Monday, August 20, 2007

വിശാലമനസ്കന്‍ വനിതയില്‍

വിശാലേട്ടന്‍ വനിതാ മാഗസിനില്‍ എഴുതിയ ഒരു നുറുങ്ങ് കഥ. ബ്ലോഗില്‍ നിന്ന് പുറത്തേയ്ക്കും എത്തിനില്‍ക്കുന്ന വിശാലേട്ടന് അഭിവാദ്യങ്ങള്‍. (കടപ്പാട്: സ്കാനിങ്-കണ്ണൂരാന്‍, സഹായം-ഇക്കാസ്)

Thursday, August 16, 2007

നാളെ അത്തമാണു കേട്ടോ...

അങ്ങിനെ കള്ളക്കര്‍ക്കിടകം തീര്‍ന്നു...
പൊന്നിന്‍ ചിങ്ങം വരവായി...

നാളെ അത്തം.... പത്താം ദിവസം പൊന്നോണം...

എല്ലാ ബൂലോഗരും മനോഹരമായ പൂക്കളങ്ങളിട്ടുകൊണ്ട് മാവേലി മന്നനെ വരവേല്‍ക്കുവാനൊരുങ്ങുവിന്‍...
-------------------------------------------
ഇതാ ഒരോണപ്പാട്ട്... ആരോ തന്നതാണേ... എന്നാലും നമുക്കു പാടി തിമര്‍ക്കാം...

കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ
പൊലിപൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പന്‍ തുമ്പ

തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീര്‍ത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ.......
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....

Friday, August 10, 2007

യൂറോപ്പിലൊരു കുറുമാന്‍

കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ റെയിന്‍ബോ ബുക്സ് പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് മനോരമ യുവയില്‍ വന്ന ലേഖനം. കുറുമാന് ഈ ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍.


*ചിത്രം സ്കാന്‍ ചെയ്യാന്‍ സഹായിച്ച ഇക്കാസിനു പ്രത്യേകം നന്ദി.

Wednesday, August 08, 2007

DU സിം കാര്‍ഡ് ഫോര്‍ ഫ്രീ!

ARY digital ന്റെ പ്രമോഷന്റെ ഭാഗമായി ഡൂ സിം കാര്‍ഡ് ഫ്രീയായി കൊടുക്കുന്നു ത്രേ!*

താല്പര്യമുള്ളവര്‍ താഴെ കാണിച്ചിരിക്കും വിധം ഒരു മെയിലങ്ങയക്കുക.

മെയില്‍ അയക്കേണ്ട ഐഡി : whatadeal@arydigital.tv
സബ്ജക്റ്റ് : i want a sim card
മാറ്റര്‍ : WAD_ നിങ്ങളുടെ പേര്‍ അഥവാ നാമധേയം.

അപ്പോള്‍ താഴെക്കാണിക്കും വിധം ഒരു റിപ്ലേ വരും.

Thank you for your interest in ''What A Deal''! You have now become an ARY Exclusive Card Member. Please collect your Free ARY Exclusive Membership card and your free du SIM card as a gift from any ARY Gold and Jewellery outlet after two days of the reciept of this message.

ഇത്രേ എനിക്കറിയൂ.

*ത്രേ! - ശ്രദ്ധിച്ചിരിക്കുമല്ലോ?

Saturday, July 28, 2007

ആരൊക്കെയോ എന്നെ കമ്മ്യൂണിസ്റ്റാക്കി......

കഴിഞ്ഞ ആഴ്ച അറബിക്കഥ കാണുവാന്‍ പോയിരുന്നു. അതിലെ ഈ ഗാനം കേട്ടപ്പോള്‍, എന്തരോ ഒരു കോരിത്തരിപ്പ്.... വരികള്‍ അന്വേഷിച്ചു കുറെ നടന്നു, അവസാനം ഇന്നലെ ഏതോ ഒരു 'സഖാവ്' എനിക്ക് വരികള്‍ സ്ക്രാപ്പ് ചെയ്തു തന്നു. എന്തു കൊണ്ടോ, വലത് വശം ചേര്‍ന്നു നടക്കുന്ന ഞാന്‍ ഈ വരികള്‍ കണ്ട് പുളകിതനായി...... ചുമ്മാതല്ല, ഈ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത്ര വീര്യം..... ഈ കാണ്‍ഗ്രേസ്സുകാരും, കെ എസ് യു-ക്കാര്‍ക്കും എന്ത് കൊണ്ട് ഇങ്ങനത്തെ ചോരതിളപ്പിക്കുന്ന കവിതകള്‍ ഉപയോഗിച്ചുകൂട. Tactics അറിയില്ലെങ്കില്‍ ചോദിക്ക് ഉമ്മച്ചാ, ഞാന്‍ പറഞ്ഞുതരാം... (ഒന്നും തോന്നല്ലെ, അഹങ്കാരത്തിന്റെ അസ്കിതയുണ്ടേ)

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ...നോക്കുവിന്‍ സഖാക്കളേ.....
നമ്മള്‍ വന്ന വീഥിയില്‍ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..
( ലാല്‍ സലാം...ലാല്‍ സലാം.. )

മൂര്‍ച്ചയുള്ള ആയുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...

ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്..
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്...
നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ട് പോയ ജന്മികള്‍ ചരിത്രമായ്..

സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍...‍,
പോരടിച്ചു കൊടി പിടിച്ച് നേടിയതീ മോചനം..
സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍,
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ..?

രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസുകള്‍
കണ്ണു നീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ...?
( ലാല്‍ സലാം..ലാല്‍ സലാം.. )

പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുനോക്കുവിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം,
നിരാശയില്‍വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം..

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം..
നാള്‍ വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം..
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്കു സ്വപ്നമൊന്നു തന്നെയന്നുമിന്നുമെന്നുമേ...

