(മുന്‍പൊരിക്കല്‍ ചര്‍ച്ചാവേദിയില്‍ ഒരു പോസ്റ്റിന് കമന്റായി ഇട്ടിരുന്നത് ചെത്തിയൊരുക്കിക്കൂട്ടിയതാണ് ഈ ലേഖനം. വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്നു തോന്നിയതുകൊണ്ടും ഇപ്പോള്‍ വീണ്ടും കാലികപ്രാധാന്യം ഉള്ളതുകൊണ്ടും ഒന്നുകൂടി ഇവിടെ എടുത്തെഴുതുന്നു:)
പ്രവാസികളെങ്കിലും ഇതു ക്ഷമയോടെ വായിക്കും എന്നു പ്രതീക്ഷിക്കുന്നു.
ക്രിസ്തുമസ് വരുന്നു. വിതയ്ക്കാതെ, കൊയ്യാതെ, കതിരും തേടിപ്പുറപ്പെട്ടുപോയ പ്രവാസിപ്പറവകള്‍ക്ക് ഇനി യാത്രയുടെ നാളുകള്‍ തുടങ്ങുകയായി.നാടുകാണാന്‍പോക്കെന്ന നമ്മുടെ വര്‍ഷാവര്‍ഷമുള്ള ശ്രാദ്ധകര്‍മ്മം ഡിസംബറില്‍ മഞ്ഞുപോലെ ഉറഞ്ഞുരുകിയാരംഭിച്ച് ഇടയ്ക്കൊന്നു ചൂടാറി പിന്നെ വീണ്ടും മാര്‍ച്ചിന്റെ വേനലില്‍ ഉരുകിത്തുടങ്ങും. തലവിധികളും പള്ളിക്കൂടം കലണ്ടറുകളും അനുസരിച്ച് അതങ്ങനെ അടുത്ത ഓണം വരെ നീണ്ടുപോകും...
സമയമായി. ഒരിക്കല്‍കൂടി എയര്‍ ഇന്ത്യയ്ക്കും മറ്റും പല്ലും നഖവും മൂര്‍ച്ചകൂട്ടി ഇരകളെ കാത്തിരിക്കാന്‍ നേരമായി. ഇനി അവരുടെ യാത്രക്കൂലികള്‍ അവരേക്കാള്‍ ഉയരത്തില്‍ മാനത്തേക്കു പറക്കുന്നതുകാണാം കുറച്ചു മാസങ്ങള്‍. അതിനൊപ്പം തന്നെ അവരുടെ തൊഴില്‍-ആളിമാരുടെ ധാര്‍ഷ്ട്യവും പുച്ഛരസവും.
നമ്മുടെ ദേശീയബോധം നാടായ നാടൊക്കെ പറന്നുനടന്ന് പകര്‍ത്തിയൊഴിക്കുന്ന ആ മഹാസ്ഥാപനത്തെക്കുറിച്ചും അതിനെ പിന്‍പറ്റി തടിച്ചുകൊഴുക്കുന്ന പ്രസ്ഥാനങ്ങളെപ്പറ്റിയും ഇത്രയെങ്കിലും കുത്തിക്കുറിക്കേണ്ടത് ഇന്നെന്റെ കര്‍ത്തവ്യമാണ്. സഹോദരീസഹോദരന്മാരെന്ന് ആയിരത്തൊന്നുവട്ടം ഉരുക്കഴിപ്പിച്ചുകൊണ്ട് വിദ്യാലയദിനങ്ങളില്‍ ഞങ്ങളുടെ കുഞ്ഞുമനസ്സുകളിലൂടെ, കുഞ്ഞുചുണ്ടുകളിലൂടെ വായ്ത്താരി മുഴക്കിച്ചത് ആരെപ്പറ്റിയാണോ ആ, എന്റെ ഇന്ത്യക്കാര്‍ക്കു വേണ്ടി ഇതിവിടെ എഴുതിയേ തീരൂ.
എയര്‍ ഇന്ത്യയുടെ (എയര്‍ ഇന്ത്യ എന്ന ബല്യ ആനയുടെ മുതുകത്തും മുന്നിലും പിന്നിലുമായി നടക്കുന്ന പാപ്പാന്മാരുടെയും പാപ്പാത്തികളുടേയും) ധിക്കാരത്തിനും അവഗണനയ്ക്കും എതിരെ വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്നുണ്ട് ഇതെഴുതുന്നവന്‍. അതിന്റെ ഭാഗമായിത്തന്നെ കുറെ കഷ്ടപ്പാടു സഹിച്ചാല്‍ പോലും വേറെ ഗതിയില്ലാത്തതിനാല്‍ മറ്റ് എയര്‍ലൈനുകളില്‍ പലപ്പോഴും കൊളംബോ വഴിയോ മറ്റോ ആണു യാത്രയും പതിവ്.
കുറെയൊക്കെ നമ്മുടെ തന്നെ ഇടയിലുള്ള പാദസേവകരാണ് പ്രവാസികളുടെ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളുടെ ഈ ഗതികേടിനു കാരണം.
ഗള്‍ഫില്‍ ഏത് ഇന്ത്യന്‍ സംഘടന എന്തു പരിപാടി നടത്തിയാലും ചെലവുമുട്ടിക്കാനുള്ള ഒരു സൂത്രം ‘സ്പോണ്‍സറിങ്ങ്’ ആണ്. മിക്ക പരിപാടികളിലും എയര്‍ ഇന്ത്യയുടെ സ്പോണ്‍സറിങ്ങ് കാണും. സംഗതി ലളിതമാണ്. എയര്‍ ഇന്ത്യ കമ്മിറ്റിക്കാര്‍ക്കു പൈസ കൊടുക്കണ്ട. പകരം പരിപാടിയില്‍ പങ്കെടുക്കുന്ന, നാട്ടില്‍ നിന്നു വരുന്ന, സിനിമാതാരകങ്ങള്‍ക്കോ രാഷ്ട്രീയക്കോമരങ്ങള്‍ക്കോ, സാംസ്കാരികപ്പൊയ്ക്കോലങ്ങള്‍ക്കോ, മതതിമിരചക്ഷുസ്സുകള്‍ക്കോ (പല നിറങ്ങളിലും ചായമടിച്ച ചട്ടികളും കൊണ്ട് ഉട്ടോപ്പിയയില്‍ ഭിക്ഷ തെണ്ടാന്‍ വരുന്ന അവരുടെയൊക്കെ കാര്യം പിന്നെ പറയാം) യാത്രക്കു വേണ്ട നാലോ അഞ്ചോ ടിക്കറ്റ് സൌജന്യമായി കൊടുത്താല്‍ മതി. പ്രതിഫലമായി എയര്‍ ഇന്ത്യയുടെ ഒരു ബാനര്‍ ഓഡിറ്റോറിയത്തില്‍ തൂക്കിയിടണം. ചിലപ്പോള്‍ സ്റ്റേജില്‍ വെച്ച് പരസ്യമായി പ്രാദേശികമാനേജര്‍ക്ക് ഒരു നന്ദിയും പറയണം. അഥവാ അത്താഴം വിളമ്പുന്നുണ്ടെങ്കില്‍ ഒരു പ്ലേറ്റ് കൂടുതലും. അത്രയേ വേണ്ടൂ.
തീര്‍ത്തും നിസ്സാരമെന്നു തോന്നുന്ന ഈ കാര്യത്തില്‍ നിന്നാണ് ഇവരുടെ ധാര്‍ഷ്ട്യം തുടങ്ങുന്നത്.
ഇങ്ങനെ ടിക്കറ്റുപൊന്മുട്ടയിടുന്ന ഒരു താറാവിനെ നിലയ്ക്കു നിര്‍ത്താന്‍ ഈ സംഘടനകളുടെ നേതാക്കന്മാരൊന്നുംകൂട്ടു വരില്ല. കണ്മുന്നില്‍ നടക്കുന്ന അനീതികള്‍ കണ്ടില്ലെന്നു നടിക്കുകയാണവര്‍ ചെയ്യുക. സ്വന്തം വീട്ടിലെ കാര്യം വരുമ്പോള്‍ ചുളുവില്‍ അടിച്ചെടുക്കുന്ന നക്കാപ്പിച്ച സൌജന്യങ്ങളും അവര്‍ക്കൊരു മുതല്‍ക്കൂട്ടാവുന്നു.
കമ്പനികളില്‍ താഴെതട്ടുകളില്‍ ജോലിചെയ്യുന്ന ആളുകളെയും കമ്പനികളെ തന്നെയും ഒരേ സമയം ചൂഷണം ചെയ്യുന്ന ‘അഡ്മിന്‍’ വിഭാഗക്കാരെയും അവരോടൊപ്പം നില്‍ക്കുന്ന ട്രാവല്‍ ഏജന്‍സികളേയും എയര്‍ ഇന്ത്യയുടെ ജോലിക്കാരെയും കൂട്ടിക്കെട്ടുന്ന ഒരു വലയം കൂടി ഉണ്ട് ഇവിടങ്ങളില്‍. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് കരാറില്‍ എഴുതിയിട്ടുള്ള പാവങ്ങളുടെ പണം അവരറിയാതെ മുതലാക്കുന്ന സൂത്രം കമ്പനിയിലും പുറത്തും അധികമാര്‍ക്കും അറിയില്ല.
ഗള്‍ഫില്‍നിന്നും കൊച്ചിയിലേക്ക് എക്കോണമിക്ലാസ്സില്‍ യാത്രചെയ്യുന്നവരൊക്കെ കണ്ടിട്ടുണ്ടാവും അവരുടെ തൊട്ടടുത്ത സീറ്റുകളില്‍ ചെന്നയിലേക്ക് പോകുന്ന ‘കഡ്ഡപ്പ‘കളെ. ആന്ധ്രയുടെ ഏറ്റവും ദരിദ്രമായ, ദുരിതപൂര്‍ണ്ണമായ ഭാഗത്തുനിന്നും വരുന്ന ആ മനുഷ്യക്കോലങ്ങള്‍ ഗള്‍ഫിലെ അറബികള്‍ക്ക് ഏറ്റവും അനുസരണയുള്ള റോബോട്ടുകളാണ്. എന്നിട്ടും നല്ലൊരു വാഷിങ്ങ്മെഷീനും ഫുഡ്പ്രോസസ്സറിനും വേണ്ടതിനേക്കാള്‍ കുറഞ്ഞ ചെലവേ അവരെ പോറ്റാന്‍ വേണ്ടിവരൂ. നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കല്‍ കണവനേയും കണ്ണിലുണ്ണികളായ മക്കളേയും കാണാന്‍ പോകുന്ന അവര്‍ക്ക് വിമാനയാത്രയെക്കുറിച്ച് വലിയ അനുഭവമൊന്നുമില്ല. മിക്കവാറും രണ്ടാമത്തെയോ നാലാമത്തെയോ വിമാനയാത്രയായിരിക്കും അവര്‍ ചെയ്യുന്നുണ്ടാവുക. ഒരു ടൂറിസ്റ്റ്ബസ്സ് പോലും സ്വര്‍ഗ്ഗമായി തോന്നുന്ന അവര്‍ക്ക് വിമാനത്തിലെ ഏറ്റവും നിസ്സാരമായ സൌകര്യം പോലും ശ്രേഷ്ഠമായി തോന്നും. മാത്രമല്ല, നാമൊക്കെ ധരിച്ചുവെച്ചിട്ടുള്ള ആചാരങ്ങളും ഉപചാരങ്ങളും ആരും പഠിപ്പിച്ചുകൊടുത്തിട്ടില്ലാത്തതിനാല്‍ ചിലപ്പോഴൊക്കെ അവരുടെ പെരുമാറ്റം അരോചകമായി തോന്നിയെന്നും വരാം.
ഈ ചെമ്മരിയാട്ടിന്‍ കൂട്ടത്തെയാണ് വജ്രജൂബിലി ആഘോഷിക്കുന്ന എയര്‍ഹോസ്റ്റസ് കൊച്ചമ്മമാര്‍ക്ക് സഹിക്കേണ്ടി വരുന്നത്. സിങ്കപ്പൂര്‍, അമേരിക്ക, ഇന്ത്യയിലെ തന്നെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കൊക്കെ പറക്കുന്ന ആകാശരാജാവിന്റെ ഈ തോഴിമാര്‍ക്ക് സാധാരണ പരിചയമുള്ള ഹൈ-ഫ്ലൈ കുട്ടപ്പന്മാരും കുട്ടപ്പിമാരുമല്ല ഇവര്‍. വിസ്കിയും പെപ്സിയും തിരിച്ചറിയാത്ത ഇവറ്റയെവിടെ? നോറ്ഡ്സ്റ്റോമിലോ മേസിസിലോ ഷോപ്പിങ്ങിനു പോവാന്‍ കമ്പനി തരാമെന്നു പറയുന്ന, ‘പടിഞ്ഞാറുനിന്നും വരുന്ന പണച്ചാക്കു’കളെവിടെ? (നമ്മുടെ തന്നെ അമേരിക്കന്‍ യൂറോപ്യന്‍ കൂട്ടുകാരെ കളിയാക്കുകയല്ല ഞാന്‍, ആകാശക്കൊച്ചമ്മമാരുടെ മനോഗതി സൂചിപ്പിക്കുകയാണ്) ഇങ്ങനെയൊരു ഫ്ലയിങ്ങ് സെക്റ്ററിലേക്ക് തങ്ങളെ തള്ളിയിട്ട ബോസ്സന്മാരെ തെറിപറഞ്ഞുകൊണ്ടു വേണം ഈ കടല്‍ക്കിളവികള്‍ക്കു ജോലി തുടങ്ങാന്‍ തന്നെ. ബാക്കി അവജ്ഞയും വൈരാഗ്യവുമാണ് നമുക്കൊക്കെ അവര്‍ ഗ്ലാസ്സിലും പ്ലേറ്റിലും വിളമ്പിത്തരുന്നത്. ഒരു പുഞ്ചിരിയുടെ പൂമൊട്ടെങ്കിലും അവര്‍ അതിനൊപ്പം വെക്കാറില്ല മിക്കപ്പോഴും!
