Tuesday, October 16, 2007

ബ്ലോഗ് പൂട്ടിക്കെട്ടിയതിന്റെ വിശതീകരണവും പിന്നെ ചില തംശയങ്ങളും

സുഹൃത്തുക്കളേ
മോഹന്ദാസ് കേ ഗാന്ധിയുടെ നല്ല വശങ്ങള്‍ മാത്രം പഠിക്കാനാണു് പലര്‍ക്കും അവസരങ്ങള്‍ കിട്ടിയിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ സംഭവിച്ച സാമുഹിക മാറ്റങ്ങളില്‍ ഒരു വലിയ പങ്കു വഹിച്ച വ്യക്തിയെന്ന നിലയില്‍ ഗാന്ധി അതുല്യനാണു്.

ഏതൊരു വ്യക്തിയുടേയും എല്ലാ വശങ്ങളും അറിയുമ്പെഴാണു് അദ്ദേഹത്തിന്‍റെ ജീവചരിത്രം പൂര്ണമാകുന്നത്. അദ്ധേഹത്തെകുറിച്ച് അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ചില വസ്തുതകള്‍ രേഖസഹിതം അവതരിപ്പിക്കുക എന്നതായിരുന്നു എന്‍റെ ഉദ്ദേശം.

ആവിഷ്കാര സ്വാതന്ത്ര്യത്തിനു പരിമിതികള്‍ നിശ്ചയിച്ച ജനതയാണു നമ്മുടേത്. ആ പരിധിയുടെ വക്കില്‍ നില്കുന്ന പ്രസ്ഥാനമായിരിക്കാം ഗാന്ധി. ഇത് ഞാന്‍ മനസിലക്കിക്കൊണ്ടാണു ഭാരത് സര്‍ക്കാര്‍ പുറത്തുവിട്ട 98 വാല്യത്തില്‍ പ്രസിദ്ധീകരിച്ച CWMG (The Collected Works of Mahathma Gandhi) എന്ന സമാഹാരത്തില്‍ നിന്നും Quote ചെയ്തത്. "ഞാന്‍ അറിഞ്ഞ ഗാന്ധി" എന്നാണു് ഞാന്‍ തലക്കെട്ട് കൊടുത്തിരുന്നത്. മറിച്ച് "നിങ്ങള്‍ അറിയേണ്ട ഗാന്ധി" എന്നോ, "ഇതാണു ഗാന്ധി എന്നോ" ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെയായിരുന്നു എങ്കില്‍ എന്‍റെ വിശ്വാസം അടിച്ചേല്പിക്കലാകില്ലേ? അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍ നിന്നും ഞാന്‍ മനസിലാക്കിയ ഗാന്ധി എന്ന് ഞാന്‍ ആവര്ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്‍റെ രണ്ടു പോസ്റ്റുകള്‍ക്ക് പിന്നാലെ വിത്യസ്തമായ മറ്റൊരു ചിത്രം തികച്ചും ഭംഗിയായി ഞാന്‍ ബഹുമാനിക്കുന്ന വക്കാരിയും, മവേലി കേരളവും, വിശ്വപ്രഭയും, പ്രതിപക്ഷ ബഹുമാനത്തോടെ അവതരിപ്പിക്കുകയുണ്ടായി. മനസിലാക്കിയ വസ്തുതകള്‍ തുറന്ന് പറയാനുള്ള സ്വാതന്ത്യം നഷ്ടപ്പെട്ടിട്ടില്ലാ എന്ന് അപ്പോഴും ഞാന്‍ കരുതിയിരുന്നു. പക്ഷെ തുടര്ന്നുണ്ടായ comment അക്രമണത്തില്‍ ആ സ്വാതന്ത്ര്യം നഷ്ടമാകും എന്ന് ഞാന്‍ സംശയിച്ചു. ചര്‍ച്ച വല്ലാതെ കൈവിട്ടുപോകുന്നതായി എനിക്ക് തോന്നി. ബഹുമാനപ്പെട്ട ശ്രീ ചന്ദ്രശേഖരന്‍ നായര്‍ വിഷയത്തെ hijack ചെയ്തു case പഠിക്കാതെ ഗാന്ധിയുടെ defense വക്കീലായി വൈകാരികമായി വാദിച്ചു തുടങ്ങിയിരുന്നു. നിന്ന നില്പിന്നു് എന്നോടു് മാപ്പ് പറയാന്‍ പറഞ്ഞു. ഒരു "Out Of Focus" നിമിഷത്തില്‍ ഞാന്‍ ആ ഒടുക്കത്തെ Poll ഇടുകയും ചെയ്തു. Pollല്‍ ഉണ്ടായിരുന്ന ആ രണ്ടാമത്തെ Optionലൂടെ ശ്രീ ചന്ദ്രശേഖരന്‍ നായരെ അല്പം (ഒരുപാടല്ല കേട്ടാ !!) disrespect ചെയ്യുകയും ചെയ്തു്. അവിടെയാണു് അദ്ദേഹത്തിനു് കോണ്ടത് എന്ന് തോന്നുന്നു. എന്‍റെ തെറ്റ്. അതിനാണു ഞാന്‍ മാപ്പ് പറയേണ്ടത്.
ശ്രീ ചന്ദ്രശേഖരന്‍ നായര്‍: ഞാന്‍ താങ്കളെ Pollലൂടെ disrespect ചെയ്തതിനു് മാപ്പ് പറയുന്നു.

അപ്പോഴും ഗാന്ധി is still very much In Focus;

താങ്കള്‍ കരുതുന്നത് പോലെ ഞാന്‍ ബ്ലോഗ് എന്‍റെ ബന്ധുമിത്രാതികള്‍ക്ക് മാത്രം തുറന്നു കൊടുത്തിട്ടില്ല. (രഹസ്യമായി ചര്‍ച്ച നടത്തി Tender Submission നടത്തി കാശ് ഉണ്ടാക്കുന്ന ഏര്‍പ്പാടൊന്നുമല്ലല്ലോ ഈ ബ്ലോഗ് കുണ്ടാമണ്ടി‍.) വെറും ആയിരം മല്ലു blogകള്‍ നമ്മള്‍ "മലയാലീ peoples" മാത്രമല്ല വായിക്കുന്നത് എന്ന് ഓര്‍ക്കണം. Blog എന്ന മാദ്ധ്യമത്തെ താഴ്ത്തിക്കെട്ടാന്‍ തക്കം നോക്കിയിരിക്കുന്ന ഒരു മാദ്ധ്യമ ലോകം പുറത്ത് കാത്തിരിക്കുന്നുണ്ട്. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ നിരീക്ഷിക്കുകയും ഊതി പെരിപ്പിച്ച് അവലോകനം ചെയ്യുന്നവര്‍ വെറേയും. ഇതുപോലൊരു high value controversial ചര്‍ച്ച ഈ പ്രതലം വിട്ട് പുറത്ത് പോയാല്‍ Blog എന്തു് കോപ്പാണെന്നോ,Internet എന്താണെന്നും അറിയാത്ത ഏതെങ്കിലും കുഗ്രാമത്തില്‍ കുഴിയില്‍ കാലുംനീട്ടിയിരിക്കുന്ന ഏതെങ്കിലും മൂപ്പില്സ് ഒരു തമാശക്ക് (Just for യേ horror ങെ) നിരാഹാരം കിടന്നാല്‍, "Blogല്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചു" എന്ന കാരണത്താല്‍ ഇന്ത്യയില്‍ blogspot നിരോധിക്കപ്പെട്ടേക്കാം. ഇതിലും നിസാര കാരണത്തിനു ബ്ലോഗിനു് ഭീഷണിയുണ്ടായിട്ടുണ്ട് എന്ന് ഓര്‍ക്കണം. അതിനു പ്രധാന കാരണക്കാരന്‍ ഞാന്‍ ആയിത്തീരും. കൈപ്പള്ളി വള വളാന്ന് പ്രസംഗിച്ചുനടന്ന സ്വതന്ത്ര മാദ്ധ്യമം ഞാന്‍ കാരണം ഒരു ദിവസത്തേക്ക് പോലും ഇല്ലാതാകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത് ഒരിക്കലും എനിക്ക് സഹിക്കാനാകില്ല.

