Wednesday, April 18, 2007

കൈരളി പീപ്പിള്‍ ചാനലില്‍ കാണാന്‍ കഴിയാതെപോയത്‌

2007 മാര്‍ച്ച് 18 ന് കൈരളി പീപ്പിള്‍ പരിപാടി കാണുവാന്‍ കഴിയാതെ പോയവര്‍ക്കായി അവതരിപ്പിക്കുന്നു.
VODPOD ല്‍ മൂന്നു ഭാഗങ്ങളായി കാണുക.
അല്ലെങ്കില്‍ 5 ഭാഗങ്ങളായി ഗൂഗിള്‍ പ്ലയറില്‍
  1. ഭാഗം ഒന്ന്‌
  2. ഭാഗം രണ്ട്‌
  3. ഭാഗം മൂന്ന്‌
  4. ഭാഗം നാല് (കോപ്പി റൈ‌റ്റ്‌സ്‌)
  5. ഭാഗം അഞ്ച്‌
ഇക്കഴിഞ്ഞ മാര്‍ച്ച്‌ 18 ന് കൈരളി റ്റിവിയിലെ പീപ്പിള്‍ ചാനലില്‍ എനിക്കൊരവസരം ലഭിച്ചിരുന്നു। ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 1।30 ന് ആയിരുന്നു ഈ പരിപാടി। പരിപാടി അവതരിപ്പിച്ചത്‌ NTV യാണ്। വിപിനാണ് (അരുവിക്കരക്കാരന്‍ എന്ന ബ്ലോഗര്‍) ഈ പരിപാടി അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌. വിഷയം എന്റെ കണ്ടെത്തലായ പട്ടമരപ്പും അതുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ്‌സും, മറ്റു കര്‍ഷകരില്‍ നിന്നും വിഭിന്നമായി ഞാന്‍ ചെയ്യുന്ന കൃഷിരീതികളും। കോപ്പി റൈറ്റ്‌സ്‌ പറയുമ്പോള്‍ അത്‌ സൂര്യഗായത്രിയില്‍ നിന്ന്‌ തുടങ്ങുന്നുവെന്നുമാത്രം. അനില്‍ റിക്കോര്‍ഡ്‌ ചെയ്തു. എന്നാല്‍ ഇതേ പരിപാടി വീണ്ടും 22 ന് റീ ടെലികാസ്റ്റ്‌ ചെയ്യുകയാണ് ഇന്ത്യന്‍ സമയം 3.30 പീ‌എം ന് . സൌകര്യമുള്ളവര്‍ 18 ന് ഈ പരിപാടി കാണുവാന്‍ കഴിയാത്തവര്‍ ഈ പരിപാടി കാണുമെന്ന്‌ വിശസിക്കുന്നു. (എന്നാല്‍ പ്രസ്തുത പരിപാടി സെന്‍‌സര്‍ ചെയ്യപ്പെട്ടു)
വീണ്ടും ഒരു പോസ്റ്റിടേണ്ട ആവശ്യമില്ല എന്നതിനാലാണ് പഴയ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്യുന്നത്‌।
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്‌

Saturday, April 14, 2007

‘സിറാജി‘ല്‍ കുറുമാന്റെ കഥ


















നമ്മുടെ പ്രിയങ്കരനായ ശ്രീ.രാഗേഷ് കുറുമാന്റെ ഒരു കഥ ‘സിറാജ്’ ദിനപത്രം പ്രസിദ്ധീകരിച്ചു. അങ്ങനെ ഇന്‍ഡിക് ബ്ലോഗ് അവാര്‍ഡ് നേടിയ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ പുസ്തകമാക്കുന്നതിന്റെ മുന്നോടിയായി പ്രിന്റഡ് മീഡിയയിലേക്ക് കുറുമാന്‍ കാലെടുത്ത് വെച്ചു. അടുത്ത പടിയായി പുസ്തകം പുറത്തിറങ്ങും എന്ന് കരുതുന്നു.

