Wednesday, May 24, 2006

ഉമേശായ മെഷീനായ നമഃ

ഹെഡ്മാസ്റ്റര്‍ക്കെതിരെ സമരമായിക്കളയാം, അല്ലേ?

ബൂലോകരെ, നിങ്ങളുടെ സഹായം വേണം...

തനിമലയാളത്തിനൊരു മിററിനായി, ഉമേഷൊരു ലിനക്സ് മെഷീന്‍ തരാം തരാമെന്ന് പറഞ്ഞിട്ട് കാലം കുറെയായി.

വീട്ടിലൊരു മൂലയ്ക്കിരിക്കുന്ന, ഉപയോഗത്തിലല്ലാത്ത മെഷീനില്‍, ഉബണ്ടു ലോഡ് ചെയ്താല്‍ മാത്രം മതി, ബാക്കി ഞാന്‍ ചെയ്ത് തീര്‍ത്തോളാം എന്നായിട്ടും, അങ്ങേര്‍ക്കൊരു അനക്കം വേണ്ടേ?


സ്വന്തം ബ്ലോഗിന്റെ ഇടിവെട്ട് കളറും ടെമ്പ്ലേറ്റും മാറ്റിമാറ്റി വിളയാടുകയാണ് ആ‍ശാനിപ്പോള്‍. ബ്ലോഗിന്റെ കളറു മാറ്റാന്‍ ഇഷ്ടന്‍ വേര്‍ഡ്‌പ്രസ്സിന്റെ അഡ്മിന്‍ ഇന്റര്‍ഫൈയ്സില്‍ ചെന്നപ്പോള്‍ വന്നത്, “256 മില്ല്യണ്‍ കളറുകള്‍ താങ്കളുപയോഗിച്ച് നോക്കി, ഇനി തരാന്‍ കളറില്ല” എന്നൊരു മെസ്സേജായിരുന്നു എന്ന് കേള്‍ക്കുന്നു.

ലിനക്സ് മെഷീന്‍ എന്തായി, എവിടം വരെയായി എന്നറിയാന്‍ മുറതെറ്റാതെ, ഞാനെല്ലാ ദിവസവും അദ്ദേഹത്തിന്റെ നമ്പരില്‍ വിളിക്കാറുണ്ടെന്നായിരിക്കുന്നു. വന്നു വന്ന്‌ പുള്ളി ഇപ്പോള്‍ ആരുടെ ഫോണായാലും എടുക്കില്ലെന്നുമായിരിക്കുന്നു.

ഉബണ്ടു ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഏറിയാല്‍ ഒരു പതിനഞ്ച് മിനിട്ട് മതി, അത് സീഡിയാക്കാന്‍ ഒരു പത്ത് മിനിറ്റും കൂ‍ടെ. സിസ്റ്റത്തെ നമുക്കുപയോഗിക്കത്തക്ക വിധത്തിലാക്കാന്‍, പിന്നെയും ഒരു നാല്പത് മിനിറ്റ് -- അത്രമാത്രം..!

അങ്ങിനെയിരിക്കെ, ഇന്നലെ കേട്ടതോ? പുള്ളി ഉബണ്ടുക്കാരെക്കൊണ്ട് സീ.ഡി. വരുത്തിക്കാനിരിക്കുകയാണെന്ന്.

ഓരോരോ അന്യായങ്ങളേ?

സാമം, ഭേദം, ദണ്ഡം എന്നൊക്കെയല്ലേ നെഗോഷിയേഷന്‍ സ്കില്ലുകള്‍...?

ഗുരുസ്ഥാനീയനായതു കൊണ്ട് സാമത്തിലൊതുങ്ങാം.

ഇതെന്തിനാ ഈ മെഷീന്‍ എന്ന ചോദ്യമുണ്ടാവുക സ്വാഭാവികം. തനിമലയാളം പേജുകള്‍ ഉണ്ടാക്കുന്നതിനും, പിന്മൊഴി കമന്റുകള്‍ കൈകാര്യം ചെയ്യുന്നതിനും, എന്റെ നെറ്റ് കണക്ഷന്‍ പിശകിയാലും ഫാള്‍ബാക്ക് സിസ്റ്റങ്ങള്‍ വേണം.

ഉദാ‍ഹരണമായി, അനിലിന്റെ മിറര്‍ നോക്കൂ.

ഉമേഷിന്റെ കാര്യത്തില്‍ ഇനിയും ഒരു ഗുണമുണ്ട് -- ഇഷ്ടന്റെ വീട്ടിലേക്കോടുന്നത്, ഒപ്റ്റിക്കല്‍ ഫൈബറാണ്, മുടിഞ്ഞ സ്പീഡല്ലേ..?

പക്ഷെ, എന്തു ചെയ്യും?

ഇപ്പോള്‍ മൂന്ന്‌-നാല് മാസത്തോളമായി, ഞാന്‍ ചോദ്യം തുടങ്ങിയിട്ട്.

ഇനി എനിക്ക് വയ്യ, നമുക്കെല്ലാവര്‍ക്കും കൂടിയാ‍വാം. ഒത്ത് പിടിച്ചാല്‍ ഒറിഗണുമിളകും; ഇളകണം.

അതു കൊണ്ട്, എല്ലാവരും ഇവിടെ താന്താങ്ങളുടെ ശേഷിയനുസരിച്ച് (മലയാളത്തില്‍) സാമരാഗത്തില്‍ കമ്മന്റി, ഉമേഷിനെക്കൊണ്ട് കനിയിപ്പിക്കണം എന്ന് താഴ്മയായി ഇതിനാല്‍ അപേക്ഷിച്ചു കൊള്ളുന്നു...!!

ഈ രോദനം വായിച്ചിട്ട് കനിവ് തോന്നി, “ഇന്നാ പിടിച്ചോ, എന്റെ വകയൊരു ലിനക്സ് മെഷീന്...!!”‍ എന്ന് വേറെയുമാര്‍ക്കെങ്കിലും പറയാന്‍ തോന്നിയാല്‍, അതും ഭാഗ്യം.


കുറിപ്പ്: ഉമേഷൊഴിച്ച്, ബൂലോഗക്ലബ്ബിലുള്ളവര്‍ക്കാര്‍ക്കെങ്കിലും, ഇതൊന്ന് തിരുത്തിയെഴുതണം എന്ന് തോന്നിയാല്‍, ആയിക്കോളൂ.

56 comments:

  1. എന്തെരിനായാലും ഒരു നല്ല കാര്യത്തിനല്ലേ..
    ഏവൂരാന്റെ നിവേദനത്തില്‍ ഞാന്‍ ഒപ്പു വെച്ചു.

    “കൊടെന്റെ ഉമേഷ്ജി...“

    ReplyDelete
  2. ഇതിനിയും കിട്ടിയില്ലേ. ഉബുണ്ടു, ഓപ്റ്റിക്കല്‍ ഫൈബര്‍ എന്നൊക്കെ ഏവു പറയാന്‍ തുടങ്ങിയിട്ടു മാസം കുറേയായല്ലോ?
    ഞാന്‍ 10 മണിക്കൂര്‍ നിരാഹാരം തുടങ്ങി.
    ഡിന്നര്‍ അടിച്ചു കഴിഞ്ഞതു ഭാഗ്യം.

    ReplyDelete
  3. ഉമേഷ്ജീ....മേഷ്ജീ........ഷ്ജീ.........ജീജീ.......ജീ

    നാളേക്ക് എനക്ക് ദുര്‍ഗ്ഗാഷ്ടമി.......ഏവൂരാന് മെഷീന്‍ കൊടുത്തില്ലെങ്കില്‍...ചുട്ടിടുവേന്‍

    ReplyDelete
  4. ഏവൂരാനേ, ശരിക്ക് പറഞ്ഞിട്ടുണ്ട് കേട്ടോ-മെഷീന്‍ എപ്പോ കിട്ടീന്ന് ചോദിച്ചാല്‍ മതി.

    ReplyDelete
  5. ഏവൂര്‍ജി.. ഉബണ്ടുവിന്റെ സീഡി മതിയെങ്കില്‍ ഇവിടേയും വന്നു കിടപ്പുണ്ടു പത്തിരുപത്തന്‍ജെണ്ണം. അതല്ല ലിനെക്സ്‌ ആശാനെ വേണമെങ്കില്‍ ഇവിടെ ഒരെണ്ണം ഉണ്ട്‌.:) പക്ഷേ അദ്‌ദേഹത്തിനു ഈയിടെ ആയി സിസ്കൊ തലക്കു പിടിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌..

    ഉമേഷ്‌ജി.. പ്ലീസ്‌...

    ReplyDelete
  6. ക്ഷമിക്കണം- ചുട്ടിടുവേന്‍ എന്നുള്ളത് ശുട്ടിടുവേന്‍ എന്നു തിരുത്തിവായിപ്പാനപേക്ഷ.

    ReplyDelete
  7. ഉബണ്ടു എനിക്കു അയച്ചു തന്ന പത്ത്‌ സി ഡി യില്‍ ഒന്‍പതെണ്ണം ഒരോരുത്തര്‍ക്കായി കൊടുത്തു തീര്‍ക്കുകയാണു ഞനിപ്പൊള്‍.. ഒരു സി ഡി ചോദിച്ചതിനു അവര്‍ എനിക്കു പത്തെണ്ണമാണു അയച്ചു തന്നത്‌.

