Monday, May 14, 2007

ഒരു നിര്‍ദ്ദേശം-ബൂലോഗരുടെ പ്രത്യേക ശ്രദ്ധയ്ക്കും വിശകലനത്തിനും

ഇന്നു നാം നേരിടുന്ന വിദ്യുച്ഛക്തിപ്രശ്നത്തെ ചെറിയൊരളവിലെങ്കിലും പരിഹരിക്കാവുന്ന ഒരെളിയ നിര്‍ദ്ദേശം.

വൈദ്യുതിയുടെ ഉപയോഗം കുറച്ചുകൊണ്ട്‌ കൂടുതല്‍ പ്രകാശം നല്‍കുന്ന പുതിയതരം വിളക്കുകളാണ്‌ കോപാക്ട്‌ ഫ്ലുറസന്റ്‌ ലാമ്പ്‌ അഥവാ CFL. 11W ശേഷിയുള്ള CFL , 60W സാധാരണ ബള്‍ബിന്റെ പ്രകാശം നള്‍കുന്നു. ഒരു CFL ലാമ്പിന്റേ ആയുസ്സ്‌ 8000 മണിക്കൂറാണെന്ന മെച്ചവുമുണ്ട്‌. അതായത്‌ ഒരു മണിക്കൂര്‍ സാധാരണ ബള്‍ബിന്‌ പകരം CFL കത്തുകയാണെങ്കില്‍ 49W വിദ്യുച്ഛക്തി ലാഭം. സര്‍ക്കാരിന്റെ അവകാശ വാദമാണിത്‌.

ഒരു CFLന്‌ 100 രൂപ വിലയുള്ളതും ഒരുകൊല്ലം റീപ്ലേസബിള്‍ ഗാരണ്ടിയുള്ളതുമായ ഇത്തരം 15 ലക്ഷം വിളക്കുകള്‍ കേരളത്തിലെ BPL മേഖലയിലുള്ളവര്‍ക്ക്‌ സൗജന്യമായി സര്‍ക്കാരിന്‌ കൊടുത്തുകൂടെ? 15 ലക്ഷം CFL ഉപയോഗിക്കുമ്പോഴുണ്ടാകാവുന്ന വൈദ്യുതിലാഭം അതിന്‌വേണ്ടി ചിലവിടേണ്ട ഏകദേശം 15 കോടി രൂപ യുമായി തട്ടിച്ച്‌ നോക്കിയാല്‍, ഒരു സംസ്ഥാനത്തിന്‌ അത്ര വലുതാണോ?. കുറഞ്ഞത്‌ ഒരുകൊല്ലമെങ്കിലും അതിന്റെ മെച്ചം സംസ്ഥാനത്തിനില്ലേ?.

BPL കാരുടെ ഉന്നമനത്തിനു വേണ്ടിയും, വിദ്യുച്ഛക്തിയുടെ ഉല്‍പാദനത്തിനും പ്രസരണനഷ്ടം കുറക്കുന്നതിനു വേണ്ടിയും നമ്മുടെ സംസ്ഥാനം ആണ്ടുതോറും ചിലവിടുന്ന തുകയുടെ ഒരംശം മാത്രമല്ലേ ആകുന്നുള്ളൂയിത്‌. ബൂലൊഗര്‍ക്കെന്തു തോന്നുന്നു.

BPL കാര്‍ അതു കിട്ടിയാലുടന്‍ മറിച്ചു വില്‍ക്കുമായിരിക്കും. വിറ്റോട്ടേ. ആരെങ്കിലും അതുപയോഗിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടുമല്ലോ?. BPL കാര്‍ക്ക്‌ അവിചാരിതലാഭവും.

ഇതില്‍ നല്ല രീതിയിലുള്ള ചര്‍ച്ച നടക്കുകയാണെങ്കില്‍, അതിന്റെ എല്ലാംകൂടി ഒരു പ്രിന്റെടുത്ത്‌ നമുക്ക്‌ (ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ സമ്മതത്തോടെ) ബഹുമാനപ്പെട്ട വിദ്യുച്ഛക്തി മന്ത്രിയുടെ മുമ്പാകെ സമര്‍പ്പിക്കാം.