തല സ്വല്‍പ്പം ഉയര്‍ത്തി നേരെ നോക്കി അവരോടു സംസാരിച്ചുനോക്കൂ. നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങളെപറ്റി ബോധമുണ്ടെന്നു കണ്ടറിയുന്ന ആ നിമിഷത്തില്‍ കാണാം പുലിയെപ്പോലെയിരിക്കുന്ന അവര്‍ നല്ലൊരു കുറിഞ്ഞിപ്പൂച്ചയായി മാറുന്നത്! നൂറുപേരില്‍ നാലുപേരെങ്കിലും നേര്‍ക്കുനേരെ നിന്നു ചോദിക്കാനുണ്ടെങ്കില്‍ ഈ പുലിത്തരമൊക്കെ എന്നേ പോയേനെ! എങ്കിലും സഭയില്‍ വെച്ച് കാര്യങ്ങള്‍ ചോദിക്കുന്നത് ചെറ്റത്തരമാണെന്ന് കരുതുന്ന അന്ധവിശ്വാസമോ സംസ്കാരപ്പൊയ്മുഖമോ മൂലം, നാം, പ്രത്യേകിച്ച് മലയാളികള്‍, ന്യായമായ കാര്യങ്ങളൊന്നും നേരിട്ട് ചോദിക്കാതെ, കിട്ടുന്ന ഓശാരമൊക്കെ അനുഭവിച്ചങ്ങനെ പോവുകയാണു പതിവ്.
സഹിഷ്ണുത ഒരു നല്ല ഗുണമാണ്. പക്ഷേ അതു മറ്റുള്ളവര്‍ക്കു നമ്മുടെ മെക്കിട്ടു കയറാനുള്ള ഒരു കോണിയാവരുത്. സഹജീവിയോടുള്ള സ്നേഹമായിരിക്കണം അതിന്റെ ഗുണം. അപ്പുറത്തെ സീറ്റിലിരിക്കുന്ന ഒരു ‘കഡ്ഡപ്പ’ക്ക് ഒരു ഉപകാരമാവുമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും സഹിക്കണം. അതിനു പകരം ഇന്നു നാം സഹിഷ്ണുത കാണിക്കുന്നത് എയര്‍ഹോസ്റ്റസും ട്രാന്‍സ്പോര്‍ട്ട് ബസ്സു് ഡ്രൈവറും പോലീസുകാരനും പോലുള്ള സ്ഥാപനങ്ങള്‍ അര്‍ഹതയില്ലാതെ നമ്മില്‍ അടിച്ചേല്‍പ്പിക്കുന്ന ധാര്‍ഷ്ട്യത്തിനോടാണ്.
നമ്മുടെ കൂടെയുള്ള പാവങ്ങളുടെ മേല്‍ വിമാനത്തിനുള്ളിലും കസ്റ്റംസിലും എമിഗ്രേഷനിലും നടക്കുന്ന ചൂഷണങ്ങളെ പറ്റി ആരാണു വായ് തുറക്കുക? ആ പാവങ്ങള്‍ക്കു തന്നെ അറിയില്ല അവര്‍ക്ക് എന്തൊക്കെ അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്ന്. അറിവുള്ളവരാകട്ടെ, സ്വയം മറ്റൊരു ക്ലാസ് ആയി നടിച്ച് മാറി നില്‍ക്കുകയും സ്വന്തം സൌകര്യങ്ങള്‍ നോക്കുകയും ചെയ്യും.
ഒരുദാഹരണം പറയാം. ‘പുഷിങ്ങ്’ എന്നൊരു പരിപാടിയുണ്ടായിരുന്നു. ഇപ്പോളും ഉണ്ടോ എന്നറിയില്ല. നാട്ടിലെ റിക്രൂട്ടിങ്ങ് ഏജന്‍സികളും ട്രാവല്‍ ഏജന്‍സികളും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റു് ജോലിക്കാരും കൂടിയാണ് ഇതു നടത്താറ്. ECNR എന്ന ഒരു സ്റ്റാമ്പ് പാസ്പോര്‍ട്ടില്‍ ആടിക്കണം. അത് മുന്‍പേ ഇല്ലാത്തവര്‍ക്ക് ഇങ്ങനെ ‘ആടി‘ക്കാന്‍ കുറച്ചു പണം അടയ്ക്കണം. (എത്ര? 500 രൂപ? ഇപ്പോള്‍ എത്രയാണെന്നറിയില്ല). ബോര്‍ഡിങ്ങ് ഗേറ്റടക്കുന്നതിനു തൊട്ടു മുന്‍പ് സുരക്ഷിതമായ ഒരു സമയത്ത് മുപ്പതോ നാല്‍പ്പതോ തൊഴിലഭയാര്‍ത്ഥികളെ ഇവരെല്ലാവരും കൂടി പ്ലെയിനിനകത്തോട്ടു push ചെയ്തു കേറ്റും. ഒന്നുകില്‍ പാസ്പോര്‍ട്ടില്‍ മാത്രം ECNR സ്റ്റാമ്പു് അടിച്ചിരിക്കും.(മറ്റു രേഖകളിലൊന്നും കാണില്ല). അല്ലെങ്കില്‍ അതുമുണ്ടാവില്ല. jest simbly going... അവരുടെ പേരില്‍ നിയമപ്രകാരം ഖജനാവിലേക്കു പോവേണ്ടിവരുമായിരുന്ന 30 x 500 രൂഫാ ഏമാന്മാരും ഏജന്റുമാരും പങ്കുവെച്ചെടുക്കും.
അടുത്തരംഗം അഞ്ചു വര്‍ഷം കഴിഞ്ഞാണ് കാണുക.
മുംബായില്‍ വെച്ചുണ്ടായ ഒരനുഭവം: മുറിത്തെലുങ്കും മുറിഅറബിയും മാത്രം അറിയുന്ന, അറബിക്കൊട്ടാരത്തിന്റെ മതിലുകള്‍ക്കു പുറത്ത് അപൂര്‍വ്വം മാത്രം പോയിട്ടുള്ള ‘കഡ്ഡപ്പ’ ( ഇവിടെ മലയാളി എന്നും വായിക്കാവുന്നതാണ്), നാട്ടിലേക്കു തിരിച്ചുവരുന്നു. 5 വര്‍ഷം മുന്‍പത്തെ നേരിയ ഓര്‍മ്മകള്‍ അലയിളക്കി പ്ലെയിനിലെ ‘രാജകീയ’യാത്രയും കഴിഞ്ഞ് ഇറങ്ങുന്ന ആ പാവത്തിനെ എതിരേല്‍ക്കുന്നത് എമിഗ്രേഷനില്‍ പാന്‍ മുറുക്കിക്കൊണ്ടിരിക്കുന്ന ഫോലീസുകാരനാണ്. ECNR എന്ന സ്റ്റാമ്പില്ലാതെ എങ്ങനെ 5 വര്‍ഷം മുന്‍പ് നീ അക്കരെക്കു പോയി എന്നാണു ചോദ്യം. അരമണിക്കൂര്‍ നേരത്തെ ഗ്രില്ലിങ്ങിനു ശേഷം അവളുടെ കയ്യില്‍ ആകെയുണ്ടായിരുന്ന 20 ദിനാര്‍ /അല്ലെങ്കില്‍ 250 ദിര്‍ഹം കയ്യിലാക്കിയാല്‍ എന്തോ ഒരു വലിയ സഹായം ചെയ്തു കൊടുത്തു എന്ന പോലെ അയാള്‍ അവളെ പോകാനനുവദിക്കുന്നു.
അവള്‍ പോലുമറിയുന്നില്ല, അവളെ ആരൊക്കെ എങ്ങനെയൊക്കെ ചൂഷണം ചെയ്തുവെന്ന്! (ഈയിടെ ഇതിനൊക്കെ എന്തെങ്കിലും മാറ്റം വന്നുവോ എന്നറിയില്ല. അനുഭവസ്ഥര്‍ പറയട്ടെ.)
ഇപ്രാവശ്യം നാട്ടില്‍ എത്തി രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു പുതുതലമുറ ബാങ്കില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ (ഞാന്‍ തല്‍ക്കാലം താമസിക്കുന്ന എന്റെ സഹോദരിയുടെ) വീട്ടിലേക്കു ഫോണ്‍ വിളിച്ചിരിക്കുന്നു. അവരുടെ പുതിയ ഒരു സമ്പാദ്യപദ്ധതിയുണ്ടത്രേ, NRI കള്‍ക്ക് അതിവിശിഷ്ടം! (ആര്‍ക്കും അങ്ങനെ അറിയാന്‍ വഴിയില്ലാത്ത) എന്റെ നമ്പറും പേരും എങ്ങനെ കിട്ടി എന്ന വേവലാതിയോടെയുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും കിട്ടിയ ലീഡ് ആണത്രേ! നെടുമ്പാശേരിയോ! “അതെ, അവിടത്തെ എമിഗ്രേഷന്‍ പേപ്പറില്‍ എഴുതിക്കൊടുക്കുന്ന വിവരങ്ങള്‍ ഞങ്ങളെപ്പോലെയുള്ള ആള്‍ക്കാര്‍ക്ക് കിട്ടും. ഞങ്ങളുടെ മാര്‍ക്കെറ്റിങ്ങ് വിഭാഗത്തിന്റെ പ്രധാന സോഴ്സ് ആണ് അവിടം”. വിഡ്ഢിയായ ചെറുപ്പക്കാരന്‍! ഇതൊക്കെ വെട്ടിത്തുറന്നു പറഞ്ഞ് ഒരിക്കല്‍ അവന്‍ ഇരിക്കുന്ന മരം അറിയാതെ മുറിച്ചുകളഞ്ഞേക്കാം!
നമ്മുടേയും നമ്മുടെ രാജ്യത്തിന്റേയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയാണ് എമിഗ്രേഷന്‍ ഡിപ്പാര്ട്ട്മെന്റ് തന്നെ. സ്വന്തം ക്രെഡിറ്റ് കാര്‍ഡു പോലെ സ്വകാര്യമായി കരുതുന്ന, കരുതേണ്ട വ്യക്തിപരമായ (പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പരുകള്‍, ഒപ്പ് തുടങ്ങിയ) വിവരങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു ഗവണ്മെന്റ് സംവിധാനത്തെ വിശ്വസിച്ചേല്‍പ്പിക്കുകയാണ് ആ ഫോറം പൂരിപ്പിക്കുമ്പോള്‍ നാം ചെയ്യുന്നത്. ആ വിവരങ്ങളാണ് നമ്മുടെ സമ്മതമില്ലാതെ മൂന്നാമതൊരു കച്ചവടക്കക്ഷിക്കു കൈമാറുന്നത്. ഭീകരവാദികള്‍ക്കും കള്ളക്കടത്തുകാര്‍ക്കുമെതിരെ നിരന്തരം യുദ്ധം ചെയ്തുകൊണ്ടേ പുലര്‍ന്നുവരുന്ന ദൌര്‍ഭാഗ്യവതിയായ ഒരു നാടിന്റെ കോട്ടകൊത്തളങ്ങളിലാണ് ഇത്തരം വിഷപ്പുഴുക്കള്‍ നുരച്ചുകൂടിയിരിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള അപകടം എത്രയാണെന്നു പക്ഷേ നമ്മില്‍ എത്ര പേര്‍ തിരിച്ചറിയുന്നുണ്ട്? ഇത്തരം ഒരു വ്യവസ്ഥിതിയെ ഇല്ലാതാക്കാന്‍ നാം എത്ര പേര്‍ ശ്രമിക്കും? പലപ്പോഴും എണ്ണിച്ചുട്ട അവധിദിനങ്ങളില്‍ അച്ഛനമ്മ-ഭാര്യ-മക്കളോടും കൂട്ടുകാരോടും കൂടി ചെലവാക്കേണ്ട നിമിഷങ്ങള്‍ ‘നമ്മെ അത്രക്കൊന്നും ബാധിക്കാത്ത’ ഈ വക കാര്യങ്ങള്‍ക്കു ചെലവാക്കാന്‍ നമുക്കാവില്ല!!?
മുംബായിലും കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റും വിമാനമിറങ്ങുക എന്നത് ബലാല്‍സംഗത്തിന്നിരയാവുക എന്ന പോലെ ഒരനുഭവമാണ് ആത്മാഭിമാനമുള്ള പലര്‍ക്കും. ഒരു പക്ഷേ നമുക്കിടയില്‍ അക്ഷരം കൂട്ടിവായിക്കാനറിയാവുന്നവര്‍ക്ക് അതനുഭവപ്പെട്ടു കാണില്ല. കാരണം നേരവും കാലവും, ആളെയും അമ്പാരിയേയും കണ്ടറിഞ്ഞേ ഈ പീഡനം നടക്കൂ. കുറഞ്ഞൊന്നു ശ്രദ്ധിച്ചാല്‍ അപ്പുറത്തുകാണാം കൂടെ വന്നിറങ്ങിയ മറ്റൊരു സാധുവിനെ തൊലിയുരിക്കുന്നത്. ആണ്ടറുതിക്ക് അച്ഛനമ്മപെങ്ങന്മാരെയും കെട്ട്യോളെയും കുട്ട്യോളെയും കാണാന്‍ വരിക എന്ന ഒരൊറ്റ കുറ്റമാണ് അവന്‍ ചെയ്തിട്ടുണ്ടാവുക.
