Tuesday, November 14, 2006

ശബ്ദതാരാവലി പോലൊന്ന് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍

പ്രിയപ്പെട്ടവരേ,
കൊച്ചിയില്‍ മിനിഞ്ഞാന്ന് നടന്ന സംഗമം രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമായത്.
1. മലയാളം പോര്‍ട്ടലിന്റെ തുടക്കം.
2. മലയാളം വാക്കുകളുടെ ഓണ്‍ലൈന്‍ സെര്‍ച്ചിങ്ങിനും അര്‍ത്ഥം കണ്ടുപിടിക്കുന്നതിനും സ്പെല്‍ ചെക്കിനും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഉതകും വിധം ‘ശബ്ദതാരാവലി’അടിസ്ഥാനമക്കി ഒരു ഡിക്ഷ്ണറി യൂണികോഡില്‍ കീ ഇന്‍ ചെയ്ത് വിക്കി രൂപത്തില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ആശയം മുന്നോട്ടുവച്ചത്.

ഇതില്‍ ആദ്യം പറഞ്ഞ മലയാളം പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമായ രീതിയില്‍ മുന്നോട്ടുപോകുന്നു.
എന്നാല്‍ ശബ്ദതാരാവലിയുടെ പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ വളരെ ബൃഹത്തായ ഒരു ശ്രമം നമ്മുടെയെല്ലാം ഭാഗത്തുനിന്ന് വേണ്ടിയിരിക്കുന്നു. ഇത് കൊച്ചി മീറ്റില്‍ പങ്കെടുത്ത ഏതാനും ബൂലോഗരില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട കാര്യമല്ല. മീറ്റിലെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം ചുവടേ:

പ്രോജക്റ്റിന്റെ പ്രധാന ഭാഗമായ ടൈപ്പിംഗ് ഇങ്ങനെ നിര്‍വ്വഹിക്കാം:
വരമൊഴി/മൊഴി ഇവ ഏതെങ്കിലും ഉപയോഗിച്ച ടൈപ് ചെയ്യാനറിയുന്ന മൂന്നുപേര്‍, ഇവര്‍ ചെയ്യുന്ന മാറ്റര്‍ സ്പെല്‍ ചെക്ക് ചെയ്ത് തെറ്റ് തിരുത്തി ശേഖരിച്ച് സൂക്ഷിക്കുന്ന ഒരാള്‍ - ഈ രീതിയിലുള്ള ടീമുകള്‍ക്ക് മൂലഗ്രന്ഥം ചെറുഭാഗങ്ങളായി ഏറ്റെടുക്കാവുന്നതാണ്.
മേല്‍പ്പറഞ്ഞ ടീമെന്നത് ഒരദ്ധ്യാപകന്റെ മെല്‍നോട്ടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.
കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ ഉമേച്ചിയെപ്പോലെയുള്ള അദ്ധ്യാപകര്‍ തയ്യാറായാല്‍ നന്നായിരിക്കും.
സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കീ ഇന്‍ ചെയ്യിക്കുന്ന പരിപാടിയുമായാണ് മുന്നോട്ടുപോകുന്നതെങ്കില്‍ അവര്‍ക്ക് പ്രോത്സാഹനമായി ചെറിയ പ്രതിഫലമേര്‍പ്പെടുത്താനുള്ള സംവിധാനമുണ്ടാക്കാമെന്നും ഈ ആശയം മുന്നോട്ടു വച്ച സിദ്ധാര്‍ത്ഥന്‍ അറിയിച്ചു.
-------------------------------------------------
ഇനി വേണ്ടത് പ്രവൃത്തിയാണ്. കേവലം നേരമ്പോക്കിനായി ബ്ലോഗെഴുതാനും മലയാളത്തില്‍ കമന്റു വയ്ക്കാനുമൊക്കെ മാത്രമാണ് നമ്മളില്‍ പലരും ‘വരമൊഴി’ ‘കീമാന്‍’ തുടങ്ങിയവ ഉപയോഗിക്കുന്നത്. ഈ പ്പറഞ്ഞ സൌകര്യങ്ങള്‍ വികസിപ്പിച്ച് അവ ഫ്രീയായി ഉപയോഗിക്കാന്‍ നമുക്കു വിട്ടു തന്നവര്‍ എന്ത് ലക്ഷ്യമിട്ടാണ് അവ വികസിപ്പിച്ചെടുത്തതെന്ന് നമ്മള്‍ ചിന്തിക്കുന്നില്ല.