ചിത്രം : അറബിക്കഥ
ആലാപനം : അനില്‍ പനച്ചൂരാന്‍
‍വരികള്‍ : അനില്‍ പനച്ചൂരാന്‍
‍സംഗീതം : ബിജി ബാല്‍

വേറൊരു തൊഴിലുമില്ലാത്തോണ്ടാണേ ഈ ചവര്‍ (ചവര്‍ എന്നത് കവിതയല്ലാ കവിതയല്ലാ കവിതയല്ല... ഈ പോസ്റ്റ് മാത്രം ഈ പോസ്റ്റ് മാത്രം... ഹൊ!!!!) ഇവിടെ ഇട്ടത്... ബുലോകക്ലബ്ബിന്റെ ഉദ്ദേശവും അത് തന്നെയെന്ന് വിശ്വസിക്കുന്നു.... പണ്ടൊക്കെ നെറ്റില്‍ കയറിയാല്‍ ആദ്യം പോകുന്നത് ഓര്‍ക്കുട്ടിലും, പിന്നെ ബുലോകക്ലബ്ബിലേക്കുമായിരുന്നു..... ഇപ്പോള്‍.......!!!.....

ഇതിനൊരു പുനര്‍ജന്മം കൊടുത്തു കൂടെ സഖാക്കളേ..........

"പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുനോക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം,
നിരാശയില്‍വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം.. .."
[ ലാല്‍ ‍സലാമും, ഇങ്കുലാബും വേണ്ടാട്ടോ..... വേണേല്‍ സോണിയാജിയ്ക്ക് രണ്ട് ജയ് വിളിച്ചോ... :D ]

UPDATE:- ഹരീ പറഞ്ഞ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്, വരി തിരിക്കലൊഴികെ

Sunday, July 15, 2007

തൂത്തന്‍പ്പാറ വനം വകുപ്പിന്

നെല്ലിയാന്‍പതിയിലെ തൂത്തന്‍പ്പാറ എസ്റ്റേറ്റ് ഇന്ന് രാവിലെ വനം വകുപ്പ് ഏറ്റെടുത്തു. നെന്മാറ ഡി.എഫ്.ഓ , ശ്രീ. ടി.കെ.ബാബു എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് വായിച്ചു. വളരെ അധികം പരിസ്ഥിതി പ്രാധാന്യമുള്ള വനപ്രദേശമാണിത്. ഈ ജൂണ്‍ 30ന് പാട്ടകാലാവധി കഴിഞ്ഞ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുകണമെന്നും, വീണ്ടും സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കരുതെന്നും വിവിധ പരിസ്ഥിതി സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. 99 കൊല്ലമായി ഈ സ്ഥലം വിവിധ സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു. അവസാനമായി ഇത് പോബ്സ് ഗ്രൂപ്പിന്റെ കൈവശമായിരുന്നു.
പടങ്ങള്‍

Saturday, June 30, 2007

അഭ്യര്‍ത്ഥന

പ്രിയ സുഹൃത്തേ..

ഐ.വൈ.എ അജ്‌മാന്‍ ഘടകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു ഗ്രന്ഥാലയം വിപുലീകരിക്കുന്ന നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. അജ്‌മാനിലെ മലയാളികള്‍ക്ക് ഉപയോഗപ്രദമാകുന്ന ഗ്രന്ഥാലയമെന്ന നിലയ്‌ക്ക്, അത്ലേക്ക് പുസ്‌തകങ്ങള്‍ സംഭാവനയായി നല്‍‌കി നിങ്ങളുടെ പിന്തുണ നല്‍‌കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പുസ്‌തകങ്ങള്‍ സംഭാവനയായി നല്‍‌കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നെ 050 8675371 എന്ന നമ്പറിലേക്ക് വിളിക്കാന്‍ താല്‍‌പര്യം.

സസ്‌നേഹം

നിങ്ങളൂടെ സുഹൃത്ത്

ഡ്രിസില്‍ മൊട്ടാമ്പ്രം

Friday, June 29, 2007

കുറുമാന്റെ യുറോപ്പ്‌ സ്വപനങ്ങള്‍ക്ക്‌ ഒരു കവര്‍ ഡിസൈന്‍ ചെയ്യാമോ?

ബൂലോഗത്തിന്റെ പ്രിയങ്കരനായ നമ്മുടെ കുറുമാന്റെ 'എന്റെ യുറോപ്പ്‌ സ്വപനങ്ങള്‍ എന്ന പുസ്തകം റെയിന്‍ ബോ ബുക്സ്‌ ഈ ഓഗസ്റ്റ്‌ മാസം പ്രസിദ്ധീകരിക്കുന്ന വിവരം നിങ്ങളെല്ലാം ഏകദേശം അറിഞ്ഞിരിക്കുമല്ലോ?

ഇത്തരുണത്തില്‍, പുസ്തകത്തിന്റെ കവര്‍ പേജ്‌ ചെയ്യാന്‍ കുറുജി പലരേയും സമീപിക്കുകയുണ്ടായി. അപ്പോഴാണ്‌ ഇങ്ങനെ ഒരു ചിന്ത വന്നത്‌, ഗ്രാഫിക്സില്‍ പുലികളും സിംഹങ്ങളും ആയി വാഴുന്ന എത്രയോ പേരെ ക്കൊണ്ട്‌ സമ്പന്നമാണ്‌ ബൂലോഗം? നമുക്കു തന്നെ അത്‌ ചെയ്യാവുന്നതേയുള്ളല്ലോ?
മുഖം മനസിന്റെ കണ്ണാടി എന്ന പോലെ പുസ്തകത്തിന്റെ പകുതി വിജയം തീര്‍ച്ചയായും കവറിലാണ്‌ ഇരിക്കുന്നത്‌.

അതിനാല്‍, പ്രിയപ്പെട്ട ബൂലോക ഉടപ്പിറന്നവരേ, കുറുമാന്റെ സമ്മതത്തോടെ, ഞങ്ങള്‍ സോറി നമ്മള്‍ കുറുമാന്റെ പുസ്തകത്തിന്‌ കവര്‍ പേജ്‌ ക്ഷണിക്കുന്നു. അധികം സമയമെടുക്കാതെ ചെയ്യാന്‍ കഴിയുന്ന വിദഗ്ദന്മാര്‍ നമുക്കിടയില്‍ ഉണ്ടല്ലോ?

