Monday, January 15, 2007

ഇന്‍ഡോ - അറബ് മീറ്റില്‍ ഇ-എഴുത്തിനെ പറ്റി നടന്ന ചര്‍ച്ച

മാളോരേ,

13ആം തീയതി ശനിയാഴ്ച്ച എന്തു നടന്നു, ഓടി എന്നതിനെക്കുറിച്ചറിയാനുള്ള ബ്ലോഗ്ജനങ്ങളുടെ ആകാംക്ഷ എനിക്കറിയാഞ്ഞിട്ടല്ല. മറ്റു സാങ്കേതിക തടസ്സങ്ങള്‍ കൊണ്ടാണിതു വൈകിയതു്. ക്ഷമിക്കണം.

അപ്പൊ കാര്യത്തിലേക്കു കടക്കാം.
8.30 നു തുടങ്ങേണ്ട പരിപാടി തുടങ്ങിയതു് 10.30 നായിരുന്നു. അതു വരെ, കിട്ടിയ ദോശയും ഇഷ്ടുവും ചായയും ഒക്കെയടിച്ചു് ഞങ്ങള്‍ വട്ടത്തിലിരുന്നു് വെടിപറഞ്ഞു. മേതില്‍, സക്കറിയ മുതലായവര്‍ എത്തിച്ചേര്‍ന്നപ്പോള്‍ ചര്‍ച്ച ആരംഭിച്ചു.



മനോരമയ്ക്കു വേണ്ടി തയ്യാറാക്കിയ ഒരു കുറിപ്പു താഴെ കൊടുക്കുന്നു. ആദ്യം അതു വായിക്കാം.

ഇ- എഴുത്തിനെക്കുറിച്ചു് 13/01/07-നു് കെ എസ് സി ഹാളില്‍ വച്ചു നടന്ന ചര്‍ച്ച സജിത് യൂസഫ് മോഡറേറ്റ് ചെയ്തു. രാജ് നായര്‍, നിഷാദ് കൈപ്പള്ളി എന്നിവര്‍ വിഷയമവതരിപ്പിച്ചു. അതിലെ പ്രസക്ത ഭാഗങ്ങള്‍:

‌സംസ്കാരം ഭാഷയില്‍ നിന്നും ഉണ്ടായിവരുന്നതാണു്. എഴുത്ത് സംസ്കാരത്തിന്റെ അടയാളമാണു്‌. വൈജ്ഞാനികവും സാഹിത്യപരവുമായ വിവരങ്ങളുടെ എഴുത്ത്, വായന, സംഭരണം എന്നീ പ്രക്രിയകള്‍ക്ക് കാലാകാലങ്ങളില്‍ സങ്കേതികത ത്വരകമായി വര്‍ത്തിച്ചിട്ടുണ്ടു്. കല്ലിലും ഓലയിലും എഴുതിയിരുന്നു അവസ്ഥയില്‍ നിന്നും കടലസില്‍ എഴുതുന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ഉണ്ടായിവന്ന വിപ്ലവം പോലെ പ്രധാനമായതാണു് അതി നൂതനമായ ഇ-എഴുത്ത്.


വിവരസംഭരണത്തിന്‍റെ അവശ്യ ഗുണം, അതു് ആവശ്യത്തിനു അനുസരിച്ച് തിരിച്ചു എടുക്കാന്‍ പര്യാപ്തമായിരിക്കണം എന്നതാണു്. ഇതുവരെ നമ്മള്‍ ഇലക്ട്രോണിക് എഴുത്തിനു ഉപയോഗിച്ചു വരുന്ന ആസ്കി അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട ഫോണ്ടുകള്‍ ഇതിനു് അപര്യാപ്തമായിരുന്നു. യൂണികോഡ് എന്ന അടിസ്ഥാനം ഒരു വിപ്ലവമായിത്തീരുന്നതു് ഈ ഒരു പ്രത്യേകത കൊണ്ടാണു്. മലയാളത്തില്‍ വിവരങ്ങള്‍ തിരയുക എന്ന സ്വപ്നം സാക്ഷത്കരിക്കപെട്ടത് യൂണികോഡിന്റെ വരവോടുകൂടിയാണു്.

