Showing posts with label പ്രതിഷേധം. Show all posts
Showing posts with label പ്രതിഷേധം. Show all posts

Wednesday, January 30, 2008

ബൂലോകത്ത് നിന്നും കലാകൌമുദിക്ക് ഖേദപൂര്‍വ്വം.



എം.കെ.ഹരികുമാര്‍ കലാകൌമുദിയിലെ തന്റെ “അക്ഷരജാലകം” എന്ന കോളത്തില്‍ എഴുതിയിട്ട മലയാള ബ്ലൊഗിങ്ങിനെ കുറിച്ചുള്ള ചോദ്യോത്തരമാണ് ഇത്. ബ്ലോഗിങ്ങിനെ കുറിച്ച് പറഞ്ഞറിഞ്ഞ് മലയാള ബ്ലോഗിങ്ങിലേക്ക് കടന്നു വരുന്ന ആര്‍ക്കും ആദ്യം ഒരു സ്ഥല ജല ഭ്രമം ഉണ്ടാവുക സ്വാഭാവികമാണെങ്കിലും ബൂലോകര്‍ ഒരേ മനസ്സോടെ പുതുമുഖങ്ങളെ ഹൃദയപൂര്‍വ്വം ബ്ലോഗിങ്ങ് എന്ന അതിരുകള്‍ക്കതീതമായ ആശയപ്രകാശന മാധ്യമത്തിലേക്ക് സ്വാഗതമോതുകയാണ് പതിവ്. എങ്ങിനെ ബ്ലോഗിന്റെ സെറ്റിങ്ങുകള്‍ ശരിയാക്കാം എന്ന് തുടങ്ങി എവിടെയൊക്കെ തങ്ങളുടെ ബ്ലോഗ് വായനക്കാരെ കാത്തിരിക്കുന്നു എന്ന് വരെ വിശദീകരിക്കുന്ന സഹായ പോസ്റ്റുകളും കമന്റുകളുമായി ബൂലോകര്‍ പുതുതായി ബ്ലോഗിങ്ങിലേക്ക് വരുന്നവരെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയെന്നതാണ് ബൂലോക വഴക്കം. എം.കെ.ഹരികുമാര്‍ എന്ന ഒരു ബ്ലൊഗറുടെ ആഗമനത്തേയും അതേ ഊഷ്മളതയോടെയും സ്നേഹത്തോടെയും ബൂലോകത്തേക്ക് സ്വാഗതം ഓതിയതിന് അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റുകള്‍ തന്നെ ഉദാഹരണങ്ങളാണ്. പുതുതായി ഒരാള്‍ ബ്ലോഗ് തുടങ്ങുന്നതിനെ മലയാളം ബ്ലോഗിങ്ങ് അത്രയും കൂടി വളര്‍ന്നിരിക്കുന്നു എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് മലയാള ബ്ലൊഗിങ്ങില്‍ നിറഞ്ഞ് നില്‍ക്കുന്നവര്‍ എല്ലാവരും തന്നെ.

കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ “പുതുതായി വരുന്ന ബ്ലോഗുടമകളെ, ഇക്കൂട്ടര്‍ നിരന്തരമായി പിന്തുടര്‍ന്ന് കമന്റുകള്‍ ഇട്ട് ഒന്നുകില്‍ കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യാം...” എന്ന പ്രസ്താവന ഉന്നയിക്കാന്‍ എം.കെ.ഹരികുമാറിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മലയാള ബ്ലൊഗിങ്ങുമായി ബന്ധമുള്ള ഏവര്‍ക്കും തിരിച്ചറിവുള്ളതാണ്. പക്ഷേ ബൂലോകത്ത് നടന്ന ഹരികുമാറിന്റെ ഗിമ്മിക്കുകളെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ ഇല്ലാത്തവര്‍ അദ്ദേഹത്തിന്റെ ബ്ലൊഗിങ്ങിനെ കുറിച്ചെഴുതിയ കുറിപ്പ് തെറ്റിദ്ധാരണയുണ്ടാക്കും.

