Friday, March 23, 2007

വിവാഹാര്‍മ്മാദങ്ങള്‍!കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്‌, ബ്ലോഗന്മാര്‍ വീട്ടിനു പിന്നിലെ ആ ഷമിയാനപ്പന്തലില്‍ കുത്തിയിരുന്നു ബീഡിവലിക്കുന്നതും പാര ദൂഷണം പറയുന്നതും നിര്‍ത്തി ഉത്സാഹിച്ച്‌ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണ്‌.

ദുര്‍ഗ്ഗയുടെ പ്രായത്തില്‍ എറ്റവും മൂത്ത അമ്മായി വിളക്കെടുക്കാന്‍ മുന്നോട്ടുവരണമെന്ന് അറിയിച്ചാല്‍ ആരും വരില്ലെന്നറിയാവുന്നതുകൊണ്ട്‌ ഏറ്റവും സുന്ദരി അമ്മായി വിളക്കെടുത്ത്‌ പെണ്ണിനെ ആനയിക്കുന്നവരുടെ മുന്നിലുണ്ടാകേണ്ടതാണെന്ന് അറിയിക്കുന്നു. പെണ്ണിന്റെ ചേച്ചിമാര്‍, അനിയത്തികള്‍ തുടങ്ങിവര്‍ തിക്കിത്തിരക്കാതെ അഷ്ടമംഗല്യം എടുത്ത്‌ കൂടെ പോവുക.

രഞ്ജിത്തിന്റെ കാലു കഴുകാന്‍ ദുര്‍ഗ്ഗയുടെ ആങ്ങളമാരില്‍ എറ്റവും ജൂനിയറായ പച്ചാളത്തെ തിരഞ്ഞെടുക്കാവുന്നതാണ്‌, പക്ഷേ ഒന്നു സൂക്ഷിക്കുന്നത്‌ നല്ലതായിരിക്കും കാലു കണ്ടാല്‍ പുള്ളി അറിയാതെ വാരിപ്പോകും.

മുഹൂര്‍ത്തം നോക്കാന്‍ ഉമേഷ്‌ ഗുരുക്കളെയും മംഗളപത്രം ചൊല്ലാന്‍ പണിക്കര്‍മാഷെയും രാജേഷ്‌ വര്‍മ്മയേയും നേരത്തേ എര്‍പ്പാടാക്കിയിട്ടുണ്ട്‌. സൂ, നളപാചകികള്‍, ഇഞ്ചി, ആര്‍പ്പി തുടങ്ങി പാചകക്കാര്‍ ആവശ്യത്തിലും ഏറെ അണിനിരന്നിട്ടുണ്ട്‌. സാന്ഡോസിനെ അവീടെക്ക് വിടരുത്, ചെക്കന്‍ വീട്ടുകാര്‍ കൊറിയയില്‍ നിന്നും ഹോണോലുലുവില്‍ നിന്നും അല്ല വരുന്നത്. വക്കാരിയെ കലവറയില്‍ ഒന്നു ശ്രദ്ധിക്കുക, ഊണു തികയാതെ വന്നാല്‍ പിന്നെ ഞാന്‍ മുന്നറിയിപ്പ്‌ തരാഞ്ഞിട്ടാണെന്നു വേണ്ട.

നാളെ ആകാശം നല്ല തെളിഞ്ഞു തന്നെ ഇരിക്കുമെന്ന് ഷിജു നിരീക്ഷിച്ചിട്ടുണ്ട്‌. പന്തലു പണി- ഹാര്‍ഡ്‌ വെയര്‍ ഇക്കാസിന്റെ വക, തുണിത്തരങ്ങള്‍ ശ്രീജിത്ത്‌ നാട്ടിലെ കടയില്‍ നിന്നും കൊന്റുവന്നിട്ടുണ്ട്‌. പന്തലിനും ഇല്യൂമിനേഷനുമു തെങ്ങില്‍ മൈക്ക്‌ കെട്ടിയുള്ള പാട്ടിനും സാങ്കേതിക നിര്‍ദ്ദേശത്തിനായി നളന്‍, കണ്ണൂസ്‌, തറവാടി, വല്യമ്മായി.... എഞ്ജിനീറുമാര്‍ ഇഷ്ടമ്പോലെ ഉണ്ട്‌. വേണുമാഷ്‌, സുജിത്ത്‌ ചിത്രകാരന്‍, പച്ചാന, ഡാലി (സാല്വഡോറിന്റെ പേരിന്റെ ബലത്തില്‍) എന്നിവര്‍ ചുവരില്‍ ക്രേപ്പ്‌ പേപ്പറും മറ്റും കൊണ്ട്‌ ആര്‍ട്ട്‌ വര്‍ക്ക്‌ നടത്തുന്നതായിരിക്കും. കതിര്‍മണ്ഡപം ഡിസൈന്‍ മാസ്റ്റര്‍ ശില്‍പ്പികളായ പരാജിതന്‍, കൈപ്പള്ളി എന്നിവരും ഡിസൈന്‍ സാക്ഷി, സിയ, ഹരീ, അലീഫ്‌ എന്നിവരും നിര്‍വ്വഹിക്കും.
എന്റര്‍ട്ടെയിന്റ്‌മന്റ്‌ സ്റ്റേജില്‍ കിരണ്‍, ബിരിയാണിക്കുട്ടി, സാരംഗി, രാമകൃഷ്ണന്‍, കുറേയധികം പേരുകള്‍ ഉണ്ട്‌. കുറുമാന്റെ തായമ്പക, ബഹുവിന്റെ വയലിന്‍, പുള്ളീടെ തബല ഇതൊക്കെ ഉള്ളപ്പോള്‍ ഗെട്ടിമേളം വേറേ വേണോ എന്നു പോലും സംശയം.

ക്യാമറയുമായി ആര്‍ത്തലച്ചു വരുന്ന ലക്ഷങ്ങളില്‍ ജാലകം, സപ്തന്‍, തുളസി, സാഹ, ആഷ തുടങ്ങി മുന്‍ നിര പുലികള്‍ നൂറു പേര്‍ മാത്രം നിന്ന് ബാക്കിയുള്ളവര്‍ പുറം പണിക്ക്‌ പോകേണ്ടതാണ്‌. ഞാന്‍ സംവിധാനം വിട്ട്‌ കൊഴഞ്ഞു, ഒരു ചുക്കു കാപ്പി കുടിച്ചേച്ചും വരാം .. പത്തഞ്ഞൂറാള്‌ ഇനിയും പണിയില്ലാതെ നില്‍ക്കുന്നു, വിശാലാ, അചിന്ത്യേ, പെരിങ്ങോടാ, അതുല്യേ,
അഗ്രജാ ഇങ്ങോട്ടു വന്ന് ദാ ചുമ്മാ ന്മില്‍ക്കുന്ന ആളുകളെയൊക്കെ വിളിച്ച്‌ ഓരോ പണിയേല്‍പ്പിച്ചേ, ഞാന്‍ ഒരു ബ്രേക്ക് എടുക്കട്ടെ.

136 comments:

ദേവന്‍ said...

കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്‌, ബ്ലോഗന്മാര്‍ വീട്ടിനു പിന്നിലെ ആ ഷമിയാനപ്പന്തലില്‍ കുത്തിയിരുന്നു ബീഡിവലിക്കുന്നതും പാര ദൂഷണം പറയുന്നതും നിര്‍ത്തി ഉത്സാഹിച്ച്‌ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണ്‌.

Reshma said...

അരേ വഹ്!
സദ്യേടേ ക്വാളിറ്റി കണ്ട്രോള്‍ എന്ന ഭാരിച്ച ജോലി ഞാനേറ്റെടുത്ത്. എല്ലാം ഒരോ പ്ലേറ്റ് അര മണിക്കൂര്‍ കൂടുമ്പോ പോന്നോട്ടേ.

സു | Su said...

പാചകം ചെയ്യുന്നിടത്ത് വന്ന്, പുകവലിക്കരുത്. ചുവന്ന വെള്ളവും, പാചകച്ചെമ്പിനടുത്ത് കൊണ്ടുവയ്ക്കരുത്. തേങ്ങ ചിരകുമ്പോള്‍ കൈയിട്ട് സ്വാദു നോക്കേണ്ട കാര്യം ഇല്ല. എല്ലാ തേങ്ങയ്ക്കും ഒരേ സ്വാദാണ്. തക്കാളി, വായിലിട്ട് നോക്കേണ്ട കാര്യമില്ല. ഒക്കെ നല്ലതാണ്. പഞ്ചസാരപ്പാത്രത്തിനടുത്ത് ഉറുമ്പുകളെപ്പോലെ നില്‍ക്കുന്നവര്‍ മാറി നില്‍ക്കുക. സമയമാവുമ്പോള്‍, പായസത്തിലേക്കിടാന്‍, വെക്കുന്ന ആള്‍ക്കറിയാം. അതിന് ഉപ്പുണ്ടോന്ന് നോക്കേണ്ട കാര്യമില്ല. വിളക്കെടുക്കുമ്പോള്‍, എണ്ണ തന്നെയാണ് ഒഴിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.

ബിന്ദു said...

ഞാന്‍ എന്താ ചെയ്യേണ്ടതെന്നു പറഞ്ഞാല്‍ മതി. പച്ചാളം.. ചിരകിയ തേങ്ങ തിന്നല്ലെ, തല നരച്ച പെണ്ണിനേയേ കിട്ടൂ. (ഇതെല്ലാ ബാച്ചികളോടും ആയിട്ടുള്ളതാണ്).
എനിക്കിത്തിരി കൂടുതല്‍ മുല്ലപ്പൂ വേണം. :)

സു | Su said...

തല നരയ്ക്കാത്ത ഒരൊറ്റ പെണ്ണും ഈ ലോകത്ത് ഇപ്പോ ഇല്ല. ഷാമ്പൂവിന്റെ ഗുണം. പിന്നെ, മുല്ലപ്പൂ എന്തിനാ അധികം? തലയില്‍ വെച്ചാല്‍പ്പോരേ? മൈക്കല്‍ ജാക്സ്ന്റെ മുടി പോലെ മുഖത്തേക്ക് തൂക്കിയിടാന്‍ പ്ലാന്‍ ഉണ്ടോ? ;)

പച്ചാളം : pachalam said...

ഒരു പണിയുമില്ലാതെ ഇരിക്കുന്നവരാരെങ്കിലും മുണ്ടെങ്കില്‍ രണ്ട് കാലുകള്‍ തല്‍ക്കാലത്തേക്ക് തരണമെന്നപേക്ഷിക്കുന്നു, ഒന്ന് റിഹേര്‍സല്‍ എടുത്തു നോക്കാനാ.... ആരെങ്കിലുമൊന്ന് സഹകരിക്കൂ പ്ലീസ്...

ദേവന്‍ said...

മുല്ലപ്പൂ ഉടന്‍ തന്നെ മുല്ലപ്പൂവുമായി എത്തും. വഴിയറിയാതെ കറങ്ങുന്നവരുടെ രക്ഷക്കായി ക്ഷണക്കത്ത് ഇവിടെ ഇട്ടിട്ടുണ്ട് .

