Wednesday, December 06, 2006

ദോഹ ഏഷ്യന്‍ ഗെയിംസ് വിശേഷങ്ങള്‍

ദോഹ ശാന്തമാണ്‌. ഏഷ്യയുടെ ഏറ്റവും വലിയ കായികമാമാങ്കം ഇവിടെയാണ്‌ നടക്കുന്നത്‌ എന്ന് പറഞ്ഞറിയിക്കേണ്ടിയിരിക്കുന്നു!പതിനഞ്ചാം ഏഷ്യന്‍ ഗെയിംസ്‌ രണ്ടായിരത്തിയഞ്ച്‌, ദോഹ എന്ന് വലിയ അക്ഷരത്തില്‍ പള്ളയിലെഴുതിവച്ച്‌ തലങ്ങും വിലങ്ങും ഓടുന്ന ഹൈടെക്‌ ബസ്സുകള്‍ മാത്രം ഇവിടെയാണ്‌ ഏഷ്യാഡ്‌ നടക്കുന്നത്‌ എന്ന് നിങ്ങളോട്‌ പറയുന്നു. പിന്നെ ചിലപ്പോള്‍ അത്‌ലറ്റിക്‌ വില്ലേജിനു മുന്നില്‍ അത്‌ലറ്റുകള്‍ക്കും, ഒഫീഷ്യലുകള്‍ക്കും റോഡ്‌ മുറിച്ചുകടക്കാന്‍ വേണ്ടി നിങ്ങളുടെ വണ്ടി നിര്‍ത്താനാവശ്യപ്പെടുന്ന പോലീസുകാരനും. ഈ കൊച്ചു രാജ്യത്തിന്‌ ഇത്രയും വലിയ ഗെയിംസ്‌ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന സംശയം പ്രവാസികളില്‍ പലര്‍ക്കുമുണ്ടായിരുന്നു, ഗെയിംസിന്‌ ഒരാഴ്ചമുന്‍പുവരെ. പണിപൂര്‍ത്തിയാക്കാത്ത റോഡുകളും വെച്ച്‌ ഇത്രയും വലിയ ഒരു മാമാങ്കം എങ്ങിനെ നടത്തും എന്ന ആശങ്ക എല്ലാവരിലുമുണ്ടായിരുന്നു. പക്ഷേ ചിട്ടയായ ആസൂത്രണം കൊണ്ട്‌ അത്തരം ശങ്കകളെയൊക്കെ മറികടന്നിരിക്കുന്നു ഖത്തര്‍! ഈ നാലുനാള്‍‍ക്കകം ആകെക്കൂടെ ഒരു ഗതാഗത സ്തംഭനം ഉണ്ടായത്‌ രണ്ടാം നാള്‍ രാവിലെ മാത്രം. സൈക്ലിംഗ്‌ ഇവന്റിനു വേണ്ടി കോര്‍ണീഷ്‌ റോഡ്‌ അടച്ചപ്പോഴായിരുന്നു അത്‌. രാത്രിയായാല്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റ്‌ ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാം പെര്‍ഫക്റ്റ്‌! ഈ ശീതക്കാറ്റും പന്ത്രണ്ട്‌ ഡിഗ്രി വരെ താഴുന്ന താപനിലയും പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്ക എല്ലാ അത്‌ലറ്റുകള്‍ക്കും ഉണ്ട്‌ താനും.ഖത്തര്‍ സ്പോര്‍ട്‌സ്‌ ക്ലബ്‌ ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ അന്‍ജു ബോബി ജോര്‍ജ്‌ പറഞ്ഞതും ഇതു തന്നെ. എന്നാലും പരിശീലനത്തില്‍ മികച്ച ദൂരം കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം അവരുടെ പുഞ്ചിരിയില്‍ തെളിഞ്ഞു കാണാം.