പ്രചോദനംഃ ഈയടുത്തകാലത്ത്‌ ഞാന്‍ വായിച്ച ഒരു കമന്റില്‍ നിന്ന്‌(സാജന്റേതാണെന്ന്‌ തോന്നുന്നു, തീര്‍ച്ചയില്ല)

പി.എസ്സ്‌ഃ ബൂലോഗക്ലബ്ബില്‍ അംഗമാകാത്തവര്‍ക്കിവിടെ പ്രതികരിക്കാം.

19 comments:

അങ്കിള്‍. said...

കോംപാക്ട്‌ ഫ്ലൂറസന്റ്‌ ലാമ്പ്‌ (CFL) സൗജന്യമായികൊടുക്കുന്നതിലൂടെ ഉണ്ടാകാവുന്ന നേട്ടത്തെക്കുറിച്ച്‌ ഒരു പോസ്റ്റ്‌. വേണ്ടി വന്നാല്‍ നമുക്കിത്‌ ബന്ധപ്പെട്ട മന്ത്രിയെ ഏല്‍പ്പിക്കാം

Areekkodan | അരീക്കോടന്‍ said...

Good post to think

myexperimentsandme said...

ജോസഫ് ആന്റണിയുടെ സൈലന്റ് വാലി പോസ്റ്റില്‍ ഇതിനെപ്പറ്റി പരാ‍മര്‍ശമുണ്ടായിരുന്നു. ആസ്ട്രേലിയയിലെ കാര്യം അവിടെ സാജന്‍ പറഞ്ഞിരുന്നു.

കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. ഇത് മന്ത്രി തലത്തില്‍ പോകുന്നതിനു മുന്‍പ് മന്ത്രിയെ പഠിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടാന്‍ പോകുന്ന ഉടക്കുകള്‍ എന്തൊക്കെയാണെന്ന് ആലോചിച്ച് അതിനെ എങ്ങിനെ പ്രതിരോധിക്കാമെന്നും കൂടി ചര്‍ച്ച ചെയ്യണം. പല നല്ല നിര്‍ദ്ദേശങ്ങള്‍ക്കും പാരവെക്കുന്നത് അവരാണല്ലോ.

ഇതിന്റെ എല്ലാ പോസിറ്റീവ് വശങ്ങളും ചര്‍ച്ച ചെയ്യുക. എല്ലാ നെഗറ്റീവ് വശങ്ങളും (ഉണ്ടെങ്കില്‍) ചര്‍ച്ച ചെയ്യുക. മന്ത്രി തലത്തില്‍ പോകുന്നുണ്ടെങ്കില്‍ പോസിറ്റീവ്‌സിനോടൊപ്പം തന്നെ നെഗറ്റീവ്‌സും മന്ത്രിയെ പറഞ്ഞ് മനസ്സിലാക്കിച്ച് എങ്ങിനെ പോസിറ്റീവ്സ് നെഗറ്റീവ്സിനെ ഓവര്‍കം ചെയ്യുന്നു എന്ന് ബോധ്യപ്പെടുത്തുക (പല നിര്‍ദ്ദേശങ്ങളിലും അവതരിപ്പിക്കുന്നവര്‍ ഗുണം മാത്രം പറയും. പിന്നെ ഉദ്യോഗസ്ഥരാണ് ദോഷം മാത്രം പറയുന്നത്. അത് ആദ്യമായി ഉദ്യോഗസ്ഥരില്‍ നിന്ന് കേള്‍ക്കുമ്പോള്‍ തോന്നും ശ്ശെടാ,ആദ്യം വന്നന്മാര്‍ ഇതൊന്നും പറഞ്ഞില്ലായിരുന്നല്ലോ, അപ്പോള്‍ ഇത് പറ്റീരുകേസാണല്ലേ എന്നൊക്കെ. അതോടെ അതിന്റെ കാര്യം കഴിയുകയും ചെയ്യും-ഈ സെക്കന്റില്‍ എനിക്ക് തോന്നിയ ഒരു കോണ്‍സ്പിരസി തിയറി മാത്രം).

