സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Sunday, January 28, 2007
F1 അഥവാ സഹായം ആവശ്യമുണ്ട്
വെറുതെ ഇരുന്ന നായര്‍ക്കൊരു വിളി വന്നു. ഇന്നല്ല, ഇന്നലേയുമല്ല ആ വിളി വന്നത്, മറിച്ച് മിനിഞ്ഞാന്നായിരുന്നു. അതായത് വെള്ളിയാഴ്ച. ഉച്ചക്ക് വെയിലും തലയും മൂത്തിരിക്കുന്ന ആ ശുഭ മുഹൂര്‍ത്തത്തില്‍, കുറച്ച് നേരം ബ്ലോഗാം എന്നു കരുതി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച്, കണക്കു പരീക്ഷക്കെന്ന പല തവണ പരാജയപെട്ടു. എന്തു കൊണ്ട് പരാജയപെടുന്നു എന്നുള്ള കാരണം തപ്പി തടഞ്ഞു പിടിച്ചപ്പോള്‍ ബ്ലോഗ് പറയുന്നു, പുതിയ ബീറ്റാ വെര്‍ഷനിലേക്ക് മാറുവാന്‍. ഉച്ചക്ക് തലമൂത്തിരിക്കുന്ന സമയമല്ലെ, തലമൂത്ത കാര്ന്നോന്മാരോട് ഒരക്ഷരം പോലും ചോദിക്കാതെ, പുതിയ ബീറ്റാ വെര്ഷന് സ്വീകരിക്കാനായി മൌസ്സില്‍ ഞെക്കി. താങ്കളുടെ ബ്ലോഗ് ബീറ്റാ വെര്‍ഷനായി എന്നു പറഞ്ഞുള്ള ഒരു ഇമെയില്‍ നിമിഷങ്ങള്‍ക്കകം എന്റെ തപാല്‍ പെട്ടിയില്‍ വന്നു.
അതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. ഇനി പ്രശ്നം എന്താണന്നല്ലെ? പറയാം. നിങ്ങളേക്കാള്‍ ഈ പ്രശ്നം കൊണ്ട് പ്രശ്നമുണ്ടായിരിക്കുന്നത് എനിക്കായതിനാല്‍, ഈ പ്രശ്നത്തിന് ഒരു പ്രശ്ന പരിഹാരം കാണുവാന്‍ വേണ്ടിയാണല്ലോ ഈ പോസ്റ്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
ബീറ്റാ വെര്ഷനായതിനു ശേഷം, കമന്റിടുന്ന മിക്കവാറും ആളുകളുടേയും പേരുകള്‍, ചൈനീസ് ഭാഷ പോലെയോ, അല്ലെങ്കില്‍ അനോണിമസ് ആയോ മാത്രമെ കാണുന്നുള്ളൂ.
ഉദാഹരണത്തിന് ഇഞ്ചിപെണ്ണിന്റെ ആദ്യത്തെ കമന്റ് അനോണിമസ് ആയാണു കാണുന്നത്, പക്ഷെ രണ്ടാമതിട്ടപ്പോള് ഇഞ്ചിയുടെ പേരില്‍ തന്നെ വന്നു, പിന്നെ കുറേ പേരുടെ കമന്റ്കള്‍ വായിക്കാന്‍ പറ്റുന്നുണ്ടെങ്കിലും, ആരാണു കമന്റിട്ടതെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല(http://www.rageshkurman.blogspot.com).
ബൂലോകത്തിലെ, കമ്പ്യൂട്ടര്‍ ഉസ്താദുമാര്‍ എത്രയും പെട്ടെന്ന് ഇതിന്നൊരു പരിഹാരം നിര്‍ദ്ദേശിക്കണമെന്ന്, താഴ്മയോടെ അപേക്ഷിക്കുന്നു
Monday, January 15, 2007
ഇന്‍ഡോ - അറബ് മീറ്റില്‍ ഇ-എഴുത്തിനെ പറ്റി നടന്ന ചര്‍ച്ച
13ആം തീയതി ശനിയാഴ്ച്ച എന്തു നടന്നു, ഓടി എന്നതിനെക്കുറിച്ചറിയാനുള്ള ബ്ലോഗ്ജനങ്ങളുടെ ആകാംക്ഷ എനിക്കറിയാഞ്ഞിട്ടല്ല. മറ്റു സാങ്കേതിക തടസ്സങ്ങള്‍ കൊണ്ടാണിതു വൈകിയതു്. ക്ഷമിക്കണം.
അപ്പൊ കാര്യത്തിലേക്കു കടക്കാം.
8.30 നു തുടങ്ങേണ്ട പരിപാടി തുടങ്ങിയതു് 10.30 നായിരുന്നു. അതു വരെ, കിട്ടിയ ദോശയും ഇഷ്ടുവും ചായയും ഒക്കെയടിച്ചു് ഞങ്ങള്‍ വട്ടത്തിലിരുന്നു് വെടിപറഞ്ഞു. മേതില്‍, സക്കറിയ മുതലായവര്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചര്‍ച്ച ആരംഭിച്ചു.
മനോരമയ്ക്കു വേണ്ടി തയ്യാറാക്കിയ ഒരു കുറിപ്പു താഴെ കൊടുക്കുന്നു. ആദ്യം അതു വായിക്കാം.
