Monday, June 26, 2006

ലഞ്ച്‌ വെന്യൂ.


ഇന്നുച്ചക്ക്‌ ഞങ്ങള്‍ രണ്ടാള്‍ക്കും ശാപ്പാട്‌ ഗള്‍ഫ്‌ ന്യൂസില്‍ വച്ചിട്ടായിരുന്നു.
(കോട്ടയത്തു പോകുമ്പോഴൊക്കെ ഞാന്‍ മനോരമയിലാ ഉറങ്ങാറ്‌ എന്ന മിമിക്രിയാല്‍ ഇന്‍സ്പയര്‍ഡ്‌)

54 comments:

  1. ഞാനിപ്പോ ഉറക്കം ഹില്‍ട്ടണിലാ...

    (അവരു ക്ലയന്റാണെന്നും പണി കൂടുതല്‍ കാരണം വീട്ടിപ്പോകാന്‍ പറ്റുന്നില്ലാ‍സ്ത കുഞ്ചര )

    ReplyDelete
  2. ആദിത്യോ, ഛെ, ഞാന്‍ വെറുതേ സംശയിച്ചു:)

    ReplyDelete
  3. പാരീസ് ഹില്‍ട്ടണ്‍ ആണോ സംശയ കാരണം ;)
    ??

    ReplyDelete
  4. അതെന്തോന്ന് ച്വാദ്യം ആദിത്യാ... ഹല്ല പിന്നെ.

    ReplyDelete
  5. യെനിക്കു ത്വാന്നി... ;))

    ReplyDelete
  6. ഇതെന്താ ഒരു പന്തിയില്‍ രണ്ടു വിളമ്പ്. ഒരു പ്ലാറ്റില്‍ ഒരു കറി കൂടുതല്‍!

    പാവം ആദിത്യന്‍. ആ പേരുമാത്രം മതി....... !

    ReplyDelete
  7. ഈ ഫോട്ടോ നോക്കുമ്പോള്‍ ഒരു വിഷ്വല്‍ ഇല്യൂസിനേഷനാതി ഹല്യൂസിനേഷന്‍. ഒന്നാമത്‌ ഏരിയല്‍ വ്യൂ, പത്രത്തിന്റെ ടെക്സ്റ്റ്‌ മുകളിലേക്ക്‌, പപ്പടം രണ്ട്‌ പ്ലേറ്റിന്റെയും നടുവില്‍, ഒരു പ്ലേറ്റ്‌ ലോജിക്കലി കറക്റ്റ്‌ പൊസിഷന്‍, മറ്റേതിന്റെ തോരന്‍ വിളമ്പിയിരിക്കുന്നത്‌ താഴെ വലത്‌ വശത്ത്‌. ആകപ്പാടെ ന്യൂറോസിസില്‍ നിന്ന് തുടങ്ങിയ യാത്ര സൈക്കോസിസില്‍ എക്സിറ്റ്‌ എടുക്കാന്‍ പോകുന്നത്‌ പോലൊരു ഫീലിങ്ങ്‌.

    ReplyDelete
  8. ഒന്നുമില്ലാതെ കുറുമാന്‍ കാലാട്ടില്ല എന്നു പറയുന്നതു പോലെ വെറുതെ ദേവന്‍ ഒരു പ്ലേറ്റില്‍ ഒരു മെഴുക്കുപുരട്ടി കൂടുതല്‍ ഇടില്ല ;)

    ReplyDelete
  9. പാരപ്പാരയുടെ നിരീക്ഷണ ഒബ്‌സര്‍വേഷന്‍ സൂപ്പര്‍. എനിക്ക് തോന്നുന്നത് പാത്രങ്ങള്‍ രണ്ടും സിമ്മട്രിക്കലായിരുന്നു ആദ്യം എന്നാണ്-അതായത് തോരന്‍ ഒരേ സൈഡില്‍ തന്നെ. ലേയ്‌റ്റസ്റ്റ് ടെ‌ക്നോളജി വെച്ച്, ഫോട്ടോ എടുക്കാന്‍ ക്ലിക്കു ചെയ്യുമ്പോള്‍ തന്നെ ക്യാമറ ഒരു 180 ഡിഗ്രി തിരിക്കാന്‍ പറ്റിയാല്‍ ഒരു പ്ലേറ്റില്‍ തോരന്‍ അപ്പുറത്തെ സൈഡിലും മറു പ്ലേറ്റില്‍ തോരന്‍ ഇപ്പുറത്തെ സൈഡിലും വരും. എല്ലാവരേയും കൊണ്ട് അത് പറ്റില്ല. അതുകൊണ്ടാണല്ലോ നമ്മള്‍ എല്ലാവരേയും ഫോട്ടോഗ്രാഫര്‍‌മാര്‍ എന്ന് വിളിക്കാത്തത്. ഇത് ഒരു ലേ‌യ്‌റ്റസ്റ്റ് ഫോട്ടോഗ്രാഫിക് ട്രിങ്കോമാലിയാണ്.

    പിന്നെ, ആ പപ്പടത്തിന്റെ പൊസിഷന്‍ നോക്കിക്കേ. ശരിക്കും ഒരു ഇല്ല്യൂഷനാണ്. രണ്ടു പ്ലേറ്റിന്റേയും മധ്യത്തിലാണ് പപ്പടമെന്ന് ആദ്യത്തെ നോട്ടത്തില്‍ തോന്നും. പക്ഷേ സൂക്ഷിച്ച് നോക്കിയാല്‍ അങ്ങിനെയല്ല. മെഴുകുപുരട്ടിയുള്ള പ്ലേറ്റിന് കുറച്ചുകൂടി (ഒരു നാലേമുക്കാല്‍ സെമീ) അടുത്തായിട്ടാണ് പപ്പടത്തിന്റെ സ്ഥാനം. പപ്പടം അങ്ങിനെ പൊസിഷന്‍ ചെയ്‌തതും വളരെ ആലോചിച്ചിട്ടാണെന്നാണ് എനിക്ക് തോന്നുന്നത്. വളരെ ഫിലോസഫിക്കലാണ് അത്. ഇല്ലാത്തവനോടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ അവജ്ഞയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. അതെ, മെഴുകുപുരട്ടിയുംകൂടിയുള്ള പ്ലേറ്റിലേക്കാണ് പപ്പടവും പോകുന്നത്. അങ്ങിനെ മെഴുകുപുരട്ടിയുള്ളവന് പപ്പടവും കൂടി. അതില്ലാത്തവനോ, പപ്പടവുമില്ല. ഇതൊരു ലോക സത്യത്തെയല്ലേ കാണിക്കുന്നത്.

