Friday, May 26, 2006

ബ്ലോഗിലേക്ക് ഇനിയൊരാള്‍ കൂടി

ഒരാളെക്കൂടി ഞാന്‍ ബ്ലോഗിന് പരിചയപ്പെടുത്തട്ടെ.

അഡ്വര്‍ട്ടൈസിംഗ് ഫീല്‍ഡില്‍ ജോലി നോക്കുന്നൊരു സുഹൃത്ത് എനിക്കുണ്ട് - പേര് വിനയന്‍. ഇയാളെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാനായി ഞാന്‍ ശ്രമം തുടങ്ങിയിട്ട് ഒന്നുരണ്ടു മാസങ്ങളായി. അവസാനം, അത്ഭുതം സംഭവിച്ചു. ഓഫീസില്‍ ജോലിയില്ലാത്ത സമയത്ത് ഒരു ഹോബിയായി ബ്ലോഗുവായന ആരംഭിച്ചുവെന്ന് കഴിഞ്ഞയാഴ്ച വിനയന്‍ എന്നെ വിളിച്ചു പറഞ്ഞു.

മറ്റൊരു കൂട്ടുകാരന്‍ ബഹറിനിലെ ഒരു അഡ്വര്‍ട്ടൈസിംഗ് കമ്പനിയില്‍ ജോലി കിട്ടി പോവുന്നതിനെ തുടര്‍ന്ന് ഇന്നലെ ഞങ്ങളൊന്ന് മിനുങ്ങി. ചര്‍ച്ച ഒ ആന്‍ഡ് എമ്മില്‍ നിന്നു തുടങ്ങി ബ്ലോഗില്‍ വന്നു നിന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി, ബ്ലോഗുലകത്തില്‍ റിസര്‍ച്ച് നടത്തുകയായിരുന്നു വിനയനെന്ന് അപ്പോഴാണ് മനസ്സിലായത്.

മൊത്തം വായനക്കാരില്‍ ബ്ലോഗുകള്‍ ഉണ്ടാക്കുന്ന ഇമ്പാക്ട് തുലോം തുച്ഛമാണെന്ന് ദീപക് അഭിപ്രായപ്പെട്ടത് സന്ദര്‍ഭവശാല്‍ ഞാന്‍ പറയുകയുണ്ടായി. തീര്‍ച്ചയായും അതങ്ങനെയല്ല എന്നായിരുന്നു വിനയന്റെ പ്രതികരണം. തുടര്‍ന്ന് ബാംഗ്ലൂരിലെ ഏതോ പബ്ബിലിരുന്ന് ബീറടിക്കുന്ന ദീപക്കിനെത്തേടി വിനയന്റെ മൊബൈല്‍ പറന്നു. പിന്നെ ഒരു മണിക്കൂര്‍ നീണ്ട തീപാറുന്ന യുദ്ധമാണ് നടന്നത്.

യുദ്ധം കഴിഞ്ഞതിനു ശേഷം വിനയന്‍ എന്നോടു പറഞ്ഞു - ഇതുപോലുള്ള വക്കാണങ്ങളില്ലെങ്കില്‍ പിന്നെ ബ്ലോഗു കൊണ്ടൊന്നും കാര്യമില്ല. മലയാളം ബ്ലോഗില്‍ ഞാന്‍ കാണുന്ന അപാകത, സൌഹൃദങ്ങളില്‍ ഊന്നിയാണ് മിക്ക പോസ്റ്റുകളും കമന്റുകളും എന്നതാണ്. തോന്നുന്ന കാര്യം തോന്നുന്ന പോലെ എഴുതുകയും അത് നിശിതമായി വിമര്‍ശനവിധേയമാക്കുകയും ചെയ്താല്‍ മലയാള ബ്ലോഗുലകം മാത്രമല്ല, ബ്ലോഗ് ഉപയോഗിക്കുന്ന മലയാളികളുടെ ചിന്താമണ്ഡലവും വികസിക്കും.

അടുത്തുതന്നെ ഈവക അഭിപ്രായങ്ങള്‍ ഞാനെന്ന രണ്ടാംകക്ഷി ഇല്ലാതെ, വിനയന്റെ ബ്ലോഗിലൂടെ തന്നെ നിങ്ങള്‍ക്ക് വായിക്കാം.

8 comments:

myexperimentsandme said...

