Thursday, November 16, 2006

ഇരുമ്പു കത്തുമ്പോള്‍...

എല്ലാവരും നന്നായി കൂര്‍ക്കം വലിച്ചുറങ്ങിയല്ലോ അല്ലേ? ചിലരൊക്കെ ഉണര്‍ന്നെണീറ്റിട്ടുമുണ്ടാകും ഇപ്പോള്‍!
:-)
ഈയിടെ കുറച്ചായി എല്ലാദിവസവും ഈ ബൂലോഗക്ലബ്ബുകൂട്ടില്‍ വന്നുനോക്കും ഞങ്ങടെ കോഴിയമ്മ മുട്ട വല്ലതും ഇട്ടോന്നു നോക്കാന്‍. ഒരു തോല്‍മുട്ട പോലും കാണാതെ നിരാശയോടെ തിരിച്ചുപോവും.
അരി, മണ്ണെണ്ണ, പഞ്ചസാര തുടങ്ങിയ പ്രാരാബ്ധങ്ങളൊക്കെ കഴിഞ്ഞ് ഇന്നിപ്പോള്‍ വന്നത് ഏറെ നേരം വൈകീട്ട്. വന്നു കൂട്ടില്‍ തപ്പിയപ്പോള്‍ ഇഷ്ടം പോലെ മുട്ട!

നന്നായി!

ആദ്യമൊക്കെ ബ്ലോഗുകളില്‍ അടി നടക്കുമ്പോള്‍ എന്തൊരു വേവലാതിയായിരുന്നു! കെട്ടിപ്പൊക്കുന്ന മണല്‍ക്കൊട്ടാരത്തില്‍ തിരവന്നടിക്കുമ്പോഴത്തെ സങ്കടം.
അതൊക്കെ പോയി. ഇപ്പോള്‍ വല്ലപ്പോഴും ഒക്കെ ഒരടി നടക്കുന്നതു കണ്ടാല്‍ ഒരു ചെറിയ സുഖം പോലുമുണ്ട്. കാരണം ഇങ്ങനത്തെ അടി കഴിയുമ്പോഴാണ് കുറേ ആളുകള്‍ നല്ല കൂട്ടുകാരായി മാറുന്നത്.
ഓരോ കമന്റു വായിക്കുന്നതിനുമുന്‍പും ബൂലോഗക്ലബ്ബിന്റെ മുദ്രാവാക്യം ഒന്നു വായിച്ചുനോക്കും:“സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.” അതനുസരിക്കുന്ന എല്ലാ കമന്റും ശരിക്കു വായിക്കുകയും ചെയ്യും.

ഇതിനുമുന്‍പു നടന്ന ‘പ്രമാദമായ’ എല്ലാ അടികളും പോയ വഴിയ്ക്ക് ഇടയ്ക്കൊക്കെ നടന്നുനോക്കും. ഇനിയൊരിക്കലും പുല്ലുമുളക്കില്ലെന്നു കരുതി അന്ന് ഓടിയ വഴിയിലൊക്കെ ഇപ്പോള്‍ കൊച്ചുകിന്നാരത്തിന്റെ കുഞ്ഞുപൂക്കള്‍ മുതല്‍ മഹാസൌഹൃദങ്ങളുടെ വലിയ ആല്‍മരങ്ങള്‍ വരെ വളര്‍ന്നുമുറ്റി നില്‍ക്കുന്നു!

ആരെങ്കിലും മരിച്ചുപോയോ? ഇല്ല. കൂട്ടം പിരിഞ്ഞൊഴുകിയോ? അധികമാരുമില്ല.അഥവാ പോയെങ്കില്‍ തന്നെ അത്ര നഷ്ടബോധമുണ്ടാക്കാന്‍ പറ്റുന്നവരൊന്നും ഇവിടം വിട്ടുപോയില്ല. (ചിലര്‍ വിട്ടുപോയത് അടിപേടിച്ചല്ല, അരിയും മണ്ണെണ്ണയും സ്റ്റോക്കു തീരണ്ടെന്നു കരുതിയാണ്). എന്നു മാത്രമല്ല, ഈ അടികലശല്‍ നടത്തുന്നവരുടെ ശബ്ദം പിന്നീട് വേറിട്ട് കേള്‍ക്കാന്‍, പോയിന്റുകള്‍ നോട്ട് ചെയ്യാന്‍, ശണ്ഠകളൊക്കെ സഹായിച്ചിട്ടുമുണ്ട്. ഇന്ന് ഒരു സുഹൃത്തു പറഞ്ഞതു പോലെ, ‘കാറ്റുള്ളപ്പോള്‍ തൂറ്റണം’ എന്ന നിയമം വെച്ച് പോപ്പുലറാവാന്‍ പറ്റിയ സൂത്രം! ഇനി എനിക്കുമുണ്ടാക്കണം ഒരടി. എന്നാലേ നാലുപേര്‍ എന്നെയുമറിയൂ എന്നൊക്കെ തോന്നാറുണ്ട് ചിലപ്പോള്‍! ;)

