Tuesday, July 04, 2006

എല്ലാവരോടും ...

ബ്ലോഗിലൂടെ ആരോടും ഒന്നും പറയാന്‍ ഇതു വരെ അവസരം കിട്ടിയില്ല. ഇന്നാണ് അല്‍പം സമയം കണ്ടെത്തിയത്. ഇവിടെ ഒരു ഒത്തുകൂടലിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ബ്ലോഗിലൂടെ പരിചയപ്പെട്ട എല്ലാവരേയും കാണണം എന്നുള്ള ആഗ്രഹത്തിലാണ് ഈ സംഗമം. ഒക്കെ നന്നായി നടക്കും എന്നു കരുതുന്നു. എല്ലാവരും തന്നെ വരണം എന്നാണ് ആഗ്രഹമെങ്കിലും, ദൂരത്തിന്റെ പരിമിതികള്‍ ഒക്കെ കണക്കിലെടുക്കുമ്പോള്‍ സാധ്യമാവുന്ന കാര്യമല്ല ഈ ആഗ്രഹം എന്ന തിരിച്ചറിവുണ്ടാകുന്നു. എന്നാലും കേരളത്തിലും, പരിസര സംസ്ഥാനത്തുള്ളവരും ഒക്കെ തീര്‍ച്ചയായും എത്തിപ്പെടും എന്നു തന്നെ എനിക്കു പ്രതീക്ഷയുണ്ട്‌.

സ്വന്തം ബ്ലോഗിനെക്കുറിച്ച് എന്തെങ്കിലും എല്ലാവരോടും രണ്ട് വാക്കു പറയണം എന്ന ഐഡിയ ഞാന്‍ ഇവിടെ പങ്കു വെക്കുന്നു. അത് വരുന്നവര്‍ ഒരു ചെറിയ തയ്യാറെടുപ്പില്‍ വന്നാല്‍, ഒരു extempore സ്പീച്ചിന്റെ തത്രപ്പാട് ഒഴിവാക്കാം. ബ്ലോഗിനെക്കുറിച്ച് എന്നു പറയുമ്പോള്‍ മലയാളം ബ്ലോഗില്‍ എത്തിപെട്ട സ്ഥിതിവിശേഷത്തെക്കുറിച്ചും, മനസ്സില്‍ വരുന്ന മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്തു അതു വളരെ‌ ലളിതമായ രീതിയില്‍ തന്നെ മലയാളം സ്ക്രീനില്‍ വന്നതുവഴി ഉണ്ടായ ഉത്സാഹത്തിമിര്‍പ്പിനെപ്പറ്റിയും, അതുവഴി കൂടുതല്‍ എഴുതുവാനും സംവദിക്കുവാനും കിട്ടിയ അവസരത്തെപ്പറ്റിയും ഒക്കെ പറയുവനും ശ്രമിക്കുമല്ലൊ.

കുട്ടികള്‍ എത്ര എത്തിപ്പെടും എന്ന്‍ (ശ്രീജിത്ത്‌, തുളസി എന്നിവരെ ഒഴിച്ച് ...... :) ഒരു കണക്കും ഇതു വരെ‌ ലഭിച്ചിട്ടില്ല. ഒരു ചെറിയ ക്വിസ്‌ പ്രോഗ്രാമോ, മറ്റ് മുതിര്‍ന്നവര്‍ക്കും കൂടി പങ്കെടുക്കാന്‍ പറ്റുന്ന അധികം സമയം തിന്നു തീര്‍ക്കാത്ത ചെറിയ ഇനം പരിപാടികളോ, വേണമെങ്കില്‍ തട്ടിക്കൂട്ടാം. (ആരെയെങ്കിലും കസേരയില്‍ നിന്നു തള്ളി ഇടണോ? കസേര കളിയെന്നു പറഞ്ഞ് ഒന്നിനു പകരം രണ്ട് കസേര കുറച്ച് വെയ്ക്കാം ഞാന്‍!!).

എല്ലാവര്‍‍ക്കും എന്തായാലും ഒരു മലയാളം ബ്ലോഗിനെക്കുറിച്ചൊരു ക്വിസ്‌ ഉണ്ടാവും എന്റെ വക!! മാക്സിമം മാര്‍ക്ക്സ് നേടുന്ന ആള്‍ക്ക് അന്നത്തെ ചിലവിന്റെ ബില്ല് ഏല്‍പ്പിക്കും.