ആശയവിനിമയത്തിന്‍റെയും വിവരശേഖരണത്തിന്റെയും അതിന്റെ വിതരണത്തിന്റേയും ജനാധിപത്യസ്വഭാവം ആണു് ഇ- എഴുത്തിന്റെ മറ്റൊരു സവിശേഷത. ബ്ലോഗുകളും വിക്കി മീഡിയകളും മാദ്ധ്യമമാക്കി സംഭരിക്കപ്പെടുന്ന വിവരങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തുവാനും ഒരു വായനക്കാരനു കഴിയും. പത്രാധിപത്വത്താല്‍ നിയന്ത്രിക്കപ്പെടുന്ന ആശയങ്ങളും, കഥകളും, കവിതകളും, ലേഖനങ്ങളും മാത്രം സ്വീകരിക്കേണ്ടിവരിക എന്ന നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിന്നൊരു മോചനമായി ഇ എഴുത്തു് മാറുന്നു‍. പ്രസാധകന്‍റെയും മറ്റു മാധ്യമങ്ങളുടേയും സഹായം ഇല്ലാതെ സ്വയം പ്രസിദ്ധീകരിക്കാനുള്ള ഒരു സൌകര്യം വായനക്കാരനേയും എഴുത്തുകാരനേയും ഇവിടെ ഒന്നാക്കിതീര്‍ക്കുന്നു.


ജി. എന്‍. ജയചന്ദ്രന്‍, കെ. പി. രാമചന്ദ്രന്‍, മേതില്‍ രാധാകൃഷ്ണന്‍, സക്കറിയ, ബെന്യാമിന്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അച്ചടി മാദ്ധ്യമത്തെ അപേക്ഷിച്ചു് ബ്ലോഗില്‍ നിന്നും തനിക്കു ലഭിച്ച പ്രതികരണം വളരെ അശാവഹമായിരുന്നു എന്നു് രണ്ടു മാധ്യമങ്ങളും ഉപയോഗിക്കുന്ന ബെന്യാമിന്‍ പറഞ്ഞതു് വളരെ ശ്രദ്ധേയമായി.

ബ്ലോഗിലെ ഒരു ചെറുകഥ വായിച്ചു് അതിലേക്കു് വന്ന തനിക്കു് ചിത്രങ്ങളും മറ്റുരചനകളും പ്രസിദ്ധീകരിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും. വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ തന്റെ കഴിവു് വളര്‍ത്തുവാന്‍ വളരെ സഹായിച്ചുവന്നുമുള്ള അനുഭവങ്ങള്‍ രാജീവ്(സാക്ഷി) സദസ്യരുമായി പങ്കുവച്ചു.



ആദ്യം പറഞ്ഞ കാര്യങ്ങളൊക്കെ ആരൊക്കെ എവിടൊക്കെ എങ്ങനെയൊക്കെ പറഞ്ഞു എന്നതു് വിശദീകരിക്കുക വിഷമം പിടിച്ച പണിയാണു്. മിക്കവാറും ഇതിന്റെ വീഡിയോ ചിത്രം നമുക്കു ലഭിച്ചേക്കുമെന്നതിനാല്‍ ഇത്തിരി കാത്തിരിക്കാം.
ചര്‍ച്ചയ്ക്കിടയില്‍ ഉയര്‍ന്ന സന്ദേഹങ്ങള്‍:

1) കുത്തക മുതലാളിമാര്‍ അനുവദിച്ചു നല്‍കുന്ന ഈ സൌകര്യം എത്ര നാളുണ്ടാവും? ഇത്രയ്ക്കാവേശം വേണോ?
2) സ്വന്തം ബ്ലോഗില്‍ കമന്റു മോഡറേറ്റ് ചെയ്യാമെന്നിരിക്കെ അതിനെത്രമാത്രം ജനാധിപത്യസ്വഭാവം ഉണ്ടാവും?
3) നിലവിലുള്ള ലൈബ്രറി സിസ്റ്റം ഇല്ലാതാകണമെന്നാണോ നിങ്ങള്‍ പറയുന്നതു്?
4) ഇന്റര്‍നെറ്റ് പോലുള്ള വിലകൂടിയ സംഭവങ്ങള്‍ സാധാരണക്കാര്‍ക്കെത്രമാത്രം പ്രാപ്യമായിരിക്കും? വളരെ കുറച്ചാ‍ളുകള്‍ക്കു മാത്രം പ്രാപ്യമായ ഒരു സംഗതിക്കു് ജനാധിപത്യസ്വഭാവം വരുന്നതെങ്ങനെ?
5) യൂനിക്കോഡിലും മാറ്റങ്ങള്‍ വരില്ലേ? അന്നു് നിങ്ങളുടെ ഈ സംഭരണം ഉപയോഗശൂന്യമാവില്ലേ?

