Wednesday, July 05, 2006

കര്‍ഷകരുടെ ആത്‌മഹത്യ

വളരെയധികം ഡിസ്റ്റര്‍‌ബിംഗ് ആയ വാര്‍ത്തകളാണല്ലോ ദിവസവും...

ഇന്നും ഒരു കര്‍ഷക കുടുംബം ആത്‌മഹത്യ ചെയ്തു, വയനാട്ടില്‍.

സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ, ആത്മീയ, മത നേതാക്കളാരുമില്ലേ ഇതിനൊരു പരിഹാരം കാണാന്‍? നമ്മള്‍ നാട്ടുകാരുമില്ലേ...

വെറുതെ കടം എഴുതിത്തള്ളുന്നതില്‍ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല ഇതെന്ന് തോന്നുന്നു.
പത്രങ്ങളുടെ മുഖപ്രസംഗങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത് കടം എഴുതിത്തള്ളല്‍ മാത്രം.

എങ്ങിനെയെങ്കിലും ഇതിനൊരു അറുതി വന്നിരുന്നുവെങ്കില്‍...

46 comments:

  1. വക്കാരി,
    കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ‘ഇന്ത്യ തിളങുന്നു എന്നു വിളിച്ചു കൂവിയവരെ അതിന്റെ പേരില്‍ തന്നെ വലിച്ചിറക്കിയവര്‍ ഭരിക്കുമ്പോഴും ഇതിനൊന്നും ഒരു പരിഹാ‍രവും കാണാന്‍ ശ്രമിക്കുന്നില്ല എന്നു കാണുമ്പോള്‍ സങ്കടമുണ്‍ദ്‌.

    പി.സായ്‌നാഥിന്റെ “Everybody Loves a Good Drought“ എന്ന പുസ്തകമോ അദേഹത്തിന്റെ ഹിന്ദുവില്‍ വരുന്ന ലേഖനങളൊ ഈ പ്രശ്നത്തെക്കുറിച്ച്‌ നല്ല അറിവു നല്‍കുന്നവയാണ്.

    ഇത്‌ വായിക്കുമല്ലൊ,
    http://www.counterpunch.org/sainath11262005.html

    ReplyDelete
  2. ഹാത്ത് ആം ആദ്‌മീ കേ സാത്ത് എന്നും പറഞ്ഞ് കൈയ്യും വീശി നടക്കുമ്പോഴൊക്കെ ഇവര്‍ക്കറിയാമായിരുന്നു എന്നു തോന്നുന്നു, ഇതൊന്നും അത്ര എളുപ്പത്തില്‍ പരിഹരിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ലാ എന്ന്. എന്നാലും വോട്ടു തട്ടാന്‍ ചൂഷണങ്ങള്‍ ആവശ്യമാണല്ലോ. അതുകൊണ്ട് പാവങ്ങളുടെ വികാരങ്ങളെ തന്നെ ചൂഷണം ചെയ്‌ത് അധികാരത്തില്‍ കയറി. ഇപ്പോള്‍ തന്നെ ഇന്ധന വില മറ്റവര്‍ കൂട്ടിയതിനേക്കാളും കൂടുതല്‍ തവണ കൂട്ടി എന്ന് തോന്നുന്നു (ശരിതന്നെ?). ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്തിനും വില കൂടി. ഒപ്പിടുന്ന നിമിഷത്തിനു തൊട്ടു മുന്‍‌പ് വരെ കൂടെ നിന്നിട്ട് ആ സെക്കന്റില്‍ വെളിയിലിറങ്ങി മുദ്രാവാക്യം വിളിച്ച് സ്വതേ കഴുത, പിന്നേം കഴുതയായ ജനങ്ങളെ പറ്റിക്കാന്‍ കുറെ പിന്തുണക്കാരും. മുന്‍‌പിലത്തെ മന്ത്രി ഐ.ഐ. എമ്മുകളുടെ ഫീസു കുറച്ചപ്പോള്‍ ആ ഫീസുകുറയ്ക്കല്‍ എങ്ങിനെ നിലവാരത്തകര്‍ച്ച ഉണ്ടാക്കുമെന്ന് കൂലം കക്ഷിച്ച ചില പ്രത്യേക മാധ്യമ വീരന്മാര്‍ ഇപ്പോഴത്തെ മന്ത്രി കാണിക്കുന്ന കോപ്രായങ്ങള്‍ എങ്ങിനെ നിലവാരത്തകര്‍ച്ച ഉണ്ടാക്കില്ല എന്ന് കാണിക്കാന്‍ പാടുപെടുന്നു. ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ ഫീസു കുറയ്ക്കലല്ലായിരുന്നോ പാവങ്ങള്‍ക്ക് ഒന്നുകൂടി നല്ലത് (ചര്‍ച്ചാവിഷയം തന്നെ, എങ്കിലും).

    പക്ഷേ ഇവിടെ പ്രശ്‌നം, ഇപ്പോള്‍ ആര്‍ ആത്മഹത്യ ചെയ്താലും അത് കടബാധ്യതമൂലമുള്ള ആത്‌മഹത്യകളായി താനേ മാറുന്നതാണോ അതോ...?
    എന്തായാലും സാംസ്‌കാരിക-ആത്‌മീയ-മത നേതാക്കളും ഇത് വളരെ പ്രാധാന്യത്തോടെ ശ്രദ്ധിക്കണമെന്ന് തോന്നുന്നു. ഭാവി ഇരുളടഞ്ഞതല്ല എന്ന് അവരെ ബോധിപ്പിക്കുന്നതിനോടൊപ്പം തന്നെ പ്ലാനും പദ്ധതിയുമില്ലാതെ ലോണെടുത്ത് വേണ്ടാത്ത രീതിയിലൊക്കെ ചിലവഴിച്ച് കുഴിയില്‍ ചാടുന്നത് ഒഴിവാക്കാന്‍ ആള്‍ക്കാരെ ബോധവല്‍ക്കരിക്കേണ്ടതുമുണ്ട്.

    നമുക്കൊരു പ്രശ്‌നം വന്നാല്‍ നമ്മെ ആത്മാര്‍ത്ഥമായി സഹായിക്കാന്‍ ആള്‍ക്കാരുണ്ട് എന്നൊരു സാഹചര്യം നിലവിലുണ്ടെങ്കില്‍ പല ആത്‌മഹത്യകളും ഒഴിവാക്കാം എന്നു തോന്നുന്നു. കൂട്ടായ്‌മകളുടെ പ്രസക്തി അവിടെയാണ്. ഉറച്ച ഈശ്വരവിശ്വാസവും വളരെയധികം സഹായിക്കും. ഇവിടെ ജപ്പാനില്‍ വലിയ ഈശ്വരവിശ്വാസമൊന്നും ആര്‍ക്കുമില്ല. വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്‌മഹത്യാ നിരക്ക് ഇവിടെ. ജനനനിരക്കും അപകടകരമാം വണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു.

    എന്തായാലും സത്യമേവ ജയതേ

    ReplyDelete
  3. വക്കാരി,
    ‘ഹാരകിരി’ എന്ന സംഭവം ഇപ്പോഴും ജപ്പാനില്‍ നിലവിലുണ്‍ദോ? ഒരു പ്രശസ്ത സാഹിത്യകാരനോ സിനിമാ സംവിധായകണ്നോ മറ്റൊ അടുത്ത കാലത്ത്‌ അങനെ ചെയ്തിട്ടൂന്ദോ?

    (ഓഫ്‌ ടോപ്പിക്കിന് ക്ഷമാപണം)

    ReplyDelete
  4. എന്ത് ഓഫ്‌ടോപിക്, തുളസീ, ഇവിടെ എല്ലാം ടോപിക് താന്‍ :)

    ഹരാകിരി പബ്ലിക്കായിട്ട് ആരും ചെയ്യുന്നില്ല എന്നു തോന്നുന്നു. തുളസി പറഞ്ഞ സ്പെസിഫിക് കാര്യം അന്വേഷിച്ച് പറയാം. പക്ഷേ ആത്‌മഹത്യ ഇപ്പോഴും ഒരു ഗ്ലോറിഫൈഡ് കാര്യമാണിവിടെ.പാരമ്പര്യത്തില്‍ നിന്നും ഉടലെടുത്ത ഒരു വിശ്വാസം. നാണക്കേടുണ്ടായാല്‍ പലരും ചെയ്യുന്ന കാര്യം ആത്‌മഹത്യയാണ്. അതുമാത്രവുമല്ല കൂട്ട ആത്‌മഹത്യ ധാരാളം. ആത്‌മഹത്യാ വെബ്‌സൈറ്റുകള്‍ വഴി ആള്‍ക്കാര്‍ തമ്മില്‍ ബന്ധപ്പെട്ട് അവരെല്ലാവരും എവിടെയെങ്കിലും ഒത്തുകൂടും. എന്നിട്ട് കൂട്ട ആത്‌മഹത്യ. പോലീസ് അങ്ങിനത്തെ കുറെയേറെ വെബ്‌സൈറ്റുകള്‍ പൂട്ടിച്ചു. എങ്കിലും ഇപ്പോഴും വാര്‍ത്തകള്‍ നിറയുന്നു.

    തീവണ്ടി ഒബ്‌സെസ്സ്‌ഡ് ആള്‍ക്കാര്‍ ധാരാളം ഉണ്ട്. അതുകൊണ്ട് ഒരു പ്രധാന ആത്‌മഹത്യാ മാര്‍ഗ്ഗം തീവണ്ടിയുടെ മുന്നില്‍ ചാടുക എന്നുള്ളതാണ്. അതിന് റെയില്‍‌വേ കമ്പനി കൊണ്ടുവന്ന നിയമം, ആരെങ്കിലും തീവണ്ടിയുടെ മുന്നില്‍ ചാടി ആത്‌മഹത്യ ചെയ്‌താല്‍, അതുമൂലം തീവണ്ടി നിര്‍ത്തിയിടുന്ന സമയം മൂലമുണ്ടാകുന്ന ധനനഷ്ടത്തിന്റെ നല്ലൊരു ശതമാനം ആത്‌മഹത്യ ചെയ്യുന്ന ആളുടെ കുടുംബം നല്‍‌കണം!

    ReplyDelete
  5. mnjVrകര്‍ഷക അത്മഹത്യ ഉപഭോഗ സംസ്ക്കാരത്തിന്റെ അനന്തരഫലമാണ്‌.
    തിരിച്ചടക്കാന്‍ പ്രത്യേകിച്ച്‌ വഴി ഒന്നും ഇല്ലങ്കിലും കടം വാങ്ങുക എന്നത്‌ നമ്മുടെ ശീലമായി മാറി. പിന്നെ എളുപ്പം കിട്ടുന്നത്‌ കാര്‍ഷിക വായ്പ ആയതുകൊണ്ടു എല്ലാവരും അതെടുക്കുന്നൂ എന്നേ ഒള്ളു.

    ReplyDelete
  6. ഏതു രാഷ്ട്രീയക്കാരനാ വക്കാരീ ഗൌരവത്തോടെ ഏതെങ്കിലും പ്രശ്നത്തെ സമീപിച്ചിട്ടുളളത്. എന്തെങ്കിലും പറഞ്ഞു തത്കാലത്തേക്കൊഴിയും എന്നല്ലാതെ ആത്മാര്‍ത്ഥതയോടെ നില്‍ക്കുന്നവരുണ്ടോ. ഇല്ല. എല്ലാവരും കൊട്ടിഘോഷിക്കുന്ന അച്യുതാനന്ദനും വ്യത്യസ്ത മല്ല.