എങ്ങിനെ ഇത് പ്രായോഗികമാക്കാമെന്ന് ചര്‍ച്ച ചെയ്യുക. ഇനി മൊത്തമായി സര്‍ക്കാരിന് ഫ്രീയായി കൊടുക്കാന്‍ പറ്റില്ലെങ്കില്‍ ആരെക്കൊണ്ടിലും ഇതില്‍ പങ്കാളിയാക്കാമോ എന്ന് നോക്കുക. കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തം പറ്റുമോ എന്ന് നോക്കുക...

(ആവേശം കയറിക്കയറി കണ്ട്രോള് കിട്ടുന്നില്ല)

Unknown said...

CFL വാങ്ങുമ്പോള്‍ ഗുണനിലവാരം ഉള്ളവ വാങ്ങണം.വില കുറഞ്ഞവ അല്പായുസ്സുകളായതുകൊണ്ട് മലിനീകരണം ഉണ്ടാക്കും.വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നവര്‍ക്ക് incentive ആയി CFL കൊടുക്കുന്നത് നന്നായിരിക്കും.
സര്‍ക്കാര്‍ സൌജന്യമായി കൊടുക്കുമ്പോള്‍ ചാത്തന്‍ കമ്പനിക്കാര്‍ സ്വാധീനം ചെലുത്തി കരാര്‍ കൈക്കലാക്കാന്‍ ഇടയുണ്ട്.

Unknown said...

സി.എഫ്.എല്ല് -ലാമ്പുകള്‍ക്ക് മെച്ചങ്ങളുണ്ട്, വീട്ടിലെ ബള്‍ബെല്ലാം ഊരിമാറ്റി cfl തിരുകി കയറ്റിയതില്‍ പിന്നെ കരണ്ടു ബില്ലിനു് ഒരു മയമുണ്ട്.

ഓരോ വീടും മാറുമ്പോള്‍ അതെല്ലാം ഊരി അടുത്ത സ്ഥലത്തേക്ക് -- incandescent lamp-നെ ക്കാള്‍ കൂടിയ വിലയ്ക്ക് ഞാന്‍ വാങ്ങിയതെന്തിനാ വീട്ടുമുതലാളിക്കായി ഇട്ടേച്ചു് പോകുന്നതു്?

എടുത്ത് പറയേണ്ട മറ്റൊരു ഗുണം, 70 V മാത്രമേയുള്ളെങ്കിലും കത്തുകയും ചെയ്യും.

/നാട്ടില്‍, ഇപ്പോള്‍ വീടിനടുത്തൊരു ട്രാന്‍സ്‌ഫോര്‍മര്‍ വന്നതു കൊണ്ടാവണം വോള്‍ട്ടേജുണ്ട്, നേരത്തെയില്ലായിരുന്നു. നാട്ടില്‍ വോള്‍ട്ടേജ് ക്ഷാമം തീര്‍ന്നോ, ഇപ്പോള്‍? /

നമ്മള്‍ പൊതുവെ ചിന്തിക്കാത്തൊരു കാര്യം, അതിന്റെ ഡിസ്‌പോസലാണു്. മെറ്ക്കുറിയും മറ്റു രാസമൂലകങ്ങളും അടങ്ങിയ cfl, റ്റ്യൂബ്‌ലൈറ്റുകള്‍ തുടങ്ങിയവ ഫ്യൂസാവുമ്പോള്‍ എടുത്ത് പറമ്പിലെറിഞ്ഞു കളയുകയാണു് ചെയ്യുന്നതു്.

മറ്റേതു തല്ലിപ്പൊട്ടിച്ചാല്‍, കാലേല്‍ ചില്ലു കയറാന്‍ സാദ്ധ്യതയുണ്ടെന്നല്ലാതെ, ഇവയുടെ അത്രയും പരിസ്ഥിതി ദോഷമുണ്ടാകുമെന്ന്് തോന്നുന്നില്ല.

നന്നായിട്ടുള്ള കമ്പോണന്‍സല്ലായെങ്കില്‍ ഫ്രീക്വന്‍സി interference-നും സാദ്ധ്യതയുണ്ട്.


തമ്മില്‍ ഭേദം തൊമ്മന്‍.

keralafarmer said...

