Thursday, June 15, 2006

തിരിച്ചടി സ്റ്റ്രാറ്റജി -2 (പൊക്കിയെടുത്തത്)

(അന്ന് കുമാര്‍ജിയുടെ ‘ഗോപാലകിഷയണ്ണന്‍‘ വായിച്ചപ്പോളോര്‍‌ത്തത്)


ശിവന്‍‌മാമക്ക് കവലയില്‍ വച്ച് വെട്ടു കൊണ്ടെന്ന് കപ്പയ്ക്ക് കിളക്കാന്‍ വരുന്ന തങ്കനാണ് ഓടിക്കിതച്ച് വന്ന് പറഞ്ഞത്.
നേരം സന്ധ്യമയങ്ങിയിരുന്നു.

അമ്മായി, അയ്യോ എന്റെ ദൈവമേ എന്റനിയന്‍!! എന്ന് നിലവിളിച്ച്, നെഞ്ചത്ത് രണ്ട് പ്രാവിശ്യം തമ്പേറടിച്ച്, താഴോട്ടിരിക്കുന്നത് കണ്ടു.

തങ്കനു പിന്നാലെ വന്ന രാജനും, സുനിയുമാണ് കാര്യങ്ങള്‍ പറഞ്ഞ് അമ്മായിയെ ആശ്വസിപ്പിച്ചത്.
സീരിയസ്സാക്കാനില്ല.

പണ്ട് പഞ്ചായത്ത് മെംബറായിരുന്ന ശിവന്മാമ ചെറിയ ഒര്‍തിര്‍ത്തി പ്രശ്നം തീര്‍ക്കാന്‍ പോയതായിരുന്നു. പ്രതിഭാഗത്തുള്ള കാപ്പിക്കടക്കാരന്‍ സദാശിവനോട് ന്യായം പറഞ്ഞ്, ഒരു ഭീഷണി സ്വരത്തില്‍ വേലി മാറ്റിക്കെട്ടണം എന്ന താക്കീത് നല്‍കി തിരിഞ്ഞു നടന്നപ്പോള്‍, സദാശിവന്‍ പിന്നാലെ വന്ന്, മണ്ടക്കിട്ട് മടവാളിനൊരു കൊട്ടു കൊടുത്തു പോലും.

അതാണ് പിന്നെ വെട്ടായത്.

മണ്ടയല്ലേ..കൊട്ടിയാല്‍ പൊട്ടാതിരിക്കുമോ? പൊട്ടി, ചോര ചീറ്റി. ജീപ്പ് വിളിച്ച് ശിവന്മാമയെ ആശുപത്രിയിലേക്ക് നാട്ടുകാര്‍ ശുഷ്കാന്തിയോടെ കൊണ്ടുപോയി. ചോര കണ്ട് ഞെട്ടി സദാശിവന്‍ പിന്മതിലും കാനയും ചാടി ഓടി മറഞ്ഞു പോലും.

അമ്മായി വിങ്ങുന്നു.

വിവരം കേട്ട് അയല്പക്കത്ത് നിന്നും ടീച്ചറും പിള്ളേരും വന്നു. മണിയമ്മാവനും ശാരദാമായിയും പിന്നാലെ. മറിയാമ്മച്ചേടത്തിയും താമസിയാതെ എത്തി. ബന്ധുജനങ്ങള്‍ ഈ അവസരത്തില്‍ അമ്മായിക്ക് കൂട്ടുള്ളത് ഭാഗ്യം.

ശേഖരേട്ടന്‍ അളിയനു പിന്നാലെ ആശുപത്രിയിലേക്ക് ടാക്സി പിടിച്ച് പോയത്രേ..ദൈവമേ ഒന്നും വരുത്തരുതേ..മണ്ണാര്‍ശാല ഉരുളി കമഴ്ത്തിയുണ്ടായ അനിയന്‍ കുഞ്ഞാണേ...ശിവനേ, ശിവനെ കാത്തോളണേ..
അമ്മായി ഉറക്കെ പ്രാര്‍ത്ഥിക്കുന്നു.

