Monday, July 31, 2006

ശരിയുത്തരം!

പല രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരാണല്ലൊ അമേരിയ്ക്കയിലുള്ള ഭൂരിഭാഗം ജനങ്ങളും. എങ്കിലും അമേരിയ്കക്ക് അപ്പുറമുള്ള മറ്റു രാജ്യങ്ങളെപ്പറ്റിയോ അവയുടെ ചരിത്രത്തെപ്പറ്റിയോ സംസ്ക്കാരത്തെപ്പറ്റിയോ കാര്യമായ അറിവില്ലാത്ത, അറിയാന്‍ താല്പര്യപ്പെടാത്ത വളരെയധികം ജനങ്ങള്‍ അമേരിയ്ക്കയിലുണ്ട്.

വിശേഷാവസരങ്ങളില്‍ (ഫുട്ബോള്‍ ലോകക്കപ്പ് പോലെ) കുടിയേറ്റക്കാര്‍ തങ്ങളുടെ മാതൃ രാജ്യത്തിന്റെ പതാകയും ചിലപ്പോള്‍ അമേരിയ്ക്കയുടെ പതാകയും വാഹനങ്ങളിലും വീടുകളിലും പ്രദര്‍ശിപ്പിയ്ക്കുന്നത് ഇവിടെ പതിവാണ്.

കുട്ടപ്പന്‍ അമേരിയ്കയിലെത്തിയിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയിട്ടുള്ളു. കട്ടന്‍ കാപ്പി കുടിയ്ക്കുമ്പോള്‍ കഷ്ടകാലത്തിന് കുറച്ച് കുട്ടപ്പന്റെ ബഹുവര്‍ണ്ണത്തിലുള്ള ഷര്‍ട്ടിലായി. അലക്കുയന്ത്രം ചത്തുവെന്നറിഞ്ഞപ്പോള്‍ അധികം ചിന്തിച്ചു സമയം കളയാതെ ഷര്‍ട്ട് കഴുകിയെടുത്ത് ഒരു പ്ലാസ്റ്റിക്ക് കയര്‍ ബാല്‍ക്കണിയില്‍ വലിച്ചു കെട്ടി ഉണക്കാനിട്ടു.

പ്രഭാത സവാരിയ്ക്കിറങ്ങിയ ടോമും, ടാമിയും ടിമും ബഹുവര്‍ണ്ണ പതാക പാറിപ്പറക്കുന്ന കുട്ടപ്പന്റെ ബാല്‍ക്കണി വളരെ അകലെ നിന്നും കണ്ടു.

ടോം രണ്ടു പേരോടുമായി ചോദിച്ചു: "ഈ പതാകയില്‍ നിന്നും അവര്‍ ഏത് രാജ്യക്കാരായിരിയ്ക്കും എന്ന് നിങ്ങള്‍ക്ക് പറയാമൊ ?"

ഒറ്റ നോട്ടത്തില്‍ തന്നെ ടാമി പറഞ്ഞു: "യൂറോപ്പ്യന്‍ യൂണിയന്‍".

അല്പ സമയം ആലോചിച്ചിട്ട് ടിം പറഞ്ഞു: "അന്റാര്‍ട്ടിക്ക".

നിശബ്ദനായി നില്ക്കുന്ന ടോമിനോട് മറ്റ് രണ്ട് പേരും പറഞ്ഞു: "നിനക്കറിയില്ലല്ലെ ".

ടോം വാചാലനായി: "ഗൂഗിളുണ്ടായിരുന്നുവെങ്കില്‍ 100% കൃത്യമായി പറയാമായിരുന്നു. എങ്കിലും 99% എനിയ്ക്കുറപ്പാണ് അവര്‍ യുണൈറ്റഡ് നാഷന്‍സില്‍ നിന്നുള്ളവരാണ് ".

കുറച്ചു കാലത്തിനു ശേഷം കുട്ടപ്പനെ പരിചയപ്പെടുന്നതു വരെ മൂവരും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നു !

1 comment:

  1. ആദ്യം തന്നെ ഓ.ടോ.: ജോലിതിരക്കു മൂലം കുറച്ചാഴ്ചകളായി ആരുടെയും പോസ്റ്റുകള്‍ വായിയ്ക്കാനൊ കമന്റിടാനൊ സാധിച്ചിട്ടില്ല എന്ന് വിഷമത്തോടെ പറയട്ടെ. ഇനി തുടങ്ങണം. കഴിയുന്നിടത്തൊക്കെ എത്തണം.

    ReplyDelete