Tuesday, December 19, 2006

അഭിപ്രായ സര്‍വെ.

നമ്മുടെ ബഹുമാന്യ രഷ്ട്രപതി ഡോ: എ പി ജെ അബ്ദുള്‍‌കലാം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചിരിക്കും.
2002 ജൂലായ് 26 മുതല്‍ ഭാരതത്തിന്റെ പ്രഥമ പൌരന്റെ സ്ഥാനത്തിരിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനനിര്‍വഹണ കാലാവധി താമസിയാതെ അവസാനിക്കുകയാണ്.

അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനത്തെയും, വ്യക്തിത്വത്തെയും നിഷ്പക്ഷമായി വിലയിരുത്തി ഒരങ്കത്തിനു കൂടി ബാല്യമുള്ള അങ്കച്ചേകവരാണോ അല്ല നമ്മള്‍ ഇനിയുള്ള കാലത്തേക്ക് മറ്റൊരാളെ കണ്ടെത്തേണ്ടത് അത്യാവശ്യമാണോ എന്ന വിഷയത്തില്‍ ‍ഈ ബൂലോകവാസികള്‍ എന്തു പറയുന്നു എന്നറിയാന്‍ താത്പര്യമുണ്ട്.

ഇതൊരഭിപ്രായ സര്‍വെയ്ക്ക് പറ്റിയ വിഷയമാണെങ്കില്‍ ഏവര്‍ക്കും രേഖപ്പെടുത്താം അഭിപ്രായങ്ങള്‍....നിര്‍ദ്ദേശങ്ങള്‍........ പ്രതികരണങ്ങള്‍.......

പൊതുവാളന്‍

28 comments:

അഗ്രജന്‍ said...

ഒരിക്കല്‍ നിരസിച്ചത് വീണ്ടും മുന്നിലെത്തിയാല്‍ കണ്ണടച്ച് ഒപ്പിട്ട് കൊടുക്കേണ്ടതായ ഗതികേടുള്ള ഒരു സ്ഥാനത്തിരിക്കാന്‍ അദ്ദേഹം ഒരിക്കല്‍ കൂടെ ആഗ്രഹിക്കുന്നുണ്ടാകുമോ എന്നതെന്‍റെ തോന്നല്‍ മാത്രമോ!

പൊതുവാള് said...

ഇതൊരഭിപ്രായ സര്‍വെയ്ക്ക് പറ്റിയ വിഷയമാണെങ്കില്‍ ഏവര്‍ക്കും രേഖപ്പെടുത്താം അഭിപ്രായങ്ങള്‍....നിര്‍ദ്ദേശങ്ങള്‍........ പ്രതികരണങ്ങള്‍.......

kiraathan said...

കൊടുക്കണം ഒരു ചാന്‍സും കൂടെ.

ദില്‍ബാസുരന്‍ said...

നല്ല ഒരു രാഷ്ട്രപതി എന്നുള്ളതിന്റ്റെ നിര്‍വചനം ആലോചിച്ചിട്ടും മനസ്സില്‍ വരുന്നില്ല. അത് കൊണ്ട് ആ സ്ഥാനത്തിരുന്നിരുന്ന ഇതിന് മുമ്പുണ്ടായിരുന്ന വ്യക്തികളുമായി ശ്രീ.കലാമിനെ താരതമ്യം ചെയ്ത് നോക്കാനേ പറ്റൂ.

പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത് എന്‍.ഡി.ഏ ഭരണത്തില്‍ നിന്ന് പുറത്തായി യു.പി.ഏ സര്‍ക്കാര്‍ ഭരണം കയ്യാളിയ ഉടന്‍ മന്ത്രിസഭയിലെ ക്രിമിനലുകളെ പുറത്താക്കണമെന്നും അതിന് യു.പി.ഏ നിയമ നിര്‍മ്മാണം നടത്താന്‍ തയ്യാറാവണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി കലാമിനെ സന്ദര്‍ശിച്ചതാണ്. അപ്പോള്‍ അദ്ദേഹം ചോദിച്ചത് ഒരാഴ്ച മുമ്പ് വരെ നിങ്ങളായിരുന്നല്ലോ ഭരിച്ചത് അപ്പോള്‍ എന്ത് കൊണ്ട് ഈ നിയമ നിര്‍മ്മാണം നടത്തിയില്ല എന്നായിരുന്നുവത്രേ.

എന്തെങ്കിലും പോരായ്മകള്‍ അദ്ദേഹത്തില്‍ കാണാമെന്നുണ്ടെങ്കില്‍ തന്നെയും ഈ ഒരു 'Nation above politics' ആറ്റിറ്റ്യൂഡ് ഒന്ന് കൊണ്ട് മാത്രം ഞാന്‍ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കും.

Vempally|വെമ്പള്ളി said...

അതെ, പൊതുവാളന്‍ ചേട്ടാ, അദ്ദേഹം ഒരിക്കല്‍ കൂടി വരട്ടെ, വളരെ നല്ല മനുഷ്യനാണല്ലൊ

Anonymous said...

അഗ്രജന്‍ പറഞ്ഞത്പോലെ ഇനിയും ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവുമൊ എന്നതാണ് എന്റെയും സംശയം.

റോബി said...

പ്രസിഡന്റ്‌ കലാമിനെ 'നല്ല മനുഷ്യന്‍' എന്നു വിളിക്കുന്നതിനോട്‌ യോജിക്കാനവുന്നില്ല. മനുഷ്യന്മാരെ കൊല്ലാന്‍ ആയുധം കണ്ടുപിടിക്കാന്‍ ഒരു മനുഷ്യായുസ്സും കഴിവുകളും ദുരുപയോഗം ചെയ്തയാള്‍ നല്ലവനാണോ..? അഞ്ചു വര്‍ഷം മുന്‍പ്‌ ആ മനുഷ്യന്‍ ഈ പദവിയിലേറിയത്‌ സംഘപരിവാര്‍ നീട്ടിക്കൊടുത്ത ടിക്കറ്റ്‌ വാങ്ങിയാണ്‌. അതിന്‌ അദ്ദേഹത്തിന്റെ pseudo secular image അദ്ദേഹത്തെ സഹായിച്ചു. എംപിമാരുടെ ശമ്പളബില്ലിന്റെ കാര്യത്തില്‍ കീഴടങ്ങിയതോടെ അധികാരകൊതിയനാണ്‌ താനും എന്നും തെളിയിച്ചു...(ഇത്‌ പ്രസിഡന്റ്‌ പദവി സന്തോഷത്തോടെ ഏറ്റെടുത്ത അന്നു തന്നെ മനസ്സിലായതാണ്‌.)
2020-ല്‍ ഇന്ത്യ എന്നോക്കെ വാചകക്കസര്‍ത്ത്‌ നടത്തിയത്‌ കൊണ്ട്‌ 'vision' ഉള്ള നേതാവാകുന്നില്ല. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ വന്ന്‌ വികസനത്തിന്‌ 10 കുറുക്കുവഴികള്‍ തന്നിട്ടു പോയി. അതില്‍ ഐ. ടി യും, ടൂറിസവുമുണ്ടായിരുന്നു. എന്നാല്‍ കൃഷിയും മത്സ്യബന്ധനവും പരമ്പരാഗത വ്യവസായങ്ങളുടെ വളര്‍ച്ചയും ഇല്ലായിരുന്നു...? ആര്‍ക്കുവേണ്ടിയാണ്‌ പ്രസിഡന്റ്‌ സംസാരിച്ചത്‌..? ആഗോള കുത്തകകള്‍ക്കു വേണ്ടിയല്ലേ..?
ഇനി ഒരഞ്ചു കൊല്ലം കൂടി ശ്രീ. കലാമവിടെയിരുന്നാലും ഒന്നും സംഭവിക്കില്ല. ഇല്ലെങ്കിലും അതുതന്നെ...