അപ്പൊ നമ്മള്‍ ചെയ്യേണ്ടത് നമ്മുടെ കയ്യിലുള്ള ഈ ആയുധങ്ങളും പിന്നെ ദൈവം തന്ന വിശേഷബുദ്ധിയും നമ്മുടെ സമയത്തില്‍നിന്നല്‍പ്പവും ചെലവഴിച്ച് നല്ലമലയാളം എല്ലാര്‍ക്കും ലഭ്യമാകാന്‍ സഹായിക്കുന്ന ഒരു പ്രോജക്ടിനുവേണ്ടി ഒന്നിക്കുക എന്നതാണ്.

ഒരു തുറന്ന ചര്‍ച്ചയ്ക്കായാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്.
എന്ത് വേണമെന്ന് നമുക്ക് ഇവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം, അല്ലേ?

25 comments:

പുഞ്ചിരി said...

തീര്‍ച്ചയായും കഴിയുന്നവരെല്ലാം പിന്താങ്ങണം... ഒരു നല്ല ആശയം ആണ് ശബ്ദ താരാവലിയുടെ കാര്യത്തില്‍ കൊച്ചി മീറ്റില്‍ തുടക്കമിട്ടത്. അതു മുന്നോട്ട് കൊണ്ട് പോവാന്‍ നമുക്കാവട്ടെ... ഇപ്പറഞ്ഞ പോലെ ഒരു നാലംഗ ചെറു ടീമുകളായി നമുക്ക് തുടങ്ങാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍ സെന്ററിലുമുള്ളവര്‍ കാര്യമായി ഒന്നു മനസ്സു വെക്കുക. ഈ പ്രൊജക്റ്റിന്റെ പ്രധാന മേല്‍നോട്ടം (എന്നു വെച്ചാല്‍ ശബ്ദ താരാവലിയെ ഈ ടീമുകള്‍ക്ക് അസൈന്‍ ചെയ്യുക, തിരിച്ചു വാങ്ങുക, ക്രോഡീകരിക്കുക തുടങ്ങിയവ) ആരാണേറ്റെടുക്ക എന്നറിയേണ്ടിയിരിക്കുന്നു. ഞാനും ഇപ്പറഞ്ഞ പോലെ ഒരു ടീം കെട്ടിപ്പടുക്കാനാവുമോ എന്നൊന്ന് ശ്രമിക്കട്ടെ... എല്ലാ ഭാവുകങ്ങളും... ആശംസകള്‍...

Siju | സിജു said...

ഇതൊരു നല്ല സംരംഭമാണ്. ഏതു രീതിയിലുള്ള സഹായത്തിനും ഞാന്‍ തയ്യാര്‍.
ഒരു ഓണ്‍ലൈന്‍ ടീമുണ്ടാക്കുകയാണെങ്കില്‍ ഞാനംഗമാകാം.
പക്ഷേ, ഇതിന്റെ സോഴ്സ് ശബ്ദതാരാവലി എവിടെ കിട്ടും. അതിനു പകര്‍പ്പവകാശ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടാകുമോ..
ഇതിനുള്ള മറുപടി ഇതിനു മുമ്പെവിടെയെങ്കിലും പറഞ്ഞതാണോ.. ഞാന്‍ കണ്ടില്ലായിരുന്നു.

Mubarak Merchant said...

ആദ്യം ഈ പോസ്റ്റിട്ടത് ‘ഞങ്ങള്‍ കൊച്ചിക്കാര്‍’ എന്ന ബ്ലോഗിലാണ്.
അവിടെ വന്ന കമന്റുകള്‍ താഴെ:
പടിപ്പുര said...
ഇക്കാസ്‌,
പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.
എന്തു സഹായത്തിനും തയ്യാര്‍. അറിയിക്കുക

9:22 AM
സന്തോഷ് said...
പിന്തുണ അറിയിക്കുന്നു. ഈ പോസ്റ്റ് ബൂലോഗ ക്ലബില്‍ ഇടുന്നത് ഉചിതമായിരിക്കും.

9:29 AM
ഇക്കാസ് said...
കൊച്ചി മീറ്റുമായി ബന്ധപ്പെടുത്തിയാണ് ഇതിവിടെ പോസ്റ്റ് ചെയ്തത്, എന്തായാലും ഇതിലും ഉചിതമായ സ്ഥലം ബൂലോഗക്ലബ് തന്നെ. ഇതേ പോസ്റ്റ് അവിടെ ഇട്ടിട്ടുണ്ട്. ബാക്കി ചര്‍ച്ച നമുക്ക് അവിടെയാവാം, അല്ലേ?