മണ്മറഞ്ഞ വിഗ്രഹങ്ങളെക്കാള്‍ പുതുമയേറിയ ചിന്താധാരകളാണു് നാം ഉയര്ത്തിപ്പിടിക്കേണ്ടത്. ആ ചിന്തകള്‍ ജനിക്കുന്ന മാദ്ധ്യമം ഇതാണു്. സീമകളില്ലാത്ത ആ മാദ്ധ്യമത്തെ ഒരു രണ്ട് നിമിഷത്തെ അത്മസംത്രിപ്തിക്കുവേണ്ടി നശിപ്പിച്ചുകൂട. അതാരായാലും അനുവതിച്ചുകൂട. കൈപ്പള്ളി വെറും വ്യക്തിയാണു്. വ്യക്തിയല്ല പ്രസ്ഥാനമാണു വലുത്. ഇന്നും. എപ്പോഴും.

ശ്രീ ചന്ദ്രശേഖരന്‍ നായര്‍ അറിയുന്നതിനു്.
താങ്കള്‍ വിഷമിക്കുന്നതുപോലെ എന്‍റെ ബ്ലോഗ് ആര്‍ക്കും വായിക്കാന്‍ തുറന്നു കൊടുത്തിട്ടില്ല. ഭാവിയില്‍ തുറന്നു കൊടുക്കണമോ വേണ്ടയോ എന്നുള്ളതും എന്‍റെ മാത്രം തീരുമാനമായിരിക്കും. തുറന്നാല്‍ ഉടന്‍ താങ്കളെ ഞാന്‍ അറിയിക്കുകയും ചെയ്യും. അതോര്ത്ത കലിപ്പാക്കണ്ട.

എന്തിരിന്നാലും, താങ്കള്‍ ഉത്തരം തരും എന്ന് പ്രതീക്ഷയില്ല എങ്കിലും എന്‍റെ അഞ്ച് സംശയങ്ങള്‍ ചോദിക്കട്ടെ:

1) താങ്കള്‍ ഗാന്ധിയേ കുറിച്ചുള്ള എന്‍റെ രണ്ട് പോസ്റ്റുകളും വായിച്ചുട്ടുണ്ടോ? മോഹന്ദാസ് കരംചന്ദ് ഗാന്ധി എഴുതിയതും പ്രസംഗിച്ചതുമായ ചില വരികള്‍ തെളിവുകള്‍ സഹിതം എന്‍റെ രണ്ടു പോസ്റ്റുകളിലൂടെ അവതരിപ്പിക്കുകയുണ്ടായി. ഞാന്‍ ഗാന്ധിയെ അവഹേളിച്ചതായി താങ്കള്‍ കണ്ടത് എവിടെയാണു് എന്ന് ചൂണ്ടിക്കാണികാമോ?

2.a.)ഗാന്ധി ജയന്തി October 2നാണെന്നാണു് എന്‍റെ അറിവ്. October മാസം മുഴുവനും ആഘോഷിക്കുന്ന ഒന്നാണോ ഗാന്ധി ജയന്തി? (സത്യത്തില്‍ അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണേ.)

2.b.) October മാസം കഴിഞ്ഞാല്‍ ഗാന്ധിയെ വിമര്‍ശിക്കാമോ? ഗാന്ധിയെ വിമര്‍ശിക്കാന് അനുവതിച്ചിട്ടുള്ള മാസങ്ങള്‍ വിവരിക്കുക?

3) താങ്കള്‍ ഗാന്ധിയനാണോ? ആണെങ്കില്‍ 4ആം ചോദ്യം വായിക്കുക. ഇല്ലെങ്കില്‍ 5ലേക്ക് ചാടി കടക്കുക. (പ്രായത്തിനെ ഓര്ത്ത് പതുക്കെ ചടുക ! Please)

4) താങ്കളുടെ സമാധാനത്തിനു് വേണ്ടി ഞാന്‍ ഒരിക്കല്‍ മാപ്പ് പറഞ്ഞ്. മേല്‍ പറഞ്ഞ കാരണത്താല്‍ ബ്ലോഗ് പൂട്ടുകയും ചെയ്തൂ. തിരിഞ്ഞു നടക്കുന്നവന്‍റെ പുറകില്‍ കല്ലെറ്യുകയാണോ താങ്കള് പഠിച്ച ഗാന്ധിസം?

5) താങ്കളോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്ത്തിക്കോണ്ടു് തന്നെ ചോദിക്കട്ടെ, സാറിന്‍റെ പ്രായത്തിനും പക്വവതക്കും ചേര്ന്ന പ്രവര്ത്തിയായിട്ട് ഇതിനെ സാര്‍ കാണുന്നുണ്ടോ?

അഞ്ചാമത്തെ ചോദ്യത്തിനു "ഓ തന്നെടെയ് ഇത് തന്ന എന്‍റെ നിലവാരം" എന്നാണെങ്കില്‍ (മഹാത്മാ ജയന്‍ സ്റ്റൈലില്‍) എങ്കില്‍ല്‍ല്‍ല്‍ എനിക്ക് തിരിച്ചു വരെണ്ടി വരുംംംംംംംംം.

ഉത്തരങ്ങള്‍ വികാരരഹിതമായിരിക്കും എന്ന് പ്രതിക്ഷിക്കുന്നു. (തമാശയാകാം, "ഓവര്‍"ാക്കല്ലും)

ബഹുമാനപുരസരം

കൈപ്പള്ളി

--------------------------------
Note. രണ്ടു ദിവസമായി പുതിയ വീട്ടിലേക്ക് മാറ്റം നടത്തുകയാണു. പുതിയ ഏരിയ ആയതിനാല്‍ ഇവിടെ DSL connectionഉം Phoneഉം കിട്ടാന്‍ ഒരാഴ്ച്ച സമയം എടുക്കും എന്ന് "ഇത്തിരി"സലാത്തുകാര്‍ പറയുന്നു. എനിക്കെതിരെ ഉള്ള തെറി commentകളും പോസ്റ്റുകളും പിള്ളേര്‍ എടുത്തുവെച്ച് തകര്‍ക്കുന്നുണ്ടെന്ന് ചില വാര്ത്തകള്‍ കേള്‍ക്കുന്നു. എല്ലാത്തിനേയും തപ്പി എടുത്ത് ഞാന്‍ വിമര്‍ശിച്ച് popular ആക്കും എന്നൊന്നും ഒരുത്തനും വ്യമോഹിക്കണ്ട. എനിക്ക് ഒരുപാട് പണിയുണ്ട് മക്കളെ. അതുകൊണ്ടൊന്നും നിങ്ങള്‍ വിഷമിക്കരുത്. (ഒന്നുമില്ലെങ്കിലും എഴുത് തെളിയൂല്ലെ). എഴുത്ത് നിര്ത്തുകയും അരുത്. Please continue.

23 comments:

Kaippally said...

ബ്ലോഗ് പൂട്ടിക്കെട്ടിയതിന്റെ വിശതീകരണവും പിന്നെ ചില തംശയങ്ങളും

കുറുമാന്‍ said...

കൈപ്പള്ളീ ഇത് അവസരോചിതമായി. ആശംസകള്‍, ഷിഫ്റ്റിങ്ങിനും, ഏ ഡ് എസ് എല്‍ കണക്ഷന്‍ വേഗം കിട്ടി ബൂലോകത്തിലേക്ക് മടങ്ങി വരുന്നതിനും.

Unknown said...

കൈപ്പള്ളി വേഗം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു !

krish | കൃഷ് said...

അപ്പൊ അതാ കാര്യം അല്ലേ. ഇപ്പൊ തംശയം മാറി.
പുതുഗൃഹവാസ ആശംസകള്‍.

Anonymous said...