ഗവേഷകന്‍ said...

അഞ്ചുവര്‍ഷം മുന്പ് കെ. ആര്‍ നാരായണന്‍ ഒരിക്കല്‍ക്കൂടി പ്രസിഡന്‍റാകാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ അങ്ങനെയൊരു കീഴ്വഴക്കം ഇല്ല എന്നു പറഞ്ഞാണ് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ അദ്ദേഹത്തിന് അവസരം നിഷേധിച്ചത്. അന്ന് പൊഖ്രാന്‍ രണ്ടിന്‍റെ തിളക്കത്തില്‍ നിന്ന അബ്ദുള്‍ക്കലാമിന് ഗ്രീന്‍ ചാനല്‍ കിട്ടുകയും ചെയ്തു. പ്രസിഡന്‍റുപദവിയുടെ ഔന്നത്യത്തില്‍ ശാസ്ത്രജ്ഞനായി വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം വാസ്തവത്തില്‍ ആരാണ്? ഇത് പ്രസിഡന്‍റിനെക്കുറിച്ചോ അബ്ദുള്‍ക്കലാമിനെക്കുറിച്ചോ അല്ല. മറിച്ച് ശാസ്ത്രജ്ഞന്‍ എന്ന പരികല്പനയെക്കുറിച്ചാണ്. ഒരു ടെക്നോളജിസ്റ്റിനെ എങ്ങനെയാണ് ശാസ്ത്രജ്ഞന്‍ എന്നു വിളിക്കുക എന്നത് ശാസ്ത്രത്തെ സംബന്ധിച്ച് നമ്മള്‍ പുലര്‍ത്തിപ്പോരുന്ന പൊതു ധാരണകളിലുള്ള അപകടകരമായ വ്യതിയാനമാണ്. മിസൈല്‍ നന്നാക്കുന്നയാളെ ശാസ്ത്രജ്ഞനെന്നു വിളിക്കാമെങ്കില്‍ എന്തുകൊണ്ട് മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്നയാളെയും ശാസ്ത്രജ്ഞന്‍ എന്നു വിളിച്ചുകൂടാ എന്ന പ്രശ്നം ഒരാള്‍ ഉന്നയിച്ചാല്‍ ആ പ്രശ്നത്തെ പൂര്‍ണമായി മനസ്സിലാക്കണമെങ്കില്‍ പ്യൂവര്‍ സയന്‍സിനെ സംബന്ധിച്ചും ടെക്നോളജിയെ സംബന്ധിച്ചുമുള്ള നമ്മുടെ സാമാന്യ ധാരണകള്‍ അഴിച്ചു പണിയേണ്ടിവരും.
സയന്‍റിസ്റ്റ് എന്ന പേരില്‍ ഒരു ടെക്നോളജിസ്റ്റ് അടുത്ത അഞ്ചുവര്‍ഷം കൂടി പ്രസിഡന്‍റാകുന്നതുകൊണ്ട് ടെക്നോളജിയുടെ തലത്തിലെങ്കിലും ഇന്ത്യ വാനോളമുയരുമെന്ന് വിശ്വാസമില്ല. കാരണം ഇന്ത്യയില്‍ ടെക്നോളിജിക്കു നല്‍കുന്ന പ്രാധാന്യവും അതിന്‍റെ ഗതിയും കണ്ടിട്ട് അടിസ്ഥാന ശാസ്ത്രമേഖല അത്തരം വിഷയങ്ങളില്‍ ഇപ്പോള്‍ത്തന്നെ കോയ്മയുള്ള പാശ്ചാത്യന് തീറെഴുതിക്കൊടുത്തപോലെയാണിരിക്കുന്നത്.

ന്‍കഷവേഗ said...

ആഫടി ഇപ്പം ഫാഷനാണല്ലാ..

എന്തരടെ ഈ സയന്റിസ്റ്റും ടെക്നാളജിസ്റ്റും മാര്‍ക്കിസ്റ്റൂമൊക്കെ..

ഇവിടെ ആഫായല്ല..സ്വന്തം ബ്ലോഗാക്കി എഴുതിയിട്..ഫ്രീ തന്നല്ലാ..ഇപ്പം പൊതുവാളമ്പറഞ്ഞതെഴുത്..

എമ്മെസ്സീയും പീയെച്ച്ഡീയുമെടുത്താ സയന്റിസ്റ്റാവുമോ? ബീടെക്കെടുത്താ ടെക്നോളജിസ്റ്റാകുമോ?

ഏഡിസണ്‍ ടേക്നോളജിസ്റ്റ്, ഓപ്പണ്‍ഹാമര്‍ സയന്റിസ്റ്റ്..ഫയങ്കരം..

ശുദ്ധശാസ്ത്രം, പ്രായോഗികശാസ്ത്രം..ഇതൊക്കെ എവിടെ?..ചുമ്മാ വാചകമടിയ്ക്കാതെ സ്വന്തമായെഴുത്..

മിസ്സൈലു നന്നാക്കുന്നവന‍പ്പുറം നാലഞ്ച് ഉപഗ്രഹങ്ങള് തൊടുത്തു വിട്ടിട്ടുണ്ടായിരുന്നു..ഇപ്പോഴും വിട്ടുകൊണ്ടിരിയ്ക്കുന്നു ചില ടെക്നോളജിസ്റ്റുമാര്‍..നാസയിലവന്റെ ഗൌണ്ടര്‍പാര്‍ട്ട് അവന്‍ വാങ്ങിയ്ക്കുന്ന നക്കാപ്പിച്ചയുടെ നൂറിരട്ടി ചൊളയെണ്ണിവാങ്ങിയ്ക്കുമ്പോള്‍ നമ്മളവന് കൊടുത്തതൊരു ചാരക്കഥയും പുറത്തിറങ്ങിയാ നാട്ടാരു ചിരിയ്ക്കുന്ന വിധമുള്ള ഇമേജുകളുമാണ്.
പിന്നെ ചൂട്ട് കത്തിച്ച് റോക്കറ്റ് വിട്ടെന്നൊക്കെയുള്ള നേരമ്പോക്കും..