പുപ്പുലികള്‍ അടങ്ങിയ പാനല്‍ ഒരു കവര്‍ തിരഞ്ഞെടുക്കുന്നതായിരിക്കും. (പുപ്പുലികള്‍ എന്നു പറയുമ്പോ സര്‍വ്വശ്രീ: കുമാര്‍, സാക്ഷി, കൈപ്പള്ളി, സപ്തന്‍, തുളസി തുടങ്ങി കളര്‍ സെന്‍സുള്ള പുലികളില്‍ ചിലര്‍) തീര്‍ച്ചയായും ബ്ലോഗില്‍ നിന്നുള്ള പുസ്തകത്തിന്‌ ബ്ലോഗില്‍ നിന്നുള്ള ഒരാളുടേ കവര്‍ ആയിരിക്കും ഉചിതം എന്ന് തോന്നുന്നു.

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

ഓടോ:തിരഞ്ഞെടുക്കുന്ന കവറിന്‍ സമ്മാനം.

1 .യൂയേയി ക്കാരനാണെങ്കില്‍ ശ്രീ ഗന്ധര്‍വ്വനെ കൊണ്ട്‌ പ്രകാശനചടങ്ങില്‍ മുണ്ടിട്ട്‌ പിടിക്കും.
2. 2. ഇന്ത്യയിലുള്ള ആളാണെങ്കില്‍ കുറു സമ്മാനര്‍ഹനേയും കൊണ്ട്‌ മാപ്രാണം, ആലുവ തുരുത്ത്‌ നൂറ്റൊന്നു കറി ഷാപ്പ്‌ തുടങ്ങിയ തീര്‍ത്ഥാടന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.
3. വിജയി സ്ത്രീ ആണെങ്കില്‍ ദില്‍ബന്‍ എഴുതിയ ഭര്‍ത്താവിനെ ന്നിയന്ത്രിക്കാന്‍ 101 വഴികള്‍ എന്ന അച്ചടിയിലിരിക്കുന്ന പുസ്തകം ഫ്രീ.


================
JOKES APART,
കവര്‍ ഡിസൈനറുടേ പേരും ബ്ലോഗ്‌ അഡ്രസ്സും പുസ്തകത്തില്‍ കൊടുക്കുന്നതായിരിക്കും.
please send your mail to rageshku@gmail.com ASAP.

Tuesday, June 26, 2007

കൊല്ലുന്ന വിമാനക്കൂലിക്ക് അല്പമൊരു ആശ്വാസം.

ദുബായില്‍ നിന്ന് കൊളം‌മ്പൊ വഴി തിരുവനന്തപുരത്തേക്ക്‌ ഒരു പുതിയ വിമാന കമ്പനി അതിന്റെ സര്‍വീസ്‌ തുടങ്ങുന്നു. ഈ അവധികാലത്തെ കൊല്ലുന്ന വിമാനകൂലിയേക്കാളും അല്‍പം മെച്ചപെട്ട രീതിയിലാണ്‌ അവര്‍ യാത്രാകൂലി ഈടാക്കുന്നത്‌. ജൂലൈ 1 മുതല്‍ തിരുവന്തപുരത്തേക്ക്‌ സര്‍വീസ്‌ ഉണ്ട്‌. മടക്കയാത്രക്കൂലി( ടാക്സുകളും സര്‍ചര്‍ജ്ജുകളും ഉള്‍പ്പെടെ) 1510 ദിര്‍ഹമേ വരുന്നുള്ളൂ.(ഞാന്‍ അവരുടെ സൈറ്റ് നോക്കിയിരുന്നു.ഇത് ജുലൈ മുതല്‍ ആഗസ്റ്റ് അവസാനം വരെ ഉള്ള ചാര്‍ജ്ജ് ആണ്.ടിക്കറ്റും ലഭ്യമാണ്) കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അവരുടെ സൈറ്റില്‍ പോയാല്‍ അറിയാന്‍ പറ്റും. കുടുംബം ഒന്നിച്ച്‌ യാത്ര ചെയ്യുന്നവര്‍ക്ക്‌ ഇത്‌ അത്ര ഉപകാരപ്പെടുമോ എന്ന് അറിയില്ല. കാരണം, ദുബയില്‍ നിന്ന് വരുമ്പോള്‍ എകദേശം 5 മണിക്കൂറും ദുബായിലേക്ക്‌ പോകുമ്പോള്‍ എകദേശം അഞ്ചര മണിക്കൂറും കൊളംമ്പോ എയര്‍പോര്‍ട്ടില്‍ തങ്ങണം.

ഇത്‌ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ മിഹിന്‍ ലങ്കക്ക്‌ ഒരു പരസ്യമായിട്ട്‌ അല്ല. നമുക്കും നമ്മുടെ സുഹൃത്തുക്കള്‍ക്കും എന്തെങ്കിലും ഉപകാരം ആണെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അവരുടെ വെബ്‌സൈറ്റില്‍ തപ്പിയാല്‍ മതി.

Monday, June 25, 2007

"ന്‍റ" യും "ന്റ" യും... :)

"ന്‍റ" എന്ന വാക്ക് എഴുതാനുള്ള കീ ബോര്‍ഡ് ക്രമം പലര്‍ക്കും അറിയില്ലെന്നു തോന്നുന്നു. പൊതുവെ "ന്റ" എന്നാണ്‌ ഉപയോഗിച്ചു കണ്ടിട്ടുള്ളത്. എനിക്ക് ഈയടുത്താണ്‌ ശരിയായ ക്രമം മനസ്സിലായത്.
n_R എന്നെഴുതിയാല്‍ അതു കിട്ടും.
:-)

Thursday, June 21, 2007

ഒരു അഭ്യര്‍ത്ഥന

സുഹൃത്തുക്കളേ,

പ്രഭാത് ബുക്സ് കേരളത്തില്‍ പ്രസിദ്ധീകരിച്ച പഴയ റഷ്യന്‍ കഥകളുടെ (റാദുഗ പബ്ളിക്കേഷന്‍സ്-ന്‍റെ) മലയാള പരിഭാഷ ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍, അവ കൈമാറാന്‍ തയ്യാറാണെങ്കില്‍, ദയവായി എന്നെ അറിയിക്കുക. തക്കതായ വില നല്‍കി വാങ്ങാന്‍ എനിക്ക് താല്‍പര്യമുണ്ട്.
ഇപ്പൊ അവയുടെ പ്രസാധനമൊന്നും നടക്കുന്നില്ല. ഒരു 20 വര്‍ഷം മുമ്പത്തെ ആണ്‌ ആ പുസ്തകങ്ങള്‍. പ്രഭാത് ബുക്സുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍, അവയുടെ പഴയ സ്റ്റോക്ക് വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കാമോ? മറുപടികള്‍ ഈ പോസ്റ്റിനു കമന്‍റായി ഇട്ടാല്‍ മതിയാകും.

