Wednesday, January 03, 2007

അങ്കിള്‍ സാം അറിയാന്‍

ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനു മുന്‍പ്‌ എനിക്ക്‌ താങ്കളോട്‌ കുറച്ച്‌ കാര്യം പറയാന്‍ ഉണ്ട്‌. "ലോക സമാധാനം" ഉണ്ടാക്കുവാന്‍ ഇറങ്ങി പുറപ്പെട്ട താങ്കള്‍, താങ്കളുടെ "പുത്തന്‍ ലോക സമാധാന ആശയം" കാരണം സ്വര്‍ഗ്ഗത്തിലേക്ക്‌ എന്നെ കൂട്ടി കൊണ്ടു പോകാന്‍ വരുന്ന മാലാഖമാരെ കാത്തിരിക്കുന്ന ഈയുള്ളവന്റെ ദീനരോദനത്തിനു പുല്ലുവിലയേ കല്‍പ്പിക്കൂ എന്നു എനിക്കു അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല.


ഞാന്‍ ഈ കത്ത്‌ താങ്കള്‍ക്കു എഴുതുമ്പോഴും എന്റെയും എന്റെ അമ്മയുടെയും ശവശരീരം അവിടെ നിന്നു നീക്കിയിട്ടില്ല. ശവശരീരം എന്നു കണ്ടപ്പോള്‍ താങ്കള്‍ കരുതും അതു എന്താ അങ്ങിനെ എഴുതാന്‍ എന്ന്. അതെ ഞാന്‍ ഒരു ഗര്‍ഭസ്ഥശിശു ആയിരുന്നു. ഈ ലോകത്തേക്കു വരാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആണ്‌ താങ്കളുടെ നാട്ടിലെ ജനങ്ങള്‍ അവരുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക്‌ നല്‍കി ഞങ്ങളുടെ നാട്ടില്‍ "സമാധാനം" പുലര്‍ത്താന്‍ വേണ്ടി വേഷം കെട്ടിച്ച്‌ അയച്ചവരില്‍ ഒരുത്തന്‍ എന്റെ അമ്മയുടെ നിറവയറിലേക്ക്‌ നിറയൊഴിച്ചത്‌. എന്റെ അമ്മ അയാളോട്‌ കേണപേക്ഷിക്കുന്നത്‌ ഞാന്‍ എന്റെ അമ്മയുടെ സുരക്ഷിത കവചത്തില്‍ ഇരുന്നു കൊണ്ട്‌ കേള്‍ക്കുന്നുണ്ടായിരുന്നു. അതും അവര്‍ക്കു വേണ്ടി അല്ലായിരുന്നു. ഭൂമിയിലേക്ക്‌ വരാന്‍ ദിവസങ്ങള്‍ മാത്രമുള്ള എനിക്കു വേണ്ടി ആയിരുന്നു. പക്ഷേ, ആ പട്ടാളക്കാരന്‍ "ഇവന്‍ വലുതാകുമ്പോള്‍ ഞങ്ങള്‍ക്ക്‌ ഭീഷണി ആകും. അത്‌ കൊണ്ട്‌ ഇപ്പോഴെ എല്ലാം തീര്‍ത്ത്‌ തരാം" എന്നു പറഞ്ഞ്‌ കൊണ്ട്‌ എന്റെ അമ്മയുടെ വയറിനു (എന്റെയും) നേര്‍ക്ക്‌ തന്റെ യന്ത്രത്തോക്ക്‌ ഉപയോഗിച്ച്‌ നിറയൊഴിച്ചു. അതില്‍ നിന്നും വിസര്‍ജ്ജിച്ച 6 വെടിയുണ്ടകള്‍ എന്റെ അമ്മയുടെ വയറും എന്റെ നെഞ്ചുംകൂടും തകര്‍ത്ത്‌ എന്റെ അമ്മയുടെ പുറകുവശവും പിളര്‍ന്ന് പോകാന്‍ അധികം താമസം വേണ്ടി വന്നില്ല. മരണ വെപ്രാളത്തിനിടയിലും എന്റെ അമ്മയുടെ കൈകള്‍ അമ്മയുടെ വയറിനു മേലെ ആയിരുന്നു. എന്നെ അപ്പോഴും അമ്മയുടെ കൈകള്‍ തടവുന്നുണ്ടായിരുന്നു. എന്റെ ജീവന്റെ തുടിപ്പ്‌ എന്റെ അമ്മയുടെ വയറ്റില്‍ അവശേഷിക്കുന്നുണ്ടോ എന്നു അറിയാന്‍ വേണ്ടി....

എത്ര പേരുടെ സ്വപ്മങ്ങള്‍ ആണ്‌ താങ്കളും താങ്കളുടെ ആ പട്ടാളക്കാരനും കൂടെ തകര്‍ത്തത്‌? ഈ ലോകം കാണാനും കേള്‍ക്കാനും അത്‌ ആസ്വദിക്കാനും വെമ്പി നില്‍ക്കുകയിരുന്ന എന്റെ...എന്നെ ചേര്‍ത്ത്‌ പിടിച്ച്‌, എനിക്ക്‌ ചൂടു നല്‍കി, അമ്മിഞ്ഞ നല്‍കി അതില്‍ നിര്‍വൃതി അടയുന്ന എന്റെ അമ്മയുടെ, എന്നെ വെച്ച്‌ സ്വപ്നങ്ങള്‍ കണ്ടിരുന്ന എന്റെ പിതാവിന്റെ..തങ്ങള്‍ക്ക്‌ ഒരു കൂടപ്പിറപ്പ്‌ വരുന്നു എന്നു സന്തോഷിച്ചിരുന്ന എന്റെ സഹോദരങ്ങളുടെ..അങ്ങിനെ എത്ര പേരുടെ..