ഇയാള് ടെക്കോ സയനോ എന്തുപണ്ടാരെങ്കിലുമാവട്ട്..അറിയാവുമ്മത് വല്ലവനും ഉപകാരമുണ്ടാവുന്ന രീതിയിലുപയോഗിച്ചാ നല്ലത്..

പ്യുവര്‍ സയന്‍സിന്റെ കാര്യമൊന്നും പറയണ്ടാ..ഇപ്പം നാട്ടിലെ സര്‍വ വികലാ ശാലകളിലൊക്കെ പ്യുവര്‍ സയന്‍സെന്നുമ്പറഞ്ഞ് യൂ ജീ സീ കോരിയൊഴിയ്ക്കുന്ന പണം എവിടെപ്പോകുന്നു..പാരീസിലെ മീറ്ററുകോലിന്റെ നീളം ഒരുമീറ്ററു തന്നെയാണോ അതാ ഒന്നരമീറ്ററാ എന്നമട്ടിലാണ് ഗവേഷിയ്ക്കല്‍..

നല്ലവരില്ലന്നല്ല..നല്ലവരേ ഉള്ളൂ..

എനിയ്ക്കൊരു ടെക്നാളജിസ്റ്റിനെ അറിയാം..ക്വാണ്ടം ഭൌതിക ശാസ്ത്രത്തിലിന്ന് ഐ ഐ എസ് സീയില്‍ ഗവേഷിയ്ക്കുന്ന ഒരെംടെക്കുകാരന്‍..അയാളൊരാളല്ല..ഒത്തിരിയാളുകള്‍ ഇത്തരത്തിലുണ്ട്..ഈ പ്യുവര്‍ സയന്‍സും റ്റെക്നാളജിയുമൊക്കെ ഉരുവിട്ട് കമ്പാര്‍ട്ടുമെന്റലൈസ് ചെയ്ത് ബീയെസ്സീ എമ്മെസ്സീ മുതലിങ്ങോട്ട് വളര്‍ത്തി ചുട്ടേടുക്കുന്ന പ്യുവര്‍ സയന്റിസ്റ്റുമാര്‍ ലോബികളിച്ച് കാണിയ്ക്കുന്ന പല നെറികേടുകളും അറിയാം.നെറികേട് ആരുടേയും കുത്തകയൊന്നുമല്ല.

വെവരമുള്‍ലവന് പത്ത് പാസ്സായില്ല്ലേലും അമേരിയ്ക്കരീതിയിലുള്ള സര്‍വകലാശാലയില്‍ സ്ഥാനമുണ്ട്.കോഴ്സുകളെടുത്താ മതി..(കുറച്ചൊന്നെക്സാജിറേറ്റ് ചെയ്തിട്ടുണ്ട് കേട്ടാ:)
ഇതിപ്പം ഒരുമാതിരി ബ്രാമണന്‍ ചൂദിരനെന്നൊക്കെ പറയുമ്പോലെയുണ്ട്..

കൊച്ചു മുതലാളി said...

എന്റെ അറിവില്‍ ഏറ്റവും നല്ല പ്രസിഡന്റ് അഡ്ദുള്‍ കലാം തന്നെ. ഇന്ത്യയെ ഇത്രയും നന്നായി പുരൊഗതിയിലേക്ക് നയിക്കാന്‍ കഴിവുള്ള ഒരാളുണ്ടോ എന്നു തന്നെ സംശയമാണ്.

നമ്മുടെ സുഹ്രുത്ത് റോബി പറഞ്ഞത് ഭുരിഭാഗവും തെറ്റാണെന്നു തോന്നുന്നു. കാരണം വളരെ നല്ല ദീര്‍ഘവീക്ഷണവും അറിവുമുള്ള ഒരു വ്യക്തിയാണ് അബ്ദുള്‍‌കലാം.

കഴിങ്ങ വര്‍ഷം കേരളത്തില്‍ വന്ന് വികസനത്തിന് വേണ്ടിയുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍ തന്നിട്ട് പോയി. 2015 ആകുമ്പോഴെക്കും കേരളത്തെ ഒരു സാമ്പത്തിക കേന്ദ്രമാക്കുവാനുള്ള നിര്‍ദ്ദേശങ്ങളാണ് തന്നത്. അതില്‍ മത്സ്യബന്ധനവും കാര്‍ഷിക വിളകളുടെ സംസ്കരണത്തെ പറ്റിയുമെല്ലാം പറയുന്നുണ്ട്.

അതിനെ കുറിച്ചുള്ള വാര്‍ത്തകളറിയാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോവുക.

http://www.hindu.com/2005/07/29/stories/2005072900280700.htm


പിന്നെ അദ്ദേഹം തന്റെ ജീവിതം മനുഷ്യരെ കൊല്ലാനുള്ള ആയുധം നിര്‍മ്മിക്കാന്‍ മാറ്റിവെച്ചു എന്നു പറയുന്നതും ശരിയല്ല. പിന്നെ റോക്കറ്റുണ്ടാക്കുന്ന കാര്യമാണ് റോബി ഉദ്ദേശിക്കുന്നതെങ്കില്‍ തെറ്റി. തികച്ചും സമാധാനപരമായ കാര്യങ്ങള്‍ക്കു വേണ്ടിയാണ് അദ്ദേഹം അത് നിര്‍മിച്ചത്. അദ്ദേഹത്തിന്റെ ഡെസിഗ്നേഷന്‍ ഒരു നൂക്ക്ലിയര്‍ സയന്റിസ്റ്റ് അല്ല് മറിച്ച് സ്പേസ് സയന്റിസ്റ്റ് ആണ്.

ഒരു ജനതക്ക് ആവശ്യമായ കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധമുണ്ട്. പിന്നെ ഒരു കാര്യം കൂടി നാം ഓര്‍ക്കണം. ഒരിക്കലും ഒരു അബ്ദുള്‍‌കലാം മാത്രം വിചാരിച്ചത് കൊണ്ട് ഇന്ത്യ പുരോഗതി കൈവരിക്കുകയില്ല. അതിന് എല്ലവരും അവരവര്‍ക്കവുന്ന പോലെ സഹകരിക്കണം.