‘ഉടനീളം എല്ലാവരോടും വഴക്കുണ്ടാക്കുന്ന’ ഒരാളുടെ കൂടെ വിമാനയാത്രകളില്‍ ഒരുമിച്ചു പോവാന്‍ പോലും വൈമനസ്യം കാണിക്കുന്ന ഭാര്യയുടെ മുഖം യാതൊരു സുഖവുമില്ല കാണാന്‍. അതുകൊണ്ട് ‘ഒക്കെ സഹിച്ചു’പോകുന്നവരാണ് പലരും.
അങ്ങനെ സഹിക്കാതെ പോയിട്ട് ‘അവന്മാരുടെ‘ ഒക്കെ കണ്ണിലെ കരട് ആയി ഓരോ യാത്രയും ഒരു ചെറുയുദ്ധമായി പ്രഖ്യാപിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ആവില്ലേ? ചെറിയ സമയനഷ്ടങ്ങളും അസൌകര്യങ്ങളും ഉണ്ടായേക്കാം. പക്ഷേ ഒരാള്‍ക്കു വേണ്ടിയല്ല, ഒരു ജനതയ്ക്കുവേണ്ടിയാണ് എന്റെ യുദ്ധം എന്നു നമുക്കു തന്നെ തോന്നണം. അതായിരിക്കണം ആ അവജ്ഞക്കുനേരെയുള്ള നമ്മുടെ ആദ്യത്തെ സമരമുറ.
വല്ലപ്പോഴുമെങ്കിലും അപൂര്‍വ്വമായെങ്കിലും ഇങ്ങനെയൊന്നുമല്ലാത്ത, ചില നല്ല മനുഷ്യരെക്കാണാം ഈ സ്ഥാപനങ്ങള്‍ക്കിടയില്‍. ആ അവസരങ്ങളില്‍, അതു കണ്ടറിഞ്ഞ്, പ്രത്യേകമായി, “you have been so very nice with me, Thank you!", എന്നു മാത്രമെങ്കിലും പറഞ്ഞ് ഹൃദയത്തില്‍ നിന്നും തേന്‍ തൊട്ടുചാലിച്ച ഒരു പൂപ്പുഞ്ചിരി കൊടുക്കാനും നാം മറക്കരുത്! പുഞ്ചിരിയേക്കാള്‍ വ്യാപകശക്തിയുള്ള ഒരു പകര്‍ച്ചവ്യാധി വേറൊന്നില്ല! നല്ല സേവനത്തിനു് ഇങ്ങനേയും ഒരു പ്രതിഫലം ഉള്ള കാര്യം നമുക്കവരെ ഓര്‍മ്മിപ്പിക്കാം.
ഒരു കാര്യം കൂടി: പ്രവാസികളുടെ സുഖലോലുപതയിലെ ഒരു കണ്ണില്‍ക്കരട് മാത്രമാണ് ഈ വിമാനയാത്രയെന്നും അവരുടെ മിക്ക പരാതികളും സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകടികള്‍ മാത്രമാണെന്നും നമ്മുടെ തന്നെ തന്നാട്ടുകാരായ സഹോദരങ്ങള്‍ക്ക് ഒരു അബദ്ധമായ അന്ധമായ വിശ്വാസമുള്ളതായി തോന്നിയിട്ടുണ്ട്. അതങ്ങനെയല്ലെന്നറിയാന്‍ മറ്റുവഴിയൊന്നുമില്ല; “ഒരു വിസയുമെടുത്തിങ്ങു പോരൂ, അനുഭവിച്ചറിയൂ” എന്നു മാത്രമേ പറയാനാവൂ.
പിന്നെന്തിനവിടെ ഇത്ര കഷ്ടപ്പെട്ടു ജീവിക്കുന്നു എന്നായിരിക്കാം അടുത്ത ചോദ്യം. അത്തരം ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് ഈ ബ്ലോഗുകളിലൂടെ തന്നെ സാവകാശം തുടരാം...
താഴെത്തട്ടില്‍ ഉള്ള ആളുകള്‍ക്കും അവരുടെ തന്നെ ഭാഷയിലും ശൈലിയിലും അവരുടെ പ്രശ്നങ്ങള്‍ എഴുതാനും വായിക്കാനും കഴിയുന്ന ഒരു നാള്‍ വരും ബ്ലോഗുകളിലൂടെ. എന്നിട്ട് എഴുതിത്തുടങ്ങേണ്ട കഥകള്‍ ഇനിയും കുറേയുണ്ട്. ആ നാള്‍ ഉടന്‍ വരും എന്നാശിക്കട്ടെ. അത്തരം കഥകള്‍ക്ക് ഒരാമുഖം എന്ന നിലയില്‍ ഈ കുറിപ്പടി ഇവിടെ കിടന്നോട്ടെ അല്ലേ?
Friday, December 15, 2006
Subscribe to:
Post Comments (Atom)
38 comments:
ഇതൊരു അഖിലലോക പ്രശ്നമാണല്ലൊ വിശ്വപ്രഭേ !! യാത്ര നീട്ടിവച്ച് സ്വയം പരിഹരിക്കാവുന്നതല്ലെയുള്ളു ഈ പ്രശ്നം . മാര്‍ക്കറ്റിനെ യാദാര്‍ത്ഥ്യ ബോധത്തോടെ കാണു.
കാല്‍ക്കാശിന് സ്വന്തം അഭിമാനം പണയം വെക്കുന്നവരുടെ കൂടാരമായി കുടിയേറ്റ വകുപ്പ് (മെക്കിട്ട് കേറി വകുപ്പ്)മാറി കഴിഞ്ഞിരിക്കുന്നു. വിമാനതാവളത്തില്‍ നില്‍ക്കുന്നവന്റെ ചിന്ത വിദേശത്ത് പോയി കഷ്ടപ്പെട്ട് കൊണ്ട് വരുന്നതൊക്കെ ഇവര്‍ക്കായി കാഴ്ച വെക്കാനുള്ളതാണെന്നാണ്. ഇതൊന്നും മാറാന്‍ പോകുന്നില്ല. പ്രവാസികള്‍ ശക്തമായി സംഘടിച്ചെതിരിടണം. അതല്ലാതെ വഴിയില്ല.
നാട്ടിന്‍ സ്വന്തം കുടുംബത്തോട് ഒപ്പം കഴിയുന്ന ചിത്രകാരനു ഒരു പ്രവാസിയുടെ വേദനയും ബുദ്ധിമുട്ടും മാനസിക വിഷമങ്ങളും സാമ്പത്തിക പ്രതിസന്ധികളും മനസ്സിലാവില്ല ചിത്രകാരാ. യാത്ര അനന്തമായി നീട്ടി വെക്കണം എന്നാണോ ചിത്രകാരന്‍ പറയുന്നത്.
കടമകള്‍ മറക്കുമ്പോഴാണ് അവകാശ നിഷേധങ്ങളുണ്ടാകുന്നത്. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഈ സമരത്തിനു സകല പിന്തുണയും.
ബംഗാളൊഴികെ വേറെയെങ്ങും ആളുകള്‍ അറിയുക പോലും ചെയ്യാതിരുന്നപ്പോള്‍ ഇന്നലെ ബന്ദ് ആചരിച്ച മലയാളിയുടെ പതിവ് സമരമല്ലിത്.
പോസ്റ്റിലെ പ്രധാന വിഷയമല്ലെങ്കിലും അതില്‍ പരാമര്‍ശിച്ച സംഗതികളെ പറ്റി രണ്ട് അനുഭവം
1. ക്രിസ്തുമസ് വെക്കേഷന് നാട്ടില്‍ പോകാന്‍ ലീവ് കിട്ടി ഡെല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് ചാര്‍ജ്ജ് നോക്കിയപ്പോള്‍ 28,000 രൂപ. ഗള്‍ഫിലെവിടെനിന്നും ഇത്രയും ഏതായാലും വരില്ലെന്നു തോന്നുന്നു
2. ഗുഡ്ഗാവിലെ കോള്‍സെന്ററുകളില്‍ നിന്നും വിലയേറിയ വിവരങ്ങള്‍ പണം കൊടുത്താല്‍ ലഭിക്കുന്നതായി കുറച്ചു നാളുകള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതു പരസ്യമായാലുണ്ടാകുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി പെട്ടെന്നു തന്നെ ഒതുക്കി തീര്‍ത്തു. പക്ഷേ, ഇംഗ്ലീഷ് തട്ടിമുട്ടി പറയാനറിയുന്നവരെ പോലും നിസ്സാര ശമ്പളത്തിനു എടുത്തു കൊണ്ടുപോകുമ്പോള്‍ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിക്കുന്നില്ല
ഷിജു, പ്രവാസിയുടെ സങ്കടം ചിത്രകാരന് നന്നായി അറിയാം. മലയാളത്തെ മൂന്നുനേരവും ഊട്ടിപോറ്റുന്ന മലയാളി എന്നൊരു പൊസ്റ്റും ചിത്രകാരന്‍ എഴുതീട്ടുണ്ട്.
അണ്‍ഫെയര്‍ ആയ ഫെയര്‍!
തിരക്കുള്ളപ്പോളെല്ലാം ടികറ്റ് നിരക്ക് കൂട്ടല്‍- "സീസണല്‍ ട്രാഫിക് സ്മൂത്തിംഗ്" എന്നൊക്കെ വല്യേ പേരുകളുള്ള താടിക്കു തീ പിടിച്ചവന്റെ മോന്തക്കുറ്റിയില്‍ നിന്ന് ബീഡി കത്തിക്കുന്ന ഇടപാട് എല്ലാ വിമാനക്കമ്പനികളും ചെയ്യാറുണ്ട്, എയര്‍ ഇന്ത്യ നമുക്കിട്ടു താങ്ങുന്ന പാര അതല്ല, മിക്ക വിമാനക്കമ്പനികള്‍ക്കും പ്രാതിനിധ്യം ഉള്ള "ബോര്‍ഡ് ഓഫ് എയര്‍ലൈന്‍ റപ്പായീസ്"- BAAR എന്നൊരു കമ്മിറ്റി ഉണ്ടാക്കി ആണ് എല്ലാ നാട്ടിലേക്കും ടികറ്റ് ചാര്‍ജ്ജിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാറ് . ബാറിലിരിക്കുന്ന അണ്ണന്മാരുടെ കീഴ്വഴക്കം ഒരു രാജ്യത്തിന്റെ കൊടി വഹിക്കുന്ന കമ്പനി തീരുമാനിക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തില്‍ വേണം അവിടേക്ക് ഓപ്പറേറ്റ് ചെയ്യുന്ന ബാക്കി കാരിയര്‍മാര്‍ ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ എന്നാണ്(വളരെ നല്ലൊരു ചട്ടമാണിത്, അവനവന്റെ ജനത്തെ അവനവന്‍ പ്രതിനിധീകരിക്കല്‍) അതായത് ഇവിടെന്ന് ഇന്ത്യയിലേക്ക് എത്ര രൂപാ എന്നത് ഇന്ത്യന്‍ കൊടി ചൂടിയ മഹാരാജാവും ദുബായി ഫ്ലാഗ് കാരിയര്‍ എമിറേസ്റ്റും തമ്മിലുള്ള തീരുമാനം ആണ്. ഇതില്‍ നിന്നും കുറച്ചൊക്കെ ഡിസ്കൌണ്ടും പ്രീമിയവും ചാര്‍ജ്ജ് ചെയ്ത് ലങ്ക, ഒമാന്‍, കെ എല്‍ എം, സൌദിയ അങ്ങനെ ഈ വഴി ആളെ കൊണ്ടുപോകുന്ന സകലരും ടിക്കറ്റ് ചാര്‍ജ്ജ് തീരുമാനിക്കും.
അങ്ങനെ എന്തായി? ലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാ, നേപ്പാള്‍, ചൈന
തുടങ്ങി ഇവിടെ ചെറിയ പണിയെടുത്തു ജീവിക്കുന്നവര്‍ പോകുന്ന ഏതു നാട്ടിലേക്കുള്ളതിനെക്കാള്‍ നിരക്ക് ഇന്ത്യയിലേക്ക് ആക്കാന്‍ ഹോം കാരിയര്‍മാരായ എയര്‍ ഇന്ത്യയും എമിറേറ്റ്സും അവരെ പിന്തുടരാന്‍ ബാദ്ധ്യസ്ഥരായ ബാക്കി വിമാനക്കാരും കഴിഞ്ഞ പല ദശാബ്ദങ്ങളായി തീരുമാനിച്ചുകൊണ്ടേയിരിക്കുന്നു. ജെയ് മഹാരാജ!
തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
class dichotomy എന്നത് ഗള്‍ഫനില്‍ കാണുമ്പോലെ ഇന്ത്യയില്‍ ഒരിടത്തും കാണില്ല. വെള്ളക്കോളര്‍ തൊഴില്‍ ഉള്ളവന്‍ കോളര്‍ വയ്ക്കാന്‍ ഒരു ഉടുപ്പുകൂടി ഇടാന്‍ പറ്റാത്ത ജോലികള്‍ ചെയ്യുന്നവരുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അസ്സോസ്സിയേഷന്‍ കയ്യാങ്കളി, മന്ത്രിയെ വിളിച്ച് പട്ടയൊഴിച്ച് കൊടുക്കല്‍, മത മേധാവിമാരെ വിളിച്ച് വചനധാരയൊഴുക്കല്‍, സിനിമാക്കാരികളെ തട്ടില്‍ കേറ്റി നിര്‍ത്തിയും കാണുന്നവന്‍ താഴെ നിന്നും തുള്ളുന്ന മാസ് മുജ്‌റകള്‍ തുടങ്ങിയവയുടെ കുത്തകാവകാശക്കാരാകയാല്‍ ഗള്‍ഫ് ഇന്ത്യക്കാരന്റെ ശബ്ദമായ മുന്നോക്ക ജോലിക്കാര്‍ ടിക്കറ്റ് നിരക്കിനെ പറ്റി ശ്രദ്ധിക്കാറില്ല. അവര്‍ക്ക് കാലാകാലം കമ്പനികള്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റ് എടുത്തു കൊടുക്കാറുണ്ട്. തകരപ്പാട്ടയില്‍ കൊച്ചു നോട്ടുകളിട്ട് വിമാന യാത്രാ നിരക്കിലേക്ക് എന്നും ഒരു ചെറു തുക മാറ്റേണ്ട ഷവര്‍മ്മ ഉണ്ടാക്കുന്നവനും പത്രം ഇടുന്നവനും മൈക്കാടിനും നാഥുറിനും ശബ്ദമില്ല.
കൂടിപ്പുലയാട്ട് നടത്താന്‍ അവധി ദിവസങ്ങളേയില്ല, അതിനു ചിലവിടാന്‍ പണവുമില്ല.ഭൂരിപക്ഷം വരുന്ന ഈ ക്ലാസ്സ്, മിന്നുന്ന നഗരത്തിനുള്ളില്‍ അവനവനൊഴികെ ആര്‍ക്കും വേണ്ടാത്തവരായി ജീവിക്കുന്നു.
വിമാന ജീവനക്കാര്‍ക്കും ഈ തിരിവ് നല്ലപോലെ അറിയാം. അതിനനുസരിച്ച് അവര്‍ "സോറി"യും "ഛുപ്പ്"ഉം ചിരിയും ദേഷ്യവും തിരഞ്ഞെടുക്കുന്നു, തരം പോലെ തിരിച്ച് മുറ്റത്ത് കുത്തിയ കുമ്പിളിലും, വരാന്തയിലെ കീറ്റനിലയിലും നടുമുറ്റത്തെ തൂശനിലും തളത്തിലെ വെള്ളിക്കിണ്ണത്തിലും വിളമ്പിത്തരുന്നു.
അറിവില്ലായ്മ
ഇവിടെ വന്നിട്ട് 7 വര്‍ഷം തികയാന്‍ പോകുന്നു. ഇന്ത്യയുടേ കസ്റ്റംസ് ബാഗ്ഗേജ് റൂള്‍ എന്താണ്, ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ എന്താണ് എന്നൊന്നും ആരും ഇതുവരെ സാധാരണക്കാരനു പറഞ്ഞുകൊടുത്ത് കണ്ടിട്ടില്ല. ഈ അറിവില്ലായ്മയെ ചൂഷണം ചെയ്താണ് കൈക്കൂലിയും ഭീഷണിപ്പെടുത്തി പണം വാങ്ങലും നടക്കുന്നത്.
വിശ്വം, നല്ലൊരു കുറിപ്പടിതന്നെ ഇത്. ഗള്‍ഫ് പ്രവാസികളുടെ യാത്രാ ദുരിതങ്ങളെപ്പറ്റി പത്രങ്ങളില്‍ കൂടിയും മറ്റും കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായി ആദ്യം കേള്‍ക്കുന്നു.
ഞാനിവിടെ യൂറോപ്പില്‍ 11 വര്‍ഷങ്ങളായിട്ടുണ്ടെങ്കിലും ബോംബെയിലെ ചില കസ്റ്റംസ് തെണ്ടിത്തരങ്ങള്‍ കണ്ടിട്ടുള്ളതല്ലാതെ വേറെ അധികമൊന്നും ദുരനുഭവങ്ങളുണ്ടായിട്ടില്ല. ഈയിടെയായി ഗള്‍ഫു വഴിയാക്കി നാട്ടില്‍ പോക്ക് എങ്കിലും എയര്‍ ഇന്ത്യയല്ലാത്തതു കൊണ്ടാവും യാത്രക്കു കുഴപ്പമുണ്ടായില്ല.
വിശ്വം ഇവിടെ വേറൊരു വശമാണ് കാട്ടിത്തരുന്നത് - നന്നായി. ദേവന്‍റെ കമന്‍റും നന്നായി.
എത്രയോ പ്രവാസിമലയാളികള്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ഈ ക്ലബ്ബില്‍ ഈ ലേഖനം മാത്രം പോരാ.
കസ്റ്റംസിന്റെയും മറ്റ് ഓഫീസര്‍മാരുടെയും ഇതുപോലുള്ള കളികള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ വേണ്ടി മാത്രമായി ഒരു ബ്ലോഗ് തുടങ്ങിക്കൂടെ.
കളിയും ചിരിയും പങ്കുവയ്ക്കുന്നതോടൊപ്പം അറിയാതെയാണെങ്കിലും നമ്മള്‍ക്കു കുറേപ്പേരെ സഹായിച്ചൂടെ.
ഇത്രയൊക്കെ പ്രശ്നം ഉണ്ടല്ലേ. എനിക്കറിയില്ല. ഞാന്‍, വിമാനം ദൂരെനിന്ന് കണ്ടിട്ടേ ഉള്ളൂ.
:)
ദേവന്‍ ഇതൊരു പോസ്റ്റാക്കൂ.
http://www.cbec.gov.in/cae/customs/cs-act/formatted-htmls/cs-rulef.htm
നന്ദു.
റിയാദ്
നല്ല പോസ്റ്റ് .. വിശ്വം.. ഇത് വായിച്ചാല്‍ എയര്‍ ഇന്ത്യയുടെ കണ്ണ് തുറക്കുമെന്ന് തോന്നുന്നുണ്ടോ.. പ്രതീക്ഷിക്കാം അല്ലേ..
ദേവന്റെ അപ്‌ഡേറ്റും നന്നായി.
ഉത്തരേന്ത്യയിലും വടക്കുകിഴക്കേന്ത്യയിലും ഉള്ള മലയാളികള്‍ ഒരോ സീസണ്‍ സമയത്തും നാട്ടിലേക്ക് പോകാന്‍ തീവണ്ടി യാത്രക്ക് റിസര്‍വേഷന്‍ ടിക്കറ്റിനായി ബുദ്ധിമുട്ടുന്നതും ട്രാവല്‍ ഏജന്‍സിക്കാര്‍ പിഴിയുന്നതും, TTE കൈക്കൂലി വാങ്ങുന്നതും, ട്രെയിനില്‍ വെള്ളം, ഭക്ഷണം തുടങ്ങി പ്രാഥമിക സൗകര്യം പോലും വേണ്ടപോലെ കിട്ടാത്തതും.. ഇന്ത്യക്കകത്ത് നാടന്‍ പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍.. ഇതിനെക്കുറിച്ചും എഴുതേണ്ടത് ആവശ്യമാണ്.. ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ലാഭമുണ്ടാക്കിയാലും അതുകൊണ്ട്.. റിസര്‍വ്വേഷന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന മലയാളിക്കോ.. കേരളത്തിനോ.. വലിയ പ്രയോജനമൊ/ പ്രയോറിറ്റിയോ റെയില്‍വേ കൊടുക്കാറില്ല... ഇതും ഒരു യാഥാര്‍ത്ത്യം.
കൃഷ് | krish
ഇത് AIR INDIA യിലെ പ്രശ്നം മാത്രമല്ല, എല്ലാ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്താപനങ്ഗ്ളിലും ഈ പ്രശ്നം ഉണ്ഡ്.
Capitalism ആണ് ഇതിനു മരുന്ന്. Let the market place decide the quality of the service. That too with Government oversight. ഏന്താ പലരുടെയും നെറ്റി ചുളിയുന്നെ? അമേരിക്കയിലെ മലയാളികള്‍ക്ക് അതിന്റ്റെ ഗുണം മനസ്സിലാകും.
Socialism, Communism ഇവ കൊണ്ഡ് ഒരു improvement ഉം ഉണ്‍ഡാകില്ല.
അരുണ്‍
'വല്ലപ്പോഴുമെങ്കിലും അപൂര്‍വ്വമായെങ്കിലും ഇങ്ങനെയൊന്നുമല്ലാത്ത, ചില നല്ല മനുഷ്യരെക്കാണാം ഈ സ്ഥാപനങ്ങള്‍ക്കിടയില്‍. ആ അവസരങ്ങളില്‍, അതു കണ്ടറിഞ്ഞ്, പ്രത്യേകമായി, “you have been so very nice with me, Thank you!", എന്നു മാത്രമെങ്കിലും പറഞ്ഞ് ഹൃദയത്തില്‍ നിന്നും തേന്‍ തൊട്ടുചാലിച്ച ഒരു പൂപ്പുഞ്ചിരി കൊടുക്കാനും നാം മറക്കരുത്! പുഞ്ചിരിയേക്കാള്‍ വ്യാപകശക്തിയുള്ള ഒരു പകര്‍ച്ചവ്യാധി വേറൊന്നില്ല! നല്ല സേവനത്തിനു് ഇങ്ങനേയും ഒരു പ്രതിഫലം ഉള്ള കാര്യം നമുക്കവരെ ഓര്‍മ്മിപ്പിക്കാം.‘
ഈ ആനുകാലികപ്രശ്നം ചിന്തയ്ക്കു കൊണ്ടു വന്നതില്‍ വളരെ അഭിമാനം തോന്നുന്നു. നമ്മളെക്കുറിച്ച് ചിന്തിയ്ക്കാന്‍ നമ്മളു മാത്രമേയുള്ളു, ശരിയാണ്. എന്നു വിചാരിച്ച് മറ്റുള്ളവരേക്കുറിച്ചും ചിന്തിയ്ക്കാന്‍ ഒരല്പം സമയം ചിലവഴിയ്ക്കന്‍ കഴിയണം എന്നുള്ളത് കേരളീയന്റെ മനസ്സിന്റെ ഒരു ഭാഗമാകണം ഇപ്പറഞ്ഞതുപോലെ ചിന്തിയ്ക്കാന്‍.
നമ്മളൊക്കെ വംശപരമ്പരയാ വളരെ സുന്ദരന്മാരും സുന്ദരികളും ആണെന്നു സ്വയം അവകാശപ്പെടുന്നുണ്‍ടല്ലോ. കഴിഞ്ഞ തവണ ഞങ്ങള്‍ നാട്ടില്‍ പോയത്, ജൊഹന്നസ് ബര്‍ഗ്, ദുബായ്, ലങ്ക, തിരുവനന്തപുരം ഒക്കെക്കടന്നായിരുന്നു. തിരിച്ച ഞങ്ങള്‍ ജോബര്‍ഗില്‍ വന്നപ്പോള്‍, എയര്‍പോര്‍ട്ടു കൌണ്ടറിലെ ഒരു കറുത്ത പേണ്‍കുട്ടി ഞങള്‍ക്കു സ്വാഗതമേകി. അവളെത്ര സുന്ദരിയാണെന്നു ഞാനപ്പോള്‍ ഓര്‍ത്തുപോയി. മറ്റുള്ളവര്‍ക്കുവേണ്ടി ഒരു നിമിഷം ചിലവഴിയ്ക്കുക, പുഞ്ചിരിയോടെ അവരുടെ ക്ഷേമം അനേഷിയ്ക്കുക അതാണവളെ സുന്ദരിയാക്കിയത്. ആ സമയത്തു ഞാന്‍ ദുബായിലും ലങ്കയിലും തിരുവനന്തപുരത്തുമൊക്കെക്കണ്ട സുന്ദരമുഖങ്ങളേക്കുറിച്ചു ലജ്ജയോടെ ഓര്‍ത്തു.
കറമ്പിയെന്നു പറയുമ്പോഴെ വൃത്തികെട്ടവള്‍ എന്നു വിധിയെഴുതുന്ന നമ്മട ആ ആഡ്യത്തരത്തിന്റെ ഒരു ജാഡയുണ്ടല്ലോ... നമ്മളോടൊപ്പം എത്താന്‍ കഴിയാത്തവര്‍ക്കു വേണ്ടി,ഒരനുഭാവം കാണിച്ചാല്‍ ഈ ആഡ്യത നമ്മളു തന്നെ കളഞ്ഞുകുളിയ്ക്കുകയാണ് എന്നുള്ള ഭയം മാറ്റിയെടുക്കുന്നതിനു വേണ്ടി നമ്മള്‍ തന്നെ ശ്രമിയ്ക്കേണ്ടിയിരിയ്ക്കുന്നു.
പിന്നെ ഇങ്ങനെ എത്രയെത്ര പ്രശ്നങ്ങളാണ് കേരളീയന്‍ നേരിടുന്നത്. ഇതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ ഒരുമിച്ചു നിന്നു നെഗോഷിയേറ്റു ചെയ്താല്‍ നടക്കുമെന്നു വിചാരിയ്ക്കുന്ന കൂട്ടത്തിലാണ് ഈ ഞാന്‍.