പ്രത്യേക അറിയിപ്പ്, പന്തലിന്റെ ഏഴുകിലോമീറ്റര്‍ ചുറ്റളവ് നാളെ വൈകുന്നേരം വരെ സ്മാള്‍ ഫ്രീ ഏരിയയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചടങ്ങു കഴിഞിട്ട് എന്തരേലും കുടി. സുരക്ഷാ നടപടികള്‍ മുസാഫിര്‍ ബാബുമാഷ് ഏറ്റെടുത്തിട്ടുണ്ട്. പോരെങ്കില്‍ പൊന്നമ്പലം ഒരു ബാരറ്റയുമായി കറങ്ങുന്നുണ്ട്. കുപ്പി കണ്ടാല്‍ വെടി പൊട്ടും.

ദേവന്‍ said...

പച്ചാളത്തിനു ട്രയലിനു ആരെങ്കിലും കാലു കാണിക്കുകകിണ്ടി ദാ എത്തിപ്പോയി

പച്ചാളം : pachalam said...

നിലവിളക്ക് ഞാനിവിടെ കത്തിച്ചു വച്ചിട്ടുണ്ട്.
പനിനീരും സംഘടിപ്പിച്ചോണ്ട് വരാമെന്നേറ്റ ദില്‍ബനെ കാണാനില്ല. തുളസി മാലയേറ്റ തുളസി ഇപ്പൊ തരെ വരാമെന്നേറ്റിട്ടുണ്ട്.

കരീം മാഷ്‌ said...

ആ ടി.വി. എടുത്തു പിറകിലെ പന്തലില്‍ വെക്കാന്‍ ആരുമില്ലേ ഇവിടെ പിറകില്‍ പച്ചക്കറിയറിയുന്ന പിള്ളാ‍രു ഇന്ത്യാ- ശ്രീലങ്കാ ക്രിക്കറ്റു കളി കണ്ടു പണിയെടുക്കട്ടെ!

കരീം മാഷ്‌ said...

പച്ചാളം നിലവിളക്കിലെന്തു എണ്ണയാ ഒഴിച്ചതു ആ നാളം നിന്നാടുന്നു.

പച്ചാളം : pachalam said...

എണ്ണ മേഡിക്കാന്‍ സാന്‍റോസാ പോയത്.

ദേവന്‍ said...

ആരാടേ അച്ചാറിട്ടത്????? മുളകുപൊടി അപ്പിടി വാരി തൂകിയിരിക്കുകയാണല്ലോ ഉപ്പു നോക്കിയ കൈപ്പള്ളി ദാ എരിഞ്ഞു പോയി

കരീം മാഷ്‌ said...

ദില്‍ബന്‍ ഷാര്‍ജാ റോളാ സ്ക്വയറില്‍ ഒരു കുപ്പിയും പിടിച്ചു “പനിനീരു തെളിയാനേ!”
“പനിനീരു തെളിയാനേ!”
എന്നു പറയുന്നതു ഞാന് കേട്ടു.‍

ആഷ | Asha said...

ഫോട്ടം പിടുത്തക്കാരു വേറെ ആരുമിതുവരെ എത്തിയില്ലേ? ഛേ...ഒരു പുട്ടുകുറ്റി ലെന്‍സുണ്ടായിരുന്നെങ്കില്‍...കുറുമാന്‍ ചേട്ടാ വരുമ്പോ ആ പുട്ടുകുറ്റിയും സ്റ്റീല്‍ ഗ്ലാസും കൂടെയെടുത്തോളണേ.
പച്ചകറിയരിയുന്നവര്‍ ഇങ്ങോട്ടു നോക്കിയൊന്നു സ്മൈലിക്കേ ഞാനൊരു ഫോട്ടോയെടുക്കട്ടെ.
കറിയില്‍ ഇളക്കുന്ന ചേട്ടന്‍ ഇളക്കല്‍ നിര്‍ത്തി പോസ് ചെയ്യണ്ടാ കറി അടീ പിടിക്കും.
പച്ചാളത്തിന്റെ റിഹേഴ്സലിന്റെ ഫോട്ടോ ഞാനെടുക്കാം അതു കഴിഞ്ഞു എന്റെ ഒരു ഫോട്ടോ കൂടിയെടുക്കണേ. പക്ഷേ പച്ചാളത്തിന്റെ എല്ലാ ഫോട്ടോലേയും പോലെ ബാക്കി മുഴുവന്‍ കറുപ്പാക്കിയാല്‍ എന്നെ കാണാന്‍ പറ്റുല്ലാട്ടോ ഗ്യാരണ്ടി കളറാണേ.

sandoz said...

ഇവിടെ എന്തോ ഒരു സാധനം അടുപ്പിക്കാന്‍ പാടില്ലാ എന്നു കേട്ടു........ഉത്സാഹികള്‍ക്കു... ഉത്സാഹിക്കാന്‍... ഉത്സാഹം വരണമെങ്കില്‍ 'ഉത്സാഹന്‍' വേണമെന്നു നിര്‍ബന്ധമില്ലാത്ത ഉത്സാഹികള്‍.......ഞാന്‍ നിരോധിത മേഖലയുടെ പുറത്ത്‌ പോയി ഒന്നു ഉത്സാഹിച്ചു അതാ ഇങ്ങനെ......

അത്താഴ ഊട്ടു കഴിഞ്ഞാല്‍ രാവിലത്തേക്കുള്ള ഇഡലിമാവ്‌ ആരക്കല്‍ ആരംഭിക്കുന്നതാണു.......തേങ്ങ പിഴിയാന്‍ ആരോഗ്യമുള്ളവര്‍ കടന്നു വരുക...ഇങ്ങട്‌ വന്നേ കലേഷേട്ടാ........ദില്‍ബന്‍..എന്താ വെറുതേ നില്‍ക്കണത്‌......ഒരു ചെമ്പ്‌ എടുത്ത്‌ അവന്റെ തലയില്‍ വച്ച്‌ കൊടുത്തേ......എവിടെ കൊണ്ട്‌ പോയി വയ്ക്കാനാ എന്നോ....എങ്ങും കൊണ്ടുപോണ്ടാ...ചുമ്മാ നില്‍ക്കുകയല്ലേ...അതു തലയില്‍ ഇരുന്നോട്ടേ........കരീം മാഷേ ഒറ്റക്ക്‌ ഒപ്പന കളിക്കാന്‍ അറിയാമെങ്കില്‍ ഒരെണ്ണം തട്ടിക്കോ........പായസത്തില്‍ അരക്കാന്‍ തേങ്ങയുടെ കുറവ്‌ വല്ലതും ഉണ്ടെങ്കില്‍ സുല്ലിനോട്‌ പറഞ്ഞാ മതി.......ഇടിവാളെ...ചുമ്മാ ഇരിക്കാതെ ആ തേങ്ങ ഒന്നു പൊതിക്കന്നേ.........ഞാന്‍ ദുപ്പ വരാട്ടാ....ഒന്നു കൂടി ഉത്സാഹിച്ചിട്ടു വരാ...

കരീം മാഷ്‌ said...

ഒരു കറുത്ത തോക്കു കിട്ടിയിട്ടുണ്ട്
ഇതാരുടേതാ?
ഇതിന്മേല്‍ ബര്‍റ്റ എന്നോ “ബാറട്ട” എന്നോ എഴുതീട്ടുണ്ട്. ആ പൊന്നമ്പലം സാന്‍ഡൊസിനെ ചോദിച്ചു നടക്കുന്നതു കണ്ടിരുന്നു. അവന്‍ കണ്ടു വരുന്ന വഴി വീണതാവും.

ആഷ | Asha said...

ദേവേട്ടോ,
കൈപ്പള്ളി രുചിച്ച അച്ചാറെടുത്ത് അങ്ങട് മാറ്റി വെച്ചോളൂ, നമ്മക്ക് കഥകളി സ്റ്റുഡന്‍സിനു “ബീഭത്സം പഠിക്കാനുള്ള ഒറ്റമൂലി” എന്ന പേരില്‍ വിറ്റു കാശാക്കാം.
50 50 ബിസിനസ്സ് ഡീല്‍?

ദേവന്‍ said...

സാന്‍ഡോസേ സുല്ല് ദാ എത്തിയിട്ടുണ്ട്
കുമാറും കൂട്ടരും അറിയാന്‍. സദ്യ വീഡിയോയില്‍ ഇല്ലെങ്കിലും വേണ്ടില്ല, കഴിക്കുന്നവരുടെ അണ്ണാക്കിലോട്ട് ക്യാമറ കൊണ്ടു പിടിക്കരുത്. മനുഷ്യരു മനോനിമ്മിതിയായിട്ട് സദ്യ കഴിച്ചിട്ടു പോയിക്കോട്ടെ.

ദേവന്‍ said...

പാചകം ഇക്കണക്കിനാണേല്‍ ബീഭത്സം പടിക്കേണ്ട പിള്ളേരെ വിളിച്ചോണ്ടു വന്ന് സദ്യയുണ്ണുന്നത് കാട്ടിക്കൊടുത്താല്‍ മതിയെന്നാ തോന്നുന്നത് ആഷേ

sandoz said...
This comment has been removed by the author.
RR said...

എങ്ങനത്തെ സദ്യ ആയാലും ശരി, കഴിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല.... കുറെ നാളായി ഒരു കല്യാണം കൂടിയിട്ട്‌.....

ആഷ | Asha said...

കരീം മാഷ് ടി വി യെടുപ്പിച്ച് പുറകിലെ പന്തലില്‍ വെച്ചതാ ഈ കുഴപ്പത്തിനൊക്കെ കാരണം പാചകക്കാരുടേയും അരിയലുകാരുടേയും കണ്ണു അവിടല്ലയ്യോ. പിന്നെങ്ങനെ പാചകം നന്നാവും?
മാഷേ തോക്കും കൊണ്ടു ഇന്നസെന്റ് കളിക്കാതെ വേഗം ടി വി എടുത്തു മാറ്റിക്ക്.

sandoz said...

ദൂരദേശങ്ങളായ .....കൊടകര..കളമശേരി..
കാക്കനാട്‌
കൊരട്ടി..
.കൊയിലാണ്ടി.....കോത്താഴം....
എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍ക്കു യാത്രാ ക്ഷീണം ഉണ്ടെങ്കില്‍ കുറച്ച്‌ നേരം 'പടിപ്പുര'യില്‍ ചാരി ഇരുന്ന് ഉറങ്ങാവുന്നതാണു.......എന്ത്‌ ഒറങ്ങൂല്ലാന്നാ......ഇക്കാസേ.....ആ ഇരിങ്ങല്‍ എന്ത്യേ.......ഇന്നു ശരിയാക്കി തരാ ഞാന്‍.......

അടുത്ത പ്രദേശങ്ങളായ കാനഡ...അമേരിക്ക..ആഫ്രിക്ക...ഗള്‍ഫ്‌ നാടുകള്‍ തുടങ്ങിയ നാടുകളില്‍ നിന്നു വരുന്നവര്‍ വിശ്രമിക്കാതെ പണിയെടുക്കേണ്ടതാണു........പച്ചാളം...
ആ തവി ഒന്നും എടുക്കണ്ടാ...അതു കൈയിലോ കാലിലോ വീണിട്ട്‌ വേണം ..ഇനി ഇവിടെ കിടന്ന് മോങ്ങാന്‍.......ദേവേട്ടന്‍ ഇടക്കിടക്ക്‌ പുറത്തേക്ക്‌ പോകുന്നത്‌ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്‌......ബ്രീത്‌ അനലൈസര്‍ ഉപയോഗിക്കേണ്ടി വരൂന്നാ തോന്നണേ.......അതു പ്രവര്‍ത്തിപ്പിക്കുന്നവര്‍ അതില്‍ ഊതണ്ടാ[ഞാന്‍ രക്ഷപെട്ടു]......ചന്ദ്രേട്ടന്‍ പറയണതു കേട്ടാ...എങ്കില്‍ ആ യന്ത്രം ചന്ദ്രേട്ടന്‍ പ്രവര്‍ത്തിപ്പിച്ചോളാം എന്ന്...