അദ്ദേഹം ഒന്നു കൂടി പ്രസിഡന്റാക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.

വക്കാരിമഷ്‌ടാ said...

നമുക്ക് ചില ധാരണകളൊക്കെയുണ്ടെന്ന് തോന്നുന്നു.

നല്ല അറിവുള്ള ഒരാള്‍ (അയാള്‍ സയന്റിസ്റ്റോ ടെക്‍നോളജിസ്റ്റോ എന്തുമാവട്ടെ), അയാളെ നമ്മള്‍ അംഗീകരിക്കണമെങ്കില്‍ പ്രസിഡന്റ് പദമൊക്കെ നീട്ടിയാല്‍ അതൊന്നും സ്വീകരിക്കരുത്. അതൊന്നും വേണ്ട എന്ന് പറഞ്ഞ് ഒരു മൂലയ്ക്കിരുന്ന് കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നാല്‍ അദ്ദേഹത്തെ ആരെങ്കിലും അറിയുമെങ്കില്‍ മാനിക്കുമെങ്കില്‍ മാനിക്കട്ടെ (പക്ഷേ അങ്ങിനെയൊക്കെയാണെങ്കില്‍ അയാളെ ആരൊക്കെ അറിയുമെന്നത് വേറൊരു ചോദ്യം-അങ്ങിനെയുള്ള ധാരാളം ആള്‍ക്കാരുണ്ടല്ലോ, നമ്മളാരുമറിയാതെ).

(ഓഫാണ്-എങ്കിലും, പണ്ടൊരു ചര്‍ച്ചയില്‍ യേശുദാസിന്റെ റോയല്‍റ്റി വിവാദത്തിലും നമ്മളിതുപോലൊക്കെ കണ്ടു. യേശുദാസാണെങ്കില്‍ പിന്നെ ബാക്കിയെല്ലാവര്‍ക്കും അവസരം കൊടുക്കുകയും നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുകയും സ്വന്തം അവകാശങ്ങള്‍ പോലും ചോദിച്ച് വാങ്ങാതിരിക്കുകയുമൊക്കെ ചെയ്തുകൊള്ളണം).

പ്രസിഡന്റ് പദം സ്വീകരിച്ചു എന്നതുകൊണ്ട് ഒരാളെപ്പറ്റിയുള്ള അഭിപ്രായം മോശമാക്കേണ്ട കാര്യമില്ല. ഭരണകൂടം പറയുന്ന തോന്ന്യവാസങ്ങളൊക്കെ ഇന്ത്യന്‍ വ്യവസ്ഥിതിയില്‍ പ്രസിഡന്റിന് ഒന്നാമതല്ലെങ്കില്‍ രണ്ടാമത് അംഗീകരിച്ചേ മതിയാവൂ. അത്രയ്ക്ക് ആദര്‍ശവാനാണെങ്കില്‍ ഇട്ടേച്ച് പോയ്ക്കൂടെ എന്ന ചോദ്യം വരാം. പക്ഷേ ശ്രീ ആന്റണി അങ്ങിനെ ഇട്ടേച്ച് പോയപ്പോള്‍ അതിനും പറഞ്ഞു നമ്മള്‍ കുറ്റം.

ശ്രീ കലാമിന് പ്രസിഡന്റ് പദം ഇട്ടേച്ച് പോകാമായിരുന്ന ചില സന്ദര്‍ഭങ്ങള്‍ എന്റെ നോട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷേ അങ്ങിനെ ചെയ്തിരുന്നെങ്കില്‍ ആദര്‍ശത്തിന്റെ ആള്‍‌രൂപമെന്നൊക്കെ പറഞ്ഞ് നമ്മള്‍ രണ്ട് ദിവസം അദ്ദേഹത്തെ പൊക്കും, മൂന്നാം ദിവസം നമ്മളും മറക്കും. അദ്ദേഹം ഇപ്പോഴും പ്രസിഡന്റായി ഇരിക്കുന്നത് കാരണം കുറച്ച് പേരെയെങ്കിലും മോട്ടിവേറ്റ് ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്. ഒരു പ്രോ-ആക്ടീവ് പ്രസിഡന്റാണ് അദ്ദേഹം എന്നാണ് എന്റെ അഭിപ്രായം.

(ബീഹാര്‍ മന്ത്രിസഭ പിരിച്ചുവിടാനുള്ള യു.പി.ഏ തീരുമാനത്തിന് റഷ്യയിലിരുന്ന് അദ്ദേഹം ഒപ്പിട്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് എന്തോ ഒരിത് തോന്നി. ആ തീരുമാനം പിന്നെ സുപ്രീം കോടതിയും വിമര്‍ശിച്ചിരുന്നു എന്ന് തോന്നുന്നു)

ശ്രീ കലാം റോക്കറ്റിന് പുറമെ മിസൈല്‍ ടെക്‍നോളജിയിലും സംഭാവന ചെയ്തിട്ടുണ്ട്. പക്ഷേ ഡി.ആര്‍.ഡി.ഓയില്‍ അദ്ദേഹം ഇരുന്നിരുന്ന സമയത്തെ ഡി.ആര്‍.ഡി.ഓയുടെ പ്രകടനം എത്രമാത്രം മെച്ചമായിരുന്നു എന്നറിയില്ല (ഡി.ആര്‍.ഡി.ഓ ഇപ്പോഴും ധാരാളം പരാജയങ്ങള്‍ വരുത്തുന്നുണ്ട്). അദ്ദേഹത്തിന് ആള്‍ക്കാരെ മോട്ടിവേറ്റ് ചെയ്യിക്കാന്‍ കഴിവുണ്ട് എന്ന് തോന്നുന്നു-ഐ.എസ്.ആര്‍.ഓ യിലായിരുന്നപ്പോളും മറ്റും.

പൊക്രാന്‍-2 ന്റെ സമയത്ത് അദ്ദേഹം പ്രധാനമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവോ മറ്റോ ആയിരുന്നു. ആ ഒരു കപ്പാസിറ്റിയിലാണ് അദ്ദേഹം അന്ന് അവിടെ പോയത്.

അദ്ദേഹം ഒരിക്കല്‍ കൂടി പ്രസിഡന്റാവണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ശ്രീജിത്ത്‌ കെ said...

രാഷ്ട്രപതി എന്ന പദവി ഒരു റബ്ബര്‍ സ്റ്റാമ്പ് അല്ലേ? ഭരണകൂടം ഉണ്ടാക്കിക്കൊടുക്കുന്ന ബില്ലുകളില്‍ ഒപ്പിടുക, സുപ്രീം കോടത് തൂക്കിക്കൊല്ലാന്‍ വിധിക്കുന്നവര്‍ക്ക് മാപ്പ് നല്‍കുക, ഇടയ്ക്കിടയ്ക്ക് അവിടിവിടെ പ്രസംഗിക്കുക, ... വേറെ എന്തൊക്കെയാണ് ആ പദവിയിലിരിക്കുന്നയാള്‍ ചെയ്യുന്നത്?