പ്രീയ കൈപ്പള്ളി,
വ്യക്തിപരമായി താങ്കളുടെ കഴിവുകളെ ഞാന്‍ ആദരിക്കുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ താങ്കള്‍ ഇത്തരം ഒരു പോസ്റ്റ് ഇടാന്‍ പാടില്ലായിരുന്നു എന്ന അഭിപ്രായം മാത്രമെ എനിക്കുള്ളു. താങ്കള്‍ തെരഞ്ഞെടുത്ത പോള്‍ ഓപ്ഷനില്‍ രണ്ടാമത്തെതിനെക്കാള്‍ ഒന്നാമത്തേതായിരുന്നു എന്നെ വേദനിപ്പിച്ചത്‌. താങ്കളോട് മാപ്പ് പറയുന്നതല്ലെ നല്ലത് എന്നു മാത്രമെ ഞാന്‍ പറഞ്ഞുള്ളു. പോള്‍ ഓപ്ഷന്‍ തെരഞ്ഞെടുത്തത് താങ്കളുടെ ഇഷ്ടപ്രകാരം ആയിരുന്നു താനും. ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്കുമാത്രം എന്ന ഓപ്ഷനണ്‍ ഞാനറിഞ്ഞ കൈപ്പള്ളി എന്ന പോസ്റ്റിടാന്‍ കാരണമായത്. അത് ഇതാ നീക്കുന്നു.
വിശദീകരണത്തിന് നന്ദി.

അഞ്ചല്‍ക്കാരന്‍ said...

വേറിട്ട കാഴ്ചപ്പാടുകളും ചിന്തകളും വെച്ചു പുലര്‍ത്തുന്നവരാണ്‍ എന്നും വിമര്‍ശിക്കപ്പെടുന്നത്. ഒഴിക്കിനെതിരേ നീന്തുമ്പോഴാണ്‍ ചരിത്രം ഉണ്ടാകുന്നത്. ചരിത്രത്തെ വ്യത്യസ്തമായി നോക്കികാണാനുള്ള കൈപ്പള്ളിയുടെ ശ്രമം തുടരട്ടെ!.

കൈപ്പള്ളി അറിഞ്ഞ ഗാന്ധിയെ കൈപ്പള്ളി അവതരിപ്പിക്കട്ടെ. ഗാന്ധിയെ ആഴത്തിലറിഞ്ഞവര്‍ അതിനെ തിരുത്തട്ടെ. ഒടുവില്‍ കൈപ്പള്ളി അറിഞ്ഞ ഗാന്ധിയും ഞാന്‍ അറിഞ്ഞ ഗാന്ധിയും നിങ്ങള്‍ അറിഞ്ഞ ഗാന്ധിയും ഭാരതം അറിഞ്ഞ ഗാന്ധിയും ലോകമറിയുന്ന ഗാന്ധിയും ഒന്നായിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്നിടത്ത് നല്ല സൌഹാര്‍ദ്ദത്തോടെ നമ്മുക്കീ ചര്‍ച്ച സമന്വയത്തിലെത്തിക്കാം.

ഓര്‍ക്കുക:

നന്മയും നല്ലതും വിമറ്ശനങ്ങളില്‍ മങ്ങില്ല. അതിന്റെ തിളക്കം കൂട്ടാനേ വിമറ്ശനങ്ങള്‍ക്കാകുള്ളൂ. വിമറ്ശിക്കപ്പെടുന്ന മോഹന്‍‌ദാസ് കരം ചന്ദ് ഗാന്ധി നന്മയുടെ മനുഷ്യരൂപമായിരുന്നു. അദ്ദേഹത്തിന്റെ തിളക്കം കൂട്ടാനേ ഇങ്ങിനെയുള്ള ചര്‍ച്ചകള്‍ വഴിവെക്കുള്ളു.

ഈ ചര്‍ച്ച തുടരണം. ആരോഗ്യകരമായി തന്നെ. കൈപ്പള്ളി ബൂലോകത്ത് നിറ സാനിദ്ധ്യമായിട്ടുണ്ടാവുകയും വേണം - വേറിട്ട ശബ്ദമായി തന്നെ.

ഭാവുകങ്ങള്‍.

Kaippally കൈപ്പള്ളി said...

ഈ പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും നന്ദി.

ഞാന്‍ പോസ്റ്റില്‍ കരുതിയതു പോലെ തന്നെ ശ്രീ ചന്ദ്രശേഖരന്‍ നായര്‍ ചോദ്യങ്ങള്‍ wicketല്‍ കൊള്ളാതെ bounce ചെയ്ത് പോയിരിക്കുന്നു.

ഈ പഴയ കോളാംബി grampaphone പോലെ ഒരേ വരി തന്നെ repeat അടികാതെ
സാറിനു് 5 ചോദ്യത്തില്‍ ഏതാണു് മനസിലാകത്തത് എന്നു പറയൂ.

അരവിന്ദ് :: aravind said...

കൈപ്പള്ളീ, ഗാന്ധിജിയെക്കുറിച്ചെഴുതിയ രണ്ട് പോസ്റ്റുകളും അത്ര നന്നായില്ല.
ബൂവര്‍ വാര്‍ കറുത്തവനും വെളുത്തവനും തമ്മിലായിരുന്നു, ഗാന്ധിജി വെളുത്തവന്റെ പക്ഷം ചേര്‍ന്നു എന്ന് താങ്കള്‍ ആദ്യം എഴുതിയിരുന്നു-പിന്നെ തിരുത്തി. ഗാന്ധിജിയെ വിമര്‍ശിക്കാന്‍ ഒരു തിടുക്കം എനിക്ക് താങ്കളുടെ പോസ്റ്റില്‍ അനുഭവപ്പെട്ടിരുന്നു. ജൂതന്മാരോട് ആതമഹത്യ ചെയ്യാന്‍ പറഞ്ഞു എന്ന് കേട്ട് അതിന് കോട്ട് ചെയ്ത പ്രസംഗം വായിച്ച ഞാന്‍ ഞെട്ടിപ്പോയ് കൈപ്പള്ളീ..ഞെട്ടിപ്പോയ്!
അച്ചന്‍ മകനോട് "നീ ചോറ് കഴിച്ചാല്‍ മതി" എന്ന് പറഞ്ഞാല്‍ "കല്യാണം കഴിക്കരുത്" എന്നാണ് പറഞ്ഞെതെന്നും വ്യാഖ്യാനിക്കാം?
താങ്കളുടെ പല കണ്‍‌ക്ലൂഷന്‍സും വണ്‍ സൈഡഡാണ്. ഇങ്ങനെയൊക്കെ കണ്‍ക്ലൂഡ് ചെയ്താല്‍ ലോകം ബുദ്ധിമുട്ടിലാകും. വാല്‍മീകി വേടനായിരുന്നു, അതിനാല്‍ ഒരെഴുത്തെഴുതാന്‍ പോലും വേണ്ട കഴിവ് ഇല്ലാ എന്നു കരുതാമല്ലോ എന്നൊക്കെ പറഞ്ഞാല്‍? അങ്ങിനെ പലതും. അടഞ്ഞ് അദ്ധ്യായമായതിനാല്‍ എഴുതുന്നില്ല.മാത്രമല്ല, പലരും ഇതൊക്കെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

'ഞാന്‍ അറിഞ്ഞ ഗാന്ധി' എന്ന തലക്കെട്ടിലൂടെ മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടെന്നാലും, ചില വായനക്കാര്‍ അതിര് വിട്ട് പ്രതികരിച്ചതാണ് കുഴപ്പം എന്ന് തോന്നുന്നു. വക്കാരിയും മറ്റും എഴുതിയ പോസ്റ്റുകളിലൂടെ താങ്കളുടെ അറിവ് ഒത്തിരി സംസ്കരണപ്പെട്ടു എന്ന് എനിക്കുറപ്പാണ്.