    ഇതൊരു ഇംഗ്ലീഷ് പത്രത്തിന്റെ മുകളില്‍ വെച്ചതും ഭാഷയുടെ അധിനിവേശത്തെ ചോദ്യം ചെയ്യുന്ന ഒരു ഉദാത്തമായ ഒരു കാര്യമാണെന്നാണ് എന്റെ അഭിപ്രായം. മാത്രവുമല്ല, കുത്തകമുതലാളിമാരുടെ പരസ്യത്തിനു മുകളിലാണ് പാത്രങ്ങള്‍ രണ്ടും വെച്ചിരിക്കുന്നത്. അതും ....(ദിപ്പോ എങ്ങിനെയാ ഒന്ന് നിര്‍ത്തുന്നേ)

    ReplyDelete
  10. ...ആര്‍ക്കോ വേണ്ടി, നില്‍ക്കണോ പോകണോ എന്ന തീരുമാനം ഇനിയും എടുക്കാത്ത പോലെ പകുതി മാത്രം കാണാന്‍ കഴിയുന്ന ആ കറുത്ത മൊബൈലിന്റെ സാന്നിധ്യം ആധുനിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകള്‍ നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ അപഹരിയ്ക്കുന്നതില്‍ ഫോട്ടോഗ്രാഫര്‍ക്കുള്ള അമര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമല്ലേ?

    പിന്നെ ആ മെഴുക്കുപുരട്ടിയുള്ള പ്ലെയിറ്റ് മറ്റെ പ്ലെയിറ്റിന്റെ അല്‍പ്പം മുകളില്‍ കയറിയിരിയ്ക്കുന്നത് സൂക്ഷിച്കു നോക്കിയാല്‍ കാണാം... നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇല്ല്ലാത്തവന്റെ മേലുള്ള ഉള്ളവന്റെ കുതിരകയറ്റത്തിന്റെ പ്രതീകാത്മക ആവിഷ്കാരമല്ലെ അത്?

    ഇതൊക്കെയാണെങ്കിലും ലോകസമാധാനത്തിലുള്ള ഫോട്ടോഗ്രാഫറുടെ അവസാനൈക്കാത്ത വിശ്വാസത്തെ എടുത്തു കാണിക്കാനാണ് ആ പീതവര്‍ണ്ണാധിക്യമുള്ള പരസ്യം മുകളില്‍ ഇടതു വശത്തു വരത്തക്കം തിരഞ്ഞെടുത്തിരിയ്ക്കുന്നത്...

    ReplyDelete
  11. എനിക്കു തോന്നണതു, ദേവേട്ടന്‍ ക്യാമറ പൊടി തുടച്ചോണ്ടു ഇരുന്നപ്പൊ അറിയാണ്ടു ക്ലിക്കായി പോയതാണു..

    ReplyDelete
  12. “ബഹിര്‍സ്ഫുരണം” അതു കിട്ടിയില്ല. ഇത്തരം നിരൂപണങ്ങളില്‍ ഒഴിച്ചുകൂട്ടാന്‍ വയ്യാത്ത ഒരു വാക്കാണ് ബഹിര്‍‌സ്ഫുരണം.

    അപ്പോള്‍ ആ മൊബൈല്‍ ജീവനുള്ളതായിരുന്നോ. ഞാനോര്‍ത്തു പത്രപ്പരസ്യത്തിലേതാണെന്ന്.

    ചോദ്യം: ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത കറിയേത്?
    ഉത്തരം: തോരന്‍

    ReplyDelete
  13. യെല്‍‌ജി “കുനിപ്പുകള്‍ ഉണ്ടാവുന്നതെങ്ങിനെ“ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? അതില്‍ നായിക കുനിപ്പുകള്‍ ഇടുന്നത് ഇങ്ങിനെയാണ്

    aaN~ = ആണ്.
    uNT - ഉണ്ട്

    നല്ല പുസ്തകമാണ്.

    ReplyDelete
  14. ആഗോളവത്കരണത്തിന്റെ പ്രതീകമായ ഈ കുത്തക പത്രത്തിന്റെ മുകളില്‍ ഇരിക്കുന്ന ഭക്ഷണം ഏതു തരം..? ഒരു സാധാരണ മധ്യവര്‍ഗത്തിന്റെ സദാ ഭക്ഷണം.. അങ്ങനെ നോക്കുമ്പോള്‍ 'കുത്തക വര്‍ഗങ്ങള്‍ക്കു മുകളില്‍ മധ്യവര്‍ഗ്ഗത്തെ' കാണുവാനുള്ള ഫോട്ടോഗ്രാഫറുടെ അടക്കാനാകാത്ത ആഗ്രഹമല്ലേ ഇതില്‍ പ്രകടമാകുന്നത്‌?

    ReplyDelete
  15. ട്രിങ്കോമാലീസ്‌ ചെയ്ത്‌ ഇങ്ങനേ കഷ്ടപ്പെടണ്ട, യോഗ ചെയ്യാന്‍ യോഗം ഉള്ളവര്‍ക്ക്‌ ഇടത്‌ കണ്ണ്‌ ആന്റി ക്ലോക്‌ക്‍വൈസ്‌ ആയി ഒരു 30 ഡിഗ്രിയും, വലത്‌ കണ്ണ്‌ ക്ലോക്‌ക്‍വൈസ്‌ ആയി ഒരു 60 ഡിഗ്രിയും തിരിച്ചാല്‍ എല്ലാം ക്ലിയര്‍ ആവും. ശ്രമിച്ച്‌ തോറ്റവര്‍ കല്ലെറിയട്ടെ.
    ഞാന്‍ നേരത്തേ നോക്കുമ്പോള്‍ പപ്പടം കറക്റ്റ്‌ ആയി നടു മദ്ധ്യത്തില്‍ ആയിരുന്നു. ഇപ്പോള്‍ വേലിയേറ്റ സമയം ആണെന്നു തോന്നുന്നു, ഒരു നാലേമുക്കാല്‍ സെ.മീ സൈഡ്‌ വലിവ്‌.

    ReplyDelete
  16. സപ്തം ആ പറഞ്ഞത് ഒരു ബൂര്‍ഷ്വാ ചിന്താഗതിയാണെന്ന് ഞാന്‍ പറയും. തോരന്‍ ഒരിക്കലും ഒരു മധ്യവര്‍ഗ്ഗത്തിന്റെ ഭക്ഷണമല്ല. തോരന്‍ മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്ന ആഹാരമാണ്. കാരണം തോരനില്‍ തേങ്ങയുണ്ട്. മെഴുകുപുരട്ടിയില്‍ അതില്ല. സപ്തത്തിന് തോരനും കോരനും കൂടി കണ്‍ഫ്യൂഷനായതാണെന്നാണ് തോന്നുന്നത്. കോരനാണെങ്കിലും കുമ്പിളില്‍ കിട്ടിയത് കഞ്ഞിയാണ്, തോരനല്ല.

    പിന്നെ ആ പ്ലേറ്റ് നോക്കിക്കേ, അതില്‍ തോരനുണ്ട്, സാമ്പാറുണ്ട്, മെഴുകുപുരട്ടിയുണ്ട്, ചോറുണ്ട്. ഇത് തികച്ചും ഒരു മുതലാളിത്ത ഭക്ഷണക്രമമാണ്. മാത്രവുമല്ല, പലരും മധ്യവര്‍ഗ്ഗത്തേയും മുതലാളിത്തത്തേയും മാത്രം കാണുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ, പാവപ്പെട്ടവരെ എല്ലാവരും മറക്കുന്നു.