കുറുമാന്‍ ചേട്ടന് ആശംസകള്‍!

Thursday, April 12, 2007

ഇതുവരെ പത്രത്തിലെഴുത്തുമാത്രമായിരുന്നു. കുറഞ്ഞ മാസങ്ങളേ ആയിട്ടുള്ളൂ, ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയിട്ട്. ബൂലോഗത്തില്‍ സാന്നിദ്ധ്യമറിയിക്കണമെന്ന് വിചാരിച്ചതാട്ടെ, ഇന്നം മാത്രവും. ആകെ എട്ടുപോസ്റ്റിങ്ങേ ഇതേവരെ ഞാന്‍ നടത്തിയിട്ടുള്ളൂ. ഒരു ബ്ളോഗ് റോളിലും ലിസ്റ്റ് ചെയ്യാതെ പോയാല്‍ ശരിയാവില്ലെന്ന് തോന്നി. പിന്നെ ഇപ്പണിനടത്തി തഴക്കവും പഴക്കവും വന്നവരോടൊത്ത് സമയം ചെലവഴിക്കാമെന്നും തോന്നി. സംഗതി കൊള്ളാമോ എന്ന് നോക്കട്ടെ!

പിന്നെ എന്‍റെ പുതിയ വിഷയം സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസമാണ്. പള്ളിക്കൂടത്തിലെ രതിയും രേണുകയുടെ മൊഴിയും എന്ന ആ പോസ്റ്റിങ് വായിക്കണേ....

http://absolutevoid.blogspot.com

Wednesday, April 11, 2007

അനുവാര്യര്‍ എന്ന അനിയന്‍സിന്റെ കഥാസമാഹാരം


സുഹൃത്തുക്കളേ,
അനുവാര്യര്‍ എന്ന അനിയന്‍സിന്റെ ( http://apurvas.blogspot.com/ ) കഥാസമാഹാരം ഇല ബുക്ക്സ് പുറത്തിറക്കുന്നു.

ഒരു പത്രപ്രവര്‍ത്തകന്റെ അവിസ്മരണീയ കാഴ്‌ചകള്‍. അപരിചിതമായ ചില നാടുകളിലെ അതിനേക്കാള്‍ അപരിചിതരായ കുറെ മനുഷ്യരെ നമുക്ക് പരിചയപ്പെടുത്തുന്ന അനുഭവങ്ങള്‍. ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും രാജ്യത്തിനു പുറത്തും മാധ്യമ പ്രവര്‍ത്തകന്‍ കണ്ട, നമ്മെ അസ്വസ്ഥപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറേ വേറിട്ട മനുഷ്യര്‍.

Tuesday, April 10, 2007

ആയിരത്തിന്റെ നിറവില്‍




ഇന്ന് ചില ബ്ലോഗുകള്‍ കൂടി ബ്ലോഗ്‌റോളില്‍ ചേര്‍ത്തതോടുകൂടി ബ്ലോഗ്‌റോളിലെ ബ്ലോഗുകളുടെ എണ്ണം ആയിരം തികച്ചു.