താങ്കള്‍ സമ്മതിക്കും പോലെ മാപ്പു പറയലും മറ്റും അവശ്യമില്ലാത്തതായിരുന്നു! ആരോട് മാപ്പ് പറയാന്‍? ആരാണ് മാപ്പ് പറയാന്‍? ഹൂ കെയേര്‍സ് എന്ന് ചിന്തിക്കെണ്ടിയിരുന്നു.ചന്ദ്രേട്ടന്‍ ഒരു തരത്തില്‍ ചര്‍ച്ച ഹൈജാക്ക് ചെയ്ത് കൈപ്പള്ളിയുടെ സ്വഭാവം അനലൈസ് ചെയ്യുക എന്ന നിലയിലേക്കാക്കി..അതും വന്‍പന്‍ തെറ്റ്.

ഗാന്ധിജി കാരണം രണ്ടു പേര്‍ ഏറ്റുമുട്ടുന്നതാണ് ഏറ്റവും വൈരുധ്യം!

ഇനി കൈപ്പള്ളിയോട് അപേക്ഷ..ബ്ലോഗ് തുറന്നിടണം പ്ലീസ്. വേണമെങ്കില്‍ ആ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം. അതാണ് നല്ലത്. കാരണം നമ്മുടെ നാടാണ്, അമേരിക്കയല്ല. അമേരിക്കയില്‍ മഡോണ നാഷണല്‍ ഫ്ലാഗെടുത്ത് അണ്ടര്‍‌വെയര്‍ തയ്‌പിച്ചാലും ആര്‍ക്കും ഒരു കൂസലുമില്ല. നമ്മുടെ നാട് വെറെയാണ്, ആള്‍ക്കാര്‍ വളരെ സെന്‍‌സിറ്റീവ് ആണ്, ആത്മാഭിമാനം വളരെ ഡെലിക്കേറ്റ് ആണ്. കൈപ്പള്ളിയുടെ "സുരക്ഷ"യും ഭാവി മനസമാധാനവും കണക്കിലെടുത്ത് ആ പോസ്റ്റുകള്‍ ഡിലീറ്റുന്നതാവും നല്ലത് എന്നു തോന്നുന്നു.

Kaithamullu said...

ഞാന്‍ അറിഞ്ഞ ഗാന്ധിയെ കൈപ്പള്ളി അവതരിപ്പിച്ചു.
അതിനുപകരം ചന്ദ്രശേഖരന്‍ നായര്‍ അറിഞ്ഞ, കേട്ടറിഞ്ഞ, ഗാന്ധിയെ അവതരിപ്പിക്കട്ടേ. അതിനിടയില്‍ വരുന്നവര്‍ അവരവരുടെ മനസ്സിലുള്ള ഗാന്ധിയേയും പുറത്ത് കൊണ്ട് വരൂ.

അതിനുപകരം ഇപ്പോ എന്താ നടന്നേ?
ഇതെന്താ രാഷ്ടീയക്കളിയാ: പരേതനായ,ബഹുമാന്യനായ, മത്താ
യി ചാക്കോയെ പീണറായിയും ഡിഫിക്കാരും തൊഴില്‍ രഹിതരായ ബിഷപ്പുമാരും കോമ്പ്ലാന്‍ ബോയിയും മറ്റ് നികൃഷ്ടജീവികളും പന്ത് തട്ടുന്ന പോലെ....

അങ്കിള്‍. said...

പ്രീയ കൈപ്പള്ളീ,

കോടനുകോടി ഇന്‍ഡ്യാക്കാര്‍ നെഞ്ചിലേറ്റി നടക്കുന്ന ഗാന്ധിജിയെപ്പറ്റി വിമര്‍ശനങ്ങള്‍ മാത്രം ഉള്‍കൊണ്ട ഒരു ലേഖനം അദ്ദേഹത്തിന്റെ ജന്മനാളില്‍തന്നെ കൈപ്പള്ളി തന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തി. അതില്‍ മനം നൊന്ത ചന്ദ്രശേഖരന്‍ നായര്‍ കൈപ്പള്ളി മാപ്പ്‌ പറയണമെന്നൊരഭിപ്രായം രേഖപ്പെടുത്തി. കൈപ്പള്ളി മാപ്പ്‌ പറഞ്ഞില്ല. പകരം വായനക്കാരുടെ വോട്ട്‌ തേടി. ഏതാണ്ട്‌ 39 പേര്‍ കൈപ്പള്ളിക്കനുകൂലമായപ്പോള്‍ 390 ളം പേര്‍ കൈപ്പള്ളി മാപ്പ്‌ പറയണമെന്നാവശ്യപ്പെട്ടു. കൈപ്പള്ളി മാപ്പിന്‌ പകരം മപ്പ്‌ പറഞ്ഞു. അതുകൊണ്ടരിശം തീരാതെ, കൈപ്പള്ളി തന്റെ ബ്ലോഗും കെട്ടിപ്പൂട്ടി ഞങ്ങളോട്‌ ലാല്‍ സലാം പറഞ്ഞു. ഇതല്ലേ സംഭവിച്ചത്‌.

ഇപ്പോള്‍ കൈപ്പള്ളിക്ക്‌ തിരിച്ചു വരണം. അതിന്‌ ചന്ദ്രശേഖരന്‍ നായര്‍ നിങ്ങളുടെ 5 ചോദ്യങ്ങള്‍ക്കുത്തരം തരണമെന്ന്‌ പറയുന്നത്‌ ശരിയാണോ?. നിങ്ങളുടെ തിരിച്ച്‌ വരവ്‌ ഞങ്ങളെല്ലാം ആഗ്രഹിക്കുന്നതല്ലേ. പലരും അത്‌ പ്രകടിപ്പിച്ചും കഴിഞ്ഞില്ലേ. പ്ന്നെന്താ കൈപ്പള്ളിക്കൊരു നിര്‍ബന്ധം, ചന്ദ്രശേഖരന്‍ നായര്‍ മറുപടി പറയണമെന്ന്‌. വീണ്ടും വോട്ടു തേടാനുള്ള പുറപ്പാടാണോ?.

കൈപ്പള്ളീ തിരിച്ചു വരണമെന്നാണ്‌ എന്റെ വ്യക്തിപരമായ ആഗ്രഹവും, ബ്ലോഗിലോട്ട്‌ മാത്രമല്ലാ, തിരിച്ച്‌ ഇന്‍ഡ്യയിലോട്ടു തന്നെ.

*****************************
"കുഴിയില്‍ കാലുംനീട്ടിയിരിക്കുന്ന ഏതെങ്കിലും മൂപ്പില്സ് ഒരു തമാശക്ക് (Just for യേ horror ങെ) നിരാഹാരം കിടന്നാല്‍, "Blogല്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചു" എന്ന കാരണത്താല്‍ ഇന്ത്യയില്‍ blogspot നിരോധിക്കപ്പെട്ടേക്കാം."
*******************************
മേല്‍ക്കാണുന്നത്‌ കൈപ്പള്ളിക്ക്‌ വൈകി വന്ന വിവേകം.

- said...

പ്രിയപ്പെട്ട കൈപ്പള്ളി,

താങ്കളുടെ ബ്ലോഗ് പൂട്ടാം, തുറക്കാം അതൊക്കെ നിങ്ങളുടെ ഇഷ്ടം. എന്തു പറഞ്ഞാലും 390 പേര് 39 പേര്‍ക്കെതിരായി ഒരു അഭിപ്രായം പറഞ്ഞില്ലേ.
മൊത്തം ബൂലോകത്തിന്റെ ഒരു പരിച്ഛേദമല്ലേ അതു.
നിങ്ങള്‍ പറയുന്ന പോലെ കള്ള വോട്ടിട്ടാലും എത്ര കുറയും.

ഒന്നുകില്‍ നിങ്ങള്‍ക്ക് കുഴപ്പം അല്ലെങ്കില്‍ ഈ 390 പേര്‍ക്ക്. ഒരു സ്വയം വിമര്‍ശനത്തിനു മുതിരുന്നത് നന്നായിരിക്കും. നിങ്ങളുടെ ഡൊമൈന്‍ നോളെഡ്ജ്നോടുള്ള ഒരിഷ്ടം ഉള്ളതു കൊണ്ടാണെന്ന് കൂട്ടിക്കോളൂ.