    [എങ്ങിനെയുണ്ട്..?:)]

    ReplyDelete
  17. അകലങ്ങളിലെ മദങ്ങളുടെയും, മത്സരങ്ങളുടെയും, “അണുവിന്‍ സമ്പുഷ്ടസംഹാരോര്‍‌ജ്ജസംഭാരങ്ങ”ളുടെയും വാര്‍‌ത്തകളുമായി “വായിക്കുവാന്‍ നിത്യവും വരും രക്തമിറ്റുന്ന ദിനപ്പത്രം” എന്നു ചുള്ളിക്കാട് ഒരു കവിതയില്‍ എഴുതിയിട്ടുണ്ടല്ലോ. ആ ലോകത്തിന്റെയും, അതിന്റെ വാര്‍‌ത്തകളുടെയും നേര്‍‌ക്കുള്ള ഒരു ശക്തമായ പ്രസ്താവനയാണ്‍ ഈ ചിത്രം. “NEWS" എന്ന വാക്കിനുമുകളില്‍ തന്ത്രപരമായി (strategically) വച്ചിട്ടുള്ള സെല്‍ ഫോണ്‍ വാര്‍‌ത്തയുടെ കവിളില്‍ ആഞ്ഞുവീഴുന്ന തഴമ്പുറ്റ കൈപ്പടമാണ്‍. കച്ചവടമാധ്യമങ്ങള്‍ നല്‍കുന്ന വാര്‍‌ത്തകളെല്ലാം എരിവും പുളിയും നിറച്ച്താണെന്ന് ചിത്രത്തിന്റെ മുകളിലെ അരികില്‍ വച്ചിരിക്കുന്ന “നിറപറ” അച്ചാര്‍ അച്ചിട്ടപോലെ പറയുന്നു. റൂണിയുടെ തലയ്ക്കുമുകളിലെ ശൂന്യാകാശത്തിലിരിക്കുന്ന പപ്പടമിഥുനം (അതോ menage a` trois യോ) ഈ ലോകകപ്പില്‍ പപ്പടം പോലെ പൊടിയാന്‍ പോകുന്ന ഇംഗ്ലണ്ട് ടീമിന്റെ ഗതിയിലേക്കുള്ള ഒരു വിരല്‌ചൂണ്ടിയത്രേ. ഈ ലോകത്തിലെ ഉച്ചനീചത്വങ്ങളെ ഉച്ചൈസ്തരം വിളംബരം ചെയ്യുന്നു ഒരു പാത്രത്തില്‍ കൂടുതലായി ഇട്ടിരിക്കുന്ന മെഴുക്കുപുരട്ടി. പരദേശത്തെ ജീവിതത്തിനിടയിലും മിഴിഞ്ഞുനില്‍‌ക്കുന്ന ഭാരതീയത്വമത്രേ കാവി സാമ്പാര്‍, വെള്ളച്ചോറ്, പച്ചമെഴുക്കുപുരട്ടി ഇവയാല്‍ വിരചിതമായ ത്രിവര്‍ണ്ണ ദൃശ്യശില്‍‌പ്പം വിളിച്ചോതുന്നത്.

    “ഹിമബിന്ദു മുഖപടം ചാര്‍‌ത്തിയ“ പൂവു പോലെ പ്ലേറ്റുകൊണ്ട് മുഖം മറച്ച് കാതില്‍ എന്തോ ക്ണാപ്പുതൂക്കി നില്‍ക്കുന്ന ആ പുമാന്റെ ചിത്രം എന്താണു സൂചിപ്പിക്കുന്നതെന്നു മാത്രം എനിക്കിനിയും പിടി കിട്ടിയിട്ടില്ല.

    ReplyDelete
  18. വക്കാരിചേട്ടാ
    ഒരു പബ്ലിക് സ്ഥലത്ത് വന്നിട്ടു അസബന്ധം പറയരുതു..പപ്പടം ഒരു ദ്രാവിഡ സംസ്കാരത്തെയാണു സൂചിപ്പിക്കുന്നതു.അല്ലാതെ ബൂര്‍ഷ്വാ‍ അല്ല. എല്ലാത്തിനേയും കേറി ബൂര്‍ഷ്വാ വിളിക്കുന്നതു കൊണ്ടാണ് നമ്മുടെ നാട് നന്നാവത്തെ.

    ReplyDelete
  19. വക്കാരി....
    ഇരിക്കുന്ന ബെറൈറ്റിയേക്കാളും, ഗ്വാണ്ടിറ്റിയിലുമുണ്ട്‌ കാര്യം.
    ചോറും, സമാസമം സാമ്പാറും അടിക്കുന്നവന്‍ ഒരു ഇല്ലായ്മക്കാരന്റെ യാതൊരു വിധ ലക്ഷണങ്ങളും കാണിക്കുന്നില്ലെന്നതിലുപരിയായി ചോറിനു സമം തോരന്‍ അടിക്കുന്നതിന്റെ ഒരു വല്ലായ്മയുമുണ്ട്‌.
    സാധാരണക്കാരന്റെ സൈഡ്‌ ഡിഷായ അച്ചാറിനേയും ചമ്മന്തിയേയും ഒഴിച്ചു നിര്‍ത്തിയതു തന്നെ മുതലാളിത്ത ഭക്ഷണക്രമത്തിന്റെ അധിനിവേശമാണെന്ന് പറയാം. പ്ലേറ്റിന്റെ ചുറ്റുമുള്ള കിന്നരികള്‍ ഒരു സാധാരണക്കാരന്റെ
    സൌന്ദര്യബോധത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാണെന്നു കൂടി പറഞ്ഞുകൊള്ളട്ടെ.

    ReplyDelete
  20. ആ പപ്പടത്തിലെ കുമിളകളോ?

    കോണ്ടിനന്റല്‍ ഡ്രിഫ്റ്റ് തിയറിയുടെ തെളിവു പോലെ പരസ്പരം അകന്നു കൊണ്ടിരിയ്ക്കുന്ന ഭൂഖണ്ടങ്ങളെ പ്രതിനിധീകരിയ്ക്കുന്ന വായൂകുമിളകള്‍... അവയ്ക്കിടയിലായി ടെട്രോണീക് പ്ലേറ്റിലെ പൊട്ടലുകള്‍ പോലെ ചില ചെറിയ കുമിളകളും വരകളും...

    ആ രണ്ടു വലിയ പ്ലെയ്റ്റുകളും പപ്പടവും വളരെ തന്ത്രപരമായ ഒരു അവസ്തയിലാണ് പടത്തില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.... 17 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ മാത്രം കാണപ്പെടുന്ന പൂര്‍ണ്ണ സൂര്യ ചന്ദ്ര ഗ്രഹണത്തില്‍ സൂരനും ഭൂമിയും ചന്ദ്രനും വരുന്ന അതേ സ്ഥാനങ്ങളില്‍ തന്നെയാണ് ഇവയും പ്രതിഷ്ടിച്ചിരിയ്ക്കുന്നത്...