ആ പദവി തന്നെ വേണ്ട എന്ന് വയ്കേണ്ടതല്ലേ? എന്തിനാ വെറുതേ ഒരാള്‍ക്ക് ശമ്പളം കൊടുക്കുന്നത്?

വാവക്കാടന്‍ said...

അധികാരികള്‍ ഭാവനാലോലുപന്മാര്‍ ആകുന്നതിന്റെ ദുരന്തമാണ് കലാം..
ഗീതയും ഖുറാനും ബൈബിളും ഒരുമിച്ച് പഠിക്കുന്ന ഒരു വീട്ടില്‍ ജനിച്ചിട്ട്, അതു പോലെ എല്ലാവരും ചെയ്യും എന്ന് വിശ്വസിക്കേണ്ടി വരുന്ന ഒരു ഗതികേടുണ്ട്, അദ്ദേഹത്തിന്.
കേവലം ഉപരിപ്ലവമായ ആശയങ്ങള്‍ കൊണ്ട് വിഷന്‍ ഉള്ള നേതാവാണെന്നും മറ്റുമുള്ള ഒരു ധാരണ പരത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്..
ഐ.ടി.യും ടൂറിസവും ഒക്കെ വളര്‍ത്തൂ എന്നു പറയുമ്പോള്‍ അദ്ദേഹം കയ്യടി നേടുന്നത് , അഭിപ്രായം പറയാന്‍ കെല്പൂള്ളവരില്‍ നിന്നു മാത്രമാണ്..
ആ‍ര്‍മിയില്‍ നിന്നൊക്കെ അടുത്തൂണ്‍ പറ്റി, മകന്‍/മകള്‍ നല്ലൊരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന, “മേജര്‍മാര്‍ക്ക്” പത്രാധിപര്‍ക്കുള്ള കത്തുകളില്‍ എഴുതാന്‍ നല്ലൊരു വിഷയം എന്നതില്‍ കവിഞ്ഞ് യാതൊരു പ്രത്യേകതയും എനിക്ക് അദ്ദേഹത്തിന്റെ “വിഷനി”ല്‍ തോന്നാറില്ല..
ഇന്ത്യയുടെ അവസ്ഥ മനസ്സിലാക്കുന്ന ഒരു രാഷ്ട്രപതിയെയാണ് ഇന്ത്യയ്ക്ക് ആവശ്യം.
കെ.ആര്‍. നാരായണന്‍ നേരിട്ടിട്ടുള്ള ജീവിത സാഹചര്യങ്ങള്‍ ഒരു രാഷ്ട്രപതിയും നേരിട്ടിട്ടുണ്ടാവില്ല.. ആ യാഥാര്‍ത്ഥ്യങ്ങള്‍ കാണാനുള്ള കാഴ്ചയാണ് ഒരു രാഷ്ട്രീയക്കാരന്റെ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്നവരുടെ “വിഷന്‍” ആകേണ്ടത്..

കലാമിന് ഒരു രണ്ടാം വട്ടം ഞാന്‍ ആശംസിക്കുന്നില്ല!

ഓ.ടോ.:പൊതുവാളാ.. ഉദ്യമം കൊള്ളാം

Anonymous said...

ഇന്ത്യയുടെ രാഷ്ട്രപതി വിലയിരുത്തപ്പെടേണ്ടത് അടിയന്തര ഘട്ടത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ്. കലാം അത്തരത്തിലൊരു പ്രശ്നവും ഇതുവരെ അഭിമുകീകരിച്ചിട്ടില്ല എന്നതിനാല്‍ വിലയിരുത്തല്‍ ബുദ്ധിമുട്ടാണ്.


രാജ്യത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകരുത് എന്നതിനാല്‍ രാജ്യത്തിന്റെ ദൈന്യം ദിന പ്രവര്‍ത്തനങ്ങളില്‍ രാഷ്ടപതി കൈകടത്തരുത്. പക്ഷേ ഇദ്ദേഹം അതുചെയ്യാറുണ്ട്. വിഷന്‍ 2020 തന്നെ ഉദാഹരണം.
ഇത് അദ്ദേഹത്തിന്റെ വലിയ, വളരെ വലിയ പോരായ്മയാണ്. ഇദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാത്ത ഒരു സര്‍ക്കാര്‍ ആണ് രാജ്യം ഭരിക്കുന്നതെങ്കിലോ എന്ന് ആലോചിച്ചാല്‍ മതി..

അദ്ദേഹത്തിന്റെ ആണവായുധ ഭ്രാന്ത് എന്നെ സങ്കടപ്പെടുത്തിയിട്ടുണ്ട്. പത്തിന പരിപാടിയില്‍ കൃഷിയെ അവഗണിച്ചതും....
ഓര്‍മ്മയുണ്ടോ, ഇദ്ദേഹത്തിനെതിരെ മത്സരിച്ചതാരായിരുന്നു എന്ന്?

സഹൃദയന്‍ said...

സ്വപ്നം കാണാന്‌ മറന്നുപോയ ഒരു ജനതയെ സ്വപനം കാണാന്‌ പഠിപ്പിച്ച ആ മനുഷ്യന്റെ മഹത്വം ഇന്ത്യയിലെ ഏതു കൊച്ചു കുട്ടിക്കും അറിയാം.

ആ തിരിനാളം ഇനിയും നിലനില്ക്കട്ടെ.......

ബെന്നി::benny said...

*.... ഇന്ത്യന്‍ ആണവപദ്ധതിയുമായി ഏറ്റവുമടുത്ത ബന്ധമുള്ളവര്‍ മാത്രം സംബന്ധിച്ച യോഗത്തില്‍ ആണവപരീക്ഷണമേ നടത്തരുതെന്ന് ശക്തമായി വാദിച്ചയാളാണ് മന്‍‌മോഹന്‍‌ സിംഗ്. അന്നദ്ദേഹം ധനമന്ത്രിയായിരുന്നു. സാമ്പത്തികതലത്തില്‍ തിരിച്ചടിയുണ്ടാവുമെന്നും പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ട്രാക്കിലായിത്തുടങ്ങുന്നതേയുള്ളൂ എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ തടസ്സന്യായങ്ങള്‍. താങ്ങാനാവാത്ത ധൂര്‍ത്താണിതെന്നും അല്‍‌പം നീട്ടിവെച്ചതുകൊണ്ട് ദോഷമൊന്നുമില്ലെന്നും അദ്ദേഹം നരസിംഹറാവുവിനെ അറിയിച്ചു. അപ്പോഴെല്ലാം പരീക്ഷണം ഉടനടി വേണമെന്ന് വാശിപിടിച്ചയാളാണ് ഇപ്പോഴത്തെ രാഷ്‌ട്രപതി അബ്ദുല്‍ കലാം. ഈ മിസൈല്‍ മഹാന്‍റെ അന്നത്തെ തനിനിറത്തെപ്പറ്റി പത്രപ്രവര്‍ത്തകനായ (ഇന്ത്യ റ്റുഡേയുടെ ഡെപ്യൂട്ടി എഡിറ്റര്‍) രാജ് ചെങ്കപ്പ തന്‍റെ Weapons of Peace: The Secret Story of India's Quest to be a Nuclear Power എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.

