Friday, May 25, 2007

എനിക്കും ബാക്ക്‌-അപ്പോ?

പ്രിയപ്പെട്ടവരെ..

എന്റെ 'ഒന്നേ രണ്ടേ മൂന്ന്' എന്ന ബ്ലോഗില്‍ പുതുതായി പോസ്റ്റ്‌ ചെയ്ത 'അക്ഷയപ്പടക്കങ്ങള്‍' (മുമ്പ്‌ 'അക്ഷയാക്കഥകള്‍ - ഒരു തുടരന്‍') എന്ന പോസ്റ്റ്‌ ജിദ്ദയില്‍ നിന്നുള്ള രണ്ടു വിദ്വാന്മാര്‍ അതിവിദഗ്ധമായി അവരുടെ ബ്ലോഗിലേക്ക്‌ വള്ളിപുള്ളി തെറ്റാതെ 'മാട്ടി'യിരിക്കുന്നു. എന്റെ പോസ്റ്റിനു ജനപ്രീതി ലഭിക്കട്ടെ എന്നു വിചാരിച്ചോ ഇനി അഥവാ പെട്ടെന്നൊരു ദിവസം എന്റെ പോസ്റ്റങ്ങടു മാഞ്ഞുപോയാ ഒരു ബാക്‍അപ്‌ ഇരിക്കട്ടെ എന്നു എനിക്കൊരു ഫേവര്‍ ചെയ്തതാണോ എന്തോ... തനിമലയാളത്തില്‍ വളരെ യാദൃശ്ചികമായി ഞാനത്‌ കാണാനിടയായി. സത്യം പറയട്ടെ .. സങ്കടം വന്നു പോയി.

ഏതായാലും മാഷന്മാരോട്‌ രണ്ടു കാര്യങ്ങള്‍

1) ബാക്‍അപ്‌ എടുക്കാന്‍ എനിക്കറിയാം. അതു ഞാന്‍ ചെയ്യുന്നുമുണ്ട്‌
2) പലരും കഷ്ടപ്പെട്ട്‌ ഇല്ലാത്ത സമയം ഉണ്ടാക്കിയെഴുതുന്നതാണ്‌. ഇങ്ങനെയൊരു വികൃതി ഇനിയാരോടും അരുത്‌.

ലിങ്കുകള്‍ താഴെക്കൊടുക്കുന്നു.

ഒന്നാമത്തെ ബാക്‍അപ്‌
രണ്ടാമത്തെ ബാക്‍അപ്‌

Thursday, May 24, 2007

ബ്ലോഗ് സാഹിത്യം ഇങ്ങനെ മതിയോ ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളിയുടെ വായനാശീലം 30 മുതല്‍ 50 ശതമാനം വരെ കുറഞ്ഞതായി രേഖകള്‍. കേരള ഗ്രന്ഥശാലാ സംഘവും മറ്റും കുറച്ചു കാലമായി നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നിരത്തുന്നത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഈ അപചയത്തിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . ദൃശ്യ മാധ്യമങ്ങളുടെ മുന്നേറ്റം.,വായനയ്ക്കായി സമയമില്ലത്ത അവസ്ഥ പിന്നെ നല്ല കൃതികളുടെ അഭാവം. ദൃശ്യമാധ്യമങ്ങളും ജീവിത തിരക്കും ഒഴിച്ചു നിര്‍ത്തിയാല്‍ നല്ല കൃതികള്‍ എന്തുകൊണ്ടുണ്ടാവുന്നില്ല എന്ന സംശയം പ്രസക്തമാണ്. അതോ ഉണ്ടായിട്ട് പ്രസിദ്ധീകരിക്കാത്തതാണോ ? കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ബെസ്റ്റ് സെല്ലര്‍ എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന എത്ര കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് ? എന്തുകൊണ്ട് വായന കുറയുന്നു ? എന്തുകൊണ്ട് എഴുത്തുകാര്‍ കുറയുന്നു ? എന്തുകൊണ്ട് ശക്തമായ പ്രമേയങ്ങളും ഭാഷയും മലയാളത്തില്‍ ഉയര്‍ന്നു വരുന്നില്ല ?