ഇ- എഴുത്തിനെക്കുറിച്ചു് 13/01/07-നു് കെ എസ് സി ഹാളില്‍ വച്ചു നടന്ന ചര്‍ച്ച സജിത് യൂസഫ് മോഡറേറ്റ് ചെയ്തു. രാജ് നായര്‍, നിഷാദ് കൈപ്പള്ളി എന്നിവര്‍ വിഷയമവതരിപ്പിച്ചു. അതിലെ പ്രസക്ത ഭാഗങ്ങള്‍:
സംസ്കാരം ഭാഷയില്‍ നിന്നും ഉണ്ടായിവരുന്നതാണു്. എഴുത്ത് സംസ്കാരത്തിന്റെ അടയാളമാണു്. വൈജ്ഞാനികവും സാഹിത്യപരവുമായ വിവരങ്ങളുടെ എഴുത്ത്, വായന, സംഭരണം എന്നീ പ്രക്രിയകള്‍ക്ക് കാലാകാലങ്ങളില്‍ സങ്കേതികത ത്വരകമായി വര്ത്തിച്ചിട്ടുണ്ടു്. കല്ലിലും ഓലയിലും എഴുതിയിരുന്നു അവസ്ഥയില്‍ നിന്നും കടലസില് എഴുതുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ഉണ്ടായിവന്ന വിപ്ലവം പോലെ പ്രധാനമായതാണു് അതി നൂതനമായ ഇ-എഴുത്ത്.
വിവരസംഭരണത്തിന്റെ അവശ്യ ഗുണം, അതു് ആവശ്യത്തിനു അനുസരിച്ച് തിരിച്ചു എടുക്കാന്‍ പര്യാപ്തമായിരിക്കണം എന്നതാണു്. ഇതുവരെ നമ്മള് ഇലക്ട്രോണിക് എഴുത്തിനു ഉപയോഗിച്ചു വരുന്ന ആസ്കി അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട ഫോണ്ടുകള്‍ ഇതിനു് അപര്യാപ്തമായിരുന്നു. യൂണികോഡ് എന്ന അടിസ്ഥാനം ഒരു വിപ്ലവമായിത്തീരുന്നതു് ഈ ഒരു പ്രത്യേകത കൊണ്ടാണു്. മലയാളത്തില്‍ വിവരങ്ങള്‍ തിരയുക എന്ന സ്വപ്നം സാക്ഷത്കരിക്കപെട്ടത് യൂണികോഡിന്റെ വരവോടുകൂടിയാണു്.
ആശയവിനിമയത്തിന്റെയും വിവരശേഖരണത്തിന്റെയും അതിന്റെ വിതരണത്തിന്റേയും ജനാധിപത്യസ്വഭാവം ആണു് ഇ- എഴുത്തിന്റെ മറ്റൊരു സവിശേഷത. ബ്ലോഗുകളും വിക്കി മീഡിയകളും മാദ്ധ്യമമാക്കി സംഭരിക്കപ്പെടുന്ന വിവരങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തുവാനും ഒരു വായനക്കാരനു കഴിയും. പത്രാധിപത്വത്താല് നിയന്ത്രിക്കപ്പെടുന്ന ആശയങ്ങളും, കഥകളും, കവിതകളും, ലേഖനങ്ങളും മാത്രം സ്വീകരിക്കേണ്ടിവരിക എന്ന നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിന്നൊരു മോചനമായി ഇ എഴുത്തു് മാറുന്നു. പ്രസാധകന്റെയും മറ്റു മാധ്യമങ്ങളുടേയും സഹായം ഇല്ലാതെ സ്വയം പ്രസിദ്ധീകരിക്കാനുള്ള ഒരു സൌകര്യം വായനക്കാരനേയും എഴുത്തുകാരനേയും ഇവിടെ ഒന്നാക്കിതീര്ക്കുന്നു.
ജി. എന്‍. ജയചന്ദ്രന്, കെ. പി. രാമചന്ദ്രന്, മേതില്‍ രാധാകൃഷ്ണന്, സക്കറിയ, ബെന്യാമിന്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അച്ചടി മാദ്ധ്യമത്തെ അപേക്ഷിച്ചു് ബ്ലോഗില്‍ നിന്നും തനിക്കു ലഭിച്ച പ്രതികരണം വളരെ അശാവഹമായിരുന്നു എന്നു് രണ്ടു മാധ്യമങ്ങളും ഉപയോഗിക്കുന്ന ബെന്യാമിന് പറഞ്ഞതു് വളരെ ശ്രദ്ധേയമായി.
ബ്ലോഗിലെ ഒരു ചെറുകഥ വായിച്ചു് അതിലേക്കു് വന്ന തനിക്കു് ചിത്രങ്ങളും മറ്റുരചനകളും പ്രസിദ്ധീകരിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും. വായനക്കാര്‍ നല്കിയ പ്രോത്സാഹനങ്ങള്‍ തന്റെ കഴിവു് വളര്‍ത്തുവാന്‍ വളരെ സഹായിച്ചുവന്നുമുള്ള അനുഭവങ്ങള്‍ രാജീവ്(സാക്ഷി) സദസ്യരുമായി പങ്കുവച്ചു.
ആദ്യം പറഞ്ഞ കാര്യങ്ങളൊക്കെ ആരൊക്കെ എവിടൊക്കെ എങ്ങനെയൊക്കെ പറഞ്ഞു എന്നതു് വിശദീകരിക്കുക വിഷമം പിടിച്ച പണിയാണു്. മിക്കവാറും ഇതിന്റെ വീഡിയോ ചിത്രം നമുക്കു ലഭിച്ചേക്കുമെന്നതിനാല്‍ ഇത്തിരി കാത്തിരിക്കാം.