രാജനും സുനിയും ആശുപത്രിയില്‍ പോയി വിവരം തിരക്കി വരാമെന്ന് പറഞ്ഞ് ഓട്ടോക്കൂലിയും വാങ്ങിപ്പോയി.

പിന്നാമ്പുറത്തെ ചായ്പ്പിലെ ലൈറ്റിട്ട് വീട്ടിലവശേഷിച്ച പിള്ളേരും പെണ്ണുങ്ങളും അവിടെ ഇരിപ്പായി.

അല്പം മാറി പത്രം മറിച്ച് നോക്കി മണിയന്‍മാമയും ഉണ്ടല്ലോ..അങ്ങേര് പോണില്ലേ ആശുപത്രീല്? ഓ, അവിടെ പോയിട്ട് എന്ത് പ്രയോജനം?

ഫോണ്‍ മുഴങ്ങി. അമ്മായി ഓടി ചെന്നെടുക്കുന്നു.
കുഴപ്പം ഇല്ലത്രെ. വെറും രണ്ട് കുത്തിക്കെട്ട്. എട്ടരയാകുമ്പോഴേക്കും ശേഖരേട്ടന്‍ ശിവന്മാമയേയും കൊണ്ട് വീട്ടിലെത്തും.നതിംഗ് ടു വറി.

“അവനെ വെറുതെ വിടരുത്..ആ സദാശിവനെ”
ടീച്ചര്‍ ഉറക്കെ പ്രഖ്യാപിച്ചു. “പോലീസില്‍ കേസ് കൊടുക്കണം.”

“എന്നാലും അവന്റെ ഒരു ധൈര്യം...നല്ല വക്കീലിനെ വല്ലതും കാണണം..കിടക്കണം, ആ എമ്പോക്കി, അകത്ത് കുറേക്കാലം” ശാരദാമ്മായി ശരിവച്ചു.

“പിള്ളേരെ വിട്ട് നല്ലത് രണ്ട് കൊടുക്കുവാ വേണ്ടേ..എന്നിട്ടേ പോലീസില്‍ പിടിപ്പിക്കാവൂ” അമ്മായിക്കും അതേ അഭിപ്രായം.

“ഒന്നും വേണ്ട !“

സ്ത്രീ ശബ്ദങ്ങളുടെയിടയില്‍ ഒരു പുരുഷ ശബ്ദം മുഴങ്ങി. എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. സാധാരണ കേള്‍ക്കാത്ത ശബ്ദം. മണിയമ്മാവനാണല്ലോ...

“ഒന്നും വേണ്ട..” പത്രം താഴ്ത്തി അങ്ങേര്‍ പറഞ്ഞു.
“പോവുക- അവന്റെ ചായക്കട അങ്ങ് കത്തിക്കുക”

ആരും ഒന്നും മിണ്ടിയില്ല. ശാരദാമ്മായി പോലും.

അല്പസമയം കഴിഞ്ഞ് സ്ത്രീകള്‍ വീണ്ടും ചര്‍ച്ചയാരംഭിച്ചു. വക്കീലാര്, പോലീസില്‍ പോയാല്‍ സ്വൈരക്കേടാകുമോ, പുറത്ത് നിന്ന് പിള്ളേരെ വിളിച്ചു വരുത്തണോ...ചര്‍ച്ച മെല്ലെ മുറുകി.

“ഒന്നും വേണ്ട..” പെട്ടെന്ന് പിന്നില്‍ നിന്നും വീണ്ടും പുരുഷ ശബ്ദം. അങ്ങേരാണല്ലൊ പിന്നേം.

ഞെട്ടി നിശബ്ദം നോക്കുന്ന സ്ത്രീ മുഖങ്ങളെ ഒന്നു നോക്കി വീണ്ടും മണിയമ്മാവന്‍ പറഞ്ഞു.
“അതൊന്നും വേണ്ട..നേരെ പോവുക..അവന്റെ കട അങ്ങ് കത്തിക്കുക.”