കേന്ദ്രം, സംസ്ഥാനം, പഞ്ചായത്ത്‌, ബി.പി.എല്‍ ഉപഭോക്താവ്‌ ഇവര്‍ തുല്യമായി പങ്കിട്ടെടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്നം തന്നെയാണിത്‌. അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കുവാനുള്ള നടപടികളും വേണം. സര്‍ക്കാര്‍ ഓഫീസുകളിലായാലും വീടുകളിലായാലും ആളില്ലാത്ത കസേരയ്ക്ക്‌ മുകളില്‍ കറങ്ങുന്ന ഫാനുകളും, പകല്‍ സമയത്ത്‌ കത്തുന്ന സ്ട്രീറ്റ്‌ ലൈറ്റുകളും തുടങ്ങി ഓഫ്‌ ചെയ്യേണ്ടവ ഓഫ്‌ ചെയ്യുകതന്നെ വേണം.

അങ്കിള്‍. said...

എന്റെ നിര്‍ദേശം BPL (Below Poverty Line) ല്‍ ഉള്ള കുടുമ്പങ്ങള്‍ക്ക്‌ ഒരു കാശും വാങ്ങാതെ കൊടുക്കണമെന്നതാണ്‌. രാഷ്ട്രീയക്കാര്ക്ക്‌ അതിനേ താല്പര്യമുണ്ടാകൂ.

BPL കുടുമ്പങ്ങളില്‍ interference വരേണ്ടുന്ന ഇലക്ട്രിക്‌ സാധനങ്ങള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം. എന്റെ വീടിളല്‍ കഴിഞ്ഞ മൂന്ന്‌ കൊല്ലമായി CFL മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വലിയ പ്രശ്നമൊന്നും തോന്നിയിട്ടില്ല. കൂടാതെ, ANERT എന്ന സ്ഥാപനം interference ഉണ്ടാകാതെ CFL choke ഉണ്ടാക്കാനുള്ള technical standards നിര്‍ണ്ണയിച്ചിട്ടുണ്ടെന്നാണറിയാന്‍ കഴിഞ്ഞത്‌.

സജിത്ത്|Sajith VK said...

അനെര്‍ട്ട് ഇപ്പോള്‍ സിഎഫ്എല്‍ ലാമ്പുകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട് എന്നാണറിവ്....

അങ്കിള്‍. said...

അനെര്‍ട്ടിന്‌ നാഥനില്ലാതായിട്ട്‌ മാസങ്ങളായി. പുതിയ ഡയറക്ടറെയും പ്രതീക്ഷിച്ചിരിപ്പാണവര്‍. പ്ത്തോ നൂറോ CFL വില കുറച്ച്‌ കൊടുത്താല്‍ ഈ പോസ്റ്റ്‌കൊണ്ട്‌ ഉദ്ദേശിച്ച കാര്യം നടക്കില്ല. Free ആയിട്ട്‌ കൊടുത്താല്‍ മാത്രമേ ഉപയോഗിക്കാന്‍ ആളെ കിട്ടുകയുള്ളൂ. BPL വിഭാഗക്കാര്‍ക്ക്‌ ഏതായാലും സൗജന്യനിരക്കില്‍ വിദ്യുച്ഛക്തി നല്‍കുന്നുണ്ട്. കൂടാതെ വേറെയും കോടിക്കണക്കിന്‌ അവര്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ ചിലവാക്കുന്നു, ചിലവാക്കാന്‍ തയ്യാറുമാണ്‌. എങ്കില്‍ ഈ വഴിക്കായിക്കൂടെ?.

മെലോഡിയസ് said...

വളരെ ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണിത്‌.വക്കാരി പറഞ്ഞത്‌ പോലെ ആദ്യം ഇതിന്റെ നെഗറ്റീവ്‌ പോയിന്റ്‌സ്‌ കണ്ട്‌ പിടിച്ച്‌ അതിനുള്ള പ്രശ്നപരിഹാരം ആണ്‌ കണ്ട്‌ പിടിക്കേണ്ടത്‌..അല്ലെങ്കില്‍ തലപ്പത്തുള്ള ആരെങ്കിലും ഈ ആശയത്തിനിട്ട്‌ പണി തരും. തീര്‍ച്ച

Mohanam said...
This comment has been removed by the author.
Mohanam said...

