സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Tuesday, June 20, 2006
അയണിച്ചക്ക
അയണിച്ചക്ക ആഞ്ഞിലി എന്ന മരത്തിൽ കായ്ക്കുന്നതും ഭക്ഷ്യ യോഗ്യവുമാണ്. ഇതിന്റെ വേരുപടലം വളരെ വ്യാപിച്ചു കിടക്കുന്നതിനാൽ മണ്ണിൽ നിന്ന് വളരെയധികം മൂലകങ്ങൾ വലിച്ചെടുക്കുകയും കടുപ്പമുള്ള തടിയിലെ സൈലം എന്ന ഭാഗത്തുകൂടെ ഇലയിലെത്തുകയും അവിടെവെച്ച് പാചകം ചെയ്യപ്പെടുന്ന ആഹാരത്തിന്റെ ഒരംശം പൂവും കായുമായി മാറുകയും ചെയ്യുന്നു. ക്യാമറ ഇല്ലാത്തതിനാൽ സ്കാനറിൽ സ്കാൻ ചെയ്തതു കാരണം പടം വ്യക്തമല്ല. എങ്കിലും കണ്ടിട്ടില്ലാത്തവരും കണ്ടിട്ടുള്ളവരും ഇത് കാണട്ടെ അത്രയേ ഈ ബ്ലോഗുകൊണ്ട് ഉദ്ദേശിച്ചുള്ളു. ഇതിന്റെ കുരുവിനെ അല്ലക്കുരു എന്നു പറയും. വരത്തു തിന്നാൻ കള്ളാം. കശുവണ്ടിപരിപ്പിൽ എൻഡോസൾഫാൻ ഉണ്ടാകാം ഇതിൽ അത് ലവലേശമില്ല.
This comment has been removed by a blog administrator.
ReplyDeleteഇതിന്‍ ആഞ്ഞിലിച്ചക്ക എന്ന് മദ്ധ്യതിരുവിതാംകൂറില്‍ പേര്‍.
ReplyDeleteഒരു തരത്തില്‍ വമ്പന്‍ ആഞ്ഞിലിയിന്മേല്‍ കയറിപ്പറ്റിയവര്‍ താഴേക്ക് പറിച്ചെറിയുന്നവ വീണ് ചളുങ്ങാതിരിക്കാന്‍, തോര്‍ത്തു നിവര്‍ത്തി ക്യാച്ച് എത്ര തവണ എടുത്തിരിക്കുന്നു.
ഇതിന്റെ ആംഗ്രേസി പേരെന്താണോ, ആവോ?
:)
ReplyDeleteഅയണിച്ചക്ക. സ്കാനറില്‍ ഇങ്ങനെ കിട്ടിയെങ്കില്‍ ഫോട്ടത്തിലെങ്ങനെ വന്നേനെ. കൊതിയാവുന്നു.
തിന്നകാലം മറന്നു.
അയണിക്കുരു വറുത്തിട്ട് മുറത്തിലിടും.
മുളനാഴികൊണ്ടതിനു മുകളില്‍ ഉരുട്ടിയാല്‍ മിക്കവാറുമുള്ള തൊലിയും പൂപ്പലും പോയിട്ട് സുന്ദരന്‍ പുറത്തുവരും. പിന്നെ അതെപ്പോ തീര്‍ന്നൂന്ന് ചോദിച്ചാല്‍ മതി.
ഇതാണെന്നു തോന്നുന്നു അയണി (Artocarpus hirsutus Lamk)
അയിനിചക്ക (തൃശൂരില്‍ അറിയപെടുന്നത്)അതിന്റെ സ്വാദിപ്പോളും നാവില്‍ ഊറുന്നു. അയനിക്കുരു വറത്താത് അതിലേറെ ഗംഭീരം.