അങ്കിള്‍ സാം, ഞാന്‍ ഒന്നു ചോദിക്കട്ടെ. താങ്കളും താങ്കളുടെ പട്ടാളവും വല്ല ഉപകരണവും കണ്ടു പിടിച്ചിട്ടുണ്ടോ ഗര്‍ഭസ്ഥ ശിശു ഒരു ഭീകരന്‍ ആണ്‌ എന്നു അറിയാന്‍ വേണ്ടി? കണ്ട്‌ പിടിച്ചിരുന്നു എങ്കില്‍ അത്‌ നേരത്തെ കണ്ടു പിടിക്കണം ആയിരുന്നു. കൃത്യം ആയി പറഞ്ഞാല്‍ 60 കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌ അത്‌ ഉണ്ടാക്കി താങ്കളുടെ പിതാവ്‌ ബുഷ്‌ സീനിയര്‍ക്ക്‌ നല്‍കണം ആയിരുന്നു. അതെ, ഞങ്ങളുടെയും ഈ ലോകത്തിനു മുന്‍പിലും താങ്കള്‍ ആണ്‌ ഭീകരവാദി

അങ്കിള്‍ സാം, എന്റെ നാട്ടില്‍ സമാധാനം പുലരുന്നില്ല എന്ന് പറഞ്ഞ്‌ കൊണ്ട്‌ ഞങ്ങള്‍ താങ്കളെയും താങ്കളുടെ പട്ടാളത്തെയും വിളിച്ച്‌ വരുത്തിയതാണോ? ഞങ്ങളുടെ രാജ്യം ഭീകരവാദത്തിനു വളം വെച്ച്‌ കൊടുക്കുന്നു എന്നു പറഞ്ഞ്‌ ഇവിടെ ഉള്ള പാവങ്ങളെ കൊന്നു കൊല വിളിച്ചതിനു ശേഷവും ഈ ലോകത്ത്‌ താങ്കള്‍ക്കും താങ്കളുടെ ഏറാന്മൂളികള്‍ക്കും സമാധാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവോ? താങ്കളും താങ്കളുടെ ശിങ്കിടികളും എന്റെ രാജ്യത്തേക്ക്‌ വരുന്നതിനു മുന്‍പേ തന്നെ താങ്കളും താങ്കളുടെ സഖ്യ രാജ്യങ്ങളും പിന്നെ താങ്കളുടെ താളത്തിനൊത്ത്‌ തുള്ളുന്ന യു.എന്‍ എന്ന നോക്കുകുത്തിയും ചേര്‍ന്ന് എന്റെ രാജ്യത്തിലെ ലക്ഷകണക്കിനു കുഞ്ഞുങ്ങളെ ഉപരോധം എന്ന പേരു പറഞ്ഞ്‌ പട്ടിണിക്കിട്ട്‌ കൊന്ന്, അവരുടെ സ്വപ്നങ്ങളെയും, ഒരു രാജ്യത്തിന്റെ തന്നെ ഭാവിയും ചവിട്ടി മെതിച്ചില്ലേ?

ഒന്നു ഓര്‍ക്കുക. താങ്കള്‍ പടച്ച്‌ വിട്ട ഒരോ ആയുധവും താങ്കള്‍ക്ക്‌ നേരെ തിരിച്ചടിക്കും. സത്യം എല്ലാ കാലത്തും മൂടി വെക്കാന്‍ താങ്കള്‍ക്കൊ, താങ്കളുടെ പണകൊഴുപ്പ്‌ കൊണ്ടു ഉണ്ടാക്കിയ ശാസ്ത്രത്തിനോ, ശാസ്ത്രഞ്ജന്മാര്‍ക്കോ, താങ്കളുടെ വാലാട്ടികള്‍ക്കൊ സാധിക്കില്ല. ഒരിക്കല്‍ താങ്കള്‍ അല്ലെങ്കില്‍ താങ്കളുടെ പിന്‍ഗാമിയൊ ഇതില്‍ പരിതപിക്കേണ്ടി വരും. ഒന്നു തീര്‍ച്ച, ഈ ലോകത്ത്‌ എത്‌ കോടതി താങ്കള്‍ക്ക്‌ ശിക്ഷ വിധിച്ചില്ലെങ്കില്‍ കൂടി ദൈവത്തിന്റെ കോടതിയില്‍ താങ്കള്‍ പ്രതികൂട്ടില്‍ ആയിരിക്കും. അന്ന് ഞാനും എന്നെ പോലെ ഉള്ള ലക്ഷകണക്കിനു കുട്ടികളും താങ്കള്‍ക്കെതിരെ സാക്ഷി പറയും. ദൈവം താങ്കളെ രക്ഷിക്കട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍ തന്നെയും ദൈവം താങ്കളെ രക്ഷിക്കുമൊ? അറിയില്ല. എങ്കിലും പറയുന്നു.. ദൈവം താങ്കളെ രക്ഷിക്കട്ടെ..താങ്കള്‍ക്ക്‌ നല്ല ബുദ്ധി ഉണ്ടാകട്ടെ.. നിറുത്തുന്നു.