“ബ്ലോഗില്‍ കവിതയോ കഥയോ എഴുതുന്നവരെ ആരും ഗൌരവത്തിലെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എത്രയും വിലകുറഞ്ഞ കാര്യങ്ങള്‍ ആഭാസപൂര്‍വ്വം പറയാമെന്ന മത്സരം ബ്ലോഗില്‍ നടക്കുന്നു...” എന്നരീതിയില്‍ അദ്ദേഹം ബൂലോകത്തെ നിരീക്ഷിക്കുന്നിടത്ത് ഹരികുമാറിന്റെ ബ്ലോഗിങ്ങിനെ കുറിച്ചുള്ള തികച്ചും ബാലിശമായ ധാരണകള്‍ പുറത്തേക്ക് വരുന്നു എന്നതിനും പുറമേ ബൂലോകത്തെ ഏതെങ്കിലും രചനകളെ ക്രിയാത്മകമായോ വിമര്‍ശനാത്മകമായോ സമീപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല. കുരുടന്‍ കണ്ട ആനയെ പോലെ ഹരികുമാര്‍ ബ്ലോഗിങ്ങിനെ കണ്ടതില്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവര്‍ ആരും ഒരു തരത്തിലും തെറ്റുകാരാ‍കുന്നില്ല.

ഹരികുമാര്‍ തന്റെ ബ്ലോഗിലേക്ക് ആളെ കൂട്ടാന്‍ “ഗിമ്മിക്കുകള്‍” തുടങ്ങിയപ്പോള്‍ മുതല്‍ ബ്ലോഗിങ്ങിന്റെ നല്ല വശങ്ങളെ കുറിച്ച് ആധികാരികാരികമായി സംസാരിക്കാന്‍ കഴിയുന്നവര്‍ ബ്ലോഗിങ്ങിന്റെ തത്വങ്ങളെ കുറിച്ചും ബ്ലോഗ് നല്‍കുന്ന സീമാതീതമായ ആശയപ്രകാശന സൌകര്യത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തെ പലവുരു ഓര്‍മ്മപ്പെടുത്തുകയും ഗിമ്മുക്കുകളില്‍ നിന്നും പിന്‍‌വാങ്ങി നല്ല എഴുത്തിലേക്ക് തിരിച്ച് വരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തെങ്കിലും ആ അഭിപ്രായ പ്രകടനങ്ങളെ ഒക്കെയും വിമര്‍ശനങ്ങളായി കണ്ട് വിമര്‍ശനങ്ങളെ പിന്നെ ശത്രുതയായും മാറ്റി ഹരികുമാര്‍ ബൂലോകത്തോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. കൊടുക്കുന്നവന്‍ വാങ്ങാനും തയ്യാറായിരിക്കണം എന്ന ബൂലോക തത്വം പാടെ തള്ളിയ ഹരികുമാര്‍ ഞാന്‍ ശരിയാണ്, ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി മറ്റെല്ലാവരും തെറ്റാ‍ണ് എന്ന സ്വത സിദ്ധമായ ശൈലിയില്‍ ഉറച്ച് നിന്നു. മുഖ്യധാരാ മാധ്യമ സംസ്കാരത്തില്‍ ഒരു പക്ഷേ ചോദ്യം ചെയ്യപ്പെടാത്ത ഈ നിലപാട് ബ്ലോഗില്‍ വിലപോവില്ലല്ലോ. അങ്ങിനെ അങ്ങാടിയില്‍ തോറ്റതിന് കൌമുദിയില്‍ മറുപടി എഴുതിയ ഹരികുമാര്‍ അദ്ദേഹത്തിന്റെ ഭീരുത്വത്തെയാണ് വെളിവാക്കിയത്.

തിരിച്ചൊന്നും കേള്‍ക്കേണ്ടി വരാത്തിടത്ത് തന്റെ നിലപാടുകള്‍ വികൃതമായി അവതരിപ്പിക്കാന്‍ ഹരികുമാര്‍ ശ്രമിച്ചിരിക്കുന്നതിനെ അദ്ദേഹത്തിന്റെ ശൈലിയായി കണ്ടു നമ്മുക്ക് പ്രതികരിക്കാതിരിക്കാം. പക്ഷേ മലയാളത്തിലെ ഒരു മാധ്യമത്തില്‍, മലയാളത്തിന്റെ മഹത്വം കെടാതെ സൂക്ഷിക്കാന്‍ ചെറുതെങ്കിലും തങ്ങളെ കൊണ്ട് കഴിയാവുന്ന തരത്തില്‍ ശ്രമിക്കുന്ന ഒരു പുതു മാധ്യമത്തിനെതിരേ -അത് ഒരു കോളത്തിലാണെങ്കില്‍ കൂടി-വന്ന ഒരു അപവാദത്തെ കണ്ടില്ലാ എന്ന് നടിച്ചു കൂട.