ദേവന്‍ said...

ചവറു വാരിക്കളയുന്ന ജോലി പൊന്നമ്പലത്തിന്റെ തലയിലായിട്ടുണ്ട്‌.

പുള്ളി ഒരു തൂണില്‍ ചാരിനിന്നു "ബാരറ്റാ." എന്നു പറഞ്ഞത്‌ കേട്ട്‌ രേഷ്മ
"ബാരിക്കോളീ, മുഴ്മനും ഇങ്ങളു തന്നെ ബാരിക്കോളീ." എന്നു പറഞ്ഞ്‌ ആ പണി കൊടുത്തു വിട്ടു.

കരീം മാഷ്‌ said...

ദേവാ കൈപ്പള്ളിക്കു അച്ചാറിന്റെ രുചി നോക്കാനെടുത്ത ആ കൊച്ചു സ്പൂണ്‍ എവിടെ?
അതും വാ വലുതായി പൊളിച്ചപ്പോള്‍ അങ്ങു താഴോട്ടിറങ്ങിപ്പോയോ?
ആരെങ്കിലും പുതിയ സ്പൂണ്‍ തരൂ
217/6 വിക്കറ്റു വീണു.

RR said...

സാന്റോസേ...കൂയ്‌...ഉത്സാഹ കമ്മിറ്റിയില്‍ ആളിനെ ആവശ്യം ഉണ്ടോ??

കരീം മാഷ്‌ said...

ആഷേ ആ പൂക്കളെടുത്ത് ഇത്തിരി വെള്ളം തളിച്ചു വെക്ക്. അല്ലങ്കില്‍ നാളത്തേക്കു വാടും.
ആ വയസ്സന്മാര്‍ക്കും വയസ്സികള്‍ക്കും ഇത്തിരി മുറുക്കാനിടിക്കാനിവിടാരുമില്ലേ?
എല്ലാം എവിടെപ്പോയികെടക്കാ.ഒന്നിനും ഒരു ഉത്തരവാദിത്വം ഇല്ലാന്ന് വെച്ചാ എന്താ ചെയ്യാ..!

ദേവന്‍ said...

ഇല വെട്ടിക്കൊണ്ടു വരാന്‍ പറഞ്ഞപ്പോ കൃഷ്‌ ദാ മുളങ്കൂട്ടം മുഴുവന്‍ വെട്ടി താഴെയിട്ടു. അതേ, സ്ഥലം കേരളമാ, ഇവിടെ ചോറു വിളമ്പാന്‍ കുറ്റിയൊന്നും വേണ്ടാ.

പച്ചാളം : pachalam said...

പാലടയുടെ പാക്കറ്റെന്തിയേന്ന് ചോയ്ച്ചപ്പൊ വിക്കറ്റ് വീണൂന്ന്, സാന്‍റോസേ ആ മെഷീനിങ്ങോട്ടൊന്നെടുത്തേ...

sandoz said...

അല്ലാ...ലോനപ്പനും വിവീം എത്തിയോ...രണ്ടുപേരും കൂടി വരൂന്നു ഞാന്‍ വിചാരിച്ചില്ലാ......
ഇത്തിരി ആ വെട്ടം കുറഞ്ഞ ഭാഗത്ത്‌ നിന്നാ... എങ്ങന്യാ കാണണേ...ഒന്നു വെളിച്ചത്തോട്ടു നില്‍ക്ക്ന്നേ........
പീലികുട്ടി...ഏലിക്കുട്ടി....സോനക്കുട്ടി....
അചിന്ത്യകുട്ടി.....മുതലായ കുട്ടികള്‍ എന്താ ഈ കാണിക്കണേ....രാത്രി പന്തലിനകത്ത്‌ കൊത്തംകല്ല് കളിക്കണാ....
ആവനാഴി സീനിയറെ...ഒരെണ്ണം എടുക്കട്ടേ......അയ്യടാ മുഖം തെളിഞ്ഞല്ലാ....സ്മോളല്ലാ..ചായ എടുക്കട്ടേന്നു........

ആറാറേ......വേണം.....ആളു വേണം......അല്ലെങ്കില്‍ ഈ ഫുള്ളൊക്കെ.....
സോറി..ഈ പണിയൊക്കെ ഞാന്‍ തന്നെ തീര്‍ക്കേണ്ടി വരും.....

ദേവന്‍ said...

കലേഷ് ഇതാ ബൊക്കേ കൊടുത്തുവിട്ടു

ആറാറും സാന്‍ഡോസും ഇടക്കിടക്ക് വന്ന് അച്ചാറും പപ്പടവും ഉപ്പുനോക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതേ, ആടിയാടി വാര്‍പ്പിലും ചെമ്പിലുമൊന്നും പോയി വീണ് സാമ്പാര്‍ ഇറച്ചിക്കറിയാക്കരുത്.

RR said...

ദേ വന്നു,,, ഒരു മിനിറ്റ്‌... ഇവിടെ കുറച്ചു 'പണി' ബാക്കി ഇരിക്കുന്നു. തീര്‍ന്നാല്‍ അപ്പൊ വരാം...

പച്ചാളം : pachalam said...

ജനറേറ്ററിലൊഴിക്കാന്‍ വച്ചിരുന്ന എണ്ണക്കുപ്പീം കൊണ്ട് സാന്‍റോസ് ഇരുട്ടത്തോട്ടോടുന്നത് കണ്ടൂ...
സാന്‍റോസേ... ആ പെട്രോളിങ്ങ് തന്നേച്ചു പോ, കുപ്പി മാറിപ്പൊയെന്ന്

RR said...

ദേവേട്ടാ, പണി ചെയ്യുന്നവരെ ശല്യപെടുത്തരുത്‌ ;)

sandoz said...

ആ മൂലയില്‍ ഇരിക്കണ കുപ്പീടെ അടപ്പ്‌....ആരെങ്കിലും ഒന്നു ഊരിയെടുത്താല്‍ കുത്തിച്ചാത്തന്‍ ഫ്രീ ആവേം ചെയ്യും...അങ്ങേരുടെ കുന്തം നമുക്ക്‌ തേങ്ങ പൊതിക്കാന്‍ എടുക്കേം ചെയ്യാം.....പൊതുവാളിനു ഒരു കല്യാണത്തിനു വരുമ്പഴെങ്കിലും ആ വാളു വീട്ടില്‍ വച്ചിട്ടു വന്നൂടെ...ആരുടേങ്കിലും ദേഹത്ത്‌ കുത്തിക്കേറാനായിട്ട്‌..അതും കൊണ്ട്‌ ഇങ്ങു പോന്നാ.....
ദില്ലീ വാസിയായ മിടുക്കന്റെ 'തല...സ്ഥാനത്ത്‌' ഇരിക്കണില്ലല്ലാ....പച്ചാളം ആ ജെനെറേറ്ററിന്റെ അടുത്ത്‌ നിന്ന് മാറിനില്‍ക്കണ്ടത്‌ ആണു.....അതിന്റെ ഫാന്‍ കറങ്ങണ കാറ്റടിച്ച്‌ വല്ലയിടത്തും തെറിച്ച്‌ പോയാല്‍ നാളെ കല്യാണം കൂടാന്‍ പറ്റൂല്ലാ....

പച്ചാളം : pachalam said...

ഞാനെന്താ ചെയ്യേണ്ടതെന്നും പറഞ്ഞ് വെറുതേ നില്‍ക്കുന്ന ബിന്ദു ചേച്ചി, ആ വെറക് പെരേന്ന് കുറച്ച് മഡലെടുത്തോണ്ട് വരൊ?
എന്നിട്ട് ആ കൃഷേട്ടന്‍ വെട്ടികൊണ്ട് വന്ന ഇലകളൊക്കെ തുടച്ച് വയ്ക്കാന്‍ സഹായിക്കേങ്കിലും ചെയ്തേ...

ബിന്ദു said...

എന്റെ പട്ടുസാരി ചുളുങ്ങാന്‍ ഞാന്‍ സമ്മതിക്കൂല്ലാ പച്ചാള്‍സേ. വിറകെടുക്കാന്‍ പോയാല്‍ ഞാന്‍ വിറകിനടിയിലായി പോവും. ;)

കലേഷ്‌ കുമാര്‍ said...

അയ്യയ്യോ, ഞാനിതറിഞ്ഞില്ല. ദാ ഞാനും റീമയും എത്തി. റീമയെ ആ പെണ്ണുങ്ങടെ കൂട്ടത്തിലോട്ട് വിട്ടിട്ട് ഞാ‍നിതാ വരുന്നു....

കലേഷ്‌ കുമാര്‍ said...

ക്രിക്കറ്റ് എന്തേരായി?

പച്ചാളം : pachalam said...

കലേഷേട്ടാ, ഐഡിയ മനസ്സിലിരിക്കട്ടെ, റീമചേച്ചി തന്നെത്താന്‍ പൊയ്ക്കോളും. ചേട്ടനീ പായസം ഒന്നിളക്കി കൊട്, ഞാനൊന്ന് വിശ്രമിക്കട്ടെ ഇനി.

sandoz said...

അതു തേങ്ങയല്ലാ...തമനൂന്റേം കുറുമാന്റേം തലകള്‍ ആണു...ഈ അരവിന്ദന്‍ എന്താ ഈ കാണിക്കണേ......ഇപ്പോ ആ തലകള്‍ പൊതിച്ചേനേ.......

സങ്കൂ....അവരു ചര്‍ച്ച ചെയ്യണത്‌ സങ്കൂന്റെ വാറ്റിന്റെ കാര്യം അല്ലാ....വാറ്റ്‌....പുതിയ ടാക്സ്‌ സിസ്റ്റം ആണു.....അതുകൊണ്ട്‌ അവിടെ കിടന്നു ചുറ്റണ്ടാ....

ഇട്ടിമാളൂ...ഇത്ര കട്ടി ആയിട്ട്‌ മുറിക്കണ്ട.......ഇത്തിരീം കൂടി കട്ടി കുറച്ച്‌ മുറിക്കൂ......എന്നാലല്ലേ അവിയലിനു പാകത്തിനു ആകൂ.....ഇതു എട്ടങ്ങാടി പുഴുങ്ങാന്‍ മുറിച്ചത്‌ പോലെ ആയി.....

Reshma said...

:D
ദുര്‍ഗ്ഗേന്റെ വിട്ടില്‍ ഇത്രേം ആര്‍മ്മാദം ഉണ്ടവോന്ന്...

പൊക്കലൊക്കെ അവിടെ നിക്കട്ടെ, ഈ സദ്യേന്റെ കൂടെ മത്തി പൊരിച്ചത് തന്നില്ലെങ്കില്‍ ഞാന്‍ പിണങ്ങും.

കലേഷ്‌ കുമാര്‍ said...