ചര്‍ച്ചയ്ക്കിടയില്‍ ഉയര്‍ന്ന സന്ദേഹങ്ങള്‍:
1) കുത്തക മുതലാളിമാര്‍ അനുവദിച്ചു നല്കുന്ന ഈ സൌകര്യം എത്ര നാളുണ്ടാവും? ഇത്രയ്ക്കാവേശം വേണോ?
2) സ്വന്തം ബ്ലോഗില്‍ കമന്റു മോഡറേറ്റ് ചെയ്യാമെന്നിരിക്കെ അതിനെത്രമാത്രം ജനാധിപത്യസ്വഭാവം ഉണ്ടാവും?
3) നിലവിലുള്ള ലൈബ്രറി സിസ്റ്റം ഇല്ലാതാകണമെന്നാണോ നിങ്ങള്‍ പറയുന്നതു്?
4) ഇന്റര്‍നെറ്റ് പോലുള്ള വിലകൂടിയ സംഭവങ്ങള്‍ സാധാരണക്കാര്ക്കെത്രമാത്രം പ്രാപ്യമായിരിക്കും? വളരെ കുറച്ചാളുകള്‍ക്കു മാത്രം പ്രാപ്യമായ ഒരു സംഗതിക്കു് ജനാധിപത്യസ്വഭാവം വരുന്നതെങ്ങനെ?
5) യൂനിക്കോഡിലും മാറ്റങ്ങള്‍ വരില്ലേ? അന്നു് നിങ്ങളുടെ ഈ സംഭരണം ഉപയോഗശൂന്യമാവില്ലേ?
(ചോദ്യങ്ങള്‍ക്കു് പറഞ്ഞ ഉത്തരങ്ങള്‍ ഇവിടെ തന്നെ പലവട്ടം കണ്ടിട്ടുള്ളതുകൊണ്ടിവിടെ പറയുന്നില്ല. ആര്‍ക്കെങ്കിലും അതു വേണമെന്നു തോന്നിയാല്‍ അതാവാം )
ബെന്യാമിന് മൈക്കു ചോദിച്ചു വാങ്ങിയതാദ്യമായിട്ടാണെന്നാണു പറഞ്ഞതു്. മാധ്യമങ്ങളില്‍ വന്ന തന്റെ ഒരു കഥയ്ക്കൊരു പ്രതികരണം ലഭിക്കാന്‍ നാലു വര്‍ഷമെടുത്തു എന്നാല്‍ ഇവിടെ നിമിഷങ്ങള്‍ക്കകം അതു് ലഭിക്കുകയുണ്ടായി എന്നദ്ദേഹം പറഞ്ഞു. യൂനിക്കോഡ്, ഒരു കിലോ ഒരു മീറ്റര്‍ എന്നൊക്കെ പറയുന്നതു പോലെ ഒരു സ്റ്റാന്‍ഡേഡ് ആണെന്നും അതു് മാറുകയില്ലെന്നും അഞ്ചാമത്തെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുകയുണ്ടായി.
ഞങ്ങളെ വളരെയധികം ആശ്ചര്യപ്പെടുത്തിയ സംഭവങ്ങളായിരുന്നു ചര്‍ച്ചയ്ക്കുശേഷം അവിടെയുണ്ടായതു്. കേള്വിക്കാരൊന്നടങ്കം ചര്‍ച്ചയ്ക്കു ശേഷം ഇതിനെ പറ്റി കൂടുതലറിയാനുള്ള താല്പര്യം പ്രകടിപ്പിച്ചു. ചിലരീ പ്രയത്നങ്ങളെ അനുമോദിച്ചു. എന്താണു് ബ്ലോഗ്, എങ്ങനെ ബ്ലോഗാം , എങ്ങനെ മലയാളത്തില്‍ ബ്ലോഗാം എന്നതിനെക്കുറിച്ചു് കൂടിയവരുടെ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞു് പെരിങ്ങോടനും നിഷാദും തളര്‍ന്നു. ഇതിനെക്കുറിച്ചു് ധാരാളം വിവരങ്ങള്‍ നല്കുന്ന ഒരു വര്‍ക്ഷോപ് താമസിയാതെ നടത്തുന്നതായിരിക്കും എന്നു് ഉറപ്പു നല്‍കിയിട്ടാണു് അവിടുന്നു് പുറത്തിറങ്ങാന്‍ കഴിഞ്ഞതു്.
ചര്‍ച്ച ഉണ്ടാക്കിയ തരംഗം പിന്നീടുണ്ടായ ചര്‍ച്ചകളേയും ബാധിച്ചു. ഇതിനു ശേഷം ശ്രീ സക്കറിയ നടത്തിയ പ്രഭാഷണങ്ങളില്‍ പലപ്പോഴും ഇ-എഴുത്തിനെ പറ്റി പരാമര്‍ശമുണ്ടായി.
അതില്‍ മുതലാളിത്തത്തിന്റെ രൂപങ്ങള്‍ എണ്ണിപ്പറയുന്നതിനിടയില്‍ മാധ്യമ മുതലാളിത്തത്തെ കുറിച്ചു പറഞ്ഞപ്പോള്‍ പറഞ്ഞതു്
"ആശയത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇ-എഴുത്തിനെ സ്വീകരിക്കാതിരിക്കാന്‍ തരമില്ല"
"പത്രക്കാരുടെയും മറ്റു മാദ്ധ്യമങ്ങളുടെയും മുകളില്‍ പറക്കുന്ന പരുന്താണു് ഇ-എഴുത്തു്." -എന്നിങ്ങനെയായിരുന്നു. ഒരു ബ്ലോഗ് തുടങ്ങുന്ന കാര്യം അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.