9:42 AM
ഇക്കാസ് said...
കൊച്ചി മീറ്റുമായി ബന്ധപ്പെടുത്തിയാണ് ഇതിവിടെ പോസ്റ്റ് ചെയ്തത്, എന്തായാലും ഇതിലും ഉചിതമായ സ്ഥലം ബൂലോഗക്ലബ് തന്നെ. ഇതേ പോസ്റ്റ് അവിടെ ഇട്ടിട്ടുണ്ട്. ബാക്കി ചര്‍ച്ച നമുക്ക് അവിടെയാവാം, അല്ലേ?

9:48 AM
സിബു::cibu said...
ഒന്നു രണ്ട്‌ കാര്യങ്ങള്‍ പറയാനുണ്ട്‌.

1. വരമൊഴിയില്‍ ദാത്തുക്ക് ജോസഫ് ചേട്ടന്‍ വര്‍ഷങ്ങളെടുത്ത്‌ പകര്‍ത്തിയെഴുതിയ മലയാളം ഡിക്ഷ്ണറി കിടക്കുന്നുണ്ട്‌. അത്‌ കേരള ഫോണ്ടിലായിരുന്നു എഴുതിയിരുന്നത്‌. അതിനെ യുണീക്കോഡിലേയ്ക്ക്‌ കണ്‍‌വെര്‍ട്ട് ചെയ്തതും അവിടെയുണ്ട്‌. കണ്‍‌വെര്‍ഷനിലും അല്ലാതെയും ധാരാളം തെറ്റുകള്‍ അതിലുണ്ടെങ്കിലും ആ ഫയലിനെ ഒരു തുടക്കമായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

2. എല്ലാ സംസ്കൃതവാക്കുകളും ഓട്ടോമാറ്റിക്കലി മലയാളം വാക്കുകളാവുമോ? ഇല്ല എന്നാണുത്തരമെങ്കില്‍ (അതാണെന്റെ ഉത്തരം) ശബ്ദതാരാവലിയുള്‍പ്പടെയുള്ള ഡിക്ഷ്ണറികളെ ഗ്രേയിന്‍ ഓഫ് സോള്‍ട്ടോടുകൂടെ മാത്രമേ സ്വീകരിക്കാവൂ. അതായത്‌ ഒരു പ്രയോഗത്തിലില്ലാത്ത വാക്കുകളെ ഡിപ്രിക്കേറ്റഡ് എന്നും പറ്റുമെങ്കില്‍ ആ വാക്ക്‌ അവസാനമായി ഉപയോഗിച്ചുകണ്ട ഒരു നല്ല കൃതിയും റഫറന്‍സായി ചേര്‍ക്കണം.

3. ഈ പ്രോജക്റ്റ് ഒരു അരാജകത്വം സ്റ്റൈലില്‍ പോകുന്നതിനു പകരം കുറച്ചുപേര്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്തു് നടത്തുകയായിരിക്കും. ഉദാഹരണത്തിന് സിദ്ധാര്‍ത്ഥന് എല്ലാത്തിന്റേയും മേല്‍നോട്ടം നടത്താവുന്നതാണ്. വളണ്ടിയര്‍മാര്‍ക്ക്‌ സിദ്ധാര്‍ഥനും കൂട്ടരും തരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ മുന്നോട്ട് പോകാവുന്നതാണ്.

9:57 AM
മഹേഷ് മംഗലാട്ട് said...
ഈ പ്രോജക്ടിന്‍റെ പ്രവര്‍ത്തമത്തില്‍ ഏതു നിലയിലുള്ള സേവനത്തിനും തയ്യാര്‍.കഴിവിന്‍റെ പരമാവധി ഇക്കാര്യത്തില്‍ ചെയ്യാം.
മാഹി കോളേജിലെ മലയാളം വിദ്യാര്‍ത്ഥികളെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാം.അവരെ പരിശീലിപ്പിക്കാനും കമ്പ്യൂട്ടര്‍ സംവിധാനം നല്കാനും സാധിക്കം.

10:17 AM
ഇത്തിരിവെട്ടം said...
ഫുള്‍ സപ്പോര്‍ട്ട്.

10:43 AM
ഇക്കാസ് said...
മഹേഷ് മൊഗലാട്ടിന്റെ കോണ്ടാക്റ്റ് ഡീറ്റെയിത്സ് കിട്ടിയാല്‍ ഉപകാരമായിരുന്നു

11:04 AM
ഇക്കാസ് said...
മഹേഷ് മംഗലാട്റ്റിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്.
എനിക്കൊരു മെയില്‍ അയയ്ക്കുമോ?
bluemoondigital @ gmail.com

11:06 AM

Anonymous said...

jona said...
എന്റെ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.