അതിന് നമുക്ക് ഇപ്പോള്‍തന്നെ മലയാളവേദി ഉണ്ടല്ലോ :)

അപ്പോ ഇനി നമുക്ക് ഹെല്‍മറ്റ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ആ പാഡ്, ഈ പാഡ്, മറ്റേ പാഡ്.....പിന്നെ കുറെയേറെ പഞ്ഞീം വേണമല്ലേ.

ദേവന്‍ said...

ബെന്ന്യേ,
മൊത്തം വായനക്കാരെ എടുക്കുകയാണേല്‍ അവരില്‍ ബ്ലോഗ്‌ ഇമ്പാക്റ്റ്‌ കുറവായിരിക്കും എന്നത്‌ ഇപ്പോള്‍ ഒരു സത്യവും ഭാവിയില്‍ ഒരി ചരിത്രവും ആയിരിക്കും എന്ന് എനിക്കും സമ്മതിക്കാന്‍ ഒരു മടിയില്ലായ്മ :)

വിവാദംനല്ലതാണ്‌- ആരേലും പ്രൊവോക്ക്‌ ചെയ്താല്‍ ഒരുപാടു ചിന്തിക്കും, എഴുതും. പക്ഷേ പല കാര്യങ്ങളും "വിവാദിക്കാന്‍" വളരെ അടുത്തവര്‍ക്കേ പറ്റൂ ഒരു വലിയ കമ്യൂണിറ്റിയില്‍ (ഉദാ, രണ്ടായിരം പേരുള്ള മലയാളവേദിയില്‍) വിവാദപരമായ എന്തും അപ്പനുവിളിയിലേ തീരൂ.. തെറി ജാസ്തി, ഫലം നാസ്തി.

"ആരു എന്തെഴുതിയാലും ബലേ ഭേഷ്‌ " എന്ന പൊതു കമന്റ്‌ എല്ലായിടത്തും (വിശാലന്റെ സഹധര്‍മ്മിണിയും എന്റെ പെമ്പ്രന്നോരും കൂടെ നമ്മളെ കളിയാക്കി പാസ്സാക്കിയ കമന്റാ ആ കൊട്ടേഷനില്‍) വരാതിരിക്കാന്‍ പരമാവധി ചെയ്യാവുന്ന കാര്യങ്ങള്‍

1. കുറേ സമയം ചിലവിട്ട്‌ ര്‍ബ്ലോഗിനു റിവ്യൂ എഴുതാം

2. വാല്യൂ ആഡിംഗ്‌ കമന്റ്‌ എഴുതാം. ഉദാ. കുട്ട്യേടത്തില്‍ ആപ്പീസില്‍ പാട്ടു പോസ്റ്റ്‌ ഇട്ടപ്പോ മിക്കവരും അവരുടെ പാട്ടുമായി എത്തി അതൊരു സീരിയല്‍ ആക്കിയതുപോലെ.

3. വാഗ്വാദത്തിന്റെ വെല്ലുവിളി ആസ്പക്‌ അങ്ങു കളഞ്ഞാല്‍ അതു വിശദീകരണം ചോദിക്കല്‍ ആയി, "എന്ത്വാടാ എഴുതീ വച്ചിരിക്കുന്നത്‌" എന്നു തന്നെ "ലങ്ങനാണോടേ അതോ ഇങ്ങനാണോടേ" എന്നതുകൊണ്ട്‌ മയത്തില്‍
ചോദിക്കാം

4. സംവാദങ്ങള്‍ തീര്‍ച്ചയായും വേണം, അതിനു പൊതു റ്റോപ്പികുകള്‍ ഉണ്ടെങ്കില്‍ നടക്കുന്നുമുണ്ട്‌ ബൂലോഗത്ത്‌. സംവരണം, സ്മാര്‍ട്ട്‌ സിറ്റി അങ്ങനെ ച്ചിലത്‌.

വക്കാര്യേ,
മലയാളവേദിയിലെ പേരു എന്താ?

myexperimentsandme said...

അയ്യട മനമേ, തീപ്പെട്ടിക്കോലേ.. മീശപിരിച്ചു കാണിക്കല്ലേ :)

ദേവേട്ടാ, ഞാന്‍ വെറുമൊരു കാണി മാത്രമാണ് മലയാളവേദിയില്‍. മെമ്പര്‍ഷിപ്പ് പോലുമില്ല. ഇടയ്ക്കൊക്കെ ബോറടിക്കുമ്പോള്‍ അവിടെ പോകും. ഒന്നു രണ്ട് പോസ്റ്റു വായിക്കുമ്പോള്‍ തന്നെ നല്ല കിക്കു കിട്ടും. പിന്നെയിങ്ങു പോരും.