ബ്ലോഗ്‌റോളിനെക്കുറിച്ച് അല്‍പ്പം.
ക്ഷുരകന്‍ എന്ന ബ്ലോഗര്‍ നടത്തിയിരുന്നതായിരുന്നു ആദ്യം ബ്ലോഗര്‍മാര്‍ ഉപയോഗിച്ചിരുന്ന ബ്ലോഗ്‌റോള്‍. പിന്നീട് ക്ഷുരകന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തി അപ്രത്യക്ഷനായി. ബ്ലോഗുകളുടെ എണ്ണം പിന്നീട് ക്രമാതീതമായി വളര്‍ന്നപ്പോള്‍ ഈ ബ്ലോഗ്‌റോള്‍ ആവശ്യത്തിനു ഉപകരിക്കാതെ വന്നപ്പോഴാണ് 2006 മാര്‍ച്ച് തുടക്കത്തില്‍ പുതിയ ഒരു റോള്‍ തുടങ്ങിയത്. തുടങ്ങുമ്പോള്‍ ഒറ്റ ദിവസത്തില്‍ പലരുടേയും സഹായം കൊണ്ട് കണ്ടു പിടിച്ച് റോളില്‍ ചേര്‍ത്തത് നൂറില്‍പ്പരം ബ്ലോഗുകളാണ്. അന്ന് അത്ര ബ്ലോഗുകളേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ വിശ്വാസവും. പിന്നീട് പിന്മൊഴികളില്‍ പുതിയ ബ്ലോഗുകള്‍ വരുന്ന മുറയ്ക്ക്, ബ്ലോഗ്‌റോളില്‍ ചേര്‍ക്കുകയായിരുന്നു. ആഴ്ചയില്‍ ഒന്നും, അല്ലെങ്കില്‍ ദിവസങ്ങള്‍ കൂടുമ്പോള്‍ ഒന്നും ഒക്കെയായി റോളില്‍ ചേര്‍ക്കപ്പെട്ടിരുന്ന ബ്ലോഗുകളുടെ എണ്ണം പയ്യെപ്പയ്യെ കൂടിക്കൂടി ഇപ്പോള്‍ ദിവസം അഞ്ചിലധികം ബ്ലോഗുകള്‍ അതിലേയ്ക്ക് ചേര്‍ക്കേണ്ടുന്ന അവസ്ഥയിലായി. എങ്കിലും പുതിയ ബ്ലോഗുകള്‍ കാണുന്ന പുറയ്ക്ക് റോളില്‍ ചേര്‍ക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രദ്ധിക്കാറുണ്ട്. പുതിയ ബ്ലോഗുകള്‍ കണ്ടുപിടിക്കാനും റോളില്‍ ഇല്ലാത്ത പഴയ ബ്ലോഗുകള്‍ ചൂണ്ടിക്കാണിക്കാനും ഇംഗ്ലീഷില്‍ പേരുള്ള ബ്ലോഗുകളോട് മലയാളത്തിലേയ്ക്ക് പേര് മാറ്റാനും ഒക്കെയായി ഈ റോളിന്റെ പരിപാലനത്തിന് സഹായിച്ച ഒരുപാട് പേരുണ്ട്. ഓരൊരുത്തരോടും ഞാന്‍ നന്ദി പ‌റഞ്ഞ് കൊള്ളുന്നു.

ആയിരത്തിലധികം ബ്ലോഗുകളുണ്ടെങ്കിലും ബ്ലോഗര്‍മാരുടെ എണ്ണം എത്രയുണ്ടാകാം എന്നതിനു കണക്കുകള്‍ ലഭ്യമല്ല. മലയാളംബ്ലോഗ്സ്.ഇന്‍ പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇത് 895 ആണ്. പക്ഷെ ഇതില്‍ ഇന്ന് ആക്റ്റീവ് അല്ലാത്ത ബ്ലോഗര്‍മാരുമുണ്ട് (ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്തവര്‍ ഉള്‍പ്പെടെ)എന്നതിനാല്‍ ഇത് കൃത്യമല്ല. പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് ദിവസവും പുതുതായി വരുന്ന പോസ്റ്റുകള്‍ അന്‍പതിനടുത്തുണ്ട് (ഇത് ഒരു ശരാശരി കണക്കാണ്).