സി എഫ്‌ എല്‍ ബള്‍ബുകള്‍ സര്‍ക്കാരിനു സൗജന്യമായി നല്‍കാവുന്നതേയുള്ളു. പഞ്ചായത്ത്‌, ബ്ലോക്ക്‌ തുടങ്ങിയ വിഭാഗങ്ങള്‍ക്ക്‌ ഇങ്ങനെ ചിലവാക്കാന്‍ ഫണ്ട്‌ ഉണ്ട്‌. അതിനായി മെംബര്‍മാര്‍ ശ്രമിക്കണം എന്നു മാത്രം.

എന്റെ അനുഭവം പറയാം. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ എന്റെ പഞ്ചായത്തിലെൂരു മെംബറുമായുള്ള സംസാരത്തിനിടയില്‍ അദ്ദേഹം എന്റെ തൊഴിലിനേക്കുര്‍ച്ച്‌ അന്വേഷിച്ചു. അന്ന് എനിക്ക്‌ ഇലക്ടോനിക്‌ ചോക്ക്‌ നിര്‍മ്മാണം ഉണ്ടായിരുന്നു. ഇതറിഞ്ഞ ഉടന്‍ മെംബര്‍ എന്നോട്‌ ആവശ്യപ്പെട്ടത്‌ 200 രൂപാക്കു ഒരു സെറ്റ്‌ റ്റ്യൂബ്‌ (ചോക്ക്‌, ഫ്രെയിം, റ്റ്യൂബ്‌) നല്‍കാന്‍ ആവുമൊ എന്നായിരുന്നു. നല്‍കാമെന്നു ഞാനും. എന്നാല്‍ ആ മെംബറുടെ വാര്‍ഡിലെ BPL കാര്‍ക്ക്‌ നല്‍കാനായി നിര്‍മ്മിച്ചു നല്‍കാന്‍ വാക്കാല്‍ ഓര്‍ഡറും തന്നു. ഒരാഴ്ച്ക്കുള്ളില്‍ പര്‍ച്ചേസ്‌ ഓര്‍ഡറും വന്നു. ഇതു കണ്ട മറ്റുമെംബര്‍മാരും അവരുടെ വാര്‍ഡുകളിലേക്കും വാങ്ങി നല്‍കി. എടുത്തുപരയേണ്ട ഒരു കാര്യം ഞാന്‍ ഒരു പൈസാ പോലും ഈ മെംബര്‍മാര്‍ക്ക്‌ നല്‍കിയില്ല എന്നുള്ളതാണ്‌.

അതായത്‌ പഞ്ചായത്തുകള്‍ക്ക്‌ ഇങ്ങനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മുകളില്‍ നിന്നുള്ള പ്രത്യേക ഉത്തരവുകള്‍ ഒന്നും വേണ്ട. ഫണ്ട്‌ അവിടെത്തന്നെ ഉണ്ട്‌. ഉപയോഗിക്കാന്‍ ആറിയണം. ഇപ്പോള്‍ ആര്‍ക്കും അതിനു സമയം ഇല്ലല്ലൊ. കയ്യിട്ടു വാരുന്നതല്ലെ പ്രധാന തൊഴില്‍

വിചാരം said...

നല്ല ലേഖനം
ചര്‍ച്ച കൊഴുക്കട്ടെ
ഇവിടെ സബ്സിഡിയും ആവാലോ
പകുതി സര്‍ക്കാറും പകുതി ഉപഭോക്താവും

അങ്കിള്‍. said...

സബ്‌സിഡി നിരക്കില്‍ CFL നല്‍കുന്ന പദ്ധതി കുറച്ചു കാലമായി അനെര്‍ട്ട്‌ വഴി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്‌. വിജയം കാണുന്നില്ല. കാരണം, സബ്‌സിഡി കഴിഞ്ഞാലും അതിന്റെ വില സാധാരണ ബള്‍ബിന്റെതിനേക്കാല്‍ അധികമാണ്‌. സൗജന്യമായി നല്‍കിയാല്‍ മാത്രമേ ആളുകള്‍ താല്‍പര്യം കാണിച്ച്‌ ഉപയോഗിക്കുകയുള്ളൂ. ബി.പി.എല്‍. കാര്‍ക്കല്ലേ സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുമുള്ളു.