    ReplyDelete
  21. വക്കാരിയുടെ നീരീക്ഷണത്തോട്‌ ഞാന്‍ ബഹുമാനപുരസരം വിയോജിക്കുന്നു..

    കോരന്‍ നേടിയെടുത്ത പുരോഗതികളെ കുറച്ചു കാണരുത്‌.. അത്യന്താധുനികന്മാരുടെ ഈ ലോകത്തില്‍ ഇപ്പൊള്‍ ഈ ഭക്ഷണം പാവപ്പെട്ടവന്റെ.. ബര്‍ഗറും KFC യും അളന്നും മുറിച്ച കലോറി ഭക്ഷണവും കാശുകാരന്റേത്‌....


    പിന്നെ കൂടുതല്‍ ചിന്തിച്ചാല്‍ മധ്യവര്‍ഗ്ഗസമൂഹത്തിന്റെ ഭക്ഷണ രീതികളെ പരിച്ഛേദം ഈ ഫോട്ടോഗ്രഫില്‍ കാണാം!

    ReplyDelete
  22. വരികള്‍ക്കിടയില്‍..

    അച്ചാറിന്റെ strategic position അച്ചാറിനോടുള്ള ആസക്തിയും ബി.പി. നിമിത്തം അതു യഥേഷ്ടം ഉപയോഗിക്കാന്‍ പറ്റാത്ത വിഷമത്തിന്റെ സ്പഷ്ടമായ ലക്ഷണമാണ്‌!

    ReplyDelete
  23. ഞാന്‍ ഡയറ്റിങ്ങില്‍ ആ...
    അപ്പോളാണു.. ഒന്നിനു പകരം രണ്ടു പ്ലേറ്റ്..

    പപ്പടത്തിനും ഇരിക്കാന്‍ പ്ലേറ്റ് ഉണ്ടാകും ല്ലേ..;)

    ReplyDelete
  24. എല്‍‌ജി പിന്നെയും വികാരപരമായി സംസാരിക്കുന്നു. ബൂര്‍ഷ്വാ(അതിന്റെ ശരി സ്പെല്ലിംഗെന്താണാവോ? യെല്‍‌ജിയെ ഒന്ന് പേടിപ്പിക്കാമെന്ന് വെച്ച് ബൂര്‍ഷ്വാ boorshwa എന്ന മലയാളരീതിയില്‍ ഗൂഗ്ലിയപ്പോള്‍ കിട്ടിയത് മലയാളവേദിയിലെ അടി)ആര്യന്മാരിലും ദ്രാവിഡന്മാരിലുമുണ്ട്. മനുഷ്യനെവിടെയുണ്ടോ അവിടെ ബൂര്‍ഷ്വായുമുണ്ട്. ബൂര്‍ഷ്വായുടെ ചേട്ടന്‍ ബര്‍ണാഡ്‌ഷാ. എന്തിന് മൃഗങ്ങളില്‍ പോലുമുണ്ട് ബൂര്‍ഷ്വാ. സിംഹം ഒരു ബൂര്‍ഷ്വാവര്‍ഗ്ഗത്തില്‍ പെട്ട മൃഗമാണ്.

    പാപ്പാന്‍ പറഞ്ഞതും സപ്തം രണ്ടാമതു പറഞ്ഞതും ഗഹനമായി ആലോചിക്കേണ്ട വിഷയമാണ്. കുറച്ചു കഴിഞ്ഞ് മറുപടി പറയാം.

    മുല്ലപ്പൂ ഇതിനിടയ്ക്ക് ഓഫ്‌ടോപ്പിക് പറയുന്നു :)

    ReplyDelete
  25. സൂഫി പറഞ്ഞതിനോടും ഞാന്‍ മൊത്തമായി യോജിക്കുന്നില്ല (ചോറുണ്ണാന്‍ പോയതായിരുന്നു) പാലാട്ട്, പല്ലാട്ട്, പുല്ലാട്ട് മുതലായ കുത്തക മുതലാളിമാര്‍ ഉണ്ടാക്കിവിടുന്ന അച്ചാര്‍ ഒരിക്കലും ഒരു പാവപ്പെട്ടവന്റെ ആഹാരമല്ല. മാത്രവുമല്ല, ഒന്നുമല്ല. ഒന്നുമില്ലാത്തവന് ഒരു കുപ്പി അച്ചാറുകിട്ടിയിട്ട് എന്തുകാര്യം. പക്ഷേ, ചോറ്, ചാറ്, തോരന്‍, മെഴുകുപുരട്ടി, അച്ചാര്‍ ഇവ ഒന്നിച്ചടിക്കുന്നുവര്‍ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്ക്ക് ഓശാന പാടുന്നവരാണെന്ന് ഞാന്‍ പറയും. ചമ്മന്തിയും പാവപ്പെട്ടവന്റെ ആഹാരമല്ല. കാരണം ചമ്മന്തിക്ക് തേങ്ങാ വേണം. തേങ്ങായ്ക്ക് തെങ്ങ് വേണം (പിന്നെ എന്നാ വേണമെന്ന് ഞാനൊന്നാലോചിക്കട്ടെ).

    അപ്പോള്‍ പറഞ്ഞുവന്നത്...

    ReplyDelete
  26. പത്രം വിസ്തൃതം....
    ഇത്രയും നിരീക്ഷണ പാടവം ഹമ്മോ. ഇതുവരെ എങ്കെയും പാര്‍പ്പതില്ലയേ.

    പന്മന രാമചന്ദ്രന്‍ സാറ്‌ ആഷാമേനോന്റെയോ മറ്റോ ഒരു ലേഖനം കണ്ടിട്ട്‌
    "വിത്തിനിട്ട ചേമ്പെടുത്ത്‌ ചുട്ടു തിന്നതാരെടീ
    ബുദ്ധിമുട്ടുകൊണ്ട്‌ ഞാനെടുത്തു തിന്നു നായരേ"
    എന്നതില്‍ അദ്വൈതം മുതല്‍ ഗ്ലോബല്‍ വാമിംഗ്‌ വരെ എല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് വളരെ രസകരമായി വ്യാഖ്യാനിച്ചു. ഇതതുപോലായി.

    ഛായാഗ്രാഹകന്‍ പത്രത്തിലെ ചിത്രങ്ങളാലെ പറയുന്ന കാര്യങ്ങള്‍ മാത്രം ആരും ശ്രദ്ധിച്ചില്ല." ചുട്ട രണ്ടെണ്ണം" ഇംഗ്ലണ്ടിന്റെ റൂണിക്കു മേലേ വച്ചിരിക്കുന്നു. കറി കുറഞ്ഞ പ്ലേറ്റിനു താഴെ വെളുത്ത ഏഞ്ജെലിനാ ജോലി യുടെ നാലിരട്ടി വലിപ്പത്തില്‍ ഒരു ആഫ്രിക്കക്കാരി. താഴെയോ സെന്‍സക്സ്‌ വരകള്‍. നിറപറക്കുപ്പി ഒരു ചിരവക്കാലി പെണ്ണിന്റെ മുട്ടിനു മീതേ.

