Saturday, July 17, 2010
തിരുകൊച്ചീ ട്രാവത്സ്
Wednesday, April 14, 2010
ചന്ദ്രന്റെ രാസ്വപ്നങ്ങൾ
മഴ വീണ്ടും പെയ്യാൻ തുടങ്ങി. ചന്ദ്രൻ ഒരു കൌമാരരാവിന്റെ ഓർമയിലേക്ക് മടങ്ങി...
(കടപ്പാട്: പ്രമോദ് പുഴങ്കര)
Sunday, March 21, 2010
മലയപ്പുലയന്‍ ക്ലാസ് പി റ്റി എ യില്‍
മലയപ്പുലയന്‍ മാടത്തിന്‍ മുറ്റത്തിരുന്ന് ആലോചിക്കുകയാണ്. തമ്പുരാന് സമര്‍പ്പിച്ച വാഴക്കുല നിന്നിടത്ത് മക്കള്‍ രണ്ടും മണ്ണപ്പം ചുട്ട് കളിക്കുന്നു. നാളെ അപ്പ സ്കൂളില്‍ ചെല്ലണമെന്ന് രണ്ട് പേരും വന്ന് പറഞ്ഞിരിക്കുന്നു. കേട്ടപ്പോള്‍ അയാള്‍ക്ക് ആകാംക്ഷയായി. രണ്ടും കൂടി എന്തേലും കുരുത്തക്കേട് കാണിച്ചിരിക്കും.ഒരാള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. മറ്റെയാള്‍ നാലിലും.
'അല്ല പ്പാ, ഇത് ക്ലാസ് പി റ്റി എ യ്ക്കാ. എല്ലാവരുടെയും അപ്പന്മാര്‍ ചെല്ലണമെന്ന് സാറ് പറഞ്ഞിരിക്കുന്നു. അല്ലേല്‍ ക്ലാസില്‍ കയറ്റത്തില്ല.'
എന്ത് ചെയ്യണമെന്ന് അയാള്‍ക്കറിയുന്നില്ല. നാളെ പണിക്കു ചെന്നില്ലെങ്കില്‍ മറ്റന്നാള്‍ തമ്പ്രാന്‍റെ മൊകം കാണാന്‍ തന്നെ പേടിയാകും. രണ്ടൂസം മുന്പെ അറിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും കള്ളം പറഞ്ഞ് പണിക്ക് പോവാതിരിക്കാമായിരുന്നു. മക്കളെ പള്ളിക്കൂടത്തിലയക്കുന്നത് തന്നെ തമ്പ്രാന് പിടിച്ചിട്ടില്ല. ഇനി ഓരോന്നും പറഞ്ഞ് താനും അങ്ങോട്ടു ചെല്ലുന്നുവെന്നറിഞ്ഞാലോ... ഓര്‍ക്കുന്പോള്‍ തന്നെ അയാള്‍ക്ക് നടുക്കമുണ്ടായി.
അപ്പന്‍ പനിച്ചു കിടക്കയാണെന്ന് പറയാന്‍ മൂത്തവനെ തമ്പ്രാനടുത്തയച്ചു. രണ്ടിന്‍റെയും കൈയും പിടിച്ച് പള്ളിക്കൂടത്തിലേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍ പിള്ളാര് പിടിവലി തുടങ്ങി.
'അപ്പാ എന്‍റെ ക്ലാസില്‍ വാ'
ഇതും കണ്ടു കൊണ്ട് ഒരു വന്ന സാറ് കാര്യ മന്വേഷിച്ചു.
'മക്കള്‍ അടികൂടണ്ട, ഇന്ന് അപ്പന്‍ ആറിലിരിക്കട്ടെ. അടുത്ത തവണ നാലിലിരിക്കാം'
തീരുമാനം സാറിന്‍റേതായതിനാല്‍ കുട്ടികള്‍ക്ക് സ്വീകാര്യ മായി.
ക്ലാസില്‍ രണ്ട് രക്ഷിതാക്കള്‍ എത്തിയിട്ടുണ്ട്. പത്തു മുപ്പതു പിള്ളാര്‍ അവിടെയിരിപ്പുണ്ട്. മറ്റുള്ളവര്‍ക്കൊപ്പം അയാളും ബഞ്ചിലിരുന്നു.
രക്ഷിതാക്കളുടെ എണ്ണം പത്തു പന്ത്രണ്ടായപ്പോള്‍ സാറ് കടന്നു വന്നു പ്രസംഗം തുടങ്ങി. ഒട്ടു മുക്കാലും അയാള്‍ക്കു മനസ്സിലായില്ല. എന്നാല്‍ ഒടുവില്‍ അയാളുടെ കൈയില്‍ ഗ്രേഡുകള്‍ കുറിച്ച കടലാസ് കൊടുത്ത് സാറ് പറഞ്ഞത് കേട്ട് അയാള്‍ വിയര്‍ത്തു. തല കുനിഞ്ഞുപോയി.