BPL കാര്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ കൊടുക്കുന്ന കാര്യം നടക്കൂല്ല. ആ കാശിന്‌ അവര്‍ അരി വാങ്ങാന്‍ നോക്കും. ഈ CFL തന്നെ അവര്‍ മറിച്ച്‌ വിറ്റ്‌ കാശാക്കാന്‍ നോക്കിയേക്കുമെന്നാണ്‌ എന്റെ അനുമാനം. പക്ഷേ ആ സി.എഫ്‌.എല്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ വിദ്യുച്ഛക്തിയുടെ ഉപയോഗം അത്ര് കണ്ട്‌ കുറക്കാം. അതാണ്‌ നമ്മുടെ ലക്ഷ്യവും.

സാല്‍ജോҐsaljo said...

നേരിട്ടുമന്ത്രിക്കെത്തിക്കാ‍വുന്നതിലും അപ്പുറം,‘ചു.ലോ‘ പറഞ്ഞതുപോലെ ആദ്യ പടിയായി, ഇതു മെമ്പര്‍മാരുടെ ശ്രദ്ധയിലെത്തട്ടെ. അതിനു ശേഷം, മന്ത്രിയിലേക്ക്....‘ബഹു. ചു.ലോ.’ പ്രതിപാദിച്ച ആ മെമ്പര്‍മ്മാരെക്കുറിച്ച്, ഏതെങ്കിലും ഒരു മാധ്യമത്തില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് പ്രചോദനമാകും. പഞ്ചായത്തുകളുടെ എല്ലാം തുക ലാപ്സ് ആയിപ്പോകുന്നതായി അറിയാ‍ന്‍ കഴിയൂന്നു. ഒടുവില്‍ ഒരു തട്ടിക്കൂ‍ട്ടു പ്രൊജക്റ്റ് ഉണ്ടാക്കി, അവരെക്കൊണ്ടാകുന്ന തുകയും കൈയില്‍ ആക്കുന്നു.
നല്ല ജനസേവകരെ പറ്റി കൂടുതല്‍ ജനശ്രദ്ധയും, അവര്‍ക്കായി പ്രത്യേകം ഫണ്ടുക്കളും അനുവദിക്കപ്പെടട്ടെ..

എല്ല്ലാ ഭാവുകങ്ങളും! സഹകരണവും...

ശ്രീ said...

നല്ല നിര്‍‌ദ്ദേശം തന്നെ....
:)

musthu said...

The downside is that Mercury (the chemical used to make CFL lights work) even in small amounts is a very dangerous poison. So you save on energy and you spend on properly disposing the used up lamps. Also you could potentially pollute the enviroment in that process! There's no free lunch, nothing comes without a catch!!!

അങ്കിള്‍. said...

ആദര്‍ശിന്റെ 'ഊര്‍ജം, ഊര്‍ജസംരക്ഷണം' എന്ന ലേഖനം ഇവിടെ

വി. കെ ആദര്‍ശ് said...

അനെര്‍ട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ. പി എസ്. ചന്ദ്രമോഹന്‍ ആണ്. പ്രതിജ്ഞാബദ്ധത ഉള്ള ഒരു ബാലന്‍സ്ഡ് പ്രൊഫഷണല്‍ ആണദ്ദേഹം. നാളെ മുതല്‍ (ജൂണ്‍ 5 )സംസ്ഥന ഗവ: ഊര്‍ജ്ജ സുരക്ഷാ മിഷന്‍ ആരംഭിക്കുകയാണ്. അതു കൊണ്ട് അനര്‍ട്ടിനെ പറ്റി ഉള്ള മുന്‍ധാരണകള്‍ മാറ്റാന്‍ സമയം ആയി എന്നു തൊനുന്നു. ഈ വര്‍ഷം തന്നെ 50 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നും ഉദ്പാദിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണു സംസ്ഥന ഗവ: നമുക്കു ബ്ലോഗ് വഴി ഒരു വിവര ശേഖരണം നടത്തി സംസ്ഥന ഗവ: ,അനര്‍ട്ട് എന്നിവര്‍ക്ക് നല്‍കാം. ഊര്‍ജ്ജ സംബന്ധമായ എന്താവശ്യങ്ങള്‍ക്കും ഞാന്‍ ഉണ്ടാകും