11:28 AM

Anonymous said...

ഇക്കാസെ ശബ്ദതാരാവലി എന്ന വാക്ക് ഉപയോഗിച്ചാല് താരാവലിക്കാര് പിടിച്ചിടിക്കും. ഉടനടി നമ്മള് ഓണ്ലൈന് പദാവലിയുടെ പണി ആരംഭിക്കുന്നതായിരിക്കും. 11:14 AM

ചന്ദ്രസേനന്‍ said...

ഈ സംരഭം വിജയകരമാക്കാന്‍ എന്നാല്‍ കഴിയുന്ന എല്ലാസഹായവും ഞാന്‍ നല്‍കാം.അറിയിക്കുക..

മലയാളം മറന്നു പോയേക്കവുന്ന വരും തലമുറക്ക് വേണ്ടി ഇത്രയെങ്കിലും നമ്മള്‍ ചെയ്യേണ്ടതാവശ്യമാണ്.

mydailypassiveincome said...

ഇതൊരു നല്ല സരംഭമാണ്. ഞാനും എന്റെ പരിപൂര്‍ണ്ണ പിന്തുണ എന്റെ ഭാഗത്തുനിന്നും ഉണ്ടാകും.

സു | Su said...

ഇക്കാസേ :) എന്തെങ്കിലും എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതുണ്ടെങ്കില്‍ ചെയ്യാം. പറയുമല്ലോ.

qw_er_ty

Anonymous said...

കൊച്ചി സംഗമത്തിന്റെ സംഘാടകര്‍ക്ക്‌ അഭിനന്ദനങ്ങള്‍...ശബ്ദതാരാവലി വേഗം യാഥാര്‍ത്‌ഥ്യമാകട്ടെ എന്നാശംസിയ്ക്കുന്നു...

---കൊച്ചുഗുപ്തന്‍

sreeni sreedharan said...

ഒരക്ഷരം ഞാനും എന്‍റെ കീഴിലുള്ള ഒരു ടീമും ഏറ്റെടുത്തിരിക്കുന്നൂ...
(ഇക്കാസ് ബെറ്റിന്‍റെ കാര്യം മറക്കണ്ടാ. )

രാവുണ്ണി said...

ആശയത്തിനും സംരംഭത്തിനും അഭിനന്ദനങ്ങളും പിന്തുണയും അറിയിക്കുന്നു.

വിനോദ്, വൈക്കം said...

ഇക്കാസ്,
ഞാനും ഒരു അണ്ണാര്‍ക്കണ്ണനാവാന്‍ തയ്യാര്‍..
വീട്ടിലെ സിസ്റ്റം ആള്‍ റെഡി ഡെഡികേറ്റെഡ്.
സസ്നേഹം..
വൈക്കന്‍

Anonymous said...

കൊള്ളാം നല്ല സംരംഭം. എന്തു സഹായമാണ് ചെയ്യാന്‍ പറ്റുക എന്നറിയില്ല. എന്നാലും എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു..

Anonymous said...

അയ്യോ... ബെല്ലടിയ്ക്കല്ലേ... ആളു കേറാനുണ്ടേ...

Anonymous said...

ഇത് ശരിക്കും ആവശ്യമായ ഒരു കാര്യമാണ്‍. വിക്കിയില്‍ ഒട്ടേറെ കാര്യങ്ങള്‍ തര്‍ജ്ജമ ചെയ്യണമെന്നുണ്ട്. പക്ഷേ, മലയാളം നിഘണ്ടു ആവശ്യമാണ്‍. ഒരു പക്ഷെ, ഇങ്ങനെ എന്തെങ്കിലും തുടങ്ങുന്നത് ഏറ്റവും വലിയ ഒരു കാര്യമാണ്‍. എല്ലാ സഹായങ്ങളും പിന്തുണയും.

Cibu C J (സിബു) said...

ഇക്കാസേ, സിദ്ധാ.. ആരെങ്കിലും ഒരാള്‍ ഈ പ്രോജക്റ്റിന്റെ ലീഡ് ഏറ്റെടുക്കൂ. താന്‍‌തന്നെയാണോ ഏറ്റവും യോജിച്ചത്‌ എന്നാലോചിച്ച്‌ സമയം കളയരുത്‌. ആരെങ്കിലും ഒരാള്‍ ഉണ്ടാവുക എന്നതാണ് അതിലും പ്രധാനം. ഇത്രയധികം പേര് സന്നദ്ധരായിവന്നിട്ടുള്ളത്‌ പാഴാക്കരുത്‌.