സ്ത്രീകള്‍ പരസ്പരം നോക്കി. ആരും ഒന്നും മിണ്ടിയില്ല.
നിമിഷങ്ങള്‍ കഴിഞ്ഞുപോയി. മറിയാമ്മച്ചേടത്തി വീണ്ടും സംസാരിക്കാന്‍ തുടങ്ങി. വക്കീല്, പോലീസ്, പാര്‍ട്ടി, തിരിച്ച് തലക്ക് വെട്ട് ..
സ്ത്രീ ശബ്ദങ്ങള്‍ വീണ്ടു ചായ്പ്പില്‍ പൊങ്ങി.

“ഒന്നും വേണ്ടാന്ന് പറഞ്ഞില്ലേ!!“
പുരുഷശബ്ദം ഇത്തവണ നന്നേ ഉയര്‍ന്നിരുന്നു.
“പോവുക, അവന്റെ കട കം‌പ്ലീറ്റ് അങ്ങ് കത്തിക്കുക”


......

ശാരദാമ്മായി പതുക്കെ എഴുന്നേറ്റത് ആരും കണ്ടില്ല.

“ഇങ്ങേരിത് കൊറേ നേരമായല്ലോ കട കത്തിക്ക് കട കത്തിക്ക് എന്ന് അവിടിരുന്ന് പറയുന്നു.!“ ശാരദാമ്മായി കണവനെ നോക്കി ചീറ്റി.
“ആരോടാ ഈ കത്തിക്കാന്‍ പറയുന്നേ? എന്നാ ഇങ്ങേര് തന്നെ അങ്ങോട്ട് പോയി അങ്ങ് കത്തീര്. അവിടെ കത്തിക്ക് ഇവിടെ കത്തിക്ക് എന്ന് പറഞ്ഞോണ്ടിരിക്കാതെ!. ഹല്ലപിന്നെ!“

ടിം.

ചായ്പ്പില്‍ പിന്നെ പുരുഷശബ്ദം കേട്ടതേയില്ല. ന്യൂസ് പേപ്പര്‍ മറിക്കുന്ന ശബ്ദം മാത്രം സ്ത്രീകളുടെ സംസാരത്തിനൊപ്പം ഇടവിട്ട് കേട്ടുകൊണ്ടിരുന്നു.

18 comments:

  1. അരവിന്ദോ ഇതു കലക്കി. ഇന്നലെ മുതല്‍ ഇവനൊരു കമന്റിടാന്‍ തുടങ്ങിയതാ. ഇന്നിപ്പോ, രണ്ടെണ്ണം കൊടകരയിലിട്ടപ്പോ, ഇവന്‍ പ്രത്യക്ഷപെട്ടു.

    നന്നായി, പക്ഷെ, ടിം എന്ന ശബ്ദം ശാരദാമ്മായിക്കിട്ട് മണിയമ്മാവന്റേന്നു കിട്ടിയതോ, അതോ തിരിച്ചോന്ന് വര്‍ണ്ണ്യത്തിലാശങ്ക (ക്:ട് : വക്കാരിക്ക്..അല്ലെ)

    ReplyDelete
  2. രണ്ട്വല്ല..കുറുജീ
    വായടഞ്ഞപ്പോ പല്ല് കൂട്ടിമുട്ട്യതാ :-)

    ReplyDelete
  3. ഹഹഹ.. ഒരു 18 ഹ !
    ഉഗ്രന്‍ പോസ്റ്റ്..
    “പോവുക- അവന്റെ ചായക്കട അങ്ങ് കത്തിക്കുക“ ഇതാവട്ടെ അടുത്ത രണ്ടു വര്‍ഷത്തേക്ക് നമ്മുടെ ബ്ലോഗ് മന്ത്രം!!!