    ReplyDelete
  7. കർഷക ആത്മഹത്യകളെക്കുറിച്ച്‌ ഒരു കർഷകനും അൽപ്പമൊന്ന്‌ പറയട്ടെ ബൂലൊകരെ. വായ്പയെടുക്കുമ്പോൾ മുഴുവൻ ഭൂമിയുടെയും പ്രമാണം ബാങ്കിൽ വെയ്പ്പിക്കും ഒരു 10 സെന്റ്‌ ഒഴിച്ചിട്റ്റാൽ അത്‌ വിറ്റ്‌ കടം തീർക്കാൻ അവസരമെങ്കിലും കിട്ടും. കാർഷികോത്‌പന്നങ്ങളുടെ വിലയിടിക്കുവാൻ ചെയ്യുന്ന പണികൾ വേറെ. ഗ്രാഫ്‌ വരയ്ക്കാൻ അറിയാമെന്നുള്ളവർ ഒരു ചിത്രം തയ്യാറാക്കിയാൽ നല്ലത്‌. ഉദ്യോഗസ്ഥർ, കച്ചവടക്കാർ, എം.എൽ.എ മാർ, എം.പി മാർ ഉൾപ്പെടെ എല്ലാപേരുടെയും വരുമാനം വിലയിരുത്തുക. അപ്പോൾ മനസിലാവും ശരിയായ രൂപം. ഇന്നത്തെ മാതൃഭൂമി എഡിറ്റോറിയലും കാണുക.

    ReplyDelete
  8. എനിക്കുള്ള സംശയങ്ങള്‍ ഇതൊക്കെയാണ് ചന്ദ്രേട്ടാ:

    1. കിരണ്‍ പറഞ്ഞതുപോലെ ബാങ്കില്‍ നിന്നും വായ്‌പ എടുക്കുന്നത് കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമാണോ, അതോ കിട്ടാന്‍ എളുപ്പമുള്ള ലോണ്‍ എന്നുവെച്ച് എല്ലാവരും എന്തുകാര്യത്തിനും കാര്‍‌ഷിക ലോണ്‍ എന്നു പറഞ്ഞ് എടുക്കുകയും വേണ്ട പ്ലാനും പദ്ധതിയുമില്ലാതെ അവ ചിലവഴിച്ച് അവസാനം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നതാണോ? കുറഞ്ഞ പക്ഷം കുറച്ചുപേരെങ്കിലും അങ്ങിനെ ചെയ്യുകയും അത് ആത്‌മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ടോ?

    (ഇത് ഒഴിവാക്കണമെങ്കില്‍ നമ്മുടെ ആള്‍ക്കാരുടെ മത്‌സര മനോഭാവങ്ങള്‍ തൊട്ട് ധാരാളം കാര്യങ്ങളില്‍ സമൂലമായ മാറ്റം വേണം എന്ന് തോന്നുന്നു).

    2. മാതൃഭൂമിയുടെ മുഖപ്രസംഗം വായിച്ചു. ഇനി കാര്‍ഷികോത്‌പന്നങ്ങള്‍ വെളിയില്‍ നിന്നും നമ്മുടെ നാട്ടില്‍ വന്നു എന്നിരിക്കട്ടെ. നമ്മുടെ കര്‍ഷകരെ ഓര്‍ത്ത് നമുക്ക് എന്തൊക്കെ ചെയ്യാം?

    അ) നമ്മുടെ കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുന്ന വിളകള്‍ മാത്രമേ നമ്മള്‍ വാങ്ങൂ എന്ന് നമുക്ക് തീരുമാനിക്കാന്‍ വയ്യേ. നാട്ടിലെ കച്ചവടക്കാര്‍ നാട്ടില്‍ നിന്നുള്ള ഭക്ഷ്യവിളകള്‍ മാത്രമേ വില്‍‌ക്കുകയുള്ളൂ എന്നും അതില്ലാതെ വന്നാല്‍ മാത്രമേ മറുനാട്ടില്‍ നിന്നുള്ളവ വില്‍ക്കുകയുള്ളൂ എന്ന് തീരുമാനിക്കാന്‍ വയ്യേ?

    (ഇതിനുള്ള കുഴപ്പം മിക്കവാറും സപ്ലൈ ചെയിനിന്റെ പ്രശ്‌നമായിരിക്കും. നാട്ടില്‍നിന്നുള്ള വിളകള്‍ എക്കാലവും ഉറപ്പാക്കാന്‍ വയ്യെങ്കില്‍ വെളിയില്‍ നിന്നുള്ളവയും ശേഖരിക്കേണ്ടതായിട്ട് വരുമെന്ന് തോന്നുന്നു. അല്ലാതെ നമുക്ക് വേണ്ടപ്പോള്‍ മാത്രമായി സപ്ലൈ ചെയ്യാന്‍ മറുനാട്ടില്‍ നിന്നുള്ള വിളക്കച്ചവടക്കാര്‍ തയ്യാറാവുകയില്ലല്ലോ)

    ആ) ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന കാര്‍ഷികവിളകളെ നമ്മള്‍ ഭയപ്പെടുന്നു. എന്തുകൊണ്ട് നമുക്ക് നമ്മുടെ കാര്‍ഷിക വിളകള്‍ കൊണ്ട് അവരേയും ഭയപ്പെടുത്തിക്കൂടാ? എന്തുകൊണ്ട് നമുക്ക് ഇവിടെ ഉത്‌പാദിപ്പിച്ച് അങ്ങോട്ട് കയറ്റിയയച്ചുകൂടാ? ഉത്‌‌പാദനച്ചിലവിന്റെ പ്രശ്നമാണോ? ആണെങ്കില്‍ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ഉത്‌പാദനചിലവ് കൂടുന്നു? നമ്മുടെ ജീവിതസാഹചര്യങ്ങള്‍ നമ്മള്‍ തന്നെ ഉയര്‍ന്ന നിലവാരത്തിലാക്കിയതുകാരണമാണോ? (മൊബൈല്‍ ഫോണ്‍, ബൈക്ക്, കാറ്, ഡിവിഡി, ആരോ, വാന്‍ ഹുസൈന്‍, അഡ്ഡിഡാസ്, റേബാന്‍ മുതലായവ ഉള്‍പ്പടെ)

    ഇതില്‍ കര്‍ഷകരുടെ ഭാഗത്തുനിന്നുള്ള പിഴവുകളെന്തൊക്കെ? പണം, പ്ലാനിംഗ്, പൈസാ വേണ്ടരീതിയില്‍ ചിലവഴിക്കല്‍, സേവിംഗ്‌സ്, ജീവിതരീതി തുടങ്ങിയവ ഉള്‍പ്പടെ.

    നമ്മള്‍ കര്‍ഷകര്‍ക്കു തന്നെ കുറെയെങ്കിലും ഇതിനൊക്കെ പരിഹാരം കാണാന്‍ സാധിക്കുകയില്ലേ? അതോ എല്ലാം കൈവിട്ടുപോയോ?

    ReplyDelete
  9. കാര്‍ഷികവയ്പ കൃഷി അവശ്യങ്ങള്‍ക്കു മാത്രമേ എടുക്കാവു.പെണ്ണിനെക്കെട്ടിക്കനും മറ്റ്‌ ഉപഭോഗ വസ്തുക്കള്‍ വങ്ങാനും കാര്‍ഷിക വയ്പ തന്നെയാണ്‌ ഭൂരീഭാഗം കാര്‍ഷകരും തിരഞ്ഞെടുക്കന്നത്‌. സ്വന്തം ഭൂമി പണയപ്പെടുത്തി വലിയ ചൂതാട്ടമണ്‌ കര്‍ഷകര്‍ നടത്തി വരുന്നത്‌.

    പിന്നെ കൃഷിയോടുള്ള താത്പര്യം കൊണ്ടൊന്നുമ്മല്ല ഭൂരിഭാഗം കര്‍ഷകരും കൃഷി ചെയ്യുന്നത്‌. തത്പര്യമുള്ളവര്‍ കുറച്ച്‌ ഭൂമിയില്‍ നിന്നുതന്നെ ലാഭം ഉണ്ടക്കുന്നുണ്ടെന്ന വസ്തുത വിസ്മരിക്കരുത്‌.

    എല്ലാ കാര്യത്തിലും രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞാല്‍ പരിഹാരമായി എന്നു ധരിക്കരുത്‌.

    കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ വില വര്‍ദ്ധനയുണ്ടാകുമ്പോള്‍ കര്‍ഷകരുടെ ആര്‍ഭാട സ്വഭാവവും ഇവിടെ പരാമര്‍ശിക്കാതെ വയ്യാ

    ReplyDelete
  10. കിരണ്‍ പറഞ്ഞതിലും കുറച്ച് കാര്യമുണ്ടെന്ന് തോന്നുന്നു. പണ്ട് റബ്ബറിന്റെ ലോകപ്രശസ്ത വിലയായ കിലോയ്ക്കറുപതുരൂപാ വന്നപ്പോള്‍ ഇന്ത്യയില്‍ ഒരുമാസം ഏറ്റവും കൂടുതല്‍ മാരുതിയെണ്ണൂറ് വിറ്റത് പാലായിലായിരുന്നു എന്നൊരു കേള്‍വിയുണ്ട്. അക്കാലത്തൊക്കെ എല്ലാ സാധനങ്ങള്‍ക്കും ഏറ്റവും വില പാലായിലായിരുന്നു അത്രേ. എന്നാലും നോ ബാര്‍ഗൈനിംഗ്. ആള്‍ക്കാര്‍ ചോദിക്കുന്ന വില കൊടുത്തുതന്നെ സാധനം വാങ്ങും.

    നമ്മള്‍ നമ്മുടെ ജീവിതരീതികളും കുറച്ചൊക്കെ മാറ്റണമെന്ന് തോന്നുന്നു. എന്തില്‍നിന്നും സര്‍ക്കാര്‍ നമ്മളെ സംരക്ഷിച്ചുകൊള്ളും എന്നോര്‍ത്തിരിക്കുന്നത് എത്രമാത്രം ബുദ്ധിയാണെന്ന് അറിയില്ല. പക്ഷേ സര്‍ക്കാരും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. ഇവിടെ എപ്പോഴും ഓര്‍ക്കേണ്ടത് “തനിക്കു താനും പുരയ്ക്കു തൂണും” എന്നുള്ള ചൊല്ലാണ്.

    ReplyDelete
  11. >>പണ്ട് റബ്ബറിന്റെ ലോകപ്രശസ്ത വിലയായ >>കിലോയ്ക്കറുപതുരൂപാ വന്നപ്പോള്‍ ഇന്ത്യയില്‍ >>ഒരുമാസം ഏറ്റവും കൂടുതല്‍ മാരുതിയെണ്ണൂറ് >>വിറ്റത് പാലായിലായിരുന്നു

    ഞാന്‍ കേട്ടത് അങ്ങിനെയല്ല.മഹീന്ദ്ര അവരുടെ സേല്‍സ് ഷീറ്റ് നോക്കുമ്പൊ കേരളത്തില്‍ ഒരു സ്ഥലത്തില്‍ ഇന്ദ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മഹീന്ദ്രയുടെ ജീപ്പുകള്‍ വിറ്റഷിക്കപ്പെടുന്നു..
    അങ്ങിനെ നോക്കിയപ്പൊ റബ്ബറിന് 75 രൂപ..
    സ്ഥലം കാഞ്ഞിരപ്പിള്ളി.. കേരളത്തിന്റെ ഗള്‍ഫ്.
    പിന്നെ അവിടെ ഒന്നും ആരും റബ്ബറിനു വില കുറഞ്ഞാല്‍ ആത്മഹത്യ ചെയ്യതതായി കേട്ടിട്ടില്ല..