മാറ്റമാണ് ഇന്നത്തെ കാലത്തിന്റെ അടിസ്ഥാനം. നല്ലതിനു വേണ്ടി മാറണം. അതിനറിവു വേണം. ഒരാള്‍ക്കറിയാന്‍ വയ്യാത്തത് മറ്റുള്ളവരോടു ചോദിയ്ക്കാനുള്ള വിശ്വാസം മലയാളികള്‍ക്കങ്ങോട്ടുമിങ്ങോട്ടുമില്ല. ഇതിനു വേണ്ടി കുറച്ചു ശ്രമിയ്ക്കുക എന്നുള്ളത് ബ്ലോഗിന്റെ പല സാധ്യതകളില്‍ ഒന്നായി നമ്മളില്‍ പലരും അംഗീകരിയ്ക്കുമെന്നും അതിലേക്കു പ്രവര്‍ത്തിയ്ക്കു മെന്നും ആശിച്ചു കൊണ്ട്.
അതിലേക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നുള്ളതിനേക്കുറിച്ചൊരു ചര്‍ച്ച് ആരംഭിയ്ക്കുമെന്നും പ്രതീക്ഷിയ്ക്കുന്നു.
വളരെ ആവേശമുണര്‍ത്തുന്നതായിരുന്നു വിശ്വപ്രഭയുടെ ലേഖനം. പക്ഷേ ഒരു പ്രയോജനവുമില്ല സുഹ്രുത്തേ, കാരണം ഇതു വായിക്കുന്നവന്‍ മലയാളി ആണ്. ഇത്തരം ലേഖനങ്ങള്‍ വായിക്കുമ്പോള്‍ മാത്രം അഭിമാന പൂരിതമാകുന്ന അന്തരംഗവും, ഞരമ്പുകളില്‍ തിളക്കുന്ന ചോരയും ഉണ്ടാകുന്ന ഒരു പ്രത്യേക തരം ജീവി. അപസ്മാരം ഉണ്ടാകുന്നവന്റെ കൈയില്‍ കിട്ടുന്ന താക്കോല്‍ കൂട്ടം പോലെ, വേറെ എന്തെങ്കിലും ഒന്നു കിട്ടിയാല്‍ താനെ പൊയ്പോകുന്ന ഒരു തരം കൂടിയ അപസ്മാരമുള്ളവര്‍
കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ മുഴുവനും എല്ലാ മലയാളി സംഘടനകളുടെയും വകയായി ഈ അനീതിക്കെതിരെ ശക്തവും ഘോരവുമായ സമര പ്രഖ്യാപന നാടകങ്ങള്‍ അരങ്ങേറിയിരുന്നു. കോട്ടും ടൈയും കെട്ടി നിന്ന് ഗള്‍ഫിലെ കുട്ടി നേതാക്കന്മാര്‍ ഗദ്ഗദത്തോടെയും ആവേശത്തോടെയും നിന്നു കുരക്കുകയും, നമ്മുടെ സ്വന്തം വിമാന കമ്പനിയെ ബഹിഷ്കരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ഇത്തവണ എന്തെങ്കിലും നടക്കും എന്നു വെറുതേ വിശ്വസിച്ചവരുടെ കൂട്ടത്തില്‍ ഈ ഞാനുമുണ്ടായിരുന്നു. ഈ അഭ്യാസ മാമാങ്കത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ മൊത്തമായും ചില്ലറയായും അവതരിപ്പിക്കാന്‍ കസേരയില്‍ ചരിഞ്ഞിരുന്നും മേശയില്‍ കൈമുട്ടുകുത്തി മുന്നോട്ടാഞ്ഞിരുന്നും ചാനല്‍ കുട്ടപ്പന്‍ മാരും, ഗള്‍ഫുകാര്‍ക്കു വേണ്ടി തങ്ങളുടെ ഒരു പേജ് നീക്കിവയ്ക്കാന്‍ വിശാല മനസ്സു കാണിച്ച (അതിന്റെ പകുതി പേജില്‍ പരസ്യമാണെങ്കില്‍ പോലും) പത്രവും മല്‍സരത്തിലായിരുന്നു. ഒരു മാസത്തോളം നീണ്ടു നിന്നു ആഘോഷങ്ങള്‍, പിന്നീട് ഒരു വിവരവുമില്ല. വിലയുള്ള താക്കോല്‍ കൂട്ടങ്ങള്‍ വല്ലതും നേതാക്കന്മാര്‍ക്ക് കിട്ടിക്കാണും. അല്ലെങ്കില്‍ ഗള്‍ഫില്‍ മുക്കിന് മുക്കിന് ഉള്ള ഷവര്‍മ കടകളേക്കാള്‍ എണ്ണത്തില്‍ കൂടുതലുള്ള മലയാളി സംഘടനകള്‍ എല്ലാവരും കൂടി ഒന്നിച്ചു സമരം ചെയ്ത് വല്ല അബദ്ധത്തിലെങ്ങാനും അവര്‍ ചാര്‍ജ്ജ് കുറച്ചാല്‍ അതിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കും കൂടി പങ്കു വയ്കേണ്ടി വരും എന്നുള്ള തിരിച്ചറിവുമാകാം.
അല്ലെങ്കിലും വളരെ കഷ്ടപ്പെട്ടിട്ടും നമ്മുടെ പേര് നാലാളറിയുന്നില്ലെങ്കില്‍ പിന്നെന്തിനാ ആ പണിക്കു പോകുന്നേ. ഈ മനോഭാവം കൊണ്ടാണല്ലോ ഗോളടിക്കുന്നവനെ മാത്രമറിയുന്ന ഫുട്ബോളിനേക്കാള്‍, അടിച്ചാലും, എറിഞ്ഞിട്ടാലും, പിടിച്ചാലും ഒക്കെ നാലുപേരറിയുന്ന ക്രിക്കറ്റിനോട് നമുക്കു താല്‍പര്യം കൂടുതല്‍.
ഗള്‍ഫിലുള്ള ഭൂരിപക്ഷം പേര്‍ക്കും അറിയാവുന്ന ഒരു സമരത്തിന്റെ കാര്യം കൂടി കുറിക്കട്ടെ. പ്രശ്നം ഇതു തന്നെ ആയിരുന്നു, പക്ഷേ സമരം ചെയ്തത് സംഘടനകളോ, നേതാക്കന്മാരോ ഇല്ലാത്ത, വിവരദോഷികള്‍ എന്നു നാം വിളിക്കുന്ന ഒരു വിഭാഗമായിരുന്നു. പാകിസ്താനിലെ പഠാന്മാര്‍. ഒരു കാര്യം തീരുമാനിച്ചാല്‍ ജീവന്‍ പോയാലും അതുചെയ്യുന്നവര്‍ എന്ന വിശേഷണം സത്യമാണെന്ന് അവര്‍ തെളിയിച്ചു. വാമൊഴിയിലൂടെ ആയിരുന്നു പ്രചാരണം, കാണുന്ന പഠാന്മാരെല്ലാം പാകിസ്താന്‍ എയര്‍ ലൈന്‍സിനെ ബഹിഷ്കരിക്കാന്‍ അന്യോന്യം പറഞ്ഞു. മലയാളികളുടെ അത്രയും വിവരമില്ലാത്തതുകൊണ്ട് ആ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടായി നിന്നു. വളരെ അത്യാവശ്യമുള്ളവര്‍ മാത്രം പി. ഐ. എ. യില്‍ യാത്ര ചെയ്തു. ഒരാഴ്ച്ച വിമാനം കാല്‍ ഭാഗം മാത്രം ആള്‍ക്കാരുമായി പറന്നു, അതു കഴിഞ്ഞപ്പോള്‍ പി. ഐ. എ. യുടെ തലവന്‍ അബുദാബിക്ക് പറന്നു, ചര്‍ച്ചകള്‍ നടന്നു. മൂന്ന് ആവശ്യങ്ങളായിരുന്നു അവര്‍ പ്രധാനമായി മുന്നോട്ട് വച്ചത്. വിമാന നിരക്കു കുറക്കുക, അനുവദനീയമായ ലഗേജ് പരിധി കൂട്ടുക, അവരുടെ ഭാഷ സംസാരിക്കുന്ന ഒരാളെയെങ്കിലും വിമാനത്തില്‍ നിയമിക്കുക ഇവയായിരുന്നു ആ ആവശ്യങ്ങള്‍. അവരുടെ മൂന്ന് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. വിജയാഹ്ലാദ പ്രകടനങ്ങളോ, വിജയാവകാശ പ്രഖ്യാപനങ്ങളോ ഒന്നുമില്ലാതെ ചെറു ചെറു കഫറ്റീരിയകളുടെ മുന്നില്‍ കൂടിയുരുന്ന് സുലൈമാനി കുടിച്ചും ചുണ്ടിനും കവിളിനും ഇടയില്‍ നസ്വാര്‍ എന്ന സാധനം വച്ചും അവര്‍ സന്തോഷമായി ഇന്നും അവരുടെ സ്വന്തം കൊടി വാഹിനിയില്‍ യാത്ര ചെയ്യുന്നു.
ഇതും വെറുതെ പറയാമെന്നേ ഉള്ളൂ ... കിം ഫലം.
എന്തായാലും സുഹ്രുത്തേ, പ്രതികരിച്ചതിന് അഭിനന്ദനങ്ങള്‍, വേദനയിലും വികാരത്തിലും ഞാനും പങ്കു ചേരുന്നു.
ആദ്യമായിട്ടാണ് എഴുതുന്നത്, അതു കൊണ്ടു തന്നെ ഈ കമന്റ് വളരെ വലുതായിപ്പോയതിലും അങ്ങനെ കമന്റെഴുത്തിനെ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചതിനും മാപ്പ്.
:)
എയർ ഇന്ത്യയിലും ഇന്ത്യൻ എയർലൈൻസിലും ഞാൻ പോകില്ല എന്ന് ഓരോ പ്രവാസിയും തീരുമാനമെടുത്തിരുന്നെങ്കിൽ!
ഇവിടെ യു.ഏ.ഈയിൽ നിന്ന് കൊച്ചിയിലേക്ക് കപ്പൽ സർവീസ് ദാ ഇപ്പം തുടങ്ങിക്കളയുമെന്നൊക്കെ ഭീഷണിയുണ്ടായിരുന്നു. കപ്പൽ എന്തായെന്ന് ആർക്കും അറിയില്ല.
ഈ കൊള്ള നിൽക്കില്ല. എയർ അറേബ്യയും അതീൽ ചേർന്നു കഴിഞ്ഞു. ചക്കരക്കുടത്തിൽ....
നല്ല പോസ്റ്റ്.. ഒരുമിച്ചു നിന്ന് പ്രതികരിക്കണം (അതിന് മലയാളിക്ക് എന്ത് ഒരുമ?)
വിശ്വേട്ടാ ,
വളരെ നന്നായി. ഇങ്ങനെയും പറയാനും പ്രവര്‍ത്തിക്കാനും ആളുകള്‍ ഉണ്ടാവണം, അതൊരു ന്യൂന പക്ഷമാവരുത് യാത്ര ചെയ്യുന്നവരുടെ മഹാഭൂരിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ മുന്നോട്ട് വരണം.
ഞാന്‍ മൂന്ന് പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തതും മഹാരാജാവിന്റെ ദയയിലല്ല.ഇപ്രാവശ്യം മാത്രമാണ് കേരളത്തില്‍ നിന്നും എക്സ്‌പ്രസ്സില്‍ യാത്ര ചെയ്തത് ,മറ്റെല്ലാം മുംബൈ വഴിയായിരുന്നു .
എല്ലാത്തിലുമുപരി വളരെ പരിതാപകരമാണ് എമിഗ്രേഷനില്‍ നിന്നും യാത്രകാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു പോകുന്ന അപകടകരമായ അവസ്ഥ.
നിരക്കു കുറക്കണമെന്ന് പറഞ്ഞു പ്രസ്താവനകളും പ്രതിഷേധങ്ങളും നടത്തുന്ന സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ മിക്കവാറും ഉയര്‍ന്ന വരുമാനമുള്ളവരായിരിക്കും. അവര്‍ക്കു പ്രസ്താവന നടത്താനല്ലാതെ നടപ്പില്‍ വരുത്താന്‍ താല്‍പര്യമുണ്ടവില്ല. അനുഭവിക്കുന്നത് മിഡില്‍ ക്ളാസ്സുകാരും ലോ ക്ളാസ്സുകാരുമല്ലേ. നിരക്കു കുറക്കാന്‍ ഒരേ ഒരു വഴിയേ ഉള്ളു. തമനു പറഞ്ഞത് തന്നെ. ബഹിഷ്കരണം. (നടക്കാത്ത സ്വപ്നം).
നന്ദു,
ആരോ കൊണ്ടുപോയ ലാപ്പ് ടോപ്പിന്റെ പേരില്‍ കസ്റ്റംസുകാരന്‍ പണമാവശ്യപ്പെട്ടെന്ന പോസ്റ്റിനു താഴെ സപ്തവര്‍ണ്ണവും ഞാനും ബാഗ്ഗേജ് റൂളിനെപറ്റി പണ്ട് എഴുതിയിരുന്നു. എവിടെയാണെന്ന് നിശ്ചയമില്ല. കണ്ടെത്തി കൂടുതല്‍ നന്നാക്കി ഇവിടേക്ക് മാറ്റാം.
ഓടോ.
യാത്ര മൊത്തമായി എമിറേറ്റ്‌സില്‍ ആക്കിക്കഴിഞ്ഞു ഞാന്‍. ദേശ സ്നേഹം ഞാന്‍ പണിയെടുക്കുന്ന ദേശത്തിനോടും കാട്ടാമല്ലോ. കൊള്ളാവുന്ന സര്‍വീസിനു പ്രോത്സാഹനവും.
ദേവരാഗം മാഷേ, കമ്പനി യാണ് ടിക്കറ്റ് തരുന്നതെങ്കില്‍ ഓക്കേ, അല്ലെങ്കില്‍ കളസം കീറിപ്പോകില്ലേ എമിറേറ്റ്സില്‍ യാത്ര ചെയ്താല്‍ ...?
