ഇന്ന് ചില ബ്ലോഗുകള്‍ കൂടി ബ്ലോഗ്‌റോളില്‍ ചേര്‍ത്തതോടുകൂടി ബ്ലോഗ്‌റോളിലെ ബ്ലോഗുകളുടെ എണ്ണം ആയിരം തികച്ചു.
ബ്ലോഗ്‌റോളിനെക്കുറിച്ച് അല്‍പ്പം.
ക്ഷുരകന്‍ എന്ന ബ്ലോഗര്‍ നടത്തിയിരുന്നതായിരുന്നു ആദ്യം ബ്ലോഗര്‍മാര്‍ ഉപയോഗിച്ചിരുന്ന ബ്ലോഗ്‌റോള്‍. പിന്നീട് ക്ഷുരകന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തി അപ്രത്യക്ഷനായി. ബ്ലോഗുകളുടെ എണ്ണം പിന്നീട് ക്രമാതീതമായി വളര്‍ന്നപ്പോള്‍ ഈ ബ്ലോഗ്‌റോള്‍ ആവശ്യത്തിനു ഉപകരിക്കാതെ വന്നപ്പോഴാണ് 2006 മാര്‍ച്ച് തുടക്കത്തില്‍ പുതിയ ഒരു റോള്‍ തുടങ്ങിയത്. തുടങ്ങുമ്പോള്‍ ഒറ്റ ദിവസത്തില്‍ പലരുടേയും സഹായം കൊണ്ട് കണ്ടു പിടിച്ച് റോളില്‍ ചേര്‍ത്തത് നൂറില്‍പ്പരം ബ്ലോഗുകളാണ്. അന്ന് അത്ര ബ്ലോഗുകളേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ വിശ്വാസവും. പിന്നീട് പിന്മൊഴികളില്‍ പുതിയ ബ്ലോഗുകള്‍ വരുന്ന മുറയ്ക്ക്, ബ്ലോഗ്‌റോളില്‍ ചേര്‍ക്കുകയായിരുന്നു. ആഴ്ചയില്‍ ഒന്നും, അല്ലെങ്കില്‍ ദിവസങ്ങള്‍ കൂടുമ്പോള്‍ ഒന്നും ഒക്കെയായി റോളില്‍ ചേര്‍ക്കപ്പെട്ടിരുന്ന ബ്ലോഗുകളുടെ എണ്ണം പയ്യെപ്പയ്യെ കൂടിക്കൂടി ഇപ്പോള്‍ ദിവസം അഞ്ചിലധികം ബ്ലോഗുകള്‍ അതിലേയ്ക്ക് ചേര്‍ക്കേണ്ടുന്ന അവസ്ഥയിലായി. എങ്കിലും പുതിയ ബ്ലോഗുകള്‍ കാണുന്ന പുറയ്ക്ക് റോളില്‍ ചേര്‍ക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രദ്ധിക്കാറുണ്ട്. പുതിയ ബ്ലോഗുകള്‍ കണ്ടുപിടിക്കാനും റോളില്‍ ഇല്ലാത്ത പഴയ ബ്ലോഗുകള്‍ ചൂണ്ടിക്കാണിക്കാനും ഇംഗ്ലീഷില്‍ പേരുള്ള ബ്ലോഗുകളോട് മലയാളത്തിലേയ്ക്ക് പേര് മാറ്റാനും ഒക്കെയായി ഈ റോളിന്റെ പരിപാലനത്തിന് സഹായിച്ച ഒരുപാട് പേരുണ്ട്. ഓരൊരുത്തരോടും ഞാന്‍ നന്ദി പറഞ്ഞ് കൊള്ളുന്നു.
ആയിരത്തിലധികം ബ്ലോഗുകളുണ്ടെങ്കിലും ബ്ലോഗര്‍മാരുടെ എണ്ണം എത്രയുണ്ടാകാം എന്നതിനു കണക്കുകള്‍ ലഭ്യമല്ല. മലയാളംബ്ലോഗ്സ്.ഇന്‍ പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇത് 895 ആണ്. പക്ഷെ ഇതില്‍ ഇന്ന് ആക്റ്റീവ് അല്ലാത്ത ബ്ലോഗര്‍മാരുമുണ്ട് (ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്തവര്‍ ഉള്‍പ്പെടെ)എന്നതിനാല്‍ ഇത് കൃത്യമല്ല. പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് ദിവസവും പുതുതായി വരുന്ന പോസ്റ്റുകള്‍ അന്‍പതിനടുത്തുണ്ട് (ഇത് ഒരു ശരാശരി കണക്കാണ്).
ബ്ലോഗുകള്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാലക്ക സംഖ്യയില്‍ എത്തി നില്‍ക്കുന്ന ഈ ബ്ലോഗുകള്‍ ഇന്ന്, ഒരു വര്‍ഷം മുന്നെ ഉണ്ടായിരുന്ന ബ്ലോഗ് സംസ്കാരത്തില്‍ നിന്നും വ്യാപ്തിയില്‍ നിന്നും ഒക്കെ ഒരുപാട് മാറിയിരിക്കുന്നു. പുതുതായി വരുന്ന രചനകള്‍ എല്ലാം വായിക്കുക എന്നത് ബ്ലോഗര്‍മാര്‍ക്ക് ഒരു ദിവസം മുഴുവന്‍ ഇരുന്നാലും സാധിക്കാത്തവണ്ണം കൂടിയിരിക്കുന്നു. ഈ ബ്ലോഗുകളില്‍ എല്ലാം വരുന്ന കമന്റുകള്‍ കൂടി പിന്മൊഴികളേയും ശ്വാസം മുട്ടിക്കുന്നു. പിന്മൊഴികള്‍ ഗൂഗിള്‍ ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം മാസം പന്ത്രണ്ടായിരത്തിലധികം കമന്റുകളാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
ആയിരത്തിന്റെ നിറവില്‍ നില്‍ക്കുന്ന ബൂലോകത്തിന്റെ കുടുമ്പാംഗങ്ങളെ ഞാന്‍ ഈയവസരത്തില്‍ അനുമോദിക്കുകയാണ്. ഈ വിജയം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വല്ലപ്പോഴുമൊക്കെ ചെറിയ അടിയും വഴക്കുമൊക്കെ ഉണ്ടാക്കുമെങ്കിലും ഇന്നും നാം ഒരു വലിയ കുടുമ്പം തന്നെയാണ്. അറുപതു തികഞ്ഞവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെയുള്ള ഈ ബ്ലോഗര്‍മാരില്‍ എല്ലാവരും സമന്മാരാണെന്നത് തന്നെ ഈ കൂട്ടായ്മയുടെ വിജയവും. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.
* ആയിരം എന്നത് കൃത്യമായ ഒരു സംഖ്യ അല്ല. ഇതില്‍ ഞാന്‍ കാണാതെ പോയിരിക്കാവുന്ന പല ബ്ലോഗുകളും, മലയാളത്തിലല്ലാതെ പേരുകള്‍ ഉള്ള ബ്ലോഗുകളും, ആദ്യാക്ഷരം മലയാളത്തിലല്ലാതെയുള്ള ബ്ലോഗുകളും ഒഴിവാക്കപ്പെട്ടിരിക്കാം. എങ്കിലും ആയിരം ആയിരം തന്നെ ;)