Anonymous said...

യൂണിക്കോഡും മറ്റും അപ്രാപ്യമായ ഒരു കഫെയാണെനിക്ക്‌ യാത്രക്കിടയില്‍ പ്രാപ്യമായത്‌. ദയവായി കോപ്പി ചെയ്തു വായിക്കുമല്ലോ.

(ഇങ്ങനത്തെ ഒരു അവസ്ഥയിലേക്കാണല്ലോ ഭഗവാനേ നമ്മള്‍ യൂണിക്കൊഡും കൊണ്ടു പോകുന്നത്‌ :))
ശരി, കാര്യങ്ങള്‍ എന്റെ മനസ്സിലുള്ള വിധത്തില്‍ പറയാം.
പ്രാരംഭം മൂന്നു പടികളാകുന്നു.

1) ടീം ഉണ്ടാക്കുക

ഒരു വാധ്യാര്‍ അല്ലെങ്കില്‍ ഉത്തരവാദിത്ത്വമുള്ള ഒരാള്‍ (ചെക്ക്‌ ചെയ്യാന്‍), 3-ല്‍ താഴെ ടൈപ്പ്‌ ചെയ്യുന്ന ആളുകളും ആണ്‌ ഒരു ടീം. ഇത്തരം 3 ടീം എങ്കിലും ചുരുങ്ങിയതു വേണം.
ഇവര്‍ക്ക്‌ പണിയെടുക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം. അതിന്‌ കമ്പ്യൂട്ടര്‍ സ്ഥപനങ്ങളോ, സ്കൂള്‍ ലാബോ ഉപയോഗിക്കണം. (ഇക്കാസ്‌ തന്റെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ പ്രൊവൈഡ്‌ ചെയ്യുന്നതിന്‌ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. ഈ ടീമിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും റെമ്യുണറേഷന്‍ കൊടുക്കണം. പേജ്‌ അടിസ്ഥാനത്തില്‍ വേണം എന്ന നിര്‍ദ്ദേശമാണ്‌ എനിക്കുള്ളത്‌. അത്‌ ടീം ക്യാപ്റ്റന്‍ വിതരണം ചെയ്യും. ടീം ക്യാപ്റ്റന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുകയും അതു വെരിഫൈ ചെയ്യുകയും പൂര്‍ത്തീകരിച്ച ഭാഗങ്ങള്‍ അപ്പപ്പോള്‍ ക്രോഡീകരിക്കുന്നയാള്‍ക്കു എത്തിച്ചു കൊടുക്കുകയും(ഇ-മെയില്‍ വഴി) ചെയ്യും. (ക്രോഡീകരിക്കുക, സൂക്ഷിക്കുക എന്നീ ജോലികള്‍ 2 ആളെങ്കിലും ചെയ്യണമെന്നാണെന്റെ അഭിപ്രായം. ഏതെങ്കിലും വിധത്തില്‍ ഇവ നഷ്ടമാകാതെയിരിക്കണമല്ലോ)

2) മോഡ്യൂള്‍ ആക്കുക

ടീം എത്രയുണ്ടെന്നതിനനുസരിച്ച്‌ ഖണ്ഡങ്ങളായി പുസ്തകത്തെ ഭാഗിക്കണം. ഒരു പേജിന്‌(യൂണിക്കോഡ്‌ പ്രോഡക്ട്‌) ഇത്ര രൂപ എന്നതില്‍ ഒരു തീര്‍പ്പുണ്ടാവുകയും വേണം. കുട്ടികള്‍ക്കൊരു സമ്പാദ്യ പദ്ധതി എന്നൊരു ദുരുദ്ദേശം കൂടെ ഇതിലില്ലാതില്ല ;).