അടുത്ത 17 നുള്ള (Jan 17, 2007) Dubai - Cochi ടിക്കറ്റ് നിരക്ക് താഴെ (അങ്ങോട്ടുള്ള യാത്ര മാത്രം)
Air Arabia - Dhs . 600
Air India Express - Dhs 675
Air India - Dhs. 1080
Emirates - Dhs. 1800
ഭാര്യയേം 2 പിള്ളാരേം കൊണ്ട് എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന കാശു കൊണ്ട് കുറഞ്ഞത് 3 ഭാര്യമാരേം അവരിലുണ്ടായ പിള്ളേരേം കൊണ്ട് എയര്‍ അറേബ്യയിലോ, എകസ്‌പ്രസിലോ പറന്നു കൂടേ എന്ന് എന്നേ പോലുള്ള പ്രാരാബ്ദ്ക്കാര്‍ ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ ചങ്ങായീ. ദേശ സ്ണേഹത്തേക്കാള്‍ വലുതാണ് സാര്‍ പോക്കറ്റിലെ കാ.........ശ്.
കമ്പനി ടിക്കറ്റ് അല്ലാതെ അതിനുള്ള കാശു തരാത്തതുകൊണ്ടാ ഞാന്‍ എമിറേറ്റ്സില്‍ പോകുന്നത് തമനുവേ. ഇല്ലെങ്കില്‍ നമ്മളും എയര്‍ അറേബ്യയില്‍ പോയേനേ (എന്നാലും എയര്‍ ഇന്ത്യയില്‍ പോകുകേലാ ഞാന്‍. പത്തു ചക്രം കൈക്കൂലി കൊടുത്ത എതോ ഒരുത്തനു വേണ്ടി എന്റെ റീകണ്‍ഫേം ചെയ്ത ടിക്കറ്റിന്റെ ബുക്കിംഗ് റിക്കോര്‍ഡ് മൊത്തമായി എടുത്തു കളഞ്ഞു പോകേണ്ട ഡേറ്റില്‍ എന്നെ വിടാതിരിക്കാന്‍ ശ്രമിച്ച എയറിന്ത്യയോട് പൊറുക്കാന്‍ മാത്രം വലിയ മനസ്സ് ഇല്ലാത്തതുകാരണം)
)
പക്ഷേ ഫെയര്‍ നോക്കി നോക്കി വന്നപ്പോ എമിറേറ്റ്സിന്റെ ബിസിനസ്സ് ക്ലാസ്സ് ഫെയര്‍ ആണോ കണ്ടതെന്ന് സശയം. കാര്യം ശകലം പ്രീമിയം റേറ്റ് ഇടുമെങ്കിലും ഇരട്ടി ചാര്‍ജ്ജ് വച്ചാല്‍ ആരെങ്കിലും പോകുമോ? ഇന്നു നോക്കുമ്പോള്‍ കൊച്ചി ബിസിനസ്സ് ക്ലാസ് ടിക്കറ്റിനു 2010 ദിര്‍ഹം. ഇക്കോണമി വിറ്റു തീര്‍ന്നതുകൊണ്ട് ചാര്‍ജ്ജ് അറിയാന്‍ പറ്റുന്നില്ല, പക്ഷേ 1800 വരാന്‍ വഴിയില്ലല്ലോ മാഷേ?
സൌത്ത് ആഫ്രിക്കക്കാരികളുടെ സൌന്ദര്യത്തിനെ ആരാണ് മോശമായിക്കാണുന്നത്? അവരെ ഞാന്‍.......
:-)
സത്യായിട്ടും ഐശ്വര്യാ റായീനെ തോല്‍പ്പിക്കുന്ന(ആപേക്ഷിക ആസ്വാദനം) സൌന്ദര്യമുള്ളവര്‍ ഉണ്ട്..സീരിയസ്സ്. ഒരു പ്രത്യേക ലുക്കാണ് അവര്‍ക്ക്. നോക്കിയിരുന്നുപോകും.
ഇനി എയര്‍വേയ്സിന്റെ കാര്യം :
എയര്‍ ഇന്ത്യയില്‍ പോയിട്ടില്ല. ആദ്യം വിമാനത്തില്‍ക്കയറിയത് എയര്‍ലൈന്‍സിന്റെ ബിസിനസ്സ് ക്ലാസ്സില്‍ ആയിരുന്നു. അതു കൊണ്ട് അത്ര മോശമായിത്തോന്നിയില്ല (ഒരമ്മച്ചി ആണല്ലോ എയര്‍ഹോസ്റ്റസ് എന്നു പക്ഷേ തോന്നി). പിന്നെ ജെറ്റ്, സഹാറ, ഡെക്കാന്‍ ഇത്യാദികള്‍ ചറപറ. ഒന്നും അത്ര മോശമായി തോന്നിയില്ല. പ്രൈവറ്റ് അല്ലേ? പിന്നെ ഒരു എയര്‍ ഫ്രാന്‍സ്, പിന്നെ സൌത്ത് ആഫ്രിക്കന്‍. രണ്ടും ചക്കടാ വിമാനങ്ങള്‍.ബോബേയിലേക്കല്ലേ, ചക്കടാ മതി എന്നായിരിക്കും. രണ്ടിലും ബിസിനസ്സ് ക്ലാസ്സില്‍ സര്‍വ്വീസിന് മദാമ്മയും എക്കണോമിയില്‍ ഇന്ത്യന്‍/ആഫ്രിക്കനും. പോരാത്തതിന് അവരുടെ പെര്‍ഫോറ്മന്‍സും അല്പം രണ്ടാം തരം സര്‍വ്വീസ് അല്ലേ എന്നു സംശയം തോന്നാതിരുന്നില്ല. അതൃപ്തിയുണ്ടായിരുന്നു.
പക്ഷേ.......
ഇന്ത്യക്കാര്‍ കൂട്ടിയിടിച്ചു തിക്കി പോകുന്ന ബോംബേ/ഡെല്‍ഹി വിമാനങ്ങളിലെ സ്ഥിതി നോക്കൂ.
യാതൊരു അച്ചടക്കവുമില്ലാത്ത യാത്രക്കാരാണ് ഇന്ത്യക്കാര്‍ ഭൂരിഭാഗം.
ടേക്കോഫിന്റെ സമയത്ത് ഓടിക്കളിക്കും പിള്ളേര്‍, അടുത്ത് സീറ്റിനരികില്‍ പോയി നിന്ന് സൊറ പറയും മുതിര്‍ന്നവര്‍. സ്റ്റാഫ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു വിലയും കൊടുക്കില്ല. അപ്പോഴും കലപില ബഹളം. രാത്രി വൈകിയും കലപിലയാണ്.വല്ലതും വേണമെങ്കില്‍ പ്ലീസ് എന്നോ കുഡ്, വുഡ് ഒന്നും ചേര്‍ക്കാതെ ധാബയിലെ സപ്ലയറോട് പറയുന്നത് പോലെയാണ് ഹോസ്റ്റസുമാരോട് ആജ്ഞ.
അതൊക്കെ പോട്ടെ. വിമാനത്തിലെ ടോയ്‌ലെറ്റോ! എന്റെമ്മെ!!!!!!!!!!!!
ഇത്രയും വൃത്തികെട്ട മനുഷ്യരെ ഞാന്‍ ലോകത്തില്‍ കണ്ടിട്ടില്ല. ഇന്ത്യക്കാരനാണെന്ന് പറയാന്‍ ലജ്ജിക്കുന്ന സന്ദര്‍ഭമാണത്.
കുട്ടികളേയും കൊണ്ട് ടോയ്ലെറ്റില്‍ പോയ ഒരുവള്‍ കുട്ടിയുടെ കുണ്ടി കഴുകുന്നത് വാഷ് ബേസിനാണ്! അവര്‍ക്ക് അതാണ് സൌകര്യം!പിന്നാലെ കയറുന്നവന്‍ പോയി തുലയട്ടെ!
ഒന്നു ഫ്ലഷ് ചെയ്യാന്‍ എല്ലാവര്‍ക്കും മടിയാണ്. കാര്‍ക്കിച്ചു തുപ്പിയിട്ട ബേസിനൊക്കെ ഒന്നു കഴുകി തുടക്കാന്‍ വയ്യ.
കാരണം വീട്ടിലെ ശീലമല്ലേ?
ദയനീയമായ മുഖത്തോടെ ഇന്ത്യക്കാരുടെ ഇടക്ക് ടോയ്‌ലെറ്റില്‍ പോകാന്‍ നില്‍ക്കുന്ന സായിപ്പിനോട് പോയി സോറി പറയണം എന്ന് എനിക്ക് എന്തോ പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇജ്ജാതി യാത്രക്കാര്‍ക്ക് എന്ത് ട്രീറ്റ്‌മെന്റാണ് വേണ്ടത്?
ഗള്‍ഫ് യാത്രക്കാരുടെ രീതി എനിക്കറിയില്ല.
ഇന്ത്യക്കാര്‍ വൃത്തിയും , കുലീനമായ പെരുമാറ്റവും , അച്ചടക്കവും മര്യാദയും പഠിക്കാത്തിടത്തോളം കാലം എല്ലാവരും ഇങ്ങനെ അനുഭവിക്കും. നിരപരാധികളും!
ശരിയാണല്ലോ ദേവരാഗം മാഷേ ... ഫെയര്‍ നോക്കിയതില്‍ എന്തോ തെറ്റു പിണഞ്ഞിട്ടുണ്ട്. അതിന്റെ അടുത്ത ദിവസങ്ങളില്‍ പോലും പോലും അത്രയും റേറ്റ് ഇല്ല. എമിറേറ്റ്സിനെതിരെ ഒരു അസത്യവാങ്ങ്‌മൂലം നല്‍കിയതില്‍ ഖേദിക്കുന്നു.
വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇഷ്ടമുള്ള ഫ്ലൈറ്റ് സെലെക്റ്റ് ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ഉള്ളൂ. സാധാരണ തൊഴിലാളികള്‍ക്ക് അതിനു കഴിയാറില്ല. കമ്പനി എടുത്തു കൊടുക്കുന്ന ടിക്കറ്റില്‍ പോകുക എന്നത് മാത്രമേ അവര്‍ക്ക് കഴിയൂ. പൊരിവെയിലത്ത് പണിയെടുക്കുന്ന ആ പാവങ്ങളുടെ കാശാണല്ലോ നമ്മുടെ മഹാരാജാവിനെ പ്രധാനമായും താങ്ങി നിറുത്തുന്നത്.
എല്ലാം ശരിയാകുന്നൊരു കാലം വരും എന്നു വെറുതെ ആശിക്കാം, അല്ലേ മാഷേ ...
അരവിന്നന്‍ കുട്ടീ,
ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്ന വിമാനങ്ങളിലെ ഭൂരിഭാഗം ജനങ്ങളും വിശ്വം മാഷ് പറഞ്ഞ കഡപ്പകളോ തത്തുല്യരോ ആണ്. അവര്‍ക്ക് മാനേഴ്സ്സോ വലിയ വൃത്തിപരിചയമോ ഇല്ല. ഇംഗ്ലീഷിലും അറബിയിലും നടത്തുന്ന അനൌണ്‍സ്മെന്റുകള്‍ കേട്ടാല്‍ മനസ്സിലാവുകയും ഇല്ല. 500 ദിര്‍ഹം വാങ്ങി ക്യാമ്പിനു പുറത്ത് വിമാനത്താവളവും നാടുമല്ലാതെ ഒന്നും കാണാതെ അവര്‍ ജീവിച്ചു പോരുന്നവരാണ്. വലിയ വൃത്തികേടുകള്‍ കാണിക്കാറില്ലെങ്കിലും അവര്‍ വലിയ വൃത്തിയും കാണിക്കാറില്ല.
എന്നാല്‍ ജോഗ്ഗിംഗ് റ്റ്രാക്കിന്റെ പോളില്‍ ഡയപ്പര്‍ നാട്ടിയ വൃത്തികെട്ടവളുണ്ടല്ലോ , അവള്‍ ഈ പാവങ്ങളെപ്പോലെ അറിയാതെ ചെയ്യുന്നതല്ല, അവളുടെ കൊച്ചിന്റപ്പന് അയ്യായിരം ദിര്‍ഹത്തിനു പുറത്ത് ശമ്പളമുള്ളതുകൊണ്ടാണ് ഇവിടെ എത്തിയത്. കണ്ഠകൌപീനവും കെട്ടി കാറിലിരുന്ന് വിന്‍ഡോ തുറന്ന് റോഡില്‍ തുപ്പുന്നവനും അതുപോലെ അറിഞ്ഞുകൊണ്ട് വൃത്തികേട് ചെയ്യുന്നവനാണ്. ഇത്തരകാരാണ് വിമാനയാത്രകളില്‍ എറ്റവും വലിയ പോക്രിത്തരം കാണിക്കുന്നതും അലമ്പുണ്ടാക്കുന്നതും.
വിമാനത്തില്‍ മദ്യം കൊടുക്കുന്നത് കോമ്പ്ലിമെന്ററി സര്‍വീസ് ആണ്, ഈ ചെറ്റകള്‍ അത് കൂടുതല്‍ വേണമെന്ന് പറഞ്ഞ് എന്നും കശപിശ നടത്തി മനുഷ്യനെ നാറ്റും. രണ്ടായിരം ദിര്‍ഹത്തിനു ടിക്കറ്റ് എടുക്കാന്‍ ആവുമെങ്കില്‍ പത്തു ദിര്‍ഹം കൂടി മുടക്കി എയര്‍പോര്‍ട്ടില്‍ നിന്നും വേണ്ട
ചാരായം വാങ്ങി കുടിച്ചിട്ട് കയറരുതോ ഇവറ്റകള്‍ക്ക്.