    വയനാട്ടില്‍ ആണ് എപ്പോഴും കേള്‍ക്കുന്നത്. അറിവില്ലാത്തത് കൊണ്ടാണ്. കര്‍ഷകനാവുന്നത് കൃഷി ഇഷ്ടപ്പെടണമെന്നില്ല കിരണ്‍ചേട്ടാ.
    അങ്ങിനെ ആണെങ്കില്‍ പലരും പല ജോലികള്‍ ചെയ്യുന്നത് വരുമാനത്തിന് വേണ്ടിയാണ്..
    അല്ലാതെ ഇഷ്ടപെട്ടിട്ടല്ല. പക്ഷെ വളരെ ശരിയാണ്. ഒരു ഏക്കര്‍ ഭൂമിയില്‍ നിന്ന് പോലും ജീവിച്ചു പോകാന്‍ വരുമാനം ഉണ്ടക്കുന്നവര്‍ ഉണ്ട്.
    അതാണ്. ശരിയായ അറിവില്ലാഞ്ഞിട്ടാണ്. പിന്നെ ഏതൊരു ആത്മ്ഹത്യയും അങ്ങിനെ തന്നെ.. എപ്പോഴും രാഷ്റ്റ്ര്രീയക്കാരെ പിഴിച്ചിട്ടൊന്നും കാര്യമില്ല.അവര്‍ ശരിയായത് ചെയ്യുന്നു എന്നല്ല.അവരൊട് പറഞ്ഞിട്ട് കാര്യമില്ല..
    കെന്നഡി ചെക്കന്‍ പറഞ്ഞ പോലെ..
    "What you can do for the country?.."

    ReplyDelete
  12. റബര്‍ എങ്ങനെയാണു കൃഷി ആകുന്നതെന്ന് എനിക്ക്‌ എത്ര ആലോചിചിട്ടും മനസ്സിലകുന്നില്ല. മണ്ണില്‍ ഉണ്ടാകുന്നതുകൊണ്ടാകുമോ?
    കൃഷിക്കാരന്‍ ബഹുമനിക്കപ്പെടുന്നത്‌, അല്ലെങ്ഗില്‍ ബഹുമാനിക്കപ്പെടേണ്ടത്‌, ഒരു ജനതയെ തീറ്റിപ്പോറ്റുന്നതുകൊണ്ടാണു. കൃഷിയുടെ ഉല്‍പ്പാദനപ്രക്രിയ ഉപയോഗിക്കുന്നു എന്നതുകൊണ്ടു റബര്‍ ഒരു ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്‌ അകാതിരിക്കുന്നില്ല. ഇന്‍ഡസ്ട്രി അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ഒരു പരിഗനണയും റബര്‍ ഉല്‍പ്പാദകര്‍ (റബര്‍ കൃഷിക്കരാല്ല) അര്‍ഹിക്കുന്നുമില്ല.

    ReplyDelete
  13. റബറെന്നല്ല ഒറ്റവിള‍ ഒരു പ്രദേശമാകെ നട്ടുവളര്‍ത്തുന്ന ഒന്നിനെയും കൃഷിയെന്ന നിര്‍വചനത്തില്‍ പെടുത്താന്‍ പാടില്ല എന്നാണെന്റെ അഭിപ്രായം.

    ReplyDelete
  14. റബറെന്നല്ല ഒറ്റവിള‍ ഒരു പ്രദേശമാകെ നട്ടുവളര്‍ത്തുന്ന ഒന്നിനെയും കൃഷിയെന്ന നിര്‍വചനത്തില്‍ പെടുത്താന്‍ പാടില്ല എന്നാണെന്റെ അഭിപ്രായം.


    ഞാന്‍ ഇതിനോട്‌ യോജിക്കുന്നില്ല. എങ്ങനെ അങ്ങനെയെങ്കില്‍ നമ്മുടെ ഭക്ഷ്യവിളകള്‍ മിക്കതും അങ്ങനെ ആണ്‌ കൃഷി ചെയ്യുന്നത്‌. (ഉദാ: നെല്ല്‌) പക്ഷെ റബര്‍ കൃഷി ഒരു നാണ്യ വിള ആയത്‌ കൊണ്ട്‌ എന്റെ അഭിപ്രായത്തില്‍ ഭക്ഷ്യ വിളകള്‍ക്ക്‌ കൊടുക്കുന്ന പ്രാധാന്യം അതിനു കൊടുക്കരുത്‌. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്‌ നെല്‍കൃഷിക്കാണ്‌.

    എല്ലാവരും റബ്ബര്‍ കൃഷി ചെയ്താല്‍ നാളെ നമുക്ക്‌ റബ്ബര്‍ തിന്ന്‌ ജീവിക്കേണ്ടി വരും.

    ReplyDelete
  15. യഥാർത്ഥ കർഷകന്‌ ആത്മഹത്യയുടെ ആവശ്യമില്ല. എന്നാൽ കർഷകന്റെ മക്കളെ കല്യാണം കഴിപ്പിച്ചയക്കാൻ ഒരു കാർഷിക വായ്പ എടുക്കുന്നതിൽ എന്താണ്‌ തെറ്റ്‌? അത്‌ കർഷകനെക്കൊണ്ട്‌ തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന്‌ കൊടുക്കുന്നവർക്കും നോക്കുവാനുള്ള ബാധ്യതയുണ്ട്‌. ഞാൻ വായ്പയെടുത്തപ്പോൾ എന്നോട്‌ ബാങ്ക്‌ ഉദ്യോഗസ്ഥൻ പറഞ്ഞത്‌ മുഴുവൻ വസ്തുവിന്റെയും ജാമ്യത്തിൽ വായ്പയെടുത്താൽ നാലുവശവും വേലി കെട്ടുവാനുള്ള വായ്പയും കിട്ടും എന്നാണ്‌. എന്നാൽ ഞാനതിന്‌ വഴങ്ങിയില്ല. അതുകൊണ്ട്‌ എന്റെ വായ്പ വസ്തുവിന്റെ ഒരു ഭാഗം വിറ്റ്‌ അടയ്ക്കാൻ കഴിഞ്ഞു. കാർഷിക വായ്പയ്ക്ക്‌ പലിസ കൂടുതലാണ്‌. വാഹന വായ്പയ്ക്ക്‌ പലിശ വളരെ കുറവാണ്‌. ആവശ്യമില്ലാത്ത കാര്യങ്ങൾ ബോണ്ടിൽ എഴുതി ചേർത്ത്‌ ഒപ്പീടുവിച്ച്‌ വായ്പ്പകൾ കൊടുക്കുന്നു. വായ്പയെടുത്ത്‌ കൃഷിചെയ്യുന്ന കർഷകന്‌ കിട്ടുന്ന ലാഭം മുഴുവൻ പലിശയായടച്ച്‌ തീരും. അതിനാൽ വായ്പയെടുക്കാത്ത കർഷകന്‌ ആത്മഹത്യ ചെയ്യേണ്ടി വരില്ല. ബാങ്കുകൾ വളരുന്നത്‌ അമിത ലാഭം ഉണ്ടാക്കി തന്നെയാണ്‌. അരിയും ഗോതമ്പും കയറ്റുമതിയും അവ തിരികെ ഇറക്കുമതിയും എന്തിനാണ്‌? ഇളവുകൾകൊണ്ട്‌ പലരും കോടികൾ ഉണ്ടാക്കുന്നു. എന്റെ പെൻഷൻ 20 വർഷം കൊണ്ട്‌ 8 ഇരട്ടി വർധിച്ചപ്പോൾ റബ്ബറോഴികെ മറ്റ്‌ വിളകൾക്കൊന്നു അത്തരത്തിൽ ഒരു വർദ്ധനവ്‌ കാനുന്നില്ല. 1985 നൂറ്‌ നാളികേരത്തിന്റെ വില തന്നെയാണ്‌ ഇപ്പോഴും കിട്ടുക. കർഷകരുടെ ബാധ്യതയാണോ മറ്റുള്ളവരെ തീറ്റിപൊറ്റേണ്ടത്‌. എങ്കിൽ അവരെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ്‌? എല്ലാപേർക്കും സ്വാർത്ഥതയാണ്‌ അതാണ്‌ ഇതിനെല്ലാം കാരണം.

    "ഒരിക്കൽ ഞാൻ കാർഷിക വായ്പയെടുത്തു. തന്ന ബാങ്ക്‌ എന്നെ മറക്കില്ല. ഇനി ഞാൻ കാർഷിക വായ്പയെടുക്കില്ല. ഇതാണൊരു പരിഹാരം."

    ReplyDelete
  16. വ്യക്തമായ ഒരു പ്ലാനിംഗ് ഇല്ലാത്തതും ദീര്‍ഘവീഷണമില്ലാത്തതും പെട്ടെന്ന് കാശുണ്ടാക്കാന്‍ പറ്റുമെന്നോര്‍ത്ത് ചിലതിന്റെ പിന്നാലെ പോകുന്നതും ക്ഷമയില്ലാത്തതും കുറച്ചൊക്കെ കാരണമാവുന്നില്ലേ എന്നൊരു സംശയം.

    പണ്ട് കൊക്കോ എന്ന് കേട്ട് എല്ലാം വെട്ടിക്കളഞ്ഞ് കൊക്കോ പിടിപ്പിച്ചു... കുറച്ച് കഴിഞ്ഞപ്പോള്‍ അത് തീര്‍ന്നു. ഈയിടെ പെട്ടെന്ന് പണക്കാരനാകാന്‍ വാനില പിടിപ്പിച്ചു. വാനില പടര്‍ത്തുന്ന മുളങ്കമ്പിനുവരെ പൊള്ളുന്ന വില. മഡഗാസ്‌കറില്‍ പേമാരിയും വെള്ളപ്പൊക്കവും കൊടുങ്കാറ്റുമൊക്കെ ഉണ്ടാകണേ എന്ന് നമ്മള്‍ ആത്‌മാര്‍ത്ഥമായി പ്രാ‍ര്‍ത്ഥിച്ചു-വാനിലയുടെ വില കുതിച്ചുയരാന്‍. അവസാനം അതും തീര്‍ന്നു.

    ഇങ്ങിനെ ഓരോ കൃഷി പൊട്ടുമ്പോഴും നമ്മള്‍ മുഖപ്രസംഗവും എഴുതും-കൊക്കോ കര്‍ഷകരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണം; വാനില കര്‍ഷകരെ സര്‍ക്കാര്‍ നോക്കിക്കൊള്ളണം എന്നൊക്കെ പറഞ്ഞ്. അത് അതിന്റെ ഒരു വശം.

    ചന്ദ്രേട്ടന്‍ പറഞ്ഞതു പ്രകാരം കര്‍ഷകന്റെ മക്കളെ കല്ല്യാണം കഴിപ്പിച്ചയക്കാന്‍ കര്‍ഷകന്‍ ഇത്രയും പലിശ കൊടുത്ത് കാര്‍ഷിക വായ്‌പ തന്നെയാണോ എടുക്കേണ്ടത്. വേറേ വഴിയില്ലെങ്കില്‍ പിന്നെന്തു ചെയ്യുമെന്നുള്ളത് ഒരു ചോദ്യം. പക്ഷേ....

    അതുപോലെ കര്‍ഷകന്റെ സമ്പ്യാദമായ വസ്തു വിറ്റ് വായ്‌പ അടച്ചുതീര്‍ക്കേണ്ടി വരുന്നതും കഷ്‌ടം തന്നെ.

    കര്‍ഷകര്‍ നിസ്വാര്‍ത്ഥമായി ആള്‍ക്കാരെ തീറ്റിപ്പോറ്റണമെന്നല്ലല്ലോ. കര്‍ഷകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന്റെ പ്രതിഫലം മറ്റേതു മേഘലയിലേയും പോലെ കിട്ടണം. പക്ഷേ അവരുടെ പ്രവര്‍ത്തി മറ്റു പല മേഘലകളിലുമുള്ളവരെക്കാളും ദിവ്യമായ ഒരു കാര്യമാണെന്നുള്ള അംഗീകാരം അവര്‍ക്ക് കിട്ടണം. കാരണം, ആള്‍ക്കാരുടെ ഭക്ഷണത്തിന്റെ കാര്യമാണ് അവര്‍ ചെയ്യുന്നത്.