അവയില്‍ ഓര്‍മ്മയുള്ള ചില പേരുകള്‍:

കുട്ടികളും കളിത്തോഴരും
രത്നമല
മായാജാലക്കഥകള്
‍പിനീഷ്യ

നന്ദിപൂര്‍വ്വം,
അനിയന്‍കുട്ടി.

Sunday, June 03, 2007

"പറയാതെ വയ്യ..”


ബൂലോക ക്ലബ്ബ് വളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കോ അതോ തളര്‍ച്ചയിലേക്കോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എവിടെയാണ് ഒരു കൂട്ടായ്മയെന്ന സങ്കല്പം നമ്മുക്ക് നഷ്ടപ്പെടുന്നതെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

പലപ്പോഴും ബ്ലോഗര്‍മാരെ ബാധിക്കാതിരിക്കണമെന്ന് നിരവധി സന്ദര്‍ഭങ്ങളില്‍ ബ്ലോഗിങ്ങിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയുന്ന സീനിയര്‍ ബ്ലോഗര്‍മാര്‍ പലതവണ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ബൂലോകത്ത് നടമാടുന്നതിനെ കണ്ടില്ലന്ന് നടിക്കാന്‍ കഴിയില്ല. സ്വതന്ത്രമായി ബ്ലോഗെഴുതി കൊണ്ടിരുന്നവര്‍ ബൂലോകത്ത് നിന്നുമാര്‍ജിച്ച അരാധനയും എഴുത്തുകാരനെന്ന പരിവേഷവുമായി പുസ്തക പ്രസാധനവും സീരിയല്‍ നിര്‍മ്മാണവുമൊക്കെയായി ബൂലോകത്ത് നിന്നും പടിയിറങ്ങിയിട്ട് തങ്ങളുടെ ഉല്പന്നങ്ങളുടെ പരസ്യ പലകയാക്കി ബൂലോക ക്ലബ്ബിനെ മാറ്റി ഈ കൂട്ടായ്മയുടെ നട്ടെല്ലൊടിക്കുന്ന പ്രവണത കൂടി വരുന്നു എന്ന് പറയുന്നതില്‍ ഖേദമുണ്ട്. ഇവിടുത്തെ ഒരു അംഗം പ്രസിദ്ധിയാര്‍ജിക്കുന്നുവെന്നതില്‍ ബൂലൊകമൊന്നാകെ അഭിമാനിക്കുന്നുവെങ്കിലും നിറ സാനിദ്ധ്യമായിരുന്നവരെ പിന്നെ കാണുന്നത് അവരവരുടെ സ്രിഷ്ടികളുടെ പരസ്യം പറയാന്‍ വേണ്ടി മാത്രം ബൂലോകത്തെത്തുന്നതാണ്. ഈ രീതി നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്. പരസ്പരം പലതും പറഞ്ഞും തല്ലുപിടിച്ചും കൊണ്ടുംകൊടുത്തും കളിച്ചും ചിരിച്ചും ബൂലോകത്ത് കഴിഞ്ഞിരുന്നവര്‍
ഒരു സുപ്രഭാതത്തില്‍ ബുജികളായി മാറുന്നതും പിന്നെ തങ്ങള്‍ക്ക് കഴിയുന്നതരത്തില്‍ കുഞ്ഞു ബ്ലോഗുമായി വരുന്നവരെ വിവരദോഷികളായി കല്പിക്കുന്നതും ഏറി വരുന്നു.

ഉച്ചനീചത്വം ഇല്ല എന്ന് ആയിരം വട്ടം ആവര്‍ത്തിക്കുന്നവര്‍ ചില നല്ല ബ്ലോഗുകളെ കാരണമേതുമില്ലാതെ പുറത്ത് നിര്‍ത്തുന്നതെന്തിന് എന്ന് അറിയേണ്ടിയിരിക്കുന്നു. ഒരു ഉദാഹരണമായി പറഞ്ഞാല്‍ “ബെര്‍ളിത്തരങ്ങള്‍”. ആ ബ്ലോഗിനെ തനിമലയാളത്തില്‍ നിന്നും പിന്മൊഴിയില്‍ നിന്നുമൊക്കെ ഒഴിവാക്കുന്നതെന്താണ്? ഒരു പക്ഷേ സൂപ്പര്‍ ഹിറ്റായ “കൊടകര പുരാണ” ത്തിനൊപ്പമോ ചിലതലങ്ങളില്‍ അതിനപ്പുറമോ നിലവാരം പുലര്‍ത്തുന്ന ആ ബ്ലോഗിനെ എന്തിന്റെ പേരിലാണെങ്കിലും പുറത്ത് നിര്‍ത്തിയിരിക്കുന്നതിനെ ന്യായികരിക്കാന്‍ കഴിയില്ല. പലരും പലതും പറഞ്ഞും പരസ്പരം കൊടുത്തും കൊണ്ടുമൊക്കെയേ ഒരു കൂട്ടായ്മ ആരൊഗ്യകരമായി വളര്‍ന്നു വരുള്ളു. വിമര്‍ശനങ്ങളേയും ആക്ഷേപങ്ങളേയും സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടെ കാണാതെ വെട്ടിനിരത്താനുള്ള വ്യഗ്രത തിരുത്തപെടുക തന്നെ ചെയ്യണം.