ഇവിടെയാണ് സമാന വായന (പാരലല്‍ റീഡിങ്ങ്), വായനക്കൂട്ടങ്ങള്‍, ലൈബ്രറികള്‍, എഴുത്തുകാരുടെ കൂട്ടായ്മ, എന്നിവയ്ക്കൊക്കെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അപ്പോള്‍ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ബ്ലോഗ്ഗ് സാഹിത്യം
അടുത്ത കാലത്തായി ബ്ലോഗ് സാഹിത്യം എന്നൊരു സാഹിത്യ ശൃംഖല മലയാളത്തില്‍ വേരുപിടിക്കുന്നതായി കാണുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോഗുകളുടെ എണ്ണത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവ് തന്നെ ഒരു ഉദാഹരണം. ആയിരത്തോളം മലയാള ഭാഷയിലുള്ള ബ്ലോഗുകളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്നു വന്നത്. അതില്‍ തന്നെ നൂറോളം സജീവമായ ബ്ലോഗുകളും. ഇവിടെ പ്രസക്തമായ മറ്റൊരു വിഷയം ബ്ലോഗിലെ കൃതികള്‍ എല്ലാ മലയാളിക്കും വായിക്കാനാവുന്നുണ്ടോ എന്ന ചോദ്യമാണ്. ഇല്ല എന്നു തന്നെ വേണം പറയാന്‍. കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും സാധാരണക്കാരനു ഇന്നും ഒരു വിളിപ്പാടകലെ തന്നെയാണ്. അതുകൊണ്ട് ബ്ലോഗിലെ കൃതികള്‍ സാധാരണക്കാരന് വായിക്കേണ്ട എന്നാണോ ?
ബ്ലോഗ് പുസ്തകമാക്കുമ്പോള്‍
ഏറെ കാലത്തെ പരിശ്രമത്തിനു ശേഷം മൂന്നുമാസം മുന്‍പ് ശ്രീമാന്‍ വിശാലമനസ്കന്റെ ‘കൊടകര പുരാണം’ പുസ്തകരൂപത്തില്‍ ഇറങ്ങി. നല്ലൊരു ചുവടു വയ്പ്പാണത്. പക്ഷെ ‘കൊടകര പുരാണം’ എന്ന പുസ്തകത്തിനു എന്തു സംഭവിച്ചു ? എത്രപേര്‍ക്ക് അതിന്റെ കോപ്പികള്‍ ലഭിച്ചു ? ഇന്ന് ഏത് പുസ്തകശാലയിലാണ് അത് കിട്ടുക ? അതിന്റെ പുറം ചട്ടയും പേപ്പര്‍ ക്വാളിറ്റിയും എത്ര പേര്‍ക്ക് ഇഷ്ടപ്പെട്ടു ? എത്ര കോപ്പി അടിച്ചുവെന്നോ എത്ര എഡിഷന് പ്രിന്റ് ചെയാന്‍ പ്രസാധകന്‍ എഴുത്തുകാരന്‍ അനുമതി കൊടുത്തിട്ടുണ്ടെന്നോ വ്യക്തമക്കാമോ ?
കുത്തകകള്‍
പുസ്ത്രക പ്രസാധന രംഗത്ത് കേരളത്തില്‍ ഒരു തരം മാഫിയ യാണുള്ളതെന്ന് പറഞ്ഞാല്‍ അധികപ്രസംഗമാവില്ല. എഴുത്തുകാരനെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു കേരളത്തിലെ പ്രസാധകര്‍ . ബ്ലാങ്ക് പേപ്പറില്‍ എഴുത്തുകാരനെക്കൊണ്ട് കയ്യൊപ്പിടീപ്പിക്കുന്ന നയമാണ് അവര്‍ അനുവര്‍ത്തിച്ചു വരുന്നത്. തങ്ങള്‍ക്ക് ശേഷം പ്രളയമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണവര്‍ പടച്ചു വിടുന്നത്. ഇത് ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് സഹിക്കാവുന്നതാണോ ?
പുസ്തക പ്രസാധനത്തിലൂടെ എഴുത്ത്കാരനുള്ള വരുമാനം തുലോം തുച്ഛമാണ്
പ്രശസ്ത സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം ഈയടുത്ത് പറഞ്ഞതാണ് താഴെ കൊടുക്കുന്നത്.
"എന്റെ കൊമാല എന്ന പുസ്തകം 1000 കൊപ്പി വിറ്റാല്‍ എനിക്ക് 7500 രൂപയാണു കിട്ടുക. അതായതു 1000 * 50 = 50000 തിന്റെ 15% ആയ 7500
ഒരു വര്‍ഷം കൊണ്ട് 1000 കോപ്പി വിറ്റു തീരുകയാണെങ്കില്‍ 7500 രൂപാകിട്ടും .ഒരെഴുത്തുകാരനു ഇത് ഒരിക്കലും മതിയായ തുകയല്ല. സ്വന്തം സൃഷ്ടിയ്ക്ക് സഹായകമാകുന്ന ഒരു യാത്ര നടത്താന്‍ പോലും അയാള്‍ക്ക് ഇത് വെച്ച് കഴിയുന്നില്ല"
മാസികകളിലും വാരികകളിലും പിന്വാതില്‍ പ്രവേശനം വളരെ കൂടുതലാണു. പ്രശസ്തരായ സാഹിത്യകാരന്മാര്‍ക്ക് ഉള്ള ഗോദാ മാത്രമാണു ചില സാഹിത്യ വാരികകള്‍. കുത്തക പ്രസിദ്ധീകരണ ഭീമന്മാര്‍ക്കെതിരെ ചെറിയ പ്രസിദ്ധീകരണ സംഘങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വേട്ടാളന്‍ പോറ്റിയ പുഴു കണക്കെ ഇവയുംസാവധാനത്തില്‍ എഴുത്തുകാര്‍ക്കെതിരായ ദിശയില്‍ തന്നെ നീങ്ങുന്നു.