ഇത്തരം ശണ്ഠകളെ ഒന്നും പ്രോത്സാഹിപ്പിക്കണം എന്നെനിക്കു തോന്നുന്നില്ല. പക്ഷേ അതിനെക്കുറിച്ച് അത്ര വേവലാതിപ്പെടാനൊന്നുമില്ല ഇനി.
ആയിരമോ രണ്ടായിരമോ ആളുകള്‍ വന്നു വായിക്കാന്‍ പോകുന്ന ഒരു സ്ഥലത്ത് എന്തെങ്കിലും എഴുതിയിടുമ്പോള്‍ നമുക്കു നമ്മോടുതന്നെ ഒരുത്തരവാദിത്തം ഉണ്ടാകും. അതും എഴുതുന്നത് ഞാന്‍ എന്ന (പേരുവെച്ചിട്ടല്ലെങ്കില്‍ പോലും) വ്യക്തിയാണെന്ന് വായിക്കുന്നവര്‍ നിര്‍ബന്ധമായും അറിയണമെന്നു തോന്നുമ്പോള്‍. (അങ്ങനെ തോന്നാത്തവരാണ് അനോണികളിലെ അലവലാതികള്‍. -നല്ല അനോണികളും ഉണ്ട്) അത് പഞ്ചായത്തുകവല ബസ്‌സ്റ്റോപ്പില്‍ ബസ്സുകാത്തുനില്‍ക്കുന്നവന്‍ ചുറ്റുപാടുകളോടു പ്രതികരിക്കുന്നതുപോലെയാണ്. വെറും വരത്തന്മാരാണെങ്കില്‍ എല്ലാത്തിലുമൊന്നും തലയിട്ടെന്നു വരില്ല. പക്ഷേ അതേ വാര്‍ഡില്‍ തുടര്‍ന്നു പോകാനുള്ള ഒരുത്തന്‍ കൂടുതല്‍ പ്രതികരിച്ചെന്നുവരും. അതിനാല്‍ ഒരുവന്‍ അവന്റെ ഇല്ലാത്ത സമയം മാറ്റിവെച്ച് പ്രശ്നങ്ങളില്‍ കാര്യമായി ഇടപെടുമ്പോള്‍ നമുക്കു സന്തോഷിക്കാം, നമ്മുടെ പഞ്ചായത്തിലും ആരെങ്കിലുമൊക്കെ ചോദിക്കാനും പറയാനുമുണ്ടെന്ന്.

മലയാളം ബ്ലോഗുകള്‍ ഒറ്റപ്പെട്ട തുരുത്തുകളായി കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്മൊഴിപ്രസ്ഥാനമാണ് അവയെയൊക്കെ കൂട്ടിയിണക്കിയത്. അതുവഴി നാം ആര്‍ജ്ജിച്ച ഏകാത്മകത വേറെ എന്നെങ്കിലും ഇന്റെര്‍നെറ്റിലോ മറ്റേതെങ്കിലും മാദ്ധ്യമങ്ങളിലോ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. നാട്ടില്‍ ‘അയല്‍‌വാസികളുടെ കല്യാണംകൂടല്‍’ പോലെ ബൂലോഗവാസികള്‍ പരസ്പരം കെട്ടിപ്പിടിക്കാനും ‘പുറം ചൊറിയാനും’ പായസത്തിലെ ഉപ്പിനെപ്പറ്റി സ്വകാര്യം പറയാനും തുടങ്ങിയത് അവിടെ വെച്ചാണ്. ഇപ്പോള്‍ നമ്മിലോരോരുത്തര്‍ക്കും സ്വന്തം ജോലിസ്ഥലമോ കുടുംബമോ പോലെത്തന്നെയോ ചിലര്‍ക്കെങ്കിലും ഗുരുതരമായി അതിനേക്കാളും കൂടുതലുമോ ഈ സംഘം ഒരു അഡിക്ഷനായിത്തീര്‍ന്നിട്ടുണ്ട്.