ബ്ലോഗുതല്ലുകൂടലില്‍ ദേവേട്ടന്‍ പറഞ്ഞതു തന്നെ എനിക്കും (“ബലേ ഭേഷ്” അല്ല കേട്ടോ). പ്രതിപക്ഷബഹുമാനത്തോടെയൊക്കെയുള്ള സംവാദങ്ങളാണെങ്കില്‍ ഓക്കെ. പക്ഷേ ഒരു സംവാദം എങ്ങിനെയൊക്കെ ആകാമെന്ന് മലയാളവേദി നല്ല ഉദാഹരണമായി ഇവിടുണ്ടല്ലോ. പാട്ടും കേക്കാം, മുറുക്കേം ചെയ്യാം, ചീത്തേം വിളിക്കാം.

ഒന്നും പേഴ്സലണലായിട്ടെടുക്കാതിരിക്കണം. കാര്യത്തിലൂന്നി ചര്‍ച്ചിക്കണം. മുയലിനു കൊമ്പു മുളച്ചു (ഏവൂര്‍ജിക്ക് കടപ്പാട്) എന്നു വിളിച്ചു കൂവാതിരിക്കണം. എല്ലാം കഴിഞ്ഞ് കൈയിടാന്‍ ഒരു തോളും വേണം, കൊടുക്കാന്‍ ഒരു കൈയ്യും.

ബ്ലോഗുലോകത്തില്‍ പൊതുവിഷയങ്ങളിലുള്ള ചര്‍ച്ചകളൊക്കെ ഇതുവരെ ഈ രീതിയിലൊക്കെയായിരുന്നു. ഇനിയും അങ്ങിനെ തന്നെ തുടരട്ടെ എന്ന് ഞാന്‍ എന്റെ കരിനാക്കുകൊണ്ട് ആശംസിക്കുന്നു.

രാജ് said...

ബെന്ന്യേ രണ്ടുകൊല്ലം കൊണ്ടാണെങ്കിലും പലരുടെയും ചിന്തകളിലേയ്ക്കും വര്‍ത്തമാനങ്ങളിലേയ്ക്കും ബ്ലോഗുകള്‍ കടന്നുവന്നില്ലേ? സീരിയസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബ്ലോഗിനു ശകലം മടിയുള്ളതുപോലെയാണു്. വായനയ്ക്കും പഠനത്തിനും എഴുത്തിനുമെല്ലാമായി കാര്യമായിട്ടു സമയം നീക്കിവയ്ക്കുവാന്‍ ഇല്ലാത്തവരാണു ബൂലോഗരില്‍ മിക്കവരും എന്നോര്‍ക്കണം. സംവാദങ്ങള്‍ക്കുള്ള വേദിയായി മാത്രം ബ്ലോഗുകള്‍ മാറുകയില്ല, എങ്കില്‍ തന്നെയും നല്ല ചില പോസ്റ്റുകള്‍ക്കു തുടര്‍ച്ചയായി വളരെ നല്ല സംവാദങ്ങള്‍ വന്നുകാണാറുമുണ്ടു്. ബ്ലോഗ് വായനക്കാര്‍ പ്രതികരണശേഷിയുള്ളവരാണു്, ഏതെങ്കിലും തരത്തില്‍ അവരെ സ്വാധീനിക്കുന്ന മിക്ക ലേഖനങ്ങളോടും അവര്‍ നല്ല രീതിയില്‍ സംവദിച്ചു കാണുന്നുമുണ്ടു്. വ്യക്തിപരസൌഹൃദങ്ങളിലൂന്നി സംഭവിച്ചു പോകുന്ന കൊച്ചുവര്‍ത്തമാനങ്ങള്‍ ബ്ലോഗുകളുടെ നിലവാരത്തിനെ പ്രതികൂലമായി ബാധിക്കുകയില്ലെന്നാണു് എന്റെ നിഗമനം.

എന്തായാലും വിനയനു സ്വാഗതം, ദീപക്കിനെന്താ തിരക്കാണോ? അദ്ദേഹത്തെയും അടുത്തു തന്നെ ബ്ലോഗുകളില്‍ പ്രതീക്ഷിക്കുന്നു.

Manjithkaini said...