കാല് വയ്യാത്തൊരു വികലാംഗനാണ് ഞാന്‍.... ഞാനിത്തിരി റെസ്റ്റ് എടുത്തോട്ടെ ശ്രീനീ...

കുട്ടിച്ചാത്തന്‍ said...

ആരാ അടപ്പ് തുറന്നത്, റൊമ്പ നന്ദി, എനിക്കു വിശക്കുന്നേ എനിക്കു വിശക്കുന്നേ....

കലേഷ്‌ കുമാര്‍ said...

ആ കുട്ടിച്ചാത്തനെ ആരേലും ആ പായസത്തില്‍ മുക്കി കുളിപ്പിച്ചെടുക്കു.... (ചാത്തനേറ് തടയാ‍ന്‍ അതേ വഴിയുള്ളു)

Kiranz..!! said...

ടെസ്റ്റിംഗ്..ടെസ്റ്റിംഗ്..മൈക്ക് ടെസ്റ്റിംഗ്..!ഗാനമേള തുടങ്ങാന്‍ പോകുന്നു.ആദ്യഗാനം ഇന്നാ പിടിച്ചോ.ദുര്‍ഗ്ഗക്കും രഞ്ജിത്തിനും ഒക്കേറ്റിനും ഒരെനര്‍ജി വരട്ടെ..!

കലേഷ്‌ കുമാര്‍ said...

ഗാനമേള കലക്കി!
പാട്ടുകള്‍ ഇനീം പോരട്ടെ!

കിരണ്‍സിന്റെ വീക്ക്നെസ്സ് തന്നെ ആയിക്കോട്ടെ - രവീന്ദ്രന്‍ മാഷ്!

കലേഷ്‌ കുമാര്‍ said...

ഹവാ ഹവാ കേട്ട് ഡാന്‍സ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്... പായസം കങ്ങാതെ ശ്രദ്ധിച്ചോണം...

ദേവന്‍ said...

50 പോയോ?

കലേഷ്‌ കുമാര്‍ said...

കിരണ്‍സ് അവതരിപ്പിച്ച “ഹവാ ഹവാ യെ ഹവാ കുട്ടൂസന്റെ മോന്‍ ലുട്ടാപ്പി“ എന്ന കീര്‍ത്തനത്തിനു ശേഷം അടുത്ത ഗാനം ആ‍രാ ആലപിക്കുന്നത്?

കലേഷ്‌ കുമാര്‍ said...

ദേവേട്ടന് തന്നെ 50!
(ഞാന്‍ പാട്ടും കേട്ട് ഇരിപ്പായിരുന്നു!)

കുട്ടിച്ചാത്തന്‍ said...

കലേഷേട്ടാ നാളെ കല്യാണം പ്രമാണിച്ച് കല്ലേറ് നിര്‍ത്തി അരിയും പൂവുമാക്കീട്ടാ..

സാന്‍ഡോസെ എന്റെ കുന്തം അവിടെ വയ്ക്കെടാ.അതിനു മൂര്‍ച്ച കുറവാ. തേങ്ങ പൊതിക്കാന്‍ ഇവിടെത്തന്നെ എത്ര വാളുണ്ടെടാ

പായസത്തിനു ഉപ്പ് പോരാ. ഒരു അരക്കിലോ കൂടി ആവാം (ഉപ്പല്ല ടേസ്റ്റ് നോക്കാനുള്ള പായസം)

RR said...

50 പോയി. :( 100 ഇന്നാണോ അതോ നാളെ ആണോ??

venu said...

എന്‍റെ ജോലി ഗംഭീരമാക്കി. എന്തു് ഡെക്കറേഷനാ..കലക്കി. ഇങ്ങനിരിക്കും അറിയാവുന്നവരെ ഏല്പിച്ചാല്‍. ഈ ഏണിയില്‍ പിടിച്ചിരുന്ന സാണ്ടോസ്സും പോയോ. വക്കാരിനില്‍ക്കുന്നിടത്തു് ഏണിം വിട്ടിട്ടു് എന്തെടുക്കുവാ സാണ്ടോസ്സേ. കൂയ്...മേനോനെ...ഒന്നീ ഏണിയിലൊന്നു പിടിക്കൂ.. എനിക്കു താഴെ ഇറങ്ങിയിട്ടു കാര്യമുണ്ടേ. കുറുമാന്‍റെ തായമ്പകയും ബഹുന്‍റെ വയലിനുമൊന്നു കേക്കണേ. വിശ്ശന്നിട്ടു പണ്ടാരമായി.

ദേവന്‍ said...

വാഹ് ഉസ്താദ്! എന്നാ കലക്കന്‍ പാട്ട്. ഹവാ ഹവാ എന്നു കേട്ടപ്പോ ഹലുവായുടെ കാര്യം ഓര്‍ത്തു. കുന്തം നെയ്യാണ്, സാരമില്ല മ്മടെ ദുര്‍ഗ്ഗേടെ കല്യാണമല്ലേ, ഇന്ന് ആര്‍മ്മാദം അണ്‍ലിമിറ്റഡ്. ഒരു പിച്ചാത്തി താ.

ദാ ആ കോട്ടും ടൈയ്യും ഇട്ട് പൈപ്പും വലിച്ച് ജോസ് പ്രകാശ് സ്റ്റൈലില്‍ നില്‍ക്കുന്ന ആളെ കണ്ടോ അത് ബഹുവ്രീഹിയാ, ഇത്തിരി മുന്നേ ഫോണ്‍ ചെയ്ത്
“സിംഗപ്പൂരില്‍ നിന്നും ഒരു കപ്പല്‍ നിറയെ രത്നങളും വജ്രങളുമായി ഞാനും സപ്തനും പുള്ളിയും കൊച്ചീ തുറമുഖത്ത് അടുത്തിട്ടുണ്ട്, ഈ വിവരം പോലീസിലറിയിക്കാന്‍ ശ്രമിച്ചാല്‍ നാളെ രാത്രി നിങ്ങള്‍ സൂര്യോദയം കാണില്ല.” എന്ന് എന്നെ വിരട്ടിയതേയുള്ളു.

സങ്കുചിത മനസ്കന്‍ said...

പന്തലിന്റെ ഇടത്തേ കോണിലെ ആ കടലാസു തോരണങ്ങളുള്ള തൂണും ചാരി ഞാനും എന്റെ ഭാര്യയും നില്‍ക്കുന്നുണ്ട്. എല്ലാ മംഗളാശംസകളും!!!

Moorthy said...

ഇനി ഇത്തിരി തമാശ വായിച്ചിട്ടാവാം ബാക്കി പണി..
ഞാന്‍ ഇവിടെ കുറച്ച് നമ്പൂതിരി ഫലീതം കാച്ചിയിട്ടുണ്ട്‌
എല്ലാരും ബരിന്‍...

Physel said...

എനിക്ക് വല്ലോരും ഒരു പണി തരൂ....പ്ലീസ്!!

ദേവന്‍ said...

ഫൈസലിനെ സദ്യ മുണുങ്ങി പോവുന്നവര്‍ക്ക് ഓരോ നാരങ്ങ കൊടുക്കാന്‍ ഏല്‍പ്പിക്കാം?

Ambi said...

ദാണ്ടേ, നമ്മളൊരു സാധനം വല്യ ശല്യമൊന്നുമാകാതെ ഈ സൈഡുവാരം ഇരുപ്പോണ്ടേ..സദ്യയില്ലേലും കൊഴപ്പമില്ല ദാഹശമനിയ്ക്ക് കൂട്ട് വിളിയ്ക്കാതെ പോവല്ലേ..

Siji said...

ഞാനും എന്റെ രണ്ടു ചെകുത്താന്‍ പിള്ളേരും തലേസം തന്നെ വരാം. മാമ്മന്മ്മാരു അമ്മായിമാരും അതുങ്ങളെ കുറച്ചുനേരം എടുത്തോണ്ട്‌ നടക്കുന്ന നേരം എനിക്ക്‌ ഗാനമേളേം കാണാം സ്വസ്ഥമായിട്ട്‌ സദ്യേം ഉണ്ണാം.

റീനി said...

ഞാന്‍ ഓടിക്കിതച്ച്‌ എത്തിയപ്പോഴേക്കും വിവാഹവും സദ്യയും കഴിഞ്ഞുവോ? എച്ചില നക്കിത്തുടക്കുന്ന നായ്ക്കളെയും, കൊത്തിപ്പറിക്കുന്ന കാക്കകളെയും മാത്രമെ കാണുന്നുള്ളല്ലോ.

വധൂവരന്മാര്‍ക്ക്‌ വിവാഹമംഗളാശംസകള്‍!

ജ്യോതിര്‍മയി said...

അമ്പലത്തിലേയ്ക്കു പോണു...ചേച്ചിമാരും അമ്മായിമാരും കൂടെത്തന്നെയുണ്ട്. നല്ല മഞ്ഞപോലത്തെ പച്ചസാരി... നിറയെ മുല്ലപ്പൂ...

പോയി വന്നിട്ടുവേണം ബാക്കി മേയ്ക്കപ്.

ആവനാഴി said...

“ആവനാഴി സീനിയറെ...ഒരെണ്ണം എടുക്കട്ടേ......അയ്യടാ മുഖം തെളിഞ്ഞല്ലാ....സ്മോളല്ലാ..ചായ എടുക്കട്ടേന്നു........”

എടോ സാന്‍ഡോസേ, ചായയെങ്കില്‍ ചായ. കല്യാണവീട്ടില്‍ വന്നിട്ട് ഒരിറക്ക് വെള്ളം കുടിക്കാമെന്നു കരുതി നെടുമ്പാശേരി എയര്‍പോര്‍ട്ടീന്നു നേരെ ഇങ്ങോട്ടു വിട്ടു. സ്മാളാക്കണ്ടട കന്നാലീ, ചായാ ഒരു ലാര്‍ജ് പോരട്ടെ.

പാലൊഴിക്കണ്ട കെട്ടാ; പിരിയും.
എന്താ, ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും കൊഴപ്പോണ്ടാ, ഒന്നു പറഞ്ഞു തരിന്‍ മാലോകരെ.

ദേ ചാത്തനെപ്പിടിച്ച് പായസത്തില്‍ മുക്കുന്നു. വെള്ളത്തില്‍ കുടം മുക്ക്യാ അതിനവുത്തേക്ക് വെള്ളം കേറുമല്ലാ, സംശയോണ്ടെങ്കി ആ കുടത്തിലെ വെളിച്ചെണ്ണയെടുത്ത് തെങ്ങിഞ്ചോട്ടിലേക്കൊഴിച്ചിട്ട് ആ കുട്ടകത്തിലെ വെള്ളത്തിലൊന്നു മുക്കി നോക്യേ. ദാ, അതു മാതര പ്രാകൃതം മുയ്മന്‍ ചാത്തന്റെ വയറ്റീക്കേറും കെട്ടാ. പിന്നെ കല്ലേറു തുടങ്ങും മൂപ്പര്‍. കല്യാണം കൂടാന്‍ വന്നോരുടെ തലക്കിട്ടുതന്നെയാവും ഏറ്. ഞാന്‍ വാണിങ്ങം തന്നില്ലാന്നു പറേരുതും.

തേങ്ങ ചിരവുന്നവരുടെ നേരെ ഒരു കണ്ണു വേണം കെട്ടാ ദില്‍ബാ. വാരിത്തിന്നും. നൂറു തേങ്ങ ചിരവിയാല്‍ രണ്ടെണ്ണം തന്നെയെങ്കിലും കൂട്ടാത്തിലിടാന്‍ കിട്ടണമല്ലാ.