സദ്യ എന്നു ഒന്നും പറഞ്ഞ് വരണ്ടാട്ടോ ആരും. കാപ്പിയും ബിസ്കറ്റും ആണ് വട്ടം. ഇനിയും എന്തെങ്കിലും വായ്‌ക്കു വ്യായാമം വേണം എന്നു തോന്നുന്നവര്‍, ശിവ ക്ഷേത്രവളപ്പിലെ ആനയെ, പരിപാടി നടക്കുന്ന ഹാളിന്റെ അടുത്താണ് കെട്ടിയിരിക്കുന്നതു, പട്ട നല്ലവണ്ണം ഉണ്ടാവും..... പല്ലും ക്ലീന്‍ ആവും.

മഴ കാണും എന്നു കരുതി എവിടെ എത്തിയിട്ടു, മഴ പോയിട്ട് ഒരു മഴക്കാര്‍ പോലും ഇല്ല. വല്ലാത്ത ചൂട്‌ തന്നെ. ജൂലായ് 8-നു പെയ്യാന്‍ ആരെങ്കിലും ദുബായിക്കാര്‍ പ്രാര്‍ത്ഥിച്ചതാണോ എന്നു അറിയില്ല. മഴ വന്നാലും, സമുദ്രം വരണ്ടാലും, ഗഗനം പിളര്‍ന്നാലും എല്ലാവരും എല്ലാവരും വരും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

മീഡിയക്കാര്‍ ഒക്കെ വരും എന്നു കേള്‍ക്കുന്നുണ്ട്. അവരോട് ആര് എന്തു എപ്പൊ എങ്ങനെ പറയണം എന്നൊക്കെ വിശ്വംജിയോ കുമാറോ തുളസിയോ ഒക്കെ കോ-ഓര്‍ഡിനേറ്റ്‌ ചെയ്യും എന്നു വിശ്വസിക്കുന്നു.

ഏവൂരാനോട് - അപ്പു വീഡിയോ പകര്‍ത്താം എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ സോപ്പ്‌ ഇട്ടു നിര്‍ത്തിയിരിക്കുന്നു. അഡിഡാസിന്റെ ഫുട്ട്ബോളാണ് കൈമണി. എല്ലാരും കൂടി പിരിച്ചുതരുമല്ലോ? മലയാളം കുരച്ച് കുരച്ച്‌ മാത്രമേ അരിയൂ എന്നുള്ള ഒരു ചമ്മല്‍ ഒക്കെക്കൊണ്ടു ചെക്കന്‍ ആകെ കണ്‍ഫ്യൂസ്ഡ്ന് ആണ്. എന്നാലും അവന്‍ മിണ്ടും നല്ലവണ്ണം. അവന്റെ തോന്നലാണ്. പിന്നെ അതു ഏവൂരാനെയോ മറ്റു ആരെയെങ്കിലുമോ എത്തി‍ക്കുന്ന കാര്യം ???? അല്ലാ, സി.ഡി. ആക്കി ഞാന്‍ വിശ്വത്തിനെ എല്‍പ്പിച്ചാ മതിയോ? എന്തായാലും ഉള്ള ഒന്നര കൈ കൊണ്ടു ഞാന്‍ ഫോട്ടോ ക്ലിക്കി ഇടാം ട്ടൊ.

ഇനിയും എന്തെങ്കിലും???? മറന്നോ ആവോ എഴുതാന്‍. തിരക്കു പിടിച്ച ഓട്ടം ആണ് ഇവിടെ. നെട്ടോട്ടം. പ്രധാന കാരണം പോക്കു വരവു ഇന്‍ ട്രാഫിക്‌. എന്നും രാവിലെ കരുതും ഇന്നു പോണ്ടാന്ന്.. എന്നാലും 9 ആവുമ്പൊ ഞാന്‍ ഇറങ്ങും.

എല്ലാരും വരും എന്നു തന്നെ പ്രതീക്ഷിക്കുന്നു. എന്താ ഈ ജൂലായ് 8 ആവാത്തത്?? ജൂലായ് 4 കഴിഞ്ഞാല്‍ അടുത്ത നമ്പര്‍ എന്താ 8 ആവാത്തത്? ആരാണാവോ ഈ 5, 6, 7 ഒക്കെ കണ്ടുപിടിച്ചത് ??