3) കീ ഇന്‍ ചെയ്യുക

സിസ്റ്റത്തിന്റെ ലഭ്യത അനുസരിച്ച്‌ ഇത്‌ വരമൊഴിയില്‍ പരിശോധിച്ച്‌ മംഗ്ലിഷ്‌ ആയി നോട്ട്‌ പാഡിലൊ അല്ലെങ്കില്‍ യൂണിക്കോഡ്‌ ആയോ സമാഹരിക്കാവുന്നതാണ്‌. ടൈപ്പ്‌ ചെയ്യുന്നവ, നിര്‍ദ്ദേശിക്കുന്ന ഫോര്‍മാറ്റില്‍ തന്നെ ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
(വാക്കു കഴിഞ്ഞു്‌ ',' സെപ്പരേഷന്‍ പോലുള്ളവ, ഐ.ടി. ക്കാര്‍ തീരുമാനിക്കുന്നറ്റിനനുസരിച്ചു വേണം) ഇല്ലെങ്കില്‍ നമ്മളുദ്ദേശിക്കുന്ന ഗുണം ഇതിനില്ലാതെ പോകും.
-----
എല്ലാം ടൈപ്പ്‌ ചെയ്യാന്‍ സമയമനുവദിക്കുന്നില്ല. കാര്യങ്ങള്‍ എല്ലാവരും ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് വിചാരിക്കുന്നു. ഇതു നന്നായി പൂര്‍ത്തിയാക്കാന്‍ പറ്റിയാല്‍ മറ്റു സംരംഭങ്ങള്‍ എളുപ്പമായേക്കും. 19-ആം തിയതി കഴിഞ്ഞാല്‍ ഞാന്‍ നെറ്റ്‌-ല്‍ ഉണ്ടാകും. അതുവരെയുള്ളവ പരമാവധി അപ്പപ്പോള്‍ അറിയാനും ശ്രമിക്കുന്നതാണ്‌. ചര്‍ച്ചകള്‍ തുടരട്ടെ.
നന്ദി.

വിശ്വപ്രഭ viswaprabha said...

മലയാളം നിഘണ്ടുവിനു വേണ്ടി ഇത്രയും കാര്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ കയ്യില്‍ ഉണ്ട്:

1. ദത്തുക് ജോസഫ് ചേട്ടന്‍ സ്വയം ടൈപ്പു ചെയ്ത് Microsoft Word ഫോര്‍മാറ്റില്‍ ചെയ്ത ഒരു സമ്പൂര്‍ണ്ണ മലയാളം മലയാളം ഡിക്ഷണറി.
ഇത് Keralite എന്ന ASCII ഫോണ്ട് വെച്ചാണ് എഴുതിയിരിക്കുന്നത്. അതിനെ യുണികോഡാക്കി മാറ്റിയതാണ് വരമൊഴി സൈറ്റില്‍ വെച്ചിട്ടുള്ളത്.

എന്നിരുന്നാലും കുറച്ചൊക്കെ തെറ്റുകള്‍ ആ രണ്ടു വേര്‍ഷനുകളിലും ഉണ്ട്. രണ്ടിന്റേയും കോപ്പികള്‍ എന്റെ കയ്യിലുണ്ട്. 2001 മുതല്‍ വളരെ സാവധാനത്തില്‍ ഞാന്‍ ശുദ്ധിചെയ്തുകൊണ്ടു വരികയാണ് ഈ ഡിക്ഷണറി. പക്ഷേ ഒറ്റയ്ക്കു ചെയ്യുന്നതിനാലും മറ്റു തിരക്കുകളുള്ളതുകൊണ്ടും ഒട്ടും വേഗതയില്ല. തക്കതായ ഒരു സമയം വന്നാല്‍ ഈ ജോലി പല ഭാഗങ്ങളായി പങ്കുവെച്ചുകൊടുക്കണം എന്നു കരുതിയിരുന്നു. അതിനി ആവാം.


2. ഇതുകൂടാതെ 11000 വാക്കുകളുള്ള ഒരു ലഘു English to മലയാളം പട്ടിക ശരിയാക്കിയിട്ടുണ്ട്. പരിഭാഷാവിക്കി ബ്ലോഗില്‍ കൊടുത്തിട്ടുള്ള ഡിക്ഷണറി പ്രോഗ്രാം ലിങ്കിലെ മിക്കവാറും വാക്കുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. പട്ടിക എന്നു വിളിക്കാന്‍ കാരണം ഓരോ വാക്കിനും സമാനമായ മലയാളം വാക്കു മാത്രമേ ഉള്ളൂ, കൂടുതല്‍ വിശദീകരണങ്ങള്‍ ഇല്ല എന്നതാണ്.

3.
ഇതും കൂടാതെ, ഇംഗ്ലീഷില്‍ നിന്നും ഹിന്ദി, തമിള്‍, കന്നട, തെലുഗു തുടങ്ങി ചില ഭാഷകളിലേക്കുള്ള ഇത്തരം പട്ടികകളും തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികകളൊക്കെ യുണികോഡിലാണുള്ളത്.