ദേ ആ കരീമ്മാഷ് വന്നത് വലിയ ഭാഗ്യമായി. പോന്നുപോരായ്മകള്‍ പറഞ്ഞുകൊടുത്ത് എല്ലാം ഭംഗിയാക്കാന്‍ ശ്രമിക്കുന്നതു കണ്ടാ. സൂ, ഉപ്പുണ്ടോന്നു നോക്കി ഉപ്പുണ്ടോന്നു നോക്കി മുയ്മനും തിന്നു തിര്‍ക്കരുതും. ഒരു നൂറു പന്തിക്കുള്ള ആളുണ്ട്.

എടോ സാന്‍ഡോസേ ആ ശ്രമക്കാര്‍ക്ക് ഓരോ മുഡ്ഡഗ്ഗുപ്പി പൊട്ടിച്ചു കൊട്. ഷക്കീലയുണ്ടെങ്കില്‍ അതും കൂടി മിക്സ് ചെയ്ത് കൊട്.ഒന്നുഷാറാവട്ട്.

പിന്നെ ആ (കുട്ടന്‍)മേന്‍‌നോടു ചോദിച്ചിട്ടു മതി താറാവ് എങ്ങനെ ശരിയാക്കണം എന്നു തീരുമാനിക്കാന്‍. നിര്‍ത്തിപ്പൊരിക്കണോ അതൊ കിടത്തി മതിയോ എന്നൊരു തീരുമാനമാവണമല്ലാ.

RP said...

അയ്യോ എന്റെ കൈ മുറിഞ്ഞു. ആരാ ഈ ടിവി ഇവിടെ കൊണ്ടുവന്നു വെച്ചത്? ടിവിയും നോക്കി കുക്കിയാല്‍ അങ്ങനെയിരിക്കും.
ബിന്ദൂ ഈ കത്തിയൊന്നു പിടിച്ചേ.

കൈപ്പള്ളി said...

ദേവന്‍:

ഇതു തീരെ ശെരിയല്ല. അല്പം കൂടി ശ്രദ്ധിച്ച് focus ചെയ്യാമായിരുന്നു. ഞാന്‍ പഠിപ്പിച്ചതെല്ലാം മറന്നു അല്ലെ?

കണ്ണുകള്‍ കണ്ടില്ലെ?

മഞ്ഞ പല്ലുകള്‍ കൂടുതല്‍ തെളിഞ്ഞു കാണുമായിരുന്നു.

cropping തീരെ ശെരിയല്ല.

കലേഷ്‌ കുമാര്‍ said...

പെണ്ണ് അമ്പലത്തിലേക്ക് പുറപ്പെട്ടോ?
എന്തിയേ എല്ലാരും?

ഇഡലീം സാമ്പാറും കഴിക്കാത്തവര്‍ മണ്ടന്മാര്‍ എന്തെന്നാല്‍ ഇനി സദ്യ വരെ അവര്‍ പട്ടിണീ!

വല്യമ്മായി said...

വല്യമ്മായി റെഡി.ദുര്ഗയ്ക്കും രഞ്ജിത്തിനും എല്ലാ പ്രാര്ത്ഥനകളും ആശംസകളും.(ഓ പാര്‍വ്വതി എന്താ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്,ഇത് പുതിയ സാരി തന്നെയാ)

പച്ചാളം : pachalam said...

എന്‍റെ തേച്ചു വച്ചിരുന്ന ഷര്‍ട്ടില് ആരോ സാമ്പാറൊഴിച്ചു, ഞാനിപ്പൊ പന്തലിലോട്ട് പോവാന്‍ പോവുന്നു...

തറവാടി said...

ദേവേട്ടാ ,

ആ ബിരിയാണിചെമ്പിന് വലിപ്പം പോരാ , ഞാന്‍ കോഴിക്കോടിന് പോയി കുറച്ചുകൂടി വലിയചെമ്പ് വാങ്ങിവരാം ,

പിന്നെ കോണ്ടുവന്ന ജനറേറ്റര്‍ പോര ദേവേട്ടാ ,വരുന്ന വഴിക്ക് ഞാന്‍ അഗ്രിക്കോയില്‍ നിന്നും ഒന്നുകൂടി വരുത്താം

അതുവരെ ,

ആ ഇടിവാളിനോട് കറുത്തകണ്ണടയിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാതെ ഇതൊന്നു നോക്കാന്‍ പറ

ബിരിയാണിക്കുട്ടി said...

പെണ്ണിന്റെ ഒരുക്കം കഴിഞ്ഞില്ലേ ഇതു വരെ? രാവിലെ 3 മണിക്ക്‌ ബ്യൂട്ടീഷന്‍ വന്ന് പിടിച്ചുകൊണ്ടു പോയതാണല്ലോ... ചെറുക്കന്‍ മണ്ഡപത്തില്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നിരുന്ന് വിളക്കിലൊഴിക്കാനുള്ള എണ്ണ തീര്‍ന്നു പോയീന്ന്. പച്ചാളാങ്ങള ഓടിപ്പോയി രണ്ട് കുപ്പി എണ്ണ വാങ്ങി വാടാ...

വാവക്കാടന്‍ said...

മുഹൂര്‍ത്തായി..

ഈ ദേവേട്ടനെവിടെയാണാവോ?

കാരണവരില്ലാണ്ടെങ്ങിനെയാ?

തമനു said...

ഇന്നലെ എന്താ ഇവിടെ നടന്നേ ..?

സാന്‍ഡോസേ നീ എന്നാ സാധനമാടാ ദേവേട്ടന്‍ കാണാതെ കഴിച്ചോ എന്നും പറഞ്ഞൊഴിച്ചു തന്നേ..?

എല്ലാരും കല്യാണത്തിന് പോയോ ... പോട്ടെ ... തിരിച്ചിങ്ങോട്ടു തന്നെയല്ലേ വരുന്നേ .. ഞാനിവിടെ പന്തലിന്റെ നടക്ക്‌ തന്നെ കാണും.

കല്യാണത്തിന് വന്നില്ലേല്ലെന്നാ, ഞാന്‍ ഇവിടെയിരുന്നു കുരവയിട്ടോളാം...

കുളുകുളുകുളുകുളുകുളുകുളുകുളുകുളുകുളുകുളുകുളുകു..... ഗ്വാ...

വിചാരം said...
This comment has been removed by the author.
saptavarnangal said...

കുറുമാന്‍ കൂട്ടുകാരന്റെ കല്യാണത്തിനുപയോഗിച്ച് പുട്ടുകുറ്റി ലെന്‍സുകളുമായി ഇതാ പടം പിടിക്കാന്‍ എത്തി കഴിഞ്ഞു. പടം പിടുത്തത്തില്‍ ഒരു കുറുമാന്‍ ടച്ച് പ്രതീക്ഷിക്കാവുന്നതാണ്.

വിശാല മനസ്കന്‍ said...

അറിയിപ്പ്: ചെക്കന്‍ വീട്ടുകാര്‍ക്ക് കലക്കി കൊടുക്കാനുള്ള സ്ക്വാഷിന്റെ ബോട്ടിലുകളില്‍ നിന്ന് ഒരു ബോട്ടില്‍ മിസ്സായിട്ടുണ്ട്.

ഒരു ബോട്ടിലും ഒരു ജഗ് വെള്ളവും മൂന്ന് ഗ്ലാസുമായി പറമ്പിന്റെ പിറകിലേക്ക് പച്ചാളവും പുറമേ നിന്ന് വന്ന അദ്ദേഹത്തിന്റെ ഫ്രന്‍സും പോകുന്നത് കണ്ടുവെന്ന് പറയപ്പെടുന്നു.

തെറ്റി എടുത്തോണ്ട് പോയതാണോ അതോ മനപ്പൂര്‍വ്വമാണോ എന്നറിയില്ല. പച്ചാളമല്ലേ... ഒന്നും പറയാന്‍ പറ്റില്ല.

കുറുമാന്‍ said...

അയ്യോ, നാട്ടാരെ,ഞാന്‍ എത്താന്‍ വൈകിപോയി. ബസ്സ് മിസ്സായതല്ലാ. ഇന്നലെ ഉച്ചക്ക് ഊണു കഴിഞ്ഞ് കിടന്നതാ, എഴുന്നേറ്റപ്പോള്‍ ഇന്ന് രാവിലെ 8.10.

കമന്റുകള്‍ വായിക്കാന്‍ സമയം കിട്ടിയില്ല. മേളം തുടങ്ങിയോ? കഴിഞ്ഞോ? എന്തായാലും, ഒന്നാഞ്ഞുപിടിക്കട്ടെ......ഡും, ഡൂം, ഡും ഡുഡു, ഡും.

ഇനി ഇവിടെ, വടക്കേലെ, വിറകുപുരക്കരികത്തുമായൊക്കെ തന്നെ കാണും..

ദേവന്‍ said...

ക്യാമറക്കാരെത്തിയല്ലോ, ഞാനൊന്നു കുളിച്ച് കസവുമുണ്ടുടുക്കാന്‍ പോയതാ വാവക്കാടാ. ജെനെറേറ്റര്‍ ഒരെണ്ണം കൂടെ ഞാനെടുത്തിട്ടുണ്ട് തറവാടിയേ.

വൈക്കന്‍... said...

ഈ ധന്യമുഹൂര്‍ത്തത്തില്‍ നവദമ്പതികളുടെ എല്ലാവിധ ഐശ്വര്യത്തിനായും പ്രാര്‍ത്ഥിക്കുന്നു....
വിനോദ്,രേഖ പിന്നെ വിഷ്നുവും

തഥാഗതന്‍ said...

കേമന്മാരായ 2-3 ബെന്‍‌ഗളൂരുകാര്‍ നയിച്ച ഇന്ത്യന്‍ കിരുക്കെറ്റ് ടീം തോറ്റ് പാളത്തൊപ്പി ഇട്ടത്,മര്യാദക്കാരായ ബെന്‍‌ഗളൂരുകാര്‍ക്ക് പോലും വഴി ഇറങ്ങി നടക്കാന്‍ പറ്റില്ല എന്നൊരു അവസ്ഥ സംജാതമായിരിയ്ക്കുകയാണ്. എങ്കിലും ഞങ്ങളുടെ പ്രതിനിധിയായി ബാംഗളൂര്‍ ബൂലോഗത്തിന്റെ പ്രാണവായുവും പ്രണേതാവും സര്‍വോപരി കവിയും ഗായകനുമായ ശ്രീ.ശ്രീ.ശ്രീജിത്തിനെ കരിഞ്ചന്തയില്‍ ബസ്സ് ടിക്കെറ്റ് വാങ്ങി(കളിയിലെ തോല്‍‌വി മുന്നില്‍ കണ്ട നിരവധി പേര്‍ ഇന്നലെ തന്നെ ഒഴിഞ്ഞു പോക്ക് തുടങ്ങിയതിനാല്‍ എല്ലാ ബസ്സുകളും തീവണ്ടികളും ഇന്നലെ ഫുള്ളായിരുന്നു)അങ്ങോട്ട് അയച്ചിട്ടുണ്ട്.