ഹരികുമാറിന്റെ ബൂലോക പ്രവേശം തന്നെ മലയാള ബ്ലൊഗിങ്ങിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പുറപ്പാടായിട്ടേ കാണാന്‍ കഴിയുന്നുള്ളൂ. ഹരികുമാര്‍ ബൂലോകത്ത് കാട്ടി കൂട്ടിയ വിവരക്കേടുകളും വിക്രിയകളും തിരിച്ചറിയാതെ അദ്ദേഹത്തിന്റെ കോളത്തില്‍ കൂടിയാണെങ്കില്‍ കൂടിയും കലാകൌമുദിയില്‍ മലയാള ബ്ലോഗ് സമൂഹത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തില്‍ ഒരു കുറിപ്പ് വന്നതിനെ അപലപിക്കേണ്ടിയിരിക്കുന്നു. ഹരികുമാറിനെ തിരുത്തുകയോ അദ്ദേഹത്തോട് പ്രതിഷേധം അറിയിക്കുകയോ ഈ പോസ്റ്റിന്റെ ലക്ഷ്യമേയല്ല. പക്ഷേ നിരുത്തരവാദപരമായി മലയാള ബ്ലോഗ് സമൂഹത്തെ കരിവാരി തേക്കാന്‍ കലാകൌമുദി ഹരികുമാറിന് കൂട്ടു നിന്നതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല.

ഭാര്യയും ഭര്‍ത്താവും, മാതാവും പിതാവും, ജ്യേഷ്ടനും അനുജനും, അനുജത്തിയും ജ്യേഷ്ടത്തിയും, ആങ്ങിളയും പെങ്ങളും ഒക്കെ ഒരുമിച്ചിരിന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന, മറന്ന വായന കുറേശ്ശെയെങ്കിലും തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കുന്ന മലയാള ബ്ലോഗിങ്ങിന്റെ ശുദ്ധമായ സംസ്കാരത്തെ ഇന്റെര്‍നെറ്റിലെ അസ്സഭ്യങ്ങളുമായി ഹരികുമാര്‍ ചേര്‍ത്ത് വെച്ചത് കലാകൌമുദിയില്‍ അടിച്ച് വന്നു എന്നുള്ളത് ഖേദകരമാണ്.

ഹരികുമാര്‍ ബൂലോകത്ത് എതിര്‍ക്കപ്പെടാനിടയായതില്‍ ബ്ലോഗറന്മാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങളോ ലോബിയിങ്ങോ ഉണ്ടായിട്ടുണ്ട് എങ്കില്‍ അതും ചര്‍ച്ച ചെയ്യപ്പെടണം. ബൂലോകത്തെ കുറിച്ച് ഹരികുമാറിനുള്ള ഏറ്റവും ശക്തമായ എതിര്‍പ്പ് അനോനിമസം ആണല്ലോ? അനോനിമസം ബ്ലോഗിങ്ങിന്റെ ആത്യന്തികമായ സാധ്യതയാണെന്ന് തിരിച്ചറിയാന്‍ ഹരികുമാറിന് കഴിയാത്തിടത്താണ് അദ്ദേഹം കുഴങ്ങിയത്. ബ്ലൊഗിങ്ങിനെ കുറിച്ച് അത് മുന്നോട്ട് വക്കുന്ന സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ഹരികുമാറിന് കഴിയില്ല. കമന്റ് ഓപ്ഷന്‍ അടച്ചിട്ടിട്ട് ബ്ലൊഗ് ചെയ്യുന്നിടത്ത് ഒരു ബ്ലോഗര്‍ എന്ന നിലക്കെങ്കിലും ഹരികുമാര്‍ പരാജയപ്പെടുകയായിരുന്നു.