    ReplyDelete
  8. ആര്‍ക്കെങ്കിലും ഇവിടെ ഇഞ്ചിമുട്ടായി ഉണ്ടാക്കുന്നതു എങ്ങിനെ എന്നു ആറിയൊ? പ്ലീസ് അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരോ?

    ReplyDelete
  9. അറിയാവുന്നതു പറഞ്ഞുതരാം എല്‍‌ ജീ.

    ഇഞ്ചിമിഠായിയില്‍ ഇഞ്ചി തീര്‍ച്ചയായും വേണം.

    :)

    ReplyDelete
  10. ഏവൂരാന്‍ : "അലോ ഉമേഷ്ജി, ഉബണ്ടു.. ഉബണ്ടു.."
    ഉമേഷ്ജി : "അലോ, കേള്‍ക്കുന്നില്ലാ.. കേള്‍ക്കുന്നില്ലാ.."
    ഏവൂരാന്‍ (തൊണ്ടപൊട്ടുമാറ്) : ഉബണ്ടൂ.. ഉബണ്ടൂ.."
    ഉമേഷ്ജി : "കേള്‍ക്കുന്നില്ലാ.. കേള്‍ക്കുന്നില്ലാ.."
    ഏവൂരാന്‍ :ഉബണ്ടൂ.. ഉബ.. ടും (തൊണ്ടപൊട്ടി)
    ഉമേഷ്ജി ആശ്വാസത്തോടെ ഫോണ്‍ വച്ചു.
    അപ്പോള്‍ ബൂലോകം : "നിങ്ങളെന്തൊരു മനുഷ്യനാ ആ ഏവൂരാന്‍ ഉബണ്ടൂ.. ഉബണ്ടൂന്ന് വിളിച്ചുപറയുന്നത് ഞങ്ങളിവിടെ കേട്ടല്ലോ."
    ഉമേഷ്ജി : "എന്നാ ഏവൂരാന് നിങ്ങള് കൊടുക്ക് ഉബണ്ടു."

    ബൂലോകം:
    "ഇഞ്ചിമിഠായീ..ഞ്ചിമിഠായീ.."
    "കപ്പലണ്ടീ..ക്കപ്പലണ്ടീ.."

    ReplyDelete
  11. സാക്ഷീ.. തമാശ... അതും സാക്ഷി.. ഞാനിനി പകുതി ഉറക്കത്തില്‍ ആയോ???

    ReplyDelete
  12. ലൈന്‍ എക്സോ വയ്യോ എന്താച്ചാല്‍ കൊടുക്കെന്നേ
    ഹിരാകുഡിലെ നാല്‍കോയില്‍ വണ്ടി കാത്ത്‌ ഗേറ്റില്‍ കുത്തിയിരിക്കുമ്പോ തൊഴിലാളി നേതാവ്‌ "പത്രാ" എന്നയാള്‍ ആവേശോജ്വലമായി പ്രസംഗിക്കുന്നു. പ്രസംഗം ഒറിയയില്‍ ആയിരുന്നതിനാല്‍ ഒരക്ഷരം മനസ്സിലായില്ല. പക്ഷേ തീര്‍ന്നപ്പോള്‍ ഞാനും ബാക്കിയുള്ളവരുടെ കൂടെ കയ്യടിച്ചു. എന്താ കാരണം? പത്രായോട്‌ ഞാന്‍ നേരത്തേ സംസാരിച്ചിട്ടുണ്ട്‌, മൂപ്പരോളം നല്ല ഒരു മനുഷ്യന്‍ അനാവശ്യം പ്രസംഗിക്കില്ലെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌.

    എവൂരാന്‍ അനാവശ്യം ചോദിക്കത്തില്ല. ലത്‌ എന്തരു മെഷീന്‍ ആയാലും അതങ്ങ്‌ എടുത്തു കൊടുക്കോ.. ഹേഡ്‌ മാഷന്മാര്‍ക്ക്‌ കുട്ടികളെക്കാള്‍ മടിയോ? ഹയ്യേ.

    ജീഞ്ചര്‍ പേപ്പര്‍ സൂവിറ്റ്‌.
    എന്റയലോക്കത്ത്‌ ഉള്ള കോഞ്ഞാന്‍ പാച്ചന്‍ കുറച്ചു കാലം കൊല്ലം പ്രൈ ബ സ്റ്റാന്‍ഡില്‍ (സചിവോത്തം സര്‍ സി പി രാമസ്വാമി അയ്യരോടുള്ള "ബഹുമാനം !!" മൂത്ത്‌ പൊതുജനം പണിത ക്ലോക്ക്‌ ടവറിനു താഴെയുള്ള സ്റ്റാന്‍ഡ്‌)ഇഞ്ച്ചിമുട്ടായി വിറ്റിരുന്നു (ഇന്നദ്ദേഹം ഒരു കടയുടെ ഓണറാണെന്നാണ്‌ അറിവ്‌)

    താന്‍ മാനുഫാക്ചറിങ്ങും റീട്ടെയിലും നടത്തിയിപ്പോന്ന ഇഞ്ചി മുട്ടായിയെ "ജീഞ്ചേര്‍ പേപ്പര്‍ സൂവിറ്റ്‌" എന്ന ജെനറിക്‌ നെയിം ഉപയോഗിച്ചാണ്‌ അദ്ദേഹം ബസുകളില്‍ മാര്‍ക്കറ്റ്‌ ചെയ്തിരുന്നത്‌ . അപ്പോ ചേരുവകകളില്‍ ജീഞ്ചറിനു പുറമേ
    പേപ്പര്‍ (കടലാസല്ല, കുരുമുളക്‌) ഉപയോഗിക്കുന്ന സൂവിറ്റ്‌ (അതു മധുരം എന്നതിന്റെ ഇംഗ്ലീഷാ)ആവണമല്ലോ .

    തന്റെ പഞ്ചാര-ഇഞ്ചി
    നാളുകള്‍ ഓര്‍ക്കാന്‍ കോ. പാച്ചന്‌ ന്‌ ബുദ്ധിമുട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം നാട്ടില്‍ പോകുമ്പോ ഞാന്‍ മൂപ്പരോട്‌ റെസിപ്പി ചോദിക്കാം

    ReplyDelete
  13. എല്ലാവരും ശാന്തരായിരിക്കണം.
    നിങ്ങളുടെയെല്ലാം പ്രിയങ്കരനായ ഏഡ്മാസ്റ്റര്‍
    ഉമേഷ്മാഷെ ഇ വാഹനത്തിനു തൊട്ടുപിന്നില്‍ മന്ദം മന്ദം മെല്ലെ മെല്ലെ പതുക്കെ പതുക്കെ പിടിച്ചുവലിച്ചു കൊണ്ടുവരുന്നുണ്ട്.
    അദ്ദേഹത്തിന്‍റെ പ്രഖ്യാപനത്തിനു ശേഷം എല്‍ജി സ്വന്തം കയ്യാല്‍ തയ്യാര്‍ ചെയത ഇഞ്ചിമിഠായിയുടെ സൌജന്യവിതരണം ഉണ്ടായിരിക്കുന്നതായിരിക്കും.
    ഇഞ്ചി മിഠായി ഇപ്പോള്‍ വക്കാരിയ്ക്ക് കൊടുത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

    ReplyDelete
  14. ഉമേഷേ, കൊടുക്കൂന്നേ (പറയാന്‍ എന്തൊരു എളുപ്പാ..എന്റെ അല്ലല്ലോ) ഒരു സംശയം എവൂ:
    ഇപ്പോ ചിന്തയിലും ബ്ലോഗ് അഗ്ഗ്രിഗേറ്റര്‍ തുടങിയിട്ടുണ്ട്‌. അപ്പോ ചിന്ത ഡോട്ട് കോമില്‍ ഇത്‌ ഹോസ്റ്റ് ചെയ്ത്‌ മറ്റുസ്ഥലങളില്‍ മിറ്രര്‍ സ്ഥാപിച്ചാല്‍ പോരെ?ബാന്ദ് വിഡ്ത്ത് തുടങിയ് പ്രശ്നങളാണോ? ഒരു സംശയം മാത്രം.-സു-

    ReplyDelete
  15. സുനിലേ,

    ചെറിയ ചോദ്യം, വലിയ ഉത്തരം എന്ന നിലയിലാകാതെ ശ്രദ്ധിക്കട്ടെ:

    (1) ഇതിപ്പോള്‍, ചേരാനാരും ഈ-മെയിലൊന്നും ആര്‍ക്കും അയയ്ക്കേണ്ട എന്ന നിലയിലായിട്ടുണ്ട്. തനിയെ മലയാളം ബ്ലോഗുകളെ കണ്ട് പിടിച്ച് ചേര്‍ത്തോളും, പുതിയ ലിങ്കുകളും തനിയെ ആഡ് ചെയ്തോളും.

    പോളിനും ലിങ്കുകള്‍ ഇവിടെ നിന്നും കൊടുത്തേ മതിയാകൂ, ചിന്തയിലെ ഈ-മെയില്‍ റിക്വസ്റ്റ് ഒഴിവാ‍ക്കണമെങ്കില്‍ എന്ന് മനസ്സിലാകുന്നു. (പോളേ, ഞാന്‍ വിളിക്കാം, നമ്പ്ര ഒന്ന് തപ്പിയെടുത്തോട്ടേ..)