ഇതെത്രകാലമുണ്ടാവും? അനുഭവം വെച്ച് ഇത്തരം ഇന്റര്‍നെറ്റ് ആവേശങ്ങള്‍ക്ക് 2-3 വര്‍ഷത്തെ ആയുസ്സേകാണാറുള്ളൂ. അതുകൊണ്ടു് കുറച്ചുകഴിഞ്ഞാല്‍ ഇതൊക്കെ അടിച്ചുപിരിഞ്ച് കുട്ടിച്ചോറായാല്‍ ഒരത്ഭുതവും തോന്നില്ല. ‘എനിക്കു സ്വയം പിളരണം’ എന്നു പറയുന്നതു വരെ പിളര്‍ന്നുപിളര്‍ന്നു പോവാന്‍ പ്രത്യേക മിടുക്കുള്ള നാം മലയാളികളുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ. ശരാശരി മലയാളിസംഘത്തിന്റെ കൂട്ടായ്മഗ്രാവിറ്റി 50, കവിഞ്ഞാല്‍ നൂറ്‌ ആണ്. ഏത് ഐഡന്റിറ്റിയുടെ പേര്‍ക്കായാലുംഅതിനപ്പുറം നമുക്ക് കുശുകുശുപ്പും കുന്നായ്മയും ഒഴിച്ചുകൂടാനാവില്ല. നമ്മളാവട്ടെ, ഇപ്പോള്‍ 600നു മേലെയായിട്ടുണ്ട് ഏകദേശം.

എന്നിരുന്നാലും, ഈ പിന്മൊഴിസംഘം ഇപ്പൊഴൊന്നും അടിച്ചുപിരിഞ്ചുപോവാനുള്ള ലക്ഷണമില്ല. ഏറിയാല്‍ ഒന്നരദിവസമാണ് ഇവിടത്തെ അടിയുടെ ആയുസ്സ്. അതു കഴിയുമ്പോള്‍ കാണാം, “വീടെവിട്യാ?” “എച്ചൂസ് മീ, ഏതു കോളെജിലാ പഠിച്ചേ” എന്നൊക്കെ അന്യോന്യം പുറം ചൊറിയുന്നത്! ശ്ശെ!

ഈയടുത്ത് ഒരു ശിന്ന ‘ഗ്രൂപ്പ്’അടിയുണ്ടായി (മറ്റേ ദ്വന്ദനല്ല!, അതു കഴിഞ്ഞ്) . ദേവന്റെ വീട്ടിലിരുന്ന് അടി മുഴുവന്‍ ക്രിക്കറ്റുകളി കാണുന്നപോലെ കണ്ടുരസിച്ചിരിക്കുകയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും റണ്‍ ഒന്നും എടുക്കാതെ എല്ലാവരും മെയ്‌ഡന്‍ അടിക്കാന്‍ തുടങ്ങി. കളിയുടെ നടുക്ക് വെച്ച് ഓരോരുത്തര്‍ ഫോണ്‍ ചെയ്ത് സ്കോര്‍ ചോദിക്കാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു:“ഇത് വൈകുന്നേരമാവുമ്പോഴേക്കും ഡ്രോ ആവുംന്നാ തോന്നണേ...” ഒടുവില്‍ അത് അങ്ങനെ തന്നെ വന്നു.