7 comments:

  1. ഉത്സാഹം മനസ്സിലാവുന്നുണ്ട്‌, മനസ്സു കൊണ്ടു ഞാനും ആ ഉത്സാഹത്തില്‍ പങ്കു ചേരുന്നു.
    എന്താണോ ഈ ജുലൈ 7 ഉം 8 ഉം ഒക്കെ ഒന്നെത്താത്തത്‌..
    എല്ലാം നന്നായിതന്നെ നടക്കും.
    :)

    ReplyDelete
  2. ഓ.. അതുല്ല്യേച്ചീ, ഇത് വായിച്ചിട്ടു തന്നെ ത്രില്ലടിക്കുന്നു. എല്ലാം അടിപൊളിയാവട്ടെ. വള്ളിപുള്ളി വിടാതുള്ള വിവരങ്ങള്‍ പോരട്ടെ.

    കൌണ്ട് ഡൌണ്‍ തുടങ്ങി- ഇനി 306000 സെക്കന്റുകള്‍ മാത്രം ബാക്കി.

    ReplyDelete
  3. അതുല്യേച്ചീ, ഇവിടെ ഞങ്ങളെല്ലാരും ചേച്ചിയുടെ ഡൈനാമിക്ക് പ്രസന്‍സ് മിസ്സ് ചെയ്യുന്നു. ഏഴാം തീയതി ഞങ്ങള്‍ എല്ലാവരും കൂടാന്‍ പോകുന്ന വിവരം അറിഞ്ഞുകാണുമെന്നു കരുതുന്നു. ചേച്ചിയുണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഒന്നൂടെ സ്മൂത്തായി നടന്നേനെ! കൂടുതല്‍ വിവരങ്ങള്‍ http://uaemeet.blogspot.comല്‍ ഉണ്ട്.
    ചേച്ചി തിരിച്ചുവന്നിട്ട് നമ്മുക്കെല്ലാവര്‍ക്കും കൂടെ വീണ്ടും കൂടാം.

    ReplyDelete
  4. കേരളത്തില്‍ ഒന്നെത്താന്‍ കഴിഞിരുനെങ്കില്‍ .....
    എന്നു വെറുതേ ഞാന്‍ ഓര്‍ത്തുപോയി....

    ReplyDelete
  5. അതുല്യെ, ഒരു മൂന്നു ദിവസോം കൂടി കഴിഞ്ഞിരുന്നെങ്കില്‍ എനിക്കും കൂടാമായിരുന്നു! പതിനൊന്നിന് ഞാനവിടുണ്ട്. എന്തായാലും നന്നായി നടക്കട്ടെ. ഇവിടിരുന്നു ഞാന്‍ ഹെല്പു ചെയ്യാം. ല്ലാണ്ടിപ്പൊ എന്തു ചെയ്യാന്‍!

    ReplyDelete
  6. അതുല്യേച്ചീ ഇവിടെയും എല്ലാവരും എക്സൈറ്റഡാണു്. സിദ്ധാര്‍ത്ഥന്‍ ബ്ലോഗിനെ കുറിച്ചൊരു സിമ്പോസിയം അവതരിപ്പിക്കുന്നുണ്ടാവും ഗള്‍ഫ്‌മീറ്റില്‍. കലേഷും കൂട്ടരുമെല്ലാം കാര്യപരിപാടികള്‍ തകൃതിയായി ചര്‍ച്ച ചെയ്യുന്നു. ബാംഗ്ലൂരെടുത്ത പോലെ മുകളില്‍ നിന്നു ഫോട്ടോ എടുക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ കന്തൂറയിട്ട് അറബിവേഷത്തില്‍ അവതരിക്കുന്ന വിശാലന്‍ തടയുന്നതാകും. അതെനിക്കുവേണ്ടിയാണു്, ബാംഗ്ലൂര്‍ക്കാരില്‍ ആരും കഷണ്ടികള്‍ ഉണ്ടായിരുന്നില്ല! എന്റെ കഥ മറിച്ചാ.

    സസ്നേഹം,
    പെരി.

    ReplyDelete
  7. അല്‍പ്പം മുന്‍പ്‌ അതുല്യ ചേച്ചിയുമായി വില്ലൂസ്‌ സംസാരിച്ചിരുന്നു. ഒരുക്കങ്ങളൊക്കെ വളരെ ഭംഗിയായി നടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. നാളെ രാവിലെ ഏഴിനു തന്നെ ആ മഹതി സമ്മേളന നഗരിയിലെത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്‌. ശേഷം മുഖദാവില്‍.

    ReplyDelete