"വെടി കഴിഞ്ഞു...ഉണ്ടേം തീര്‍ന്നു, ന്നാപ്പിന്നെ മടങ്ങിക്കളയാം" ന്നു നിരീച്ച് വെടി തീര്‍ന്ന തോക്കും തൂക്കി അധികാരി കുഞ്ഞുരാമമേനവര്‍, ചങ്ങായി കുഞ്ഞീഷ്ണന്‍ വൈദ്യര്‍ എന്നീ നാട്ടില്‍ പാട്ടായ നായാട്ടുകാര്‍ ആറാട്ട് കണ്ടത്തിന്റെ വീതി കൂടിയ വരമ്പിലൂടെ തിര്യെ വീട്ടിലേക്ക് വെച്ചു പിടിച്ചു. പിറകെ തിരി തീര്‍ന്ന പാനൂസും തൂക്കി കാര്യെസ്സന്‍ ചാത്തുമ്മാനും. സമയം, കാലംചെയ്ത വാള്‍വ് റേഡിയോനില്‍ വിവിധഭാരതിയെ ട്യൂണ്‍ ചെയ്തു തരാക്കും പോലെ ഫര ഫര ഫരാ....ന്ന് വെളുത്ത് വരുന്നേ ഉള്ളൂ. തെറ്റ്യേടത്ത് വിശാലത്തിന്റെ വീട്ടിനു മുന്‍പിലെ കുണ്ടനിടവഴി ഇറങ്ങുമ്പോള്‍ തന്നെ അധികാരിയുടെ തിരുവയറില്‍ ഒരു കൂച്ചിപ്പിടുത്തം തുടങ്ങീര്‍ന്നു. ധര്‍മ്മപുരിയില്‍ ശാന്തിഗ്രാമത്തില്‍ പ്രജാപതിക്കു തോന്നിയ അതേ മുട്ട്. അടീലുടുത്ത പട്ടുകോണൊന്‍ (ഭാഗ്യം കോണകവാലന്‍ യഥസ്ഥാനത്ത് തന്നെയുണ്ട്!) മുല്ലപ്പെരിയാര്‍ അണക്കെട്ടു പോലെ ഏതുനിമിഷവും ഒലിച്ചു പോകാം എന്ന (ദു)സ്ഥിതി ആയപ്പോള്‍ തന്റെ ഷള്‍ഗവ്യം നേര്‍ചങ്ങാതി കുഞ്ഞീഷ്ണന്‍ വൈദ്യരെ അധികാരി തെര്യപ്പെടുത്തി. ആകാശം ഇടിഞ്ഞു വീഴുന്നത് കണ്ടാലും ഒന്നു താങ്ങി നോക്കാം എന്നു കരുതി മുതുക് കാണിച്ചുകൊടുക്കുന്ന വൈദ്യര്‍ക്കുണ്ടോ ഈ വെറും മുട്ടൊക്കെ ഒരു ബുദ്ധിമുട്ട്..?പരിഹാരം ഉടന്‍ വന്നു.
"മേന്‍ന്നേ ആറാട്ടു കണ്ടല്ലേ മുന്നില്‍ പരന്നു കിടക്കുന്നത്? വരമ്പത്ത്ന്ന് ച്ചിരെ മാറിയിരുന്ന് തട്ടിക്കോളിന്‍..ഇനി വെള്ളം വേണൊന്ന് അത്ര നിര്‍ബന്ധാണെങ്കില്‍ പോന്ന വഴിക്ക് അമ്പലക്കുളമുണ്ടല്ലോ...?"
"അതല്ല വൈദ്യരേ, നേരം വെളുത്തില്ലേ, അമ്പലത്തില്‍ പോവുന്ന പെണ്ണുങ്ങളെങ്ങാനും ഇപ്പരുവത്തില്‍ ന്നെക്കണ്ടാല്‍ ചേപ്രയല്ലേ"?
അധികാരിയുടെ മുട്ടിനെക്കാള്‍ വലിയ ശങ്ക കണ്ട് വൈദ്യര്‍ക്ക് ദേഷ്യം വന്നു.
"ന്നാപ്പിന്നെ മേന്‍ന്നേ ങ്ങളോരു കാര്യം ചെയ്യ്, തലേംകുത്തി ശീര്‍ഷാസനത്തിലിരുന്ന് കൊടുത്തോ പണി. എന്നാപ്പിന്നെ തിരുമോന്ത ആരും കാണില്ലല്ലോ..ഹല്ലപിന്നെ"
അതിന് കാര്യെസ്സന്‍ ചന്തുമ്മാന്‍ അധികാരി കേള്‍ക്കാതെ പറഞ്ഞ മറുപടിയാണ് മറുപടി!