    ഒരു ഫ്ലോട്ടില്‍ നിന്നും പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപം മോഡലില്‍ ചോറുപാത്രത്തിലേക്ക്‌ മുഷ്ടി ചുരുട്ടുന്ന രണ്ടുപേര്‍.

    ബൂര്‍ഷ്വാ അനിയന്‍ ജോഷ്വായോടൊപ്പം വിക്കിയില്‍ ഇരിപ്പുണ്ട്‌ വക്കാരീ.

    ReplyDelete
  27. പത്രം വിസ്തൃതം....
    ഇത്രയും നിരീക്ഷണ പാടവം ഹമ്മോ. ഇതുവരെ എങ്കെയും പാര്‍പ്പതില്ലയേ.

    (പന്മന രാമചന്ദ്രന്‍ സാറ്‌ ആഷാമേനോന്റെയോ മറ്റോ ഒരു ലേഖനം കണ്ടിട്ട്‌
    "വിത്തിനിട്ട ചേമ്പെടുത്ത്‌ ചുട്ടു തിന്നതാരെടീ
    ബുദ്ധിമുട്ടുകൊണ്ട്‌ ഞാനെടുത്തു തിന്നു നായരേ"
    എന്നതില്‍ അദ്വൈതം മുതല്‍ ഗ്ലോബല്‍ വാമിംഗ്‌ വരെ എല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് വളരെ രസകരമായി വ്യാഖ്യാനിച്ചു. ഇതതുപോലായി.)

    ബൂര്‍ഷ്വാ അനിയന്‍ ജോഷ്വായോടൊപ്പം വിക്കിയില്‍ ഇരിപ്പുണ്ട്‌ വക്കാരീ.

    http://en.wikipedia.org/wiki/Bourgeois

    ReplyDelete
  28. നോണ്‍ വെജി ഐറ്റംസ് ഒന്നും രണ്ടുപാത്രങ്ങളിലും കാണാത്തതിനാല്‍, ബ്രാഹ്മണമേധാവിത്വത്തിലേക്കുള്ള തിരിച്ചുപോക്കിനെ ഉപബോധമനസ്സിന്റെ അന്തരാളങ്ങളില്‍ ഒരാന്ദോളനമെന്ന പോലെ താലോലിച്ചു കൊണ്ടുനടക്കുന്നയാളാണോ നിശ്ചലഛായാഗ്രാഹകന്‍ എന്നും ഇത്തരുണത്തില്‍ നാം സംശയിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  29. വക്കാരി,
    ബൂര്‍ഷയുടെ സ്പെല്ലിംഗ്‌ വളരെ വൃത്തികെട്ടത്‌..french - Bourgeoisie
    വീക്കിയില്‍ ഈ ലിങ്ക്‌
    http://en.wikipedia.org/wiki/Bourgeoisie

    ReplyDelete
  30. വളരെ നന്ദി, ദേവേട്ടാ, സപ്തം. എന്നാപ്പിന്നെ അതിനെ ബര്‍ജിയോ‌ഐസീ എന്നങ്ങുച്ചരിച്ചാല്‍ പോരായിരുന്നോ. ഞാന്‍ എല്ലാ കോമ്പിനേഷനും നോക്കി.

    ReplyDelete
  31. ആക്‍ച്വലി, സപ്തനെഴുതിയത് ബൂര്‍‌ഷ്വായുടെ വല്യപ്പന്‍ ബൂര്‍‌ഷ്വാസിയുടെ സ്പെല്ലിങ്ങമാണ്‍. ദേവന്‍ പറഞ്ഞപോലെ bourgeois മതി ബൂര്‍‌ഷ്വയ്ക്ക്.

    ReplyDelete
  32. പാപ്പാന്‍ പറഞ്ഞതിനെപ്പറ്റി ചര്‍ച്ചാല്‍ ഇന്നിനി ഉറങ്ങേണ്ട. പക്ഷേ, പാപ്പാന്‍ പറഞ്ഞതില്‍ ടെക്‍നിക്കലി ഒരു മിസ്റ്റേക്ക് ഉണ്ട്. ഉപബോധമനസ്സിന്റെ അന്തരാളങ്ങളെ ആന്തോളനമെന്ന രീതിയില്‍ താലോലിക്കാന്‍ ന്യൂട്ടന്റെ അലുഗുലുത്താകര്‍ഷണബല സിദ്ധാന്ത പ്രകാരം പറ്റില്ല. ആന്തോളനങ്ങള്‍ താലോലിക്കപ്പെടാനുള്ളതല്ല. ഒന്നുകില്‍ അന്തരാളങ്ങളില്‍ സ്പന്ദനങ്ങള്‍ കൊണ്ട് നിറയ്ക്കുക. ആ സ്പന്ദനങ്ങളിലെ മന്ദതയാകുന്ന മന്ദമാരുതനിലെ ശീതളശ്ചായയില്‍ മതിമറന്നാനന്ദിക്കുക. അല്ലെങ്കില്‍ ഉപബോധമനസ്സില്‍ മസിലു കയറ്റുക.

    ReplyDelete
  33. ദേവാജി

    മനോരമയില്‍ ഊണല്ല. കോട്ടയത്തു പറയുന്നത്‌ കാലിത്തീറ്റയാണെന്നണു.
    അങ്ങിനെ കേരളത്തിലെ സകലമാന ആടുമാടുകളും ഭക്ഷണത്തോടൊപ്പം സാക്ഷരരുമായിത്തീരുന്നു.
    പ്രബുദ്ധ കേരളം.

    പക്ഷെ ഗല്‍ഫ്ന്യൂസ്‌ ഭക്ഷണത്തിനു പോകുമ്പോള്‍ പലവട്ടം പാലക്കൊമ്പത്തും, ഓവര്‍ ബ്രിഡ്ജിലും, തലാലിനു മുമ്പിലും നിലത്തു പദമൂന്നാതെ നിന്ന
    ഗന്ധര്‍വനെ അങ്ങു ശ്രദ്ധിച്ചുവൊ?. രാത്രിയില്‍ പടിയിറങ്ങിയതാണു ഗന്ധര്‍വന്‍ അതാ ദേവന്മാരും സവാരി ഗിരി ഗിരി രാത്രിയില്‍.

    ReplyDelete
  34. confusion നു ക്ഷമി..
    വക്കാരി, കൂടുതല്‍ വായിക്കാന്‍ നോക്കണ്ട കേട്ടോ.. നാക്ക്‌ ഉളുക്കും.