    ഇങ്ങനെ, തനിയെ കണ്ടുപിടിച്ചും കൂടുതലറിഞ്ഞും നില്‍ക്കണെമെങ്കില്‍, ചിന്തയെ പോലേ, വെബ്‌ഹോസ്റ്റിംഗ് നടക്കില്ല, ഒരു സിസ്റ്റം (ലിനക്സ് സിസ്റ്റം) തന്നെ വേണ്ടി വരുന്നു. നിര്‍ഭാഗ്യവശാല്‍, കൊമേഴ്സ്യല്‍ ഹോസ്റ്റിംഗ് മോഡലില്‍, bells & whistles കൂടുതലുള്ള വിര്‍റ്റവല്‍ മെഷീന്‍ മോഡലിന് ബ്ലോഗ് ഹോസ്റ്റിംഗിനെക്കാള്‍ costly ആണ്.

    (2) പിന്നെ, പിന്മൊഴികള്‍ പ്രോസസ്സ് ചെയ്ത് തിരികെയയ്ക്കുന്നതും, മലയാളമില്ലാത്തവയെ തട്ടുന്നതും, വേര്‍ഡ്‌പ്രസ്സിലെ കമ്മന്റ് തിരുത്തിയെഴുതല്‍, അങ്ങിനെ പലതും കൂടെ ഇവിടെ എന്റേതേല്‍ ഓടുന്നുണ്ട്. അതിനായ്, smtp server, procmail, mailutils അങ്ങിനെ പല കാര്യങ്ങള്‍ (വെബ്‌ഹോസ്റ്റിംഗിലില്ലാത്തവ) വേണ്ടി വരുന്നു.

    ഈ നിബന്ധനകളില്ലായിരുന്നെങ്കില്‍, ഉമേഷ് തന്നെ, ബ്ലൂ‌ഹോസ്റ്റിംഗ് എന്ന അദ്ദേഹത്തിന്റെ ഹോസ്റ്റിംഗ് പ്രൊവൈഡറില്‍ ഫ്രീ ആയി സ്ഥലം വാഗ്ദാനം ചെയ്തത് എന്നേ നമ്മളെടുത്തേനെ...

    (3) ഒന്നിലധികം ലിസ്റ്റുകളും സൂചികകളും വരേണ്ടത്, ആവശ്യമാണ്.

    എല്ലാവര്‍ക്കും കോ-എക്സിസ്റ്റ് ചെയ്യണമെങ്കില്‍, ആരേലും ഒരു കൂട്ടര് ലിനക്സോടിച്ചെങ്കിലേ (ഇപ്പോളത്തെ നിലയില്‍‌) മതിയാകൂ. അതിനാലണ് നമുക്ക് മെഷീന്‍ തന്നെ വേണ്ടത്.

    (4) ഈ വേന്ദ്രന്മാരൊക്കെ, വീടുകളില്‍ ഹൈ‌സ്പീഡ് നെറ്റും, ഫ്രീയായ സിസ്റ്റം കപ്പാകിറ്റിയും (പിന്നെ, കുറെ മടിയും..) ഉള്ളവരാണ് -- കമ്മ്യൂണിറ്റി ഇഫോര്‍ട്ടാണല്ലോ ഇവിടം വരെ നമ്മെ കൊണ്ടുവന്നത്...

    (5) ഒന്നൂടി, 3000-ത്തോളം ലൈന്‍‌ ഷെല്‍‌സ്ക്രിപ്റ്റാണ് ഇപ്പോള് കോഡ്‍, അതിന് ഷെല്ല് വേണം. സിമ്പിള്‍ വെബ്‌ഹോസ്റ്റിംഗില്‍ അതൊന്നും കിട്ടില്ല.

    (പോളിനും അറിയാം, കഴിഞ്ഞ മാസം സംസാരിച്ചതേയുള്ളൂ)

    ഇനിയും കൂടുതല്‍ അറിയണമെങ്കില്‍, സദയം എഴുതൂ, ഏവൂരാന്‍ - ജീമെയില്‍

    ബൂലൊകരേ, കരയുന്ന കൊച്ചിനേ പാലുള്ളൂ -- നമുക്ക് ഉമേശപൂജ തുടരാം..!!

    ReplyDelete
  16. ഏവൂരാന്‍ മഹാത്മാഗാന്ധിയുടെ വഴിക്കാണല്ലോ. നാട്ടുകാരെ കൂട്ടി പാവം ജീവിതത്തിലിതുവരെ ആര്‍ക്കുമൊരുപകാരവും ചെയ്യാത്ത എന്റെ നേര്‍ക്കു്.... :-)

    മഹാത്മാഗാന്ധി പണ്ടു സത്യഗ്രഹത്തിലൂടെ സ്വാതന്ത്ര്യം നേടിത്തന്നു എന്നു കേട്ടപ്പോള്‍ “ചുമ്മാ ഓരോ നമ്പരുകള്‍” എന്നു വീചാരിച്ചിട്ടുണ്ടു്. അതൊരു ഗമണ്ടന്‍ പരിപാടിയാണെന്നു് ഇപ്പോള്‍ മനസ്സിലായി. ഏതായാലും സി. ഡി. എഴുതാന്‍ പറ്റുന്ന ഒരു പഴയ ലാപ്‌ടോപ് തപ്പിയെടുത്തു് ഉബുണ്ടുവിനെ താഴെയിറക്കിക്കൊണ്ടിരിക്കുന്നു.

    ഏവൂരാന്‍ പറഞ്ഞതുപോലെയല്ല, കഴിഞ്ഞ രണ്ടു മണിക്കൂറായി അട്ടിമറി നടന്നുകൊണ്ടിരിക്കുന്നു. ഇനി ഒരു മണിക്കൂര്‍ കൂടി എടുക്കുമെന്നു പറയുന്നു. മിററിന്റെ കുഴപ്പമാണോ, എന്റെ കമ്പ്യൂട്ടറിന്റെ കുഴപ്പമാണോ, ഫൈബര്‍ എന്നു പറഞ്ഞു് ഇവന്മാര്‍ തരുന്നതു ചകിരിനാരാണോ, ആര്‍ക്കറിയാം!

    ReplyDelete
  17. ഏവൂരാന്റെ ആരോപണങ്ങള്‍ക്കു മറുപടി:

    ഞാനിന്നു് ഓഫീസില്‍ പോയില്ല. വീട്ടില്‍ത്തന്നെയിരുന്നായിരുന്നു ജോലി. രാവിലെ തുടങ്ങിയതു് ഇപ്പോഴാണു തീര്‍ന്നതു്. ഫോണെടുക്കാഞ്ഞതു് അതുകൊണ്ടാണു്.

    ജോലിക്കിടയിലാണു് ടെമ്പ്പ്ലേറ്റ് മാറ്റലും മറ്റും ചെയ്തതു്. ഒരു ടെമ്പ്ലേറ്റ് മാറ്റുന്നതുപോലാണോ ഒരു മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു്? ഇതു നല്ല കൂത്തു്!

    പിന്നെ... ഓഫീസില്‍ നിന്നു തന്ന ഈ win 2000 കുന്ത്രാണ്ടത്തില്‍ സി. ഡി. എഴുതുന്ന സോഫ്ട്വെയര്‍ ഇല്ല. പിന്നെ ഈ യന്ത്രത്തിന്റെ കൂടെ മറ്റേതും കൂടി കുത്താന്‍ ഒരു ഹബ് കയ്യിലില്ല. (ഉള്ള ഒരു ഹബ്/ഫയര്‍വാള്‍ ഇന്റര്‍നെറ്റ് വരുന്ന പെട്ടിക്കുള്ളില്‍ വച്ചിരിക്കുകയാണു്, എല്ലാ മുറിയിലും അതു സുരക്ഷിതമായി കിട്ടാന്‍. ബാകി മുറികള്‍ ബെഡ്‌റൂ‍മും അടുക്കളയുമാ‍ണു്. അവിടെ ഉബുണ്ടു വെച്ചാല്‍ എന്റെ ഉബുണ്ടു മിക്കവാറും പോക്കാ.)

    ഒരു ഹബ് വാങ്ങിക്കൂടേ, ഒരു വയറില്ലാത്ത റൌട്ടര്‍ വാങ്ങിക്കൂടേ, കമ്പ്യൂട്ടറിലൊരു വയറു വേണ്ടാത്ത കാര്‍ഡിട്ടുകൂടേ എന്നൊക്കെ ചോദിച്ചാല്‍... ഒക്കെ ചെയ്യാം. പക്ഷേ ഈ സമയമുണ്ടായിരുന്നെങ്കില്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി തലമുടി വെട്ടാമായിരുന്നു എന്നു വെച്ചിരിക്കുമ്പോഴാണു്....

    ജോലിസ്ഥലത്തും വീട്ടിലും അതിഭീകര ജോലിയും ആവശ്യമായ കിടുതാപ്പുകള്‍ കൈയിലില്ലാത്തതുമൊക്കെയാണു് ഇതു ചെയ്യാന്‍ തടസ്സമായി നിന്നതു്. എന്നാല്‍ ആര്‍ക്കെങ്കിലും ഒരു ഉബുണ്ടു സി. ഡി. അയച്ചുതന്നു കൂടായിരുന്നോ, ഹല്ല പിന്നെ!

