Wednesday, May 31, 2006

കേരള സര്‍ക്കാര്‍ ജീവനക്കാരും തൊഴില്‍ സംസ്‌കാരവും.

">ദുര്‍ഗയുടേ ഒരു ത്രെഡിനുള്ള ചാത്തുണ്ണിയുടെ ">മറുപടിയാണ്‌ എന്നെ ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്‌.


ഒരു നാലഞ്ചു കൊല്ലമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു ആരോപണമാണ്‌ സര്‍ക്കാര്‍ ജീവനക്കാര്‍ ഖജനാവില്‍ നിന്ന് പണം "ചോര്‍ത്തുന്നു" എന്ന്. ആന്റണി ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ ജീവനക്കാരുടെ സമരം തൊട്ട്‌ 92% റവന്യൂ വരുമാനം ജീവനക്കാര്‍ " തട്ടിയെടുക്കുന്നു" എന്ന് പ്രചരിപ്പിച്ച്‌ സാധാരണ ജനങ്ങളെ ജീവനക്കാരില്‍ നിന്നും അകറ്റാന്‍ മുന്‍കയ്യെടുത്തത്‌ അന്നത്തെ സര്‍ക്കാര്‍ തന്നെയായിരുന്നു. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അത്‌ഭുതപ്പെടുകയാണ്‌ ഞാന്‍.


ശമ്പളം, പെന്‍ഷന്‍ എന്നിവ റവന്യൂ വരുമാനത്തിന്റെ 92% കവര്‍ന്നെടുക്കണമെങ്കില്‍ അത്‌ 3 കാരണങ്ങള്‍ കൊണ്ടായിരിക്കണം.

1. ഉയര്‍ന്ന ശമ്പള നിരക്ക്‌.


എന്റെ അറിവ്‌ ശരിയാണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ്‌ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നത്‌ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്‌. കേന്ദ്ര സര്‍വീസിലുള്ള ഒരു ജൂനിയര്‍ ഓഫീസര്‍ക്ക്‌ 8000 മുതല്‍ 13500 വരെ ശമ്പളം ലഭിക്കുമ്പോള്‍ ഒരു കേരള സര്‍ക്കാര്‍ ജീവനക്കാരന്‌ ലഭിക്കുന്നത്‌ 5000 മുതല്‍ 7500 വരെയാണ്‌. ( 5 കൊല്ലം മുന്‍പ്‌ വരെ ഇത്‌ 3000-5000 റേഞ്ചില്‍ ആയിരുന്നു.). ഒരു 25 വര്‍ഷത്തെ സേവനത്തിനു ശേഷം അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ വിരമിക്കുന്ന ഒരു കേന്ദ്ര ഗവ: ഉദ്യോഗസ്ഥന്‍, 26000 രൂപ വരെ ശമ്പളം വാങ്ങുമ്പോള്‍, തത്തുല്യമായ റാങ്കിലുള്ള ഒരു കേരള സര്‍ക്കാര്‍ ജീവനക്കാരന്‌ 16-17000 ആയിരിക്കും കിട്ടുന്നത്‌.


2. ജീവനക്കാരുടെ ആധിക്യം.


കേരള സര്‍ക്കാരിന്‌ ഏതാണ്ട്‌ 600,000 ജീവനക്കാരുണ്ടെന്നാണ്‌ കണക്ക്‌. അതായത്‌, ജനസംഖ്യയുടെ 2%. നാഷണല്‍ ആവറേജ്‌ 3.3% ആണ്‌. മറ്റു വികസിത രാജ്യങ്ങളിലുള്ള സിവില്‍ സെര്‍വന്റ്‌സിന്റെ കണക്ക്‌ ഇതാ ">ഇവിടെ.


3. സംസ്ഥാനത്തിന്റെ കുറഞ്ഞ വരുമാനം.


YES!!! ഇതാണ്‌ യഥാര്‍ത്ഥ കാരണം. 600,000 ജീവനക്കാര്‍ക്ക്‌ നക്കാപ്പിച്ച കൊടുത്താല്‍ വരുമാനത്തിന്റെ 92% നഷ്ടപ്പെടുന്ന ഒരു പാപ്പര്‍ സംസ്ഥാനത്താണ്‌ നമ്മളുടെ വേരുകള്‍. വരുമാനത്തിന്‌ വഴിയില്ലാഞ്ഞിട്ടണെങ്കില്‍, ശരിയാണ്‌. സമ്മതിച്ചു കൊടുക്കണം. പക്ഷേ, നമ്മുടെ ധനമന്ത്രി തന്നെ പറയുന്നത്‌ നോക്കൂ.