എന്ന്,
ബാഗ്ദാദ്‌ തെരുവുകളില്‍ കളിച്ച്‌ നടക്കേണ്ട
ഒരു കുഞ്ഞിന്റെ ആത്മാവ്‌.

23 comments:

Anonymous said...

അങ്കിള്‍ സാമും,ബാഗ്ദാദും, ബൂലോകത്തെ മടുപ്പിച്ചു തുടങ്ങിയിരിക്കുന്നു. അതികം ആയാല്‍ ആ മോശയ്ക്ക് വിശന്നപ്പോള്‍ വീഴ്ത്തിയ “മന്ന” എന്ന അമൃത് പോലും സോക്ക്രട്ടീസിനു കൊടുത്ത “ഹെം‌ലോക്” പോലെ വിഷമയമാകും. ഇത്തിരി നേരം വേറെ എന്തെകിലും പറയൂ എന്റെ ബൊലോഗ ഗഡികളേ! ഞാന്‍ ഇതിലെ അഡ്മിന്‍ പവര്‍ മെമ്പറല്ലാണ്ടും പോയീ [ന്റെ ഒരു അഹങ്കാരേ!]. അതോ വിഷയ ദാരിദ്രമാണെങ്കില്‍ നമുക്ക് ആ പഴയ സംഭവന്‍ തുടരാം . യേത്?
“ഭക്രാനങ്കല്‍ അണക്കെട്ടും, പരിസ്ഥിതി പ്രശ്നങ്ങളും” ന്താ?

Anonymous said...

വെട്ടാന്‍ വരുന്നപോത്തിനോട്‌ വേദമോതിയിട്ടെന്താ കാര്യം?
ഷാനവാസ്‌ ഇലിപ്പക്കുളം

Anonymous said...

നല്ല, വ്യത്യസ്തമായ അവതരണം...

വിചാരം said...

നല്ല എഴുത്തിന് ബൂലോകത്തില്‍ പ്രോത്സാഹനമില്ല എന്നതിന് തെളിവാണ് ഈ പോസ്റ്റില്‍ കാണുന്ന കമന്‍റുകളുടെ എണ്ണ കുറവ് ... ഞാനൊന്ന് മനസ്സിലാക്കി ഈ ബൂലോകത്തില്‍ നല്ല പോസ്റ്റുകള്‍ക്ക് കമന്‍റുകളില്ല ചപ്രാട്ചി പോസ്റ്റുകള്‍ക്ക് അനാവശ്യ വിവാദമുണ്ടാക്കി അനോണിമാരെങ്കിലും രംഗത്ത് വരും ... പിന്നെ കുറെ പുത്തി ജീവിചമഞ്ഞ് നടക്കുന്ന ചില ബ്ലോഗേര്‍സ്സ് എന്തുമനസ്സിലാവാത്തത് എഴുതിയാലും ... 50 കമന്‍റുകളോളം നന്നായി .. (ആ നന്നായി പറച്ചില്‍ ആത്മാര്‍ത്ഥതയോടല്ല എന്നത് സത്യം) എന്നെഴുതുന്നവര്‍ക്ക് ഇങ്ങനെയുള്ള പോസ്റ്റുകള്‍ കണ്ണീല്‍ പിടിക്കില്ല ... 10 കമന്‍റുകള്‍ പോലും അര്‍ഹമല്ലാത്ത എന്‍റെയൊരു പോസ്റ്റിന് വെറുതെ 145 കമന്‍റുകളോളം എവിടെ പോയി അവരെല്ലാം ...... ഹോ അതു ശരിയാ പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ .. നല്ലത് നായ തിന്നില്ലാന്ന്

Unknown said...

മെലഡിയസ്,
നല്ല പോസ്റ്റ്. ഈ സംഭവം ഏതൊരു പട്ടാള ഓപ്പറേഷനിലും കടന്ന് വരാറുള്ള ‘ട്രിഗര്‍ഹാപ്പി’ എന്ന തരത്തില്‍ പെട്ട വെറിയന്മാരായ പട്ടാളക്കാരുടെ ചെയ്തികളാവാം എന്ന് പറയുമ്പോഴും അമേരിക്ക ഇറാക്കിനെ അധിനിവേശിച്ചതിനെ ഞാന്‍ തുറന്നെതിര്‍ക്കുന്നു. നീ പോയി ഒരു ഗര്‍ഭസ്ഥശിശുവിനെ കൊല്ല് എന്ന് ആരും പറഞ്ഞ് കാണില്ല. സമാന സംഭവങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടെ കാശ്മീര്‍ ഓപ്പറെഷനിലും ആരോപിക്കപ്പെട്ടിട്ടുണ്ട്.

പക്ഷെ ഈ കുഞ്ഞ് ഒരു പ്രതീകം മാത്രമാണ് എന്നും ഈ സംഭവം അധിനിവേശത്തിലെ ഒരേട് മാത്രമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു, സമ്മതിക്കുന്നു. തകര്‍ന്ന് പോയ ഇറാക്കിന്റെ സ്വപ്നങ്ങള്‍ എന്നെ നൊമ്പരപ്പെടുത്തുന്നു.