ആനന്ദ്.

ഉപാസന || Upasana said...

കൈപ്പള്ളി
തിരിച്ചു വരുന്നതും കാത്ത്...
:)
ഉപാസന

Viswaprabha said...

പ്രിയപ്പെട്ട കൈപ്പള്ളീ, ചന്ദ്രേട്ടാ,

ബ്ലോഗര്‍മാര്‍ക്കിടയില്‍ ഏറ്റവും അടുത്തറിഞ്ഞു സംസാരിച്ചിട്ടുള്ള ചുരുക്കം ചില ആളുകളില്‍ ആദ്യം നില്‍ക്കുന്നത് എന്റെ സഹോദരന്‍ എന്നുതന്നെ ഞാന്‍ കണക്കാക്കുന്ന കൈപ്പള്ളി ആണെന്നറിയാമല്ലോ. ഫേവറിറ്റുകളിലും ഫീഡുകളിലും പോയി നോക്കാതെ ബ്രൌസറിന്റെ അഡ്ഡസ്സ് ബാറില്‍ നേരിട്ട് ടൈപ്പ് ചെയ്ത് ദിവസേന പുതിയ പോസ്റ്റുകള്‍ ഉണ്ടോ എന്നു ഞാന്‍ നോക്കുന്ന അപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്നാണ് mallu-ungle.blogspot.com എന്നും വിശ്വസിക്കാമല്ലോ. ഒന്നോ രണ്ടോ പോസ്റ്റുകള്‍ ഒഴികെ അവിടെ ഇതിനകം വന്നിട്ടുള്ള മിക്ക പോസ്റ്റുകളും ഞാന്‍ പ്രതീക്ഷിക്കുന്ന, എനിക്കുള്‍ക്കൊള്ളാനാവുന്ന ബൌദ്ധികനിലവാരത്തില്‍ തന്നെയായിരുന്നിട്ടുണ്ട് ഇതുവരെ.

എന്നിരുന്നാലും ഗാന്ധിജിയെപ്പറ്റി കൈപ്പള്ളി ഇട്ട പോസ്റ്റുകള്‍ വളരെ നിരാശാജനകവും അരവിന്ദ് പറഞ്ഞതുപോലെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതുമായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ ഗാന്ധിജിയെപ്പറ്റിയുള്ള നന്മകളെപ്പോലെത്തന്നെ, നിശിതമായ വിമര്‍ശനപാഠങ്ങളേയും അതീവശ്രദ്ധയോടെ, സ്വന്തം ചിന്ത പണയം വെക്കാതെ, അറുത്തുമുറിച്ചുപഠിച്ചിട്ടുണ്ട് ഞാനും. അദ്ദേഹം അനുഷ്ഠിച്ച പല രീതികളും സ്ഥിരബുദ്ധിയുള്ള ഒരാള്‍ക്ക് എങ്ങനെ ചെയ്യാന്‍ കഴിയും എന്ന് ഞാനും ആദ്യമൊക്കെ അതിശയിച്ചിട്ടുണ്ട്.വാസ്തവത്തില്‍ ആ ജിജ്ഞാസകൊണ്ടാണ് പിന്നീട് ഏതുനാട്ടില്‍ ‍ ചെന്നാലും അവിടത്തെ രീതികളും ആളുകളുടെ സ്വഭാവഗതികളും കണ്ടറിയാനും അതുപോലെത്തന്നെ എന്തുകൊണ്ടാവും ഗാന്ധി അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടാവുക എന്നു കൂടെക്കൂടെ ആലോചിക്കാനും ഞാന്‍ ജീവിതത്തില്‍ ഉടനീളം ശ്രദ്ധിച്ചിട്ടുള്ളത്.

ചില കാര്യങ്ങള്‍ പ്രത്യക്ഷയുക്തിക്കു നിരക്കുന്നവയല്ലെന്നു തോന്നും. ഏറെ നാള്‍ കഴിയുമ്പോള്‍, കൂടുതല്‍ ഇഴുകിയ അനുഭവങ്ങളിലൂടെ, കൂടുതല്‍ തെളിഞ്ഞ വാ‍യനയിലൂടെ, കൂടുതല്‍ പക്വമായ അറിവോടെ മാത്രമേ നമുക്ക് അത്തരം വിഭ്രമാത്മകതകളിലെ സത്യം മനസ്സിലാവൂ. എത്രയോ അഭിപ്രായങ്ങള്‍ ഇരുമ്പുലക്കകളായിരുന്നില്ലെന്ന് നമ്മുടെ സ്വന്തം ജീവിതത്തിലേക്കുതന്നെ തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാവുമല്ലോ.

ഗാന്ധിയുടെ ജീവിതത്തിലെ വഴിത്തിരിവുകളേയും അദ്ദേഹം സ്വയം ലോഹശുദ്ധി വരുത്താന്‍ കൈക്കൊണ്ട മാര്‍ഗ്ഗങ്ങളെപ്പറ്റിയും ഏറെക്കുറേ എനിക്കു പില്‍ക്കാലത്ത് മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാണ് കൈപ്പള്ളിയെപ്പോലെ ലോകവീക്ഷണവും അറിവും പ്രതിഭയുമുള്ള ഒരാള്‍ അങ്ങനെയൊക്കെ എഴുതിയപ്പോള്‍ ഒന്നു പ്രതികരിക്കാന്‍ പോലുമാ‍വാതെ ഞാന്‍ തളര്‍ന്നിരുന്നത്.

I whole-heartedly and vehemently detested those posts... At first, chose to close my eyes upon those screens...

എഴുതിയിരുന്ന ടൈറ്റില്‍ (“ഞാന്‍‍ അറിഞ്ഞ ഗാന്ധി” എന്നത്) ഞാന്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് മറ്റൊരു അനുബന്ധപോസ്റ്റില്‍ ഞാന്‍, ഞാന്‍ അറിഞ്ഞ ഗാന്ധിയെപ്പറ്റി മാത്രം കമന്റായി എഴുതി സ്വയം സമാധാനം പൂണ്ടത്.

പക്ഷേ, കൈപ്പള്ളി എഴുതിയ ആ പോസ്റ്റുകളുടെ ഉള്ളടക്കം തീര്‍ച്ചയായും one-sided ആയിരുന്നു. വളരെ selective ആയി ചികഞ്ഞെടുത്ത ചില പരാമര്‍ശങ്ങള്‍ -അതും പലതിനും വേണ്ടത്ര ആധികാരികത പോലുമില്ലാതെ - മാത്രം നിരത്തി അദ്ദേഹത്തിനെ ഒരു ഡിജിറ്റല്‍ ബൈനറി വര വരച്ച് മഹാത്മാവാണോ അല്ലയോ എന്ന് അതിരു തിരിക്കുന്നത് തീരെ ശരിയായില്ല.

ദീദാത്തിനെപ്പോലെയുള്ള ഒരു പാട് ആളുകള്‍ ഉണ്ട് ഇന്റര്‍നെറ്റില്‍. ഇന്റര്‍നെറ്റില്‍ നഞ്ചുകലക്കി മീന്‍പിടിക്കുന്ന ഒരുപാടൊരുപാട് പ്രസ്ഥാനങ്ങളും വ്യക്തികളും. അവയെ വിദഗ്ദമായി ഒഴിവാക്കാന്‍ അറിഞ്ഞിട്ടുവേണം ഇത്രയും വികാരാധിക്യമുള്ള വിഷയങ്ങള്‍ നാം സ്വതന്ത്രമായി ചര്‍ച്ച ചെയ്യേണ്ടത്. കക്കൂസില്‍ ആരെങ്കിലും എഴുതിയിട്ട ഗ്രാഫിറ്റിക്കുകൂടി സമാധാനം പറയേണ്ടിവരുന്ന ഗതികേടു വരരുത് നമ്മുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്. CWMG-യില്‍ ഒട്ടും മായം ചേര്‍ക്കാതെ ഇത്രകൂടെയൊക്കെയുണ്ടായിട്ടും (അങ്ങനെയാണെങ്കില്‍ക്കൂടിയും), എന്നിട്ടും ഗാന്ധിയെ, അദ്ദേഹത്തിന്റെ frail ആയ ഒരു ജീവനെ, ഒരു ലോകം മുഴുവന്‍ വിലമതിച്ചു എന്നതില്‍ എന്തെങ്കിലുമൊക്കെ വാസ്തവമുണ്ടായിരിക്കണം. ആ വാസ്തവത്തിനു കൂടി നാം അര്‍ഹമായ ബഹുമാനം കൊടുക്കണം.