(ചോദ്യങ്ങള്‍ക്കു് പറഞ്ഞ ഉത്തരങ്ങള്‍ ഇവിടെ തന്നെ പലവട്ടം കണ്ടിട്ടുള്ളതുകൊണ്ടിവിടെ പറയുന്നില്ല. ആര്‍ക്കെങ്കിലും അതു വേണമെന്നു തോന്നിയാല്‍ അതാവാം )
ബെന്യാമിന്‍ മൈക്കു ചോദിച്ചു വാങ്ങിയതാദ്യമായിട്ടാണെന്നാണു പറഞ്ഞതു്. മാധ്യമങ്ങളില്‍ വന്ന തന്റെ ഒരു കഥയ്ക്കൊരു പ്രതികരണം ലഭിക്കാന്‍ നാലു വര്‍ഷമെടുത്തു എന്നാല്‍ ഇവിടെ നിമിഷങ്ങള്‍ക്കകം അതു് ലഭിക്കുകയുണ്ടായി എന്നദ്ദേഹം പറഞ്ഞു. യൂനിക്കോഡ്, ഒരു കിലോ ഒരു മീറ്റര്‍ എന്നൊക്കെ പറയുന്നതു പോലെ ഒരു സ്റ്റാന്‍ഡേഡ് ആണെന്നും അതു് മാറുകയില്ലെന്നും അഞ്ചാമത്തെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുകയുണ്ടായി.

ഞങ്ങളെ വളരെയധികം ആശ്ചര്യപ്പെടുത്തിയ സംഭവങ്ങളായിരുന്നു ചര്‍ച്ചയ്ക്കുശേഷം അവിടെയുണ്ടായതു്. കേള്‍വിക്കാരൊന്നടങ്കം ചര്‍ച്ചയ്ക്കു ശേഷം ഇതിനെ പറ്റി കൂടുതലറിയാനുള്ള താല്‍‌പര്യം പ്രകടിപ്പിച്ചു. ചിലരീ പ്രയത്നങ്ങളെ അനുമോദിച്ചു. എന്താണു് ബ്ലോഗ്, എങ്ങനെ ബ്ലോഗാം , എങ്ങനെ മലയാളത്തില്‍ ബ്ലോഗാം എന്നതിനെക്കുറിച്ചു് കൂടിയവരുടെ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞു് പെരിങ്ങോടനും നിഷാദും തളര്‍ന്നു. ഇതിനെക്കുറിച്ചു് ധാരാളം വിവരങ്ങള്‍ നല്‍കുന്ന ഒരു വര്‍ക്‍ഷോപ് താമസിയാതെ നടത്തുന്നതായിരിക്കും എന്നു് ഉറപ്പു നല്‍കിയിട്ടാണു് അവിടുന്നു് പുറത്തിറങ്ങാന്‍ കഴിഞ്ഞതു്.

ചര്‍ച്ച ഉണ്ടാക്കിയ തരംഗം പിന്നീടുണ്ടായ ചര്‍ച്ചകളേയും ബാധിച്ചു. ഇതിനു ശേഷം ശ്രീ സക്കറിയ നടത്തിയ പ്രഭാഷണങ്ങളില്‍ പലപ്പോഴും ഇ-എഴുത്തിനെ പറ്റി പരാമര്‍ശമുണ്ടായി.
അതില്‍ മുതലാളിത്തത്തിന്റെ രൂപങ്ങള്‍ എണ്ണിപ്പറയുന്നതിനിടയില്‍ മാധ്യമ മുതലാളിത്തത്തെ കുറിച്ചു പറഞ്ഞപ്പോള്‍ പറഞ്ഞതു്
"ആശയത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇ-എഴുത്തിനെ സ്വീകരിക്കാതിരിക്കാന്‍ തരമില്ല"
"പത്രക്കാരുടെയും മറ്റു മാദ്ധ്യമങ്ങളുടെയും മുകളില്‍ പറക്കുന്ന പരുന്താണു് ഇ-എഴുത്തു്."
-എന്നിങ്ങനെയായിരുന്നു. ഒരു ബ്ലോഗ് തുടങ്ങുന്ന കാര്യം അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.