'തീരെ പഠിക്കില്ല കേട്ടോ. അക്ഷരങ്ങള്‍ തന്നെ കൂട്ടിയെഴുതാനറിയില്ല. '
സാറിന്‍റെ മുഖം നോക്കാനാവാതെയിരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത ഉപദേശം.
'വീട്ടില്‍ നിന്നു കൂടി ശ്രദ്ധിക്കണം. കുട്ടികള്‍ കൂടുതല്‍ സമയം നിങ്ങളുടെ കൂടെയല്ലേ'
'വീട്ടീന്ന് നോക്കാറുണ്ട് സാറേ, ഇവനെപ്പോഴും പറയും ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന്. സാറമ്മാരും ടീച്ചര്‍മാരും വന്നില്ലാന്ന്.'
അയാളറിയാതെ നാക്കില്‍ നിന്ന് വീണുപോയതാണ്.
'ഇവനും ഇത് തന്നെയാണ് പറയാറ് സാറേ' - വേറൊരാള്‍ കൂട്ടിച്ചേര്‍ത്തു.
' ഓ, അതു ശരി, എപ്പഴാണ് ആളില്ലാതെ നിങ്ങള്‍ വെറുതെയിരുന്നത് ? ക്ലാസിനെയാകെ നോക്കിക്കൊണ്ട് സാറ് ചോദിച്ചു.
'സാറ് കഴിഞ്ഞയാഴ്ച വന്നിരുന്നേയില്ലല്ലോ '- കുട്ടികള്‍ക്കിടയില്‍ നിന്നും ഒരു ശബ്ദം ഉയര്ന്നു.
'അത് ഉപജില്ലാ യുവജനോത്സവം ഡ്യൂട്ടിയായിരുന്നു.'
'സാറേ കഴിഞ്ഞയാഴ്ച മുഴുവന്‍ ഇവളും ഇത് തന്നെയാണല്ലോ പറയുന്നത്.' രക്ഷിതാക്കളിലൊരാള്‍ സംശയമുന്നയിച്ചു.
സാറ് ഓര്‍ത്തെടുത്ത് തന്‍റെ കഴിഞ്ഞ രണ്ട് മാസത്തെ അദര്‍ ഡ്യൂട്ടികള്‍ അവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.
ഒരാഴ്ച സ്വന്തം ഉപജില്ലയില്‍ യുവജനോത്സവം.
അടുത്ത ഒരാഴ്ച അടുത്ത രണ്ട് ഉപജില്ല കളില്‍ യുവജനോത്സവങ്ങള്‍.
പിന്നെ ഒരാഴ്ച സ്വന്തം ഉപ ജില്ലയിലും മറ്റ് ഉപജില്ല കളിലുമായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, ഐ. റ്റി മേളകള്‍.
ഒരാഴ്ച ഉപജില്ലാ കായിക മേളകള്‍.
ഇതിനിടെ രണ്ടാഴ്ച തീരദേശ സര്‍വ്വെ.
അതു കഴിഞ്ഞ് ഒരാഴ്ച പഞ്ചായത്ത് കേരളോത്സവങ്ങള്‍. പിന്നെ ബ്ലോക്ക് കേരളോത്സവങ്ങളും.
ഇപ്പറഞ്ഞതിന്‍റെയൊക്കെ ജില്ലാ തല മേളകളില്‍ സാറ് തുടര്‍ന്ന് അദര്‍ ഡ്യൂട്ടിക്കാരനായി.
അതു കൊണ്ടാണ് സാറ് പറഞ്ഞത് കുട്ടികളുടെ കാര്യ ത്തില്‍ അവരവരുടെ രക്ഷിതാക്കള്‍ കുറെക്കൂടി ശ്രദ്ധചെലുത്തണമെന്ന്.
മലയപ്പുലയന്‍ തന്‍റെ മകനെ തിരിഞ്ഞൊന്നു നോക്കി. അപ്പോഴയാള്‍ കണ്ടത് വാതിലിനടുത്ത് ടൈ കെട്ടി തിളങ്ങുന്ന യൂണിഫോമുമണിഞ്ഞ് ഒരു കുട്ടി നില്‍ക്കുന്നതാണ്. അവന്‍ സാറിനെ നോക്കി വിളിച്ചു.
' ഡാഡീ'
അവന്‍റെ കഴുത്തില്‍ തൂങ്ങുന്ന പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ഫോട്ടോ പതിച്ച ഐഡന്‍റിറ്റി കാര്‍ഡ് ആ ക്ലാസിലാകെ പ്രഭ പരത്തി.