[ഒരിക്കല്‍ വിമാനത്തിലിട്ട് ഇന്ത്യയില്‍ മാങ്ങയുണ്ട് തേങ്ങയുണ്ട് എന്നൊക്കെ പറഞ്ഞ് ഒരു സ്വീഡന്‍ കാരനെ എരി കയറ്റിക്കൊണ്ടിരിക്കുമ്പോള്‍ പിറകീന്ന് ഒരു ഏംബക്കവും കൂക്കിവിളീം "ഏയ് ഏയ് ടൂ ബ്രാണ്ടി." പിറകില്‍ അതാ ഫൈന്‍ ഇന്ത്യന്‍ സ്പെസിമെന്‍:- സഫാരി സ്യൂട്ടേല്‍ കേറി ഞെളിഞ്ഞിരിക്കുന്ന ഹിന്ദിക്കാരന്‍ ദൂരെയെങ്ങാണ്ടും നില്‍ക്കുന്ന വിളമ്പുകാരി പെണ്ണിനെ വിളിച്ചതാ ആ ഏയ് ഏയ്."]
അറിയാതെ എന്തെങ്കിലും ചെയ്യാതെ പോകുന്ന പാവം തെലുങ്കനും ബംഗ്ലാദേശിയും എവിടെ ജന്മനാ വൃത്തികെട്ടവന്മാര്‍ ആയതുകൊണ്ട് എവിടെയും മനുഷ്യനെ നാറ്റുന്ന ഈ അഭ്യസ്തവിദ്യരെവിടെ.
തമനു മാഷേ, എല്ലാം ശരിയാവും ഇല്ലെങ്കില്‍ എയര്‍ ലങ്കയെ ശ്രീലങ്കക്കാര്‍ വിറ്റതുപോലെ പോലെ വിറ്റു കാശാക്കാം നമുക്കും മഹാരാജാവിനെ. ആണുങ്ങളെറ്റുത്ത് നടത്തി കാശുണ്ടാക്കട്ടെ.
ശരിയാണ് ദേവഗുരോ..
എന്റെ കമന്റെഴുതിയപ്പോള്‍ മനസ്സില്‍ വന്നത് കുത്തിനാട്ടിയ ആ ഡയപ്പര്‍ തന്നെ.
അത്തരം പ്രവൃത്തികളെ വിശദീകരിക്കാന്‍ വാക്കുകളില്ല. ലജ്ജ കൊണ്ട് തലകുനിയുന്നു.
വൃത്തിബോധം ഒരു പരിധി വരെ സാമ്പത്തിക/വിദ്യാഭ്യാസ നിലവാരത്തോട് ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ നില്‍ക്കുന്നത്.
വിവരമില്ലാത്ത, ദരിദ്രനായ ഒരുവന് പോട്ടി എങ്ങനെയുപയോഗിക്കണമെന്നോ, വാഷ്ബേസിനില്‍ വൃത്തി സൂക്ഷിക്കണമെന്നോ അറിയില്ല. അവന് പറമ്പില്‍ വെളിക്കിരുന്നും, മുറ്റത്ത് നീട്ടിത്തുപ്പിയുമേ പരിചയമുള്ളൂ. വിമാനത്തില്‍ കയറിയാല്‍ അവന് വൃത്തി സൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നത് സ്വാഭാവികം. പക്ഷേ അതുകൊണ്ട് കിട്ടുന്ന അവജ്ഞ സഹിച്ചേ തീരൂ. വൃത്തിയില്ലാത്തവനോടും സാമൂഹ്യബോധമില്ലാത്തവനോടും മൃഗത്തിനോടെന്ന പോലെ പെരുമാറിയാലും എനിക്ക് കുറ്റം കാണാന്‍ കഴിയില്ല. എനിക്ക് പണമില്ല, വിവരമില്ല എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. മറ്റു സംസ്കാരങ്ങളില്‍ അങ്ങനെയല്ലല്ലോ? വൃത്തി സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ചാണകം മെഴുകിയ ഓലപ്പുരകളില്‍ മാര്‍ബിളിട്ട കൊട്ടാരത്തിനേക്കാള്‍ വൃത്തി നമ്മുടെ കേരളത്തില്‍ പല സ്ഥലങ്ങളിലും കാണാം.എന്റെ അമേദ്യവും തുപ്പലും മറ്റുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റാത്ത ഒന്നാണെന്ന് മനസ്സിലാക്കാനൊരുവന് ഒരു ഡിഗ്രിയുടേയും ബാങ്ക് ബാലന്‍സിന്റേയും ആവശ്യമില്ല..അല്പം മനുഷ്യത്വം മതി.
പിന്നെ ദേവഗുരു പറഞ്ഞ ആ വിഭാഗമുണ്ടല്ലോ? കോട്ടും ടൈയ്യും കെട്ടിയ തനി വഷളന്മാര്‍....അവരെ എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ. പിന്നിലിരുന്ന് ഏമ്പക്കം വിടുന്നതിന്റെ പുളിച്ച നാറ്റം മുന്നിലിരിക്കുന്ന എനിക്ക് പലപ്പോഴും അനുഭവപ്പട്ടിട്ടുണ്ട്.
എങ്ങെനെയാണ് ദേവഗുരോ ഇങ്ങനെ ഒരു ജനതയെ പൂവിട്ട് പൂജിച്ച് വിമാനത്തില്‍ യാത്രയാക്കണം എന്ന് പറയുന്നത്?
കൊള്ളരുതായ്മകള്‍ ചെയ്യാത്തവരുണ്ടെങ്കിലും, അഭിപ്രായങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് പൊതുവായല്ലേ?
ബ്ലഡി ഡേര്‍ട്ടി ഇന്ത്യന്‍സ് എന്നല്ലേ എല്ലാ എയര്‍ഹോസ്റ്റസുന്മാരും വിചാരിക്കുന്നത്? അല്ലാതെ തിരഞ്ഞുപിടിച്ചല്ലല്ലോ?
(9/11 ല്‍ മുസ്ലീങ്ങള്‍ക്ക് പറ്റിയതുപോലെ...)
വടക്കേ ഇന്ത്യയില്‍ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ സീറ്റിലും തറയിലുമിരുന്ന് കഞ്ചാവ് ബീഡി വലിച്ച് യാത്രചെയ്യുന്നവനേപ്പോലെയല്ലല്ലോ, ഫസ്റ്റ് ക്ലാസ് എ.സി കൂപ്പേയില്‍ യാത്ര ചെയ്യുന്നവനെ ടി ടി ഇ കാണുന്നത്? രണ്ടു പേരേയും ഒരുപോലെ കാണാന്‍ സാധിക്കില്ല.
എന്നാല്‍ കേരളത്തിലെ ജനറലിലെ(പകല്‍ വണ്ടികളിലെ) സ്ഥിതി അങ്ങനെയല്ലല്ലോ? യാത്രക്കാര്‍ ഉദ്യോഗസ്ഥരായത് കൊണ്ടാണ്. സംസ്കാരസ്മ്പന്നരായതിനാലാണ്. ജനറലിലായാലും ആ ഒരു സ്റ്റാന്‍ഡേര്‍ഡ് കാത്തു സൂക്ഷിക്കുന്നതിനാലാണ്.
ആദ്യം ഇന്ത്യക്കാര്‍ മെച്ചപ്പെടട്ടെ. ട്രീറ്റ്മെന്റ് തീര്‍ച്ചയായും മെച്ചപ്പെടും.
യാതൊരു മാനെര്‍സും സാമൂഹിക ബോധവുമില്ലാത്ത യാത്രക്കാര്‍ അവര്‍ പാവപ്പെട്ടവനായ്ക്കോട്ടെ, പണക്കാരനായ്ക്കോട്ടെ, മികച്ച ട്രീറ്റ്മെന്റ് വേണമെന്ന് അവകാശപ്പെടുന്നതെന്തിന്? ടിക്കറ്റിന്റെ പണം കൊടുക്കുന്നത് കൊണ്ടോ? ടിക്കറ്റ് കൊണ്ട് യാത്ര ചെയ്തോളൂ, ഭക്ഷണം കഴിച്ചോളൂ, പാട്ട് കേട്ടോളൂ...
പണം കൊണ്ട് വീട് വാങ്ങാനല്ലേ പറ്റൂ? കുടുംബം വാങ്ങാമോ?
വിശ്വംജി പറഞ്ഞ് പോയന്റില്‍ നിന്ന് വ്യതിചലിച്ചോ എന്നൊരു സംശയം.
കസ്റ്റംസ് പിടിച്ചുപറിയും, ടിക്കറ്റ് വിലയും, മാര്‍ക്കെറ്റിംഗും ഒന്നും അല്ല, എന്റെ വിഷയം.
ക്രാഫ്റ്റിനകത്ത് കിട്ടുന്ന അവജ്ഞയാണ്. വല്ലതും വിളമ്പിത്തരാന്‍ വരുമ്പൊള്‍ ചില എയര്‍ ഹോസ്റ്റസുമാരുടെ മുഖത്ത് കാണുന്ന ആ വെറുപ്പാണ്.
:-)
O.T
എന്റെ അരവിന്ദേ.. ഒക്കേനും സഹിയ്കാം. സാദാ ഹോട്ടലുകളില്‍ നമ്മള്‍ ആഹരിയ്കുമ്പോഴ്.. മറ്റവന്‍ ആഹരിച്ച് കഴിഞ്ഞ്, നമ്മടെ പുറകിലെത്തെ അല്ലെങ്കില്‍ ചുറ്റ് വട്ടത്ത് വന്ന് വായ കഴുകി ഒരു കാര്‍ക്കിയ്കലുണ്ട്... എന്റെ അമ്മ്ച്ചി... പറമ്പിലു പോലും നമ്മളു കാട്ടാന്‍ മടിയ്കുന്ന ഒരു രീതി...ഃഹൊ... ഞാനണെങ്കില്‍ ആരോ പറയണ പോലയാ.. ആരേലും എണീറ്റ പിന്നെ എനിക്ക് അയാള്‍ടെ പുറകെ കണ്ണ്‍ പായിയ്കണം, അതൊഴിവാക്കാം ന്ന് വച്ച് കോന്‍സറ്റ്രെഷന്‍ മാറ്റി പിടിച്ച് യോഗയില്‍ പഠിപ്പിച്ചതൊക്കെ പതിനെട്ടും നോക്കിയാലും, കിം ...ഫലം..... Like, tongue always goes to the sore teeth പറയണ മാതിരി..
അരവിന്ദേട്ടന്‍ പറഞ്ഞത് പോലെ ആര്‍ക്കും വെറുപ്പുണ്ടാക്കുന്ന പെരുമാറ്റം തന്നെയാണ് എയര്‍ഹോസ്റ്റസുകളേയും വെറുപ്പിയ്ക്കുന്നത്.എല്ലാ ഇന്ത്യക്കാരും അവര്‍ക്ക് ഒരു പോലെ തന്നെ. ഇന്ത്യക്കാരില്‍ നന്നായി പെരുമാറുന്നവരെ കാണുന്നത് അവര്‍ ഭാഗ്യമായി കണക്കാക്കുന്നു.
ഓടോ; എയര്‍ഹോസ്റ്റസുമാരെ കുറ്റം പറയുന്നത് കേള്‍ക്കാനൊരു സുഖമില്ല. :-)
ദില്‍ബോ?
എയര്‍ ഹോസ്പിറ്റല്‍ മാരെ കുറ്റം പറയണോ, ചാര്‍ജ്ജ് ഷീറ്റ് കൊടുക്കണോ, ഒക്ക്കേറ്റneം പിരിച്ചു വിട്ട് വേറാളെ എടുക്കണോ എന്നൊക്കെ തീരുമാനിക്കാനല്ലേ കുറച്ചാളുകളെ ഇരുത്തിയിരിക്കുന്നത്? അവര്‍ക്കാര്‍ക്കും ഇല്ലാത്ത ചങ്കുവേദന ദില്‍ബനെങ്ങനെ വന്നു? എന്താ കാര്യം? എന്താ പ്രശ്നം? എന്തു പ്രശ്നമുണ്ടേലും ഈ കൊച്ചാട്ടനോട് പറ, പരിഹാരം ഉണ്ടാക്കാം.
ഇവിടെ ഏവ്‌ഗ്യാസ് മണക്കുന്നു! ഫയര്‍ കവറിനു വിളിക്കണോ?
ഓഫേല്‍ ഓഫ്:
വാഷ് ബേസിനില്‍ ആളുകള്‍ ഓര്‍ക്കാനിച്ചാല്‍ ഞാന്‍ അറിയാതെ ശര്‍ദ്ദിക്കും. അതോണ്ട് നാലാല്‍ ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ കൈ കഴുകുന്നേടത്തിന്റെ എഴയലത്തുപോലും ഇരിക്കില്ല. അധവാ ഇനി അതു കേട്ടാല്‍, "ഛീ" എന്നൊരു ചീറ്റല്‍ ചീറ്റും അടുത്ത തവണ അതു ചെയ്യാന്‍ നേരം അവന്‍ ആലോചിച്ച് ചെയ്യട്ടെ.