    ReplyDelete
  35. എനിക്കെന്തോ കണ്ട്രോളു കിട്ടുന്നില്ല. ഞാനാ പടത്തില്‍ ഒന്നുകൂടി ഷൂസിട്ടു (അല്ല, സൂക്ഷിച്ച്) നോക്കി. എന്റെ നിരീക്ഷണങ്ങള്‍ എത്ര കറക്ട്. ഉള്ളവന്റെ പാത്രത്തിലെ, അതായത് ഇടതുവശത്തെ തോരനും മെഴുകുപുരട്ടിയുമുള്ള പാത്രത്തിലെ സാമ്പാറിലെ മുരിങ്ങക്കാ എന്തിനെ പ്രതിനിധീകരിക്കുന്നു? -എക്സ്‌പ്രസ് ഹൈവേയെ. കണ്ടോ, ആ എക്‍സ്പ്രസ് ഹൈവേ കോരന്റെ വീടിനെ രണ്ടായി മുറിച്ചു. വീടിപ്പുറവും കിണറപ്പുറവും. ഇനി കോരന് വെള്ളം കോര ണമെങ്കില്‍ പത്തുകിലോമീറ്ററപ്പുറമുള്ള എക്സിറ്റ് എടുത്ത് പിന്നെ ഒരു പത്തു കിലോമീറ്റര്‍ പുറകോട്ട് നടന്ന് വന്നേ പറ്റൂ. ഇങ്ങിനെ കോരനേപ്പോലുള്ള അനേകായിരം കുടുംബ ബന്ധങ്ങളെ കീറിമുറിക്കുന്ന ആ എക്സ്‌പ്രസ്സ് ഹൈവേയേയാണ് ഛായാഗ്രാഹകന്‍ ആ മുരിങ്ങക്കായിലൂടെ പ്രതിനിധാനം ചെയ്യുന്നത്.

    ആ എക്സ്‌പ്രസ്സ് ഹൈവേയെ ബ്ലോക്കു ചെയ്ത് മെഴുകുപുരട്ടി-അതായത് പാവപ്പെട്ടവന്റെ ഭക്ഷണം. അതേ പാവങ്ങള്‍ എക്സ്‌പ്രസ് ഹൈവേയ്ക്ക് എതിരാണെന്ന് എത്ര മനോഹരമായാണ് ഛായാഗ്രാഹകന്‍ കാണിച്ചിരിക്കുന്നത്. അതുപോലെ മുരിങ്ങക്കായില്‍ വീണുകിടക്കുന്ന തോരക്കണികകള്‍ നമുക്ക് കാണിച്ചു തരുന്നത് പണക്കാര്‍ക്ക് മാത്രമേ എക്‍സ്പ്രസ് ഹൈവേ അനുഭവിക്കാന്‍ പറ്റൂ എന്നല്ലേ. തോരന്‍ ഒരു ബൂര്‍ഷ്വാ കറിയാണെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. കാരണം തോരനില്‍ തേങ്ങയുണ്ട്.

    (ഞാനിനിയും ആ പോസ്റ്റ് നോക്കുന്നില്ല)

    സപ്തമേ, അതിന്റെ ഒരു വരി വിക്കിയതേ ഉള്ളൂ പ്രാന്തായി. നിര്‍ത്തി.

    ReplyDelete
  36. കൂലംകഷമായി ചിന്തിച്ചപ്പോള്‍ ഇതില്‍ പലതും ഒളിഞ്ഞു കിടക്കുന്നു.. ഒരു davanci code style-ല്‍!

    ആ രണ്ട്‌ പാത്രങ്ങളും അതിനെ കറികളുടെ distribution-നും ശ്രദ്ധിച്ചു നോക്കിയാല്‍ ഞെട്ടിപ്പിക്കുന്ന പലതും ഒളിച്ചിരിക്കുന്നു..

    2 പ്ലേറ്റുകളെ പുരുഷ - സ്ത്രീ ചിഹ്നങ്ങളായി കാണാന്‍ പറ്റും.. ഈ വട്ടതിന്റെ അറ്റത്തു ആരോ i mean അമ്പ്‌,കുരിശ്‌ symbols! അതിനെ പുരാണങ്ങള്‍ വെച്ചു ഇന്റര്‍പ്രെട്ട്‌ ചെയ്യുമ്പോള്‍..ഇവിടെ വിവാദങ്ങള്‍ ജനിക്കാന്‍ സാധ്യത ഉണ്ട്‌.. അതു കൊണ്ടു 'അധികം കൊള്ളാതെ' നിര്‍ത്തുന്നു..!

    ReplyDelete
  37. സത്യം പറഞ്ഞല്‍ ഞാന്‍ ഇപ്പോളണ്‌ ഫോട്ടോ വലുതായി കണ്ടതു.. ഞെട്ടി പോയി.... വിശ്വാസ വഞ്ചനയുടെ കറുത്ത കഥകള്‍(മലേഷിയന്‍) ചിത്രത്തിനുള്ളിലെ ചിത്രങ്ങളായി ഒളിപ്പിച്ചിരിക്കുന്നു ഛായാഗ്രാഹകന്‍!

    ReplyDelete
  38. എന്തായാലും, വൈകി.....അപ്പോ ഒരു ചിന്ന ചോദ്യം. എണ്ണയില്‍ വറുത്ത പപ്പടം ശരീരത്തിന്നു ദോഷമല്ലെ ദേവഗുരോ?

    പപ്പടം തിന്നണമെന്ന് നിര്‍ബന്ന്ധമാണെങ്കില്‍, ചുട്ടെരിച്ച്, കരിച്ച് കഴിക്കൂ.

    പിന്നെ മെഴുക്കുപുരട്ടി ഒലിവോയിലില്‍ തന്നെയാണല്ലോ ഉണ്ടാക്കിയിരിക്കുന്നത്?

    ReplyDelete
  39. ബൂര്‍ഷ്വാസിനി. നിന്‍ ബൂര്‍ഷ്വാശ്രമത്തില്‍ ഞാന്‍ ബൂര്‍ഷ്വാ പുഷ്പവുമായി വന്നു. എന്ന പാട്ട്‌ ഓര്‍മ്മവരുന്നു.

    ഗന്ധര്‍വ്വരേ, ഞാന്‍ പടം പബ്ലീഷ്‌ ആക്കിയതുകൊണ്ട്‌ എന്നെ കണ്ടാല്‍ തിരിച്ചറിയില്ലേ. ഞാന്‍ അതിലേ പോകുമ്പോ കയ്യടിച്ചാല്‍ മതി ഓട്ടം നിര്‍ത്താം.

    കുറുമാനേ.
    1. ഇതു ചുട്ട പപ്പടം തന്നെ. നിരന്തരമായ പപ്പടം ചുടന്‍ പരിശീലനം മൂലം ഒരിത്തിരി തീയോ പൊകയോ കരിയോ കരിയോയിലോ പുരളാതെ ചുടാന്‍ ആര്‍ക്കും കഴിയും.

    2. മെഴുക്കു പുരട്ടാന്‍ ഒരു തുള്ളി എണ്ണ ഒരു ടെഫ്ലോണ്‍ കോട്ട്‌ ഉള്ള ചട്ടിയില്‍ പുരട്ടി ബാക്കി വെള്ളം ഒഴിച്ചാല്‍ മതി. വാട്ടര്‍ ഫ്രൈയിംഗ്‌ ടെക്ക്നോളജി ഞാന്‍ പേറ്റന്റ്‌ എടുക്കാന്‍ പോകുവാ.
    (ഞാന്‍ ഉപയോഗിക്കുന്നത്‌ വെളിച്ച അതികന്യകക ഒലിവെണ്ണ. ({ലിഘ്റ്റ്‌ എxറ്റ്ര വിര്‍ഗിന്‍ ഒലിവെ ഒില്‍ -fഇര്‍സ്റ്റ്‌ cരുഷ്‌) ഒരു ലിറ്റര്‍ ആറു മാസം രണ്‍റ്റുപേര്‍ക്ക്‌ ഓടിക്കും ഞാന്‍.