ഒരുപക്ഷേ “മഹാത്മാവ്” എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം നിഷാദ് തെറ്റിദ്ധരിച്ചിട്ടുണ്ടാവാം എന്ന ഒരു സംശയത്തിന്റെ ആനുകൂല്യം ഞാന്‍ ഇപ്പോഴും ബാക്കിവെക്കുന്നുണ്ട്. പൊതുവായ അര്‍ത്ഥത്തില്‍ നാം വിവക്ഷിക്കാറുള്ള പ്രവാചകന്‍, റസൂല്‍, malak, Saint, വിശുദ്ധന്‍, മുനി എന്നൊക്കെയുള്ള ഉദ്ദേശത്തിലാണ് മഹാത്മാവ് എന്ന വാക്കിനെ കണ്ടതെങ്കില്‍ ഒരു പക്ഷേ കൈപ്പള്ളി ശരിയായിരിക്കാം. അങ്ങനെയുള്ള അതിമാനുഷികതയൊന്നുമില്ലാതെ വെറും പച്ചമനുഷ്യനായി മാത്രം കാണുമ്പോളാണ് ഗാന്ധിജിയെ മഹാത്മാവ് എന്ന് [The great soul, the great birth; A simple life with great accomplishments; അറബിയില്‍ നഫ്‌സ് (النفس - The breathing being with a will) but not റൂഹ് (الرُّوح - the spirit or soul)ِ] വിളിക്കാന്‍ തോന്നുക. അതുപോലെത്തന്നെ കാഫിര്‍, നീഗ്രോ, മദ്രാസി, മല്‍ബാറി, Hindoo, (Red) Indian, സഖാവ്, പീഡനം, വെട്ടിനിരത്തല്‍ തുടങ്ങിയ വാക്കുകള്‍ക്കൊക്കെ കഴിഞ്ഞ നൂറുകൊല്ലങ്ങള്‍കൊണ്ട് ഭയാനകമായ അര്‍ത്ഥവ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. അത്തരം വാക്കുകളൊക്കെ നിഷാദ് അതേ അര്‍ത്ഥങ്ങളിലേക്ക് timeshift ചെയ്ത് മാറ്റിവായിച്ചിട്ടുണ്ടാവില്ല എന്നും സംശയമുണ്ടായിരുന്നു.

മൊത്തത്തില്‍ കൈപ്പള്ളിയുടെ പോസ്റ്റ് തുടക്കത്തിലേ കുറച്ചു സെന്‍സേഷണല്‍ ആയിരുന്നു. എരിതീയില്‍ എണ്ണയൊഴിക്കാനെന്നപോലെയായി പതിവുപോലെ കൈപ്പള്ളിയുടെ കമന്റുകളും പിന്നീട് വന്ന self-assumptions, poll തുടങ്ങിയവയും. (കൈപ്പള്ളിയുടെ പോസ്റ്റുകള്‍ അടിപൊളിയാണ്. പക്ഷേ ചില കമന്റുകള്‍ കണ്ടാല്‍ അറപ്പുതോന്നും. കുരുത്തം കെട്ട ചില മൂഡിലായിരിക്കാം അത്തരം കമന്റുകള്‍ വരുന്നത്, അല്ലേ, സുഹൃത്തേ?)

ഇനി നാം എല്ലാവരും ബഹുമാനിക്കുന്ന ചന്ദ്രേട്ടനെക്കുറിച്ച്. എളുപ്പമാണെങ്കില്‍പ്പോലും നാമൊന്നും ശ്രമിച്ചുനോക്കാത്ത പല കാര്യങ്ങളും സ്വന്തം ആത്മബലം കൊണ്ട് പരിശ്രമിച്ച് നേടുകയും, മുതിര്‍ന്ന ഈ പ്രായത്തിലും എല്ലാ കാര്യങ്ങളും സ്വയം പഠിച്ചെടുക്കുവാന്‍ ദിവസം മുഴുവന്‍ ഉത്സാഹിക്കുകയും ചെയ്യുന്ന ചന്ദ്രേട്ടന്‍ ചിലപ്പോഴൊക്കെ അബദ്ധങ്ങളില്‍ ചെന്നുചാടാറുണ്ട് എന്നു പറയാതെ തരമില്ല. സ്വന്തം പരിചയം കൊണ്ടും ബുദ്ധികൊണ്ടും മാത്രം തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോള്‍ അതൊടൊപ്പം വന്നുചേരുക ഭാരിച്ച ധാര്‍മ്മിക ഉത്തരവാദിത്തം കൂടിയാണ്. അദ്ദേഹത്തോടുള്ള അതിരറ്റ ബഹുമാനം വിടാതെത്തന്നെ ഒരു അനിയനെന്ന നിലയില്‍ ചിലപ്പോഴൊക്കെ ഒന്നു ശാസിക്കേണ്ടി വരുമെന്നു മുന്‍പും പലപ്പോഴും തോന്നിയിട്ടുണ്ട്.

ഗാന്ധിയന്‍ വഴിയിലൂടെ നടന്നുശീലിച്ച ഒരാളെന്ന നിലയില്‍, അവഗണിച്ചു് തമസ്കരണം നടത്തേണ്ട ഒരു വിഷയം കൊളുത്തിയെടുത്ത് സ്വന്തം ബ്ലോഗില്‍ അതിനെ അധികരിച്ച് പോസ്റ്റുചെയ്യേണ്ടിയിരുന്നില്ല. അളന്നുമുറിച്ച് പിശുക്കിയെഴുതുംതോറും വില കൂടിക്കൂടിമാത്രം വരുന്ന അക്ഷരങ്ങള്‍ ധാരയായി ഒഴുക്കിവിടുമ്പോള്‍ ചന്ദ്രേട്ടനു പലപ്പോഴും നിയന്ത്രണം തെറ്റാറുണ്ട്. (പിന്നീട് അതുമനസ്സിലാക്കി യഥായുക്തം തിരുത്താറുമുണ്ട്). മാത്രമല്ല, എന്തൊക്കെ പറഞ്ഞാലും സ്ക്രീനില്‍ കാണുന്ന വാക്കുകള്‍ക്ക് ഒരു ന്യൂനതയുണ്ട്. അവയ്ക്ക് വികാരങ്ങള്‍/വിചാരങ്ങള്‍ കൃത്യമായി കൈമാറാനറിയില്ല. ആ ഒരു കുറവ് മനസ്സിലാക്കിയിട്ടുവേണം ഓരോ വരിയും എഴുതിവിടാന്‍.

അരവിന്ദ് നിര്‍ദ്ദേശിച്ചതുപോലെ ആ പോസ്റ്റുകള്‍ ഡീലിറ്റു ചെയ്യണോ? വേണ്ടെന്നാണ് എന്റെ അഭിപ്രായം. വളരെ derogatory ആയ വാക്കുകളോ കമന്റുകളോ ഉണ്ടെങ്കില്‍ അധികമാരെയും വേദനിപ്പിക്കാതെ, ശ്രദ്ധാപൂര്‍വ്വം അവ മാത്രം നീക്കം ചെയ്യാം. മറിച്ച് പോസ്റ്റ് ഡീലിറ്റു ചെയ്താല്‍, അതിനെ അടിസ്ഥാനമാക്കി വികസിച്ച നല്ലൊരു ചര്‍ച്ചയ്ക്ക് റെഫറന്‍സ് ബേസ് ഇല്ലാതെ വരും. ആ ചര്‍ച്ചയും അതിന്റെ വികാസപരിണാമവും ഇനി വരുന്നവര്‍ക്കു വായിക്കാന്‍ തക്ക വിധത്തില്‍ അവിടെത്തന്നെ കിടക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം.