    ReplyDelete
  4. ഞാന്‍ പണ്ടേ മണിയമ്മാവന്റെ ഫാനാ :) അരവിന്ദോ നാട്ടില്‍ ചെന്നാല്‍ മണിയമ്മാവന്‍ പുരയ്ക്കു ചുട്ടും ഓടിച്ചിട്ടു തല്ലുമോ?

    ReplyDelete
  5. പോവുക, അവന്റെ കട അങ്ങു കത്തിക്കുക

    ഭയങ്കരം. ഇം പാക്ട്‌ അതി ഭയങ്കരം. ഒരു വിശ്വോത്തര ഹാസ്യ ടച്ച്‌.

    അരവിന്നേട്ടാ.... നമിച്ചിടുന്നു....ശിരസ്സു കുനിച്ചിടുന്നു....

    ReplyDelete
  6. മണിയമ്മാവന്‍റെ ഒരു അപ്പോയിന്‍റ്മെന്‍റു വേണമായിരുന്നു, കിട്ടുമോ അരവിന്ദാ? ഒരു തിരിച്ചടി പ്ലാന് ചെയ്യാനുണ്ടേ.

    ReplyDelete
  7. അതിഗംഭീരന്‍ വര്‍ക്ക്. ഹഹഹഹ..
    (എന്നാ റേഞ്ചാണ് ചുള്ളാ)

    ഉമേഷ് മാഷെന്നെ ചീത്തവിളിച്ചാലും സാരല്യ. ഞാന്‍ പറയും.

    ഇപ്പോള്‍ ബൂലോഗത്ത് നിന്ന് കിട്ടുന്ന ചിരി, വേറൊരിടത്തു നിന്നും കിട്ടുന്നില്ല.

    അരവിന്ദനും കുറുമാനുമെല്ലാം ഇപ്പോള്‍ ബ്ലോഗില്‍ ഗര്‍ഭം കലക്കി പൊട്ടിച്ച് കളിക്ക്യാ...

    ദേവന്‍ ഒരു ഗ്യാപ്പിനുശേഷം ക്ലാസ് തമാശയുമായി വരാന്‍ പോകുന്നു, ജാതകവശാല്‍ കുറച്ച് കാലം കൃതികള്‍ പോസ്റ്റാന്‍ പറ്റാതിരുന്ന വക്കാരി തിരിച്ചുവരവിന് തയ്യാറെടുക്കുന്നു, സങ്കുചിതന്‍ കൊടുങ്കാറ്റായി വീശി തുടങ്ങിയിരിക്കുന്നു, ‘ഇടിവാള്‍‘ എന്ന പേരില്‍ എഴുതിയിരുന്ന കേരള ഡോട്ട് കോമിലെ മറ്റൊരു പുലി ഏതു നിമിഷവും ചാടാം. സ്വാര്‍ത്ഥന്‍ ഏത് നിമിഷവും പോസ്റ്റാം, ശ്രീജിത്തും കുട്ട്യേടത്തിയും ബിരിയാണിയും മുല്ലപ്പൂവും സിദ്ധാര്‍ത്ഥനും പ്രാപ്രയും എന്റമ്മേ.. (പേര്‍ ഒരു തലക്കല്‍ നിന്ന് പറയാന്‍ തുടങ്ങിയാല്‍ എവിടെയെത്താനാ... എനിക്കു വയ്യ, എന്നോട് ക്ഷമിക്കൂ..)

    അപ്പോള്‍ നമ്മളൊക്കെ ചിരിക്കാന്‍ കെടക്കുന്നതേയുള്ളൂ...

    ReplyDelete
  8. ഇത് ഇട്ടയന്നുതന്നെ കണ്ടിരുന്നു. എല്ലാ അര്‍‌മന്ദന്‍ പോസ്റ്റും പോലെ ഇടാനുള്ള കമന്റുമാലോചിച്ചാലോചിച്ചാലോചിച്ച്.....