ReplyDeleteഇതെല്ലാം കൂടാതെ,അയിനി തിരി (ചക്കയാവും മുന്‍പെ കൊഴിയുന്ന പൂവുമല്ല, കായുമല്ലാത്ത അവസ്ഥ) പറുക്കിയെടുത്തുണക്കിയിട്ടാണ്‍് ഞങ്ങള്‍ വിഷുവ്വിന്ന് ഓലപടക്കം പൊട്ടിക്കാറ്
കുറുമാന്‍: ഈ ഓലപ്പടക്കം ഞാൻ കേട്ടിട്ടുപോലുമില്ലാത്ത പുതിയൊരറിവാണ്. ഒന്ന് വിശദീകരിക്കാമോ. അനിൽ പറഞ്ഞതും ഏവുരാൻ പറഞ്ഞതും മനസിലാവും.
ReplyDeleteചന്രേട്ടാ, കൊഴിഞ്ഞു വീണുകിടക്കുന്ന അയിനി തിരി വിഷുവിന്നു രണ്ടു ദിവസം മുന്‍പു തന്നെ ഞങ്ങള്‍ പെറുക്കീ എടുത്ത് വെയിലത്തുണക്കി തയ്യാറാക്കി വെക്കും.
ReplyDeleteഅക്കാലത്തതികവും, ഒറ്റ ഓലപ്പടക്കങ്ങളും, കളറുകടലാസ്സൊട്ടിച്ച ഒറ്റ പടക്കങ്ങളുമാണ് കൂടുതലും വാങ്ങുക (മേശപ്പൂ, മത്താപ്പ്, ലാത്തിരി, കമ്പി തിരി, മാല പടക്കം ഇവ വേറെ)
പിന്നെ വിഷുവിന്റെ തലേന്നും, പുലര്‍ച്ചയ്ക്കും, ഒറ്റ പടക്കം പൊട്ടിക്കുവാനായി, ആദ്യം തന്നെ ഒരു ഐനിതിരി എടുത്ത് കത്തിക്കും, ഒരൊന്നരമണിക്കൂറ് അണയാതെ തന്നെ ഐനി തിരി എരിഞ്ഞെരിഞ്ഞിരിക്കും, ഇടം കയ്യില്‍ കത്തിച്ച ഐനിതിരി പിടിക്കും, വലം കയ്യില്‍ പൊട്ടിക്കാനുള്ള ഒറ്റ പടക്കം എടുക്കും, പിന്നെ പടക്കം എരിയുന്ന ഐനിതിരിയില്‍ കാണിക്കും, കത്തും, എറിയും, ട്ടോ പൊട്ടും.
ഈ അയിനി ചക്ക കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി. എന്റെ അമ്മ എന്നെ കൊതിപ്പിക്കാന്‍ പറയുന്ന ഒരു പേരാണ് ഇത്. ഞാന്‍ ഇതേവരെ ഇതു കണ്ടീട്ടില്ല. ഞാന്‍ കണ്ടീട്ടുകൂടിയില്ലാത്ത അയിനി ചക്ക അമ്മ എത്രയോ തിന്നീട്ടുണ്ടത്രേ. അയിനികുരുവിനു അണ്ടിപരിപ്പിനേക്കാളും രുചിയാണ് എന്നുപറയുമ്പോള്‍ അമ്മയുടെ മുഖം ഒന്നു കാണണം! നഗരങ്ങള്‍ക്കു നഷ്ടപെടുന്നതു ഒരു അയിനി മാത്രമല്ലല്ലൊ.... ഞങ്ങള്‍ക്കന്യമയ നന്മകള്‍ ഇനിയും ഇനിയും ഈ ബ്ലോഗില്‍ കാണിക്കണേ ചന്ദ്രേട്ടാ
ReplyDeleteഞാന്‍ ഒരു പ്രാവശ്യം കഴിച്ചിട്ടുണ്ടു എന്നു തോന്നുന്നു.നല്ല ടേസ്റ്റാ.