അതു പോലെ, “നമ്മള് കുത്തകകള്‍ക്കു വേണ്ടി മാറുകയല്ല കുത്തകകള്‍ നമുക്കു വേണ്ടി മാറുകയാണു് വേണ്ടതെ“ന്ന കൈപ്പള്ളിയുടെ പരാമര്‍ശം ശ്രീ കരുണാകരന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.
അവതരണത്തിന്റെ മേന്മകൊണ്ടല്ല മറിച്ചു് ആശയത്തിന്റെ ശക്തികൊണ്ടാണീ ചര്‍ച്ച ശ്രദ്ധേമായതു് എന്നതു് പറയാതെ വയ്യ.
എനിക്കെഴുതി മതിയായി. വിട്ടുപോയതു് അവിടെയുണ്ടായിരുന്ന സാക്ഷിയും പെരിങ്ങോടനും കൈപ്പള്ളിയും കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും. ഇതവസാനിപ്പിക്കുന്നതിനു മുന്‍പു് ഇത്തരം ഒരു വേദി ഒരുക്കിത്തന്ന സര്‍ജുവിനും കൂട്ടര്‍ക്കും നന്ദി പറഞ്ഞു കൊള്ളുന്നു. ഈ പരിപാടി ഉണ്ടായി വന്നതിനു പിന്നിലുള്ള അവരുടെ പ്രയത്നത്തെ മറന്നുകൂടാ.
കൂടുതല്‍ ചിത്രങ്ങള്‍ :
Saturday, January 13, 2007
പൊങ്കലോ പൊങ്കല്‍
പൊങ്കല്‍ എന്നാല്‍, തമിഴരുടെ വിളവെടുപ്പ് ഉത്സവമാണ്. പൊങ്കല്‍, ആ വാക്ക് പോലെ തന്നെ- പൊങ്ങുക, ഉയരുക എന്ന അര്‍ത്ഥം തന്നെയാണ്. നമ്മള് മലയാളികള്‍ക്ക് ഓണം എങ്ങിനെയോ അത്രയും തന്നെ പ്രാധാന്യം, പൊങ്കലിനു തമിഴ്നാട്ടിലുണ്ട്. ഇതും സമൃദ്ധിയുടെയും, നന്മയുടെയുമൊക്കെ പ്രതീകമായ ഒരു ഉത്സവം ആണ്. പൊങ്കല്‍ ഉത്സവത്തിനെ തമിഴര്‍ തന്നെ വിളിക്കുന്നത്- ‘തമിഴര്‍ തിരുനാള്‍’, ‘അറുവടൈ തിരുനാള്‍’ എന്നൊക്കെയാണ്. ആദ്യത്തെത് മനസ്സിലായികാണും. അറുവടൈ എന്നാല്‍- വിളവെടുപ്പ് എന്നര്‍ത്ഥം.
ഇത് തൈ(മകരം) മാസപ്പിറവിയിലാണ് കൊണ്ടാടാറ്. മാര്‍കഴി(ധനു) മാസത്തിന്റെ അവസാന നാള്- ഭോഗിപ്പൊങ്കല്‍ എന്ന് പറയും. അന്ന്, പഴയ സാധനങ്ങളൊക്കെ തീയിലിടും (പായ, സഞ്ചി, വട്ടി, കുട്ട ഇ.റ്റി.സി...!!). അടുത്ത ദിവസം, അതായത് തൈ മാസം ഒന്നാം തിയ്യതി- പൊങ്കല്‍. അന്ന്, വീടുകളില്‍ പൊങ്കല്‍ എന്ന ഭക്ഷണ വസ്തു ഉണ്ടാക്കും. (വലിയ പണിയൊന്നും ഇല്ല. അരി, പരിപ്പ് എന്നിവ ഒരുമിച്ചു വേവിക്കണം, നെയ്യ്, കുരുമുളക്, ഇഞ്ചി, കാഷ്യൂ എന്നിവ ചേര്‍ക്കും. ചമ്മന്തി, കാളന് ബെസ്റ്റ് കാമ്പിനേശന്! അതുല്യ ചേച്ചി, പ്ലീസ് ഹെല്പ് മീ...) ഇതു തിളച്ച് തൂവണം. എന്നാലേ പൊങ്കല്‍(ഉത്സവം) ആകൂ...! അന്ന് അയല്‍പ്പക്കത്തുള്ളവര്‍ക്ക് പലഹാരങ്ങള്‍ കൊടുക്കുക തുടങ്ങിയ കലാപരിപാടികള്‍ പൊടിപൊടിക്കും... വീട്ടിലുണ്ടാക്കിയ അരിമുറുക്ക്, തേന്‍കുഴല്‍, തട്ട, ഓമപ്പൊടി, പക്കോടാ, മിക്സ്ചര്‍ തുടങ്ങി എല്ലാം കാണും. (മധുര പലഹാരങ്ങളും.. പക്ഷെ എനിക്കു മധുരം ഇഷ്ടമല്ല...). തൈ മൂന്നാം തിയതി- മാട്ട്പ്പൊങ്കല്. അന്ന് കന്നുകാലികള്‍ ആണ് ഹീറോ ഹീറോയിനികള്...!! അവരെ സോപ്പിടും. മദുരൈയിലൊക്കെ ഈ സമയത്താണ് ജല്ലിക്കട്ട് എന്ന ഇന്ത്യന്‍ ബുള്‍ ഫൈറ്റ് നടക്കുന്നത്.