അതു പോലെ, “നമ്മള്‍ കുത്തകകള്‍ക്കു വേണ്ടി മാറുകയല്ല കുത്തകകള്‍ നമുക്കു വേണ്ടി മാറുകയാണു് വേണ്ടതെ“ന്ന കൈപ്പള്ളിയുടെ പരാമര്‍ശം ശ്രീ കരുണാകരന്‍ പ്രത്യേകം എടുത്തു പറയുകയുണ്ടായി.

അവതരണത്തിന്റെ മേന്മകൊണ്ടല്ല മറിച്ചു് ആശയത്തിന്റെ ശക്തികൊണ്ടാണീ ചര്‍ച്ച ശ്രദ്ധേമായതു് എന്നതു് പറയാതെ വയ്യ.

എനിക്കെഴുതി മതിയായി. വിട്ടുപോയതു് അവിടെയുണ്ടായിരുന്ന സാക്ഷിയും പെരിങ്ങോടനും കൈപ്പള്ളിയും കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും. ഇതവസാനിപ്പിക്കുന്നതിനു മുന്‍പു് ഇത്തരം ഒരു വേദി ഒരുക്കിത്തന്ന സര്‍ജുവിനും കൂട്ടര്‍ക്കും നന്ദി പറഞ്ഞു കൊള്ളുന്നു. ഈ പരിപാടി ഉണ്ടായി വന്നതിനു പിന്നിലുള്ള അവരുടെ പ്രയത്നത്തെ മറന്നുകൂടാ.

കൂടുതല്‍ ചിത്രങ്ങള്‍ :


21 comments:

സിദ്ധാര്‍ത്ഥന്‍ said...

സുഹൃത്തുക്കളേ,
കൃതി ഇന്നലെ തന്നെ രചിച്ചിരുന്നു. പടങ്ങള്‍ കൂടി വേണമെന്ന സാക്ഷിയുടെ സ്നേഹത്തിനു വഴങ്ങിയാണിതു വൈകിച്ചതു്. ഇന്‍ഡോ അറബ് മീറ്റിന്റെ ഭാഗമായി ഇന്നു ദുബൈയില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാ യൂയേയിക്കാരും പങ്കെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. ബ്ലോഗര്‍മാര്‍ അവരുടെ പരിചയത്തിലുള്ളവരെയും കൂട്ടുവാന്‍ ശ്രമിക്കണം. വൈകീട്ടു് 7.30 നു ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ചായിരിക്കും പരിപാടി. സാഹിത്യകാരന്മാരും പ്രസ്സും തമ്മിലുള്ള ഒരു യോഗമായിരിക്കും ആദ്യം. അതു കഴിഞ്ഞു് സാംസ്ക്കാരിക സമ്മേളനം. 9.30നു് കവിതാസംഗമം (ഇതല്ലേ മുശായിരയുടെ മലയാണ്മ?)

Anonymous said...

Sidharth, "‌സംസ്കാരം ഭാഷയില്‍ നിന്നും ഉണ്ടായിവരുന്നതാണു്" Is it a correct statement? Is it true? Doubtfull.-S-

കുറുമാന്‍ said...

സിദ്ദാര്‍ത്ഥോ, നന്നായി. പെരിങ്ങോടനും, സാക്ഷിയും കൂടി ബാക്കി ഭാഗങ്ങള്‍ (വല്ലതും ചേര്‍ക്കാനുണ്ടെങ്കില്‍) എഴുതൂ.

അപ്പോ മാലൈ സന്തിപ്പും വരൈ വണക്കം :)‌

Anonymous said...

സിദ്ധാര്‍ഥ പെരിങോടാദികളെ,
യൂണിക്കോട് എന്‍ഃകോഡിങിന്റെ കാര്യവും അതിലെ പ്രശ്നങളുമൊക്കെ നമ്മുടെ ബുജികളുടെ ശ്രദ്ധയില്‍ഃ പെടുത്തിയോ പറ്റുമെങ്കില്‍ ബൊല്ലോകക്ലബ്ബിലെ പോസ്റ്റിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്തുകൊടുക്കൂ. രചനയെ കുറ്റം പറയുന്ന നാം തന്നെ, കിട്ടിയ അവസരം പാഴാക്കരുതല്ലോ. എന്തായാലും ഒരു മിനിമം ലെവലിലെങ്കിലും അവര്‍ക്ക് കാര്യങള്‍ പിടികിട്ടിക്കാണുമല്ലോ. നാട്ടിലും അതൊരു ചര്‍ച്ചയാക്കാന്‍ അവര്‍ പിന്നീട് ശ്രമിക്കുമെന്ന്് വിചാരിക്കുന്നു.(ഇത്് നെരത്തെ എഴുതാന്‍ വിട്ടുപോയി!)-സു-

സിദ്ധാര്‍ത്ഥന്‍ said...