ബെന്നി പറഞ്ഞതൊരു പോയിന്റാണ്. നന്നായി, കൊള്ളാം, കിടിലം എന്നിങ്ങനെ തൃപ്തിപ്പെടുത്തുന്ന കമന്റുകള്‍ പാസാക്കാന്‍ വ്യക്തി സൌഹൃദങ്ങള്‍ കാരണമായേക്കാം. ചിലരെങ്കിലും എന്റെ പോസ്റ്റിനെപ്പറ്റി നല്ലതുമാത്രമേ പറയാവൂ എന്നൊരു ബോര്‍ഡും തൂക്കിയിട്ടുണ്ട്. വല്ലപ്പോഴുമുണ്ടാകുന്ന വ്യക്തിഹത്യ നിറഞ്ഞ "അടി"യൊഴുക്കുകള്‍ അധികം ഒഴുകാതെ നിലയ്ക്കുന്നതും കാണാമല്ലോ.

ബെന്നിയും വിനയനുമൊക്കെ ഉദ്ദേശിക്കുന്ന തലത്തില്‍ സീരിയസ് ഡിസ്കഷന്‍ മാത്രമായാല്‍ ബ്ലോഗ്‌ലോകം ചിന്ത ഡിസ്കഷന്‍ ഫോറം പോലെയാകില്ലേ?. അവിടെ പൊരിഞ്ഞ സംവാദമാണ്. പക്ഷേ ആളു തീരെക്കുറവ്. അങ്ങനെയായാല്‍ ബൂലോഗത്തിന്റെ അവസ്ഥ നാട്ടിലിറങ്ങുന്ന ലിറ്റില്‍ മാഗസിനുകളുടേതുപോലെയാകില്ലേ?


ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ചിലപ്പോഴെങ്കിലും ഒരു ചാറ്റ് വിന്‍‌ഡോയുടെ നിലവാരത്തിലേക്കു താഴുകയോ ഉയരുകയോ ചെയ്യുന്നുണ്ടെങ്കിലും, ഇടയ്ക്കിടെ ഉണ്ടാകുന്ന കാര്യമായ സംവാദങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നുണ്ടോ?

ഒരുദാഹരണമായി ബ്ലോഗ്‌ലോകത്തെ നവാഗതയായ യെല്‍‌ജീയുടെ കാര്യമെടുക്കാം. സരസ സംഭാഷണങ്ങളിലൂടെയാണ് എല്‍ ജി വന്നതെങ്കിലും ഇടയ്ക്കിടെ നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ. സഭാകമ്പമില്ലാതെ ആര്‍ക്കും ഇവിടെ നില്‍ക്കാന്‍ ഇങ്ങനെ വ്യക്തിസൌഹൃദത്തിലൂന്നിയ സംഭാഷണങ്ങള്‍ സഹായിക്കുന്നുണ്ട് എന്നാണിതു സൂചിപ്പിക്കുന്നത്.

സംവാദത്തേക്കാള്‍ മനസിലുള്ള ആ‍ശയങ്ങള്‍ മടികൂടാതെ മാതൃഭാഷയിലെഴുതാന്‍ ഒരു വേദി എന്ന നിലയ്ക്കാണ് ബ്ലോഗ്‌ലോകത്തെ കാണേണ്ടത് എന്നെനിക്കു തോന്നുന്നു. ബൌദ്ധിക ജാഡകളില്ലാതെയുള്ള ഈ ഒഴുക്കു കാരണമാണ് കൂടുതല്‍ പേര്‍ ഇവിടേക്കു വരുന്നതെന്നും നിസംശയം പറയാം. മുന്‍‌പ് പേപ്പറും പേനയുമെടുത്ത് ഒരു വരി മലയാളം‌പോലുമെഴുതാത്തവരും ഇക്കൂട്ടത്തിലുണ്ട് എന്നതു മറന്നുകൂടാ.

വിനയനും ദീപക്കിനുമൊക്കെ ഇടപെടാനുള്ള വിഷയങ്ങളും മലയാളം ബ്ലോഗുകളില്‍ ഇടയ്ക്കിടെ പിറക്കുന്നുണ്ട് എന്നാണെന്റെ തോന്നല്‍. തല്‍‌ക്കാ‍ലം ഇങ്ങനെയൊക്കെ പോകട്ടെ..........‍

Visala Manaskan said...