ഈയടുത്ത കാലത്ത് പ്രസിദ്ധനായ ഒരു ബ്ലോഗെഴുത്തുകാരന്റെ കൃതി പബ്ലിഷ് ചെയ്യാനായി ഡി.സി. ബുക്സിനെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി വളരെ വിചിത്രമായി തോന്നി. ‘ഞങ്ങളുടെ മാനദണ്ഢങ്ങള്‍ ഈ കൃതി പബ്ലിഷ് ചെയ്യുന്നതില്‍ നിന്നും ഞങ്ങളെ വിലക്കുന്നു..’ എന്താണാ മാനദണ്ഢം ? സമാനമായ വായനയെ ഡി.സി. ബുക്സ് അംഗീകരിക്കുന്നില്ലെന്ന് കരുതണമോ ?
എങ്ങനെ ബ്ലോഗ്ഗ് കൃതികള്‍ പുസ്തകരൂപത്തിലാക്കാം ?
സ്വയം പ്രസാധനം ഇന്നും എഴുത്തുകാരനൊരു കീറാമുട്ടി തന്നെയാണ്. മാര്‍ക്കറ്റിങ്ങ് എന്ന ബാലികേറാമല കീഴടക്കാന്‍ സ്വയം സഹായകങ്ങളായ ചെറു സംഘങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം ശക്തമാര്‍ന്നതാണെന്നതും കുഴക്കുന്ന ചോദ്യമാണ്.

എന്റെ അഭിപ്രായത്തില്‍ സമാന ചിന്താസരണിയിലുള്ളവര്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വ്യത്യസ്ഥ മേഖലകളിലുള്ള അഭ്യസ്തവിദ്യരായവരുടെ കൂട്ടമാണ് ഇന്ന് മലയാളം ബ്ലൊഗ് എന്ന കമ്മ്യൂണിറ്റി. ഇതിലൂടെ വളര്‍ന്ന് വരുന്ന എഴുത്തുകാരെയും അവരുടെ കൃതികളേയും പ്രൊത്സാഹിപ്പിക്കാനായി എളിയരീതിയിലുള്ള ശ്രമങ്ങളെങ്കിലും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്നു എങ്കില്‍ അത് തീര്‍ച്ചയായും മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്റ്റിക്കാന്‍ പര്യാപ്തമാണ്
എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

Creative contribution by : V V & Kuruman

Tuesday, May 15, 2007

സിസ്റ്റര്‍ അഭയയുടെ മരണ രഹസ്യവും, പുത്തന്‍ പുരയ്ക്കലിനും തമ്മില്‍ ബന്ധമുണ്ട്


പ്രിയ ബ്ലോഗര്‍മാരെ,

കവിയും, മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുഴൂര്‍ വിത്സന്റെ വെളിപെടുത്തലുകള്‍ “സിറാജ്” ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ചു.
ബ്ലോഗിനെ കുറിച്ചും പത്രപ്രവര്‍ത്തകനായ ശ്രീ ടി എ അലി അക്ബര്‍ ഈ വാര്‍ത്തയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ ദാ ഇവിടെ..