സുനില്‍,
സംസ്കാരത്തിനു് രൂപം നല്‍കുന്നതു് ഭാഷയാണു് എന്നാണു വിവക്ഷ. ഒരുദാഹരണം പറഞ്ഞാല്‍ സംസ്കാരമാകുന്ന വെള്ളത്തിനു് ഭാഷയാകുന്ന ഗ്ലാസ് രൂപം നല്‍കുന്നു.

മനപ്പൂര്‍വം ഇട്ടതാണാവരി. ഇതു പറയാനായി ഞാന്‍ ചെന്നു നിന്നതു് സക്കറിയയുടെ മുന്‍പില്‍. സക്കറിയ ഇതുപോലൊന്നു് തലേദിവസം പറഞ്ഞിരുന്നുവെന്ന ധൈര്യമുണ്ടായിട്ടും എന്റെ മുട്ടിടിച്ചു. ;)

ഞാന്‍ മനസ്സില്‍ വിചാരിച്ച ഒന്നാണു് സുനിലിന്റെ രണ്ടാമത്തെ കമന്റ്. ഇന്നു സക്കറിയയുമായി ഒരു കൂടിക്കാഴ്ച്ച നടത്താന്‍ സാധ്യത്യുണ്ടു്. തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കാം

Anonymous said...

അതു കലക്കി. ഇനി വീഡിയോ കാണണം.

സര്‍ജുവിനോട്‌ മാത്രമല്ല, ഈ പരിപാടിയില്‍ ബ്ലോഗര്‍മാരെ ഉള്‍പ്പെടുത്താന്‍ മുന്‍കൈ എടുത്ത മൂന്നാമിടം ടീമിനോടും (പ്രത്യേകിച്ച്‌ സങ്കുചിതനോടും) കൂടി വേണം നന്ദി പറയാന്‍.

ദേവന്‍ said...

ഭാഷയുടെ ഉയര്‍ച്ചയും വളര്‍ച്ചയും സംസ്കാരവുമായി ബന്ധിതമായിട്ടാണ്‌, ഭാഷ മരിക്കുന്നതോടെ ആ സംസ്കാരവും മറ്റൊന്നില്‍ ലയിക്കുകയോ ഇല്ലാതെയാകുകയോ ചെയ്യുന്നു എന്നായാലോ?

ഇന്നലെ ജ്യോ ടീച്ചറിന്റെ ബ്ലോഗില്‍ ഉറങ്ങിക്കൊണ്ട്‌ പ്രവേശിച്ച ഞാന്‍ ഇട്ട കമന്റ്‌ ദാണ്ടെ: topic was possibility of language assimilation among second generation expatriates.

"ഒരു ഭാഷ ഒരാള്‍ ഉപയോഗിക്കുമോ ഇല്ലയോ എന്നത്‌ ആ വ്യക്തിക്ക്‌ അതുകൊണ്ട്‌ എന്തു ചെയ്യാനാവും എന്നതിനെ ആശ്രയിച്ചിരിക്കും.

ഭാഷകൊണ്ട്‌ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍:
1. വിവരസംഭരണവും വിതരണവും
അതായത്‌ പഠനം, പഠിപ്പിക്കല്‍, നോട്ടെഴുത്ത്‌, കേട്ടെഴുത്ത്‌ പോലെ അറിവു ശേഖരിക്കലും കൊടുക്കലും- എഞ്ചുവടി മുതല്‍ എഞ്ചിനീറിംഗ്‌ വരെ എന്തറിവോ ആകട്ടെ ഈ ഭാഷയില്‍ ചെയ്യുന്നുണ്ടോ ഇല്ലയോ;

2. വൈകാരിക വിനിമയം
നാട്ടുകാര്‍, കൂട്ടുകാര്‍, അപ്പന്‍, അമ്മ, ഭാര്യ, ബാക്കി തരാത്ത ബസ്‌ കണ്ടക്റ്റര്‍, ബട്ടര്‍ പേപ്പറില്‍ ഷവര്‍മ്മ പൊതിഞ്ഞു തരുന്നയാള്‍ തുടങ്ങിയവരോടും ഒക്കെ പ്രതികരിക്കാന്‍- കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ വികാര ജന്യമായ ചിന്തകള്‍ ഏതുഭാഷയിലാണ്‌ എന്ന്;