ഓടോ: പ്രിയ വിചാരം, വിവേകവും വികാരവും കൈകോര്‍ത്ത് പിടിച്ച് ഡിസ്കോയ്ക്ക് പോകാറില്ല. ഇത് നെതര്‍ലാന്റല്ലാത്തത് കൊണ്ട് മാത്രമല്ല അത് എന്ന് താങ്കള്‍ക്ക് മനസ്സിലാവുമല്ലോ.താങ്കളുടെ വാക്കുകളില്‍ വികാരമാണ് വിവേകത്തേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത്.

Anonymous said...

Its none like so. May be all bloggers fear about the latest DareDevil Warrior Mr.BUSH who will punish the commentor.

അരവിന്ദ് :: aravind said...

പുതുതായി ഒന്നുമില്ല.
എല്ലാ യുദ്ധങ്ങളിലും നിരപരാധികള്‍ ചത്തൊടുങ്ങുന്നു.
“കാഷ്വാലിറ്റീസ് ഓഫ് വാര്‍“ എന്ന പടം കണ്ടിട്ടുണ്ടോ?

പണ്ട് സദ്ദാം ഷിയകളെ മസ്റ്റാര്‍ഡ് ഗ്യാസിട്ട് കൊന്നപ്പോള്‍ നവദ്വാരങ്ങളിലൂടെയും ചോര വാര്‍ന്നു മരിച്ച ഏതെങ്കിലും ഗര്‍ഭിണിയുടെ വയറ്റിലെ ജീവന്‍ അയാളെ ശപിച്ചു കാണുമോ ആവോ..

കുറുമാന്‍ said...

മെലഡിയസ്, ഈ പോസ്റ്റ് ശ്രദ്ധയില്‍ പെടാതെ പോയതാണ്. ഇപ്പോള്‍ വിചാരത്തിന്റേയും, ദില്‍ബുവിന്റേയും ചുവട് വച്ച് ഇവിടെ എത്തി. നന്നായിരിക്കുന്നു. ഇതേ പ്രമേയം ഒരു കവിതാ രൂപത്തിലും ഇന്നലെ രാവിലെ ഒരു ബ്ലോഗില്‍ വന്നിരുന്നു.

Anonymous said...

കുറുമാന്‍,

ഈ പ്രമേയം അധികരിച്ച് ബ്ലോഗില്‍ ഞാന്‍ വായിച്ച ഏറ്റവും നല്ല കവിത ഇതാ ഇവിടെയുണ്ട്!

http://physel-poilil.blogspot.com/2006/09/blog-post_07.html#links

Sreejith K. said...

വിചാ‍രം, നല്ല പോസ്റ്റുകള്‍ക്ക് കമന്റുകള്‍ ഒരുപാട് വരണമെന്ന് വാശി പിടിക്കരുത് പ്ലീസ്. വായിക്കുന്നവരും ഇഷ്ടപ്പെട്ടവരും കമന്റിട്ടേ പറ്റൂ എന്ന് താങ്കളെ ആരാണ് പഠിപ്പിച്ച് വച്ചിരിക്കുന്നത്. ഇതേ കമന്റ് പലയിടത്തും താങ്കള്‍ ഇട്ടു കണ്ടു. ദയവായി കമന്റിനോടുള്ള ഈ സ്നേഹം ഒന്ന് കുറയ്ക്കൂ. കമന്റുകള്‍ പോസ്റ്റുകളുടെ അളവുകോലല്ല ഒരിക്കലും.

മെലഡിയസ്, നല്ല എഴുത്ത്. മനസ്സില്‍ തട്ടുന്നുണ്ട്. ആഫ്രിക്കയില്‍ പട്ടിണി കിടന്ന് മരിക്കുന്ന അമ്മകളുടെ വയറ്റിലുള്ള കുട്ടികളും ഇതേ കഥ തന്നെയാവും പറയുക, അല്ലേ. അങ്കിള്‍ സാം മാത്രമല്ല, മര്യാദ പഠിക്കേണ്ടവര്‍ ലോകത്ത് പലരുമുണ്ട്. മനുഷ്യത്വത്തിലെ വിലമതിക്കാത്ത എല്ലാവര്‍ക്കുമെതിരേ ആകാമായിരുന്നു ഈ യുദ്ധം എന്ന് തോന്നായ്കയില്ല.

ഓ.ടോ: കമന്റിടാന്‍ വൈകിയത് എന്റെ ഓഫീസില്‍ ബ്ലോഗര്‍ നിരോധിക്കപ്പെട്ടതുകൊണ്ടാണ്ട്. അല്ലാതെ ചളം പോസ്റ്റുകല്‍ക്ക് മാത്രമേ കമന്റിടൂ എന്ന വാശി ഉള്ളത് കൊണ്ടല്ല.

Anonymous said...