ബ്ലോഗ് ഒളിച്ചുവെക്കുകയോ? അതിനെക്കുറിച്ച് കൈപ്പള്ളീ, ചെല്ലന്‍ ആലോചിക്കുകയേ വേണ്ട. ഞങ്ങടെയൊക്കെ മുത്താണത്!

കൂട്ടത്തില്‍ നമുക്കൊന്നുകൂടി പഠിച്ചുവെക്കാം, പരസ്പരം വിസമ്മതിക്കുന്നതിനെക്കുറിച്ച്, അന്യോന്യബഹുമാനം വിടാതെത്തന്നെ എങ്ങനെ ഒരുമിച്ച് സമ്മതിക്കാന്‍ സാധിക്കുമെന്ന് കൈപ്പള്ളിയ്ക്കും ചന്ദ്രേട്ടനും ചര്‍ച്ചയില്‍ പങ്കെടുത്ത ബാക്കി നമുക്കെല്ലാവര്‍ക്കും കൂടി ഒരു പുത്തന്‍പാഠം കൂടി.

ബ്ലോഗുവായനയുടെ പരപ്പിലേക്കു് ഇനി വരാനിരിക്കുന്ന പതിനായിരക്കണക്കിന് ജനപഥങ്ങള്‍ക്ക് നോക്കിയെഴുതിപ്പഠിക്കാന്‍ ഒരു കുഞ്ഞുപാഠം.

അതുകൊണ്ട്, മാപ്പു കൊടുക്കലും വാങ്ങലും ഒക്കെ വിട്ടുകള. ചോദ്യവും ഉത്തരവും ഒക്കെ രാശി.

കൈപ്പള്ളീ, ബ്ലോഗു തുറ. അടുത്ത പോസ്റ്റ് വിട്! നല്ല ചൊകചൊകാ ചൊകന്നിരിക്കണ, തുടുതുടാ തുടുത്തിരിക്കുന്ന, തെറിയും Worryയും തീരെ കടുപ്പം കുറച്ച്, ആണത്തമുള്ള ഒരു ഉശിരന്‍ പോസ്റ്റ്.

അല്ലെങ്കി വേണ്ട ചെല്ലാ, ഒരു പോഡ്‌കാസ്റ്റ് പോട്ട്!

കാതു തരിക്കുന്നു കേള്‍ക്കാന്‍!

ചന്ദ്രേട്ടന്‍ ചെല്ല്. സമയം കളയാതെ, പുതുതായി പഠിച്ചെടുക്കുന്ന സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിലെ രസകരമായ എന്തെങ്കിലും ഗുണങ്ങളൊക്കെ ഞങ്ങള്‍ക്കും പറഞ്ഞുതാ.

ഇനി ആളുകളൊക്കെ ഒന്നു പിരിഞ്ഞുപോയേ!

(ഇനി ഇതൊക്കെ പറയാന്‍ ഞാന്‍ ആരാ എന്നു ചോദിച്ചാല്‍, നല്ലൊരു ചേട്ടന്റെയും നല്ലൊരു അനിയന്റെയും ഇടയില്‍ പെട്ട ഒരു സാദാ ബ്ലോഗുസുഹൃത്ത് എന്നു മനസ്സിലാക്കിയാല്‍ മതി.)

Unknown said...

ഗാന്ധിജി ലോകത്തില്‍ ഏക്കാലത്തേക്കും വലിയ മഹാത്മാവാണെന്നും, കൈപ്പള്ളി മലയാളം ബ്ലോഗിലെ എക്കാലത്തേക്കും വലിയ ജീനിയസ്സ് ആണെന്നും ഞാന്‍ ചന്ദ്രേട്ടന്റെ ബ്ലോഗില്‍ കമന്റ് എഴുതിയിരുന്നു . അദ്ദേഹം ആ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുകയും ചെയ്തിട്ടുണ്ട് . തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ക്കതീതനല്ല ഗാന്ധിജിയും . പക്ഷെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം അതുല്യമാണ് .

എന്റെ ഒരനുഭവം ഇവിടെ ഞാന്‍ പങ്ക് വയ്ക്കട്ടെ . വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് തമിഴ് നാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ചുറ്റിക്കറങ്ങാനുള്ള ഒരവസരം കിട്ടി . തഞ്ചാവൂരിലാണെന്ന് തോന്നുന്നു ( സ്ഥലത്തിന്റെ പേര് ഇപ്പോള്‍ ഓര്‍rക്കുന്നില്ല) ഒരു ഗ്രാമത്തില്‍ ഒരു ഗാന്ധിസ്മാരകം കാണാനിടയായി . ആ സ്മാരകം എന്താണെന്ന് അവിടെയുണ്ടായിരുന്ന ഗ്രാമീണര്‍ എനിക്ക് വിവരിച്ചു തന്നു . സ്വാതന്ത്ര്യസമര പ്രചരണത്തിന്റെ ഭാഗമായി ആ ഗ്രാമത്തില്‍ എത്തിയതായിരുന്നു അദ്ദേഹം (അന്ന് വെറും ഗാന്ധി മാത്രമായിരുന്നു അദ്ദേഹം പോലും). കോട്ടും സ്യൂട്ടുമായിരുന്നു വേഷം . അദ്ദേഹം അവിടെ വയലേലകളില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊളിലാളികളുടെ വേഷം കണ്ടു . നാമമാത്രമായ ഒരു തുണ്ട് മുണ്ട് രണ്ട് കാലുകള്‍ക്കിടയിലൂടെ കോര്‍ത്ത് വലിച്ചുടുത്തിരിക്കുന്നു . ആ തുണിക്കഷണം മാത്രമാണ് അവര്‍ക്കുള്ള ആകെ വസ്ത്രം എന്ന് മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ ഗാന്ധി അവിടെ വച്ച് തന്റെ കോട്ടും സ്യൂട്ടും ഊരി വലിച്ചെറിഞ്ഞിട്ട് പറഞ്ഞുവത്രെ ! ഇന്ത്യയിലെ അവസാനത്തെ പൌരനും ഒരു ജോടി വസ്ത്രം സ്വന്തമായുണ്ടാകുന്ന കാലത്ത് മാത്രമേ ഞാനിനി മേല്‍ക്കുപ്പായം ധരിക്കുകയുള്ളൂ എന്ന് ! അങ്ങിനെ കോട്ടും സ്യൂട്ടും ഊരിയെറിഞ്ഞ സ്ഥലത്തായിരുന്നു സ്മാരകം . ഗാന്ധിജി വധിക്കപ്പെടുന്നത് വരെ അദ്ദേഹത്തിന് ഷര്‍ട്ട് ധരിക്കാനായില്ല എന്നത് ചരിത്രം . ഇവിടെയാണ് ഗാന്ധിജിയെ പറ്റി ആല്‍ബര്‍ട്ട് ഐന്‍‌സ്റ്റീന്‍ പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നത് .

ഏതായാലും ചന്ദ്രേട്ടനും അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയല്ലോ , കൈപ്പള്ളിയോട് ആദരവേയുള്ളൂവെന്ന് . ബ്ലോഗില്‍ കൈപ്പള്ളിയോട് വിരോധമുള്ളവരേക്കാള്‍ എത്രയോ കൂടുതലാണ് ആരാധകരുടെ എണ്ണം എന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട് .
കൈപ്പള്ളി എത്രയും പെട്ടെന്ന് ബ്ലോഗ് പുന:സ്ഥാപിക്കുമെന്ന് വിശ്വസിക്കുന്നു .