4. പ്രധാനപ്പെട്ട ചില നിഘണ്ടുക്കള്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്. ( ഉദാ: മോണിയര്‍ വില്യംസ് - സംസ്കൃതം-ഇംഗ്ലീഷ്, South Asian Etymologycal, അറബിക് തുടങ്ങിയവ).

5.
ഇംഗ്ലീഷ്-മലയാളം, മലയാളം-ഇംഗ്ലീഷ്, ഹിന്ദി-മലയാളം, തമിള്‍-ഇംഗ്ലീഷ് തുടങ്ങി ധാരാളം അച്ചടിച്ച നിഘണ്ടുക്കള്‍ കൈവശമാക്കിയിട്ടുണ്ട്. ഇതില്‍ മിക്കവാറും പലതും മുഴുവനായി OCR നിലവാരത്തില്‍ സ്കാന്‍ ചെയ്തു വെച്ചിട്ടുമുണ്ട്. യോജിച്ച ടീമുകളുമായി ഭാഗങ്ങളായി ഇവ പങ്കുവെച്ചു തരാവുന്നതാണ്.

മുകളില്‍ കാണിച്ചിട്ടുള്ള പട്ടികകളും പുസ്തകങ്ങളും ചേര്‍ത്ത് ഒരു മഹത്തായ ബഹുഭാഷാനിഘണ്ടു എന്നത് വ്യക്തിപരമായി എന്റെ ഒരു ജീവിതസ്വപ്നമാണ്.എല്ലാവരും ചേര്‍ന്നാല്‍ നമുക്കുണ്ടാക്കാവുന്നതേ ഉള്ളൂ അങ്ങനെയൊന്ന്.


6. വിക്ഷണറിയില്‍ മലയാളത്തിന് ഒരു വിഭാഗമുണ്ട്. എല്ലാവരും തയ്യാറായിവരുന്നതുവരെ കാത്തിരിക്കാം എന്ന ആലോചനയില്‍ അവിടെ ഇതുവരെ ഒന്നും കാര്യമായി ചെയ്തിട്ടില്ല.

7. ഇത്തരം ജോലികളില്‍ തികഞ്ഞ ചുമതല ആവശ്യമാണ്. കുറേയധികം ഒന്നും ചെയ്തില്ലെങ്കിലും ചെയ്യുന്നത് ഉത്തരവാദിത്തത്തോടെ സൂക്ഷ്മമായും സമയത്തിനും ചെയ്തുതീര്‍ക്കാന്‍ പറ്റണം. അതുകൊണ്ട് ‘എല്ലാവിധ സഹായവും’ വാഗ്ദാനം ചെയ്യുന്നവര്‍ അവരുടെ വാഗ്ദാനം വളരെ ചുരുങ്ങിയ അളവുകളില്‍ പല നിശ്ചിതഘട്ടങ്ങളായി അച്ചട്ടായി നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം. പറഞ്ഞേറ്റ സമയത്തുതന്നെ ജോലിയുടെ output തിരിച്ചേല്‍പ്പിക്കാനും പറ്റണം.

8. ഏറ്റവും പ്രധാന വിജയഘടകം വിദഗ്ദമായി ഈ ജോലി പങ്കുവെക്കുന്നതാണ്. ചില കാര്യങ്ങള്‍ en-mass ആയി (ഒരൊറ്റ ബാച്ച് ആയി) കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ചാവ്ം നല്ലത്. മറ്റു ചിലത് ശരിക്കും കൈകൊണ്ടു തന്നെ വേണ്ടി വരും. മഹേഷ് മാഷ് ഉദ്ദേശിക്കുന്ന തരത്തിലുള്ള രീതിയായിരിക്കും ഏറ്റവും നല്ലത്.

9. മലയാളത്തിലെ ഒരു word-list ഉണ്ടാക്കുകയെന്നത് ഇതുപോലെതന്നെ പ്രധാനമായ ഒരു കാര്യമാണ്. ഇതുവരെ യുണികോഡ് മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുള്ള ധാരാളം പേജുകള്‍ (ബ്ലോഗുകളും കമന്റുകളും ഏതാണ്ട് മുഴുവനായും തന്നെ) ശേഖരിച്ച് അത്തരമൊരു പദാവലി ഞാന്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അന്യഭാഷാപദങ്ങളും അക്ഷരത്തെറ്റുകളും അസാധാരണസന്ധികളും മാറ്റിക്കളയുക എന്ന ശ്രമകരമായ ശുദ്ധീകരണയ്ജഞം ബാക്കിയുണ്ട്.
ഇത്തരം ഒരു പദാവലി കൊണ്ട് പിന്നീട് മലയാളം ലെക്സിക്കണും വ്യാകരണവും സ്പെല്‍-ചെക്കറും ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമായിരിക്കും.