ReplyDeleteഇതവന്‍ തന്നെ. ആഞ്ഞിലി അഥവാ അയിണി. കാട്ടുപ്ലാവിന്റെ കൂട്ടത്തില്‍ പെടും എന്നു തോന്നുന്നു. Moraceae കുടുംബം. Artoearpus hirsutus സ്പീഷീസ്. ഗൂഗിളില്‍ തപ്പിയിട്ട് ഒരൊറ്റ picture പോലുമില്ല. ഗൂഗിള്‍ ഇഴഞ്ഞിഴഞ്ഞ് ചന്ദ്രേട്ടന്റെ പോസ്റ്റ് index ചെയ്യട്ടെ. ഇങ്ങനെ നമ്മുടെ നാടിന്റെ മാത്രമായ വൃക്ഷങ്ങളും ചെടികളും ഈ ബ്ലൊഗില്‍ പൂത്തുലഞ്ഞ് നില്‍ക്കട്ടെ. വളരെ നല്ല പോസ്റ്റ്.
ReplyDelete- സുധീര്‍
രാവിലെ തപ്പീട്ടു കിട്ടാത്ത പടം ഇപ്പോള്‍ കിട്ടി. അത്ര പോര, എങ്കിലും ദാ ഒരു ആഞ്ഞിലി & ചക്ക
ReplyDeleteഇതിനു ആഞ്ഞിലിക്കായ് എന്നു ഞങ്ങളുടെ നാട്ടില്‍ പറയും. കുറുമാന്‍ പറഞ്ഞതുപോലെ അയിനിത്തിരി കത്തിച്ചു വച്ചാല്‍ കൊതുകു വരില്ല എന്നു കേട്ടിട്ടുണ്ട്.
ReplyDeleteപടം കണ്ട് വായില്‍ വെള്ളം ഊറുന്നു.. ഇതു കിട്ടാനാണ് വിഷമം. വലിയ മരത്തില്‍ കയറി പറിച്ചു തരാന്‍ ആരുമില്ലാതിരുന്നതുകൊണ്ട് എത്രയെണ്ണം താഴെ വീണു ചിതറി..
ഇതല്ലേ സ്വര്‍ണ്ണം വായിലിട്ടു വെള്ളി തുപ്പുന്ന പഴം? ചെറുപ്പത്തില്‍ ഒരുപാടു തിന്നിട്ടുണ്ടു്...
ReplyDeleteആഞ്ഞിലിപ്പഴം! നന്ദി ചന്ദ്രേട്ടാ.
ReplyDelete(ഇതില്‍ വിഷം കലരില്ല എന്നു പറഞ്ഞു തന്നതിനു പ്രത്യേകം നന്ദി വേറേയും)
അസ്സല്‍ രുചി ആണിവന് ഡാലി. കുരുവിനു ചക്കക്കുരുവിന്റെ അതേ രുചി തന്നെ, വലിപ്പം ചെറുതായതുകൊണ്ട് വറുത്തു കൊറിക്കാന്‍ എളുപ്പമാണ് (വായുകോപിക്കുമേ ജാഗ്രതൈ)
കൂമാ, മള്‍ബറി ജാതിയില്‍ പെടുന്ന പ്ലാവ് വംശജന്‍ തന്നെ ഇത്. സാദാ പ്ലാവ്, ബ്രെഡ് ഫ്രൂട്ട്, ശീമപ്ലാവ് ഇവയെല്ലാം ആഞ്ഞിലിടെ ചേട്ടന്മാരും അനിയന്മാരുമാണ്.
ആഞ്ഞിലിത്തടി പ്ലാന്തടിയെക്കാള്‍ ഉടച്ചതും വളരെ നീളത്തില്‍ വളവില്ലാതെ വളരുന്നതുമാകയാല്‍ വള്‍ലം പണിക്ക് അത്യുത്തമമാണ്. ചുണ്ടന്‍ വള്ളം കൊത്താനും ആഞ്ഞിലിമരം മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ബ്ബന്ധമുണ്ട്.