ഇതിന്റെ മറ്റൊരു വശം കൂടി പറഞ്ഞ് ഞാന്‍ ഈ കഥ പൂട്ടട്ടെ... സൂര്യന് ഉത്തരായനം മതിയാക്കി, ദക്ഷിണായനം തുടങ്ങുന്ന നാളാണ് ഇതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ബൂലോക ജ്യോതിഷ വിദഗ്ദര്‍ ദയവു ചെയ്ത് എന്നെ തിരുത്തുക, ഇതു തെറ്റാണെങ്കില്‍.
പറയാന്‍ മറന്നു... കരിമ്പ് തീറ്റ, കോലം വരക്കല്‍ തുടങ്ങിയ മത്സര ഇനങ്ങളും ഉണ്ട്. ഞാന്‍ ആദ്യത്തെ റ്റീം ആണ്!! തിരുവനന്തപ്പുരത്തെ കരമന എന്ന സ്ഥലം... ഒരു കൊച്ച് തമിഴ്നാടാണണ്ണാ....
ഒരിക്കല്‍ക്കൂടി...
ഇനിയ പുത്താണ്ട് മറ്റ്രും പൊങ്കല്‍ നല്വാഴ്ത്തുക്കള്... മീണ്ടും സന്തിപ്പോം എന്റ്ര് കൂറി വിടൈ പെറുവത് ഉങ്കള് അന്പ് പൊന്നമ്പലം... :)
വിശാല-കറന്റ്-ഏഷ്യാനെറ്റ് വീഡിയോ.
Alternate Link
ആദ്യ രണ്ടുമൂന്നു നിമിഷങ്ങള്‍ ‘പിടിക്കപ്പെടാ’നിടയാവാത്തതില്‍ ഖേദ് ഹേ.
Friday, January 12, 2007
കൊടകരപുരാണം കറന്റ് ബുക്സ് അനൌണ്സ് ചെയ്തു.
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ബ്ലോഗില്‍ നിന്നുള്ള ആദ്യ പുസ്തകം തൃശ്ശൂരിലെ കറന്റ് ബുക്സ് അനൌണ്സ് ചെയ്തു.
അവരുടെ പുതിയ ന്യൂസ് ലെറ്ററില്‍ വന്ന താളുകള്‍ ആണ് ഇവിടെ കാണുന്നത് (ചൂടുമാറാതെ തന്നെ പോസ്റ്റ് ചെയ്യുന്നു).
കവര്‍ പേജില്‍ തന്നെ ചിരിക്കുന്ന വിശാലമുഖം. ഉള്ളിലെ പേജില്‍ ഒരു സാമ്പിള്‍ വെടിക്കെട്ടുപോലെ “പെന്‍ഫ്രണ്ട്” എന്ന പോസ്റ്റും കൊടുത്തിട്ടുണ്ട്.
ബാക്ക് കവറില്‍, പുതിയ പുസ്തകങ്ങള്‍/പതിപ്പുകള്‍ എന്ന തലക്കെട്ടില്‍ എം ടി വാസുദേവന്‍ നായരുടെ “സ്നേഹാദരങ്ങളോടെ”, കോവിലന്റെ സമ്പൂര്‍ണ്ണ കൃതികള്‍, ടി പി രാജീവന്റെ “പുറപ്പെട്ടുപോകുന്ന വാക്ക്” എന്നീ കൃതികള്‍ക്കൊപ്പം നമ്മുടെ വിശാലന്റെ “കൊടകരപുരാണവും” നിരത്തിവച്ചിരിക്കുന്ന സന്തോഷകരമായ കാഴ്ച.
പുസ്തകം അതിന്റെ മിനുക്കു പണികളിലാണ്. ഉടന്‍ തന്നെ പുറത്തിറങ്ങും.
വിശാലനു അനുമോദനങ്ങള്‍ ഒരിക്കല്‍ കൂടി.
Thursday, January 11, 2007
പുഴ മാഗസിനില്‍ : ‘ബ്ലോഗില്‍ നിന്നും’
മാഗസിന്റെ കോപ്പി ലഭ്യമല്ലാത്തവര്‍ക്ക് കൂടി കാണാനായി, സ്കാന്‍ ചെയ്ത കോപ്പികള്‍ ഇതാ...
ഇതില്‍ ക്വോട്ട് ചെയ്തിരിക്കുന്ന പലരുടെയും ഈമെയില്‍ ലഭ്യമല്ലാത്തതിനാല്‍ ഒരു പോസ്റ്റായിടുന്നു.
കൂടാതെ, റീനി മമ്പലത്തിന്റെ (പനയോലകള്‍) ‘ഗൃഹലക്ഷ്മി‘ എന്ന ചെറുകഥയും ഈ ലക്കത്തിലുണ്ട്.
ആശംസകള്‍
Sunday, January 07, 2007
വീണ്ടും ഒരു പ്രവാസി ഭാരതീയ ദിവസ്
ഒരു മലയാളി പ്രവാസ കാര്യ മന്ത്രി ഉണ്ടായിട്ട് കൂടി പ്രവാസി മലയാളികളുടെ, പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളുടെ കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്നു കൂടി ആലോചിക്കേണ്ടതുണ്ട്. 8000-15000 രൂപക്ക് ഇടയില്‍ ആണ് ഒട്ടുമിക്കവരും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. അതില്‍ അവിടെ ഉള്ള ചിലവും കഴിച്ച് കിട്ടുന്ന പൈസ പിശുക്കി നാട്ടിലേക്ക് അയക്കുന്ന ഗള്‍ഫ് പ്രവാസി സമൂഹത്തെ അവഗണിക്കാറാണ് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ചെയ്യുന്നത്.