">കിട്ടാനുള്ള നികുതിയുടെ മൂന്നിലൊന്ന് പോലും പിരിച്ചെടുക്കപ്പെടുന്നില്ല.


അപ്പോള്‍, നികുതി പ്രധാന വരുമാന മാര്‍ഗമായിരിക്കുന്ന ഒരു സംസ്ഥാനത്തില്‍ കിട്ടാനുള്ള പണം മുഴുവന്‍ പിരിച്ചെടുത്താല്‍ ഈ 92% എന്നത്‌, 25-30% ശതമാനം ആയി കുറയും. ഇത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മാന്യമായ ശമ്പളം കൊടുക്കാനും, അതു വഴി അഴിമതി കുറക്കാനും, എല്ലാത്തിനുമുപരി സിവില്‍ സര്‍വീസില്‍ കാണാത്ത പ്രൊഫഷണലിസം കൊണ്ടുവരുന്നതിനും സഹായിക്കില്ലേ?


ഇതു മാത്രമല്ല, കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തില്‍ ധനകാര്യ കമ്മീഷന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും വിഹിതങ്ങളില്‍ നിന്ന് നിര്‍ദ്ദേശിക്കാന്‍ പദ്ധതികളില്ലാതെ നമ്മുടെ തമ്പുരാക്കന്മാര്‍ പാഴാക്കി കളഞ്ഞത്‌ 1100 കോടിയാണത്രേ!!!


പിന്നെ പരക്കെ ആരോപിക്കപ്പെടുന്ന ഒരു കാര്യം സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സംസ്‌കാരത്തെ പറ്റിയാണ്‌. ഇത്‌ മാറ്റിയെടുക്കാവുന്നതേ ഉള്ളു. അല്ലെങ്കില്‍ തന്നെ, ജോലിയില്‍ ഉഴപ്പല്‍ മലയാളിയുടെ ജന്മ സ്വഭാവമാണ്‌. വീട്ടില്‍ പണിയെടുക്കാന്‍ വരുന്ന ആശാരി മുതല്‍, ഓഫീസ്‌ സമയത്ത്‌ ബ്ലോഗുന്ന ഞാന്‍ ഉള്‍പ്പടെ, കോടികള്‍ പാഴാക്കികളയുന്ന മന്ത്രിമാര്‍ വരെ, ആര്‍ക്കാണ്‌ ഇത്ര നല്ല തൊഴില്‍ സംസ്‌കാരം ഉള്ളത്‌?

11 comments:

സു | Su said...

"അല്ലെങ്കില്‍ തന്നെ, ജോലിയില്‍ ഉഴപ്പല്‍ മലയാളിയുടെ ജന്മ സ്വഭാവമാണ്‌."

ജോലിയില്‍ 100 % ആത്മാര്‍ഥത കാട്ടുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയ്ക്ക് ഈ വാചകത്തോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു.

കുറുമാന്‍ said...

“അല്ലെങ്കില്‍ തന്നെ, ജോലിയില്‍ ഉഴപ്പല്‍ മലയാളിയുടെ ജന്മ സ്വഭാവമാണ്‌."

എന്റെ സൂ..........ജോലിയില്‍ ഉഴപ്പാതെ, ജോലിയേ ശരണം എന്നു മലയാളികള്‍ എല്ലാവരും കരുതിയിരുന്നെങ്കില്‍ (ഞാനടക്കം) , മലയാളം ബ്ലോഗുകളിലുള്ള എണ്‍പത്തിയഞ്ചു ശതമാനവും ജനിക്കുകയില്ലായിരുന്നു.

അഥവാ ജനിച്ചിരുന്നെങ്കില്‍ തന്നെ, അകാലമൃത്യ സംഭവിക്കുമായിരുന്നു.

Sreejith K. said...

കുറുമാനേ സത്യം.

ബ്ലോഗ് എഴുതാണ്ട് മര്യാദയ്ക്ക് പണിയെടുക്ക് എന്ന് എന്റെ മാനേജര്‍ എനിക്ക് തന്ന താക്കീതുകള്‍, എണ്ണത്തില്‍ എന്റെ ബ്ലോഗ് പോസ്റ്റുകളേക്കാള്‍ കൂടുതലാണ്. ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ ഞാന്‍ ദേവേട്ടനെപ്പോലെ കട്ട പൊഹ എന്ന് പാടി നടക്കേണ്ടി വരും.

aneel kumar said...

“അല്ലെങ്കില്‍ തന്നെ, ജോലിയില്‍ ഉഴപ്പല്‍ മലയാളിയുടെ ജന്മ സ്വഭാവമാണ്‌."