"വൈദ്യരേ അയ്ന്‍ അധികാരീന്റെ മൊഖത്തിനെക്കാള്‍ മൂട് കണ്ടാലല്ലേ ഇന്നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ആളെ വേഗം പിടികിട്ട്വാ..?"
ഇതെന്തിനാ ഇപ്പൊ ഈ വരമ്പത്ത് തട്ട്യേ എന്നൊരു മുട്ടല്‍ വന്നു അല്ലേ? ഓണം കഴിഞ്ഞന്തിക്ക് ബൂലോഗത്തറവാട്ടില്‍ ഒരു താവഴിത്തര്‍ക്കം തുടങ്ങിയോന്ന് ഒരു ശങ്ക. അതവിടെനില്‍ക്കട്ടെ, (ഇനി ഇരുന്നാലും മുഷിയില്ല്യ.)
തീര്‍ത്തും അസഹനീയം ആയിരിക്കുന്നത് ഇതിനിടയില്‍ എങ്ങനേലും നല്ലവഴിക്ക് നടന്ന് പോട്ടേ എന്നും കരുതി എന്തെങ്കിലും നല്ല കാര്യം ആരെങ്കിലും പോസ്റ്റായി ഇട്ടാല്‍ അതിനടിയയില്‍ കാണുന്ന ചില കമന്റുകളോട് "അച്ഛനാരാടോ?" എന്നു ചോദിച്ചാല്‍, "ഒരു ക്ലൂ തരാമോ" എന്നു തിരിച്ചു ചോദിക്കുന്നു എന്നതാകുന്നു. എല്ലാ അജ്ഞാത നാമരവര്‍കള്‍മാരെയും ചേര്‍ത്തല്ല ഇതു പറയുന്നത്. ചിലത് ഒന്നുകില്‍ കുരിക്കളെ നെഞ്ഞത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് മാത്രമെ പയറ്റ് പഠിക്കൂ എന്ന വാശിയിലാണെന്നു തോന്നുന്നു. ഇങ്ങനെ നല്ല പുത്തരി വിളയുന്ന കണ്ടത്തില്‍ തലയും കുത്തി നിന്ന് മൂട് മാത്രം മാനത്തേക്ക് കാട്ടി പണി പറ്റിക്കുന്നവരോട് നേരത്തെ ചന്തുമ്മാന്‍ പറഞ്ഞത് ഒന്നു തിരുത്തി പറയാം "നിങ്ങളുടെ മൂട് തന്നെ ഭേദം, മുഖം അതു കഴിഞ്ഞേ വരുന്നുള്ളു" എല്ലാ അണ്‍ഐഡന്റിഫൈഡ് കമാണ്ടര്‍മാരോടുമല്ല ഇതു പറഞ്ഞത്. ഈ പ്രസ്താവനയുടെ ബ്രാക്കറ്റിനുള്ളില്‍ വരുന്ന അഞ്ജാതന്മാര്‍ ആരൊക്കെ എന്ന് കഴിഞ്ഞ ഒരു മൂന്നാലു ദിവസത്തെ പോസ്റ്റുകളും പിന്നെ അവയുടെ വാലുകളും ഒക്കെ വായിച്ചിട്ടുള്ളവര്‍ക്ക് സിമ്പിള്‍ ആയി ക്ലിക്കും...ക്ലിക്കണം!
അതിനിടയ്ക്ക് ഒരു ചെറിയ നിയമാവലിയുടെ കാര്യം ശ്രീജിത് എവിടെയോ വെച്ചു മറന്നതായി ഒരോര്‍മ്മ. അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍ അതിന്റെ ഒരു മുള്ള് മുരട് മൂര്‍ഖപ്പാമ്പ് രൂപം എവിടെയെങ്കിലും ഒന്ന് പ്രദര്‍ശിപ്പിച്ചൂടെ? ഉള്ളതും തിന്ന് ഉടുത്തതും പുതച്ച് ഈ തറവാട്ടില്‍ ഇണങ്ങിയും പിണങ്ങിയും ഒക്കെ കഴിയുന്നവര്‍ക്ക് ചേറ്റിക്കൊഴിച്ച്, നെല്ലുകുത്തി കുത്തരിയാക്കി കഞ്ഞി വെച്ചെങ്കിലും കുടിക്കാലോ?വേനലവധിക്ക് നാട്ടുമ്പുറത്തെ കുട്ടികള്‍ തട്ടിക്കൂട്ടുന്ന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക് വരെ മെമ്മോറാണ്ടം ഒഫ് അസ്സോസ്യേഷന്‍ ഉള്ള സ്ഥിതിക്ക് പിന്നെ എവിടെ മാത്രം എന്തിനാണാവോ ഒരസ്കിത? വേണ്ടാന്ന് വെക്കാമായിരുന്നു. പക്ഷേ ഇനി വേണ്ടാന്ന് വെക്കണോ? എന്നാ വെയ്ക്കണ്ട...എല്ലാര്‍ക്കും പട്ടിണി കിടക്കാം അല്ലേ?