അമേരിക്കയിലും ആസ്ത്രേലിയയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളവര്‍ക്ക് ഇരട്ട പൗരത്വം. എന്നാല്‍ കാലാ കാലങ്ങള്‍ ആയി ഗള്‍ഫ് സമൂഹത്തിന്റെ വോട്ടവകാശം ( അങ്ങിനെ എങ്കിലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയട്ടെ) എന്ന ആവശ്യം അതു പോലെ കിടക്കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ സാധാരണ ഇന്ത്യയിലേക്ക് മടങ്ങി വരുന്നത് വളരെ ചുരുക്കം.( അമേരിക്കന്‍,അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ ഞാന്‍ ആക്ഷേപിക്കുകയല്ല. അവരുടെ സേവനങ്ങളെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു) എന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങി വരുന്ന ഗള്ഫ്കാരന് ഒരു വോട്ട് ചെയ്യാന്‍ ഉള്ള അവകാശം ഇല്ല എന്നു പറയുന്നത് ഇരട്ടത്താപ്പ് തന്നെ ആണ്.
പ്രധാനമായും രണ്ട് ആവശ്യങ്ങള്‍ ആണ് ഗള്‍ഫ് മലയാളികള്‍ക്കുള്ളത്. ഒന്നു വിമാന യാത്രാ കൂലി. ഗള്‍ഫ് മലയാളികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍. ഇതില്‍ രണ്ട് കാര്യങ്ങളിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ അലംഭാവം ആണ് കാണിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ വലിയ ഒരു അളവു വരെ സഹായകമാകുന്ന ഗള്‍ഫ് മലയാളികളെ കൂടുതല്‍ എങ്കിനെ പിഴിയാം എന്നു അല്ലാതെ വേറെ ഒരു കാര്യവും സര്‍ക്കാര്‍ ശ്രദ്ദിക്കാറില്ല
ഇന്ന് മിക്കവര്‍ക്കും സൗജന്യ വിമാനയാത്ര ലഭിക്കുന്നുണ്ടാകാം. പക്ഷെ ഇതൊന്നും കിട്ടാതെ ഉള്ള വളരെ അധികം ആളുകള്‍ ഗള്‍ഫ് സമൂഹത്തില്‍ ഉണ്ട്. അവര്‍ തങ്ങള്‍ക്ക് കിട്ടുന്നതില്‍ നിന്നു പിശുക്കി കിട്ടുന്നതില്‍ ഒരു പങ്ക് നാട്ടിലേക്കും ബാക്കി ഉള്ളത് നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ട് വരാനും വേണ്ടി ഇരിക്കുമ്പോള്‍ ആണ് വിമാന കമ്പനിക്കാരുടെ പകല്‍ കൊള്ള. ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ വെള്ളാന കമ്പനികള്‍ ആയ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും. നഷ്ടത്തിലോടുന്ന സര്‍വീസ്സുകള്‍ നിര്‍ത്തലാക്കാതെ ആ നഷ്ടം നികത്താന്‍ വേണ്ടി ഗള്‍ഫ് സമൂഹത്തെ ആണ് മിക്കപ്പോഴും ഈ വിമാന കമ്പനികള്‍ പിഴിയുന്നത്. എന്തെങ്കിലും പ്രതികരിക്കാം എന്നു വെച്ചാല്‍ തന്നേയും ഇവര്‍ അത് ഏത് വിധേനയും ഇല്ലാതെ ആക്കും. നേരത്തെ പറഞ്ഞ 8000-15000 രൂപ മാസശമ്പളം വാങ്ങുന്ന ഒരു ഗള്‍ഫ്കാരന്റെ മക്കള്‍ക്ക് ഏതെങ്കിലും പ്രൊഫഷനല്‍ കോളേജില്‍ ചേരണം എങ്കില്‍ അയാള്‍ കുത്ത്പാളയെടുക്കും. ( സാമ്പത്തികമായി ഉന്നതിയില്‍ നില്ക്കുന്ന എന്‍.ആര്.ഐ മക്കളുടെ കാര്യം അല്ല ) അവിടെയും ഒരു സാദാ എന്‍.ആര്.ഐ ക്ക് പക്ഷപാതം
എല്ലാത്തിനും വേണ്ടത് കൂട്ടായ പരിശ്രമം ആണ്. കാലുവാരികളെ തിരിച്ചറിഞ്ഞ്,അവര്‍ ചെയ്യുന്നത് തടഞ്ഞ്, തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ആണ് ഇത് ചെയ്യുന്നത് എന്ന ബോധത്തോടെ ഇതിനു വേണ്ടി ഇറങ്ങിയാല്‍ കാര്യം നേടാം. അല്ലെങ്കില്‍ മീറ്റിങ്ങുകളും പ്രതിഷേധങ്ങളും നിര്‍ബാധം തുടരും.