“പരീക്ഷണത്തിന്‍റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ കലാമും ചിദംബരവും പലവട്ടം റാവുവുമായി ചര്‍ച്ച നടത്തി. അവസരം കൈവിട്ട് പോവുകയാണെന്ന് മുന്നറിയിപ്പ് കൊടുത്തു. റാവുവിന് ഈ പരീക്ഷണം രാഷ്‌ട്രീമായിപ്പോലും പ്രയോജനകരമാണെന്ന് (പിറ്റേക്കൊല്ലം തിരഞ്ഞെടുപ്പാണ്) വരെ കലാം കയറിപ്പറഞ്ഞു. സഹികെട്ട റാവു പറഞ്ഞു - അത്തരം ആവലാതികള്‍ ഞാന്‍ നോക്കിക്കൊള്ളാം. നിങ്ങളിതിന്‍റെ ശാസ്ത്രീയവശം മാത്രം നോക്കിയാല്‍ മതി”

* ആഗസ്റ്റ് 18 ന് പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പില്‍ വിജു വി നായര്‍ എഴുതിയ ലേഖനത്തില്‍ നിന്ന്

Anonymous said...

"എന്നാല്‍ കൃഷിയും മത്സ്യബന്ധനവും പരമ്പരാഗത വ്യവസായങ്ങളുടെ വളര്‍ച്ചയും ഇല്ലായിരുന്നു...?".
പ്രസംഗം ഇപ്പോഴും പുള്ളിയുടെ വെബ് സൈറ്റില്‍ ഉണ്ട്. 7th point മത്സ്യ ബന്ധനമാണ്. മറ്റു പലതിനുമൊപ്പം കൃഷിയും മത്സ്യബന്ധനവും പരമ്പരാഗത വ്യവസായങ്ങളും വരുന്നുമുണ്ട്.
-ജോജൂ.

Anonymous said...

ബോബ്‌ ഉണ്ടാക്കി പൊട്ടിച്ച ആളല്ലേ....ഒരവസരം കൂടി നമുക്ക്‌ കൊടുത്തു കൂടെ സുഹൃത്തുക്കളേ....

അനംഗാരി said...

കലാം അന്നേ പ്രസിഡന്റാവരുതായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ബി.ജെ.പിക്ക് കളിക്കാന്‍ അദ്ദേഹം നിന്നു കൊടുത്തു എന്നത് തന്നെ മഹാപാതകം!.കെ.ആര്‍.നാരായണനും ഇതുപോലെ തന്നെയായിരുന്നു.എനിക്കിതു വരെ അംഗീകരിക്കാന്‍ കഴിയാത്ത മറ്റൊരാള്‍ ആണ് കച്ചവടക്കാരന്‍(സെയില്‍ സിംഗ്).
ശ്രീജിത്ത് പറഞ്ഞതാണ് ശരി. ഈ തസ്തിക നമുക്ക് വേണ്ട.ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നല്ലൊരു പ്രധാനമന്ത്രിയുണ്ടാവട്ടെ.മന്മോഹന്‍ സിംഗ്..ഹാ!ബെസ്റ്റ്!

ഓ:ടോ:ഒരു രാഷ്ട്രപതിയാകാനുള്ള മാനദണ്ഡങ്ങളെന്താണ്.?എന്തായിരിക്കണം..ചര്‍ച്ച ആ വഴിക്ക് നീങ്ങട്ടെ.

പച്ചാളം : pachalam said...

മനുഷ്യന്മാരെ കൊല്ലാനുള്ള ആയുധങ്ങള്‍ (??)ഉണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ട് തള്ളിപ്പറയേണ്ട ആവശ്യമില്ല.
രാജ്യസുരക്ഷയ്ക്ക് ഒഴിവാക്കാനാവത്തതാണ് അത്തരത്തിലുള്ള ആയുധങ്ങള്‍; അല്ലേല്‍ ‘അയല്‍ക്കാര്‍’നാളെ നമ്മുടെ പോക്കറ്റിലിട്ട് പടക്കം പൊട്ടിക്കും.
മാത്രമല്ല ആയുധ നിര്‍മ്മാണത്തിലും വികസനത്തിലുമെല്ലാം സ്വയം പര്യാപ്തത കൈവരിക്കുന്നത് ആവശ്യമാണു താനും.
അമേരിക്കയുടെ കൈയ്യില്‍ നിന്ന് യുദ്ധവിമാനവും റഷ്യയുടെ സെക്കന്‍ഡ് ഹാന്‍ഡ് മുങ്ങിക്കപ്പലും വാങ്ങുന്നതിനേക്കാളും നല്ലത് അതല്ലേ? (അതോ ആഗോള കുത്തകള്‍ക്ക് വേണ്ടി മാറി നില്‍ക്കണോ?)

എം പി മാരുടെ ശമ്പള ബില്ലിന്‍ ഒപ്പിട്ട് കൊടുക്കേണ്ടി വന്നത് അങ്ങേരുടെ കുറ്റമല്ല; നിര്‍ബന്ധിതനായതാണ്. ഭരണഘടന അനുശാസിക്കുന്നതു പോലെയെ അങ്ങേര്‍ക്ക് ചെയ്യാന്‍ പറ്റൂ.

എന്‍റഭിപ്രായത്തില്‍ രാഷ്ട്രപതിയാവാന്‍ യോഗതക്കുറവുണ്ടെന്ന് തോന്നുന്നില്ല.

ശ്രീജിത്തിന്‍റെ അഭിപ്രായത്തിനു മൊട്ട പോയിന്‍റ്.

Anonymous said...

ശ്രീ കലാമിന്‌ ഒരു തവണ കൂടി രാഷ്ട്രപതിയാകുവാന്‍ തീര്‍ച്ചയായും യോഗ്യത ഉണ്ട്‌.

കൃഷ്‌ | krish

nalan::നളന്‍ said...