നല്ല ചര്‍ച്ചകള്‍ ആവശ്യമായ എന്തെല്ലാം വിഷയങ്ങള്‍ മലയാളബ്ലോഗ് സമൂഹത്തില്‍ ദൈനം ദിനം ഉയര്‍ന്നു വരുന്നു. അതൊക്കെയും വെള്ളത്തില്‍ വരച്ച വര പോലെ മാഞ്ഞു പോകയും ചില ഉന്നത കുല ജാ‍തന്മാര്‍ പടച്ചു വിടുന്ന വിവരക്കേടുകള്‍ വാനോളം ഉയര്‍ത്തപ്പെടുന്നതും കണ്ടും കേട്ടും സഹി കെട്ടിരിക്കുന്നു. ഒരു ദോശയും വക്കു പൊട്ടിയ ഒരു കാസറോളും ഒന്നര ദിവസം കൊണ്ട് ഭൂകമ്പമുണ്ടാക്കിയപ്പോള്‍ കേരളം കണ്ട ഏറ്റവും ദൂ‍രൂഹവും മലയാളമനസ്സാകെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതുമായ “അഭയ” കേസിനെ കുറിച്ച് കൂഴൂര്‍ വിത്സന്‍ ആധികാരികമായി ഇട്ട ഒരു പോസ്റ്റില്‍ തിരിഞ്ഞു നോക്കാന്‍ ആളില്ല. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന നികിര്‍ഷ്ട കര്‍മ്മങ്ങള്‍ ഫോട്ടോ ബ്ലോഗുകാളായി പുറത്ത് വരുമ്പോള്‍ അത് വഴിയൊന്ന് പോകാന്‍ നമ്മുക്ക് കഴിയുന്നില്ല. മജാസ് പാര്‍ക്കിലെ നാലുപേര്‍ കൂടിയ മീറ്റിലെ പഴം പൊരിയുടെ പഴത്തിന്റെ അളവ് അണുകിടകീറി വിശകലനം ചെയ്യാന്‍ ബൂലോകരുടെ തള്ളികയറ്റം. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.

ബൂലോക ക്ലബ്ബ് തുടങ്ങിയ സമയത്ത് ഒരാള്‍ അംഗത്വത്തിന് വേണ്ടി മെസേജയച്ചാല്‍ ഒന്നോ രണ്ടോ ദിനം കൊണ്ട് അവര്‍ക്ക് അംഗത്വം ലഭിച്ചിരുന്നിടത്ത്, ഇപ്പോല്‍ പുതിയ ആള്‍ക്കാര്‍ ചിറ്റുമായി കാത്തു കെട്ടി കിടക്കേണ്ട അവസ്ഥ. പല ബ്ലോഗുകളിലും ഇടുന്ന കമന്റുകള്‍ ത്രിശ്ശങ്കുവിലാകുന്നു. ചുരുക്കത്തില്‍ “അടപ്പൂരാന്‍” എന്ന പോസ്റ്റില്‍ ബെര്‍ളി പറഞ്ഞു വെച്ചിരിക്കുന്ന മാതിരിയുള്ള ഒരു സ്തിതി സംജാതമായിരിക്കുന്നു എന്ന് പറയുമ്പോള്‍ മേല്‍തട്ടിലുള്ളവര്‍ അഥവാ അഗ്രഗേറ്റര്‍മാര്‍ ഇത്രയും പറഞ്ഞ എന്നെയും പടിയടച്ചു പിണ്ഡം വച്ചിട്ട് കാര്യമില്ല. ഈ കൂട്ടായ്മ ഇങ്ങിനെ തെറ്റുകള്‍ തിരുത്തി മലയാള ബ്ലോഗ് സമൂഹത്തിന്റെ ഉത്തുംഗ ശ്രിംഗത്തില്‍ തന്നെ വിരാജിക്കണമെന്ന ആഗ്രഹം കൊണ്ട് പറഞ്ഞു പോകുന്നതാണ്.

ചാറ്റുറൂമായി തരം താണിരിക്കുന്ന ബൂലോക ക്ലബ്ബിനെ രക്ഷിച്ചെടുക്കേണ്ടത് ഈ കൂട്ടായ്മയുടെ അടിസ്ഥാന ധര്‍മ്മമാണെന്ന് പറയാതെ വയ്യ തന്നെ.



Saturday, June 02, 2007

ശ്രദ്ധേയമായ പുരോഗതികള്‍

2007 ആറാം മാസത്തിലേക്ക് കടന്നു. ബൂലോഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുകള്‍ പലതും നടന്നിട്ടുണ്ടാവണം. ബൂലോഗവരിയില്‍ അംഗസംഖ്യ ആയിരം കടന്ന വര്‍ഷമാണിത്. 35 പേര്‍ എഴുതിക്കൊണ്ടിരുന്ന 2005ആം ആണ്ടില്‍ നിന്നും എത്ര മാറിപ്പോയി!

ഈ വര്‍ഷം മലയാളത്തിനു ലഭിച്ച ശ്രദ്ധേയമായ നേട്ടങ്ങളിന്‍ എന്റെ കണ്ണില്‍ പെട്ടത്
1. സുഷേണന്റെ വൃത്ത സഹായി
ആരെയും ഗായകനാക്കുന്ന മിസ്റ്റര്‍ ഭാവയെപ്പോലെ ആരെയും വൃത്തത്തിലെഴുതിക്കുന്ന സൂത്രം.

2. പെരിങ്ങോടന്റെ ഓണ്‍ലൈന്‍ വരമൊഴിഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ ഓണ്‍ലൈനിലും ഓഫ് ലൈനിലും വര്‍ക്ക് ചെയ്യുന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ പേജ്.

3. കെവിന്റെ ദിനപത്രം യാന്ത്രികമായ അഗ്രിഗേഷനും ആര്‍ എസ്സ് എസ്സ് ഫീഡ് കൂട്ടലും റീഡറും ഒന്നുമല്ല. ദൈനം ദിനം കെവിന്‍ ബ്ലോഗ്ന്‍ അരിച്ചു പെറുക്കി ഉണ്ടാക്കുന്ന പത്രം. രാവിലേ അതങ്ങോട്ട് തുറക്കുമ്പോ എന്താ രസം.