ഇതിലൊരു നല്ല വശമുണ്ട്. സ്ക്രാപ്പ് അയേണ്‍ ഫര്‍ണസില്‍ ഉരുക്കുന്നതു കണ്ടിട്ടുണ്ടോ? അതിനിടയ്ക്ക് കണ്ടമാനം തീ കത്തുന്നതുകാണാം. ഇരുമ്പിനേക്കാളും ടെമ്പര്‍ കുറഞ്ഞ മറ്റു സാധനങ്ങളാണിങ്ങനെ കത്തിപ്പോകുന്നത്. ഒടുവില്‍ തിളച്ച ലോഹം മൂശയിലേക്കൊഴിക്കുമ്പോള്‍ കിട്ടുന്ന ആ ഇരുമ്പില്ലേ, അവനാണ് ശരിയായ ഇരുമ്പ്! പുത്തനിരുമ്പിനേക്കാളും ബലമേറും അവന്! വിലയും കൂടുതലാണ്.
ആ മൂശയിലാണു നാമൊക്കെയിപ്പോള്‍ ഉരുകിക്കൊണ്ടിരിക്കുന്നത്. അതിനിടയ്ക്ക് തുമ്മിയാല്‍ തെറിക്കുന്ന വല്ല മൂക്കുകളും അഥവാ പെട്ടിട്ടുണ്ടെങ്കില്‍ ചുമ്മാ തെറിച്ചുപ്പോട്ടെന്നേയ്, അല്ല, കത്തിപ്പോകട്ടെന്നേയ്! ഓരോ ഇടിയും കഴിയുമ്പോള്‍ നാം എത്ര നല്ല പാഠങ്ങളാണ് പഠിച്ചിട്ടുള്ളത്? ഒന്നു തിരിഞ്ഞുനോക്കിയാല്‍ അറിയാം.
ഗ്രൂപ്പുകള്‍ വേണ്ടേ? വേണ്ട. വേണോ? ആയിക്കോട്ടെ. ആത്യന്തികമായി നിങ്ങള്‍ക്കു പ്രതിബദ്ധതയുള്ളതെന്താണോ ആരാണോ എന്നു തിരിച്ചറിയുക, അവനോടോ അവരോടോ സംഘം ചേരുക, ആര്‍മ്മാദിക്കുക!
പക്ഷേ സഭ്യേതരം എന്ന (ആപേക്ഷികമായ) ഒരു വെള്ളിക്കോല്‍ (common balance) കയ്യില്‍ കരുതുക. വാക്കുകള്‍ എടുത്തെറിയുമ്പോള്‍ തന്നിലേക്കുതന്നെ തിരിച്ചുവീഴാതെ ശ്രദ്ധിക്കുക.
ഇപ്പോള്‍ പോകുന്ന ഈ വഴിയേ ആണ് നാമൊക്കെ സ്വയം തെളിയ്ക്കാന്‍ പോകുന്നതെങ്കില്‍ ഇതാണ് എന്റെ സ്വപ്നത്തിലുള്ള യഥാര്‍ത്ഥ ജനാധിപത്യം!

ഇനി സ്വന്തമായി പോസ്റ്റില്ലാതെ കമന്റുകള്‍ മാത്രം എഴുതുന്നവരെക്കുറിച്ച്: നല്ല ഉദ്ദേശ്യത്തോടെയാണെങ്കില്‍ അതിലും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. കാരണം ഒരുവിധപ്പെട്ടവരൊക്കെ ഇവിടെ ആദ്യം വന്നിട്ടുള്ളത് ഓരോ ചിന്ന കമന്റുകളുമായിട്ടാണ്. ആ കമന്റുകളിലൊതുങ്ങാതെ വന്നിട്ടാണ് അവരുടെ വാക്കുകള്‍ സ്വന്തം പോസ്റ്റുകളായി പിന്നെ വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്. അതേ സമയത്ത് പോസ്റ്റുകളിലൂടെ വന്നവരെ പിന്നെ മറ്റുള്ളവര്‍ കണ്ടുപിടിച്ച് ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരികയാണു മിക്കവാറും പതിവ്.
ഇവിടെ കാണുന്ന അടികളില്‍ പലതും താരതമ്യേന പുതിയ ആളുകള്‍ അവരുടെ ശുദ്ധഗതിയ്ക്ക് സംഘസ്വഭാവം മനസ്സിലാവാതെ തുടങ്ങിവെക്കുന്നതാണെന്നു തോന്നുന്നു. അതു മനസ്സിലാക്കി ഒതുങ്ങിപ്പോവാന്‍ സീനിയര്‍മാരും, ശരിക്കു പെരുമാറിയില്ലെങ്കില്‍ റാഗുചെയ്ത് മുടിപ്പിക്കും എന്ന ബോധത്തോടെ ആദ്യം കുറേയൊക്കെ വായിച്ച് പിന്നെ കമന്റടി തുടങ്ങാന്‍ ജൂനിയര്‍മാരും ശ്രദ്ധിച്ചാല്‍ ഗുസ്തി കുറച്ചു കുറയും. ( കളിയുടെ ചൂടും കുറയും :( )