പച്ചാളം,ഇക്കാസ്,സാന്റോസ് തുടങ്ങിയ സ്ഥിരോത്സാഹികള്‍ക്ക് നല്‍കാനായി രണ്ട് ബെക്കാമിന്റെ ആറടിയും രണ്ട് സഞ്ചികുഴലൂത്തുകാരനും ബഹു ശ്രീജിത്ത് വശം കൊടുത്തയച്ചിട്ടുണ്ട്. അതു നിങ്ങളെ ഏല്‍പ്പിയ്ക്കന്‍ എന്തെങ്കിലും അലംഭാവം ഉണ്ടാകുകയാണെങ്കില്‍ ടി.സാത്വികനെ ചെറുതായൊന്നു വിരട്ടിയാല്‍ മത്രം മതി എന്ന് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ അപേക്ഷിയ്ക്കുന്നു അഭ്യര്‍ത്ഥിക്കുന്നു..

qw_er_ty

saptavarnangal said...

ഫോട്ടോഗ്രാഫര്‍ പണി തുടങ്ങിയിരിക്കുന്നു, ദേവാ ആ മുണ്ട് ശരിക്കു പിടിച്ചിട്ടേ, കസ്സവ് വിരി ശരിക്കു വരട്ടെ. ഫോട്ടോ എടുക്കാന്‍ തുടങ്ങുമ്പോള്‍ കാര്‍ന്നോരുടെ മുതല്‍ തുടങ്ങട്ടെ!

അഗ്രജന്‍ said...

താമസിച്ചു പോയി... എന്താ ചെയ്യാ... ഇന്ത്യ ക്രിക്കറ്റില്‍ തോറ്റതിന്‍റെ ആഘോഷ പ്രകടനം വഴി നീളെ...

...ലങ്കന്‍സിന്‍റെ വക...

*****

ആദ്യം എന്തേലും കുടിക്കാനും കഴിക്കാനും ആവാം...
എന്നിട്ടാവാം പെണ്ണിനേം ചെറുക്കനേം ആശിര്‍വദിക്കുന്നത്...

*****

ദുര്‍ഗ്ഗയ്ക്കും രഞ്ജിത്തിനും എല്ലാവിധ മംഗളാശംസകളും നേരുന്നു... ദൈവം രണ്ടു പേരേയും അനുഗ്രഹിക്കട്ടെ...

*****

അങ്ങിനെ മാര്‍ച്ച് 24 നെ ഓര്‍മ്മിക്കാന്‍ രണ്ടവകാശികള്‍ കൂടെ!

ദേവന്‍ said...

എന്റെ വണ്ണക്കൂടുതല്‍ കാരണം വീരാളിപ്പട്ട്‌ ഉടുക്കുമ്പോലെ എഴു ചുറ്റ്‌ ചുറ്റിയാണ്‌ മുണ്ടുടുത്തിരിക്കുന്നത്‌ സപ്തോ. കസവ്‌ ഇപ്പോ എവിടെയാണെന്ന് ഒരു പിടിയുമില്ല. ഫോട്ടോഗ്രാഫറേ, ആക്ഷന്‍!
qw_er_ty

ദേവന്‍ said...

അനൌണ്‍സ്മെന്റ്- (ഹലോ മൈക്ക് ടേയ്സ്റ്റിങ്.. ആഹാ എന്നാ ടേസ്റ്റ്)
കമന്റ് ഫ്ലഡില്‍ പിന്മൊഴി അടിച്ചു പോകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ക്ലബ്ബില്‍ നിന്നും പിന്മൊഴിയിയിലേക്ക് കമന്റ് അയക്കുന്നത് തല്‍ക്കാലം നിറുത്തി വച്ചിട്ടുണ്ട്. ജനം വെറുതേ കൊരട്ടിയടിച്ച് മിനക്കെടണമെന്നില്ല.

സുല്ലിട്ടവന്‍ said...

മംഗളാശംസകള്‍
ബൂലോകത്തിലൊരു ഉത്സവനാളാണിന്ന് സന്തോഷത്തിന്‍റേയും സ്നേഹത്തിന്‍റേയും ഇനി നമ്മുക്കുടുത്തത് ആദിയുടേയും ദില്‍ബന്‍റേതും പൊടിപൊടിയാക്കണം ശ്രീജിത്ത് കല്യാണത്തിനെത്തിയിട്ടുണ്ടോ .. ഉണ്ടെങ്കില്‍ അവനെ ആരെങ്കിലും അവനെ പിടിച്ച് ഇങ്ങനെയാണ് കല്യാണം എന്നെല്ലാമൊന്നവനെ പറഞ്ഞു മനസ്സിലാക്കി കൊട്

വല്യമ്മായി said...

ദാ അവിടെ മുറ്റത്ത് വക്കാരിയൊടൊപ്പം മണ്ണു വാരി കളിക്കുന്ന ആജുവിനെയും പച്ചാളത്തിനേയും ആരെങ്കിലുമൊന്ന് വിരട്ടി വിടുമോ.

വിചാരം said...

ഞാന്‍ അയക്കുന്ന മിസൈലില്‍ നിറയെ പനിനീര്‍ പൂക്കളായിരിക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകളും വിദൂരത്ത് നിന്ന് വിചാരം
രഞ്ജിത്തിനും ദുര്‍ഗ്ഗയ്ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു എന്നെന്നും സന്തോഷത്തോടും സ്നേഹത്തോട് ജീവിതം മുന്നോട്ട് നീങ്ങട്ടെ

ദേവന്‍ said...

വക്കാരിയെ വിരട്ടാന്‍ തൊട്ടി, സോറി തോട്ടിയുമായി പാപ്പാന്‍ എത്തിയിട്ടുണ്ട്‌. പച്ചാളവും അജുവും ബാക്കി പിള്ളേരും എണീച്ചു പോയി കൈ കഴുകിക്കേ, പായസം റെഡി.

വൈക്കന്‍... said...

ഇപ്പോള്‍ കിട്ടിയത്.... ചെറുക്കന്‍ പാര്‍ട്ടിയെ സ്വീകരിച്ച് പന്തലിലേയ്ക്ക് ആനയിക്കുന്നു...
പചാളം ഗ്രൂപ്പിന്റെ വള്ളംകളിപ്പാട്ട് നടക്കുന്നോ എന്ന് സംശയം...
എന്തായാലും അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ താലികെട്ട് നടക്കുന്നതാണു്....

വിശ്വപ്രഭ viswaprabha said...

മഞ്ജൂ,
രഞ്ജിത്ത്,
മംഗളാശംസകള്‍!

ദില്‍ബാസുരന്‍ said...

വിവാഹമംഗളാശംസകള്‍!

ദേവന്‍ said...

ദില്‍ബോ,
പയ്യന്‍ കൂട്ടരു വരുന്നുണ്ട് കുരവയിടാനാ ഞാന്‍ പറഞ്ഞത്, ഈ ചിരവയെടുത്തുകൊണ്ട് എങ്ങോട്ടു പോകുവാ?

തഥാഗതന്‍ said...

ഫ്ലാഷ് ന്യൂസ്
വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ബാംഗളൂര്‍ പ്രതിനിധി ബസ്സ് തൃശ്ശൂര്‍ എത്തിയപ്പോള്‍ എറണാകുളമാണെന്ന് തെറ്റിദ്ധരിച്ച് അവിടെ ഇറങ്ങി എന്നും,ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റിനു മുന്‍പില്‍ നിലാവത്ത് അഴിച്ചിട്ട കോഴിയെ പോലെ ചുറ്റിക്കറങ്ങുന്ന അദ്ദേഹത്തെ അചിന്ത്യാമ്മ കാണുകയും കാറില്‍ കയറ്റി എറണാകുളത്തേയ്ക്ക് കൊണ്ട് പോകുകയും ചെയ്തു. രണ്ടു പേരും പോകുന്ന കാര്‍ ഇപ്പോള്‍ കൊരട്ടി എത്തി എന്നും അതു കൊണ്ട് കമന്റില്‍ കൊരട്ടി ഇട്ട് ആരും വിഷമിയ്ക്കരുത് എന്നും മാതാ അചിന്ത്യാമ്മ ബൂലോഗത്തോട് അഭ്യര്‍ത്ഥിയ്ക്കുന്നു

ദേവന്‍ said...

ഹാവൂ ബാഗ്‌ പൈപ്പര്‍ കറക്റ്റ്‌ ലൊക്കേഷനിലോട്ട്‌ തന്നെ പോയിട്ടുണ്ടല്ലേ. ഇല്ലെങ്കില്‍ സാന്‍ഡോസും കൂട്ടരും ഇപ്പോ നെഞ്ചത്തടീം നിലവിളിയുമായേനേ. സ്റ്റോക്ക്‌ തീര്‍ന്നെന്ന് കുറേ നേരമായി പറയുന്നു.

തഥാഗതന്‍ said...

താലി കെട്ട് കഴിഞ്ഞ് മധുരം വിതരണം ചെയ്യുകയാണെന്ന് സംഭവത്തില്‍ സന്നിഹിതനായ ഏക ബൂലോഗ പ്രതിനിധി പച്ചാളം ശ്രീനി റിപ്പോര്‍ട്ട് ചെയ്യുന്നു

ബിരിയാണിക്കുട്ടി said...

താലിക്കെട്ട് കഴിഞ്ഞു ല്ലേ. അപ്പോ മഞ്ജുവിനും രഞ്ജിത്തിനും വിവാഹ മംഗളാശംസകള്‍. :)

ദേവന്‍ said...

ആശംസകള്‍ ദുര്‍ഗ്ഗേ, രഞ്ജിത്തേ.

ആരാ വിവാഹിതരു ക്ലബ്ബിന്റെ ഇപ്പോഴത്തെ സെക്രട്ടറി, ഇവര്‍ക്ക്‌ ഒരു ശീട്ട്‌ എഴുതി കൊടുത്തേ.

തഥാഗതന്‍ said...

ഇടിവാള്‍ ആണല്ലൊ..പുള്ളി പത്ത് പുതിയ രസീത് ബുക്ക് അടിയ്ക്കാന്‍ കൊടുത്തത് വാങ്ങാന്‍ പോയിരിയ്ക്കുകയാ

ദേവന്‍ said...

നൂറൂ നൂറേയ്‌!

പൊതുവാള് said...

ദുര്‍ഗ്ഗയ്ക്കും,മഞിത്തിനും എല്ലാവിധ ഭാവുകങ്ങളും

ആഷ | Asha said...

കല്യാണം കഴിഞ്ഞോ ലേശം വൈകിപ്പോയ്
വിവാഹ മംഗളാശംസകള്‍ വധു വരന്മാരേ...

ആവനാഴി said...

ദേ കല്യാണപ്പെണ്ണിരുന്നു കരയുന്നു, കയ്യിലൊരു പൊത്തകവുമുണ്ടല്ലോ. കുറുമാന്റെ പുതിയ നോവലു പൊത്തകമാണല്ല്. ഈ നല്ലോരു ദിവസമായീട്ട് അങ്ങോര്‍ക്ക് മനുസേമ്മാരെ കരയിപ്പിക്കാനുള്ള പൊത്തകമാ എഴുതാന്‍ കണ്ടൊള്ളോ? അതും പോട്ടെ ആ പെണ്ണിനോട് “അഴറാതെ കണ്ണേ” എന്നൊരു വാക്കു പറയുന്നുണ്ടോ ആ പഹയന്‍. എന്നിട്ട് ദേ ആ പന്തലിന്റെ മൂലക്കല്‍ നിന്നു തകിലടിച്ചു തകര്‍ക്കുന്നു!