Friday, May 25, 2007

എനിക്കും ബാക്ക്‌-അപ്പോ?

പ്രിയപ്പെട്ടവരെ..

എന്റെ 'ഒന്നേ രണ്ടേ മൂന്ന്' എന്ന ബ്ലോഗില്‍ പുതുതായി പോസ്റ്റ്‌ ചെയ്ത 'അക്ഷയപ്പടക്കങ്ങള്‍' (മുമ്പ്‌ 'അക്ഷയാക്കഥകള്‍ - ഒരു തുടരന്‍') എന്ന പോസ്റ്റ്‌ ജിദ്ദയില്‍ നിന്നുള്ള രണ്ടു വിദ്വാന്മാര്‍ അതിവിദഗ്ധമായി അവരുടെ ബ്ലോഗിലേക്ക്‌ വള്ളിപുള്ളി തെറ്റാതെ 'മാട്ടി'യിരിക്കുന്നു. എന്റെ പോസ്റ്റിനു ജനപ്രീതി ലഭിക്കട്ടെ എന്നു വിചാരിച്ചോ ഇനി അഥവാ പെട്ടെന്നൊരു ദിവസം എന്റെ പോസ്റ്റങ്ങടു മാഞ്ഞുപോയാ ഒരു ബാക്‍അപ്‌ ഇരിക്കട്ടെ എന്നു എനിക്കൊരു ഫേവര്‍ ചെയ്തതാണോ എന്തോ... തനിമലയാളത്തില്‍ വളരെ യാദൃശ്ചികമായി ഞാനത്‌ കാണാനിടയായി. സത്യം പറയട്ടെ .. സങ്കടം വന്നു പോയി.

ഏതായാലും മാഷന്മാരോട്‌ രണ്ടു കാര്യങ്ങള്‍

1) ബാക്‍അപ്‌ എടുക്കാന്‍ എനിക്കറിയാം. അതു ഞാന്‍ ചെയ്യുന്നുമുണ്ട്‌
2) പലരും കഷ്ടപ്പെട്ട്‌ ഇല്ലാത്ത സമയം ഉണ്ടാക്കിയെഴുതുന്നതാണ്‌. ഇങ്ങനെയൊരു വികൃതി ഇനിയാരോടും അരുത്‌.

ലിങ്കുകള്‍ താഴെക്കൊടുക്കുന്നു.

ഒന്നാമത്തെ ബാക്‍അപ്‌
രണ്ടാമത്തെ ബാക്‍അപ്‌

Thursday, May 24, 2007

ബ്ലോഗ് സാഹിത്യം ഇങ്ങനെ മതിയോ ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളിയുടെ വായനാശീലം 30 മുതല്‍ 50 ശതമാനം വരെ കുറഞ്ഞതായി രേഖകള്‍. കേരള ഗ്രന്ഥശാലാ സംഘവും മറ്റും കുറച്ചു കാലമായി നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നിരത്തുന്നത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ അപചയത്തിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . ദൃശ്യ മാധ്യമങ്ങളുടെ മുന്നേറ്റം.,വായനയ്ക്കായി സമയമില്ലത്ത അവസ്ഥ പിന്നെ നല്ല കൃതികളുടെ അഭാവം. ദൃശ്യമാധ്യമങ്ങളും ജീവിത തിരക്കും ഒഴിച്ചു നിര്‍ത്തിയാല്‍ നല്ല കൃതികള്‍ എന്തുകൊണ്ടുണ്ടാവുന്നില്ല എന്ന സംശയം പ്രസക്തമാണ്. അതോ ഉണ്ടായിട്ട് പ്രസിദ്ധീകരിക്കാത്തതാണോ ? കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ബെസ്റ്റ് സെല്ലര്‍ എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന എത്ര കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് ? എന്തുകൊണ്ട് വായന കുറയുന്നു ? എന്തുകൊണ്ട് എഴുത്തുകാര്‍ കുറയുന്നു ? എന്തുകൊണ്ട് ശക്തമായ പ്രമേയങ്ങളും ഭാഷയും മലയാളത്തില്‍ ഉയര്‍ന്നു വരുന്നില്ല ?