(ഇതൊക്കെ ഇവിടെ എഴുതിയിട്ടത് ചുമ്മാ ഒരു പൊതുവായനക്കു വേണ്ടിയാണ്. ആരെയും, ഒരൊറ്റ ആളെയും, പ്രത്യേകിച്ച് ഉദ്ദേശിച്ചിട്ടില്ല. ഇനി എന്നെ കണ്ടാല്‍ കിണ്ണം കട്ടുവോ എന്ന് ആരും ചോദിക്കരുത്. ഇവിടെ ഒരു കിണ്ണവും മോഷണം പോയിട്ടില്ല.)

(ആത്മഗതം: ക്ലബ്ബ് പൊന്മുട്ടയിട്ടുതുടങ്ങിയിട്ടുവേണം അതിന്റെ വയറൊന്നു കീറിനോക്കാന്‍!)

13 comments:

ദിവാസ്വപ്നം said...

വിശ്വേട്ടന്റെ ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു; വളരെ വളരെ.

ഇത്രയും പക്വമായും ഉത്തരവാദത്തോടെയും ഇതൊക്കെ നിരീക്ഷിക്കുന്ന, നോക്കിനടത്തുന്ന ആളുകളുള്ളപ്പോള്‍ ഈ കൂട്ടായ്മ ഇതേ ആവേശത്തോടെ എന്നും ഉണ്ടാവുമെന്ന് മനസ്സ് പറയുന്നു.

ഈ പോസ്റ്റ് വന്ന സ്ഥിതിയ്ക്ക് ഇത്തിരി കാലമായി മനസ്സില്‍ കരുതുന്ന ഒരു നിരീക്ഷണം പറഞ്ഞോട്ടേ :

ഒരാളുടെ പോസ്റ്റില്‍ ഒരു നെഗറ്റീവ് കമന്റ് വീഴുന്നു. ആ കമന്റ്, പോസ്റ്റെഴുതിയ ആളെപ്പറ്റി വ്യക്തിപരമാണെന്ന് തന്നെ വയ്ക്കുക. എന്നാല്‍ പോലും, ആ വിഷയം പ്രസ്തുത നെഗറ്റീവ് കമന്റെഴുതിയ ആളും പോസ്റ്റെഴുതിയ ആളും തമ്മില്‍ പറഞ്ഞു തീര്‍ക്കുകയല്ലേ വേണ്ടത്.

അതിനു പകരം, ആ പോസ്റ്റ് വായിച്ച മറ്റു വായനക്കാരും കൂ‍ടി ഇടപെടുമ്പോഴാണല്ലോ സംഗതി ഒരു തര്‍ക്കത്തിന്റെ നിലവാരത്തിലേയ്ക്ക് വീഴുന്നത്. അതൊഴിവാക്കുന്നതല്ലേ അഭ്യസ്തവിദ്യരായ, ലോകം കണ്ടിട്ടുള്ള, മുതിര്‍ന്നവരായ നമുക്ക് കൂടുതല്‍ അനുയോജ്യം...

ഇതുകൊണ്ട് ഉള്ള, ഒരു ഗുണമെന്താണെന്ന് വച്ചാല്‍, കമന്റര്‍ പറഞ്ഞത് സെന്‍സില്ലായ്മയാണെങ്കില്‍ പോസ്റ്റെഴുതിയ ആള്‍ക്ക് അത് സ്പെസിഫിക്കായി ചൂണ്ടിക്കാട്ടി ആ വിഷയത്തിന് തീരുമാനമാക്കാം. അല്ലെങ്കില്‍ തിരിച്ചും.