ദേവേട്ടാ,സംഭവം ട്രാക്കീന്ന് പുറത്ത് ചാടിയതോണ്ട് പറയട്ടെ.... കൈ കഴുകി, ചിറി തുടച്ചെടുത്ത് കൈ കുടയുന്നൊരു സ്വഭാവം കൂടെയുണ്ട് ചിലര്‍ക്ക്, അങ്ങിനത്തെ ഒരുത്തനോട് ‘എല്ലോടം വീടാന്ന് കരുതല്ലേ’ന്ന് പറയേണ്ടി വന്നിട്ടുണ്ട്. ഈ വക സ്വഭാവ ദൂഷ്യങ്ങളൊന്നും ഇന്ത്യക്കാരന്‍റെ മാത്രം കുത്തകയല്ല എന്ന് തോന്നുന്നു. കാര്‍ക്കിച്ച് തുപ്പലും, ഏമ്പക്കം വിടലും വളരെ മോശമായി കാണുന്ന അറബ്സ് മുന്നിലിരിക്കുന്നവന്‍റെ പ്ലേറ്റിലേക്ക് മൊത്തം തുപ്പല് തെറിപ്പിച്ച് പൊട്ടിച്ചിരിക്കുന്നതില്‍ മിടുക്കന്മാരാണ്. അവര്‍ ഏറ്റവും കൂടുതല്‍ സൊറ പറയുന്നത് തീന്മേശയിലെത്തുമ്പോഴാണ് എന്നു തോന്നുന്നു. മുറുക്കി തുപ്പി നാശമാക്കുന്നതില്‍ പാക്കിസ്ഥാനികളെ ആര്‍ക്ക് തോല്പിക്കാന്‍ പറ്റും. ആ പോട്ട് നമ്മക്ക് ഇന്ത്യക്കാരെ പറ്റി ചിന്തിക്കാം അല്ലേ.
ദേവേട്ടാ,
(സിനിമാ സ്റ്റൈലില്‍) പറയാം... ഞാനെല്ലാം പറയാം.. അന്ന് ഒരു തണുത്ത സായാഹ്നത്തില്‍ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. (ഫ്ലാഷ് ബാക്ക്) അന്ന്... അന്ന്... :-)
രണ്ടോഫ് മാപ്പ്. (കുറ്റമെല്ലാം അരവിന്നന്റെ തലയില്‍ വച്ചോ.)
ബാക് ഗ്രൌണ്ടില്‍ എതു പാട്ടായിരുന്നു ദില്‍ബോ? പഴയ "കണ്ണും കണ്ണും തമ്മില്‍ തമ്മില്‍" ആയിരുന്നോ അതോ പുതിയ "ഇഷ്ടമല്ലെടാ പന്നീ ഇഷ്ടമല്ലെടാ" ആയിരുന്നോ? ഓണ്‍ എയര്‍ ആയിരുന്നോ ടാക്സിവേയില്‍ ആയിരുന്നോ അതോ ഡ്യൂട്ടി സമയം അല്ലായിരുന്നോ?
അഗ്രജാ,
ഇന്ത്യക്കാരു മാത്രമല്ല പാക്കി, ബംഗാളി, ശ്രീലങ്കന്‍, നേപ്പാളി ഒക്കെ ഇതു തന്നെ. സായിപ്പിന്റെ ജീവിത നിലവാരം കൂടുതല്‍ ആയതുകൊണ്ടല്ല അവന്‍ മര്യാദക്കാരന്‍ ആയതെന്നതിനു തെളിവാണ് ഫിലിപ്പിനോകളും ചൈനക്കാരും. അവര്‍ ഇതുപോലെ കച്ചറ കാണിക്കില്ല, വഴിയില്‍ കച്ചട തള്ളുകയും തുപ്പുകയും ഒന്നും ചെയ്യാറില്ല. മിക്ക ഫിലിപ്പിനോകളും തറവാടി കുടിയന്മാര്‍ ആണ്, പക്ഷേ അവന്മാര്‍ കിടന്നടി കൂടുന്നതോ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ ഇടിക്കുന്നതോ കേട്ടിട്ടില്ല. ഇതെല്ലാം നമ്മുടെ സ്വന്തം സംസ്കാരം. കേഴുക പ്രിയ നാടേ എന്നെങ്ങാനും ഡയലോഗ് അടിക്കാം അല്ലാതെന്തു ചെയ്യാനാ.
മറ്റൊരു ഓഫ് കുടെ:
അത് ശരി, തറവാടി ആള് കൊള്ളാലോ :))
എല്ലാവര്‍ക്കും എന്റെ വിനീതമായ നമസ്കാരം.
ഞാന്‍ ഒന്നു ചോദിക്കട്ടെ? ഇവിടെ അഭിപ്രായങ്ങള്‍ കുറിച്ചിട്ട ഞാനടക്കം എത്രപേര്‍ക്കു തന്റേടത്തോടെ പറയാന്‍ കഴിയും, ഇനിയൊരിക്കലും ഞാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികളെ ആശ്രയിക്കില്ല എന്ന്? കുറച്ചു ബുദ്ദിമുട്ടാണു അല്ലെ? കാരണം ഈ പറയപ്പെടുന്ന കൂലി വര്‍ധനവൊന്നും നമ്മളെപ്പൊലുള്ള “വൈറ്റ് കോളര്‍”മാരെയൊന്നും ബാധിക്കില്ല എന്നതും ബഹിഷ്കരണം മൂലം വരുന്ന അനല്‍പമായ പ്രയാസങ്ങളെ അഭിമുഖീകരിക്കാന്‍ നമ്മള്‍ തയ്യാറല്ല എന്നതും തന്നെ. പക്ഷെ മണലാരണ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന യഥാര്‍ത്ത പ്രവാസികളാണു നമ്മുടെ ഈ നെറികേടില്‍ ബലിയാടുകളാവുന്നതു എന്നതു നാം മറക്കാതിരിക്കുക. കാക്കത്തൊള്ളായിരം ചെറുതും വലുതുമായ സംഘടനകള്‍ നിലനില്‍ക്കുന്ന ഗള്‍ഫിലെ മലയാളി സമൂഹത്തിനു ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്നതു മനസ്സിലാക്കിത്തന്നെയാണു വിമാനക്കമ്പനികള്‍ നമ്മുടെ സഹോദരന്റെ ചോരയും നീരും നക്കിക്കുടിക്കുന്നത് എന്ന് നാം മനസ്സിലാക്കുക. ചോര നീരാക്കി പണിയെടുക്കുന്ന നമ്മുടെ സഹോദരന്‍മാര്‍ അതേപടി നിലനില്‍ക്കുക എന്നത് മാറി മാറിവരുന്ന ഗവണ്‍മെന്റുകളുടെയും, ഇന്ത്യാ ഗവണ്‍മെന്റിന്റെ പട്ടും വളയും പ്രവാസി അവാര്‍ഡുകളും മറ്റും സ്വീകരിച്ച് സുഖലോലുപതയില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്ന ഇവിടുത്തെ വരേണ്ണ്യ വര്‍ഗ്ഗങ്ങളുടെയും അജണ്ടയിലെ പ്രധാന ഇനമാണ് എന്നതാണു സത്യം.
--------
കുറിപ്പ്: കഴിഞ്ഞ പ്രാവശ്യത്തെ (കോഴിക്കോട്) നാട്ടിലേക്കുള്ള യാത്ര ശ്രീലങ്കന്‍ എയറിലായിരുന്നു. ശ്രീലങ്കയില്‍ രണ്ടര-മൂന്ന് മണിക്കൂര്‍ കൂടുതല്‍ ഇരുന്നു എന്നതൊഴിച്ചാല്‍ സുഖസുന്ദരമായ യാത്ര. ഇന്ത്യന്‍ എയറുകളെ അപേക്ഷിച്ച് വിശാലമായ, അതിസുന്ദരമായ യാത്രാ വിമാനം. ഞാനും ഭാര്യയും ഒന്നര വയസ്സുള്ള മകളും സുഖസുന്ദരമായി നാട്ടിലെത്തി, വഴിലെങ്ങാന്‍ നിന്നുപോകുമോ എന്ന ഭയം തീരെയില്ലാതെ...
പുതിയ വിമാനമോ കപ്പല്‍ സര്‍വീസോ വരാന്‍ പോണില്ല. ബഹിഷ്കരണവും നടക്കില്ല, പാര നമുക്കിടയില്‍ നിന്ന് തന്നെ. ഇനി ഒരൊറ്റവഴി, പാരവെക്കുന്നവന്മാരെ തെരഞ്ഞുപിടിക്കുക, അടിച്ച് കരണം പൊളിക്കുക. ഒറ്റക്കോ കൂട്ടായോ ആവാം. ഇരുട്ടടിയാണേറ്റവും നല്ലത്. സംഘടനാ നേതാക്കള്‍ക്കും, അനുയായികള്‍ക്കും ഒരേപോലെ. അതില്‍ യാതൊരു വിവേചനവും പാടില്ല. ഇവന്മാരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ സദുദ്യമം വിജയിപ്പിക്കുക.
ഇത് എന്റെ ഒരു യാത്രാ വിവരണമാണ്.
ഇവിട പോസ്റ്റാന്‍ തോന്നി,
ഇംഗ്ലീഷില്‍ ആയതില്‍ ക്ഷമാപണം
അജ് വദ്
------------------------------
Devils Welcomes you to Gods own country!
I do travel a lot as part of my Job; Most of my destinations are in Europe, Dubai, Bahrain and Saudi Arabia. I just combined one of my business trips from Reading, United Kingdom - extended to Kerala and arrived at Calicut Airport.
The Air India flight has delayed by couple of hours (Still better... I heard from the Airport that the flights are delaying for days...and some time cancellations too!)
Once I arrive at the airport, before entering in.. I have been welcomed by the first queue - The Airline employee want to check all the boarding passes who are getting down through the starcase! Then move in and to the second queue - The immigration section - One officer is chatting on his mobile regardless the queue grows bigger! The other two are spending time by quizzing every one asking what ever they feel! On my turn the officer was looking to my passport and asked why there are so many visas and one Schengen visa has a cancellation? (Is this his problem? )I replied - I need to put visas to travel for each country, the cancellation is due to an error by the Embassy and next page there a corrected visa). The way he put the stamp and throwing the Passport to me I felt that he was not convinced on not getting enough problems to interrogate further!
- Why people are spending so much time at the queue to get a stamp on their passport?
- Do the officer has to do all these? Can they get a list of passengers from the Airline and mark on it upon arrival of each one? The passenger is filling a piece of paper with all their passport details; the same details are available with the Passport Authority.
Why the passenger is harassed for nothing? The only reason may be for the officers' benefit to get something paid under the table! Can we do something for this at Calicut Airport? I never felt any such problems or harassments in any other airports - even in Saudi Arabia.
Once I get down through the stairs to the Arrival hall to get my baggage..... I was welcomed by a customs officer scanning the baggage, he was not convinced on seeing my Laptop in the back pack regardless the customs rule allows to the passenger to bring the laptop as part of his baggage, then move towards the crowd blocking by trolleys waiting for their baggage! It took my two hours get my small piece of baggage out of the conveyor belt.. I noticed that some people are paying to the staff to look inside for their baggage! Never happen any part of the world.
- Why the baggage-handling employees do a slow move to release the baggage, Can the authority put enough staff there and monitor? Is there a system to check the international passengers are treated promptly and wisely?
Once I have the baggage on the trolley, the customs officers turn - You have a DVD Player inside - Pay me $100 and go. Isn't - How good guess! I have an External CD Drive for my laptop which I do return with me. He replied, "it doesn't seems to be - You are having these things in your bag, you are carrying a laptop and you want to go freely?"
At last I was not in a mood after spending so much time in the Airport.... mistreated with all the officers... Finally I kicked my Rs 250 to him (To avoid a guilty feeling, I myself assumed that I am giving away this to a beggar) and dragged the trolley out.
Can we do something to stop this? Putting the bucket to collect money from all passengers to distribute it among the customs department?
I felt the problems stops there... but it was just a beginning during my four days stay! Out of this I have to spend my half-day to get a reconfirmation on my return journey, At Airport departure entrance I noticed a big crowd and police is questioning each one entering inside. May be these police officers are dealing always with criminals and they can't distinguish between the bona fide airline passengers and criminals they are dealing with. Are we able to kick those police officers out and put some humans there?
Again the same queue system to get the boarding pass... another queue to go out through emigration... then another glue at baggage identification... another queue at security check...finally another queue at the stairs to board the Aircraft...
When I sit in the Aircraft... I just thought when would be the next trip to all this hassles?. Typed this notes hoping to see some developments on my next trip - Still I don't expect any big change of the devils to Angels, but at least some smiles on those devils face while welcoming us to Gods own country!
If any one has any better experience other than the above, feel free to contact me at ajwed@yahoo.com
Ajwed
------------------
സഹിഷ്ണുത ഒരു നല്ല ഗുണമാണ്. പക്ഷേ അതു മറ്റുള്ളവര്‍ക്കു നമ്മുടെ മെക്കിട്ടു കയറാനുള്ള ഒരു കോണിയാവരുത്. സഹജീവിയോടുള്ള സ്നേഹമായിരിക്കണം അതിന്റെ ഗുണം.
എനിക്ക് തോന്നുന്നത് ഇത്തരം ശല്യങ്ങള്‍ സഹിക്കാന്‍ കഴിയാതെ യാത്രക്കാര്‍ സ്വയം എയര്‍ ഇന്ത്യ ഉപേക്ഷിക്കണം എന്ന് തന്നെയാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നാണ്. അതിനുവേണ്ടി കൂടുതല്‍ ശല്യങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുക തന്നെ. എങ്കിലേ ഇത് പൂട്ടികെട്ടി കാത്തിരിക്കുന്നവര്‍ക്ക്, ബദലായ സംവിധാനം ശക്തിപ്പെടുത്താന്‍ കഴിയു എന്നാണ്.
Post a Comment