3. തൊഴില്‍പരമായ ഭാഷോപയോഗം
പണിശാലയില്‍ ഒരുത്തന്‍ ഏതുഭാഷയില്‍ എഴുത്ത്‌, വായന, ജോലി സംബന്ധമായി വിനിമയം, നിര്‍ദ്ദേശങ്ങള്‍ ഉത്തരവുകള്‍ എന്നിവ നിര്‍വഹിക്കുന്നു;

4. സാഹിത്യ-വിനോദ സംബന്ധമായ ഉപയോഗം
സാഹിത്യം, സിനിമ, പാട്ട്‌, തമാശ, കളികള്‍ അങ്ങനെ വിനോദപരമായ വിനിമയം ഭാഷയിലൂടെ
നടത്തുന്നുണ്ടോ;

ഇതെല്‍ ചിലതെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന ഭാഷയേ ഒരുത്തനില്‍ നില നില്‍ക്കൂ.

ഇതിലെല്ലാം മലയാളം എവിടെ എത്തി നില്‍ക്കുന്നു എന്നത്‌ ആളുകള്‍ക്ക്‌ സ്വയം പഠിച്ചു തീരുമാനിക്കാന്‍ വിടുന്നു എങ്കിലും പ്രവാസിയുടെ അടുത്ത തലമുറക്ക്‌ ഇതില്‍ എത്ര കാര്യങ്ങള്‍ മലയാളം കൊണ്ട്‌ ചെയ്യാന്‍ പറ്റും എന്നതിന്റെ നിരാശാജനകമായ ഉത്തരം കണ്ടെത്താനും കഴിയും. രണ്ടും മൂന്നും തലമൂറ കഴിഞ്ഞ പ്രവാസികള്‍ അപൂര്‍വ്വമായെങ്കിലും മലയാളത്തെ തിരഞ്ഞു വരികയും ചെയ്യും. രണ്ടാം തലമുറ പ്രവാസികളായ കൈപ്പള്ളിയും മോസിലേജറും മലയാളത്തിലെ പിടിത്തം വിട്ടിട്ടില്ല, എങ്കിലും അവര്‍ ഒരു ന്യൂനപക്ഷമാണ്‌.

പ്രവാസിക്കുട്ടികളെയും മലയാളത്തോട് അടുപ്പിച്ചു നിര്‍ത്താന്‍ മറ്റേത് മാദ്ധ്യമത്തെക്കാലും ഇന്റര്‍നെറ്റെഴുത്തിനു കഴിയും. ഉദാഹരണമായി നമ്മള്‍ ഇവിടെ എന്താ ചെയ്യുന്നത്? അറിവു ശേഖരിച്ചു വയ്ക്കുന്നു, സാഹിത്യം നിര്‍മ്മിച്ചു സൂക്ഷിക്കുന്നു, പാട്ട്, തമാശാദികള്‍ എഴുതുന്നു പിന്മൊഴി-ഓര്‍ക്കുട്റ്റുകളിലൂടെയൊക്കെ വൈകാരിക വിനിമയവും നടത്തുന്നു.
എല്ലാം കമ്പ്യൂട്ടിനി(കട: ഹന്നമോള്‍)യുടെയും കൊരുത്തുവല (കടകട: എം വി എഴുത്തുകാര്‍) യുടെയും അനുഗ്രഹം."

K.V Manikantan said...

അനോണിയേട്ടാ,
എനിക്കിട്ട് ഇങ്ങനെയൊരു പാര പണിയണ്ടായിരുന്നു.

-സങ്കുചിതന്‍.

യു.എ.ഇ മീറ്റിന്റെ ബ്ലോഗില്‍ ഇന്നത്തെ കാര്യപരിപാടികള്‍ ഇട്ടിട്ടുണ്ട്. പ്ലീസ് അതൊന്ന് നോക്കി എല്ലാവരും പങ്കെടുക്കൂ....

ദേവന്‍ said...

ദുബായില്‍ അലഞ്ഞു തിരിയുന്ന ബ്ലോഗന്മാര്‍ ഉണ്ടെങ്കില് ഛലോ കോണ്‍സുലേറ്റ്, പരിപാടി തുടങ്ങിഫൈഡ്.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

സങ്കുമാഷേ,
നന്ദിയുണ്ട്. വിവരങ്ങള്‍ എത്തിക്കാന്‍ താങ്കള്‍ കാണിക്കുന്ന ഔദാര്യത്തിന്‌.
കവിളത്ത് ഒരുമ്മ.