ഇവിടെയാണ് സമാന വായന (പാരലല്‍ റീഡിങ്ങ്), വായനക്കൂട്ടങ്ങള്‍, ലൈബ്രറികള്‍, എഴുത്തുകാരുടെ കൂട്ടായ്മ, എന്നിവയ്ക്കൊക്കെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അപ്പോള്‍ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ബ്ലോഗ്ഗ് സാഹിത്യം
അടുത്ത കാലത്തായി ബ്ലോഗ് സാഹിത്യം എന്നൊരു സാഹിത്യ ശൃംഖല മലയാളത്തില്‍ വേരുപിടിക്കുന്നതായി കാണുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോഗുകളുടെ എണ്ണത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവ് തന്നെ ഒരു ഉദാഹരണം. ആയിരത്തോളം മലയാള ഭാഷയിലുള്ള ബ്ലോഗുകളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്നു വന്നത്. അതില്‍ തന്നെ നൂറോളം സജീവമായ ബ്ലോഗുകളും. ഇവിടെ പ്രസക്തമായ മറ്റൊരു വിഷയം ബ്ലോഗിലെ കൃതികള്‍ എല്ലാ മലയാളിക്കും വായിക്കാനാവുന്നുണ്ടോ എന്ന ചോദ്യമാണ്. ഇല്ല എന്നു തന്നെ വേണം പറയാന്‍. കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും സാധാരണക്കാരനു ഇന്നും ഒരു വിളിപ്പാടകലെ തന്നെയാണ്. അതുകൊണ്ട് ബ്ലോഗിലെ കൃതികള്‍ സാധാരണക്കാരന് വായിക്കേണ്ട എന്നാണോ ?
ബ്ലോഗ് പുസ്തകമാക്കുമ്പോള്‍
ഏറെ കാലത്തെ പരിശ്രമത്തിനു ശേഷം മൂന്നുമാസം മുന്‍പ് ശ്രീമാന്‍ വിശാലമനസ്കന്റെ ‘കൊടകര പുരാണം’ പുസ്തകരൂപത്തില്‍ ഇറങ്ങി. നല്ലൊരു ചുവടു വയ്പ്പാണത്. പക്ഷെ ‘കൊടകര പുരാണം’ എന്ന പുസ്തകത്തിനു എന്തു സംഭവിച്ചു ? എത്രപേര്‍ക്ക് അതിന്റെ കോപ്പികള്‍ ലഭിച്ചു ? ഇന്ന് ഏത് പുസ്തകശാലയിലാണ് അത് കിട്ടുക ? അതിന്റെ പുറം ചട്ടയും പേപ്പര്‍ ക്വാളിറ്റിയും എത്ര പേര്‍ക്ക് ഇഷ്ടപ്പെട്ടു ? എത്ര കോപ്പി അടിച്ചുവെന്നോ എത്ര എഡിഷന് പ്രിന്റ് ചെയാന്‍ പ്രസാധകന്‍ എഴുത്തുകാരന്‍ അനുമതി കൊടുത്തിട്ടുണ്ടെന്നോ വ്യക്തമക്കാമോ ?
കുത്തകകള്‍
പുസ്ത്രക പ്രസാധന രംഗത്ത് കേരളത്തില്‍ ഒരു തരം മാഫിയ യാണുള്ളതെന്ന് പറഞ്ഞാല്‍ അധികപ്രസംഗമാവില്ല. എഴുത്തുകാരനെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു കേരളത്തിലെ പ്രസാധകര്‍ . ബ്ലാങ്ക് പേപ്പറില്‍ എഴുത്തുകാരനെക്കൊണ്ട് കയ്യൊപ്പിടീപ്പിക്കുന്ന നയമാണ് അവര്‍ അനുവര്‍ത്തിച്ചു വരുന്നത്. തങ്ങള്‍ക്ക് ശേഷം പ്രളയമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണവര്‍ പടച്ചു വിടുന്നത്. ഇത് ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് സഹിക്കാവുന്നതാണോ ?
പുസ്തക പ്രസാധനത്തിലൂടെ എഴുത്ത്കാരനുള്ള വരുമാനം തുലോം തുച്ഛമാണ്
പ്രശസ്ത സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം ഈയടുത്ത് പറഞ്ഞതാണ് താഴെ കൊടുക്കുന്നത്.
"എന്റെ കൊമാല എന്ന പുസ്തകം 1000 കൊപ്പി വിറ്റാല്‍ എനിക്ക് 7500 രൂപയാണു കിട്ടുക. അതായതു 1000 * 50 = 50000 തിന്റെ 15% ആയ 7500
ഒരു വര്‍ഷം കൊണ്ട് 1000 കോപ്പി വിറ്റു തീരുകയാണെങ്കില്‍ 7500 രൂപാകിട്ടും .ഒരെഴുത്തുകാരനു ഇത് ഒരിക്കലും മതിയായ തുകയല്ല. സ്വന്തം സൃഷ്ടിയ്ക്ക് സഹായകമാകുന്ന ഒരു യാത്ര നടത്താന്‍ പോലും അയാള്‍ക്ക് ഇത് വെച്ച് കഴിയുന്നില്ല"
മാസികകളിലും വാരികകളിലും പിന്വാതില്‍ പ്രവേശനം വളരെ കൂടുതലാണു. പ്രശസ്തരായ സാഹിത്യകാരന്മാര്‍ക്ക് ഉള്ള ഗോദാ മാത്രമാണു ചില സാഹിത്യ വാരികകള്‍. കുത്തക പ്രസിദ്ധീകരണ ഭീമന്മാര്‍ക്കെതിരെ ചെറിയ പ്രസിദ്ധീകരണ സംഘങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വേട്ടാളന്‍ പോറ്റിയ പുഴു കണക്കെ ഇവയുംസാവധാനത്തില്‍ എഴുത്തുകാര്‍ക്കെതിരായ ദിശയില്‍ തന്നെ നീങ്ങുന്നു.

ഈയടുത്ത കാലത്ത് പ്രസിദ്ധനായ ഒരു ബ്ലോഗെഴുത്തുകാരന്റെ കൃതി പബ്ലിഷ് ചെയ്യാനായി ഡി.സി. ബുക്സിനെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി വളരെ വിചിത്രമായി തോന്നി. ‘ഞങ്ങളുടെ മാനദണ്ഢങ്ങള്‍ ഈ കൃതി പബ്ലിഷ് ചെയ്യുന്നതില്‍ നിന്നും ഞങ്ങളെ വിലക്കുന്നു..’ എന്താണാ മാനദണ്ഢം ? സമാനമായ വായനയെ ഡി.സി. ബുക്സ് അംഗീകരിക്കുന്നില്ലെന്ന് കരുതണമോ ?
എങ്ങനെ ബ്ലോഗ്ഗ് കൃതികള്‍ പുസ്തകരൂപത്തിലാക്കാം ?
സ്വയം പ്രസാധനം ഇന്നും എഴുത്തുകാരനൊരു കീറാമുട്ടി തന്നെയാണ്. മാര്‍ക്കറ്റിങ്ങ് എന്ന ബാലികേറാമല കീഴടക്കാന്‍ സ്വയം സഹായകങ്ങളായ ചെറു സംഘങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം ശക്തമാര്‍ന്നതാണെന്നതും കുഴക്കുന്ന ചോദ്യമാണ്.