ഞങ്ങള്‍ താന്തോന്നിപ്പിള്ളേര്‍ ആഞ്ഞിലിത്തിരി കത്തിച്ച് ബീഡിവലിച്ച് കളിക്കുമായിരുന്നു.
അല്ലാ ഈ മരം അറുത്തുകൊണ്ടിരുന്നപ്പോളല്ലേ നമ്മുടെ കുരങ്ങന്‍ വന്ന് ആപ്പ് വലിച്ചൂരിയത്?
ദേവന്‍ ചോദിച്ചു:
ReplyDeleteഅല്ലാ ഈ മരം അറുത്തുകൊണ്ടിരുന്നപ്പോളല്ലേ
നമ്മുടെ കുരങ്ങന്‍ വന്ന് ആപ്പ് വലിച്ചൂരിയത്?
അവ്യാപരേഷു വ്യാപാരം
യോ ന്നരഃ കര്‍ത്തുമിച്ഛതി
സ ഏവ നിധനം യാതി
കീലോത്പാടീവ വാനരഃ
എന്നാണു പഞ്ചതന്ത്രത്തിലെ ശ്ലോകം. ഇതില്‍ ആപ്പെന്നേ പറയുന്നുള്ളൂ. ആഞ്ഞിലിയാണോ എന്നറിയണമെങ്കില്‍ പഞ്ചതന്ത്രം നോക്കണം. ആരുടെയെങ്കിലും കയ്യിലുണ്ടോ?
വീട്ടില്‍ സുമംഗലയുടെ ഒരു പുനരാഖ്യാനമുണ്ടു്. വൈകിട്ടു നോക്കിയിട്ടു പറയാം.
യോ നരഃ
ReplyDeleteയോ ന്നരഃ അല്ല.
ഹേയ്, കുരങ്ങന്റെ വാല്‍ പോയത് ആഞ്ഞിലിത്തടിയേലാവില്ല, അത് പ്രാദേശിക ഭാവമാറ്റത്തിനിടയില്‍ വന്നെത്തിയതാവും...
ReplyDeleteആഞ്ഞിലിമരം കേരളം കഴിഞ്ഞാലെങ്ങും ഞാന്‍ കണ്ടിട്ടില്ലേ... :)
പഞ്ചതന്ത്രം ഉത്തരനല്ലേ?
വടക്കോട്ട് ആഞ്ഞിലിയില്ലെങ്കില്‍ ലോക്കല്‍ ടച്ച് കിട്ടാന്‍ വേണ്ടി ഇങ്ങനെ ആക്കിയതാവും.
ReplyDelete(പുസ്തകരൂപത്തില്‍ പഞ്ചതന്ത്രം ഞാന്‍ വായിച്ചിട്ടില്ല ഗുരുക്കളേ. അമ്മൂമ്മയൊക്കെ പറഞ്ഞു തന്ന ചില കഥകളേ അറിയൂ.)
മൂപ്പത്തി ഇങ്ങനെ ഓരോ കൈക്കൂലി തന്ന് (കഥ, മധുരം, ചില്ലറ) കാലു തിരുമ്മിക്കലും മറ്റും ചെയ്യിക്കും നമ്മളെക്കൊണ്ട്. ബോര്‍ അടിച്ചാല്‍ സബ്ജക്റ്റ് മാറ്റുന്ന വിദ്യ ഓരോ കുഞ്ഞിപ്പാട്ട് ആയിരുന്നു.
"ഇതെന്താ മോനേ?
"ഇത് പാള വിശറി, അമ്മൂമ്മേ."
"വീശാം ഇരിക്കാം കുടയായി പിടിക്കാം
നായെത്തടുക്കാം അരി കൊണ്ടു പോകാം
മേശപ്പുറത്തങ്ങഴകോടെ വയ്ക്കാം
കാശിക്കു പോകാനൊരു കൂട്ടുമായി"
നമ്മള്‍ അതില്‍ ഇമ്പ്രസ്സ്‌ദ് ആയി കാലു തിരുമ്മല്‍ തുടരും..