Wednesday, January 03, 2007
അങ്കിള്‍ സാം അറിയാന്‍
ഞാന്‍ ഈ കത്ത് താങ്കള്‍ക്കു എഴുതുമ്പോഴും എന്റെയും എന്റെ അമ്മയുടെയും ശവശരീരം അവിടെ നിന്നു നീക്കിയിട്ടില്ല. ശവശരീരം എന്നു കണ്ടപ്പോള്‍ താങ്കള്‍ കരുതും അതു എന്താ അങ്ങിനെ എഴുതാന്‍ എന്ന്. അതെ ഞാന്‍ ഒരു ഗര്‍ഭസ്ഥശിശു ആയിരുന്നു. ഈ ലോകത്തേക്കു വരാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആണ് താങ്കളുടെ നാട്ടിലെ ജനങ്ങള്‍ അവരുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക് നല്കി ഞങ്ങളുടെ നാട്ടില്‍ "സമാധാനം" പുലര്‍ത്താന്‍ വേണ്ടി വേഷം കെട്ടിച്ച് അയച്ചവരില്‍ ഒരുത്തന് എന്റെ അമ്മയുടെ നിറവയറിലേക്ക് നിറയൊഴിച്ചത്. എന്റെ അമ്മ അയാളോട് കേണപേക്ഷിക്കുന്നത് ഞാന്‍ എന്റെ അമ്മയുടെ സുരക്ഷിത കവചത്തില്‍ ഇരുന്നു കൊണ്ട് കേള്‍ക്കുന്നുണ്ടായിരുന്നു. അതും അവര്‍ക്കു വേണ്ടി അല്ലായിരുന്നു. ഭൂമിയിലേക്ക് വരാന്‍ ദിവസങ്ങള്‍ മാത്രമുള്ള എനിക്കു വേണ്ടി ആയിരുന്നു. പക്ഷേ, ആ പട്ടാളക്കാരന് "ഇവന് വലുതാകുമ്പോള്‍ ഞങ്ങള്‍ക്ക് ഭീഷണി ആകും. അത് കൊണ്ട് ഇപ്പോഴെ എല്ലാം തീര്‍ത്ത് തരാം" എന്നു പറഞ്ഞ് കൊണ്ട് എന്റെ അമ്മയുടെ വയറിനു (എന്റെയും) നേര്‍ക്ക് തന്റെ യന്ത്രത്തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചു. അതില്‍ നിന്നും വിസര്‍ജ്ജിച്ച 6 വെടിയുണ്ടകള്‍ എന്റെ അമ്മയുടെ വയറും എന്റെ നെഞ്ചുംകൂടും തകര്‍ത്ത് എന്റെ അമ്മയുടെ പുറകുവശവും പിളര്‍ന്ന് പോകാന്‍ അധികം താമസം വേണ്ടി വന്നില്ല. മരണ വെപ്രാളത്തിനിടയിലും എന്റെ അമ്മയുടെ കൈകള്‍ അമ്മയുടെ വയറിനു മേലെ ആയിരുന്നു. എന്നെ അപ്പോഴും അമ്മയുടെ കൈകള്‍ തടവുന്നുണ്ടായിരുന്നു. എന്റെ ജീവന്റെ തുടിപ്പ് എന്റെ അമ്മയുടെ വയറ്റില്‍ അവശേഷിക്കുന്നുണ്ടോ എന്നു അറിയാന്‍ വേണ്ടി....
എത്ര പേരുടെ സ്വപ്മങ്ങള്‍ ആണ് താങ്കളും താങ്കളുടെ ആ പട്ടാളക്കാരനും കൂടെ തകര്‍ത്തത്? ഈ ലോകം കാണാനും കേള്‍ക്കാനും അത് ആസ്വദിക്കാനും വെമ്പി നില്‍ക്കുകയിരുന്ന എന്റെ...എന്നെ ചേര്‍ത്ത് പിടിച്ച്, എനിക്ക് ചൂടു നല്കി, അമ്മിഞ്ഞ നല്കി അതില്‍ നിര്‍വൃതി അടയുന്ന എന്റെ അമ്മയുടെ, എന്നെ വെച്ച് സ്വപ്നങ്ങള്‍ കണ്ടിരുന്ന എന്റെ പിതാവിന്റെ..തങ്ങള്‍ക്ക് ഒരു കൂടപ്പിറപ്പ് വരുന്നു എന്നു സന്തോഷിച്ചിരുന്ന എന്റെ സഹോദരങ്ങളുടെ..അങ്ങിനെ എത്ര പേരുടെ..
അങ്കിള്‍ സാം, ഞാന്‍ ഒന്നു ചോദിക്കട്ടെ. താങ്കളും താങ്കളുടെ പട്ടാളവും വല്ല ഉപകരണവും കണ്ടു പിടിച്ചിട്ടുണ്ടോ ഗര്‍ഭസ്ഥ ശിശു ഒരു ഭീകരന് ആണ് എന്നു അറിയാന്‍ വേണ്ടി? കണ്ട് പിടിച്ചിരുന്നു എങ്കില്‍ അത് നേരത്തെ കണ്ടു പിടിക്കണം ആയിരുന്നു. കൃത്യം ആയി പറഞ്ഞാല്‍ 60 കൊല്ലങ്ങള്‍ക്ക് മുന്‍പ് അത് ഉണ്ടാക്കി താങ്കളുടെ പിതാവ് ബുഷ് സീനിയര്‍ക്ക് നല്‍കണം ആയിരുന്നു. അതെ, ഞങ്ങളുടെയും ഈ ലോകത്തിനു മുന്‍പിലും താങ്കള്‍ ആണ് ഭീകരവാദി
അങ്കിള്‍ സാം, എന്റെ നാട്ടില്‍ സമാധാനം പുലരുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് ഞങ്ങള്‍ താങ്കളെയും താങ്കളുടെ പട്ടാളത്തെയും വിളിച്ച് വരുത്തിയതാണോ? ഞങ്ങളുടെ രാജ്യം ഭീകരവാദത്തിനു വളം വെച്ച് കൊടുക്കുന്നു എന്നു പറഞ്ഞ് ഇവിടെ ഉള്ള പാവങ്ങളെ കൊന്നു കൊല വിളിച്ചതിനു ശേഷവും ഈ ലോകത്ത് താങ്കള്‍ക്കും താങ്കളുടെ ഏറാന്മൂളികള്ക്കും സമാധാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവോ? താങ്കളും താങ്കളുടെ ശിങ്കിടികളും എന്റെ രാജ്യത്തേക്ക് വരുന്നതിനു മുന്‍പേ തന്നെ താങ്കളും താങ്കളുടെ സഖ്യ രാജ്യങ്ങളും പിന്നെ താങ്കളുടെ താളത്തിനൊത്ത് തുള്ളുന്ന യു.എന്‍ എന്ന നോക്കുകുത്തിയും ചേര്‍ന്ന് എന്റെ രാജ്യത്തിലെ ലക്ഷകണക്കിനു കുഞ്ഞുങ്ങളെ ഉപരോധം എന്ന പേരു പറഞ്ഞ് പട്ടിണിക്കിട്ട് കൊന്ന്, അവരുടെ സ്വപ്നങ്ങളെയും, ഒരു രാജ്യത്തിന്റെ തന്നെ ഭാവിയും ചവിട്ടി മെതിച്ചില്ലേ?
