖിലയ്ക്ക് പെട്ടെന്നൊരു ദിവസം മുതല്‍ കാഴ്ച തിരിച്ചുകിട്ടുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.

യുവശബ്ദം said...

ഈ വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു.എന്നാലും ബ്ലോഗിയതു വളരെ നന്നായി..
ജീവിതത്തിലെ നിരവധി പ്രധിസന്ധികളില്‍ ആത്മവിശ്വാസം കാത്തു സൂക്ഷിക്കേണ്ടതിന്റെയും പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്യേണ്ടതാണെന്ന വസ്തുത നമ്മെ ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു..

Anonymous said...

പ്രിയ സുഹൃത്തേ, ഇത് ഏതു പത്രത്തില്‍ വന്നതാണെന്ന് അറിയുവാന്‍ താല്‍പര്യമുണ്ട്.
സഹായിക്കുമെന്ന് കരുതട്ടെ

mail[at]mobiracle.com
വള്ളുവനാടന്‍ (ഇതിനും ഡ്യൂപ്പ് ഉണ്ട് കേട്ടോ-വെള്ളുവനാട്ടന്‍ എന്ന പേരില്‍.. അതോ ഞാനാണാവോ ഡ്യൂപ്പ്. എന്തായാലും അഞ്ചാറ് വര്‍ഷമായി ഈ പേരില്‍ കുറെ ഏഴുതിയതിനാല്‍ പേരു മാറ്റാന്‍ മനസ്സില്ല)

പുളകിതന്‍ said...

ഇത് മാത്രുഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണ്.
http://www.mathrubhumi.com/
2006_customimages/news/
PF123140_40varpg1.pdf