    ReplyDelete
  40. അത് ഒരു ശ്ലോകരൂപേണ ഇങ്ങിനെയും പാടാമെന്ന്

    ബൂര്‍ഷ്വാസനാ, നിന്‍ ബൂര്‍ഷ്വാസനത്തില്‍‌ഞാന്‍ ബൂര്‍ഷ്വാ പൃഷ്ഠവുമായ് വന്നൂ....

    (ഇതിന്റെ ഉത്തരവാദി ഉമേഷ്‌ജിയാണേ, ആ വാക്ക് ബ്ലോഗില്‍ ആദ്യമായി ഇറക്കിയത് അദ്ദേഹമാണ്)- ദേ കിടക്കുന്നു :) :) :-) :)

    ReplyDelete
  41. കീറിമുറിച്ച് തീര്‍ന്നോ വക്കാരീ?

    ഇതിന്റെ ഛായാഗ്രാഫിസ്റ്റ് വളരെ ലളിതമായ ഒരു മെസേജ് യൂയേയി മീറ്റ് തീറ്റ സംഘാടകര്‍ക്കു കൊടുക്കാന്‍ മാത്രമാണിവിടെ ശ്രമിച്ചത്.

    കുറേ ദിവസമായി ബുഫേ ബുഫേന്നു വിളിച്ചു കൂവുന്നതുകേട്ടാല്‍ ആരോഗ്യബ്ലോഗുകളിലും സ്വകാര്യകണ്‍സള്‍ട്ടേഷനിലും കൂടി വൈദ്യര്‍ ഉണ്ടാക്കിയ നല്ല കാര്യങ്ങള്‍ ആരും മൈന്റ് ചെയ്യുന്നില്ല എന്നല്ലേ തോന്നൂ?
    അല്ലാ ഈ ബുഫേകളില്‍ വെളക്കുകത്തിച്ചു ചളിപ്പിക്കുന്ന സാധങ്ങള്‍ എന്താ? ഒട്ടുമുക്കാലും ജങ്ക് വെറൈറ്റി.

    കുംബളാദികഷായം സേവിച്ചതിന്റെ നേട്ടമൊക്കെ കൊണ്ടക്കളയണോ കൂട്ടരേന്നുള്ള ഒറ്റച്ചോദ്യം മാത്രമാണീ പടം.

    ... ‘അതേതോ ഉല്ലു മാച്ച് ബോക്സ് തള്ളിക്കൊണ്ടുവരുന്നതാ, പീരങ്കിയൊന്നുമല്ലാ’ന്ന് ഒരു തമാശയുള്ളത് അറിയുന്നവര്‍ ഇത്തരുണത്തിലോര്‍ക്കുക ;)

    ജോക്സ് എയര്‍പോര്‍ട്ട്:ദേവാ, യെലോ പോയ്സണ്‍ ഒരു നാലേമുക്കാല്‍ സെക്കന്റു കൂടി മൂക്കണമായിരുന്നു ;)

    ReplyDelete
  42. സപ്തവര്‍ണ്ണങ്ങളുടെ “ദേവന്‍ കി കോഡ്” കൊള്ളാം!
    ദേവേട്ടാ, ആ “സുല്‍ത്താന്‍ ഇബ്രാഹിം“ എവിടെ?

    ReplyDelete
  43. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ചതിവിന്‍റെ കഥ നിങ്ങളാരും കാണുന്നില്ലേ? കഷ്ടം. എത്ര മറയ്ക്കാന്‍ ശ്രമിച്ചിട്ടും ചതുരംഗുലം ബാക്കിയെന്നു പറഞ്ഞമാതിരി ആ കഥ തെളിഞ്ഞു തന്നെ നിന്നിട്ടും... എന്നിട്ടും?

    ReplyDelete
  44. ഭക്ഷണം കാണിച്ച് കൊതിപ്പിച്ച്

    ReplyDelete
  45. >>ഒരു ടെഫ്ലോണ്‍ കോട്ട്‌

    ദേവേട്ടാ ടെഫ്ലോണ്‍ കോട്ടിങ്ങ് ഉള്ള പാത്രങ്ങള്‍ അരോഗ്യത്തിനു ദൂഷ്യം ചെയ്യൂം എന്നു പറയപ്പെടുന്നു.ടെഫ്ലോണ്‍ കോട്ടിങ്ങ് ഉള്ള പാത്രങ്ങള്‍ ചൂടക്കുമ്പോള്‍ ഒരു തരം വേപ്പര്‍ അതു റിലീസ് ചെയ്യുന്നു. അതു മാരകമായ വിഷം അത്രെ.

    ReplyDelete
  46. ഇതെന്താ ഇവിടെ?

    ഈ വക്കാരീടെ ഒരു കാര്യമേ..

    സന്തോഷേ, അപ്പോള്‍ തെറിശ്ലോകങ്ങളും അറിയാം, അല്ലേ? (ദ്വിമുഷ്ടിശ്ചതുരംഗുലിഃ)

    വക്കാരീ, “ആണു്” എന്നെഴുതാന്‍ ആരെയെങ്കിലും പഠിപ്പിക്കുമ്പോള്‍ സംവൃതോകാരത്തിന്റെ കാര്യം കൂടി...

    ദേവോ, കാളിദാസനും ആശാനും പിക്കാസ്സോയ്ക്കും കാഫ്കയ്കൂമൊക്കെ സംഭവിച്ചതി കൂടുതല്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നു് ആശ്വസിക്കുക.

    ബൂര്‍ഷ്വായുടെ സ്പെല്ലിംഗ് ഇങ്ങനെയായിരുന്നു, അല്ലേ? എന്തൊക്കെ അറിവുകള്‍!

    ReplyDelete
  47. ഇവിടെ അമ്പതാമത്തെ കമന്‍റിടാമെന്ന് വിചാരിച്ച് ഇന്നലെ ഉറക്കം കളഞ്ഞു. ഏതു വരെ ആയി എന്ന് നോക്കാമെന്ന് വച്ചപ്പോള്‍ ഇപ്പോഴും ചാന്‍സുണ്ടെന്ന് പിടികിട്ടി.

    ReplyDelete
  48. ദാ, പിടിച്ചോ... അമ്പതെങ്കില്‍ അമ്പത്!

    ReplyDelete
  49. സന്തോഷേ, ഈ ചതി എന്നോട് വേണ്ടായിരുന്നു. ഒരു പോസ്റ്റിലെങ്കിലും 50 വെക്കാന്‍ എന്നെ ആരെങ്കിലും അനുവദിക്കൂ പ്ലീസ്.