    ഓഫീസിനു വേണ്ടി ഒരു ദിവസം പത്തുപതിനൊന്നു മണിക്കൂര്‍ പണിയുന്ന, കുഞ്ഞുകുട്ടിപരാധീനങ്ങളുള്ള ഒരു വീടുള്ള, രാവിലെ നാലരയ്ക്കെഴുനേറ്റിട്ടു് ദാ ഇപ്പോള്‍ രാത്രി 11 മണി വരെ പണിതിട്ടും സമയം തികയാത്ത, ഒരു പാവം പരാധീനക്കാരനാണേ, ക്ഷമിക്കണേ.

    ഏതായാലും നാളെ രാവിലെ എഴുനേല്‍ക്കുമ്പോഴേയ്ക്കു ഉബുണ്ടു അട്ടിമറി കഴിയുമായിരിക്കും. അതുകഴിഞ്ഞു സി. ഡി. യില്‍ എഴുതി നാളെ വൈകുന്നേരം ഇന്‍‌സ്റ്റാള്‍ ചെയ്യാന്‍ നോക്കാം.

    ReplyDelete
  18. ഈശ്വരാ..!!,

    ഈ ബ്ലോഗിന്റെ ശക്തി, ബ്ലോഗിന്റെ ശക്തി -- എന്നൊക്കെ പറയുന്നത് ഇതായിരിക്കണം.

    നാലഞ്ച് മാസം നോക്കിയിട്ട് നടക്കാത്ത കാര്യമിതാ കാല്‍‌വിരലുകള്‍ (!) അനക്കിത്തുടങ്ങുന്നു...!!

    നന്ദി കൂട്ടരെ...!! എന്ന് വെച്ച് ഇട്ടിട്ട് പോയേക്കല്ലേ..!!

    ഉമേഷല്ലേ ആള്‍ -- എനിക്കത്ര വിശ്വാസം പോര.

    ReplyDelete
  19. ഏവൂരാനേ,

    തലെക്കെട്ടില്‍ നിന്നു “നമഃ“ എന്നതിലെയൊഴികെയുള്ള വിസര്‍ഗ്ഗങ്ങള്‍ എടുത്തുകളയൂ. അസ്ഥാനത്തുള്ള വിസര്‍ജ്ജനം നന്നല്ല :-)

    ReplyDelete
  20. സംശയിക്കുന്ന ഏവൂരാനേ, ഇതാ എന്റെ മുറിപ്പാടുകളില്‍ സ്പര്‍ശിച്ചു നോക്കൂ.

    കണ്ടു വിശ്വസിക്കുന്നവന്‍ ബുദ്ധിമാന്‍.

    കാണാതെ വിശ്വസിക്കുന്നവനോ... സ്വര്‍ഗ്ഗരാജ്യം അവനുള്ളതത്രേ...

    (വടിയാകുമെന്നര്‍ത്ഥം :-))

    ReplyDelete
  21. കണ്ടോ, ചുട്ടിടുവേന്‍ എന്നത് ശുട്ടിടുവേന്‍ എന്ന് തിരുത്തിയപ്പോള്‍ തന്നെ ഉമേഷ്‌ജിക്ക് കാര്യം പിടികിട്ടി. ഉബുണ്ടു റെഡിയായി.....ക്കൊണ്ടിരിക്കുന്നു

    ഹോ.......

    ഇതിനിടയ്ക്ക് ഇഞ്ചിമിഠായിയെപ്പറ്റി പറയുന്നതു കേട്ടു...

    ReplyDelete
  22. ഒരുമാതിരി പ്രേമലേഖനം കിട്ടിയ മലയാളം റ്റീച്ചറെപ്പോലെ അതിന്റെ അന്ത:സ്സാരം (വിസര്‍ഗ്ഗം വേണോ വേണ്ടേ?) കളഞ്ഞ്‌ മെയില്‍ ബാഡി തിരുത്തി ഗുരുക്കള്‍ ഉബുണ്ടുവില്‍ നിന്നും ഉരുണ്ടു മാറുന്നോ? എവൂരാന്റെ പിന്നില്‍ പത്തല്ല പതിനായിരമല്ല... എണ്ണാമെങ്കില്‍ എണ്ണിക്കോ..

    ഓ ടോ ഇല്ലല്ലോ വായി വന്നതു പറയട്ടോ.
    തരംഗിണി ഇറക്കിയ വാതാപി ഗണപതി കാസറ്റില്‍ കേട്ടത്‌
    "ത്വം വാങ്മയസ്ത്വം ചിന്മയസ്ത്വം ആനന്ദമയഹാ
    ത്വം സച്ചിദാനന്ദമയഹാ.. (ഞാന്‍ സച്ചിദാനന്ദയമഹാ എന്നു കേട്ടു റീവൈന്‍ഡ്‌ ചെയ്തു വീണ്ടും കേട്ടു)

    "ത്വം ഇന്ദ്രഹാ, ത്വം അഗ്നിഹി, ത്വം വായുഹൂ, ത്വം സൂര്യഹാ, ത്വം ചന്ദ്രമാഹാ . ഓം ശാന്തിഹി ശാന്തിഹി..ശാ..."

    ReplyDelete
  23. ഹാഹാ ഹാഹാ (രണ്ടു വട്ടം ചിരിച്ചതു് ഉമേഷിന്റെ അവസാനത്തെ രണ്ടു കമന്റുകള്‍ക്കായിട്ടു മാത്രം)

    ബൈദിവേ ഊബുണ്ടൂ ഏതാ ഇറക്കുന്നതു്? ഡ്രാപ്പറോ ബ്രീസിയോ, നാലഞ്ചു ദിവസം കൂടെ വെയിറ്റ് ചെയ്തിരുന്നാല്‍ പുത്തന്‍ ഡ്രാപ്പറെ പൊക്കാമായിരുന്നല്ലോ (ആ ഇനിയെന്തായാലും apt-get dist-upgrade അടിച്ചു ഡ്രാപ്പറാക്കിയാല്‍ മതി)

    ReplyDelete
  24. ചുറ്റി. എന്തുട്ടാ ഈ ഡ്രാപ്പറും ബ്രീസിയും? ഞാന്‍ മുകളില്‍ കണ്ട, എന്റെ കമ്പ്യൂട്ടറിന്റെ സമൂലം നശിപ്പിച്ചു് ഉബുണ്ടുവാക്കുന്ന സാധനമാണു് ഇറക്കിക്കൊണ്ടിരിക്കുന്നതു്... പോരേ...

    അതോ രണ്ടു ദിവസം കൂടി കഴിഞ്ഞിട്ടു മതിയോ (ഏവൂരാനേ, പെരിയവര്‍ പറഞ്ഞതു കേട്ടല്ലോ, ഇനി എന്നെ മടിയനെന്നു വിളിക്കല്ലേ...)

    ഡാ വക്കാരീ, നില്ലെടാ അവിടെ. ചുടാന്‍ ഞാനാരാ ഗുരുവായൂര്‍ പപ്പടമോ? കാച്ചിക്കളയും ഞാന്‍...

    ദേവോ, അങ്ങനെയൊക്കെയാണു വിസര്‍ഗ്ഗം ഉച്ചരിക്കേണ്ടതെന്നാണു വലിയ ഗീര്‍വ്വാണക്കാര്‍ പറയുന്നതു്. കവിഹി, ഗുരുഹു...

    (അന്തസ്സാരവും അന്തഃസാരവും ശരി, രണ്ടും കൂടി വേണ്ടാ കേട്ടോ...)

    ReplyDelete
  25. തലക്കെട്ടില്‍ ‌ഹഃ മാറ്റിയിട്ടുണ്ട്.

    പെരിങ്ങോടരെ, ഇനിയത് പറഞ്ഞ് കൊടുക്ക്, കക്ഷിയെന്തെങ്കിലും കാരണം നോക്കിയിങ്ങനെ... :)

    നഷ്ടപരിഹാരമായിട്ട് peringodan.no-ip.info എന്ന ലിനക്സ് ഹോസ്റ്റിനെ സ്വീകരിക്കുന്നതായിരിക്കും. :)

    ഉമേഷേ, ഉള്ളത് കൊണ്ടോണം പോലെങ്ങ് പോവ്വാം. അനിലും ബ്രീസിയാണ്, ഞാനുമതേ.
    അട്ടിമറി തുടരട്ടേ..


    പെരിങ്ങോടരു പറഞ്ഞ സാധനം ഇപ്പോഴും ബീറ്റയാണ്, അല്പം കൂടി കഴിഞ്ഞ് നോക്കാം. റോളിംഗ് അപ്‌ഗ്രേഡും സാദ്ധ്യമാകും.

    സിബു ഉറക്കമായിരിക്കും, അല്ലെങ്കില്‍ പേള്‍ പേള്‍‌ എന്ന് പറഞ്ഞൊന്ന് ചാടി വിലങ്ങിയേനേ.. :)

    ഇനി ഞാനും പോയിക്കിടക്കട്ടെ, 3 മണിയാകാറാ‍യി... ജ്വാലിയ്ക്ക് പോവാനുള്ളതാ..

    ReplyDelete
  26. ഉമേഷ്ജി ഞാന്‍ ചുമ്മാ തൊഴുത്തില്‍ കുത്തിയെന്നു മാത്രം. ബ്രീസി മതി, ഡ്രാപ്പറാണെങ്കില്‍ അങ്കോം കാണാം താളീം ഒടിക്കാം എന്നു പറഞ്ഞപോലെ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പാട്ടുകേള്‍ക്കേ ബ്രൌസ് ചെയ്യേ ഒക്കെ ആവാര്‍ന്നു. ഡ്രാപ്പറിപ്പോഴും ബീറ്റയാണു്, ജൂണിലാണു റിലീസ് ഡേറ്റ്.