    എല്‍‌ജി 75 രൂപാ എന്നു പറഞ്ഞത് ഞാന്‍ എവിടെയൊക്കെ നോക്കിയിട്ടും അക്കാലത്ത് അറുപത് റേഞ്ചിലേ റബ്ബറിനു വിലയുണ്ടായിരുന്നുള്ളൂ എന്നാണ് തോന്നുന്നത്. ആത്‌മഹത്യയും പ്രാദേശികതയും തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ല. പക്ഷേ ചെയ്യുന്ന കൃഷിയും ആത്‌മഹത്യയുമായി ബന്ധമുണ്ടാവാം. മുപ്പതു രൂപാ നിന്ന റബ്ബറിന് അറുപതു രൂപ ആയപ്പോള്‍ മുപ്പതു രൂപാ കര്‍ഷകന് ബോണസ്സായിരുന്നു. ആ ബോണസ്സുകൊണ്ടാണ് അവര്‍ മഹീന്ദ്രയും മാരുതിയുമൊക്കെ വാങ്ങിച്ചത്. അത് താന്ന് നാല്‍‌പത്തന്‍ഞ്ചും നാല്‍പ്പതുമൊക്കെ ആയപ്പോഴും ബോണസ്സ് കുറഞ്ഞെന്നേ ഉള്ളൂ (വെട്ടുകൂലി കൂടി-പക്ഷേ വിലകൂടി -വില കുറഞ്ഞ കാലത്തും കര്‍ഷകന് നഷ്ടം വരത്തക്കവണ്ണമുള്ള കൂടല്‍ ഉണ്ടായില്ലാ എന്ന് തോന്നുന്നു. പലരും സ്വയം വെട്ടാനും തുടങ്ങി, പിന്നെ)പക്ഷേ ആത്‌മഹത്യയിലേക്ക് നയിക്കുന്ന ഒരു സ്ഥിതിവിശേഷം അപ്പോഴും ഉണ്ടായില്ല.

    പിന്നെ ആത്‌മഹത്യയുടെ മനഃശ്ശാസ്ത്രം മൊത്തമായി ആര്‍ക്കും പിടികിട്ടിയിട്ടില്ലാ എന്ന് തോന്നുന്നു.

    എന്തായാലും ഇതിനൊരു അറുതി വരുത്തണം. അതിന് ആരൊക്കെ മുന്നിട്ടിറങ്ങണോ അവരൊക്കെ ഇറങ്ങണം. ഇന്നും ഒരു കുടുംബം ആത്‌മഹത്യ ചെയ്തു. രാഷ്ട്രീയമായും സാംസ്കാരികമായും മതപരമായും ചെയ്യാവുന്നതെല്ലാം ചെയ്യേണ്ടിയിരിക്കുന്നു.

    ReplyDelete
  17. വക്കാരിക്കാക്കാ...ഇങ്ങടെ കജ്ജില് ഒതുങ്ങാത്തദായിറ്റ് ഈ ദുനിയാവുമ്മല് ഏത് സംബവാണ് ള്ളത് ? അല്ല ങ്ങള് പറയീന്ന്...
    അപ്പോഴേക്കും അതിന്റെ മുകളില്‍ ഗവേഷണം നടത്തി. പുലി തന്നെ.

    ഉഗ്രന്‍ കമന്റ്!!

    ReplyDelete
  18. വാക്കാരീ ഇതിവിടെയിട്ടതു നന്നായി, കുറെനാളുകളായിട്ടിതു എന്നും ഒരു വാര്‍ത്തയാണ്. പ്രധാന വില്ലന്‍ കിരണ്‍ പറഞ്ഞതു പോലെ ഉപഭോഗ സംസ്കാരം തന്നെ. മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കാന്‍(വയനാട്ടിലെ കര്‍ഷകര്‍ അന്നന്നത്തെ അന്നത്തിനു വേണ്ടിയാവാം എനിക്കറിയില്ല)പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ അയല്‍വാസിയുടെ വിദേശപ്പണവും ഒരുവനെ വായ്പയെടുക്കാനും മുന്തിയയിനം സാധനങ്ങളൊക്കെ വാങ്ങിക്കാനും പ്രേരിപ്പിക്കുന്നു എങ്ങനെ തിരിച്ചടക്കും എന്നു ചിന്തിക്കാതെ.

    പലരും “രണ്ട് ഉണ്ടാക്കുക” “ഒന്ന്, മാക്സിമം രണ്ട്” ചിലവാക്കുക എന്നതിനു പകരം ഒന്നും ഉണ്ടാക്കാതെ വായ്പയെടുത്തു രണ്ട് ചിലവാക്കുക എന്നത് ഒരു രീതിയാണിപ്പൊള്‍.

    നാട്ടില്‍ ഒരു ബൈക്കും കാറും വാങ്ങാനുള്ള വരുമാനമില്ലത്തവരെ തപ്പി വാഹന ബിസിനസ്സുകാര്‍ നടക്കുന്നു - ഫുള്‍ ക്രെഡിറ്റില്‍ ഏതു വണ്ടിയും എടുത്തോ എന്നും പറഞ്ഞ് പിന്നെ അവനു കിട്ടുന്നതും മുഴുവന്‍ പിടിച്ചു വാങ്ങുന്നു.

    പലപ്പോഴും മലയാളിയുടെ മനസ്സാണു ശരിയല്ലാത്തത് - മറ്റുള്ളവരുമായി തട്ടിച്ചു നോക്കി സങ്കടപ്പെട്ടു ജീവിക്കുന്ന മലയാളിയുടെ.

    ഗ്ലൊബലൈസേഷനും ഒട്ടേറെ ചീത്ത വശങ്ങള്‍ സമ്മാനിക്കുന്നു. പാവങ്ങള്‍ക്കു തോക്കും, പീരിങ്കിയുമൊക്കെ കൊടുത്തിട്ട് അവരുല്പാദിപ്പിക്കുന്നതെല്ലാം അനുഭവിക്കുന്ന പാശ്ചാത്യര്‍ ‘ഡാര്‍വ്വിന്‍സ് നൈറ്റ്മെയറില്‍“ പറയുന്നതു പോലെ. ഞാന്‍ കണ്ടതില്‍ ഏറ്റവും ഭീകരമെന്നു തോന്നിയ ഫിലിം. ഇതു കാണുക
    http://www.darwinsnightmare.com/

    ReplyDelete
  19. ഇനിയൊരിക്കല്‍ വാര്‍ത്തയില്‍ നിറയുന്ന ആത്മഹത്യ വാര്‍ത്ത കര്‍ഷകരുടേതായിരിക്കില്ല. ഉപഭോഗ സംസ്കാരത്തിന്റെ ഏറ്റവും വലിയ ഇരകള്‍‍ സോഫ്റ്റ്‌വെയര് എഞ്ചിനിയര്‍‌മാര്‍ അടക്കമുള്ള M.N.C ‍‍ജോലിക്കാരാണ്. ശമ്പളത്തോത് അഞ്ചക്കവും ആറക്കവും ഒക്കെ ആയി മാറിയപ്പോള്‍, കാറ്റുള്ളപ്പോള്‍ പാറ്റാന്‍ നിക്കുന്ന സ്വകാര്യ ബാങ്കുകള്‍ ചവറു പോലെയാണ് ഇവര്‍ക്ക്‌ ലോണ്‍ അനുവദിക്കുന്നത്‌. കാറും വീടും കമ്പ്യൂട്ടറും എന്തിന് , മോഡുലാര്‍ അടുക്കള വരെ ലോണിലാണ്. മാസം അമ്പതിനയിരം കിട്ടുമ്പോള്‍ അതിലൊരു ഇരുപത് ലോണിനു പോയാലും പുല്ല്‌ എന്നാണ് എല്ലാവരും വിചാരിക്കുന്നത്‌. ഇനി ഒരു റിസഷന്‍ വന്നാല്‍ - അമേരിക്കന്‍ പ്രദേശത്ത്‌ ഏതെങ്കിലും ഒരു ഷോപ്പിങ്ങ് സെന്ററില്‍ ആരെങ്കിലും ബോംബിട്ടാല്‍- അതു മതി.. കര്‍ഷകരുടെ സ്ഥാനത്ത് നമ്മളായിരിക്കും...

    ReplyDelete
  20. >>ആത്‌മഹത്യയും പ്രാദേശികതയും തമ്മില്‍ >>ബന്ധമുണ്ടോ എന്നറിയില്ല.
    അങ്ങിനെ ഒരു ബന്ധം ഞാന്‍ ഉദ്ദേശിച്ചില്ല. പക്ഷെ ഇവിടങ്ങളില്‍ ഒക്കെ വില കുറയുമ്പൊഴും,
    പട്ടിണി ആവുമ്പോഴും ഇവിടെ ആത്മഹത്യാ ഇല്ലായിരുന്നു എന്നാണ് സൂചിപ്പിച്ചത്. എങ്ങിനെ എങ്കിലും ജീവിക്കും എന്നൊരു ആത്മധൈര്യവും ആത്മ്ഹത്യാ ഒന്നിനുമുള്ള പോംവഴിയല്ലാന്നുള്ള
    ‘വിവരവും’ ആവാം..

    പിന്നെ, വളരെ ശരിയാണ് ..കൂട്ടു കൃഷിയാണ് ഒരെണ്ണം മാത്രം കൃഷി ചെയ്യുന്നതിനേക്കാള്‍ എപ്പോഴും നല്ലത്. മാത്രമല്ല ഇടവിളകള്‍, തേനീച്ച വളര്‍ത്തല്‍,മീന്‍ വളര്‍ത്തല്‍ എന്നിങ്ങിനെ കൃഷി ഭൂമി നല്ലവണ്ണം മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്താല്‍ ഭൂമി ഒരിക്കലും
    ചതിക്കില്ലാന്ന് അറിവുള്ളവര്‍ എപ്പോഴും പറയുന്നു. പക്ഷെ ആര് കേള്‍ക്കാന്‍? കൃഷി ഭവനുകള്‍ ഇതിനേക്കുറിച്ചെപ്പോഴും പറയുന്നു എന്നാണ് എന്റെ അറിവു. അതു കേള്‍ക്കാനുള്ള മനസ്സൊ ക്ഷമയോ അല്ലെങ്കില്‍ ഇതു എനിക്ക് ഗുണമുള്ളത് എന്ന് അറിയാനുള്ള ‘അറിവൊ’ ഇല്ലാണ്ട് വരുന്നു.ഭീമമായ തുകകള്‍ വായ്പ് എടുക്കുന്നു..
    മണ്ണിനെ ശിക്ഷിക്കുന്നു..മണ്ണ് ചതിക്കുന്നു.
    അതുപോലെ ഭീകരമാണ് ..ഗ്രീന്‍ സംതിങ്ങ് എന്ന് പറഞ്ഞ്, ലാഭകൊതിയില്‍ കൃഷി ഇടങ്ങള്‍ മൊത്തം മാരകമായ വിഷം വാരി സ്വയം വിതറിയത്.. മണ്ണിനെ അറിയുന്നവന്‍ ഒരിക്കലും ചെയ്യാത്തത്. ഇപ്പോള്‍ പലരും അറിഞ്ഞ് പിടിച്ചു വരുമ്പോഴെക്കും കാന്‍സര്‍ മുതലായ മാരക അസുഖങ്ങളും വന്ന് ചേര്‍ന്നു.

    പിന്നെ ഇതൊന്നുമല്ലാതെ തന്നെ എല്ലാം ചെയ്തിട്ടും ഭീകരമായി നഷ്ടം വന്നിട്ടുള്ളവരേയും ഓര്‍ക്കണം.
    പക്ഷെ എല്ലാവരും അത്മഹതയ് ചെയ്യുന്നില്ല. പിന്നെ പലരും ചെയ്യുന്നത്,ഇവരില്‍ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ ഗവണ്മെന്റ് കുടുമ്പത്തിനു ഒരു നഷ്ടപരിഹരം ഡികളേര്‍ ചെയ്യും..അതു മാത്രം കണ്ട് കൊണ്ടു ആത്മഹത്യ ചെയ്തവര്‍ അനവധി. അതു പാ‍പത്തിനു അലെങ്കില്‍ വിഡ്ഡിത്തതിന് സമ്മാനം കൊടുക്കുന്ന പോലെ.