ഇന്ത്യന്‍ ക്യാമ്പില്‍നിന്ന് പതിവുപോലെ അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. ഇന്‍ഡ്യന്‍ ടെന്നീസ്‌ ക്യാപ്റ്റന്‍ ലിയാന്‍ഡര്‍ പേസും ഒരു കാലത്തെ തന്റെ ആത്മമിത്രവുമായിരുന്ന മഹേഷ്‌ ഭൂപതിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം പരസ്യപ്രസ്താവനകളായി പുറത്തു വന്നതാണ്‌ അതില്‍ പ്രധാനം. ഗെയിംസിനു വരും മുന്നെ തന്നെ സാനിയമിര്‍സയെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വളര്‍ന്നു വന്നിരുന്ന പടലപ്പിണക്കത്തിന്റെ അനന്തരഫലമാണ്‌ ദോഹയില്‍ കണ്ടത്‌!. മിക്സഡ്‌ ഡബിള്‍സില്‍ സാനിയയെ ലിയാന്‍ഡറിന്റെ കൂടെ കളിപ്പിക്കുന്നതാണ്‌ മഹേഷിനെ ചൊടിപ്പിച്ചത്‌. താന്‍ ഗെയിംസില്‍ നിന്നും പിന്മാറുകയാണെന്ന് ഭൂപതി പ്രസ്താവിച്ചെങ്കിലും ഇന്‍ഡ്യന്‍ ടെന്നീസ്‌ അസോസിയേഷന്റെ അനുരന്‍ജന ശ്രമം മൂലം ഒടുവില്‍ കളിക്കാന്‍ സമ്മതിക്കുകയായിരുന്നു. ദോഹയില്‍ ടിം ടെന്നീസ്‌ പുരുഷവിഭാഗത്തില്‍ ഇന്ത്യ ആദ്യസിംഗിള്‍സ്‌ പരാജയപ്പെടുകയും രണ്ടാം സിംഗിള്‍സ്‌ വിജയിക്കുകയും ചെയ്തതോടെ നിര്‍ണ്ണായകമായ മൂന്നാം കളിയില്‍ പെയ്സും ഭൂപതിയുമടങ്ങിയ സഖ്യം ചൈനീസ്‌ തായ്‌പേയി സഖ്യത്തോട്‌ പരാജയപ്പെട്ടതാണ്‌ ഇരുവരും തമ്മിലുള്ള വഴക്ക്‌ മറനീക്കി പുറത്തുവരാന്‍ കാരണം. ഭൂപതി അര്‍പ്പണമനോഭാവത്തോടെയല്ല കളിക്കുന്നത്‌ എന്ന് പെയ്സ്‌ മത്സരത്തിനുശേഷം തുറന്നടിച്ചു. ഭൂപതിയുടെ കളി കണ്ടവര്‍ക്കെല്ലാം അതു സത്യമെന്നു തോന്നിയിരുന്നു എന്നത്‌ വേറെ കഥ. ഭൂപതിയുടെ കയ്യിലിരിക്കുന്നത്‌ ടെന്നീസ്‌ റാക്കറ്റോ അതോ പാള വിശറിയോ എന്ന് സംശയം തോന്നിക്കുന്ന രീതിയിലായിരുന്നു ഇഷ്ടന്റെ കളിക്കളത്തിലെ നടപ്പ്‌! സാനിയ ചങ്ങാതിയുടെ മനസ്സിനെ പിടിച്ചുകുലുക്കിയിരിക്കുന്നു എന്ന് സ്പഷ്ടം. ഇതൊക്കെ കണ്ടുകൊണ്ട്‌ പാവം സാനിയ ഗാലറിയില്‍ വിഷണ്ണയായി ഇരിപ്പുണ്ടായിരുന്നു. ഇന്ത്യന്‍ കോച്ച്‌ പെയിസിനെ പിന്താങ്ങിയതോടെ ഡബിള്‍സില്‍ നിലവിലുള്ള ഗെയിംസ്‌ ചാമ്പ്യന്മാരായ ഇവര്‍ എവിടെ വരെ എത്തും എന്ന് കണ്ടറിയേണ്ട അവസ്ഥയാണുള്ളത്‌. ഒപ്പം ഇന്ത്യയുടെ ഒരുറച്ച മെഡല്‍ പ്രതീക്ഷയും!

ഷൂട്ടിംഗ്‌ വീരന്‍ വാക്കുകള്‍ കൊണ്ട്‌ വെടിപൊട്ടിച്ച്‌ കുടുങ്ങിയത്‌ മറ്റൊന്ന്. ഒളിമ്പിക്സ്‌ വെള്ളിമെഡാല്‍ ജേതാവും ഇന്ത്യയുടെ ഉറച്ച സുവര്‍ണ്ണ പ്രതീക്ഷയുമായിരുന്ന രാജ്യവര്‍ധന്‍ രാത്തോഡ്‌ ആണ്‌ ഗെയിംസ്‌ ഓര്‍ഗനൈസിംഗ്‌ കമറ്റിയേയും വളണ്ടിയര്‍മാരെയും കുറ്റം പറഞ്ഞ്‌ പുലിവാല്‍ പിടിച്ചത്‌. ഷൂട്ടിംഗ്‌ പ്രക്ടീസിന്‌ ലുസെയില്‍ ഷൂട്ടിംഗ്‌ കോംപ്ലക്സ്‌ ഇഷ്ടം പോലെ അനുവദിച്ചുകിട്ടാത്തതാണ്‌ ഇഷ്ടനെ ചൊടിപ്പിച്ചത്‌. രൂക്ഷമായ ഭാഷയില്‍ ഗെയിംസ്‌ ഓര്‍ഗനൈസിംഗ്‌ കമ്മറ്റിയെ വിമര്‍ശിച്ച രാത്തോഡ്‌, ഒരു വളണ്ടിയര്‍ തന്നെ പിടിച്ചു തള്ളിയെന്നും പരാതിപ്പെടുകയുണ്ടായി. ഏതായാലും ഗെയിംസ്‌ കമ്മറ്റി ശക്തമായി തന്നെ പ്രതികരിച്ചുകഴിഞ്ഞു. ആരോപണങ്ങള്‍ പിന്‍വലിച്ചു രാത്തോഡ്‌ നിരുപാധികം മാപ്പ്‌ പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്ന് ദൊഹ ഏഷ്യന്‍ ഗെയിംസ്‌ കമ്മറ്റി ഇന്‍ഡ്യന്‍ അധികൃതര്‍ക്കയച്ച കത്തില്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. മൂന്നാം റൗണ്ടില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും രാത്തോഡിന്‌ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടാനേ കഴിഞ്ഞുള്ളൂ. ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിയും.