    ReplyDelete
  27. എവൂരാന്റെ വിശദീകരണങള്‍‌ക്ക്‌ നന്ദി..അതുകൊണ്ടുതന്നെ ഉമേഷേ ഒന്നു വേഗം..

    ReplyDelete
  28. എന്തോ കിട്ടണം കിട്ടണം ന്ന് ഏവൂ പറയുന്നു. അതിനിടയില്‍ എനിക്കും എന്തെങ്കിലും കിട്ടിയാല്‍ നന്നായി എന്നും വിചാരിച്ച് ക്ലബ്ബില്‍ വന്നതായിരുന്നു. എന്തെങ്കിലും കിട്ടിപ്പോകും എന്നുള്ളതുകൊണ്ട് സമാധാനപരമായി തിരിച്ചുപോയേക്കാം.

    ReplyDelete
  29. ഏവൂരാനെ, ആദ്യമെ പരിചയപ്പെടുത്തിയേക്കാം, ഈ ബൂലോകത്തിലെ കുറെ ബ്ലൊഗൊക്കെ വായിച്ചു കഴിയുന്ന ഒരു പാവം വായനക്കാരന് മാത്രമാണ് ഞാന് ഏവൂരാനെ ഒക്കെ അറിയും (മമ്മൂട്ടിനെ എല്ലാരും അറിയും മമ്മൂട്ടി ആരേം അറിയില്ല) കുറെനാളായിട്ട്.

    പിന്നെ ഉമേഷ് മാഷ്, ഈ കഠിന മലയാളവും സംസ്ക്രതവുമൊക്കെ കാച്ചുന്നതു കൊണ്ട് മുട്ടാന് നിന്നിട്ടില്ല.

    സമരം എന്നു കേട്ടാല് നമ്മളു റെഡി(ആരേലും പോയി മണിയടി, പിള്ളാരെറങ്ങട്ടെ)

    അല്ല ഈ ഉമേഷ് മാഷെന്തു തോന്ന്യാസാ ഈ ചെയ്യുന്നത്? വാഗ്ദാന്ങ്ങള് വാരിക്കോരി നല്‍കി മുങ്ങുക? ഇതു കരുണാനിധി കളര് റ്റീവി കൊടുക്കാമെന്നു പറഞ്ഞ് എലക്ഷന് ജയിച്ച പോലാണല്ലോ. തയ്യല് മെഷീന് വാഗ്ദാനം ചെയ്തിട്ട് ഒരു സൂചി പോലും കൊടുക്കാതിരിക്കുക!!!

    ഇബടുണ്ടു അബടുണ്ടു എന്നൊക്കെ പറഞ്ഞിട്ടിപ്പൊള് എബിടുണ്ട്?

    ആഹാ കളറു മാറിക്കളിക്കാ ഈ കളി തീക്കളി സൂക്ഷിച്ചൊ.. ഇരുനൂറ്റമ്പത്താറല്ല, അഞ്ഞൂറ്റമ്പത്താറു
    മില്യന്കളറു മാറിയാലും നിങ്ങള്‍ക്ക് രക്ഷപെടാനാവില്ല മാഷെ ആവില്ല.

    ഏവൂരാന് വിളിച്ചപ്പോ നിങ്ങള് മനപ്പൂര്‍വ്വം ഫോണെടുത്തില്ല. നിങ്ങള്‍ക്ക് ഒരു തവണ എടുത്തേച്ചു താഴെ വക്കാമായിരുന്നൂ…

    ഫാള്‍ബാക്ക് സിസ്റ്റത്തിന്‍റെ പ്രാധാന്യം നിങ്ങള് മനസ്സിലാക്കിയിട്ടുണ്ടൊ നിങ്ങള്‍ക്കതിനെന്നെങ്കിലും കഴിയുമൊ?

    നിങ്ങള്‍ക്ക് ചാറ്റാന് ഓപ്റ്റിക്കല് ഫൈബറ്, കൂളിക്കാന് സ്വിമ്മിങ്ങ് പൂള് ഈ സ്കൂളീലെ പിള്ളാര്‍ക്ക് മുള്ളാനൊരു മൂത്രപ്പുര;യുണ്ടൊ? ഉച്ചക്കഞ്ഞിയുണ്ടൊ, ഗോതമ്പുണ്ടയുണ്ടൊ? ഹെഡ്മാസ്റ്ററിതൊക്കെ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടൊ? അല്ല ഉണ്ടൊ?

    സമരം ഞങ്ങള് വിജയിപ്പിക്കും, അഥവാ ഞങ്ങളോടൊടക്കാന് നിന്നാല്…………… ക്ലാസ്സീക്കേറിരിക്കും

    പ്ലീ. നോ. ഉമെഷ്ജി മറുപടി എഴുതുമ്പൊ സംസ്ക്രുതം, സരസ്വതി എന്നിവ കഴിവതും ഒഴിവാക്കുക

    ReplyDelete
  30. രാവിലെ ഉണരാന്‍ വൈകി. അട്ടിമറി കഴിഞ്ഞു. സിഡി എഴുതിക്കൊണ്ടിരിക്കുന്നു.

    ഓഫീസില്‍ പോകണം. വൈകിട്ടു വന്നിട്ടു ബാക്കി. ഗരാജിലിരിക്കുന്ന പഴയ 166 MHz കുന്തത്തിനു പറ്റിയ കീബോര്‍ഡ്, മൂഷികന്‍, മോണിട്ടന്‍ തുടങ്ങിയ സാധനങ്ങള്‍ കൈയിലുണ്ടോ എന്നൂ പരിശോധിക്കണം. ഓഫീസില്‍ നിന്നു മടങ്ങി വരുമ്പോളൊരു ചെറിയ ഹബ് വാങ്ങണം....

    വെമ്പള്ളിയേ, ഇവിടെ രാഷ്ട്രീയവും കൊണ്ടിറങ്ങിയാല്‍, മുട്ടു തല്ലിയൊടിക്കും ഞാന്‍. മൊട്ടേന്നു വിരിയുന്നതിനു മുമ്പു് കൊടിയും കുത്തി ഇറങ്ങിയിരിക്കുന്നു... :-)

    ReplyDelete
  31. മാഷെ,
    രാഷ്ട്രീയം ഞങ്ങളുടെ സിരകളില് ജനിച്ചപ്പോഴെ കയറിയതാ.
    വിദ്യാര്‍ത്ഥി സമരം സിന്ദാബാദ്.
    ഇപ്പൊ മൊത്തം ഇംഗ്ലീഷ് മീഡിയമായതുകൊണ്ട് സ്കോപ്പില്ല

    ReplyDelete
  32. അയ്യൊ ഒരു കാര്യം വിട്ടു മുട്ടു തല്ലിയൊടിക്കും എന്നു പറഞ്ഞപ്പൊ മാന്നാര്‍മത്തായി സ്പീക്കിങ്ങിലെ ഗര്‍വ്വാസീസാശാനെയാ ഓര്‍ത്തത്… നിങ്ങളുതമ്മില്…..?:-)

    ReplyDelete
  33. ബിന്ദൂ,

    ആശാനേ വേണ്ട.

    പക്ഷെ ആ‍ശാന്റെ ഒരു മെഷീന്‍ കിട്ടിയിരുന്നെങ്കില്‍...

    അല്ല, ഒരു കനേഡിയന്‍ മിറര്‍ കൂടിയാകുമ്പോള്‍...

    ഒന്ന് ചോദിച്ച് നോക്കൂ.. കിട്ടിയാലൂട്ടി, അല്ലെങ്കില്‍...

    വെമ്പള്ളീ, വന്ദനം..!!

    ReplyDelete
  34. ആശാനെ കൂടി കിട്ടിയിട്ടല്ലേ കാര്യമുള്ളു എവൂരാന്‍, എനിക്കിതൊന്നും അറിയില്ല, വെറുതെ അതിലെ ചുവന്ന തൊപ്പിയും നീല കളറും ഒക്കെ നോക്കിയിരിക്കാം എന്നല്ലാതെ

    ReplyDelete
  35. അപ്‌ഡേറ്റ്:

    ഉബുണ്ടു സീഡി ഉണ്ടാക്കി വീട്ടില്‍ വെച്ചിട്ടുണ്ടു്. വൈകിട്ടു ചെന്നിട്ടു് മറ്റവനെ എടുത്തു പൊടിതട്ടി അതിലോടിയിരുന്ന Windows NT ഇപ്പോഴും ഓടുന്നുണ്ടോ എന്നു നോക്കി, ബൂട്ട് ഓര്‍ഡര്‍ മാറ്റി, ഈ സീഡി ഇട്ടു ബൂട്ടു ചെയ്തു് ഉബുണ്ടുവാക്കി അതില്‍ ഇന്റര്‍നെറ്റു കിട്ടുന്ന പരുവമാക്കുന്നതു് വൈകിട്ടത്തെ പണി. പിന്നെ ഏവൂരാനു വേണ്ട പോര്‍ട്ടൊക്കെ തുറന്നു കൊടുത്തു് സാധനം ഏവൂരാനു വിട്ടുകൊടുക്കുന്നതാകുന്നു...