യുദ്ധത്തില്‍ ജയവും, പരാജയവും ഇല്ലെന്നും, മരണം മാത്രമേ ഉള്ളുവെന്നും മനസ്സിലാക്കാന്‍ സ്വേച്ഛാധിപതികള്‍ തയ്യാറാവുന്നില്ല. അതുകൊണ്ടാണ് സൂര്യനെ വെല്ലാന്‍ കഴിയുന്ന തേജസ്സുറ്റ പിഞ്ചു മുഖങ്ങള്‍, മാതാപിതാക്കളുടെ ജഡങ്ങള്‍ തിരഞ്ഞു നടക്കാന്‍ വിധിക്കപ്പെടുന്നത്. ഈ ഭൂമി ആരുടേയും സ്വന്തമല്ലെന്നും, മതില്‍ക്കെട്ടുകള്‍ തീര്‍ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മനസ്സിലാക്കുന്ന ഒരു കാലം അത് നൂറ്റാണ്ടുകള്‍ക്കപ്പുറത്താണെങ്കില്‍ പോലും അന്ന് നമുക്ക് സന്തോഷത്തിന്റെ സാഹോദര്യത്തിന്റെ കഥകള്‍ പറയാന്‍ കഴിയും.

വിചാരം said...

പ്രിയ ദില്‍ബൂ .. ഒരുപക്ഷെ താങ്കളുടെ വീക്ഷണം ശരിയായിരിക്കാം അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല ( എപ്പോഴും വിവേകത്തേക്കാള്‍ മുന്‍പന്തിയില്‍ വിവേകം നില്‍ക്കണമെന്നില്ല ... ദില്‍ബൂ (സ്നേഹത്തോടെ) താങ്കള്‍ ദേഷ്യപ്പെടാറില്ലേ .. എന്താണ് ദേഷ്യമെന്ന വികാരത്തിന്‍റെ അന്തസത്ത ? ഈ പോസ്റ്റ് വായിച്ചിരിക്കേണ്ടതുണ്ട് കാരണം ചില യാഥാര്‍ഥ്യങ്ങള്‍ നമ്മുക്ക് മുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്ന് അതിനെ കണ്ണടക്കരുത് എന്നുപറഞ്ഞപ്പോള്‍ ഇത്തിരി വിവേകം പോയി ( പുത്തി ജീവികള്‍ എന്തുപറഞ്ഞാലും അതുസഹിക്കണമെന്ന് ദില്‍ബു വരികള്‍ക്കിടയില്‍ പറയുന്നു).
ജിത്തു .. കമന്‍റുകള്‍ അംഗീകാരമാണ് അതിന് കാജാ ബീഡിയുടെ തലപ്പാവ് പോലെയുള്ളതെല്ലെങ്കിലും ( ഞാന്‍ ഓടി .. ഞാന്‍ ഈ നാട്ടുക്കാരനല്ലേ...)
ഇനിയും ഈ പോസ്റ്റ് വായിക്കേണ്ടിയിരിക്കുന്നു

അരവിന്ദ് :: aravind said...

വിചാരം വികാരജീവിയാകരുതേ..
തനിക്കിഷ്ടപ്പെട്ട ഒരു പോസ്റ്റില്‍ മറ്റുള്ളവര്‍ കമന്റിയില്ലെങ്കില്‍ (കാരണം എന്തുമാകട്ടെ)
അവരെ കുറ്റം പറയുകയും , പൊതുസ്വഭാവം മോശമന്നു പറയുകയും...
ന്താ ദ്?
തുടക്കത്തില്‍ക്കണ്ട ആ ഒരു പക്വത വിചാരത്തിന് നഷ്ടപ്പെടുന്നുവോ?

ആളുകള്‍ ഇഷ്ടമുള്ളത് ചെയ്യട്ടെ..ഏത് മോശം ഏത് ശരി എന്നൊക്കെ എന്തിന് നോക്കണം?
താങ്കളുടെ അഭിപ്രായം പറയൂ, അത് പോരെ?

“ഓ.ടോ : എന്റെ ഒരു ബന്ധു ചിലപ്പോള്‍ ചില ഇംഗ്ലീഷ് പാട്ട് കൊണ്ടു വരും..കേള്‍ക്ക് ഉഗ്രനാ സൂപ്പറാ എന്നൊക്കെപ്പറഞ്ഞ്.
കേട്ടിട്ട് ഞാന്‍ പകുതിയാകുമ്പോളേ നിര്‍ത്തും. പരമബോറ്. പട്ടി ഇതിലും ഭേഷായി ഓരിയിടും.
ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാ പിന്നെയവന് പരിഭവം, പിണക്കം, എനിക്ക് സ്റ്റാന്‍‌ഡേര്‍ഡില്ല....
അവന്‍ ആള് സില്ലിയാണ്. ഞാന്‍ മൈന്‍ഡാറീല്ല.”

വിചാരം said...

പ്രിയ അരവിന്ദാ ... ബഹു:താങ്കള്‍ പുത്തിജീവിയാണറിയില്ല സോറി .. ഇപ്പോള്‍ ആരാ വികാരജീവിയായത് ഞാനോ അരവിന്ദനോ ? ( വികാരം കൊണ്ടു തിളക്കല്ലേ അരവിന്ദാ കൂള്‍ ഡൌണ്‍ ... കൂള്‍ യാര്‍ അമേരിക്കയോടിത്ര പ്രതിബദ്ധത വേണോ . അവരുടെ ശമ്പളം പറ്റുന്ന എനിക്ക് പോലും ഇത്രയില്ലല്ലോ .. കൂള്‍ സുഹൃത്തേ...കൂള്‍
( ഈ പോസ്റ്റ് നല്ലത് എന്ന് പറഞ്ഞവരെല്ലാം പൊട്ടന്മാരും എതിര് പറഞ്ഞ അരവിന്ദാതികളെല്ലാം പുത്തി ജീവികളുമെന്നാണോ താങ്കള്‍ വിവക്ഷിക്കുന്നത് അങ്ങനെയെങ്കില്‍ അങ്ങനെ പിന്നെ‍‍‍‍‍‍‍------- ഒന്നും നല്ലത് തിന്നില്ലല്ലോ അല്ലേ അരവിന്ദാ )

Anonymous said...