ബ്ലോഗുകള്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാലക്ക സംഖ്യയില്‍ എത്തി നില്‍ക്കുന്ന ഈ ബ്ലോഗുകള്‍ ഇന്ന്, ഒരു വര്‍ഷം മുന്നെ ഉണ്ടായിരുന്ന ബ്ലോഗ് സംസ്കാരത്തില്‍ നിന്നും വ്യാപ്തിയില്‍ നിന്നും ഒക്കെ ഒരുപാട് മാറിയിരിക്കുന്നു. പുതുതായി വരുന്ന രചനകള്‍ എല്ലാം വായിക്കുക എന്നത് ബ്ലോഗര്‍മാര്‍ക്ക് ഒരു ദിവസം മുഴുവന്‍ ഇരുന്നാലും സാധിക്കാത്തവണ്ണം കൂടിയിരിക്കുന്നു. ഈ ബ്ലോഗുകളില്‍ എല്ലാം വരുന്ന കമന്റുകള്‍ കൂടി പിന്മൊഴികളേയും ശ്വാസം മുട്ടിക്കുന്നു. പിന്മൊഴികള്‍ ഗൂഗിള്‍ ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം മാസം പന്ത്രണ്ടായിരത്തിലധികം കമന്റുകളാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.

ആയിരത്തിന്റെ നിറവില്‍ നില്‍ക്കുന്ന ബൂലോകത്തിന്റെ കുടുമ്പാംഗങ്ങളെ ഞാന്‍ ഈയവസരത്തില്‍ അനുമോദിക്കുകയാണ്. ഈ വിജയം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വല്ലപ്പോഴുമൊക്കെ ചെറിയ അടിയും വഴക്കുമൊക്കെ ഉണ്ടാക്കുമെങ്കിലും ഇന്നും നാം ഒരു വലിയ കുടുമ്പം തന്നെയാണ്. അറുപതു തികഞ്ഞവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെയുള്ള ഈ ബ്ലോഗര്‍മാരില്‍ എല്ലാവരും സമന്മാരാണെന്നത് തന്നെ ഈ കൂട്ടായ്മയുടെ വിജയവും. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

* ആയിരം എന്നത് കൃത്യമായ ഒരു സംഖ്യ അല്ല. ഇതില്‍ ഞാന്‍ കാണാതെ പോയിരിക്കാവുന്ന പല ബ്ലോഗുകളും, മലയാളത്തിലല്ലാതെ പേരുകള്‍ ഉള്ള ബ്ലോഗുകളും, ആദ്യാക്ഷരം മലയാളത്തിലല്ലാതെയുള്ള ബ്ലോഗുകളും ഒഴിവാക്കപ്പെട്ടിരിക്കാം. എങ്കിലും ആയിരം ആയിരം തന്നെ ;)

Sunday, April 08, 2007

ക്ലീന്‍ സിറ്റി...

ORG MARG ന്റെ പുതിയ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പത്ത് പട്ടണങ്ങളില്‍ തിരുവനന്തപുരവും പെട്ടിട്ടുണ്ടത്രേ.. അത്ഭുതപ്പെടുത്തുന്ന കാര്യം അതല്ല..ആ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ചെന്നൈ ആണ്‍. ഇന്ത്യയിലിപ്പോള്‍ വൃത്തി എന്ന വാക്കിന്റെ അര്‍ത്ഥം മാറിപ്പോയോ എന്തോ?!

Saturday, April 07, 2007

വിദേശ കുത്തകകള്‍ വിപണി ലക്ഷ്യമിടുന്നു.