Monday, May 14, 2007

ഒരു നിര്‍ദ്ദേശം-ബൂലോഗരുടെ പ്രത്യേക ശ്രദ്ധയ്ക്കും വിശകലനത്തിനും

ഇന്നു നാം നേരിടുന്ന വിദ്യുച്ഛക്തിപ്രശ്നത്തെ ചെറിയൊരളവിലെങ്കിലും പരിഹരിക്കാവുന്ന ഒരെളിയ നിര്‍ദ്ദേശം.

വൈദ്യുതിയുടെ ഉപയോഗം കുറച്ചുകൊണ്ട്‌ കൂടുതല്‍ പ്രകാശം നല്‍കുന്ന പുതിയതരം വിളക്കുകളാണ്‌ കോപാക്ട്‌ ഫ്ലുറസന്റ്‌ ലാമ്പ്‌ അഥവാ CFL. 11W ശേഷിയുള്ള CFL , 60W സാധാരണ ബള്‍ബിന്റെ പ്രകാശം നള്‍കുന്നു. ഒരു CFL ലാമ്പിന്റേ ആയുസ്സ്‌ 8000 മണിക്കൂറാണെന്ന മെച്ചവുമുണ്ട്‌. അതായത്‌ ഒരു മണിക്കൂര്‍ സാധാരണ ബള്‍ബിന്‌ പകരം CFL കത്തുകയാണെങ്കില്‍ 49W വിദ്യുച്ഛക്തി ലാഭം. സര്‍ക്കാരിന്റെ അവകാശ വാദമാണിത്‌.

ഒരു CFLന്‌ 100 രൂപ വിലയുള്ളതും ഒരുകൊല്ലം റീപ്ലേസബിള്‍ ഗാരണ്ടിയുള്ളതുമായ ഇത്തരം 15 ലക്ഷം വിളക്കുകള്‍ കേരളത്തിലെ BPL മേഖലയിലുള്ളവര്‍ക്ക്‌ സൗജന്യമായി സര്‍ക്കാരിന്‌ കൊടുത്തുകൂടെ? 15 ലക്ഷം CFL ഉപയോഗിക്കുമ്പോഴുണ്ടാകാവുന്ന വൈദ്യുതിലാഭം അതിന്‌വേണ്ടി ചിലവിടേണ്ട ഏകദേശം 15 കോടി രൂപ യുമായി തട്ടിച്ച്‌ നോക്കിയാല്‍, ഒരു സംസ്ഥാനത്തിന്‌ അത്ര വലുതാണോ?. കുറഞ്ഞത്‌ ഒരുകൊല്ലമെങ്കിലും അതിന്റെ മെച്ചം സംസ്ഥാനത്തിനില്ലേ?.

BPL കാരുടെ ഉന്നമനത്തിനു വേണ്ടിയും, വിദ്യുച്ഛക്തിയുടെ ഉല്‍പാദനത്തിനും പ്രസരണനഷ്ടം കുറക്കുന്നതിനു വേണ്ടിയും നമ്മുടെ സംസ്ഥാനം ആണ്ടുതോറും ചിലവിടുന്ന തുകയുടെ ഒരംശം മാത്രമല്ലേ ആകുന്നുള്ളൂയിത്‌. ബൂലൊഗര്‍ക്കെന്തു തോന്നുന്നു.

BPL കാര്‍ അതു കിട്ടിയാലുടന്‍ മറിച്ചു വില്‍ക്കുമായിരിക്കും. വിറ്റോട്ടേ. ആരെങ്കിലും അതുപയോഗിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടുമല്ലോ?. BPL കാര്‍ക്ക്‌ അവിചാരിതലാഭവും.