എന്റെ പ്രിയപ്പെട്ട സുഹൃത്തുകളേ,
ഈ ബ്ലോഗ്-വാര്‍ ഒന്ന് നിര്‍ത്താമോ?
ഇത് ബോലോഗത്തിലെ ഒരു സ്ഥിരം പരിപാടിയായിട്ടുണ്ട്. “ഉണക്കമീന്‍ചുട്ടതും പരിപ്പുകറിയും” എന്നൊരു പോസ്റ്റിടും. അതില്‍ “ആനപ്പിണ്ടത്തെക്കുറിച്ച് പറയാന്‍ ആരെങ്കിലും വരും, ഓനെ കൊല്ലാന്‍ കുറുവടിയും കുന്തവുമായി വേറെ ചില കൂട്ടര്‍. ബ്ലോഗ് മൂപ്പരെന്ന് ചിലര്‍, റെബലുകളെന്ന് മറ്റുചിലര്‍, കൂട്ടം തിരിഞ്ഞ് തല്ലാന്‍ വേണ്ടിമാത്രം ചിലര്‍(വ്യക്തിഹത്യക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ പേരുകള്‍ വിളമ്പുന്നില്ലാ), “നീ അന്ന് അവിടെ ഇട്ട കമെന്റിന് ഇന്നാ ഇന്ന് ഇവിടെ മറുപടി” എന്നും പറഞ്ഞ് ഹാലിളകി മറ്റുചിലര്‍. മാര്‍ക്കറ്റും,നിയമസഭയുമാണ് ഭേതം എന്ന് തോന്നിപ്പോകുന്നു ഗഡികളേ!!!

സഹതാപം തോന്നാറുണ്ട് പലപ്പോഴും.

വിവി

Anonymous said...

പ്രിയ മെലഡിയസ്‌,
നല്ല ഭാഷ,നല്ല അവതരണം. പക്ഷെ, കുട്ടി ചാപിള്ളയായിപ്പോയി.
ഈ കഴിവ്‌ നല്ല വിഷയങ്ങളിലെക്ക്‌ വരട്ടെ.
ഈ വിഷയത്തിന്റെ മടുപ്പാണ്‌ ചിത്രകാരനെ ഇതെഴുതിക്കുന്നത്‌.
സെന്റിമെന്റ്സുണ്ടാക്കുന്നതിനുവേണ്ടി മെലഡിയസ്‌ ഒരു ഗര്‍ഭസ്ഥ ശിശുവിനേയും അതിന്റെ അമ്മയേയും കോന്നിരിക്കുന്നു. ഇത്രക്കു ക്രൂരയാ/നാ/കരുത്‌...പ്ലീസ്‌...!!!
തംബാനൂരില്‍ കുട്ടികളുടെ ദേഹത്ത്‌ മുറിവുണ്ടാക്കി ഭിക്ഷക്കിരിക്കുന്ന ഭിക്ഷതൊഴിലാളി സ്ത്രീകളെ കണ്ടിട്ടുണ്ട്‌.
അതുപോലോരു പ്രകടനമായിപ്പോയി പ്രിയ മെലഡിയസ്‌ !
ഇങ്ങനെ അന്താരാഷ്ട്ര ഗീര്‍വാണങ്ങളില്‍ മുഴുകാതെ നമ്മുടെ നാട്ടിലെ പറംബുകിളക്കുകയോ, കുളം നന്നാക്കുകയോ.....മട്ടൊ ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാടും ഒരു അമേരിക്കയായേനെ !
ചിത്രകാരന്‍ വെറുതെ പറഞ്ഞെന്നെയുള്ളു. ചന്ദ്രനെ കല്ലെറിഞ്ഞു വീഴ്ത്താനായില്ലെങ്കിലും അടുത്ത ഇലക്ഷന്‌ രണ്ടു മുസ്ലീം വോട്ടുകിട്ടുമെങ്കില്‍ സഗതി നല്ലതാ....(സത്യം സമ്മതിച്ചൂടെ)

Unknown said...

മെലേഡിയസ്‌,
പറയാനുള്ളതെല്ലാം ഭംഗിയായ്‌ അവതരിപ്പിച്ചിരിക്കുന്നു.

മനുഷ്യത്വത്തിനെതിരെ കൊഞ്ഞനം കാണിക്കുന്ന എല്ലാ കാട്ടാളന്മാര്‍ക്കും എതിരെയുള്ള പോരാട്ടം അധികം വൈകാതെ ഉണ്ടാകട്ടെയെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

Anonymous said...

വെറുതെ വേണ്ടാത്തത് പറയല്ലേ ചിത്രകാരാ, പറംബ് കിളക്കുകയും കുളം നന്നാക്കുകയും ചൈതാല്‍ ഇന്ത്യ യേ ആകൂ, അമേരിക ആകണമെങ്കില്‍ ചില്ലറ കുണ്ടായിസവും പിടിച്ച് പറിയും ഒക്കെ വേണ്ടേ - എന്റെ പൊന്നു ചിത്രകാരാ...