    ശരിക്കും ഒരു സിനിമാ സീന്‍ പോലെ. എല്ലാം നമ്മുടെ കണ്‍‌മുന്‍പില്‍ തന്നെ തെളിയുന്ന വിവരണം.

    അര്‍‌മന്ദന്‍.. തകര്‍ത്തൂ

    ReplyDelete
  9. പ്രിയ ബൂലോഗരേ..
    ഈ പോസ്റ്റും ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം :-)
    മൊത്തം ചില്ലറയില്‍ പോസ്റ്റാന്‍ വേണ്ട കോണ്‍‌ഫിഡന്‍സ് ഇല്ലായിരുന്നു. :-)

    പിന്നെ, ഇന്നലെ ഭാഗ്യം കെട്ട ഒരവസരത്തില്‍ എന്റെയും എന്റെ ശ്രീമതിയുടേയും കുറേ ഡോക്യുമെന്റ്സ് കള്ളന്‍ അടിച്ചു മാറ്റിക്കൊണ്ടു പോയ വിവരം അറിയിക്കട്ടെ. എന്റെ സ്റ്റേ പെര്‍മിറ്റ്, ശ്രീമതിയുടെ സിറ്റിസണ്‍ഷിപ്പ്, ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ്..ഇത്യാദി ഒരുമാതിരി വേണ്ടപ്പെട്ട എല്ലാം പോയി.
    അതിന്റെ ഒരു ബിസിയിലാണേ..
    സംഭവം ഇരു പോസ്റ്റാക്കി പിന്നെയിടാം.
    ഈ ട്രാജഡിയിലും എനിക്ക് ചെറുകെ ചിരിക്കാന്‍ ചെറിയ ഒരു വകയും കിട്ടി. അതും അപ്പോള്‍ പറയാം.
    ഒന്നു പ്രാര്‍ത്ഥിച്ചേക്കണേ...പോലീസില്‍ പ്രതീക്ഷയൊന്നുമില്ല..എന്നാലും.
    അപ്പോ ശരി.

    ReplyDelete
  10. അയ്യോ.
    പോയതെല്ലാം തിരിച്ചു കിട്ടട്ടെ.
    രേഖകള്‍ തിരിച്ചേല്‍പ്പിച്ചാല്‍ പ്രതിഫലം തരാമെന്നോ മറ്റോ ഒരു പത്രപ്പരസ്യമിട്ടാല്‍ പ്രയോജനമുണ്ടാവുമോ അരവിന്ദേ?

    ReplyDelete
  11. എല്ലാം പോയെങ്കില്‍ പിന്നെ എന്തോന്ന് ബിസി അര്‍‌വിന്ദാ... ഇനി ഫ്രീയായിട്ടങ്ങ് ഇരുന്നാല്‍ മതിയല്ലോ, റിലാക്‍സ് ചെയ്‌ത്.

    (ചുമ്മാതാണേ.. ഇങ്ങിനെ അവിടേം ഇവിടേം കുത്തുന്ന ശീലം ഞാന്‍ നിര്‍ത്തിയില്ലെങ്കില്‍..)

    പോയതെല്ലാം എത്രയും വേഗം തിരിച്ചു കിട്ടട്ടെ എന്നാശംസിക്കുന്നു. കിട്ടുമെന്നേ.. മോട്ടിച്ചവന് വേണ്ട പണം, മൂക്കിപ്പൊടി, അവലോസുണ്ട ഇവ കഴിഞ്ഞ് ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ ലെവന്മാര് ബൈ പോസ്റ്റായിപ്പോലും അയച്ചു തരാറുണ്ട്.

    ഇത്തരത്തില്‍ കള്ളന്മാരോടുള്ള ഒരു റിക്വസ്റ്റ് ഒരാഴ്‌ച മുന്‍പ് മണ്‍‌രമയില്‍ വന്നിരുന്നു. അതിന് കള്ളന്റെ മറുപടിയായി ശ്രീനിവാസന്‍ ഇന്ന് എഴുതിയിട്ടുണ്ട്.