    ReplyDelete
  21. തല മറന്ന് ഹെയറോയില്‍ തേച്ചാല്‍ റബ്ബര്‍ കര്‍ഷകനും ഡീബഗ്ഗര്‍ കര്‍ഷകനും ഒക്കെ ഗോപി .

    ReplyDelete
  22. അപ്പോള്‍ പിന്നെ വിവരവും പ്രാദേശികതയും തമ്മില്‍ ബന്ധമുണ്ടോ എന്ന് നോക്കേണ്ടി വരും. കാഞ്ഞിരപ്പള്ളിക്കാരനുള്ള “വിവരം” എന്തുകൊണ്ട് വയനാട്ടുകാരനില്ല? കാഞ്ഞിരപ്പള്ളിക്കാരനുള്ള ആത്‌മധൈര്യം എന്തുകൊണ്ട് വയനാട്ടുകാരനില്ല? പക്ഷേ....

    റബ്ബറിനു വില കുറഞ്ഞതുമൂലം മാത്രമുണ്ടായ പട്ടിണിയുടെ കാര്യവും ശരിക്കറിയില്ല. കൂടുതലും അവിടെ നടന്നത് കൂടിയ വില കുറഞ്ഞു എന്നുള്ളതായിരുന്നു എന്നു തോന്നുന്നു. ശരിക്കറിയില്ല.

    നേരത്തേ പറഞ്ഞതുപോലെ ആത്‌മഹത്യയുടെ മനഃശ്ശാസ്ത്രം വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ എന്നുള്ള സംശയം കാരണം കിട്ടാന്‍ പോകുന്ന നഷ്‌ടപരിഹാരമോര്‍ത്താണോ ഒരു കുടുംബം ഒന്നടങ്കമൊക്കെ ആത്‌മഹത്യ ചെയ്യുന്നതെന്ന് പിന്നെയും സംശയം.

    ക്ഷമ, അത്യാവശ്യം വേണ്ട സംഗതി തന്നെ.

    ReplyDelete
  23. ബിരിയാണിക്കുട്ട്യെ,

    ഇവിടെ ഈ അമേരിക്കയില്‍ ലോണ്‍ കൊണ്ടാണ് സകല മാന മനുഷ്യരും ജീവിക്കുന്നത്. ഒരു ചീട്ട് കൊട്ടാരം പോലെയാണ് ഇവരുടെ മിക്കോരുടെയും ബഡ്ജറ്റും സമ്പാദ്യ ശീലവും..പക്ഷെ, അതുകൊണ്ട് എകോണമി വളരെ അധികം വളരുന്നു..ഇന്‍വെസ്റ്റ്മെന്റ് ഉണ്ടാവുന്നു. ഈവണ്‍ ഒരു മെക് ഡോണാള്‍സില്‍ ജോലി ചെയ്യുന്ന ഒരുത്തനും ഒരു കാറും, ഒരു ചെറിയ വീടും സ്വന്തമാക്കാം..പക്ഷെ 30 വര്‍ഷത്തെ ലോണില്‍ അവന്‍ ജീവിതകാലും മുഴുവന്‍ അതിനു വേണ്ടി ജോലി ചെയ്യുന്നു..
    അങ്ങിനെ അവന്‍ പരോക്ഷമായി സമ്പാധിക്കുന്നു.
    അവന്‍ കാരണം പല പല ഇന്റ്സ്ട്രികള്‍ വളരുന്നു ഈ നാട്ടില്‍.

    വക്കരീചേട്ടന്റെ നാട്ടില്‍ എല്ലാവര്‍ക്കും മുടിഞ്ഞ സമ്പാദ്യ ശീലമാണ്. എന്ന് വെച്ചാല്‍ പൈസ കൂട്ടി കൂട്ടി വെക്കും..അതുകൊണ്ട് കുറേ അധികം
    നാളുകള്‍ വരെ അവര്‍ക്കു എക്കോണമക്കില്‍ ഗ്രോത്ത് ഇല്ലായിരുന്നു..അതുപോലെ തന്നേയാണ് നമ്മുടെ നാട്ടിലും. കിട്ടുന്ന പൈസ ഇങ്ങിനെ മാര്‍കെറ്റിലേക്ക് തിരികെ ഇടുമ്പോള്‍ ആണ് ആ എകോണമി വളരുന്നത്. പിന്നെ എല്ലാത്തിനും ഒരു നിയമം ഉണ്ട്. ചുമ്മാ വാരികോരി ലോണ്‍ എറ്റുക്കുന്നതും ഒരു വിഡ്ഡിത്തം ആണ്.

    ReplyDelete
  24. >>റബ്ബറിനു വില കുറഞ്ഞതുമൂലം മാത്രമുണ്ടായ >>പട്ടിണിയുടെ കാര്യവും ശരിക്കറിയില്ല.
    നമ്മള്‍ ഈ എപ്പോഴും കേള്‍ക്കുന്ന റബ്ബര്‍ മുതലാളിമാരല്ലാതെ ഒന്നും രണ്ടും മാത്രം ഏക്കറുകളുള്ള ഒരുപാടു പേരുണ്ട് .. റബ്ബറിനു 23 രൂപ ആയപ്പോള്‍ വെട്ടുകൂലി പോലും കൊടുക്കാന്‍ ഇല്ലാണ്ട്...സ്വയം റബ്ബര്‍ വെട്ടിയവര്‍.

    ഹൊ! ഒരു ഉദാഹരണം പറഞ്ഞു എന്നേ ഉള്ളൂ.. അല്ലാണ്ട് അതു ദയവു ചെയ്തു പ്രാദേശികമാക്കല്ലെ എന്റെ പൊന്ന് വക്കാരിചേട്ടാ..എന്നാല്‍ നമുക്കു കൊല്ലത്ത് കശുവണ്ടി തോഴിലാളികള്‍ ആത്മ്ഹത്യ
    ചെയ്യുന്നില്ലാന്ന് ആക്കാം ഉദാഹരണം :)

    ReplyDelete
  25. അയ്യോ എല്‍‌ജീ, പ്രാദേശികമാക്കിയതല്ല. പക്ഷേ പരോക്ഷമായി അതില്‍ ചില കാര്യങ്ങള്‍ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അത് പ്രദേശവുമായി ബന്ധപ്പെട്ടല്ലെങ്കിലും.

    എന്തായാലും ഈ ആത്‌മഹത്യകള്‍ വല്ലാതെ ഡിസ്റ്റര്‍‌ബ് ചെയ്യുന്നു. എങ്ങിനെ ഇത് ഇല്ലാതാക്കാം എന്നാണ്....

    ReplyDelete
  26. പണ്ട് ഒരു സാക്ഷരതാ സ്റ്റഡി ക്ലാസ് നടത്തിയപോലെ ഒരു ‘സേ നോ റ്റൊ സ്യൂയിസൈഡ് ‘ എന്ന് വല്ലോം ഒരു ചവിട്ട് നാടകമൊ മറ്റൊ...

    ReplyDelete
  27. L.G. യെ അമേരിക്കയെയും ഇന്ത്യയെയും തമ്മില്‍ താരതമ്മ്യം ചെയ്യരുതെ. നമ്മുടെയപ്പന്‍ അയല്പക്കത്തെ ആള്‍കാരെ ചൂഷണം ചെയ്തും അവര്‍ക്കുള്ളത് ഒതുക്കത്തില്‍ കൈക്കലാക്കിയും സമ്പാദിച്ചു വക്കുന്നുണ്ടെങ്കില്‍ നമുക്കും എന്തു റിസ്കും എടുത്തു കളിക്കാം കാരണം നമുക്ക് റിസര്‍വ്വുണ്ടല്ലൊ ഒന്നുമില്ലാത്തവന്‍ എന്തു കണ്ട് കളിക്കും? അമേരിക്കയില്‍ എല്ലാ റിസര്‍വ്വും ഉണ്ടല്ലോ ഇപ്പൊ ഗള്‍ഫീന്നുള്ള എണ്ണയും. ജോലിപോയാലും ഗവണ്മെന്‍റ് നിന്നു പിടിക്കാനുള്ള കാശ് മാസാമാസം കൊടുക്കും ഇന്ത്യയില്‍ പോയാല്‍ പോക്കാ - നിലയില്ലാത്ത പോക്ക് ആത്മഹത്യയിലേക്കും മറ്റും. അവിടെ ദുര്‍മ്മേദസ്സുള്ളവര്‍ വളരെയധികമാണന്നല്ലെ? മറ്റുള്ളവനും കൂടി കൊടുക്കാനുള്ളതും കൂടി ഒറ്റക്ക് അടിച്ചു കയറ്റി ഭൂമിക്കും ഭാരമായി ജീവിക്കുന്നവര്‍!:-)

    ReplyDelete
  28. കൃഷി പലര്‍ക്കും ഒരു ജീവിത മാര്‍ഗ്ഗമാണ്.. പണ്ട് വിജയകരമായി നടത്തിക്കൊണ്ടു പോയ പല കൃഷികളും ഇന്നു നഷ്ടത്തില്‍ കലാശിക്കുന്നു.. വെറെ മാര്‍ഗ്ഗം മുന്‍പില്‍ ഇല്ലാത്തതു കൊണ്ട് പിന്നെയും കടം വാങ്ങി അവന്‍ ഒന്നു കൂടി കൃഷിയിറക്കുന്നു.. പ്രകൃതിയോ മാര്‍ക്കെറ്റോ ചതിച്ചാല്‍ കടം വീട്ടാന്‍ പറ്റാതാകുന്നു...നിരാശ..ആത്മഹത്യ..

    - കേരളത്തില്‍ വിജായകരമായി നടത്തികൊണ്ട്പോകാന്‍ പറ്റിയ കാര്‍ഷിക മേഖലകള്‍ കണ്ടെത്തുക.
    - കര്‍ഷകര്‍ക്കു ആവശ്യമായ ടെക്ക് സഹായം നല്‍ക്കുക
    - ബാങ്കുകള്‍ ഉദാരമായ വ്യവസ്തകളില്‍ വായ്പ്പ നല്‍കുക
    - ഗവണ്മെന്റ് വിളകള്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക
    - ഗവണ്മെന്റ് ഉല്പ്ന്നം വിറ്റഴിക്കാന്‍ നല്ല വിപണി സാഹചര്യങ്ങള്‍ ഒരുക്കുക

    ഇതൊക്കെ നന്നായി ചെയ്യാമെങ്കില്‍ ഇവിടെ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യെണ്ട ഗതികേട് ഉണ്ടാകില്ല. കുറഞ്ഞ പക്ഷം വിളകള്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെങ്കില്‍ നഷ്ടം ഇല്ലാതെ അടുത്ത വിളവെറക്കാന്‍ സാധിക്കും.

    കേരള കര്‍ഷകര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു പ്രധാന്‍ പ്രശ്നം ‘ കൃഷി ഭൂമിയുടെ ദൌര്‍ലഭ്യത’ ആയിരിക്കും.. കൂട്ടുകുടുംബങ്ങള്‍ മാറി അണു കുടുംബങ്ങള്‍ വരുമ്പോള്‍ (കൃഷി) ഭൂമി വിഭജിക്കപ്പെടുന്നു.. പുതു വീടുകള്‍ ഉണ്ടാകുന്നു..