    മൈക്രോവേവില്‍ ചുട്ട പപ്പടം,
    ടെഫ്ലോണ്‍ ചട്ടിയില്‍ വാട്ടിയ തോരന്‍,
    പ്ലാസ്റ്റിക് പ്ലേറ്റില്‍ സേവിക്കും ഭക്ഷണം,
    ഊണിന്നാസ്ഥ കുറഞ്ഞൂ,
    നിദ്ര രാത്രിയും പകലുമായ് ;)
    ജീവിതം പെരുവഴിയിലായ്.

    wv (umiyenj)

    ReplyDelete
  50. സൂവേച്ചി,
    എന്താണ് ഈ എല്ലാ കമന്റിന്റെ അടിയിലും കുറച്ച് ഇംഗളീഷ് ലെറ്റേര്‍സ്?

    ReplyDelete
  51. എല്‍ ജീ :) അത് Word Verification ന്റെ അക്ഷരങ്ങള്‍ ആണ്. നല്ല രസമായി തോന്നുന്നത് ഇടുന്നു. അത്രേ ഉള്ളൂ.

    ReplyDelete
  52. ഇതിവിടെ ന്യൂസ് പേപ്പറിനു മുകളില്‍ തുറന്നു വച്ച് എല്ലാവരും കൂടി ചാറ്റിക്കളിക്കുകയാണോ?

    ഒന്നു ഈച്ചയെ ആട്ടുകയെങ്കിലും ചെയ്യു തേവാ...
    ഞാനിവിടെ കയ്യും കഴുകി ഇരിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി. വല്ലതും നടക്കുവോ?

    ReplyDelete
  53. എല്‍ജിയേ
    പേടിക്കേണ്ടാ.ഡുപോണ്ട്‌ വിവാദമാണ്‌ ടെഫ്ലോണിനെ വില്ലന്‍ ആക്കിയത്‌. ഈ ചട്ടികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പെര്‍ഫ്ലൂറോക്റ്റെനോയ്ക്റ്റിക്ക്‌ ആസിഡ്‌ അധവാc-8 എന്ന രാസവസ്തു കാരണം തന്റെ മകന്‍ വൈകല്യങ്ങളുമായി ജനിച്ചു എന്നൊരു ഡുപോണ്ട്‌ ജീവനക്കാരി ബഹളം വച്ചപ്പോഴാണ്‌. ഇതേത്തുടര്‍ന്ന് ഒഹിയോയിലെ ടെഫ്ലോണ്‍ നിര്‍മ്മാണ ഫാക്റ്ററി പരിസ്ഥിതിക്കു നാശം ചെയ്യുന്നെന്ന് പല ഗവേഷകരും കണ്ടെത്തി (നമ്മടെ ചാലിയാര്‍ അല്ലെല്‍ കൂവം ഒന്നു കണ്ടാല്‍ ഈ ഗവേഷകര്‍ കൂട്ടത്തോടെ എടുത്തുചാടി നീന്തി തുടിക്കും)
    http://www.fluoridealert.org/pesticides/effect.pfos.class.news.99.htm എന്നാല്‍ ഇത്‌ എല്‍ജി മുറ്റത്തെ ചെടിക്കടിക്കുന്ന വിഷത്തോളം പ്രശ്നമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുമില്ല. ഒരു രാഷ്ട്രീയ ചെയിന്‍ തെറിവിളികളില്‍ (അമേരിക്കന്‍ രാസ്ത്രീയവും ജപ്പാന്‍ രാഷ്ട്രീയവും എനിക്കു ഗ്രീക്ക്‌ ആണപ്പാ) ആ ജന്മവൈകല്യമുള്ള കുട്ടിയെ രക്തസാക്ഷി ആക്കി എന്തൊക്കെയോ ഡു പൊണ്ടിനെതിരേ നടക്കുന്നു. അതെന്തെങ്കിലുമാകട്ടെ, യുദ്ധത്തിനു കെമിക്കല്‍ ഉണ്ടാക്കുന്നവരല്ലേ ഡു, തുറക്കുകയോ പൂട്ടുകയോ ചെയ്യട്ടെ.

    ഈ വാദം തകര്‍ക്കുമ്പോള്‍ ആരോ ഒരുത്തന്‍ ഫ്ലാറ്റ്‌ അടച്ചിട്ടു റ്റെഫ്ലോണ്‍ ചട്ടി 575 ഡിഗ്രീ ചൂടാക്കിയപ്പോല്‍ വീട്ടിലെ രണ്ടു ക്യാനറിക്കിളികള്‍ക്ക്‌ ബേര്‍ഡ്‌ ഫ്ലൂ പോലെ വന്നെന്നു കണ്ടെത്തി. ഇന്നുവരെ ആകെ നടന്ന ഗവേഷണമാണേ ഇത്‌. ഈ ചൂടില്‍
    പച്ച തണ്ണിയും പ്രാണവായുവും ഒഴികെ എന്തും നമ്മുടെ ചോറു പോലും കട്ട പൊഹയായി കാര്‍ബണ്‍ മോണ്‍ക്സൈഡ്‌ വിഡില്ലേ . ചട്ടിക്കു പകരം ചപ്പാത്തി ഇത്ര ചൂടാക്കിയാലും കിളിക്കു പനി വരും.

    ഇതല്ലാതെ ഇന്നേവരെ ഒരു ലാബിലും ടെഫ്ലോണ്‍ ചട്ടിയെപറ്റി കണ്ടു പിടിച്ചിട്ടില്ല, നാളെ കണ്ടു പിടിക്കുമോന്നു അറിഞ്ഞൂടാ. ഗ്രൌണ്ട്‌ വാട്ടര്‍ലെഡും ടയും ഏത്തപ്പഴത്തില്‍ കാര്‍ബോഫുറാനും മുട്ടയില്‍ അമോക്സിലിനും ചിക്കനില്‍ സാല്‍മൊനേല്ലയും അതും ഇതും മീനില്‍ മെര്‍ക്കുറി ഒക്കെ നിറഞ്ഞു. അന്തരീക്ഷം നിറയേ വിഷവാതകം. ഇതിന്റെ എല്ലാം ഇടയില്‍ ടെഫ്ലോണ്‍ അഥവാ ഇനി എന്തെങ്കിലും ദ്രോഹം ചെയ്യുന്നുണ്ടെങ്കില്‍ തന്നെ നിസ്സാരനാണെന്നു തോന്നുന്നു. ലീഗല്‍ ഡിസ്ക്ലേയിമര്‍. ഇതെന്റെ വീഷണക്വാണ്‍. ടെഫ്ലോണ്‍ ഉപയോഗിച്ചോ ഉപയോഗിക്കല്‍ നിറുത്തിയോ ആര്‍ക്ക്‌ എന്തസുഖം വന്നാലും എനിക്കു ബാദ്ധ്യത ഏറ്റെടുക്കാന്‍ സമ്മതമില്ല.

    വാ കുമാറേ കഴിക്കാം.

    ReplyDelete