    ഈ വെള്ളിയാഴ്ച കുറേ അതിഥികള്‍ വരുന്നു - മെമ്മോറിയല്‍ ഡേ പ്രമാണിച്ചു്. അതിന്റെ വകയായി കുറേ എക്സ്ട്രാ ക്ലീനിംഗും മറ്റുമുണ്ടു്. എങ്കിലും അവറ്റ വരുന്നതിനു മുമ്പു് ഇതെല്ലാം ചെയ്യാന്‍ നോക്കാം.

    ReplyDelete
  36. എനിക്കി ചോദിക്കാണ്ടിരിക്കാന്‍ പറ്റണില്ല്യ!
    ഞാന്‍ കുറേ പ്രാവശ്യം മാറി മാറി വായിച്ചു നോക്കി,പല പല ട്ടയ്പ്പില്‍....പക്ഷെ എന്നിട്ടും മന‍സ്സിലായില്ല. എന്താണു ഈ ‘ഉബുണ്ടു’ ?വാട്ട് കുന്തം ഈസ് ഇറ്റ്?

    ഇതിപ്പൊ ഇംഗ്ലീഷില്‍ ആയിരുന്നെങ്കില്‍ ഗൂഗില്‍ തപ്പി ഞാന്‍ പണ്ടേ ഇതൊക്കെ എനിക്കു അറിയാമായിരുന്നു എന്ന മട്ടില്‍ രണ്ടു കാച്ചും കാച്ചിയേനെ.ഇതിപ്പൊ മലയാളത്തില്‍ ആയതുകൊണ്ടു ഞാന്‍ തള്ര്ന്നു പോവാണു....

    ReplyDelete
  37. http://www.ubuntu.com/ നോക്കൂ ബോണ്‍ജീ. സാധാരണക്കാരനു വേണ്ടിയുള്ള ഒരു ഫ്രീ ലിനക്സ് സിസ്റ്റമാണതു്.

    സാധാരണ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഏവൂരാനെയോ പെരിങ്ങോടനെയോ പോലുള്ള നെറ്റ്വര്‍ക്കിംഗ് എക്സ്പര്‍ട്ടുകള്‍ (ആംവേ പോലുള്ള നെറ്റ്വര്‍ക്കിംഗ് അല്ല) വേണം. ഇതില്‍ അതു വേണ്ടാത്രേ. സീഡി ഇട്ടാല്‍ അവന്‍ പുഷ്പം പോലെ എല്ലാം ചെയ്തുതരുമത്രേ. നേരാണോ എന്നു ഞാന്‍ നാളെപ്പറയാം.

    ReplyDelete
  38. താങ്ക്യൂ ഉമേഷ്ജീ,
    ഇപ്പൊ എല്ലാം എനിക്കു മനസ്സിലായി. വളരെ നന്ദീണ്ടു. എന്റെ ഒരു പഴയ മെഷിനില്‍ ലിനുക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇരിക്കുവായിരുന്നു ഞാന്‍.
    ഇനി ഇപ്പൊ ഞാനാ ലിങ്കു പോയി സേര്‍ച്ചു ചെയ്യട്ടെ.

    ReplyDelete
  39. ചീറ്റിപ്പോയി ഏവൂരാനേ.

    എന്റെ പഴയ 166MHz/56MB Compaq മെഷീനില്‍ ഉബുണ്ടുവിനെ കയറ്റാന്‍ നോക്കിയതു ചീറ്റിപ്പോയി.

    തുടക്കമൊക്കെ ഗംഭീരം. അവന്‍ CD ROM വായിച്ചു. ഹാര്‍‌ഡ്‌വെയറൊക്കെ കണ്ടുപിടിച്ചു. എന്നോടു് കലേഷ് റീമയെ ആദ്യം കണ്ടപ്പോള്‍ ചോദിച്ചതുപോലെ പേരെന്താണു്, ഭാഷയെന്താണു്, എന്നെത്തന്നെ മതിയോ, ഒന്നു കൂടി ആലോചിച്ചേ എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ ചോദിച്ചു. അവസാനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ frontend എന്ന പ്രോഗ്രാമില്‍ സെഗ്മന്റേഷന്‍ ഫോള്‍ട്ട്.

    Traceback-ല്‍ നിന്നു do_page_fault() ലാണു സംഗതി കുരുങ്ങിയതെന്നു മനസ്സിലായി. അതിങ്ങനെ സൂവിന്റെ ഉപമകള്‍ പോലെ അവിരാമമായി വന്നുകൊണ്ടിരിക്കുന്നു.

    ഞാന്‍ കുന്തം ഓഫ് ചെയ്തു. ഒന്നു കൂടി ശ്രമിച്ചു. ഇപ്പോള്‍ പെണ്ണുകാണല്‍ ചടങ്ങൊക്കെ കഴിഞ്ഞിട്ടു് Killed എന്നു് ഒരു മുപ്പത്തേഴു പ്രാവശ്യം എഴുതിക്കാണിച്ചു് എന്നെ പേടിപ്പിച്ചു. (Ghost എന്ന സിനിമയിലെ അവസാനത്തിനടുത്തുള്ള രംഗം ഓര്‍ത്തുപോയി.)

    എന്റെയീ പഴയ പാട്ടയില്‍ ഉബുണ്ടുവിനെ കയറ്റാന്‍ വേറേ വല്ല വഴിയുമുണ്ടോ എന്നു പറഞ്ഞുതരൂ.

    (മോണിട്ടര്‍ ഇല്ലായിരുന്നു. മോണിട്ടര്‍ പണ്ടേ കളഞ്ഞിരുന്നു. അതിന്റെ പെട്ടി കണ്ടു് മോണിട്ടറാണെന്നു വര്‍ണ്ണ്യത്തിലാശങ്കയായിരുന്നു. അതുകൊണ്ടു് ഈ കമ്പ്യൂട്ടറിന്റെ മോണിട്ടറാണു കുത്തിയതു്. അതാണു ലൈവ് അപ്‌ഡേറ്റ് തരാഞ്ഞതു്.)

    ReplyDelete
  40. ഞാനാകാശത്തേക്ക് കണ്ണുകളുയര്‍ത്തി, എന്നെ സഹായിക്കുന്നവന്‍ എവിടെ നിന്ന് വരും?

    അടുത്തെങ്ങുമില്ലാതെ എന്നാ പറയാനാ..?

    ഉമേഷേ, ഡെബിയനും കൂടി ഒന്ന് നോക്കൂ. എന്നിട്ട് പോരേ, മൂലക്കല്ലാവേണ്ടുന്നതിനെ തള്ളിക്കളയാന്‍?

    ReplyDelete
  41. ഈ ഏവൂരാനാളു കൊള്ളാമല്ലോ. ബൈബിളും അറിയാം. സങ്കീര്‍ത്തനത്തിലെ ഒരു വരി പറയാന്‍ എനിക്കറിയില്ലാ.

    ReplyDelete
  42. ഞാന്‍ അപ്പോഴും പറഞ്ഞതാ ഡ്രാപ്പര്‍ മതിയെന്നു്. ഹും (ഇതൊക്കെ ഒരു അടവല്ലേ, എങ്ങനേങ്കിലും ഉമേഷ്ജിയെക്കൊണ്ട് ആ സര്‍വര്‍ ഒന്നു ഓടിക്കണമല്ലോ, ആരും കൊളുത്തരുതേ)

    പ്രിയ ഉമേഷ്ജി,
    താങ്കള്‍ക്കു ലഭ്യമായിരിക്കുന്ന സാങ്കേതിക സേവനങ്ങളും ഉപകരണങ്ങളും മറ്റു അനുബന്ധ സൌകര്യങ്ങളും സമയവും കണക്കിലെടുത്തു ഞങ്ങള്‍ തയ്യാറാക്കിയ നിവേദനം..

    (വോ പോട്ട്)

    അണ്ണാ ആ ഡ്രാ‍പ്പറ് ബീറ്റയെങ്കില്‍ ബീറ്റെയെടുത്ത് ഒന്നു ലൈവ് സീഡിയായി റണ്‍ ചെയ്തു നോക്കൂ. ഹാര്‍ഡ്‌വെയര്‍ പ്രോബ്ലം ആണെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുമ്പേ നടത്തുന്ന ലൈവ് ഉപയോഗത്തില്‍ അറിയുവാന്‍ കഴിഞ്ഞേയ്ക്കും. വെറുതെ കുത്തിയിരുന്നു് ഇന്‍സ്റ്റാളേഷന്‍ എന്ന പേരില്‍ സമയം കളയേണ്ടല്ലോ. കൂട്ടത്തില്‍ ഏറ്റവും ചെറിയവനായ ക്സുബുണ്ടൂനെ (xubuntu, ubuntu with xfce desktop) താഴെയിറക്കിയാല്‍ മതിയാവും. ലിങ്കിതാ xubuntu

    ലൈവ് വേര്‍ഷന്‍ തന്നെ ഡൌണ്‍‌ലോഡ് ചെയ്യുക, എന്നിട്ട് ലൈവ് സീഡി നന്നായി ഉപയോഗിക്കുവാന്‍ കഴിയുന്നെങ്കില്‍ മാത്രം ഇന്‍സ്റ്റാളേഷനു ശ്രമിച്ചോള്ളൂ. ലൈവ് സീഡീന്നു ബൂട്ട് ചെയ്യുമ്പോള്‍ acpi=off എന്നു കൊടുക്കുവാന്‍ മറക്കേണ്ടാ.