    ReplyDelete
  29. ഞാനിത്തിരി ലേറ്റ് ആയല്ലെ? എന്നാലും ഈ നീറുന്ന പ്രശ്നത്തില്‍ എന്റെ എളിയ ചിന്തകള്‍ കൂടി കിടക്കട്ടെ...
    1. റബര്‍ കൃഷി ചെയ്യുന്ന വന്കിട കര്‍ഷകര്‍ (planters) നു എല്ലാം ലാഭമാണ്. അവര്‍ക്കു കൃഷിയുടെ പേരില്‍ ആത്മഹത്യ ആവശ്യമായി വരില്ല.
    2. കൃഷിയുടെ അഥവാ കാര്‍ഷിക കടത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നവര്‍ ആവറേജ് രീതിയില്‍ റബറൊ മട്ടു കാര്‍ഷിക വിളകളൊ കൃഷി ചെയുന്നവാരണ്.
    3. കടത്തിനു പ്രധാനമായും രണ്ടു കാരണങ്ങള്‍ ഉണ്ടാകാം
    ഒന്ന്. കൃഷി തുടങാന്‍ മൂലധനമില്ലത്ത അവസ്ഥ.
    രണ്ട്. കുറച്ചു ഭൂമി ഉള്ള ആള്‍ക്ക് വേറെ എന്തെങ്കിലും ഒഴിച്ചു കൂടാനാവാത്ത ആവശ്യം (ഉദാ: പെണ്മക്കളുടെ കല്യാണം)
    രണ്ടിന്നും കുറച്ചെങ്കിലും ഭൂമി ഉള്ള ആള്‍ കാര്‍ഷിക ബാങ്കിന്റെ ആസ്രയിക്കുനു.
    4. ഇവിടെ ചന്ദ്രേട്ടന്‍ പറഞ്ഞതില്‍ നിനും വ്യത്യസ്തമായണ് കര്‍ഷകര്‍ ചിന്തിക്കുന്നത്. അവര്‍ക്കു കിട്ടാവുന്നതില്‍ കുറഞ്ഞ പലിശ കാര്‍ഷിക ബാങ്കിലാണ് (വാഹനം മിക്ക കര്‍ഷകനും കാണില്ല)
    മകളെ കെട്ടിക്കാന്‍ കാര്‍ഷിക വായ്പ്പ എടുക്കാമൊ? എന്ന ചോദ്യം നമ്മുക്കു പ്രസക്തമായേക്കാം. പ്കഷെ ആ സമയം എങനെകിലും ഈ കല്യണം നടക്കനേ എന്നു പ്രത്ഥിക്കുന്ന കര്‍ഷകന്‍ കാര്‍ഷിക വയ്പ്പയേ എടുക്കൂ.
    5. അപ്പോള്‍‍ കര്‍ഷകര്‍ ഈ കടം അടക്കാന്‍ വയ്യതെ ആത്മഹത്യ ചെയ്യുന്ന സാഹചര്യം മൂന്ന്.
    ഒന്ന്. കൃഷി പരാജയം.
    രണ്ട്. കൃഷി വിജയിച്ചാലും ഉദ്ദേശിച്ച വില കിട്ടത്ത അവസ്ഥ (പകുതി പോലും)
    മൂന്ന്. മകളുടെ കല്യാണത്തിനു എടുത്ത പണം(അല്ലെങ്കില്‍ മറ്റെന്തിനൊ) ‍തിരിച്ചടക്കാന്‍ വിചാരിച്ചിരുന്ന എന്തൊ ഒരു സാഹചര്യം ഇപ്പൊള്‍ ഇല്ല.
    ഇതില്‍ മൂന്നാമത്തെ കാര്യത്തില്‍ ഒരു കര്‍ഷ്കന്റെ കാര്യത്തില്‍ എന്ന പോലെ ഗവണ്മെന്റിനു ഇടപെടാന്‍ പറ്റില്ല എന്നതിന്നാല്‍ അതിനിടെ ചര്‍ച്ചയില്ല് നിനും ഒഴിവാക്കാം.
    ഒരു ശരശരി കര്‍ഷകന്‍ ദൂര്‍ത്തനാവില്ല. മാരുതിയും മറ്റും വാങിയതു ആദ്യം പറഞ്ഞ പ്ലാന്റേഴ്സ് ആയിരുന്നു.
    ഇനി മേലെ പറഞ്ഞ രണ്ട് ആത്മഹത്യകല്‍ ഒഴിവാക്കന്‍ ഒരുപാടു കാര്യങല്‍ ആത്മാര്‍ത്ഥതയുള്ള ഗവണ്മെന്റിനു നടപ്പക്കാ‍മ്
    1. കാര്‍ഷിക പലിശ കുറക്കുക (ചന്ദ്രേട്ടന്‍ പറഞ്ഞ പോലെ)
    2. കാര്‍ഷിക സബ്സിഡി.
    3. കാര്‍ഷിക വിളകളുടെ സംഭരണം.
    4. നേരിട്ടുള്ള വിതരണം ( ഇടനിലക്കരെ ഒഴിവാക്കല്‍, അതിനെന്തൊ സവിധാനം ഉണ്ടായിരുന്നു 3-4 വര്‍ഷം മുന്‍പ്)
    5. കാര്‍ഷിക ഉല്‍പ്പന്നങലുടെ മിനിമം വില നിശ്ചയിക്കല്‍
    ഇതില്‍ അവസാനം പറഞതു മാത്രം ചെയ്തല്‍ വയനാട്ടില്‍ കര്‍ഷകന്‍ കുരുമുളകു കൂട്ടിയിട്ടു ആത്മഹത്യ ചെയ്തതു പോലുള്ള സംഭവങല്‍ ഒഴിവാക്കാം.
    ഇനി ഗവണ്മെന്റിനു നിഷ്ക്രിയരാണെകില്‍ നമുക്കു എന്തു ചെയ്യാനകും എന്ന്. ഒരുപാടൊന്നും ചെയ്യാന്‍ പറ്റില്ല എന്നാലും..
    1.നേരിട്ടു വില്‍പ്പന നടത്താന്‍ കര്‍ഷകരെ ബോധവല്‍ക്കരിക്കുക
    2.നേരിട്ടു വില്‍പ്പന നടത്തുന്ന കര്‍ഷകരെ പ്രൊത്സാഹിപ്പിക്കുക. ഇത് ഒരു പരിധി വരെ വില ക്രമാതീതമായി താഴാതിരിക്കാന്‍ സഹായിക്കും
    കുരുമുളകിന്റെ ഒന്നും കാര്യത്തില്‍ ഇതു ചെയ്യാന്‍ പറ്റില്ല. ഒരു നല്ല ഗവണ്മെന്റിനേ അവരെ സഹായിക്കന്‍ കഴിയൂ..

    ReplyDelete
  30. IT കുഞ്ഞുങ്ങള്‍ ആത്ംഹത്യ ചെയ്യുന്ന കാലം വിദൂരമല്ല.
    ഇതാ ചില കണക്കുകള്‍
    ഒരു Fresher IT കുഞ്ഞിന്റെ തുടക്ക ശമ്പളം = 18000 (കൊച്ചിയില്‍)
    ഒരു വര്‍ഷം കഴിഞ്ഞാല്‍ വര്‍ദ്ധന 100%
    പക്ഷെ മാസാവസാനം ക്രെഡിറ്റ്‌ കാര്‍ഡ്‌ തന്നെ ശരണം
    NB കണക്കുകളില്‍ അതിശയോക്തി ഒട്ടും ഇല്ല

    എല്ലാം നമുക്ക്‌ ഇങ്ങനെ സംഗ്രഹിക്കാം
    വരവറിയാതേ ചിലവുകള്‍ ചെയ്താല്‍ പെരുവഴി ആധാരം

    ReplyDelete
  31. മക്‍ഡൊണാള്‍ഡില്‍ ജോലിയുള്ളവന് അവിടെ തന്നെ ജോലി ചെയ്യാം. ലോണുമടക്കാം. അത് അവന് അവന്റെ സ്വന്തം രാജ്യത്തെ പെട്ടിക്കടയാണ്. 2001-ല്‍ WTC പ്രശ്നത്തോടനുബന്ധിച്ച്‌ ലേ ഓഫ് തുടങ്ങിയപ്പോള്‍ ഞങ്ങടെ ഒക്കെ നെഞ്ചില്‍ തീയായിരുന്നു. നിങ്ങള്‍ ചെയ്ത എല്ലാ സേവനത്തിനും നന്ദി, നാളെ മുതല്‍ വീട്ടിലിരുന്ന്‌ മതി സേവ എന്ന കടലാസ്സ് എപ്പഴാ കയ്യില്‍ വരാ എന്ന്‌. അന്ന്‌ പണി പോയി ഈ പറഞ്ഞ കര്‍ഷകരുടെ പോലെ ചിന്തിച്ച സഹപ്രവര്‍ത്തകരെ എനിക്കോര്‍മ്മയുണ്ട്‌.
    ഇനിയും ഇതൊക്കെ സംഭവിച്ചു കൂടാ എന്നില്ലല്ലോ..

    പിന്നെ ഔട്ട് സോഴ്സിങ്ങിന്റെ അര്‍ഥം തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് M.N.C കളിലെ ശമ്പളത്തിന്റെ പോക്ക്‌ ഇന്ത്യയില്‍. ഒരു സുപ്രഭാതത്തില്‍ എനിക്കു ചോറു തരുന്ന കമ്പനിയും ചൈനയെ പോലുള്ള ലേബര്‍ ചാര്‍ജ് കുറഞ്ഞ രാജ്യങ്ങള്‍ തേടി പോകാം എന്ന ഒരു ബോധത്തൊടെ ജീവിച്ചില്ലെങ്കില്‍ അതു തന്നെ എന്റെയും എന്നെ പോലുള്ളവരുടെയും വഴി.

    അന്ന്‌ കര്‍ഷക കടങ്ങള്‍ എഴുതി തള്ളുന്ന പോലെ പ്രൈവറ്റ് ബാങ്ക് ലോണുകളും എഴുതി തള്ളാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കുമൊ ആവൊ...

    ReplyDelete
  32. അങ്ങിനെ അങ്ങ് അമേരിക്ക തുമ്മിയാല്‍ തെറിക്കുന്ന മലേഷ്യ പോലെ ഒരു എകോണമി ഒന്നമല്ല ബിരിയാണിക്കുട്ട്യെ നമ്മുടെ ഇന്ത്യയുടെ നമ്മുടെ മിടുക്കന്മാരായ ഫിനാന്‍ഷ്യല്‍ മന്ത്രിമാര്‍ കോര്‍ത്തെടുത്ത എക്കോണമി. അതുകൊണ്ട് കുറച്ച് സോഫ്റ്റ് വേര്‍ എഞ്ചീനയര്‍മാര്‍ക്ക് വിവരമില്ലണ്ട് കടം മേടിക്കുന്നു എന്ന് കരുതി ലോണ്‍ തരുന്നേനെം കൊടുക്കുന്നേനെം ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എലിയെ കൊല്ലാന്‍ ഇല്ലം ചുടണ്ട..(ഹൌ..ആ‍ദ്ദ്യായിട്ട് ഒരു പഴഞ്ചൊല്ല് അവസരോചിതമായി പറയാന്‍ പറ്റി.) :)

    പിന്നെ ഈ McDonalds എന്ന പെട്ടിക്കട പോലെ നമുക്കും ഒക്കെ വേണ്ടെ? അമേരിക്കന്‍ എക്കോണമയില്‍ ഭൂരിഭാഗവും ഈ വക സ്മാള്‍ ബിസിനസ്സുകള്‍ ആണ്...