വിഷ്ണു പ്രസാദ് said...

കൈപ്പള്ളി ഗാന്ധിയെ വിമര്‍ശിച്ചുവെന്ന് വെച്ച് ബ്ലോഗ് പൂട്ടേണ്ട കാര്യമൊന്നുമില്ല.പോസ്റ്റുകളും ഡിലിറ്റരുത്.
ഈ ബ്ലോഗ് പോസ്റ്റിന്റെ പേരില്‍ ബ്ലോഗ്സ്പോട്ട് നിരോധിക്കാനൊന്നും പോണില്ല.കൈപ്പള്ളിയുടെ സുരക്ഷയ്ക്ക് തേങ്ങേണ്(കട്: സാന്‍ഡോസ്)സംഭവിക്കാന്‍ പോണത്...

ദിലീപ് വിശ്വനാഥ് said...

ചര്‍ച്ച ഇപ്പോഴും ആരോഗ്യപരമായിത്തന്നെ ഇരിക്കുന്നു എന്നു അറിഞ്ഞതില്‍ സന്തോഷം. കൈപ്പള്ളി സ്വന്തം ബ്ലോഗില്‍ ഇനിയും എഴുതി അത് ബൂലോഗതിനു മുന്നില്‍ തുറന്നു വയ്ക്കണോ എന്നു എന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും 100% വേണം എന്നു. പിന്നെ എന്താണ് വേണ്ടതെന്നു ചോദിച്ചാല്‍ ഞാന്‍ പറയും, മറ്റുള്ളവരുടെ കമന്റ് വായിച്ച് കൈപ്പള്ളി അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നില്ല് എന്ന്. കമന്റ് വായിച്ച് അതു അടച്ച് വച്ച് അല്പം ഒന്നു റിലാക്സ് ഒക്കെ ചെയ്ത് പിന്നെ വന്ന് കമന്റിനു പ്രതികരിച്ചാല്‍ കൈപ്പളിയുടെ കമന്റുകള്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ പോലെ മൊഴിമുത്തുകള്‍ ആവും എന്നുള്ളതിനു യാതൊരു സംശയവും ഇല്ല.

പിന്നെയുള്ളത്:
മാപ്പ് പറയല്‍ വേണ്ടായിരുന്നു.
പോള്‍ വേണ്ടായിരുന്നു.
ഇപ്പോള്‍ ചന്ദ്രേട്ടനോടുള്ള ഈ ചോദ്യങ്ങളും വേണ്ടായിരുന്നു.

കൈപ്പള്ളിയുടെ നല്ല കുറെ പോസ്റ്റുകള്‍ ഇനിയും കാണാമെന്ന വിശ്വാസത്തോടെ...

അരവിന്ദ് :: aravind said...

മാഷേ
'സുരക്ഷ' എന്നതിന് ക്വോട്ട്സ് കണ്ടില്ലേ? കണ്ണട വയ്കാറായി. അനോണി തെറിയില്‍ നിന്നുള്ള സുരക്ഷ എന്നാണ് ഉദ്ദേശിച്ചത്. ആ പൂരം അവിടെ കണ്ടല്ലോ.

(ഇനി അധവാ അങ്ങോരടെ സുരക്ഷക്ക് വല്ലതും സംഭവിച്ചാല്‍ തന്നെ മാഷ് ചക്കേണ് മാങ്ങേണ് തേങ്ങേണ് എന്നവിടിരുന്ന് പറയല്ലാതെ ഒലക്കേണ് ചെയ്യാന്‍ പോണേ...ട്ടാ?)

Raji Chandrasekhar said...

കൈപ്പള്ളി, താങ്കളെക്കുറിച്ച് ആദരവോടെ.....
തിരിച്ചുവരണം. ആരെയും വിമര്‍ശിക്കാം. അത് ഉത്തമബോദ്ധ്യത്തോടെ ഇനിയും ചെയ്യണം.

ആശംസകളോടെ
രജി മാഷ്

വെള്ളെഴുത്ത് said...

കൈപ്പള്ളീ ആ പോസ്റ്റ് ഇനി എങ്ങനെ വായിക്കും?അതു വായിച്ചാല്‍ കൊള്ളാമെന്നുണ്ട്.. ദയവായി എന്തെങ്കിലും ചെയ്യുക.

Unknown said...

Blog എന്ന മാദ്ധ്യമത്തെ താഴ്ത്തിക്കെട്ടാന്‍ തക്കം നോക്കിയിരിക്കുന്ന ഒരു മാദ്ധ്യമ ലോകം പുറത്ത് കാത്തിരിക്കുന്നുണ്ട്. ......(കൈപ്പള്ളിയുടെ പോസ്റ്റില്‍ നിന്ന്)
കൈപ്പള്ളിയുടെത് ഒരു തെറ്റിദ്ധാരണയാണ് എന്നാണ് എനിക്ക് തോന്നുന്നത്. സ്വതന്ത്ര ബ്ലോഗിങ്ങിനെ ഇത്രയും ശ്രദ്ധയോടെ വായിക്കുന്നവരുണ്ടാകില്ല എന്നാണ് എന്റെ അനുഭവം. എന്റെ മാധ്യമ സുഹൃത്തുക്കളില്‍ പലരും ബ്ലോഗിനെക്കുറിച്ച് വളരെ സീരിയസായി ചിന്തിക്കുന്നവരാണ്, പലരും ബ്ലോഗ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരുമാണ് സാങ്കേതികമായി പലര്‍ക്കും അത്ര അറിവില്ലാത്തവരായതിനാലാണ് ചിലര്‍ മുന്നോട്ടു വരാത്തത്. അത്തരക്കാര്‍ക്കായി ബ്ലോഗ് സൗകര്യങ്ങളെക്കുറിച്ച് ബ്ലോഗര്‍, വേര്‍ഡ് പ്രസ്, ടൈപ്പ് പാഡ് തുടങ്ങിയവയെക്കുറിച്ച് ആധികാരികമായി ആര്‍ക്കെങ്കിലും ഒരു ക്ലാസെടുക്കാന്‍ സാധിക്കുമോ? പ്രസ് ക്ലബ്ബുകള്‍ ഇതിനുള്ള സഹായം ചെയ്തു തരും എന്നുതന്നെയാണ് എനിക്കു കിട്ടിയ വിവരം. ബ്ലോഗ് ചെയ്യുന്ന പല മാധ്യമപ്രവര്‍ത്തകര്‍ക്കും ആധികാരികമായ സാങ്കേതിക ജ്ഞാനമില്ലാത്തതിനാല്‍ തമ്മില്‍ അറിവ് പങ്കുവെച്ച് തന്റെ അറിവുകേട് വിളമ്പണ്ടല്ലോ എന്ന് ചിന്തിക്കുന്നു എന്നതാണ് സത്യം. ഈ പറയുന്നവനും ഇക്കാര്യത്തില്‍ കാര്യമായ വിവരം ഇല്ലാത്തതിനാല്‍ അതിനു തുനിഞ്ഞിട്ടില്ല!

ബി-ലോകം said...

മെംബര്‍ഷിപ്പിന് ഇവിടെ കമന്‍റിയാല്‍ മതിയോ.
മതിയെങ്കില്‍ ഇന്‍വിറ്റേഷന്‍ bilokamchn@gmail.com എന്ന ഐഡിയിലേക്ക് അയക്കുക.
ഇവിടെ കമന്‍റിയതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ക്ഷമിക്കുക.

ബി-ലോകം said...

മെംബര്‍ഷിപ്പിന് ഇവിടെ കമന്‍റിയാല്‍ മതിയോ.
മതിയെങ്കില്‍ ഇന്‍വിറ്റേഷന്‍ bilokamchn@gmail.com എന്ന ഐഡിയിലേക്ക് അയക്കുക.
ഇവിടെ കമന്‍റിയതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ക്ഷമിക്കുക.

മണിലാല്‍ said...

നവവത്സരാ‍ശംസകള്‍