ദേവന്‍ said...

ദുബായി സെഷന്‍ അപ്‌ ഡേറ്റ്‌:
ബ്ലോഗ്ഗുകളുടെ അനന്ത സാദ്ധ്യതകളെക്കുറിച്ച്‌ മേതില്‍ ശ്രോതാക്കളോട്‌ തീപ്പൊരി വാക്കുകളാലെ പറഞ്ഞുകൊടുത്തു. സാറ ടീച്ചറും ബ്ലോഗ്ഗുകളെ കുറിച്ച്‌ പരാമര്‍ശിക്കുകയുണ്ടായി.
(വിശദ റിപ്പോര്‍ട്ട്‌ ആരെങ്കിലും എഴുതുമായിരിക്കും)

Anonymous said...

Impressive! :)
I think 2007 is going to be the year of malayalam blogs!

Kaippally said...

ഇതു മാച്ച് കളയാന്‍ ബ്ലോഗ് ക്ലബ്ബില്‍ മെംബറ്മാരായ ആരും ഇല്ലെ.

aneel kumar said...

എന്തര് മായ്ക്കായ്‌ങ് കൈപ്പള്ളിജീ?

Adithyan said...

ലത് ഞാനങ്ങ് മായിച്ച്.

Kaippally said...

Anilഅണ്ണ:
നേരത്തെ യേത ഒരു അനോണി തെണ്ടി എന്തരാ ASCII text കൊറേ ഇവിടെ paste ചെയ്തിരുന്നു. അത് മായ്കണ കാര്യം പറഞ്ഞതാണ്.

ഇപ്പം കാണണില്ല. അപ്പം ഞായ്ങ് ചമ്മി.

സുഖങ്ങളക്ക തന്നെ?

Unknown said...

കൈപ്പിള്ളി ചേട്ടാ..
താങ്കളുടെ ഇ-മെയില്‍ അഡ്രസ്സ് പറഞ്ഞു തരികയൊ എനിക്ക് ഇ-മെയില്‍ ചെയ്യുകയോ ചെയ്താല്‍ ഉപകാരമായിരുന്നു.
രാജു ഇരിങ്ങല്‍

ഏറനാടന്‍ said...

അല്ലാ ലിവിടെ പടങ്ങളീല്‌ ലൊരു പടം കണ്ട്‌ കെട്ടാ.. കൈപ്പള്ളിയണ്ണങ്ങ്‌ എന്തെരാ കാണിക്കണത്‌? മ്യാജിക്കാണാ? കൈപടം പ്വക്കി പിടിച്ചിരിക്കണല്ലാ? വ്യായൂന്ന് വല്ല കോഡോ ലിപിയോ യെടുത്ത്‌ ക്വട്‌ക്കാണാണ്‌ല്ലേ? സമ്മയ്‌ച്ചണ്ണാ "തൂഹേ ബഡാ ജാദൂഗാര്‍, ജാദൂഗര്‍ ഓ ജാദൂഗാര്‍..."

കണ്ണൂസ്‌ said...

IACF-ഇല്‍ ബൂലോഗത്തിന്റെ പങ്കിന്‌, നേരിട്ടു പങ്കെടുത്തവരൊഴിച്ചുള്ള ബ്ലോഗര്‍മാരുടെ പ്രതികരണം നിരാശാജനകം എന്നേ പറയേണ്ടൂ. മലയാള സാഹിത്യത്തെ ബ്ലോഗിംഗും ഇ-എഴുത്തുമായി ബന്ധിപ്പിക്കാനുള്ള ഉദ്യമത്തിന്റെ ആദ്യപടിയായി ഈ പ്രയത്‌നങ്ങള്‍ അംഗീകരിക്കപ്പെടും എന്നും, ഇതിന്റെ പിന്തുടര്‍ച്ചകള്‍ മറ്റു ബ്ലോഗിംഗ്‌ സമൂഹങ്ങളിലും ഉണ്ടാവും എന്നുമൊക്കെയായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്‌.

Anonymous said...