വനിതാ ടീം ടെന്നീസില്‍ ഇന്ത്യ ഇന്നലെ മികച്ച പ്രകടനത്തോടെ സെമിയില്‍ കടന്നു. ഖലീഫാ ടെന്നീസ്‌ കോംപ്ലക്സില്‍ ഇന്നലെ സാനിയയായിരുന്നു താരം എങ്കിലും ശിഖാ ഒബ്രോയ്‌ മനോഹരമായ കളിയാണ്‌ കാഴ്ചവെച്ചത്‌. ഫുട്ബാള്‍, വോളീബാള്‍ തുടങ്ങിയ ചില ജനപ്രിയ കളികള്‍ മാറ്റി നിര്‍ത്തിയാല്‍ (അതും ചില രാജ്യങ്ങളുടെ കളിക്കുമാത്രം) നാലാള്‍ കാണെ അരങ്ങേറിയ കളിയും ഇന്നലെ വനിതാടെന്നീസ്‌ ആയിരുന്നു. സാനിയ കളിക്കുന്നുണ്ട്‌ എന്നതിനാല്‍ മാത്രം ഇരച്ചുകയറിയ ഇന്ത്യക്കാര്‍ക്കു- ഭൂരിഭാഗം മലയാളികള്‍ എന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ- മുന്നില്‍ ആദ്യ സിംഗിള്‍സില്‍ തീപറക്കുന്ന കളിയാണ്‌ ശിഖ പുറത്തെടുത്തത്‌. പിന്നെ സാനിയ അരങ്ങുകീഴടക്കി. ടെന്നീസ്‌ മഞ്ഞളാണോ വെളുത്തിട്ടാണോ എന്നറിയാതെ വെറും സാനിയ എന്ന പേരുകേട്ടു മാത്രം ഗാലറിയിലെത്തിയവരും ഉണ്ടായിരുന്നു കളികാണാന്‍. തായ്‌ലന്റ്‌ താരത്തിനു പിഴവുവരുമ്പോള്‍ മണി സ്റ്റയില്‍ "ങ്യാഹഹ" ചിരി ചിരിച്ചും, മിനിറ്റില്‍ രണ്ടുതവണ എന്ന രീതിയില്‍ വരുന്ന മൊബയില്‍ കോളുകള്‍ക്ക്‌ ഉത്തരം കൊടുത്തും അവര്‍ അരങ്ങുകൊഴുപ്പിച്ചു. ഒടുവില്‍ സഹികെട്ട തായ്‌ലന്റ്‌ താരം റാക്കറ്റ്‌ വലിച്ചെറിയുന്ന വരെയെത്തി കാര്യങ്ങള്‍. അമ്പയറുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയ്ക്കും കാണികളെ ശാന്തരാക്കാന്‍ കഴിഞ്ഞില്ല. ഒരുകാര്യം സമ്മതിക്കാതെ വയ്യ. വനിതാ ടെന്നീസില്‍ കളിക്കാരികളുടെ അര്‍ദ്ധനഗ്നതാ പ്രദര്‍ശനം മാത്രമല്ല കാണികളെ ആവേശഭരിതരക്കുന്നത്‌. കാണികളുടെ മനം കവരാന്‍ കളിക്കാരിക്കുള്ള കഴിവും ഒരു മാനദണ്ഡമാണെന്നു തോന്നുന്നു. അല്ലെങ്കില്‍ കുവൈറ്റിന്റെയും, കൊറിയയുടെയുമെല്ലാം സുന്ദരിക്കുട്ടികള്‍, ഇതിലും അല്‍പമായ വസ്ത്രധാരികളായി തൊട്ടപ്പുറത്ത്‌ നിന്നും പന്തു തട്ടുന്നുണ്ടായിരുന്നു. കാണാന്‍ സഹകളിക്കാരും ഒഫീഷ്യല്‍സും മാത്രം!ഇക്കാര്യത്തില്‍ ഗബ്രിയേല സബാറ്റിനി, സ്റ്റെഫിഗ്രാഫ്‌, മാര്‍ടിന ഹിന്‍ജസ്‌, അന്നാ കൂര്‍ണിക്കോവ, മേരിപിയേഴ്സ്‌ എന്നിവരുടെ ഗണത്തിലേക്കാണെന്നു തോന്നുന്നു സാനിയയുടെയും യാത്ര!