ഞാനും കേട്ടിട്ടുണ്ടു് ആ ശ്ലോകം. “കാശിക്കു പോകാനൊരു പാത്രമാക്കാം” എന്നായിരുന്നു ഞാന്‍ കേട്ട വേര്‍ഷനില്‍.
ReplyDeleteഎനിക്കുമുണ്ടായിരുന്നു ഒരു അമ്മൂമ്മ. എന്നോടു വഴക്കുണ്ടാക്കലായിരുന്നു പ്രധാന വിനോദം. മൂന്നു വയസ്സായപ്പോഴേക്കു് അമ്മൂമ്മയെ മതിയായി ഞാന്‍ അദ്ധ്യാപികയായ അമ്മയോടൊപ്പം സ്കൂളില്‍ പോയി അവിടെ തോന്നിയ ക്ലാസ്സിലൊക്കെയിരുന്നു വേണ്ടതും വേണ്ടാത്തതുമൊക്കെ പഠിച്ചു. സാക്ഷിയുടെ അമ്മൂമ്മയേയുമൊക്കെ വായിക്കുമ്പോള്‍ പലപ്പോഴും നഷ്ടബോധം തോന്നും.
അമ്മൂമ്മയുടെ കുറവു് അമ്മയും ചേച്ചിയും വല്ലപ്പോഴും കാണുന്ന കസിന്‍ ചേച്ചിമാരും അടുത്ത വീട്ടിലുള്ളവരുമൊക്കെ കുറച്ചൊക്കെ നികത്തി എന്നതു കുറച്ചൊക്കെ ആശ്വാസം.
കേരളത്തിലെ റബ്ബർ മരങ്ങളോട് മത്സരിക്കുവാൻ കഴിവുള്ളവനാണ് ആഞ്ഞിൽ. റബ്ബറിന് വിലകൂടിനിൽക്കുന്നതിനാൽ പലരും റബ്ബർ കൃഷിചെയ്യും. അത് ചെയ്യാൻ കഴിവില്ലാത്തവർ തങ്ങളുടെ പുരയിടത്തിൽ ആഞ്ഞിൽ നട്ടാൽ മതി പിടിച്ചു നിൽക്കാം.
ReplyDeleteവഴിപോക്കൻ: കേരളം നാടൻ ബോമ്പുകളുടെ നാടാണ്. അറിയാൻ പാടില്ലാത്ത പിള്ളേർക്ക് അയനിത്തിരി റ്റൈം ബോംബ് പൊട്ടിക്കുവാനുള്ള വിദ്യയായി ഇതുമാറുമോ?
അപ്പോള്‍ ജീവിതത്തില്‍ ആഞ്ഞിലി ചക്കയെ പറ്റി ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇല്ലാത്തവര്‍ക്കുള്ള പാരിതോഷികമായ ഒരു ചാക്ക് കുരുവും ചുളയും ഞാന്‍ ഒറ്റക്ക് ഏറ്റുവാങ്ങേണ്ടി വരുമോ? ഇങ്ങനെ ഒരു സാധനം ഞാന്‍ കണ്ടിട്ടില്ല. എന്റെ നാട്ടില്‍ 'ബ്ലാത്തി ചക്ക' (ഏവൂരാന്റെ വിലായത്ത്) എന്ന് പറയുന്ന സാധനം പോലെയുണ്ട് അനിലേട്ടന്‍ തന്ന ഫോട്ടോയില്‍ കാണുമ്പോള്‍. അതിന്റെ ഇന്‍സൈഡ് സ്റ്റോറി ഇങ്ങനേയാന്ന് ഓര്‍ക്കുന്നില്ല.