പക്ഷേ, പുറമേ നിന്ന് പലര്‍ ഇടപെട്ട് തര്‍ക്കിക്കുമ്പോള്‍ ഓരോരുത്തരും അവനവന്റെ ഭാഗം വ്യക്തമാക്കാനായി ഉദാഹരണങ്ങള്‍ നല്‍കുന്നു, ആ ആവേശത്തില്‍, പ്രശ്നം വഴിമാറി തികച്ചും വ്യക്തിപരമായ പരാമര്‍ശങ്ങളിലെത്തി നില്‍ക്കുന്നു. ഗുണമുള്ളതെന്തെങ്കിലും ഇത്തരമൊരു ചര്‍ച്ചയിലൂടെ ഉണ്ടാവാമായിരുന്നുവെങ്കില്‍ കൂടി, പലര്‍ ചേര്‍ന്ന് സ്വരമുയര്‍ത്തി ആ സാധ്യത നശിപ്പിച്ചുകളയുന്നു.

മറ്റു വായനക്കാര്‍ ഇടപെടേണ്ട സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഉണ്ട് : രണ്ട് ബ്ലോഗര്‍മാര്‍ തമ്മിലല്ലാത്ത മറ്റു പൊതുവിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടപ്പോള്‍, പൊതുസമക്ഷം കൊണ്ട് വന്ന് തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍, അതുപോലെ തന്നെ, സഭ്യമല്ലാത്ത ഭാഷയുപയോഗിച്ച് ഒരാള്‍ കമന്റുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് ഒച്ച വച്ച് നാലാളെ അറിയിക്കുക, അതുവഴി പ്രസ്തുത കമന്ററെ ഒറ്റപ്പെടുത്താനോ ബാന്‍ ചെയ്യാനോ ഇതു നടത്തുന്നവരെ സഹായിക്കുക... എന്നിങ്ങനെ...

അവിടെയൊന്നും പക്ഷേ, ഇത്രയും ആവേശം നമ്മള്‍ കാട്ടാറില്ല. കൂട്ടുത്ത്രരവാദിത്വത്തോടെ ചെയ്യേണ്ട എത്രയോ കാര്യങ്ങളില്‍ നമ്മുടെ സമയവും ശേഷിയും ആവശ്യമുണ്ട്; വിക്കി പരിഭാഷാ, ക്യാറ്റഗറി തിരിക്കല്‍, ശബ്ദതാരാവലി തുടങ്ങി...

രണ്ടുപേര്‍ തമ്മില്‍ തര്‍ക്കം നടക്കുമ്പോള്‍, പിടിച്ചുമാറ്റാന്‍ മാത്രമുള്ള എമര്‍ജന്‍സി കാണുന്നതു വരെ, നമ്മുടെ എനര്‍ജി ഇത്തരം കാര്യങ്ങളില്‍ നമുക്ക് ചിലവാക്കിക്കൂടേയെന്നൊരു തോന്നല്‍.

(ആരെയും പ്രത്യേകിച്ച് മനസ്സില്‍ വച്ച് പറയുന്നതല്ല. ഞാനുള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നതൊക്കെ തന്നെ അടിസ്ഥാനമാക്കി നിരീക്ഷിച്ചതാണ്)

Anonymous said...

" ഇതിനുമുന്‍പു നടന്ന ‘പ്രമാദമായ’ എല്ലാ അടികളും പോയ വഴിയ്ക്ക് ഇടയ്ക്കൊക്കെ നടന്നുനോക്കും. ഇനിയൊരിക്കലും പുല്ലുമുളക്കില്ലെന്നു കരുതി അന്ന് ഓടിയ വഴിയിലൊക്കെ ഇപ്പോള് കൊച്ചുകിന്നാരത്തിന്റെ കുഞ്ഞുപൂക്കള് മുതല് മഹാസൌഹൃദങ്ങളുടെ വലിയ ആല്‍മരങ്ങള് വരെ വളര്‍ന്നുമുറ്റി നില്‍ക്കുന്നു"
താങ്കള്‍ പറഞ്ഞതാണ് ശരി. മഹാസൌഹൃദങ്ങളുടെ ആല്‍മരങ്ങള്‍ വളര്‍ന്നിരിക്കുന്നു നല്ല മനസ്സുകളില്‍.

എന്നിട്ടും നമ്മളെന്തേ... വിമര്‍ശനം കേള്‍ക്കുമ്പോള്‍ വിറളിപിടിക്കുന്നത്?