സായിബാബ മാജിക്ക് മനസ്സിലാക്കാന്‍ കലാമിനു കഴിയാത്തത് ഫിസിക്സിലൊരു ഡിഗ്രി യില്ലാത്തുകൊണ്ടാണെന്ന വാദത്തോടു യോജിക്കുന്നില്ല.

സത്യസന്ധതയെന്നത് രാഷ്ടീയക്കാരനു ആവശ്യമില്ലായിരിക്കും

Radheyan said...

പ്രസിഡന്റായി സുരേഷ്ഗോപി വന്നാലും ഇതിന് അപ്പുറമൊന്നും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ല.

കലാമിന്റെ ഗുണങ്ങള്‍
1. നല്ല മോട്ടിവേറ്റര്‍ ആണെന്ന് ജനത്തിനെ കൊണ്ട് തോന്നിപ്പിക്കും
2. യുവതലമുറയുമായി നന്നായി സംവദിക്കും

ദോഷങ്ങള്‍
1. മൂന്നം കിട രാഷ്ട്രീയക്കാരനെ പോലെ കയ്യടി കിട്ടാനുള്ള കോമാളിത്തരങ്ങള്‍.(മരം നടല്‍)
2. സാമ്പത്തിക വിഷയങ്ങള്‍ അറിയില്ലെങ്കിലും ആ മേഖലകളിലും കുറുപ്പടി എഴുതാനുള്ള സന്നദ്ധത
3.ഹിന്ദുത്വശക്തികളോടുള്ള വിധേയത്വം.ഗുജറാത്ത് കൂട്ടകൊലയെ എതിര്‍ക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല.
4.ഒരു കഴഞ്ച് ഗീത ,ഒരു കഴഞ്ച് ഖുറാന്‍,അര കഴഞ്ച് ബൈബിള്‍ ഫോര്‍മുലയിലുള്ള മതേതരത്വ ഗ്വാ ഗ്വാകള്‍.

5.നാരായണനെ പോലെ ഫാസിസ്റ്റ് വിരുദ്ധനല്ല,രാജേന്ദ്രപ്രസാദിനെ പോലെ ഭരണഘടനാ വിദഗ്ദനല്ല,രാധാകൃഷ്ണനെ പോലെ പണ്ഠിതനുമല്ല.

പൊതുവാള് said...

ഇവിടെയെത്തി സ്വാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ബൂലോക സഹോദരങ്ങളെ നന്ദി.

ഇപ്പോള്‍ ഇതു ട്രാക്കിലേക്കു വരുന്നതേ ഉള്ളൂ എന്നു തോന്നുന്നു.

ഇവിടെ അനംഗാരി ഉന്നയിച്ചതും പ്രസക്തമായ ഒരു വിഷയമാണ്.
“ഒരു രാഷ്ട്രപതിയാകാനുള്ള മാനദണ്ഡങ്ങളെന്താണ്.?എന്തായിരിക്കണം”

അതു പോലെ തന്നെ എനിക്കും ഒരു സംശയമുണ്ട് മറ്റെല്ലാ കാര്യങ്ങളിലും പടിഞ്ഞാറിനെ മാതൃകയാക്കാന്‍ പരക്കം പായുന്ന ഒരാള്‍ പോലും പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്ന അവരുടെ രീതി ഇവിടെയും അനുവര്‍ത്തിക്കണം എന്നു പറഞ്ഞു കണ്ടിട്ടില്ല. അതെന്തു കൊണ്ടാണ്?.അതിനെക്കുറിച്ചും അറിവുള്ളവര്‍ ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കില്‍ മനസ്സിലാക്കാ‍മായിരുന്നു.

അഗ്രജന്‍ said...

പ്രസിഡന്‍റിനെ ജനങ്ങള്‍ക്ക് നേരിട്ട് തെരെഞ്ഞെടുക്കാന്‍ അവസരം കിട്ടണം എന്ന ചിന്താഗതിക്കാരനാണ് ഞാന്‍. അതേ സമയം തന്നെ, അധികാരങ്ങള്‍ ഉപയോഗിക്കാന്‍, പരമാധികാരി എന്ന് വിളിക്കപ്പെടുമ്പോഴും കഴിയാത്ത ഇന്നത്തെ അവസ്ഥയില്‍ അങ്ങിനെയൊരു തിരഞ്ഞെടുക്കല്‍ കൊണ്ട് എന്ത് ഗുണം എന്നും ചിന്തിച്ചു പോകുന്നു. എങ്കിലും പരമാധികാരം ഒരാളില്‍ കേന്ദ്രീകരിക്കുന്നില്ല എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ നേട്ടമായും ഞാന്‍ കാണുന്നു. നമ്മുടെ അയല്‍വാസികളെല്ലാം തന്നെ ഏകാധിപത്യത്തിന്‍റെയും പട്ടാളഭരണത്തിന്‍റേയും രുചി അറിഞ്ഞപ്പോഴും, എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനങ്ങളുടേതായ ആധിപത്യം നമുക്ക് നില നിറുത്താന്‍ കഴിയുന്നു എന്നത് നിസ്സാരമായി തള്ളേണ്ട ഒന്നല്ല. ഈ വസ്തുതകള്‍ എല്ലാം നിലനില്‍ക്കുമ്പോഴും പൊതുവാളന്‍ ഉന്നയിച്ച വിഷയത്തിന്മേല്‍ ക്രിയാത്മകമായ ഒരു ചര്‍ച്ച ഉരുത്തിരിയട്ടെ എന്നാഗ്രഹിക്കുന്നു.

Anonymous said...

പ്രസിഡ്ന്റിനെ നേരിട്ട് തിരഞ്ഞെടുക്കണം എന്ന അഭിപ്രായം കൊള്ളം. ഒന്നോര്‍ത്തല്‍ MLA മാരെ തിരഞ്ഞെടുക്കുന്നതില്‍ പോലും ഒരു സാധാരണക്കാരന് എന്തു പങ്കാണുള്ളത്? സുകുമാരക്കുറുപ്പിനെ ഒരു പക്ഷവും വീരപ്പനെ മറുപക്ഷവും നിര്‍ത്തിയാലും ഒരാളെ സാങ്കേതികമായി ജയിപ്പിക്കേണ്ട ഗതികേടിയാണ് ജനങ്ങള്‍. അവിടെ മൂന്നാമതിരാളെ നിര്‍ത്തനും ജയിപ്പിക്കനുമുള്ള ആര്‍ജ്ജവം ഇല്ലതാനും. രാഷ്ടപ്പതിയെ നേരിടു തിരഞ്ഞെടുത്താലും ഇതില്‍ കൂടുതലൊന്നും സംഭവിക്കില്ല. (രാഷ്ടപതികള്‍ ഏതായായും ഇതുവരെ വലിയ കുഴപ്പമില്ലാത്തവരായിരുന്നു.)
-ജോജൂ

Anonymous said...