ഇതില്‍ നല്ല രീതിയിലുള്ള ചര്‍ച്ച നടക്കുകയാണെങ്കില്‍, അതിന്റെ എല്ലാംകൂടി ഒരു പ്രിന്റെടുത്ത്‌ നമുക്ക്‌ (ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ സമ്മതത്തോടെ) ബഹുമാനപ്പെട്ട വിദ്യുച്ഛക്തി മന്ത്രിയുടെ മുമ്പാകെ സമര്‍പ്പിക്കാം.

പ്രചോദനംഃ ഈയടുത്തകാലത്ത്‌ ഞാന്‍ വായിച്ച ഒരു കമന്റില്‍ നിന്ന്‌(സാജന്റേതാണെന്ന്‌ തോന്നുന്നു, തീര്‍ച്ചയില്ല)

പി.എസ്സ്‌ഃ ബൂലോഗക്ലബ്ബില്‍ അംഗമാകാത്തവര്‍ക്കിവിടെ പ്രതികരിക്കാം.

കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍

ഇതുവരെ കൊടകരപുരാണത്തെ പറ്റി എഴുതിയ അവലോകനങ്ങളില്‍ ഏറ്റവും നല്ലതും സാരവത്തായതുമായ പുസ്തകപരിചയം മനോരമ ഓണ്‍ ലൈനില്‍ വായിക്കുക.

വശാലമനസ്കനു അഭിനന്ദനങ്ങളുടെ വാടാമലരുകളുമായി
സ്നേഹപൂര്‍‌വ്വം..!

കരീം മാഷ്.

കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍

Tuesday, May 08, 2007

ശിവപ്രസാദ് മോചിതനായി

നമ്മുടെ പ്രീയപ്പെട്ട കവി ശ്രീ പി.ശിവപ്രസാദ് മോചിതനായി ഇന്നലെ രാത്രി നാട്ടിലെത്തി.

Saturday, May 05, 2007

ബൂലോകത്തിന്റെ “നന്മ“ സിനിമയിലെ “തിന്മ“ആകുന്നുവോ ?

പ്രിയ ബൂലോകരെ,

കുറുമാന്റെ മൃതോത്ഥാനം നാം വളരെ ആകാംക്ഷയോടെ വായിച്ചുകൊണ്ടിരിക്കുകയാണല്ലോ ? "മുത്തു" ബൂലോക മലയാളത്തിലെ ഒരു പ്രധാന കഥാപാത്രമായി മാറിയിരിക്കുന്നു.

അതിനിടയില്‍ ഒരു വാര്ത്ത കേള്ക്കുന്നു. അതേ പേരില്, അതേ തൊഴിലെടുക്കുന്ന ഒരു കഥാപാത്രം മലയാള സിനിമയില്‍ വരുന്നു എന്നു. ശരത് ചന്ദ്രന്‍ വയനാടിന്റെ മേല്‍ നോട്ടത്തില്. കലാഭവന്‍ മണി മുത്തുവിനെ അവതരിപ്പിക്കുന്നു എന്നും കേള്ക്കുന്നു.

എന്തായാലും ഈ വക കാര്യങ്ങള്‍ കുറുമാനെ ആരും അറിയിച്ചിട്ടില്ല. "നന്മ" എന്നാണു സിനിമയുടെ പേരത്രേ. മുത്തുവിന്റെ കഥ കുറുമാന്‍ എന്നോട് ഉള്പ്പടെ പലരോടും നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്തായാലും കേട്ട വാര്ത്ത ശരിയാണോ എന്നറിയേണ്ടതും, ശരിയെങ്കില്‍ അതു ശരിയല്ല എന്നു പറയേണ്ടതും നമ്മുടെ കടമയാണ്.

ശരത്ചന്ദ്രന്‍ വയനാടിനെ നേരിട്ട് അറിയാവുന്ന നമ്മുടെ കൂട്ടുകാര്‍ അദ്ദേഹവുമായി ബദ്ധപ്പെടുമല്ലോ ? അല്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കേണ്ടതുണ്ടു.

"മുത്തു" എന്ന കഥാപാത്രം ബൂലോകത്തിന്റെ നന്മയാണു. അതു സിനിമാ ലോകത്തെ തിന്മയാകരുത്