10. ഈ ചര്‍ച്ചയില്‍ എല്ലാ സുഹൃത്തുക്കളും പങ്കെടുത്ത് എല്ലാ ആശയങ്ങളും അവതരിപ്പിക്കട്ടെ. ടീമുകള്‍, ടീം ലീഡര്‍മാര്‍, അവര്‍ക്കു നിശ്ശ്ചയിച്ചിട്ടുള്ള ജോലികള്‍ ഇതെല്ലാം ചര്‍ച്ചയ്ക്കു വരട്ടെ. ഏതു മീഡിയ, ഫോര്‍മാറ്റ്, പോര്‍ട്ടല്‍, മെയില്‍ഗ്രൂപ്പ് എന്നിവയും നമുക്കിവിടെ ചര്‍ച്ച ചെയ്യാം.

വിശ്വപ്രഭ viswaprabha said...

ജോസഫ് ചേട്ടന്‍ അറിയിച്ചതനുസരിച്ച്:

വരമൊഴി സൈറ്റിലുള്ള നിഘണ്ടു “കേരള ഭാഷാ നിഘണ്ടു” എന്ന പേരില്‍ പ്രൊഫ:ഗുപ്തന്‍ നായരുടെ നേതൃത്വത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1997-ല്‍ ഇറക്കിയ ഒന്നാം പതിപ്പിനെ ആസ്പദമാക്കിയിട്ടുള്ളതാണ്.

കെവിൻ & സിജി said...

ഞാനെന്തു പണിയാണു് ചെയ്യേണ്ടതു്? എന്തിനും റെഡി.

കാളിയമ്പി said...

ഞാനും എന്റെ സിസ്റ്റവും റെഡി.

Datuk KJ Joseph said...

ശബ്ദതാരാവലി ഒരു യാഥാര്‍ഥ്യമാക്കുവാന്‍ എന്തുവേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാര്‍. ഞാന്‍ തയ്യാറാക്കിയ കേരള ഭാഷാ നിഘണ്ഡുവിലെ തെറ്രുകള്‍ തിരുത്തി അയച്ചുതരണമോ? ജോസഫ് ചേട്ടന്‍.

Anonymous said...

മലയാളം ഡിക്ഷ്ണറിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കണ്ടു. ഞാന്‍ മലയാള സാഹിത്യത്തില്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നയാളെന്ന നിലയില്‍ എന്നാലാകുന്ന സഹായം ചെയ്യാം. പ്രൂഫിലും മറ്റും നന്നായി സഹായിക്കാനാകും. പിന്നെ നന്നായി ടൈപ്പു ചെയ്യാനറിയാം.(ജിസ്റ്റിലും മറ്റും) യൂണിക്കോഡ് നിളയിലാണ് ചെയ്യുന്നത്. (മംഗ്ലീഷ് ടൈപ്പിങ്ങിന്‍റെ സ്പീഡ് പ്രശ്നവും മലയാളത്തില്‍ നിന്നുള്ള സാങ്കേതികമായ അകല്‍ച്ചയും എന്നെ വരമൊഴിയില്‍നിന്നകറ്റുന്നു. നമുക്ക് മലയാളമെഴുതുന്നതിനും മീഡിയം ഇംഗ്ലീഷ് തന്നെ ഹഹഹ...) പറഞ്ഞുവന്നത് അല്പം സാങ്കേതിക സഹായം കൂടി നല്കാന്‍ സുഹൃത്തുക്കള്‍ തയാറായാല്‍ ഞാനുമുണ്ട് കൂടെ............... നന്ദി..

Unknown said...

ഇത്തരമൊരു ബൃഹത് സംരംഭത്തിനു വേണ്ടി ഒത്തുചേരുന്ന സുമനസ്സുകളുടെ നീണ്ട നിരയില്‍ ഒരു കണ്ണിയാകാന്‍ ഞാനും ആഗ്രഹിക്കുന്നു.

ഇതില്‍ എനിക്കെന്തു ചെയ്യാന്‍ കഴിയുമെന്നറിയില്ല.
എങ്കിലും എന്നാലാവുന്നത് ഞാന്‍ ചെയ്യാം.

yetanother.softwarejunk said...

Check this site!

http://mashithantu.com/malayalam-dictionary/nighantu.html