എന്തര് പച്ചാളം? ആ കയ്പ്പക്ക തോരന്‍ ശരിയാച്ചാ?വെന്തെങ്കില്‍ കൈപ്പള്ളീടെ കയ്യില്‍ കുറച്ചു കോരിയിട്ടുക്കൊട്. ഉപ്പുണ്ടോന്നു നോക്കട്ട് .

ഇന്നാളു പൊന്നാട കിട്ടിയ ഒരു മൂപ്പരുണ്ടല്ലോ, ബ്രാലും കാലും തിരിച്ചറിയാത്തോന്‍ , തലേലു മുണ്ടിട്ടു നടക്കുന്നവന്‍ ....ആ മൂപ്പര്‍ക്കു ഒരര ഗ്ലാസ് സ്ക്വാഷ് കൊടുക്കിന്‍ സാന്‍ഡോസേ. ഒരു ശകലം മറ്റതും ചേര്‍ത്തേരെ, പറയണ്ട.

വാവക്കാടോ മുഹൂര്‍ത്തമായപ്പോള്‍ ദേവന്‍ കാര്‍ന്നോരു മുങ്ങിയെന്നോ, ചാത്തനെ വിട് ...പറന്നുപോയി കൊണ്ടുവരും.

പിന്നെ ഒരു അനൌണ്‍സ്മെന്റ്. പന്തലു കെട്ടിയവര്‍ അതു പൊളിക്കണ്ട. അടുത്ത ജനുവരിയില്‍ ഈ പന്തലില്‍ വച്ച് ഇതിലും കേമമായി ഒരു ഇരുപത്തെട്ടുകെട്ട് ആഘോഷിക്കണം. ആ മേശപ്പുറത്ത് അതിനുള്ള ക്ഷണക്കത്തടിച്ചു വച്ചിട്ടൊണ്ട്. തിയതി ക്ര്6ത്യമായി ഇപ്പോള്‍ പറയാന്‍ പറ്റുകയില്ല. അതു കൊണ്ട് ആ ഭാഗം ബ്ലാങ്ക് ആയി ഇട്ടിരിക്കുകയാണു. തിയതി അടുത്ത കൊല്ലം ബൂലോകത്തില്‍ അനൌണ്‍സ് ചെയ്യും. അപ്പോള്‍ അവിടെ പൂരിപ്പിച്ചാല്‍ മതി. കല്യാണം കഴിഞ്ഞു പോകുമ്പോള്‍ എല്ലാവരും ആ ക്ഷണക്കത്തു കൂടി എടുത്തോളണേ.

കരീം മാഷേ, ക്ഷണക്കത്ത് എല്ലാവര്‍ക്കും കിട്ടി എന്നുറപ്പു വരുത്താന്‍ ആ സങ്കുചിതമനസ്കനെ ചുമതലപ്പെടുത്തൂട്ടോ. അയാളത്ര ശരിയല്ല, ഇടുങ്ങിയ മനസ്സാണു ചിലവു കൂടും എന്നു ഭയന്നു ക്ഷണക്കത്തു കുറെ എവിടെയെങ്കിലും പൂത്തും. അതു കൊണ്ട് ചാത്തനോട് സങ്കുചിതന്റെ മേല്‍ ഒരു കണ്ണു വേണമെന്നു പറയിന്‍.

കുറുമാന്റെ തകിലടി... ബലേ ഭേഷാവുന്നുണ്ട്.

sandoz said...

പൂയ്‌.....താലികെട്ട്‌ കഴിഞ്ഞാ.....എഴുന്നേറ്റപ്പോ വൈകി പോയി...ഇന്നലെ പായസത്തിനും പിഴിഞ്ഞ്‌.......രാവിലത്തെ ചായക്കുള്ള പാലും വാങ്ങികൊടുത്ത്‌.....ഇഡലിമാവും അരച്ച്‌ ...ഫുള്ളും തീര്‍ത്ത്‌... കിടന്നപ്പോ വൈകി പോയി......

ദുര്‍ഗ്ഗക്കും രഞ്ജിത്തിനും വിവാഹമംഗളാശംസകള്‍.....

KANNURAN - കണ്ണൂരാന്‍ said...

എന്തൊരു പാടാ കണ്ണൂരീന്നിവിടെയെത്താന്‍.. എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ രാവിലെ 5 മണിക്ക് കയറി കുത്തീര്ന്നതാ.. ഇവിടെ എത്തിയപ്പോഴേക്കും എല്ലാ ശുഭം... ഇനി പറഞ്ഞിട്ടെന്താല്ലെ.. സദ്യേടെ ഭാഗത്തേക്ക് പോയി നോക്കട്ടെ.. അതു കഴിഞ്ഞിട്ടാ‍കാം ബാക്കിയെല്ലാം...

ആവനാഴി said...

എടോ സാന്‍ഡോസേ, താനെവിടെപ്പോയിക്കിടക്കേര്‍ന്ന്? കൂടുതലുറങ്ങിപ്പോയെന്നോ?

ചെറുക്കന്റെ പാര്‍ട്ടിക്കാരു വരുന്നതു കണ്ടില്ലേ. താന്‍ ആ കുപ്പീം കുറെ ഗ്ലാസുമായിട്ടങ്ങാട് ചെല്ലു. ചെറുക്കന്‍ പാര്‍ട്ടിക്കാര്‍ക്കു നല്ലോണം കൊട്. ചെറുക്കന്റെ അഛനും അമ്മാവനും സ്പെഷ്യലായി കൊടുക്കണം. ചെറുക്കനു ഷക്കീല മിക്സു ചെയ്തു കൊട്.ഒര്ധൈര്യം വരട്ടെ.

പൊന്നമ്പലമെവിടെ. പിന്നെ അടിച്ചുവാരാമെടോ.ദേ ഈ ഗ്ലാസുകൊണ്ട് കൊടുത്തേ. സാന്‍ഡോസ് പോണ കണ്ടില്ലേ?

കുട്ടിച്ചാത്തന്‍ said...

വിവാഹമംഗളാശംസകള്‍....

ചെറുക്കനും പെണ്ണിനും കൈ കൊടുക്കാന്‍ സ്റ്റേജിലേക്കു വരുന്നവര്‍ ദയവായി ക്യൂ പാലിക്കുക.

ചെറുക്കന്റെ സൈഡിന്നാണോ പെണ്ണിന്റെ സൈഡീന്നാണോ എന്നൊന്നുമില്ല. ആദ്യ പന്തിക്കു തന്നെ ഇരിക്കണം. എന്നാലെ മൂന്നാം പന്തിക്കു ഒന്നൂടെ ഇരിക്കാന്‍ പറ്റൂ.
ഫോട്ടോ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, രണ്ടാം തവണ ചാത്തന്റെ ഫോട്ടോ എടുക്കുന്നവരുടെ ക്യാമറേടെ ലെന്‍സ് എറിഞ്ഞ് പൊട്ടിക്കും..

കരീം മാഷ്‌ said...

ഇത്തിരിവട്ടത്തിനിത്തവണയും പനി പിടിച്ചു, (അത്തിപ്പഴം പഴുമ്പോള്‍ കാക്കക്കു വായ്പ്പുണ്ണ്‍)
എന്നാലും ആശംസയുടെ ഒരു വലിയ സമ്മനപ്പൊതി കൊടുത്തയച്ചിട്ടുണ്ട്‌. ഇതാരെങ്കിലും മഞ്ചുവിനും (ദുര്‍ഗ) രഞ്ചിത്തിനും കൊടുക്കൂ. പച്ചാളം എടുക്കണ്ടാ എന്നിട്ടു വേണം ഈ ശുഭദിനത്തില്‍ ആബുലന്‍സു വിളിക്കാന്‍.

ഇത്തിരിവെട്ടം|Ithiri said...

ഒരായിരം വിവാഹാശംസകള്

ഈ ചാത്തനെന്താ കല്ല്യാണപന്തലില്‍....

ഇത്തിരിവെട്ടം|Ithiri said...

കരീമാഷേ... വേണ്ടായിരുന്നു. കല്ല്യാണത്തിന കൂടാന്‍ ഞാനും ഉണ്ട്...

ഇത്തിരിവെട്ടം|Ithiri said...

110

ഇത്തിരിവെട്ടം|Ithiri said...

ബിരിയാണി ചെമ്പില്ലാ എന്ന ഒറ്റക്കാരണം കൊണ്ടാണോ ബീക്കുവിനെ കാണാത്തത്
.

അഗ്രജനെവിടെ വല്ല മാവിലോ പ്ളാവിലോ കണും . പാച്ചൂ തിരക്കില്‍ ചവിട്ട് കൊള്ളാതെ സൂക്ഷിക്കണേ...

ഇത്തിരിവെട്ടം|Ithiri said...

ബാച്ചികള്‍ മെമ്പേഴ്സ് ഒലിച്ച് പോവുന്നത് കണ്ട് വിഷമത്തിലാണത്രെ.... എവിടെ ദില്ബന്‍ ...

പട്ടേരി l Patteri said...

മോഹന്‍ലാല്‍ ദിവ്യ ഉണ്ണിയെ യാത്രയാക്കുമ്പോള്‍ പാടിയ .."വെണ്ണിലാ കൊമ്പിലെ രാപാടീ..." കണ്ണുകളില്‍ ആനന്ദാസ്രു..... എന്ന പാട്ടുണ്ടോ ആരുടെയെങ്കിലും അടുത്ത്...പ്ലീസ് ലിങ്ക് തരൂ...ഇന്നു വൈക്കുന്നേരം എനിക്കതു പാടണം ...
കിരണ്സ്..പ്ലീസ് ഹെല്പ്പ്

തമനു said...
This comment has been removed by the author.
തമനു said...

എന്റെ മുണ്ടെന്തിയേ ...?

ഹ .. അഴിഞ്ഞു പോയതല്ലെന്നേ... വധൂ വരന്മാരെ സ്വീകരിക്കാന്‍ പോകുന്നേരം ഉടുക്കാന്‍ വേണ്ടി ഞാന്‍ തേച്ചു വച്ചിരുന്ന മുണ്ടെന്തിയേന്നാ ചോദിച്ചേ...

ദേവേട്ടാ ..... അവരിങ്ങു വരാറായി.

ദേവേട്ടോ ... എന്റെ മുണ്ട്..

kusruthikkutukka said...

തമനു അങ്കിളേ,
മുണ്ടെന്തിനാ ശര്‍ക്കര ഉപ്പേരി പൊതിഞ്ഞു കൊണ്ടുപോകാനോ? ... ആ ഊഞ്ഞാലില്ന്റെ മുകളില്‍ ഒരു മുണ്ടു കണ്ടല്ലോ :))

ദേവന്‍ said...

മുണ്ടു തന്നാല്‍ പിന്നെ ഞാനെന്തോന്നുടുക്കും? പാചകപ്പുരയില്‍ ഊരിയിട്ടിരുന്ന എന്റെ പാന്റില്‍ പച്ചാളം വാളുവച്ചു, അതു കഴുകിയിട്ടിരിക്കുകയാ.

Maveli Keralam said...