Ziya said...

മെലഡിയസ്, നന്നായി താങ്കളുടെ അവതരണം. കമന്റാന്‍ വൈകിയത് വായിക്കാന്‍ വൈകിയതു കൊണ്ടു മാത്രമാണ്‍.
എല്ലാവരും നിസംഗതയോടെ കാണുന്ന, അല്ലെങ്കില്‍ ഈ പരിദേവനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നു കരുതുന്ന വേദനിപ്പിക്കുന്ന യാഥാ‍ര്‍ത്ഥ്യങ്ങള്‍....
ഒരു കാര്യം പറഞ്ഞോട്ടെ...ലോകത്ത് ദശലക്ഷങ്ങളെ കൊന്നൊടുക്കുന്നത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ്‍, അതിനാല്‍ മതങ്ങളോട് വെറുപ്പാണ്‍ എന്ന് ഈയിടെ ഒരാള്‍ പറഞ്ഞു...ആണോ? മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണോ ഈ അരും കൊലകളൊക്കെ? രാഷ്ട്രീയത്തിന്റെ അധികാരത്തിന്റെയും പേരിലുള്ള പടയൊരുക്കത്തിലല്ലേ ലോകചരിത്രത്തില്‍ കോടാനു കോടി നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞത്?

Anonymous said...

സത്യത്തെ മുറം കൊണ്ട്‌ മറച്ചു വക്കാന്‍ ആര്‍ക്കും കഴിയില്ല, 1400 വര്‍ഷങ്ങളായി എന്തുകൊണ്ട്‌ ക്രൈസ്തവ ഇവാഞ്ചലിസ്റ്റുകളും, സയണിസ്റ്റുകളും, അധികാരിവര്‍ഗ്ഗവും ഇസ്‌ ലാമിനെതിരില്‍ നീങ്ങുന്നു എന്നതിന്റെ കേവല സമവാക്യം മനസ്സിലാക്കിയാല്‍ ലോകത്ത്‌ ഇന്നു നടന്നുകൊണ്ടിരിക്കുന്ന യാധാര്‍ത്ഥ്യങ്ങള്‍ വസ്തുതകളായി നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും, പിന്നെ കുളം തോണ്ടാനും, പറമ്പു കിളക്കാനും കഴിവുള്ളവര്‍ അത്‌ ചെയ്തോട്ടെ, എല്ലാവരെയും അതിന` ആവശ്യമില്ലല്ലോ, ഈ പ്രതിഷേധങ്ങളെല്ലാം ഒരു പ്രതീകമാകട്ടെ...നാളെ നമ്മുടെ നാട്ടിലും ഇതൊന്നും സംഭവിച്ചുകൂടായ്കയില്ലല്ലോ? അന്ന് ഈ കുളം തോണ്ടുന്നവര്‍ കുലം തോണ്ടികളാകില്ല എന്നാരു കണ്ടു?

മെലോഡിയസ് said...

ഇത്‌ ഇവിടെ പോസ്റ്റ്‌ ചെയ്ത്‌ ഞാന്‍ ആ വഴിക്കു പോയി. മന:പൂര്‍വ്വം അല്ല. ക്ലാസ്‌ വീണ്ടും തുടങ്ങി. അതിന്റെ ഓരോ തിരക്കുകള്‍ കാരണം ഇതില്‍ കേറി നോക്കാന്‍ അല്‍പം താമസിച്ചു.

വിവി : താങ്കള്‍ക്ക്‌ പഴയത്‌ എന്നു തോന്നുന്ന വിഷയം ചിലപ്പോള്‍ എനിക്കു പുതിയത്‌ ആയി തോന്നും. മറിച്ചും സംഭവിക്കാം. എന്നാലും എന്നെ കൊണ്ട്‌ ആകുന്നത്‌ പ്ലെ അടുത്ത തവണ നന്നാക്കാന്‍ ശ്രമിക്കും. അഭിപ്രായത്തിനു നന്ദി.

ഷാനവാസ്‌: ഇന്നത്തെ കാലത്ത്‌ വെട്ടാന്‍ വരുന്ന പോത്തിനെ തിരിച്ച്‌ വെട്ടണം ( കയ്യില്‍ ആയുധം ഉണ്ടെങ്കില്‍, അല്ലെങ്കില്‍ വേറെ വഴി നോക്കണം) എന്നാണു എന്റെ അഭിപ്രായം.

സജിത്‌: നന്ദി..

വിചാരം: നന്ദി

ദില്‍ബാ: എല്ലായിടത്തും കാണും ഒരോന്ന്. കാഷ്മീരിലും ഇതൊക്കെ സംഭവിക്കുന്നുണ്ട്‌. അല്ലെങ്കില്‍ സംഭവിച്ചിരിക്കാം. എന്തായാലും എന്റെ മനസ്സില്‍ ഉള്ളത്‌ ദില്‍ബാസുരനും മനസിലായല്ലൊ. അഭിപ്രായത്തിനു നന്ദി.