നമ്മുടെ ഭക്ഷ്യ സംസ്കാരം തകര്‍ത്ത്‌ വിദേശകുത്തകകള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കടന്ന്‌ കയറാന്‍ ഗൂഡതന്ത്രങ്ങള്‍ മെനയുന്നു. മൊണ്‍സാന്റോ, കാര്‍ഗില്‍, എ.സി.എം തുടങ്ങിയ വിദേശകമ്പനികള്‍ നമ്മുടെ ഭക്ഷ്യമേഖലയില്‍ പിടിമുറുക്കാനുള്ള നീക്കത്തിലാണ്‌. സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നതിന്‌ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഒത്താശ നല്‍കുന്നു. 'സംസ്കരിച്ച ഭക്ഷണം കഴിക്കൂ, ആരോഗ്യം സം‌രക്ഷിക്കു' എന്ന പരസ്യം ഇടവിട്ട്‌ ടി.വി.കളില്‍ ഭക്ഷ്യമന്ത്രാലയംതന്നെ നല്‍കുന്നു. അപ്പോഴപ്പോള്‍ തയ്യാറാക്കുന്ന ഭക്ഷണത്തേക്കാള്‍ എത്രയോ ഇരട്ടി അപകടകരം ആണ്‌ സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍. അതിലടങ്ങിയിരിക്കുന്ന രാസ വസ്തുക്കള്‍ വരുത്തിവയ്ക്കാവുന്ന അപകടങ്ങള്‍ അധിക്റുതര്‍ മറച്ചുവെയ്ക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ കമ്പനികളുടെ ഓഫീസ്സുകളില്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ തീരുമാനിക്കുന്ന കാലമാണ്‌ വരുന്നത്‌. ഇതിനെതിരെ അപൂര്‍‌വം ചിലരില്‍ നിന്നേ ചെറുത്ത്‌നില്പ്‌ ഉയരുന്നുള്ളൂവെന്നതും പ്രസ്താവ്യമാണ്‌.

Thursday, April 05, 2007

കോളയില്‍ വിഷമുണ്ട്‌ - കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു.

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു. കൊക്കൊകോളയില്‍ മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ വ്യകതമാക്കി. കോളകളില്‍ വിഷാംശം ഉണ്ടെന്ന്‌ 'സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌' കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കേന്ദ്രം രൂപവത്‌കരിച്ച വിദഗ്ദ്ധ സമിതി ഈയിടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഒഫ്‌ മെഡിക്കല്‍ റിസേര്‍ച്ചിന്റെ ഡയറക്ടര്‍ ജനറല്‍ എന്‍.കെ.ഗാംഗൂലി അദ്ധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രം സുപ്രിീം കോടതിയില്‍ റിപ്പോര്‍ട്ട്‌ നള്‍കിയത്‌. കോളകളില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്ന്‌ സര്‍ക്കാരും സമ്മതിച്ചതോടെ കോള ഉല്‌പന്നങ്ങള്‍ക്ക്‌ അന്തിമമായ ഗുണനിലവാരം നിശ്ചയിക്കാനുള്ള ബാധ്യത കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിക്ഷിപ്തമായിരിക്കുകയാണെന്ന്‌ സി.എസ്സ്‌.സി. പ്രസ്താവിച്ചു. 4 കൊല്ലമായി തങ്ങള്‍ നടത്തുന്ന പ്രചരണത്തിന്റെ യുക്തിപരമായ പര്യവസ്സാനമാണിതെന്ന്‌ സി.എസ്സ്‌.സി. ഡയറക്ടര്‍ സുനിതാ നാരായണന്‍ പറഞ്ഞു.കീടനാശിനികളുണ്ടോ എന്ന്‌ അറിയാന്‍ കോളകളിലെ പഞ്ചസാര പരിശോധിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ആഗസ്റ്റില്‍ പര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു. പഞ്ചസാരയാണ്‌ വെള്ളമല്ല കോളകളുടെ വിഷാംശത്തിന്‌ കാരണമെന്ന നിലപാട്‌ ആദ്യം കേന്ദ്രം സ്വീകരിച്ചിരുന്നു. ഇതേ വാദമായിരുന്നു കോള കമ്പനികളുടേതും. എന്നാല്‍ വിദഗ്‌ധ സമിതി പഞ്ചസാരയില്‍ വിഷാംശം കണ്ടെത്തിയിട്ടില്ല. തങ്ങളുടെ ഉല്‌പന്നങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ പരീക്ഷണശാലകളില്‍ പരിശോധിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കോള കമ്പനികളുടെ നിലപാട്‌. എന്നാല്‍ ലോകമെമ്പാടും സര്‍ക്കാരുകള്‍ കോളകള്‍ പരിശോധിക്കുന്നുണ്ട്‌. അതിനാല്‍ കോളകള്‍ പരീക്ഷണശാലകളില്‍ പരിശോധിക്കണമെന്നുതന്നെയാണ്‌ വിദഗ്‌ധ സമിതിയുടെ അഭിപ്രായം.കോളാപാനീയങ്ങള്‍ മനുഷ്യര്‍ക്ക്‌ ഹാനികരമെന്ന്‌ ചൂണ്ടിക്കാട്ടി സെന്റര്‍ ഫോര്‍ പബ്ലിക്ക്‌ ഇന്ററസ്റ്റ്‌ എന്ന സന്നഗ്ദ്ധ സഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ്‌ ജസ്റ്റിസ്സ്‌ എ.കെ.താക്കുറിന്റെ നേതൃത്വത്തിലുള്ള സുപ്രിം കോടതി ബെഞ്ച്‌ കേസ്സെടുത്തത്‌.