ഹോക്കിയില്‍ ചൈനയോടും, വോളിബോളില്‍ സൌദിയോടും പരാജയപ്പെട്ടതോടെ ഈ രണ്ടിനങ്ങളിലും ഇന്ത്യയ്ടെ നില പരുങ്ങലിലായിരിക്കുന്നു. ഫുട്ബാളില്‍ കരുത്തരായ ഇറാനോടാണ് ഇന്നത്തെ മത്സരം. വനിതാ ചെസ്സില്‍ വ്യക്തിഗത ഇനത്തില്‍ കൊനേരുഹമ്പിയും, ഇം‌ഗ്ലിഷ് ബില്യാര്‍ഡ്സില്‍ പങ്കജ് അര്‍ജുന്‍ അദ്വാനിയും, ഇതാ ഇപ്പോള്‍ കബഡി ടീമും നേടിയ സ്വര്‍ണ്ണമടക്കം മൂന്നു സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമായി ഇന്ത്യ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.

ഏഷ്യന്‍ ഗെയിംസ് ചിത്രങ്ങള്‍

4 comments:

Physel said...

ഇന്ത്യ ഇക്കുറിയും പത്തിവു തെറ്റിച്ചില്ല.. ... വിവാദങ്ങളുടെ കാര്യത്തില്‍! ദോഹയില്‍ നിന്ന് ചില ഏഷ്യന്‍ ഗെയിംസ് വിശേഷങ്ങള്‍

അതുല്യ said...

ഫൈസലിന്റെ ഒരു ഭാഗ്യം. ഞങ്ങളേം കൂടി കൊണ്ടു പോകൂ പ്ലീസ്‌. കൊതിയാവുന്നു കണ്ടിട്ട്‌.

നല്ല ഫോട്ടോസ്‌, നല്ല വിവരണം. പണ്ട്‌ എവിടായിരുന്നു ജോലി? ഈ ചോദ്യം സ്വാര്‍ഥനോടും കൂടിയാ. (ചുമ്മാ ഫോര്‍ ഇന്‍ഫൊര്‍മെഷന്‍, പിന്നീട്‌ വിമര്‍ശിയ്കാന്‍ ആവശ്യം വരുമ്പോ... )

Siju | സിജു said...

നല്ല റിപ്പോര്‍ട്ടിംഗ്
ഇതേതായാലും ഗെയിംസ് തീരുന്നതു വരെ ഉണ്ടാകുമല്ലോ :-)

ഓ. ടോ. സാനിയാ ഫാന്‍ ആണല്ലേ :D

Unknown said...

ഫൈസലേ,
നല്ല ലേഖനവും നല്ല ചിത്രങ്ങളും,അഭിനന്ദനങ്ങള്‍!
സാനിയയുടേയും ശിഖയുടേയും കളിയുടെ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
സാനിയായുടെ ബാക്ക് ഹാന്‍ഡ് ഷോട്ട് ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു. നല്ല റ്റൈമിംഗ്!


പ്രൊഫഷണല്‍ നിലവാരത്തിലുള്ള ലെന്‍സുകളുടെ ഗുണം മനസ്സിലാകുന്നതു ഇപ്പോഴാണ്. കുറച്ചു കൂടി ഫാസ്റ്റായിട്ടുള്ള ലെന്‍സ്സുണ്ടായിരുന്നെങ്കില്‍ ഫൈസലിന്റെ ചിത്രം ശരിക്കും പ്രോ ചിത്രമായേനേ!

സൂം 200 ഇനു മുകളില്‍ വിട്ടിട്ടില്ലെല്ലോ, ലെന്‍സ് നിക്കോണ്‍ 70-300, അതൊ സിഗ്മ 70-300 ആണോ?

കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടിങ്ങും പോരട്ടേ!

ദോഹയില്‍ നിന്നും ഫൈസല്‍ ഇപ്പോള്‍ ലൈനിലുണ്ട്..
എന്തൊക്കെയാണ് ഫൈസലേ ഇന്നത്തെ വിശേഷങ്ങള്‍?