"ഡാ മാഗ്നിഫയര്‍ ചെയ്ത്താനേ..നിന്റെ അപ്പനാര്, അപ്പൂപ്പനാര്, ധൈര്യമുണ്ടെങ്കില്‍ വെളിച്ചത്ത് വാടാ...നീയല്ലേടാ നമ്പര്‍വണ്‍ തലകുത്തി.....! പാടത്തെ 'പണീം' കഴിഞ്ഞ് ഉടുമുണ്ടില്ലാതെ പാഞ്ഞു വരുന്ന അരൂപിക്കോമരങ്ങളുടെ അലര്‍ച്ച അടുത്തു വരുന്നു. ഇത്രേം കൂടെ പറയാം. മാഗ്നിഫയര്‍ എന്നത് ചുമ്മാ വെടിവട്ടം വെയ്ക്കാനും, ബൂലോഗമിറ്റത്ത് രണ്ടാംക്ലാസ്സില്‍ പോവാനും ഉള്ളതല്ല. അതിന്റെ അവതാരോദ്ദേശ്യം വേറെയാണ്. അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സഹൃദയരായ ചങ്ങാതികളെ അറിയിക്കാം. കാരണം......
ഹെന്റമ്മോ....ഞാനിതാ പോണേ........!!!!
ഹ ഹ .. മാഗ്നീ...
ReplyDeleteപോസ്റ്റിന്റെ ഒന്നാം ഭാഗം കലക്കി.. ശരിക്കും ചിരിച്ചു..
രണ്ടാം ഭാഗത്തെപ്പറ്റി പറയാന്‍ ഞാനാളല്ല.. കാത്തിരുന്നു കാണാം !
ഭൂതക്കണ്ണാടീ, ഈ ക്ലബ്ബില്‍ താങ്കളുടെ എല്ലാ പോസ്റ്റിലും എന്റെ പേര് കണ്ടത് കൊണ്ട് ചോദിക്കുകയാണ്, നമ്മള്‍ കഴിഞ്ഞ ജന്മത്തില്‍ സുഹൃത്തുക്കളായിരുന്നോ.
ReplyDeleteപിന്നെ നിയമാവലി. അത് ക്ലബ്ബിന്റെ രക്ഷാധികാരിയായ ദേവേട്ടന്‍ സമയവും സന്ദര്‍ഭവും അനുയോഗ്യമാവുമ്പോള്‍ ഇടും. നമ്മള്‍ ആരെക്കാളും ആ നിയമാവലിയുടെ ആവശ്യവും പ്രസക്തിയും കൂടുതല്‍ അറിയാവുന്ന ഒരാളാണ് ദേവേട്ടന്‍ എന്നതിനാല്‍ “ദേവേട്ടാ, പോസ്റ്റ് എവിടെ” എന്ന ചോദ്യം ആരും ഇടയ്ക്കിടെ ചോദിക്കരുതെന്ന് അപേക്ഷിക്കുന്നു. ഇനി ആ പോസ്റ്റ് ഇട്ടാലേ നന്നാവൂ എന്ന വാശിയില്‍ ആരെങ്കിലും ഈ പരിസരത്ത് കറങ്ങി നടപ്പുണ്ട്, അവര്‍ക്ക് വേണ്ടിയാണ് ഈ ചോദ്യം എന്നാണെങ്കില്‍, ... നോ കമന്റ് എന്റെ ഭൂതൂ.
താങ്കളുടെ പോസ്റ്റുകളിലെ നര്‍മ്മം വളരെ നന്നാവുന്നുണ്ട്. എങ്കിലും ഒരുപോസ്റ്റിലും ഇതുവരെ കമന്റിടാതിരുന്നത് എന്തോ നിഗൂഡ ഉദ്ദേശ്യം താങ്കള്‍ക്കുള്ളതായി തോന്നിയിട്ടാണ്. അത് താങ്കള്‍ ഇപ്പോള്‍ തുറന്ന് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. താങ്കളുടെ രചനാശൈലി ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് വ്യക്തിപരമായി ചോദിക്കുകയാണ്, ഇത് നല്ല ഉദ്ദേശ്യത്തിന് ഉപയോഗിച്ചുകൂടേ!