എന്നിട്ടും നമ്മളില്‍ പലരും ക്രീയാത്മകമായ ‘അടി മഹോത്സവത്തെ’ പ്രോത്സാഹിപ്പിക്കുന്നതിനു പകരം കൂട്ടമായി ‘ഗ്രൂപ്പ് തിരിഞ്ഞ് അത്തരം സു മനസ്സുകളെ നിശ്ശബ്ദരാക്കുന്നതെന്താ...?

എല്ലാ പോസ്റ്റുകളും കമന്‍റുകള്‍ പ്രതീക്ഷിച്ചു തന്നെയാണ്. എന്നാല്‍ നമ്മള്‍ സുഹൃത്തുക്കളായതിനാല്‍ ‘ബലേഭേഷ് പറഞ്ഞ് അവരെയൊക്കെ ‘ഇല്ലാതാക്കി’ കളയാതെ നിശിതമായ അക്കമിട്ട വിമര്‍ശനങ്ങള്‍ നല്‍കുന്നത് സൌഹൃദങ്ങളുടെ ആല്‍മരങ്ങള്‍ സൃഷ്ടിക്കില്ലേ...?
അതുകൊണ്ടുതന്നെ ‘അടിമഹാമഹം പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?.

അത് അനോണി ആയാലും പോസ്റ്റ് ഇടുന്നവരായാലും ആരായാലും കാരണം അവരൊക്കെ പോസ്റ്റ് വായിച്ച് അവരുടെതായ അഭിപ്രായങ്ങളല്ലേ എഴുതുന്നത്?

എഴുത്തുകാരനുമാത്രമേ അഭിപ്രായം പറയാവൂ എങ്കില്‍ വായനക്കാരന്‍റെ പങ്ക് എന്ത് എന്ന് ന്യായമായും എനിക്ക് ചോദ്യമുണ്ട്.(ഈ ചോദ്യം താങ്കളോടല്ല ഇത്തരം അഭിപ്രായമുള്ള ചില സുഹൃത്തുകളുണ്ട് അവരോട് മാത്രം).

സ്നേഹത്തോടെ
രാജു

Anonymous said...

Kollam nalla club :)

http://www.onkerala.com/malayalam_blog

സു | Su said...

ഇരുമ്പ് കത്തുന്നിടത്ത് സു വിനെന്ത് കാര്യം ?

Kaippally said...

വിശ്വം:
ഇതു ഇത്രയും വലിയ ഒരു കാര്യമാണെന്നു ഞാന്‍ കരുതിയില്ല.

അണ്ണ.

അടിയുണ്ടാക്കാന്‍ ഞാന്‍ റെടി. എവിടെ അരെ എപ്പോഴ് എന്നു പറഞ്ഞല്‍ മാത്രം മതി.

വ തന്ന.

അതുല്യ said...

ദുഫായീന്ന് പോയപ്പോ അല്‍പം ഇവിടുത്തേ കാറ്റും കട്ടോണ്ട്‌ പോയോന്ന് ഒരു ശംശയം.

ബി.ട്ടി.ഡബ്ല്യൂ... മറന്നോ?



WV : ഖ്സ്ശ്പ്റ്റൊബൊ

അതുല്യ said...

O.T

റേഡിയോ 1557. എ എമ്മില്‍ ബ്ലോഗ്ഗിനെ കുറിച്ചോരു സംവാദം നടക്കുന്നുണ്ട്‌. വേഗം സ്വിച്ച്‌ തിരിച്ചാല്‍ കേള്‍ക്കാം. ആരുടെയെങ്കില്ലും ഒക്കെ പണി കളയും ഈ റേഡിയോ വും റ്റി,വിക്കാരും മാഗസീന്‍കാരും കൂടി.

keralafarmer said...