    ReplyDelete
  43. :)

    എന്തായി ഉമേഷേ? മെമോറിയല്‍ ഡേ പ്രമാണിച്ച് തകര്‍ത്തു പണിയുകയാവും, അല്ലേ?

    ReplyDelete
  44. ഡ്രാപ്പര്‍ ഈ വ്യാഴാഴ്ച റിലീസ്‌ ചെയ്യും എന്നു വാര്‍ത്ത കാണുന്നു.

    ReplyDelete
  45. ഏവൂരാനേ, ഒരു ചോദ്യം.. ഈ 166/56 കാരനു ജീയൂഐ ഇല്ലാത്ത ലിനക്സ് സെറ്റപ്പല്ലേ നല്ലത്? ഉബൂണ്ടു അങ്ങനെ അടിച്ച് കേറ്റാന്‍ പറ്റില്ലേ? അല്ലെങ്കിലും നമുക്കു അതില്‍ ഗ്രാഫിക്സ് ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ?

    ഞാന്‍ ഒരു ഡെല്‍ ലാപ്‌ടോപ്പിന് ഓഡര്‍ ഇട്ടു.. ഡെല്‍ ഇഷ്ടമുണ്ടായിട്ടല്ല, പക്ഷേ ഒരു Inspiron 1300 ആ കോണ്‍ഫിഗറേഷന്‍ വെച്ച്(1.80GHz/2MB Cache/400MHz FSB/1GB RAM/60GB, 5400 rpm HDD/ 15" Display/DVD dual layer writer/wirelss b-g) 600നു തന്നപ്പൊ (1020-400 ഇന്‍സ്റ്റന്റ് ഓഫ്) വാങ്ങാതിരിക്കാന്‍ തോന്നിയില്ല..

    ഈ ഡെല്‍ 1300 എന്ന പുതിയ വീട്ടിലേക്കു കൂടുമാറിയാല്‍ നമുക്ക് ഇവനെ പൊളിച്ച് പണിയാം.. ഇവന്‍ (933MHz PIII/512 MB RAM/20 GB HDD)

    പ്രോക്സിയില്‍ തോണ്ടി അത് ഞാന്‍ കുളമാക്കി.. ഇനി വീണ്ടും എഴുതണം.

    നമ്മുടെ ബ്രോഡ്‌ബാന്‍ഡ് ഉള്ള മറ്റു ബ്ലോഗേര്‍സ് സഹകരിക്കുകയാണെങ്കില്‍ (മുന്നോട്ടു പോണമെങ്കില്‍ എന്തായാലും ഉടനേ വേണ്ടി വരും എന്ന് തോന്നുന്നു, ഇപ്പൊഴത്തെ പോക്കു കണ്ടിട്ട്) നന്നായിരുന്നു..

    ReplyDelete
  46. ശനിയ ഗുരോ,

    en_US.UTF-8 (അല്ലെങ്കില് UTF സപ്പോര്‍ട്ടുന്ന) LANG ഉള്ള ഒരെണ്ണം വേണമെന്നേയുള്ളൂ നമുക്ക്. ഗ്യുയി വേണമെന്ന് അശേഷം നിര്‍ബന്ധമില്ല.


    (ദാനം കിട്ടിയ പശുവിന്റെ വായിലെ...)

    ഈയാഴ്ച ഒടുക്കം ആ വഴിക്ക് വരുന്നുണ്ട്.

    അന്നേരത്തേക്ക് അതിനെയൊന്ന് (933MHz PIII/512 MB RAM/20 GB HDD) കുളിപ്പിച്ച് നിര്‍ത്താമായിരുന്നെങ്കില്‍, ഉബണ്ടു ദേവനൊരു ബലികൊടുക്കാമായിരുന്നു. ഞാന്‍ കത്തിവെച്ചോളാം, ഗുരു കാല് കെട്ടിപിടിച്ച് (ചവിട്ടാതെ) വെച്ചാല്‍ മതിയേ.

    ഇങ്ങനെ മടി പിടിച്ച് നടന്നാല്‍ പറ്റില്ല, ആ പ്രോക്സിയൊക്കെ എഴുതി തീര്‍ത്തേ പറ്റൂ. അതോ ഞാനിനി “ശനിയ നമഃ” എന്നൊരു പോസ്റ്റ് പോസ്റ്റണോ?

    കേട്ടില്ലേ? കുമാറൊരുക്കുന്നു തനിമലയാളത്തിനൊരു ലോഗോ...

    ബ്രോഡ്‌ബാന്ഡുള്ള മറ്റുള്ളവരേ, കനിയാന്‍ കനിവ്‌ കാട്ടേണം...

    ReplyDelete
  47. നിവൃത്തിയില്ലാഞ്ഞാണേ മാളോരേ...

    ഒരു കമ്പ്യൂട്ടര്‍ വാങ്ങാമെന്നു വെച്ചാല്‍ അതിനെക്കാള്‍ ചെലവു കുറവുള്ള ചില സാധനങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇതുവരെ വീട്ടിലെ ധനകാര്യമന്ത്രി(അയാള്‍ തന്നെയാണു് ആഭ്യന്തരം, ഭക്ഷ്യം, ശിശുപരിപാലനം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്യുന്നതു്)യുടെ അനുവാദം കിട്ടിയിട്ടില്ല, ബാക്കി വക്കാരി പറഞ്ഞുതരും: “അര്‍ത്ഥാപത്തി...”.

    “തനിമലയാളം..” എന്നൊക്കെ പറഞ്ഞു ചെന്നാല്‍ തനിമയുള്ള തല്ലു കിട്ടും.

    അപ്പോള്‍ എന്റെ 166MHz/56MB അത്യാധുനികയന്ത്രത്തിനെ മെരുക്കാന്‍ വഴി പറഞ്ഞുതരൂ. ഉബുണ്ടുവിനെ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ GUI വേണ്ടെന്നു വയ്ക്കാന്‍ വകുപ്പുണ്ടെങ്കില്‍ ഞാന്‍ ഇന്നു വൈകിട്ടു് അതു നോക്കാം.

    ട്രയല്‍/എറര്‍ പരിപാടിക്കു സമയമില്ലാഞ്ഞാണേ. എന്തു ചെയ്യണമെന്നു പറഞ്ഞാല്‍ ഞാന്‍ ഇനിയുമൊരങ്കത്തിനു ബാലനാവാന്‍ തയ്യാര്‍...

    മറ്റൊരു കാര്യവും നോക്കുന്നുണ്ടു്. എന്റെ ചില സുഹൃത്തുക്കളുടെ കയ്യില്‍ പഴയ ചില കമ്പ്യൂട്ടറുകളുണ്ടെന്നു കേള്‍ക്കുന്നു. ഡൊണേറ്റു ചെയ്താല്‍ കിട്ടുന്ന tax benefit കൊടുത്തു് അവറ്റയിലൊന്നിനെ വാങ്ങി ഉബൂണ്ടുവിനെ പിടിപ്പിക്കാമോ എന്നു നോക്കട്ടേ. ഇപ്പോള്‍ ഞാന്‍ ഒരു മെയില്‍ അയച്ചതേ ഉള്ളൂ. വേണമെങ്കില്‍ ഡൊണേറ്റു ചെയ്യാന്‍ എന്റെ അത്യാധുനികയന്ത്രം പകരം കൊടുക്കാം എന്നും പറഞ്ഞിട്ടുണ്ടു്.

    വാരാന്ത്യത്തില്‍ അതിഥികളുണ്ടായിര്രുന്നു. ഒന്നും നടന്നില്ല ഏവൂരാനേ...

    ReplyDelete
  48. ഏവൂരാനേ,

    ഉബൂണ്ടു (ശനി ;-) ) ദേവനെ പ്രാര്‍ഥിക്കുന്നത് നല്ലത് തന്നെ, പക്ഷേ, എന്റെ മടിയിലിരിക്കാ‍ന്‍ പുതിയ ആള്‍ അപ്പോഴേക്കും വന്നാലേ ബലി നടക്കൂ.. കാരണം, ഞാനിത്തിരി മിഷന്‍ ക്രിട്ടിക്കല്‍ ആണെന്നതു കൊണ്ട് ഓഫീസുകാര്‍ കെട്ടിച്ച് തന്നതാ ഇതിനെ. കോണ്ട്രാക്ടര്‍ക്ക് ലാപ്‌ടോപ്പ് കൊടുക്കാന്‍ നിവൃത്തി ഇല്ലാത്രേ.. അതു കൊണ്ട് ദാനം ചെയ്യാനിരുന്ന ഒന്നിനെ എടുത്തു തന്നതാ. തിരിച്ച് കൊണ്ടു വന്നാല്‍ മുട്ടുകാലു തല്ലി ഒടിക്കും എന്ന് വരെ പറഞ്ഞു കളഞ്ഞു, കൊണ്ടു പോരാന്‍ നേരത്ത് കൈ പിടിച്ച് തന്ന വല്യമ്മച്ചി. ‍പുതിയ ആള്‍ എത്തിയാല്‍ ഒരു ചെറിയ ട്രാന്‍‌സിഷന്‍ ടൈം കൂടെ തരണം.. ബാക് അപ്പ് ജോലികള്‍ ഞാന്‍ ഇന്നലെ തുടങ്ങി. വന്നാല്‍ ആളിയെ പ്രൊഫഷണല്‍ ആക്കുന്ന പണി ഉണ്ട് (ബാങ്കിലേക്ക് അത് വേണംന്നു പറയുന്നു). അതു കഴിഞ്ഞ് പ്രഥമ, ദ്വിതീയ, വീപ്പീയെന്‍ എന്ന് പഠിപ്പിച്ച് തുടങ്ങണം.