'സംവാദത്തേക്കാള്‍ മനസിലുള്ള ആ‍ശയങ്ങള്‍ മടികൂടാതെ മാതൃഭാഷയിലെഴുതാന്‍ ഒരു വേദി എന്ന നിലയ്ക്കാണ് ബ്ലോഗ്‌ലോകത്തെ കാണേണ്ടത് എന്നെനിക്കു തോന്നുന്നു. ബൌദ്ധിക ജാഡകളില്ലാതെയുള്ള ഈ ഒഴുക്കു കാരണമാണ് കൂടുതല്‍ പേര്‍ ഇവിടേക്കു വരുന്നതെന്നും നിസംശയം പറയാം. മുന്‍‌പ് പേപ്പറും പേനയുമെടുത്ത് ഒരു വരി മലയാളം‌പോലുമെഴുതാത്തവരും ഇക്കൂട്ടത്തിലുണ്ട് എന്നതു മറന്നുകൂടാ'

എനിക്കും ഇങ്ങിനെ തോന്നുന്നു!

myexperimentsandme said...

എനിക്കുള്ള അതേ പ്രശ്നം അപ്പോള്‍ വിശാലനുമുണ്ടല്ലേ..

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം എനിക്കും അതുതന്നെ തോന്നും. അതുവരെ തലകുത്തി നിന്നാലും ഒന്നും തോന്നില്ല.... :)

(രണ്ടുകുത്തൊരരബ്രാക്കറ്റുണ്ടേ)

Anonymous said...

ഹൊ!ഹൊ!ഹൊ! എനിക്കു വയ്യ ,
ഞാനിതിപ്പോഴാണു കണ്ടതു. ഇനി ഇപ്പൊ ഞാന്‍ സരസമായും സീരിയസ്സയും സംസാരിക്കണല്ലേ ഭഗവാനേ ...അതിനിനി വെറെ ആരെങ്കിലും കൊണ്ടു സംസാരിപ്പിക്കണം.

എനാലും ഇത്രയും വലിയ ഒരു പാര ഞാന്‍ വിചാരിച്ചില്ല. ഒരു പഫ്സിനു ഇത്രേം വലിയ ശിക്ഷയൊ?

പിന്നെ, എനിക്കു മനസ്സിലാവാത്ത വണ്‍ കാര്യം..എന്തിനാണു എല്ലാരും ഈ ബ്ലോഗ് എങ്ങിനെ ഉണ്ടാവണാം,എങ്ങിനെ എഴുതണം എന്നൊക്കെ കുറേ രൂള്‍സ് ഉണ്ടാക്കാന്‍ വേണ്ടി ശ്രമിക്കുന്നെ? ബ്ലോഗും ഇന്റെര്‍നെറ്റും ഒക്കെ ആ പഴയ പൊടി പിടിച്ച രൂള്‍സ് എന്നേ തിരുത്തി എഴുതി? പിന്നെ ശ്രമിക്കേണ്ടതു,ഇപ്പൊ എം.റ്റി സാറിനെ ക്കൊണ്ടോ, അല്ലെങ്കില്‍ ഏതെങ്കിലും സയന്റിസ്റ്റിനെകൊണ്ടോ അല്ലെങ്കില്‍ അങ്ങിനെ നല്ല ഫേമസ് ആളുകളെ ക്കൊണ്ടു ബ്ലോഗ്ഗിങ് സ്റ്റാര്‍ട്ട് ചെയ്യിപ്പിക്കല്‍ ആണു. അല്ലാണ്ടു ആടിനോടു മുക്കാന്‍ പറഞ്ഞാല്‍ ഇത്രേ ഒക്കെ അല്ലേ ഉണ്ടാവൂ..
എന്റെ ഒരു ഒപ്പീയനിയനില്‍ നമ്മള്‍ എഴുതുന്നതു
ആര്‍ക്കും ഇഷ്ട്പെട്ടാലും ശരി,ഇഷ്ട്പ്പെട്ടില്ലെങ്കിലും ശരി, എഴുതാണ്ടിരിക്കാന്‍ പറ്റൂലാ. പിന്നെ എല്ലാ‍രും നമ്മുടേ ബ്ലോഗിലും അവരുടെ ബ്ലോഗിലും കമന്റുംബോള്‍ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ ആണു.അവരുടേ പ്രോത്സാഹ്നം ഒരു വംബന്‍ കാര്യമാണു...പ്രത്യേകിച്ചു ഈ കുറച്ചു ദിവസം കൊണ്ടു ഒരു വലിയ കുടുംബത്തിലെ
അംഗമായ സന്തോഷം....അതു പറ്റൂല്ലാ എന്നെന്തിനു പറയുണു? വാട്ട് ഈസ് ദ പ്രോബ്ലെം?