ഓരോരുത്തരും ബ്ലോഗുകളിലൂടെ അവരുടെ മനസ്‌ തുറക്കുകയാണ് ചെയ്യുന്നത്‌. പ്രായം അറിവിന്റെ അളവുകോലല്ല. അവരവരുടെ ബ്ലോഗില്‍ എങ്ങിനെ എഴുതിയാലും മറ്റുള്ളവരുടെ ബ്ലോഗുകളില്‍ നല്ല രീതിയില്‍ comments അവതരിപ്പിക്കുകയാവും നല്ലത്‌. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതും തിരുത്തിക്കുന്നതും നല്ലതുതന്നെ. പക്ഷെ ചൊറിയുന്ന വര്‍ത്തമാനം ആരു പറഞ്ഞാലും അതൊരു വലിയ തെറ്റു തന്നെയാണ്. ഞാനുള്‍പ്പെടെ അത്തരം തെറ്റുകള്‍ ചെയ്യുന്ന കൂട്ടത്തിലാണ്. അതിനാല്‍ കഴിവതും മറ്റുബ്ലോഗുകളില്‍ കമെന്റിടാതെ സ്വന്തം ബ്ലോഗില്‍ കമെന്റാഗ്രഹിക്കുന്നു. അത്‌ വേറൊരു തെറ്റ്‌. അങ്ങിനെ തെറ്റിന്റെ പരമ്പര തന്നെ യുണ്ട്‌. എന്നിരുന്നാലും ബ്ലോഗുകള്‍ വളരണമെന്നും അഭിപ്രായ സ്വാതന്ത്ര്യം നിലനിറുത്തനമെന്നും ആഗ്രഹിക്കുന്നു.

ഖാദര്‍ said...

എന്നേപ്പോലുള്ള പുത്തന്‍ കൂറ്റുകാര്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്പെടും
നന്ദി

myexperimentsandme said...

വിശ്വേട്ടാ, ഇതൊന്നും കണ്ടതേ ഇല്ലായിരുന്നു. വളരെ നന്നായിരിക്കുന്നു.

സംഗതികള്‍ വ്യക്തിപരമാവാതെ നോക്കണമെങ്കില്‍ നല്ല ആത്‌മസംയമനം (?) വേണമെന്ന് തോന്നുന്നു.

പക്ഷേ എന്തൊക്കെയാണെങ്കിലും നില്‍‌ക്കേണ്ടതൊക്കെ നിലനില്‍ക്കും ഈ (ബൂ)ലോകത്തില്‍. നമ്മള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്‌താല്‍ മാത്രം മതി. ചെയ്യേണ്ട കാര്യങ്ങളെന്താണെന്നും ചെയ്യേണ്ട രീതിയെന്താണെന്നും അറിഞ്ഞിരിക്കണമെന്ന് മാത്രം.

(ഒരു കാര്യം ഇത്രയും വ്യക്തമായി അവ്യക്തമാക്കാമെന്ന് മുകളിലത്തെ ഖണ്ഡിക എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്ക് പിടികിട്ടി).

ദിവായുടെ കമന്റും ഇഷ്ടപ്പെട്ടു.

[എന്നെ കണ്ടുപിടിച്ചോ? :)]

അരവിന്ദ് :: aravind said...

വിശ്വംജീ,

"കാറ്റുള്ളപ്പോള്‍ തൂറ്റണം".

അല്പം കടന്ന ഉപദേശമായിപ്പോയി.
കാറ്റു വരുന്നത് നോക്കി നില്‍ക്കാന്‍ പറ്റുമോ? അതിന്റെ ഒരു ബുദ്ധിമുട്ട്...അത് പറഞ്ഞാല്‍ മനസ്സിലാവില്ല.

ഹും!

:-)

വിശ്വപ്രഭ viswaprabha said...

½വിന്ദാ,

═════════════════
കാറ്റുള്ളപ്പോള്‍ തൂറ്റണം
═════════════════

എന്നു പറഞ്ഞതിലെ വാക്കുകളുടെ അര്‍ത്ഥം തെറ്റിദ്ധരിച്ചുവോ എന്നൊരു ശങ്ക!

നെല്ലു മെതിച്ചുകഴിഞ്ഞ് കാറ്റത്ത് അതു തൂവി നല്ലും പതിരുമായി വേര്‍തിരിക്കുന്ന്തിനെയാണ് തൂറ്റുക എന്നു പറയുന്നത്.

ഇംഗ്ലീഷില്‍ Make hay while the sun shines എന്നതിന്റെ സമാന മലയാള പഴംചൊല്ല്.

അരവിന്ദ് :: aravind said...

വിശ്വം‌ജീ ക്ഷമിക്കൂ. ഞാന്‍ തമാശിച്ചതാണ്. ഏശിയില്ല.

[അസമയത്ത് ഭൂജാതരായ, അകാലചരമമടഞ്ഞ എന്റെ തമാശകളുടെ എണ്ണത്തില്‍ ഒന്നുകൂടി.]