    ReplyDelete
  33. >>പിന്നെ ഔട്ട് സോഴ്സിങ്ങിന്റെ അര്‍ഥം തന്നെ >>ഇല്ലാതാക്കുന്ന രീതിയിലാണ് M.N.C കളിലെ >>ശമ്പളത്തിന്റെ പോക്ക്‌ ഇന്ത്യയില്‍

    ഔട്ട് സോര്‍സ്സിങ്ങിനെ അര്‍ത്ഥം ഒക്കെ എപ്പോഴെ സോഫ്റ്റ് വേര്‍ ബിസിനസ്സില്‍ മാറി. വെറും ഒരു കോസ്റ്റ് എപ്പെക്സ്റ്റീവ് കോള്‍ സെന്ററുകള്‍ അല്ല ഇപ്പോള്‍ നമ്മളുടെ ഔട്ട് സോര്‍സിങ്ങ്..എന്ന് എന്റെ അഭിപ്രായം...

    ReplyDelete
  34. ഒരു കര്‍ഷകന്റെ അവസ്ഥകളും വേവലാതികളും വേദനകളും ഉള്‍ക്കൊണ്ട്, സാമൂഹ്യ ചിന്തകളോടെ ചന്ദ്രേട്ടന്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ട് ബ്ലോഗുകളില്‍ കാലമേറെയായി.
    ഇന്ന് ആദ്യമായാണ് അതിലൊന്നില്‍ ഇതുപോലൊരു ചര്‍ച്ചയും 32 കമന്റുകളും (ഇതെഴുതി തീരുമ്പോള്‍ അതു ഇതും ചേര്‍ത്ത് ഒരുപാട് കൂടും എന്നറിയാം).
    നമ്മള്‍ ഇതില്‍ ഇവിടെ ഒരുപാട് വിഷയങ്ങള്‍ സംസാരിച്ചു. ഇവിടുത്തെ ബാങ്ക് വയ്പ്പയുടേയും കാഞ്ഞിരപ്പള്ളിമുതല്‍ വയനാടുവരെയുള്ള കര്‍ഷകന്റെ ജീവിതി നിലവാര വ്യത്യാസങ്ങളെക്കുരിച്ചും സമീപനത്തിലെ ഗൌരവത്തെക്കുറിച്ചും കൃഷിയുടെ നിര്‍വച്ചനത്തെക്കുറിച്ചും ഉപഭോകൃസംസ്കാരത്തെക്കുറിച്ചും പിന്നെ ഒത്തിരി കഴിഞ്ഞ് ITയിലും മക് ഡോണള്‍ഡ്സിലും എത്തിനില്‍ക്കുന്ന വിഷയങ്ങള്‍ സംസാരിച്ചു. നന്നായി.
    ഇതുപോലൊരു വിഷയം നമുക്കു സംസാരിക്കാന്‍ എവിടെയോ ഒരു കര്‍ഷക കുടുംബത്തിന്റെ ആത്മ്ഹത്യ വേണ്ടിവന്നു എന്നതാണ് മനസില്‍ പൊങ്ങുന്ന ഒരു വിഷമം. സമൂഹ്യ ചിന്തകളോടെ കാര്‍ഷിക വിഷയങ്ങളും അതിന്റെ മുന്‍കരുതലുകളും ആഴത്തില്‍ലെഴുതുന്ന കൃഷിക്കാരനായ ചന്ദ്രേട്ടന്‍ ഗൌരവമായി ഉയര്‍ത്തിവച്ച വിഷയങ്ങള്‍ പലതും നമ്മള്‍ കണ്ടില്ല എന്നു നടിച്ചു, ഒരു പരിധിവരെ. അല്ലെങ്കില്‍ ആ വിഷയത്തില്‍ ഇന്ററസ്റ്റ് ഇല്ലാ എന്നു ചിന്തിച്ചു.

    ഇന്നിപ്പോള്‍ ഒരു ആത്മഹത്യയെ പിന്‍‌പറ്റിവന്ന വിഷയതില്‍ നമ്മള്‍ കത്തികയറുന്നു. ചന്ദ്രേട്ടന്റെ ബ്ലോഗില്‍ തിരക്കേരുന്നു.

    നമുക്കൊക്കെ എവിടെയോ തെറ്റുന്നു. ചര്‍ച്ചചെയ്യുന്ന വിഷയത്തില്‍ എല്ലെങ്കില്‍ ചര്‍ച്ച ചെയ്യേണ്ട സമയത്തില്‍.
    ഒരു പക്ഷെ നമ്മളും വെറും മുഖ പ്രസംഗങ്ങള്‍ എഴുതി മുഴച്ചുനില്‍ക്കുകയാണോ?
    ചര്‍ച്ച തുടരട്ടെ...

    ReplyDelete
  35. അങ്ങിനെ അങ്ങ് അമേരിക്ക തുമ്മിയാല്‍ തെറിക്കുന്ന മലേഷ്യ പോലെ ഒരു എകോണമി ഒന്നമല്ല ബിരിയാണിക്കുട്ട്യെ നമ്മുടെ ഇന്ത്യയുടെ നമ്മുടെ മിടുക്കന്മാരായ ഫിനാന്‍ഷ്യല്‍ മന്ത്രിമാര്‍ കോര്‍ത്തെടുത്ത എക്കോണമി.

    എല്‍ജിക്ക് വായിക്കാന്‍:

    1. ഇന്ത്യാ-യു.എസ് ട്രേഡ് ആന്‍ഡ് ഇക്കണോമിക് റിലേഷന്‍സ്.

    2. ആസ്പെക്ട്സ് ഓഫ് ഇന്ത്യാസ് ഇക്കണോമി.

    ReplyDelete
  36. വക്കാരി,
    കൊക്കോക്കും വാനിലക്കും പുറകെ പോയവനും റബ്ബര്‍ കര്‍ഷകനും ആത്മഹത്യ ( കൃഷി നാശം മൂലം) ചെയ്തതതായി അങ്ങനെ കേട്ടിട്ടില്ല.

    ആത്മഹത്യ ചെയ്യുന്നവര്‍ 1-2-3 ഏക്കര്‍ ഭൂമിയില്‍ എന്തെങ്കിലും കൃഷി ചെയ്തു ജീവിക്കുന്നവരായിരിക്കും.ആ വരുമാനം മാത്രം ആശ്രയിച്ചു ജീവിക്കുന്ന അവര്‍ക്ക് മിക്കപ്പോഴും ബാങ്കില്‍ നിന്നൊ ബ്ലേഡില്‍ നിന്നോ കടം ഉണ്ടാകും. ലോണ്‍ അടക്കാന്‍ പറ്റാതെ, കൃഷി ഇറക്കാന്‍ പറ്റാതെ, മറ്റൊരു വഴിയും ഇല്ലാതെ വരുമ്പൊഴാണ് പലരും ആത്മഹത്യാ മാര്‍ഗ്ഗം സ്വീകരിക്കുന്നതു.

    ആഗോളവത്കരണം, ഇറക്ക്മതി എന്നൊക്കെ പറയാനും പ്രസംഗിക്കാനും മാ‍ത്രമെ നമ്മള്‍ ശ്രമിക്കാറൊള്ളൂ. ആ ദിശയില്‍ വേണ്ട് പ്രവര്‍ത്തികള്‍ വേണ്ട് സമയത്തില്‍ ഉണ്ടാകുന്നില്ല.

    കിരണ്‍ തോമസ് said...
    >>കാര്‍ഷികവയ്പ കൃഷി അവശ്യങ്ങള്‍ക്കു മാത്രമേ എടുക്കാവു.പെണ്ണിനെക്കെട്ടിക്കനും മറ്റ്‌ ഉപഭോഗ വസ്തുക്കള്‍ വങ്ങാനും കാര്‍ഷിക വയ്പ തന്നെയാണ്‌ ഭൂരീഭാഗം കാര്‍ഷകരും തിരഞ്ഞെടുക്കന്നത്‌. സ്വന്തം ഭൂമി പണയപ്പെടുത്തി വലിയ ചൂതാട്ടമണ്‌ കര്‍ഷകര്‍ നടത്തി വരുന്നത്‌.<<
    കിരണ്‍ , ഈ അഭിപ്രായത്തൊട് എനിക്കു യോജിക്കാനാകില്ല. കര്‍ഷകനും കുടുംബമുണ്ടു, അവനും മക്കളുണ്ട്. അവര്‍ക്കു വിദ്യാഭ്യാസം വേണ്ടേ..? മറ്റു ചിലവുകള്‍ - കല്യാണം, അസുഖങ്ങള്‍.. ഇവ ഒക്കെ വരുമ്പോള്‍ കടം മേടിക്കാന്‍ ഈട് നല്‍കാന്‍ അവന്റെ കൈയില്‍ ഈ ഭൂമി മാത്രമെ ഉണ്ടാകു.. അപ്പോള്‍ പിന്നെ എന്തു ചെയ്യും..?


    ഓ ടോ: മാസം 1000-5000 രൂപയ്ക്ക് ജീവിതത്തിന്റെ 2 അറ്റവും കൂട്ടി മുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ ‘നിസ്സാര‘ പ്രശ്നങ്ങള്‍ക്ക് മുകളില്‍ അധികാരവും അതിന്റെ പങ്കും കണക്ക് പറഞ്ഞ് വീതിച്ചെടുക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ / അതു നഷ്ടപ്പെട്ടവരുടെയൊക്കെ ‘വലിയ വലിയ‘ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ‘കര്‍ഷക‍ ആത്മഹത്യകള്‍‘ മുഖപ്രസംഗങ്ങളായി ചുരുങ്ങും..
    അപ്പോ അടുത്ത ആത്മഹത്യക്കു അടുത്ത പോസ്റ്റ് ..

    ReplyDelete
  37. വാനിലയുടേയും കൊക്കോയുടേയും മറ്റും പുറകേ പോകുന്നത് നമ്മുടെ പെട്ടെന്ന് ലാഭം കിട്ടാനുള്ള ആക്രാന്തത്തിന്റെ ഉദാഹരണങ്ങളായി പറഞ്ഞതാണ്. ശരിയാണ് അങ്ങിനെയുള്ളവര്‍ അക്കാരണം കൊണ്ട് മാത്രം ആത്‌മഹത്യ ചെയ്യണമെന്നില്ല. അവര്‍ക്ക് അതല്ലെങ്കില്‍ വേറൊന്ന് എന്നുള്ള ചിന്താഗതി എപ്പോഴുമുണ്ടായിരിക്കും.

    എല്‍‌ജി പറഞ്ഞ പ്രാദേശികത ഇല്ലെങ്കിലും കര്‍ഷകരുടെ ആത്‌മഹത്യയും അവരുടെ സാമൂഹ്യ പശ്‌ചാത്തലവും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് ഞാനാലോചിക്കുന്നത്. ആത്‌മഹത്യ ചെയ്യാന്‍ ഒരാളെ/ഒരു കുടുംബത്തിനെ പ്രേരിപ്പിക്കുന്നത് മുന്നില്‍ യാതൊരു വഴികളും ഇല്ല, സഹായിക്കാന്‍ ആരുമില്ല എന്നുള്ള തോന്നലുകളെല്ലാം വരുമ്പോഴാണല്ലോ. അതിന് അയാളുടെ പശ്‌ചാത്തലം എത്രമാത്രം കാരണമാവുന്നുണ്ട് എന്നൊരു ചിന്ത. മക്കളെ പഠിപ്പിക്കാന്‍ പറ്റിയ ഫീസ് കൊടുക്കാന്‍ മാത്രമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല, സാമ്പത്തിക ബുദ്ധിമുട്ടിന് തല്‍‌ക്കാലത്തേക്കെങ്കിലും പരിഹാരം കാണാനുള്ള യാതൊരു വഴികളുമില്ല, ഒരു രീതിയിലുമുള്ള കൂട്ടായ്‌മകള്‍ക്ക് വഴി തെളിയുന്നില്ല, സഹായത്തിന് കുടുംബത്തില്‍ നിന്നോ, നാട്ടില്‍ നിന്നോ ഒന്നും ആരുമില്ല തുടങ്ങിയ ചിന്തകള്‍ കാടുകയറുമ്പോഴാണല്ലോ അങ്ങേയറ്റത്തെ മാര്‍ഗ്ഗങ്ങളെപ്പറ്റി കര്‍ഷകര്‍ ചിന്തിക്കുന്നത്. അല്ലാതെ കര്‍ഷകനായിപ്പോയി എന്ന അപമാനഭാരമല്ലല്ലോ അവരെ അതിലേക്ക് നയിക്കുന്നത്. എന്തുകൊണ്ട് വയനാട്ടിലെ ആ നാലംഗ കുടുംബത്തിന്, അല്ലെങ്കില്‍ അതിനു മുന്നെ ആത്‌മഹത്യ ചെയ്‌തവര്‍ക്ക് അങ്ങിനെ ചിന്തിക്കേണ്ടി വന്നു എന്നാലോചിച്ചു പോകുന്നു. സമൂഹത്തില്‍ ആര്‍ക്കൊക്കെയായിരുന്നു അവരുടെ കാര്യത്തില്‍ ധാര്‍മ്മികമായിട്ടെങ്കിലുമുള്ള ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നത്?