ReplyDeleteഇതിനു ഞങ്ങളുടെ നാട്ടില്‍ ആനിക്കാവിള എന്നാണു പേര്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ആനിക്കാ കൊതിയനായ കണവന്‍ വീട്ടിലെ ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ നിന്ന് മുകളിലെ വിള കണ്ട് ആവോളം വെള്ളമിറക്കി. കക്ഷിയുടെ മനമറിഞ്ഞെട്ടെന്തോ ദാ കിടക്കുന്നു ഒരു ശിഖരം മുഴുവനോടെ താഴെ! അന്നെടുത്ത പടങ്ങള്‍ ദാ ഇവിടെ (1) & (2) കാണാം.
ReplyDeleteദേവേട്ടാ: കുരങ്ങന്‍ ആപ്പു വലിച്ചൂരിയതു വീട്ടി മരത്തില്‍ നിന്നാണ്.
ചന്ദ്രേട്ടാ നന്ദി. ആഞ്ഞിലി-ആഞ്ഞിലിയ്ക്കാ.. സ്വാദറിഞ്ഞ് തിന്നിരിക്കുന്നത് വല്ലപ്പോഴും. കാരണം ലെവന്‍ മിക്കവാറും താഴെവീണ് ചളുപുളാ ആയിപ്പോകും. നല്ല ടേസ്റ്റ് തന്നെ.
ReplyDeleteഇതുപോലൊരു ആഞ്ഞിലിയുടെ താഴെനിന്നിരുന്ന ആടിന്റെ പുറത്തുകയറിയാ, വീടിനടുത്തുള്ള അനി ആദ്യമായി ആടിന്റെ കുതിരപ്പുറത്തുകയറിയത്.
കല്ല്യാണീ, ഉഗ്രന്‍ ഫോട്ടം താന്‍. വായില്‍ വെള്ളമൂറാന്‍ ഇതില്‍പരമെന്തുവേണം.
ഗംഭീരമായി കല്യാണി പടം. മോണിറ്റരില്‍ നിന്നും ആ ആഞ്ഞിലിപ്പഴത്തിന്റെ (പ്രത്യേക) മണം വന്നു!!
ReplyDeleteഅയിനിചക്കയുടെ ചിത്രങ്ങള്‍ ഓര്‍മ്മകള്‍ തിരികെ തരുന്നു. പോസ്റ്റും കമന്റുകളും നന്നായിരിയ്ക്കുന്നു.
ReplyDeleteഎന്റെ സ്കൂളിനടുത്ത് ഒരു അയണിമരം ഉണ്ടായിരുന്നൂ. അണ്ണാനോ വവ്വാലോ കടിച്ചു താഴെ ഇട്ടിരിക്കുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ ഇതു വരെ ടേയ്സ്റ്റ് അറിഞ്ഞിട്ടില്ലാ...
ReplyDeleteസുമംഗലയുടെ പഞ്ചതന്ത്രം പുനരാഖ്യാനത്തില്‍ “ഒരു ആശാരി ഒരു വീട്ടിമരം പാതി പിളര്‍ന്നു വെച്ചു്, ഒരു കരിങ്ങാലിമരത്തുണ്ടു് പിളര്‍പ്പിനിടയില്‍ തിരുകി....” എന്നാണു്.
ReplyDeleteArthur W. Ryder-ന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ “There lay a treamendous anjana-log, which a mechanic had begun to split, a wedge of acacia-wood....” എന്നാണു്.
അഞ്ജനമരം വീട്ടിയാണോ? ശബ്ദതാരാവലി സഹായിച്ചില്ല.
അയിനിച്ചക്കയുടെ പടങ്ങള്‍ കണ്ട് കൊതി മൂത്തപ്പാ..
ReplyDelete(ഞാനിതുവരെ കഴിച്ചിട്ടില്ലെങ്കിലും പടം കണ്ടാല്‍ ഊഹിക്കാലോ ടേയ്സ്റ്റ്!)
‘അയിനിപ്ലാവ്‘ മരപ്പണിക്ക് ബെസ്റ്റാ..ണ് ന്ന് കേട്ടിട്ടുണ്ട്.