കണ്ണൂസേ, എന്തര്‍ഥത്തിലാണ് നിരാശാജനകം എന്നു പറഞത്? മറ്റു ബ്ലോഗിങ് സമൂഹം എന്ന് പറഞതെന്താ? മലയാളികളാല്ലാത്തവര്‍ എന്നോ നോ ണ്‍ യു.എ.ഈ ബ്ലോഗേഴ്സ് എന്നോ?
നോണ്‍ യു.എ.ഈ ബ്ലോഗേഴ്സിനെല്ലാവര്‍ക്കും ഇത്ര പബ്ലിസിറ്റി കിട്ടാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ട്‌ പലതും അറിയാതെ പോകുകയാണ്, കണ്ണൂസ്.
ഇവിടെ ഇതിനെത്രയോ മുന്‍പേ തന്നെ ഇങനെയുള്ള പരിപാടികള്‍ നടന്നിരുന്നു, ഇപ്പോഴും പ്ലാന്‍ ചെയ്യുകയും നടക്കുകയും ചെയ്യുന്നുണ്ട്‌. പക്ഷെ നിങന്‍ളുടെ ആ വേഷപ്പകര്‍ച്ചയില്ലെന്നുമാത്രം. ഒരു പാട്‌ ലിമിറ്റേഷന്‍സ് സുഹൃത്തേ.
ഓ.ടോ. തിരുവനന്തപുരത്ത്‌ നടക്കുന്ന (കേരള യൂണിവേഴ്സിറ്റിയുടെ ആഭിമ്യുഖ്യത്തില്‍)മലയാളം യൂണിക്കോഡ് എന്‍‌കോഡിങിനെക്കുറിച്ചുള്ള സിമ്പോസിയത്തിന്റെ വിവരങള്‍ അറിയാന്‍ വഴിയുണ്ടോ? കഴിയുന്നത്ര എല്ലാവരും പോകണം എന്നാണ് പറയാനുള്ളത്‌.(നമുക്ക്‌ പറ്റില്ല്യല്ലോ)നാട്ടിലുള്ള ബ്ലോഗേഴ്സെങ്കിലും ശ്രദ്ധിക്കുമല്ലോ
-സു-

കണ്ണൂസ്‌ said...

സുനില്‍, ബ്ലോഗര്‍മാര്‍ അല്ലാത്തവരുടെ ഇടയില്‍ പോലും ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം നമ്മള്‍ തന്നെ ശ്രദ്ധിക്കുന്നില്ല എന്നതു കൊണ്ടാണ്‌ നിരാശാജനകം എന്ന് ഞാന്‍ പറഞ്ഞത്‌.

യു.എ.ഇ.യിലും കേരളത്തിലും അല്ലാതെ ഇത്തരം മീറ്റുകള്‍ സംഘടിപ്പിക്കാനും, ശ്രദ്ധ പിടിച്ചു പറ്റാനുമുള്ള ബുദ്ധിമുട്ട്‌ എനിക്ക്‌ മനസ്സിലാവും. എങ്കിലും ഇവിടെ നടന്ന കാര്യങ്ങള്‍ നമ്മള്‍ക്കിടയിലുള്ള നാലുപേര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍, സമാനമായ മറ്റേതെങ്കിലും വേദിയില്‍, കുറച്ചു സമയം നമുക്കായി ലഭിക്കുന്നതിന്‌ അവര്‍ ശ്രമിക്കുമായിരുന്നു എന്നൊരു തോന്നല്‍ (IACF--ഇല്‍ നമുക്ക്‌ ലഭിച്ച വേദിയും അങ്ങിനെ തന്നെ ആയിരുന്നല്ലോ). ഈ പ്രയത്‌നത്തിന്‌ പിന്തുടര്‍ച്ചകള്‍ ഉണ്ടാവണം എന്നാഗ്രഹിക്കണമെങ്കില്‍, ആദ്യം ഇത്‌ ശ്രദ്ധിക്കപ്പെടേണ്ടേ?

സുനിലും കൂട്ടരും ഇതു പോലുള്ള കാര്യങ്ങള്‍ നടത്തുന്നുണ്ട്‌ എന്നറിയാഞ്ഞിട്ടല്ല. സമയം പോലെ, അതൊക്കെ ബൂലോഗത്തിന്റെ ശ്രദ്ധയിലെങ്കിലും കൊണ്ടു വരൂ. മറ്റുള്ളവര്‍ക്ക്‌ ഒരു പ്രചോദനം ആവും.പല തുള്ളി പെരുവെള്ളം എന്നല്ലേ.