മുഖ്യധാരാ മാധ്യമത്ത് നിന്നു കൊണ്ട് ബ്ലോഗിങ്ങിന്റെ നല്ല വശങ്ങളെ നന്നായി ഉപയോഗിക്കുന്നവരാലും സമ്പന്നമാണ് ബൂലോകം. സമൂഹത്തിലെ ചെറു ചലനങ്ങളെ വരെ തങ്ങളുടേതായ രീതിയില്‍ വിശകലനം ചെയ്ത് ബ്ലോഗിലെത്തിച്ച് ബൂലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി നില്‍ക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ ഒരു തരത്തിലുള്ള ഗിമ്മുക്കുകളും കാട്ടാതെ തങ്ങളുടെ ബ്ലോഗുകളുമായി ബൂലോകത്ത് നിറഞ്ഞു നില്‍ക്കവേയാണ് ഹരികുമാര്‍ ബൂലോകത്തെ തനിക്ക് കഴിയും വിധത്തിലെല്ലാം ചവിട്ടി മെതിച്ചത്. ഇപ്പോള്‍ ചര്‍ച്ച അടച്ചിട്ട പത്രതാളിലേക്ക് മാറ്റുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ബൂലോകത്ത് ഹരികുമാര്‍ ആടിയ കത്തി വേഷം ബൂലോകത്തിന് പുറത്തേക്ക് ചര്‍ച്ചയാക്കപ്പെടണം. അക്ഷരവിരോധത്തിന്റെ അല്പത്വമാണ് കൌമുദിയിലെ അക്ഷരജാലകം എന്ന വസ്തുത തെളിയിക്കാന്‍ അദ്ദേഹം എഴുതിയിട്ട പോസ്റ്റുകള്‍ ധാരാളമാണ്. ബൂലോകത്തെ മാധ്യമ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് കരുണീയമായത് ചെയ്യണം.

ഹരികുമാര്‍ കണ്ട ബ്ലോഗിലെ പരിമിതികളും തെറ്റുകളും അദ്ദേഹം ഇവിടെ തന്നെ ചര്‍ച്ച ചെയ്ത് ഒന്നുകില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കണമായിരുന്നു അല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ തിരുത്തണമായിരുന്നു. അല്ലാതെ കലാകൌമുദിയില്‍ ബ്ലോഗിങ്ങിനെ കുറിച്ച് തെറ്റായ നിരീക്ഷണങ്ങള്‍ എഴുതിയിട്ടത് തെറ്റാണ്. ബൂലോകത്ത് അദ്ദേഹം നടത്തിയ അനാരോഗ്യകരമായ ചര്‍ച്ചകള്‍‍ നേരേ ചൊവ്വേ മനസ്സിലാക്കാതെ, ഒരു കോളത്തിലൂടെയാണെങ്കിലും മലയാള ബ്ലോഗിങ്ങിനെ കുറിച്ച് അടിസ്ഥാന രഹിതമായ ഒരു കുറിപ്പിന് കലാകൌമുദി അവസരം ഒരുക്കിയതിനേ കലാകൌമുദിയുടെ ഒരു വായനക്കാരന്‍ എന്ന നിലക്കും ബൂലോകത്തെ ഒരു അംഗം എന്ന നിലക്കും ശക്തമായി അപലപിക്കുന്നു.

മലയാള ബ്ലോഗിങ്ങിന്റെ വളര്‍ച്ചക്ക് കടിഞ്ഞാണിടാന്‍ വിഫല ശ്രമം നടത്തുന്ന ഹരികുമാറിന്റെ ഹിഡന്‍ അജണ്ട ബൂലോകര്‍ മനസ്സിലാക്കണം. ഹരികുമാറിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അദ്ദേഹത്തിന്റെ കുരുട്ടു ബുദ്ധി തിരിച്ചറിയണം. ലഭ്യമായ എല്ലാ സൌകര്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി മലയാള ബ്ലോഗ് സമൂഹത്തിന്റെ ശക്തമായ പ്രതിഷേധവും അമര്‍ഷവും കലാകൌമുദിയിലും മറ്റു മുഖ്യധാരാ മാധ്യമത്തിലും എത്തിക്കാന്‍ നമ്മുക്ക് കഴിയണം.