    ഇത്രയും ചെയ്താല്‍, ഈ ഗ്രാഫിക്സ് കാര്‍ഡിനേ വലിച്ച് പുറത്തിട്ട് തുടങ്ങാം, ബലി കുടീരങ്ങളേഏഏ...

    ഇന്ത ഗ്രാഫിക്സ് കാര്‍ഡ് ലിനക്സിലിട്ട്, കളരി പരമ്പര ദൈവങ്ങളേഏഏ എന്നു പറഞ്ഞ് ആദ്യത്തെ ചുവടു വെച്ചപ്പോ, “വിടമാട്ടേ?” എന്ന് പറഞ്ഞ് എണീറ്റ് നിന്നു, കക്ഷി... അതു കൊണ്ട്, “വിട, ഗ്രാഫിക്സ് കാഡിനോടും വിട“ എന്നു പാടിയേ പറ്റൂ..

    പ്രോക്സി ഞാന്‍ ഇന്നലെ തോണ്ടി കുളമാക്കിയതാ മാഷേ.. ഇനിമാറ്റി എഴുതണം.. ചെയ്യാം, ഉടനെ..

    ReplyDelete
  49. ബൂലോഗരെ,

    ഇതൊക്കെക്കണ്ട് മനംനൊന്ത ശനിയനിതാ തന്റെ മിററുമായ് തയാര്‍.

    മിറര്‍ ഇതാ ഇവിടെ:

    http://malayalam.hopto.org

    ReplyDelete
  50. ഈ അര്‍ദ്ധരാത്രിയില്‍ തന്നെ ബലി നടന്നു ഇല്ലേ ശനിയാ??? well done !!:)

    ReplyDelete
  51. ഉവ്വ്‌ ബിന്ദു. ശനിയന്‍ വലിയ വാളും എടുത്ത്‌ "ഇപ്പ വെട്ടും, ഇപ്പ വെട്ടും" എന്നു പറഞ്ഞു നില്‍ക്കുന്നത്‌ ഞാന്‍ മെസഞ്ചര്‍ വഴി തത്സമയം കണ്ടു (തമാശയല്ല, സത്യത്തില്‍ കണ്ടു!)

    ReplyDelete
  52. ഉമേഷെ GUI ഒന്നും ഇല്ലാതെയും ഉബൂണ്ടു വരുന്നുണ്ടല്ലോ, സെര്‍വര്‍ എഡിഷന്‍ i386 -നുള്ളത് ഇവിടെ നിന്നു ഡൌണ്‍ലോഡ് ചെയ്താലും. ലാമ്പെല്ലാം (LAMP) ഒറ്റക്ലിക്കില്‍ ഇന്‍സ്റ്റാളാം എന്നാ കേട്ടതു്.

    ശനിയന്റെ മിറര്‍ നല്ല റെസ്പോണ്‍സ്. ഏവൂര്‍ജി തനിമലയാളത്തിന്റെ ആര്‍.എസ്.എസ് ഫീഡിലെ ബേസ് യൂആറെല്‍ എന്തോ പിശകുണ്ടു്, ഗൂഗിള്‍ ഹോം‌പേജിലെല്ലാം ഉപയോഗിക്കുമ്പോള്‍ http://www.google.com/malayalam/******.html എന്നിങ്ങനെ വരുന്നു (ഐപീസീ 404 ആണു വകുപ്പ്)

    ReplyDelete
  53. ഇന്നലെ ഉമേഷ്(G)-ന്റെ മെയിലുണ്ടായിരുന്നു. ;)
    ഈ പോസ്റ്റിലെ എന്റെ അഭിപ്രായമനുസരിച്ചേ മിററല്ല എന്തായാലും ആശാന്‍ ചെയ്യുള്ളുവത്രേ.

    വിശ്വം ലിനക്സില്‍ തട്ടിമുട്ടാന്‍ പഠിക്കുന്നവരെ ഉദ്ദേശിച്ചിങ്ങനെ പറയുകയുണ്ടായിട്ടുണ്ട് “ഒരു കുഞ്ഞാടുകൂടി വെള്ളത്തില്‍ - അനദര്‍ മട്ടന്‍ ഇന്‍ ദ് വാട്ടര്‍”
    ഉമേഷ്ജീ പഴയ പിസികളൊന്നും അവിടെ കിട്ടാനില്ലേ? അടുത്തെങ്ങാനും നാട്ടില്‍ പോകുന്ന ആരോടെങ്കിലും ദുബായ് വഴി മടങ്ങാന്‍ പറഞ്ഞോളൂ. ഷാര്‍ജയിലെ സെ.ഹാ.മാര്‍ക്കെറ്റില്‍ പി3/4 ഒക്കെ ചീപ്പുവെലയ്ക്ക് കിട്ടും. കൊടുത്തുവിടാം.

    പ്ലീസ് ഇനി server എന്നടിച്ച് ഒന്നുകൂടി ഇന്‍സ്റ്റാള്‍ ചെയ്തേ, ജിയുഐ വരില്ല. (എനിക്കൊരുതവണ പറ്റിയതാ!)

    ReplyDelete
  54. ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നും ഒരു 300 MHz പീസി പൊക്കി. മെമ്മറി 128-ഓ 256-ഓ ഉണ്ടെന്നാണു് അവന്‍ പറഞ്ഞതു്. സംഭവമൊക്കെ ലോഡു ചെയ്തു എന്നോടു രണ്ടു ചോദ്യവും ചോദിച്ചിട്ടു സീഡിയില്‍ നിന്നു എന്തൊക്കെയോ കോപ്പി ചെയ്യുന്ന സമയത്തു് അതു പറ്റുന്നില്ല എന്നൊരു പ്രശ്നം. സീഡീറോം ചെക്കു ചെയ്യടേ, കാശു കൊടുത്തു വെച്ചുകൂടെഡേ എന്ന മട്ടിലൊരു ചോദ്യവും. ഇനി എന്റെ ഡൌണ്‍‌ലോഡില്‍ എല്ലാ ഫയലുകളും ഡൌണ്‍‌ലോഡായില്ലേ എന്നൊരു സം‌ശയം.

    എന്റെ പാട്ട യന്ത്രം ഇതിലും മുന്നോട്ടു പോയിരുന്നു എന്നു തോന്നുന്നു. പുതിയ ജീവിയ്ക്കിടാനുദ്ദേശിക്കുന്ന പേരു് തുടങ്ങി കുറേ ചോദ്യങ്ങള്‍ കൂടി അവന്‍ ചോദിച്ചിരുന്നു. ഡീഫാള്‍ട്ടിലും സേര്‍വറിലും ഒരേ ഗതി.

    പിന്നേം വടിയായി.

    അനിലേ, പഴയ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ദുബായി വഴി വരാനോ? ഇതു് അയ്യേയെസ്സു കിട്ടിയിരുന്നെങ്കില്‍ കുതിരപ്പുറത്തു കേറാമായിരുന്നൂ എന്നു് എന്റെയൊരു സുഹൃത്തു പറഞ്ഞതുപോലെയുണ്ടല്ലോ :-)

    ReplyDelete
  55. പെരിങ്ങോടരെ,

    റിലേറ്റീവ് യൂ.ആര്‍.എല്ലുകള്‍ ഫീഡിനൊരു വല്ല്യ പ്രശ്നമാണെന്ന് ഇപ്പോഴാ‍ണ് മനസ്സിലായത്. (ഫീഡിന്റെ കുഴപ്പമാണോ, റീഡറിന്റെ കുഴപ്പമാണോ എന്ന് ഒരു തര്‍ക്കം നടക്കുന്നുണ്ട്- ഉദാഹരണത്തിന് സേജ് റിലേറ്റീവ് യു.ആര്‍.എല്ലുകളെ വേണ്ട രീതിയില്‍ പാര്‍സ് ചെയ്യുന്നു. ഗൂഗിള്‍ റീഡര്‍, rss reader തുടങ്ങിയ തഥൈവ.)

    ഇനി ചെയ്യാവുന്നത്, ഒന്നുകില്‍ സേജ് ഉപയോഗിക്കണം, അല്ലെങ്കില്‍, ഞാന്‍ ഫീഡ് തിരുത്തി ആബ്സല്യൂട്ട് ആക്കണം.

    I switched to relative urls in hopes that mirrors site's feeds can also be used -- yeah, they can be used, from Sage reader, not from many other places like google reader and the like.

    Might as well change the feeds to be absolute, will make the mirror-ers run a sed string to replace relative urls with absolute ones.

    In a day or two, this should fall in its place.

    Thx.

    ReplyDelete
  56. ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു എന്ന മാതിരി ഉമേഷിനിട്ട് വിരിച്ച വലയില്‍ ശനിയന്‍ കുടുങ്ങി...

    നല്ല കാര്യം...

    ന്നാലും ഉമേഷേ, ഒന്ന് വലയില്‍ കൂടണമെന്നൊരു അദ‌മ്യമായ ആഗ്രഹം തോന്നുന്നില്ലേ?

    ReplyDelete