പൊതുവാളാ ഇക്കാര്യത്തില്‍ എനിക്ക്‌ അഭിപ്രായ വ്യത്യാസമുണ്ട്‌. അദ്ദേഹത്തെ പ്രസിഡന്റാക്കുക വഴി നാം ഈ രാജ്യത്തോട്‌ ഏറ്റവും വലിയ ദ്രോഹമാണ്‌ പ്രവര്‍ത്തിച്ചത്‌, കാരണം അബ്ദുള്‍കലാം രാഷ്ട്രപതിയായതുകൊണ്ട്‌ ഈ രാജ്യത്തിന്‌ എന്തു പ്രയോജനമാണ്‌ കഴിഞ്ഞ അഞ്ച്‌വര്‍ഷങ്ങളില്‍ ലഭിച്ചത്‌? രാജ്യം കണ്ട എക്കാലത്തേയും മഹാനായ ഒരു ശാസ്ത്രപ്രതിഭയുടെ സേവനം അദ്ദേഹം രാഷ്ട്രപതി യായിരുന്ന കഴിഞ്ഞ 5 വര്‍ഷക്കാലത്തേക്ക്‌ നഷപ്പെടുത്തിയെന്നതൊഴിച്ചാല്‍? രാഷട്രപതി ആരായിരുന്നാലും ഇവിടെ പ്രത്യേകിച്ച്‌ എന്തെങ്കിലും പ്രയോജനമുണ്ടോ? പാര്‍ലമന്റ്‌ പാസാക്കുന്ന ബില്ലുകളില്‍ തുല്യം ചാര്‍ത്തുന്നതും, കൂടെ കൂടെ കുറേസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ കുട്ടികളുമായി'കൊച്ചുവര്‍ത്തമാനം' പങ്കുവെക്കുന്നതും, 20വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഇന്‍ഡ്യയെ കുറിച്ച്‌ ഉച്ചത്തില്‍ സ്വപ്നങ്ങള്‍കാണാനും കുറേവിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതുമൊഴിച്ചാല്‍? ഇന്‍ഡ്യയെ 21ആംനൂറ്റാണ്ടിലെ വന്‍ശക്തിയാക്കുന്നതില്‍ ക്രിയാത്മകമായ പങ്കുവഹിക്കേണ്ട ഒരുഅസാമാന്യപ്രതിഭയെ കേവലം നാടിനും നാട്ടുകാര്‍ക്കും പത്തുപൈസയുടെ പ്രയോജനം ചെയ്യാത്ത 'രാഷ്ട്രപതി' എന്ന റബ്ബര്‍സ്റ്റാമ്പിന്റെ കസേരയിലിരുത്തി വിലപ്പെട്ട 5 വര്‍ഷങ്ങള്‍ കളഞ്ഞുകുളിച്ച തൊഴിച്ചാല്‍ എന്തുപ്രയോജനം? അദ്ദേഹം ശരിക്കും ചെയ്യേണ്ടിയിരുന്നത്‌,ഇരട്ടപദവി ബില്‍ രണ്ടാമതൊപ്പിടാതെ രാജിവെച്ചൊഴിയുകയായിരുന്നു! അതിനാല്‍ ഇത്തരം മഹാമനീഷകളെ ഇനിയെങ്കിലും പാഴാക്കാന്‍വേണ്ടി ആകസേരയിലിരുത്തണോ?നമ്മുടെ കെ.ആര്‍. നാരായണനെ പോലെ യുള്ളവര്‍ തന്നെ ആകസേരയിലിരുന്ന് ശ്വാസംമുട്ടിയ കഥ(ഗുജറാത്ത്‌ കലാപകാലത്ത്‌ അദ്ദേഹം പ്രധാനമന്ത്രിക്കയച്ച ഇന്നും വെളിച്ചംകാണാത്ത കത്തിനേക്കുറിച്ചോര്‍ക്കുക!) ഒര്‍ത്താല്‍ തന്നെ ഈപദവിയുടെ വില മനസ്സെയിലാക്കമല്ലോ? അതിലും ഭേദം കരുണാകരനേപ്പോലെയുള്ള നാടിനും നാട്ടാര്‍ക്കും വേണ്ടാത്ത നേതാക്കന്മാരെ ആകസേരയില്‍5വര്‍ഷമിരുത്തി പറഞ്ഞുവിടുന്നതല്ലേ? കുറഞ്ഞപക്ഷം കാര്യമായ അധികാരങ്ങളൊന്നുമില്ലതെ 5 വര്‍ഷവും, അതിനുശേഷം മുന്‍രാഷ്ട്രപതിയെന്ന പദവിയുടെ ഡിഗിനിറ്റി മൂലം ശിഷ്ടകലത്തെ ഇത്തരക്കരുടെ ദ്രോഹത്തിനെങ്കിലും അറുതിവന്നാല്‍ അത്രയും നല്ലതല്ലേ? വീണ്ടും കലാമിനെ 5 വര്‍ഷത്തേക്കുകൂടി ആപദവിയുടെ ദുസ്വാതന്ത്ര്യത്തില്‍ തളക്കരുതെന്നാണെനിക്ക്‌ തോന്നുന്നത്‌. ഇത്‌ എന്റെ മാത്രം അഭിപ്രായമാണെന്നും വിയോജിപ്പുള്ളവരാകും കൂടുതലും എന്നറിയാമെങ്കിലും അഭിപ്രായസ്വാതന്ത്ര്യം പ്രതീക്ഷിച്ച്‌ ഇത്രയും കുറിക്കുന്നു!

ഷാനവാസ്‌ ഇലിപ്പക്കുളം,
'അക്കൗണ്ട്‌ ലൊഗോണ്‍' എറര്‍ കാരണം അനോനിമിയാകേണ്ടിവന്നതില്‍ ഖേദിക്കുന്നു!

Anonymous said...

പ്രസിഡന്റ് ആയിരുന്ന സമയം അദ്ദേഹം ഏതെങ്കിലും ലാബില്‍ ചിലവഴിച്ചിരുന്നെങ്കില്‍ കുറേ റോക്കറ്റുകള്‍ കൂടി കിട്ടുമായിരുന്നു. . ഇനിയും വൈകിയിട്ടില്ല.. എത്രയും വേഗം അദ്ദേഹത്തെ റോക്കറ്റ് കന്ടുപിടുത്തകേന്ദ്രത്തിലേയ്ക്ക് എത്തിക്കാവുന്നതേയുള്ളൂ