    എനിക്ക് തോന്നുന്നത് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, പലിശ കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് മാത്രം ആത്‌മഹത്യകള്‍ തടയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തിലുള്ള നടപടികള്‍-സാമൂഹ്യമായും സാംസ്കാരികമായും രാഷ്ട്രീയമായും എല്ലാം വേണ്ടിവരും എന്ന് തോന്നുന്നു.

    ReplyDelete
  38. വക്കാരിയുടെ ഈ പോസ്റ്റില്‍ ഒരു ഗതിമുട്ടിയ കര്‍ഷകനു വേണ്ടതെല്ലാം ഉണ്ട്..
    - കൂട്ടായ്‌മകള്‍
    - ക്ഷേമനിധികള്‍
    - ബോധവത്കരണം
    - സമാശ്വാസ നടപടികള്‍
    - മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കനുള്ള അവസരം, അതിനുള്ള സഹായം..

    ഇന്നത്തെ കൌമുദിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ഭാര്യയെ ബാങ്ക് ദ്രോഹിക്കുന്ന വാര്‍ത്ത കണ്ടില്ലേ.. സഹകരണ ബാങ്കു ഒരു പൂച്ച, അതു പോലെ ബ്ലേഡ് ബാങ്കുകള്‍ കണ്ടന്‍ പൂച്ചകള്‍.. ഇവയെ ഒക്കെ തത്കാലത്തെക്കൈങ്കിലും ഒന്നു നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റിയാല്‍ കര്‍ഷകനു അതു ഒരാശ്വാസമാകും, ആത്മഹത്യകള്‍ കുറയും.

    പൂച്ചക്കാരു മണി കെട്ടും വക്കാരി..അല്ലെങ്കില്‍ അതിനു എവിടെ സമയം..?

    ReplyDelete
  39. >>എനിക്ക് തോന്നുന്നത് കാര്‍ഷിക കടങ്ങള്‍ >>എഴുതി തള്ളുക, പലിശ കുറയ്ക്കുക തുടങ്ങിയ >>കാര്യങ്ങള്‍ കൊണ്ട് മാത്രം ആത്‌മഹത്യകള്‍ >>തടയാന്‍ പറ്റുമെന്ന് തോന്നുന്നില്ല

    നൂറു ശതമാനം ശരി.

    ReplyDelete
  40. 2003-ലെ കണക്ക്‌ പ്രകാരം ഒരു ദിവസം 32 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു.

    നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനാണ്‌ ചികിത്സ വേണ്ടത്‌. സാഡിസ്റ്റുകളായ നാട്ടുകാരും സമൂഹവുമാണ്‌ നടുക്കടലില്‍ ഒറ്റപ്പെട്ട്‌ പോയ ഒരു കര്‍ഷകനെയും മറ്റ്‌ പലരേയും ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. കര്‍ഷകരല്ലാത്ത എത്രയോ പേര്‍ കേരളത്തില്‍ ഇങ്ങനേ മരണപ്പെടുന്നു. അവയുടെയൊക്കെ പിന്നില്‍ ഇതു പോലെ പീഡനങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ കണ്ടേക്കാം. സ്വന്തം വീട്ടിലേ കാര്യത്തേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാനുള്ള അതീവ താല്‍പര്യത്തില്‍ തുടങ്ങുന്നു ഈ പ്രശ്നങ്ങള്‍. കാര്‍ഷിക കടങ്ങള്‍ ആയിരിക്കാം ഒരു കര്‍ഷകനേ ഇങ്ങനേ ഒരു സാഹചര്യത്തില്‍ എത്തിച്ചതെങ്കിലും ബാക്കി പല instances-ലും മറ്റ്‌ വിധത്തിലുള്ള മാനസിക പീഡനങ്ങളും ആവും ഒരാളേ ഇതിലേക്ക്‌ നയിക്കുന്നത്‌. സാമ്പത്തിക പരാദീനതകളില്‍ നട്ടം തിരിയുന്ന ഒരാള്‍ക്ക്‌ ആ സന്ദര്‍ഭത്തില്‍ വേണ്ട confidence ഇല്ലാതാക്കുന്ന പ്രവര്‍ത്തികള്‍ ചുറ്റുമുള്ള രക്തദാഹികളായ സാഡിസ്റ്റുകള്‍ ചെയ്യുന്നു. തന്റെ കഴിവിലുള്ള വിശ്വാസക്കുറവും കൂടി ആവുമ്പോള്‍ ഇതു തന്നെ ഏറ്റവും നല്ല രക്ഷാ മാര്‍ഗ്ഗം എന്ന് തീരുമാനിക്കുന്നു. നമ്മളെല്ലാവരും ഭീരുക്കള്‍ ആണ്‌, സുഹൃത്തുക്കള്‍/അയല്‍ക്കാര്‍/ഭാര്യ-ഭര്‍ത്തൃവീട്ടുകാര്‍/നാട്ടുകാര്‍ തുടങ്ങി എന്തിനെയും ഏതിനേയും ഭയന്ന് ജീവിക്കുന്ന ദുരഭിമാനികളായ ദുര്‍ബല ഹൃദയരായ കേരളീയ ജനതയ്ക്ക്‌ വേണ്ടത്‌ awareness ആണ്‌. ഇത്‌ എവിടേ തുടങ്ങണം എന്ന് എനിക്കറിയില്ല. ചിലപ്പോള്‍ എന്റെ മനസ്സില്‍ തന്നെ ആയിരിക്കണം, കാരണം ഞാനും ആ നശിച്ച ചിന്താഗതിയുള്ള സമൂഹത്തിന്റെ ഭാഗമാണ്‌, റേഷന്‍ കാര്‍ഡിലെങ്കിലും.
    വക്കാരീ, വളരെ തീവ്രമായ ഒരു വിഷയമാണ്‌ ഇയാള്‍ എടുത്തിട്ടത്‌. നന്ദി.

    ReplyDelete
  41. ഒരു കര്‍ഷക കുടുംബതിന്റെ ആത്മഹത്യാ വാര്‍ത്ത കൂടി കണ്ടുകൊണ്ടണ്‌ ഇന്നത്തെ ദിവസം ആരംഭിച്ചത്‌ .
    http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=159688

    നമ്മള്‍ എത്ര ചര്‍ച്ച ചെയ്താലും ഈ പ്രശ്നത്തിന്‌ ഒരു പരിഹാരം കാണാം എന്നു തോന്നുന്നില്ല.ഒരു ദിവസം 33 പേര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടില്‍ ഇതൊരു പുതുമ അകുന്നില്ല.അപ്പോള്‍ യഥാര്‍ത്ഥ പ്രശ്നം വേറെന്തോ ആണ്‌ എന്ന് തോന്നിപ്പോകുന്നു.

    എന്തു പറയണം എന്ന് എനിക്കറിയില്ല .പക്ഷേ നമ്മള്‍ കുറച്ചൊക്കെ realistic ആകാത്തതുകൊണ്ടല്ലേെ എന്നു ഞാന്‍ സംശയിക്കുന്നു.
    ആതുകൊണ്ടാണല്ലോ കര്‍ഷക അത്മഹത്യയേക്കാള്‍ സ്വയാശ്രയ ബില്ലും ന്യൂനപക്ഷ അവകാശപ്രശ്നവും മത നേതൃത്വങ്ങള്‍ക്ക്‌ മുഖ്യ വിഷയമയിട്ടുള്ളത്‌

    ReplyDelete
  42. ഈ ഗവണ്മെന്‍റെങ്കിലും കര്‍ഷകര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുമെന്നു കരുതാം

    ReplyDelete
  43. എനിക്കറിയില്ല വെമ്പള്ളീ, ഈ ഗവണ്മെന്റിനും എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന്. നല്ല രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണപാടവവും കഴിവും വേണം.

    കിരണ്‍ പറഞ്ഞതുപോലെ, സ്വാശ്രയ ബില്ലിന്റെ പേരില്‍ ചിലവഴിക്കുന്ന ഊര്‍ജ്ജത്തിന്റെ ഒരു പകുതി കര്‍ഷകരുടെ ആത്‌മഹത്യയെ പ്രതിരോധിക്കാന്‍ ഈ മത നേതൃത്വവും രാഷ്ട്രീയക്കാരുമൊക്കെ ചിലവഴിച്ചിരുന്നെങ്കില്‍. ആരെങ്കിലും അവര്‍ക്കുണ്ട് എന്നൊരു തോന്നല്‍ ഉണ്ടായാല്‍ തന്നെ ആള്‍ക്കാര്‍ക്ക് ശുഭാപ്തിവിശ്വാസം വരും. ആ ഒരു നിമിഷത്തെ ഓവര്‍കം ചെയ്യാന്‍ സാധിച്ചാല്‍ ചിലപ്പോള്‍ തിരിച്ചുകിട്ടുന്നത് നല്ല കുറെ പൌരന്മാരെയായിരിക്കും.

    സങ്കടകരം തന്നെ....

    ReplyDelete
  44. വയനാട്ടിലെ കര്‍ഷകരെ കുറിച്ച്‌ മാതൃഭൂമിയില്‍ ഇന്ന് മുതല്‍ ഒരു ഫീച്ചര്‍ തുടങ്ങുന്നു.

    ReplyDelete
  45. നന്ദി പ്രാ‍പ്രാ.. വായിച്ചു തുടങ്ങട്ടെ.

    ReplyDelete
  46. മാതൃഭൂമിയെങ്കിലും തുടങ്ങിയല്ലോ ഒരു ഫീച്ചര്‍. എത്രമാത്രം പ്രയോജനപ്പെടുമെന്നറിയില്ല. എങ്കിലും അവരും പറഞ്ഞു, വെറും പലിശകുറയ്ക്കലും കടം എഴുതിത്തള്ളലും കൊണ്ട് മാത്രം തീരുന്നതല്ല, വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നമെന്ന്.

    പല പ്രമുഖ പത്രമാധ്യമങ്ങളും ഇക്കാര്യത്തില്‍ ടോക്കണ്‍ വികാരങ്ങള്‍ മാത്രമേ പ്രകടിപ്പിക്കുന്നുള്ളോ എന്നൊരു തോന്നല്‍. ദീപികയ്ക്ക് ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സ്വാശ്രയ കോളേജുകളുടെ മേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമാണ്. മനോരമയ്ക്കാണെങ്കില്‍ അന്താരാഷ്ട്ര പത്രമായതില്‍ പിന്നെ ഇത്തരം കുഞ്ഞുകാര്യങ്ങളിലൊക്കെ ശ്രദ്ധ സ്വല്പം കുറഞ്ഞോ എന്നൊരു സംശയം. കേരള കൌമുദിക്കെങ്ങിനെ എന്ന് ശരിക്കങ്ങ് നിരീക്ഷിച്ചില്ല. മംഗളം വായിച്ചില്ല (സ്‌തുതീ... :) )

    ReplyDelete