എന്റെ അഭിപ്രായത്തില്‍ സമാന ചിന്താസരണിയിലുള്ളവര്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വ്യത്യസ്ഥ മേഖലകളിലുള്ള അഭ്യസ്തവിദ്യരായവരുടെ കൂട്ടമാണ് ഇന്ന് മലയാളം ബ്ലൊഗ് എന്ന കമ്മ്യൂണിറ്റി. ഇതിലൂടെ വളര്‍ന്ന് വരുന്ന എഴുത്തുകാരെയും അവരുടെ കൃതികളേയും പ്രൊത്സാഹിപ്പിക്കാനായി എളിയരീതിയിലുള്ള ശ്രമങ്ങളെങ്കിലും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്നു എങ്കില്‍ അത് തീര്‍ച്ചയായും മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്റ്റിക്കാന്‍ പര്യാപ്തമാണ്
എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

Creative contribution by : V V & Kuruman

Tuesday, May 15, 2007

സിസ്റ്റര്‍ അഭയയുടെ മരണ രഹസ്യവും, പുത്തന്‍ പുരയ്ക്കലിനും തമ്മില്‍ ബന്ധമുണ്ട്


പ്രിയ ബ്ലോഗര്‍മാരെ,

കവിയും, മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുഴൂര്‍ വിത്സന്റെ വെളിപെടുത്തലുകള്‍ “സിറാജ്” ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ചു.
ബ്ലോഗിനെ കുറിച്ചും പത്രപ്രവര്‍ത്തകനായ ശ്രീ ടി എ അലി അക്ബര്‍ ഈ വാര്‍ത്തയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ ദാ ഇവിടെ..

Monday, May 14, 2007

ഒരു നിര്‍ദ്ദേശം-ബൂലോഗരുടെ പ്രത്യേക ശ്രദ്ധയ്ക്കും വിശകലനത്തിനും

ഇന്നു നാം നേരിടുന്ന വിദ്യുച്ഛക്തിപ്രശ്നത്തെ ചെറിയൊരളവിലെങ്കിലും പരിഹരിക്കാവുന്ന ഒരെളിയ നിര്‍ദ്ദേശം.

വൈദ്യുതിയുടെ ഉപയോഗം കുറച്ചുകൊണ്ട്‌ കൂടുതല്‍ പ്രകാശം നല്‍കുന്ന പുതിയതരം വിളക്കുകളാണ്‌ കോപാക്ട്‌ ഫ്ലുറസന്റ്‌ ലാമ്പ്‌ അഥവാ CFL. 11W ശേഷിയുള്ള CFL , 60W സാധാരണ ബള്‍ബിന്റെ പ്രകാശം നള്‍കുന്നു. ഒരു CFL ലാമ്പിന്റേ ആയുസ്സ്‌ 8000 മണിക്കൂറാണെന്ന മെച്ചവുമുണ്ട്‌. അതായത്‌ ഒരു മണിക്കൂര്‍ സാധാരണ ബള്‍ബിന്‌ പകരം CFL കത്തുകയാണെങ്കില്‍ 49W വിദ്യുച്ഛക്തി ലാഭം. സര്‍ക്കാരിന്റെ അവകാശ വാദമാണിത്‌.

ഒരു CFLന്‌ 100 രൂപ വിലയുള്ളതും ഒരുകൊല്ലം റീപ്ലേസബിള്‍ ഗാരണ്ടിയുള്ളതുമായ ഇത്തരം 15 ലക്ഷം വിളക്കുകള്‍ കേരളത്തിലെ BPL മേഖലയിലുള്ളവര്‍ക്ക്‌ സൗജന്യമായി സര്‍ക്കാരിന്‌ കൊടുത്തുകൂടെ? 15 ലക്ഷം CFL ഉപയോഗിക്കുമ്പോഴുണ്ടാകാവുന്ന വൈദ്യുതിലാഭം അതിന്‌വേണ്ടി ചിലവിടേണ്ട ഏകദേശം 15 കോടി രൂപ യുമായി തട്ടിച്ച്‌ നോക്കിയാല്‍, ഒരു സംസ്ഥാനത്തിന്‌ അത്ര വലുതാണോ?. കുറഞ്ഞത്‌ ഒരുകൊല്ലമെങ്കിലും അതിന്റെ മെച്ചം സംസ്ഥാനത്തിനില്ലേ?.

BPL കാരുടെ ഉന്നമനത്തിനു വേണ്ടിയും, വിദ്യുച്ഛക്തിയുടെ ഉല്‍പാദനത്തിനും പ്രസരണനഷ്ടം കുറക്കുന്നതിനു വേണ്ടിയും നമ്മുടെ സംസ്ഥാനം ആണ്ടുതോറും ചിലവിടുന്ന തുകയുടെ ഒരംശം മാത്രമല്ലേ ആകുന്നുള്ളൂയിത്‌. ബൂലൊഗര്‍ക്കെന്തു തോന്നുന്നു.

BPL കാര്‍ അതു കിട്ടിയാലുടന്‍ മറിച്ചു വില്‍ക്കുമായിരിക്കും. വിറ്റോട്ടേ. ആരെങ്കിലും അതുപയോഗിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടുമല്ലോ?. BPL കാര്‍ക്ക്‌ അവിചാരിതലാഭവും.

ഇതില്‍ നല്ല രീതിയിലുള്ള ചര്‍ച്ച നടക്കുകയാണെങ്കില്‍, അതിന്റെ എല്ലാംകൂടി ഒരു പ്രിന്റെടുത്ത്‌ നമുക്ക്‌ (ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ സമ്മതത്തോടെ) ബഹുമാനപ്പെട്ട വിദ്യുച്ഛക്തി മന്ത്രിയുടെ മുമ്പാകെ സമര്‍പ്പിക്കാം.

പ്രചോദനംഃ ഈയടുത്തകാലത്ത്‌ ഞാന്‍ വായിച്ച ഒരു കമന്റില്‍ നിന്ന്‌(സാജന്റേതാണെന്ന്‌ തോന്നുന്നു, തീര്‍ച്ചയില്ല)

പി.എസ്സ്‌ഃ ബൂലോഗക്ലബ്ബില്‍ അംഗമാകാത്തവര്‍ക്കിവിടെ പ്രതികരിക്കാം.

കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍

ഇതുവരെ കൊടകരപുരാണത്തെ പറ്റി എഴുതിയ അവലോകനങ്ങളില്‍ ഏറ്റവും നല്ലതും സാരവത്തായതുമായ പുസ്തകപരിചയം മനോരമ ഓണ്‍ ലൈനില്‍ വായിക്കുക.

വശാലമനസ്കനു അഭിനന്ദനങ്ങളുടെ വാടാമലരുകളുമായി
സ്നേഹപൂര്‍‌വ്വം..!

കരീം മാഷ്.

കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