ഇപ്പോഴാണല്ലോ ഈ വിവരങ്ങളോക്കെ ഞാന്‍ അറിഞ്ഞത്. കഴിഞ്ഞ ജനുവരിയ്ക്കു കല്യാണം ക്ഷണിച്ചിട്ടും അതിതുവരെ കണ്ടുപോലുമില്ല.
ക്ഷമിയ്കണം ദുര്‍ഗ്ഗേ, രന്ജിത്തേ,

എന്തായാലും എല്ലാം മംഗളമായി നടന്നു എന്നുള്ളതു ബൂലോക സഹോദരങ്ങളുടെ അര്‍മ്മാദവാര്‍ത്തകളില്‍ നിന്നു മനസ്സിലായി.

ദുര്‍ഗ്ഗേ രഞിത്തേ നിങ്ങള്‍ക്കായി എല്ലാ ഭാവുകാശംസകളും നേരുന്നു.

സസ്നേഹം മാവേലി

സനോജ് കിഴക്കേടം said...

ഇടക്കെങ്ങോ നഷ്ടപ്പെട്ടുപോയ ആ സൌഹൃദം / കൊച്ചുകൊച്ചേറുകള്‍ എല്ലാം ഒരു കല്യാണത്തോടെ തിരിച്ചുവരുന്നതു കാണുന്നു. എന്നും ഈ സന്തോഷം ഉണ്ടാകട്ടെ...
നവ ദമ്പതിമാര്‍ക്ക് എല്ലാ നന്മകളും നേരുന്നു

ദേവന്‍ said...

നേരാ പട്ടേരീ, ദാ ഈ ഫോട്ടോയില്‍
http://photos1.blogger.com/x/blogger/3160/2293/320/407800/3.jpg
മ്മടെ ദുര്‍ഗ്ഗക്കുട്ടിക്ക് ഒരു ദിവ്യ ഉണ്ണി കട്ടുണ്ട്. പക്ഷേ ഞാന്‍ വെണ്ണിലാക്കൊമ്പിലെ രാപ്പാടി പാടുന്നില്ല. മോഹന്‍ ലാലിനെ പെട്രോളൊഴിച്ചു കത്തിച്ചാലും എന്നെപ്പോലാവില്ലല്ലോ :(

ശാലിനി said...

ദുര്‍ഗ്ഗയ്ക്കും രഞ്ജിത്തിനും ആശംസകള്‍

ആവനാഴി said...

ഇന്നു നാട്ടിലേക്കു വിളിച്ചു ചോദിച്ചപ്പോഴാണു ഇന്നു മഞ്ഞുവിന്റെ (ദുര്‍‌ഗ്ഗ) യുടെ വിവാഹമായിരുന്നു എന്നു തീര്‍ച്ചയായത്. ഇന്റര്‍നെറ്റില്‍ വരുന്ന എല്ലാം ശരിയാവണമെന്നില്ലല്ലോ.അതുകൊണ്ടാണു വിളിച്ചു ചോദിച്ചത്.

നന്നായി.

മഞുവിനും രഞ്ജിത്തിനും മംഗളങ്ങള്‍ നേരുന്നു.

സസ്നേഹം
ആവനാഴി

ഇടിവാള്‍ said...

ഓഹോ.. ഇങ്ങനെയൊരു മംഗളകര്‍മ്മം ഇവീടെ നടക്കുന്നതറീഞ്ഞില്ലാട്ടോ!..

വിവാഹമംഗളാശംസകള്‍!!!

riz said...

വിവാഹാശംസകള്‍!!!

മേമ്മുറിക്കാരന്‍ said...

കലക്കി. തൊടങ്ങിയപ്പോത്തന്നെ ഒരു കല്ലിയാണം കൂടാന്‍ അവസരം കിട്ടിയിരിക്കണു.ഇച്ചിരി വറ്റ് നമ്മക്കുകൂടി ബാക്കി വെച്ചേക്കണേയ്. വയറൊന്നിളക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.നന്ദികള്‍സ്...

അതുല്യ said...

അയ്യോടാ, എന്നാലും ദുര്‍ഗ്ഗേടേ പന്തലില്‍ ഏല്‍പ്പിച്ചിരുന്ന എന്റെ എന്റെ പിറന്നാളു സദ്യയ്ക്‌ ഇത്രേം മാത്രം ഉത്സാഹം നിങ്ങളു കാട്ടീലോ അനിയന്മാരെ, നന്ദീണ്ട്‌, നന്ദീണ്ട്‌.

(ദുബായ്‌ മൊത്തം ബ്ലോഗ്ഗേഴ്സിന്റെ ആശംസകള്‍ ദുര്‍ഗ്ഗേടെ അമ്മേനെ ഇന്നലെ ഏല്‍പ്പിച്ചിട്ടുണ്ട്‌. പച്ചാളം ദഹണ്ണത്തിന്റെ ഇടേലു വലിയ ചെമ്പിലു വീണപ്പോ ആരോ എലി.. എലീ.. എന്ന് പറഞ്ഞ്‌ വടി കൊണ്ട്‌ കോരി എടുത്ത്‌ മാറ്റിയിട്ട കഥയും അമ്മ പറഞ്ഞു :)

അലിഫ് /alif said...

എത്താന്‍ വൈകി,

മഞ്ജുവിനും രഞ്ജിത്തിനും
വിവാഹ മംഗളാശംസകള്‍

അഡ്വ.സക്കീന said...

അപ്പൊ എല്ലാരൂണ്ടാര്‍ന്നൂല്ലേ കല്യാണത്തിന്. ഒന്നാമത് ഞാനിന്ന് രാവിലെയാ അറിഞ്ഞത്. ടിക്കറ്റ് കിട്ടാത്തത് കാരണം വൈകി. നല്ല സാരീം സമ്മാനോം മേടിക്കാത്തതുകൊണ്ട്
അപ്പുറത്തെ വാതിലീ കൂട്യാ പോയത്. പിന്നെ പായസം കണ്ടപ്പൊ ബൂലോകരേതാ മാലോകരേതാന്നൊന്നും നോക്കീമില്ല. തിരിച്ച് വന്ന് ഞാന്‍ മാത്രേ കല്യാണം കൂടിയൊള്ളൂന്ന്
വീമ്പിളക്കീപ്പോ, ദേ വരണൂ പട്ടാളം പോലെ ബൂലോകം മുഴുവനും. ഇതാ പറയണേ, ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞീന്ന്.

സുഗതരാജ് പലേരി said...

കല്യാണം കഴിഞ്ഞോ ഞാന്‍ ഒരുപാട് വൈകിപ്പോയേ..
വധു വരന്മാരേ നിങ്ങള്‍ക്കെന്‍റെ വിവാഹ മംഗളാശംസകള്‍ ...

കൃഷ്‌ | krish said...

ദുര്‍ഗ്ഗക്കും രണ്‍ജിത്റ്റിനും വിവാഹ മംഗളാശസകള്‍.

ഞാന്‍ എത്താന്‍ ലേശം വൈകിപ്പോയി അല്ലേ..(ലേശം ജലദോഷമായിരുന്നു. തെറ്റിദ്ധരിക്കല്ലേ.. മറ്റേ ‘ജലം’ കഴിച്ച് ദോഷമായതല്ല.)
എന്തായാലും കൊടുത്തുവിട്ട ഇലയൊക്കെ സമയത്തിന് കിട്ടിയല്ലൊ. അതുമതി.

പൊതുവാള്‍ജി കല്യാണചെറുക്കന്‍റെ പേരു മാറ്റിക്കളഞോ.? അതോ കണ്ണട വെക്കാതെ നോക്കിയതുകൊണ്ടാണോ..

കണ്ണൂസ്‌ said...

മഞ്ജുവിനും രഞ്ജിത്തിനും (പേരില്‍ പോലും എന്തു ചേര്‍ച്ച!!) ഹൃദയം നിറഞ്ഞ ആശംസകള്‍. ജീവിതത്തില്‍ എല്ലാ സൌഭാഗ്യങ്ങളും സന്തോഷവും ഉണ്ടാവാന്‍ ജഗദീശ്വരന്‍ സഹായിക്കട്ടെ.

Sul | സുല്‍ said...

കല്യാണൊം കഴിഞ്ഞ് എല്ലാരും പൊടീം തട്ടിപ്പോയോ? ഇനി പറഞ്ഞിട്ടെന്താ. ഈ നവി യുടെ ഒരു കാര്യം. അവനു ബോറഡിച്ചൂന്നും പറഞ്ഞൊരു സിനിമക്കിറങ്ങിയതാ

ഈ കല്യാണത്തിരക്കിനിടയില്‍ നിന്ന്. സിനിമയും കഴിഞ്ഞ് സിനിമയുടെ ബോറഡിമാറ്റാന്‍ ഒരു ഹോട്ടലില്‍ കയറി പൊറോട്ടയും ബീഫ്രൈയും കഴിച്ചതോര്‍മ്മയുണ്ട്. പിന്നെ എല്ലാം ബ്ലാക്ക്. ഇവിടെ വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞുന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാ ഈ കല്യാണക്കാര്യം ഓര്‍ത്തത്. നേരെ ഒരോട്ടൊയും പിടിച്ചിങ്ങോട്ടു വന്നപ്പോള്‍.... കല്യാണവും ആര്‍മ്മാദവും കഴിഞ്ഞ് എല്ലാരും മൂടും തട്ടിപ്പോയി. പുലികിടന്നിടത്ത് പൂടപോലും കാണാനില്ല.

മഞ്ജുവിനും രഞ്ജിത്തിനും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍.

-സുല്‍

kumar © said...

എല്ലാവരും “എല” എടുത്ത് കയ്യും കഴുകി പോയോ?
ഇത്തിരി മോരുവെള്ളം എങ്കിലും കിട്ടുവോ?

ഞാന്‍ അവിടെയും ഇല്ലായിരുന്നു ഇവിടേയും ഇല്ലായിരുന്നു.

എവിടെ ഇരുന്നാലെന്താ.. രണ്ടാള്‍ക്കും ഒരുപാട് ആശംസകള്‍!

Shibu K. Nair said...

അണ്ണാ, കല്യാണ സദ്യ ഉണ്ണാന്‍ വന്ന ഒരു പാവം ഞാന്‍ ഇനിയും കല്യാണസദ്യ കിട്ടുമോ എന്നറിയാന്‍ ദേഹണ്ഡപ്പുരയുടെ പിന്നില്‍ നില്‍പ്പാണു. ഏതെങ്കിലും കരുണയുള്ള കരയോഗ പ്രമാണിമാര്‍ എന്നെയൊന്നു പരിഗണിക്കണേ! ഒന്നുമില്ലേലും ഓര്‍ക്കൂട്ടു കുടുംബത്തിലെ ഒരംഗമല്ലേ ഞാനും!
സസ്നേഹം കഷ്ടകാലന്‍
this is my emai id: shibuknair@gmail.com

Durga said...

ഏ?? ഇതിപ്പോഴാണ് കാണുന്നത്!! സന്തോഷം!! എന്നെ ഓര്‍ത്തല്ലോ! കല്യാണം കഴിഞ്ഞ് 2 മാസം ലീവായിരുന്നു. കഴിഞ്ഞാഴ്ച ജോയിന്‍ ചെയ്തതേള്ളൂ. ആശംസകള്‍ക്ക് ഞങ്ങള്‍ രണ്ടുപേരുടേയും ഹൃദയം നിറഞ്ഞ നന്ദി!:)