ഒന്നും ചെയ്യാനില്ലാതെ ഇറവരമ്പിൽ നിന്നും വീഴുന്ന മഴത്തുള്ളിയും നോക്കി ശുദ്ധ ശൂന്യമായ മനസ്സുമായി ഉമ്മറത്ത് കിടക്കകയായിരുന്നു ചന്ദ്രൻ. അകത്തുനിന്നും ടിവിയിൽ സന്ധ്യകൾ ചാലിച്ച സിന്ദൂരം കൊണ്ട് ജയഭാരതി പൊട്ടു കുത്തുന്നു. സംവിധായകൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് സോമൻ അഭിനയിക്കുന്നതെന്ന് തോന്നുന്നു. തോർന്ന മഴയ്ക്ക് ശേഷമുള്ള ഈറൻ കാറ്റിലും ചന്ദ്രന് ജയഭാരതിയ്യുടെ ചലനരൂപങ്ങൾ ചൂടുള്ളതായി തോന്നി. കലാതിലകമായ പെൺകുട്ടികളെ എന്ത് വേണെങ്കിലും കാട്ടികോളിൻ, നായികയാക്കണം, പറ്റൂച്ചാല് മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ എന്ന് പറഞ്ഞു നടക്കാത്ത കാലായിരുന്നു അത്. ശൈശവരതി പ്രേക്ഷകരെ വലവീശിപിടിച്ചിട്ടില്ലാത്ത കാലം. സിനിമ വീട്ടിലെ കോലായിൽ നിന്നും അകത്തേക്ക് നോക്കിയാൽ കാണാനാകാത്ത ഒരു കാലം. എത്ര മുറുക്കിയുടുത്താലും പിന്നെയും പുറത്തേയ്ക്കു ചാടുന്ന അഴകളവുകളുടെ ലോകം. പ്രേം നസീറിനെ സ്ക്രീനിന്റെ മൂലയ്ക്ക് നിന്ന് കാണുമ്പോഴേ ജയഭാരതി ചുണ്ടു കടിക്കുമായിരുന്നു . 'പച്ച കുത്തിയ വിരിമാറെൻ മെത്തയാക്കും' എന്ന് പാടി ജയഭാരതി വെള്ളിത്തിരയിൽ കുട്ടിക്കുരങ്ങനെ പോലെ കാരണം മറിഞ്ഞു . നായികാ പദവിയുടെ ആകുലതകളില്ലാതെ ഓടിനടന്നു അഭിനയിച്ചു. തീരാത്ത കാമം ഉടലിലൊതുക്കി നടത്തിച്ചു സംവിധായകർ ജയഭാരതിയെ. കാമുകിയും, ഭാര്യയും, എല്ലാമായാലും കാമം അവളുടെ ഉടല് പൊട്ടിച്ചു ചാടിക്കൊണ്ടേയിരുന്നു. അകത്തു കിടക്കയിൽ ജയഭാരതി ഉറക്കം വരാതെ കാല്വിരലുകൾ കൂട്ടിപ്പിണയ്കുെ മ്പോൾ പുറത്തെ മുറിയിൽ കൂർക്കം വലിക്കുന്ന ഭരത് ഗോപിയോട് നമുക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി. രതിനിർവേദത്തിലെ കൃഷ്ണചന്ദ്രൻ നമ്മളൊക്കെ ആയിരുന്നു. ജയഭാരതി നമ്മുടെ സ്വന്തം രതി ചേച്ചിയായി . കൊട്ടകകൾക്ക് പുറത്ത്, കിടപ്പ് മുറിക്കു പുറത്തു പോകാത്ത സീല്കാരങ്ങളിൽ കേരളത്തിലെ ആണുങ്ങൾ ഭോഗ വിജൃംഭിതരായ്തും ഇങ്ങനെയൊക്കെയായിരുന്നു. ഭാഗ്യവതി, ഒരു തലമുറയുടെ കിനാവിൽ കുടിയേറിയില്ലേ! നിങ്ങൾ ഇല്ലായിരുന്നെങ്കിൽ മലയാളിയുടെ രാഭോഗങ്ങള് ഇതിലും ദരിദ്രമായേനെ!!!
മഴ വീണ്ടും പെയ്യാൻ തുടങ്ങി. ചന്ദ്രൻ ഒരു കൌമാരരാവിന്റെ ഓർമയിലേക്ക് മടങ്ങി...
(കടപ്പാട്: പ്രമോദ് പുഴങ്കര)
Wednesday, April 14, 2010
Subscribe to:
Posts (Atom)