ഒന്നു ഓര്‍ക്കുക. താങ്കള്‍ പടച്ച് വിട്ട ഒരോ ആയുധവും താങ്കള്‍ക്ക് നേരെ തിരിച്ചടിക്കും. സത്യം എല്ലാ കാലത്തും മൂടി വെക്കാന്‍ താങ്കള്‍ക്കൊ, താങ്കളുടെ പണകൊഴുപ്പ് കൊണ്ടു ഉണ്ടാക്കിയ ശാസ്ത്രത്തിനോ, ശാസ്ത്രഞ്ജന്മാര്ക്കോ, താങ്കളുടെ വാലാട്ടികള്ക്കൊ സാധിക്കില്ല. ഒരിക്കല്‍ താങ്കള്‍ അല്ലെങ്കില്‍ താങ്കളുടെ പിന്‍ഗാമിയൊ ഇതില്‍ പരിതപിക്കേണ്ടി വരും. ഒന്നു തീര്‍ച്ച, ഈ ലോകത്ത് എത് കോടതി താങ്കള്‍ക്ക് ശിക്ഷ വിധിച്ചില്ലെങ്കില്‍ കൂടി ദൈവത്തിന്റെ കോടതിയില്‍ താങ്കള്‍ പ്രതികൂട്ടില്‍ ആയിരിക്കും. അന്ന് ഞാനും എന്നെ പോലെ ഉള്ള ലക്ഷകണക്കിനു കുട്ടികളും താങ്കള്‍ക്കെതിരെ സാക്ഷി പറയും. ദൈവം താങ്കളെ രക്ഷിക്കട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍ തന്നെയും ദൈവം താങ്കളെ രക്ഷിക്കുമൊ? അറിയില്ല. എങ്കിലും പറയുന്നു.. ദൈവം താങ്കളെ രക്ഷിക്കട്ടെ..താങ്കള്‍ക്ക് നല്ല ബുദ്ധി ഉണ്ടാകട്ടെ.. നിറുത്തുന്നു.
എന്ന്,
ബാഗ്ദാദ് തെരുവുകളില്‍ കളിച്ച് നടക്കേണ്ട
ഒരു കുഞ്ഞിന്റെ ആത്മാവ്.
Monday, January 01, 2007
ബൂലോഗ ക്ലബ്ബ്
പ്രിയ ബൂലോക സഹോദരങ്ങളേ പോയ്മറഞ്ഞ 2006നും ഒഴുകി മറഞ്ഞ ജീവിതത്തിനും ശേഷം ഇതാ ചലനാത്മകമായ ഇത്തിരി വര്‍ത്തമാനവും, പ്രതീക്ഷിക്കുന്ന വലിയൊരു ഭാവിയുടെ പടിവാതിലുമായ 2007 നിങ്ങളുടെ കണ്‍മ്മുന്നില്‍.
നവ്യാനുഭവങ്ങളെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളോടെ നമുക്കു യാത്ര തുടരാം.
എല്ലാവര്ക്കും എന്റെയും, കുടുംബത്തിന്റെയും
ഊഷ്മളമായ
പുതുവത്സരാശംസകള്‍
“പ്രതീക്ഷയാണ് ജീവിതം
പ്രതിബന്ധങ്ങളെ തട്ടിമാറ്റിക്കൊണ്ട്
പ്രതീക്ഷയോടെ മുന്നേറുക”
ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്മതിലുകള് തീര്‍ക്കുമ്പോഴൊക്കെ അതിജീവന മന്ത്രമായി ഉരുവിടാറുള്ള വാക്യമാണിത്.
കടപ്പാട് : വിപുലമായ അര്‍ത്ഥം അറിഞ്ഞല്ലെങ്കിലും ഓട്ടോഗ്രാഫില്‍ കുറിച്ചിട്ട എന്റെ സഹപാഠിക്ക്.
പലപ്പോഴും വളരെ വ്യാഖ്യാന ഭേദങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിതുറക്കുന്ന ഈയൊരു വാക്യം നിങ്ങള്‍ക്കു ഞാന്‍ സമര്‍പ്പിക്കുന്നു.
സവിനയം /സ്നേഹപൂര്‍വം
പൊതുവാളന്‍