Sunday, April 01, 2007

പെരുന്തച്ചന്‍ സായിപ്പ് യാത്രയായി

മലയാളിയുടെ വാസ്തുശില്പകലയ്ക്ക് എന്നും പ്രിയപ്പെട്ട “ലാറി ബേക്കര്‍” വിട പറഞ്ഞു.

സാധാരണക്കാരുടെ പെരുന്തച്ചനായിരുന്നു ഈ ഇംഗ്ലണ്ടുകാരന്‍.
അദ്ദേഹത്തിന്റെ ഓര്‍മ്മയായി നമ്മുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്മാരകങ്ങള്‍ ഒരുപാടാണ്.
കയ്യില്‍ നില്‍ക്കാത്ത കാശിനു വീടുവയ്ക്കാതെ കയ്യിലുള്ള കാശിനു നല്ലവീടുവയ്ക്കാന്‍ മലയാളിയെ പടിപ്പിച്ചത് ഈ ബേക്കര്‍ സായിപ്പായിരുന്നു.

സിമന്റു പൂശാത്ത ചുവരുകള്‍ ഉള്ള വീടുകളെ (ഏത് ആര്‍ക്കിടെക്റ്റ് നിര്‍മ്മിച്ചാലും) നമ്മള്‍ ‘ബേക്കര്‍ സ്റ്റൈല്‍‘ വീടുകള്‍ എന്നു പറഞ്ഞതിന്റെ കാരണം ഈ സായിപ്പിന്റെ ദീര്‍ഘവീക്ഷണം മാത്രമാണ്.

തമ്പാനൂരിലെ വളഞ്ഞുമുകളിലേക്ക് കയറുന്ന ഇന്ത്യന്‍ കോഫീഹൌസിന്റെ ‘മാവേലിക്കഫേ’ ല്‍ ഇരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ഓര്‍ത്തുപോകും ഈ സായിപ്പിന്റെ വ്യത്യസ്ത ചിന്തകളെ.

ബേക്കര്‍ സായിപ്പിനു ആദരാഞ്ജലികള്‍.

സര്‍, പൈസ ഒരു പ്രശ്നമല്ല...

സര്‍, പൈസ ഒരു പ്രശ്നമല്ല , എനിക്കു് ഒരു "ചിലവു് കുറഞ്ഞ വീടു്" ഉണ്ടാക്കിത്തരണം !

പ്രശസ്ത വാസ്തുശില്പി ലാറിബേക്കര്‍ അന്തരിച്ചു. അദ്ദേഹത്തോടു് ഒരു "പൊങ്ങന്‍" ആവശ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നതാണു് മുകളില്‍ ഉദ്ധരിച്ചതു്.

ലാറിബേക്കര്‍ക്കു് അഭിവാദ്യങ്ങള്‍ !