അഞ്ജന ശ്രീധരാ..
ReplyDeleteഎവൂരാന്‍ പറഞ്ഞതു തന്നെ കാര്യം ഗുരുക്കളേ, ആപ്പിരുന്ന തടി ഓരോരുത്തര്‍ അവര്‍ക്കിഷ്ടമുള്ള മരത്തിന്റേത് ആക്കിയതാ
സം^സ്ക്രിതത്തിലെ അഞ്ജനവൃക്ഷം മലയാളത്തില്‍ ആച്ച അല്ലെങ്കില്‍ സാമ്പ്രാണിമരം,
hardwickia binata
കരിവീട്ടി/ ഈട്ടി = ഇന്ത്യന്‍ റോസ്‌വൂഡ് dalbergia latifolia
ബൈനോമിയല്‍ പേര്‍ എടുത്തു ഗൂഗ്ലിയാല്‍ പടമടക്കം ഇന്‍ഫോ വരും.
ആയണിച്ചക്ക ഞാന്‍ കണ്ടിട്ടുമില്ല തിന്നിട്ടുമില്ല. കല്യാണിയിട്ടപടമെടുത്തു കാണിച്ചപ്പോള്‍ മലപ്പുറംകാരനായ സഹപ്രവര്‍ത്തകനിതിനെ ഉടുമ്പറിയും പോലെ അറിയും. അവന്റെ വായില്‍ വെള്ളം. ചക്കയേയും കുരുവിനേയും പറ്റി അവന്‍ വാചാലനായി. പിന്നെ നൊവാള്‍ജിയയില്‍ മുങ്ങിച്ചത്തു. ഇതിന്റെ ചള്ളു് (പിഞ്ചു്) ഉണങ്ങിവീഴുന്നതെടുത്തു് അതിനെ കത്തിച്ചു് പടക്കം കൊളുത്താനുമുപയോഗിക്കുമത്രേ അവന്റെ നാട്ടിലെ വാലന്മാര്‍.
ReplyDeleteഇന്‍ഫര്‍മേറ്റീവ് ഇന്‍ഫര്‍മേറ്റീവ്!
(ഇതിന്റെ മലയാളം? വിവരദായകം?)
നന്രിയേ കൂറുകിറേന്‍ ചന്ദ്രേട്ടാ, മറ്റു ബൂലോകരേ.
സിദ്ധാര്‍ത്ഥന്‍ കമന്റുകള്‍ മുഴുവനും വായിച്ചില്ലേ, ഇന്‍ഫര്‍മേഷന്‍ കൂടിപ്പോയി അയനിത്തിരി detonator ആയി ആളുകള്‍ ഉപയോഗിക്കുമോ എന്നാ ചന്ദ്രേട്ടന്റെ പേടി ;)
ReplyDeleteചന്ദ്രേട്ടാ, കല്യാണി പറഞ്ഞതുപോലെ ഇതു ഞങ്ങളുടെ ആനിക്കാവിള.ഞങ്ങളുടെ ചെറുപ്പത്തില്‍ വര്‍ഷത്തിന്‍റെ ഒരു സീസണ്‍ ഇതും കഴിച്ച് ആഞ്ഞിലി മരത്തിന്‍റെ മുകളിലായിരുന്നു ജീവിതം. വരിക്ക ആനിക്കാ വിളയായിരുന്നു കൂഴയെക്കാള്‍ നല്ലത്. ആഞ്ഞിലിമരത്തിന്‍റെ ഏതറ്റത്തും തൂങ്ങിയെത്തിയിരുന്ന. എത്ര വണ്ണമുണ്ടെങ്കിലും വലിഞ്ഞു കയറിയിരുന്ന കുഞ്ചു ഇന്ന് ദുബായ് മരുഭൂമിയില്‍ ഈന്തപ്പനേല്‍ കയറുന്നുണ്ടൊ ആവൊ?
ReplyDelete