അരവിന്ദ്‌: ഇറാനെയും ഷിയാക്കളെയും വരുതിയില്‍ നിറുത്താന്‍ അന്ന് ഇറാക്കിനൊപ്പം അമേരിക്ക കൂടെ ഉണ്ടായിരുന്നു എന്നു കൂടെ ഓര്‍ക്കുക.

കുറുമാന്‍. അഭിപ്രായത്തിനു നന്ദി.

ശ്രീജിത്ത്‌ : അഭിപ്രായത്തിനു നന്ദി. ശ്രീജിത്ത്‌ വിചാരത്തിനോട്‌ പറഞ്ഞ അഭിപ്രായത്തോട്‌ യോജിക്കുന്നു. ഇവിടെ പലരും വരുന്നുണ്ട്‌. പലരും ജോലിക്കിടയില്‍ നിന്നു ഒക്കെ ആകും കയറി വരുന്നത്‌. അവര്‍ക്കൊക്കെ കമന്റ്‌ ഇടാന്‍ സമയം കിട്ടി കൊള്ളണം എന്നില്ല. ഇതാണു എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ നല്ലത്‌ കണ്ടാല്‍ അതിനെ അഭിനന്ദികുന്നതും നല്ലത്‌ തന്നെ.

ആഫ്രിക്കയില്‍ എന്നു അല്ല. ഈ ലോകത്ത്‌ നടക്കുന്ന പല അരുതായ്മയുടെയും ഉറവിടം അമേരിക്കന്‍ നയങ്ങള്‍ ആണു എന്നു നോക്കിയാല്‍ മനസിലാകും. അതില്‍ പെട്ട്‌ പോകുന്നത്‌ ഒന്നും അറിയാത്ത കുറെ ആളുകളും ( വായിച്ചിട്ട്‌ ഞാന്‍ ഒരു അമേരിക്കന്‍ വിരോധി ആണു എന്നു തോന്നണ്ട. അമേരിക്കയോടോ, അവിടുത്തെ ജനങ്ങളോടൊ അല്ല..അമേരിക്കന്‍ നയങ്ങളോട്‌ ആണു എന്റെ എതിര്‍പ്പ്‌ )

ചിത്രകാരന്‍: അഭിപ്രായത്തിനു നന്ദി. ഞാന്‍ കണ്ടതും അല്ലെങ്കില്‍ കേട്ടതും ആയിട്ടു വരുന്നത്‌ ഞാന്‍ കുത്തി കുറിക്കുന്നു. ചിലപ്പോള്‍ അത്‌ സെന്റിമെന്റ്സ്‌ ആകാം. മനുഷ്യനു എപ്പോഴും ഒരു വികാരം അല്ലല്ലോ ഉള്ളത്‌. പിന്നെ, പറമ്പ്‌ കിളക്കുന്ന കാര്യം. ഒന്ന് രണ്ട്‌ തവണ ഞാന്‍ അത്‌ നോക്കിയതാ. എന്റെ പറമ്പില്‍ പണി എടുക്കുന്ന കാര്‍ത്ത്യ ചേട്ടന്‍ ചോദിച്ചു " അറിയാവുന്ന പണി എടുത്താല്‍ പോരെ മോനേ" എന്നു. അന്നത്തൊടെ അത്‌ ഞാന്‍ നിര്‍ത്തി. ഇലക്ഷനു നില്‍ക്കണം എന്നു ആഗ്രഹം ഇല്ലാതില്ല. പക്ഷെ അതിനു വോട്ട്‌ പിടിക്കാന്‍ നമ്മട നാട്ടില്‍ തന്നെ കാക്കതൊള്ളായിരം കാര്യം ഇല്ലേ ചിത്രകാരാ.

യുവശബ്ദം: അഭിപ്രായത്തിനു നന്ദി.

സിയ: അഭിപ്രായത്തിനു നന്ദി. ഒരിക്കലും ഞാന്‍ മതങ്ങളെ കുറ്റം പറയില്ല. ഏത്‌ മതവും ആക്രമണങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്യുന്നില്ല. ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി അത്‌ വളചൊടിക്കുന്നു. അതാണു നമ്മള്‍ തിരിച്ച്‌ അറിയേണ്ടതും എന്നല്‍ നാം തിരിച്ചറിയപ്പെടാതെ പോകുന്നതും.

കമന്റ്‌ ചെയ്ത എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി. വിമര്‍ശനങ്ങളെയും അഭിനന്ദനങ്ങളെയും ഒരു പോലെ സ്വീകരിക്കുന്നു.

മെലോഡിയസ് said...

ഇബ്നു സുബൈര്‍: ഞാന്‍ സിയാക്ക്‌ ഉള്ള മറുപടിയില്‍ പറഞ്ഞിരുന്നു. മതം ഇപ്പോള്‍ ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി വളചൊടിക്കുന്നു. അതില്‍ ഇസ്ലാം, ക്രിസ്ത്യന്‍. ഹിന്ദു എന്നൊന്നും ഇല്ല. എല്ലവരിലും അത്‌ കാണും. പക്ഷെ ഇന്ന് എറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതും ആരോപിക്കപ്പെടുന്നതും ഇസ്ലാമിനെതിരെ ആണു എന്നു മാത്രം.

പുള്ളി said...

ഈ പോസ്റ്റിന്‌ ഞാന്‍, ഈ പാട്ട്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു... :)