    പണ്ട് എന്റെ ഇങ്ങിനെയൊന്ന് പോയപ്പോള്‍ സായിപ്പുപോലീസേമാത്തി മൊഴിഞ്ഞു- “ഓ വീയാഴ് വെഴി വെഴി സോഴി.. ഒരു കാര്യം ചെയ്യൂട്ടോ അടുത്തുള്ള ആ കുപ്പത്തൊട്ടികളിലൊക്കെയൊന്ന് നോക്കിക്കോ കേട്ടോ, ചിലപ്പോളെങ്ങാനും കിട്ടിയാലോ”

    അതിനുമുന്‍പ് എന്റെ പേര് വിശദീകരിക്കുന്ന കൂട്ടത്തില്‍ വി. ഫോര്‍ വാലന്റയിന്‍ എന്നു പറഞ്ഞത് കേട്ട് ചിരിച്ചുകുഴഞ്ഞതിനു ശേഷമായിരുന്നു അവരങ്ങിനെ മൊഴിഞ്ഞത്.

    അരവി‌ന്ദാക്ഷാ, കിട്ടൂന്നേ.. അരവിന്ദന്റെ ഫോട്ടോയെങ്ങാനും പോയകൂട്ടത്തിലുണ്ടോ? എങ്കില്‍ പിന്നെ അടുത്തുള്ള ആസ്‌പത്രിയിലെങ്ങാനും അന്വേഷിച്ചാല്‍ മതി. പനിച്ചു തുള്ളിയാരെങ്കിലും കിടപ്പുണ്ടെങ്കില്‍ ലെവന്‍ തന്നെ ലവന്‍.

    (ഇതും ചുമ്മാതാണേ.. ഇവിടെ കുറച്ചേറെ പണികിടക്കുന്നു. എന്നാപ്പിന്നെ ഇങ്ങിനെയൊക്കെ സമയം കളയാമെന്ന് വിചാരിച്ചു).

    ഈ കുറുമാന്‍ ഇനി ആദ്യം കമന്റിടരുത്. ആ ഫോട്ടോ വളരെ ഡിസ്‌ട്രാക്‍ടിംഗ്. കമന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുന്നില്ല :)

    ReplyDelete
  12. ദേവ്‌ ജീ :-( കിട്ടട്ടെ..
    എവിടെ നിന്ന് റീ ആപ്ലിക്കേഷന്‍ തുടങ്ങണം എന്നതാണ് കണ്‍ഫ്യൂഷന്‍.

    വക്കാര്യേ :-)) താങ്ക്‍സ് മച്ചാന്‍ :-)
    ഈ സ്വഭാവം തന്നെയാട്ടോ എന്റേം...ഇന്നലെ എല്ലാരും കരഞ്ഞോണ്ടിരുന്നപ്പോള്‍ ഞാന്‍ തമാശ കീച്ചി..തെറി കിട്ട്യങ്കിലും. പക്ഷേ ഞാന്‍ ആ ടൈപ്പ് അല്ലാട്ടോ..എപ്പളും ചിരിക്കാന്‍ റെഡി. അല്ല പിന്നെ!
    അന്റെ കമന്റ് വായിച്ച് ചിരിച്ച് പോയി...പാവം കുറുമാനും കൊടുത്തു ല്ലേ :-) ഹി ഹി.
    (ഫോട്ടോ ഉണ്ട്..മാനസികാശുപത്രിയില്‍ തപ്പണം പുത്യ രോഗികള്‍ ആരേലും..)
    അപ്പൊ ഞാന്‍ പോട്ടെ..ആപ്പീസിലൊക്കെ ഭയങ്കര ക്യൂ അന്നാ കേട്ടേ...

    ReplyDelete
  13. കഷ്ടായല്ലോ അരവിന്ദേ..
    പോയതെല്ലാം വേഗം കിട്ടട്ടെ..

    ReplyDelete
  14. പോയതെല്ലാം തിരികെകിട്ടാന്‍ ബ്ലാഗിന്‍ കാവിലമ്മയ്ക്ക് ഒരു വെടിവഴിപാട്, കൂട്ടു ശര്‍ക്കര പായസ്സം, ബ്ലാഗും തറയില്‍ ഒരു കോഴി കുരുതി.

    പിന്നെ പാണന്മാര്‍ക്ക് മുണ്ടും, കള്ളും, ഇത്രയും മതി, അടിച്ചുകൊണ്ടുപോയ സാധന്നങ്ങളില്‍ കാശൊഴികെ എല്ലാം തിരികെ ലഭിക്കുംന്നാ കണിയാന്‍ കവടി നിരത്തി പറഞ്ഞത് അരവിന്ദോ.

    ReplyDelete
  15. കള്ളന്‍ അടിച്ചോണ്ട് പോയത് തിരികെ കിട്ടാന്‍ എന്നാല്‍ എന്റെ വക, കണ്ടാരമുത്തപ്പനൊരു ..വഴിപാട് 101 എണ്ണം(കതിന പൊട്ടിക്കുന്ന ഒരു വഴിപാടുണ്ടല്ലോ, പേര് മറന്നൂ പോയി) അത്..മൂപ്പര്‍ ടെ ഫേവറൈറ്റ് വഴിപാടാ!

    ReplyDelete
  16. അതൊരു വിഷമമായല്ലോ അരവിന്ദാ :(
    എല്ലാരേം ചിരിപ്പിക്കുന്ന അരവിന്ദനുണ്ടായ സീരിയസ്സായ ഈ പ്രശ്നത്തിന് എത്രേം പെട്ടന്നൊരു പരിഹാരമുണ്ടാകണേന്ന് ആത്മാര്‍ത്ഥമായ് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളെ ഇതിന്റെ ഡവലപ്മെന്റ്സ് അറിയിക്കാന്‍ മറക്കരുത്.

    ReplyDelete
  17. ഈ വഴിപാടിനെക്കാള്‍ ഒരുപാട്‌ സാദ്ധ്യതകളുള്ള ഒരു വഴി എന്റെ പഴമനസ്സില്‍ തോന്നുന്നു അരവിന്നാ

    ഒരു കുപ്പി കള്ള്‌, നൂറു ഡോളര്‍, കയ്യേല്‍ കിടക്കുന്ന വാച്ച്‌, ഇത്രയും ഒരു താമ്പാളത്തില്‍ വച്ച്‌..

    ആ പേപ്പറെല്ലാം അടിച്ചവന്റെ കാല്‍ക്കല്‍ വച്ചിട്ട്‌ "പൊന്നണ്ണാ അണ്ണനു പ്രയോജനമില്ലാത്ത ആ സാമഗ്രികളെല്ലാം എനിക്കു വിലപ്പെട്ടതാ, ഇങ്ങു തിരിച്ചു തായോ" എന്നതിന്റെ സ്വാഹിലി(അല്ലേല്‍ അവിടത്തേ എതു ഭാഷയാണോ അത്‌)എക്കുിവാലെന്റ്‌ ഉറക്കെ ജപിക്കുക. സാധനം കിട്ടും.

    ReplyDelete
  18. പോയതെല്ലാം പെട്ടെന്നു തിരിച്ചു കിട്ടാന്‍ പ്രാര്‍ത്ഥിക്കാം. :( കള്ളനു നല്ല ബുദ്ധി തോന്നിക്കാനും. (കള്ളനിനി നല്ല ബുദ്ധി കൂടി ഉണ്ടാവാത്ത കുഴപ്പേയുള്ളൂ ... അതല്ല), പാവം അവരുടെ ഡോക്യുമെന്റ്സ്‌ ഒക്കെ തിരിച്ചു കൊടുത്തേക്കാം എന്നുള്ള ബുദ്ധി.

    ReplyDelete