ജോലി ചെയ്യുന്നതിനിടെ ഉഴപ്പല്‍ (സൈഡ് ബിസിനസുകള്‍) പാടില്ല. ജോലി നിര്‍ത്തിവച്ചിട്ടേ അതു ചെയ്യാവൂ.

രാജ് said...

വസ്തുതകള്‍ നിരത്തി വിശ്വസനീയമാകും വിധത്തില്‍ സംവദിക്കുകയെന്ന കണ്ണൂസിന്റെ ഗുണം പണ്ടും എന്നെ ആകര്‍ഷിച്ചിട്ടുണ്ടു്.

തൊഴില്‍ സംസ്കാരത്തെ കുറിച്ചു പറയുമ്പോള്‍, ഓഫീസ് ടൈമില്‍ ഇരുന്നു ഇതെഴുതുന്ന നമ്മള്‍ക്കു ഗവ. ജോലിക്കാരെ വിമര്‍ശിക്കുവാനുള്ള voice തരുന്നതു രാഷ്ട്രീയ പ്രബുദ്ധതയാണെന്നു ഒരു ഒഴുക്കന്‍ മട്ടില്‍ തട്ടിവിടാം ;) പണിചെയ്യുന്നില്ലെന്നതിനും അപ്പുറം ബ്യൂറോക്രസിക്കു നേരെയുള്ള ആരോപണം ചെയ്യുന്ന പണിക്കു കൈക്കൂലി വാങ്ങുവെന്നതാണെന്നു തോന്നുന്നു. അല്ലെങ്കില്‍ കൈക്കൂലിവാങ്ങുവാന്‍ വേണ്ടി പണി ചെയ്യാതിരിക്കുന്നു എന്നൊന്നു്. കൂടുതല്‍ വേതനം കിട്ടുവാന്‍ വേണ്ടി നമ്മളാരും പണി ചെയ്യാതിരിക്കില്ലല്ലോ! നികുതി പിരിച്ചെടുക്കുവാന്‍ നിയുക്തരായിരിക്കുന്നതും ഈ സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ തന്നെയാണെന്നും ഓര്‍ക്കണം കണ്ണൂസെ. ഇപ്പോള്‍ ചിത്രം വ്യക്തമായി അതൊരു ബ്യൂറോക്രാറ്റിക് സൈക്കിളായി മാറുന്നതുപോലെ തോന്നാം

1. നികുതി പിരിക്കുന്നില്ല -> 2. സര്‍ക്കാറിനു ശംബളം കൊടുക്കുവാന്‍ ഖജനാവിലൊന്നുമില്ല -> 3. ശംബളം കുറവ് എന്നാല്‍ കിംബളമാവട്ടെ -> 4. ഒപ്പം പണി ചെയ്യേണ്ടതില്ല എന്ന മുദ്രാവാക്യവും -> വീണ്ടും ഒന്നിലേയ്ക്കു്

Durga said...

good work! quite informative indeed! keep it up Kannoos!:)

Chathunni said...

ദുര്‍ഗ്ഗയുടെ പോസ്റ്റില്‍ ഞാന്‍ അധ്യാപക സമൂഹം ഖജനാവു ചോര്‍ത്തുന്നു എന്നു അരോപണം ഉന്നയിച്ചു എന്നതില്‍ ക്ഷമ ചോദിക്കുന്നു... സത്യത്തില്‍ ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നതിനു വേണ്ടി ഒന്നും മനപൂര്‍വം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല... ഉപയോഗിച്ചു ശീലമില്ലാത്ത അപകടം പിടിച്ച വാക്കുകള്‍ ഉന്നം തെറ്റി നാട്ടരുടെ നെഞ്ചില്‍ ചെന്നു വീഴുന്നു.. ;-)

ജോലിയിലെ ഉഴപ്പില്‍ ഞാന്‍ ഒട്ടും തന്നെ പിന്നില്ലല്ല.., ഒട്ടു വളരെ മുന്നിലാണ്‌ താനും.. :-D.

സംവാദങ്ങള്‍ എനിക്കും പങ്കെടുക്കുന്നവര്‍ക്കും ഗുണം ഉണ്ടാക്കട്ടെ എന്നു കരുതിയാണ്‌ ഒരു ചര്‍ച്ചക്ക്‌ വിത്തിട്ട്‌ നോക്കിയതു.. കേള്‍ക്കാന്‍ ആള്‍ക്കാര്‍ ഉണ്ടെങ്കിലും, ഇതു ഉപയോഗപ്രദം ആണെന്നു ചിന്തിക്കുന്നുണ്ടെങ്കിലും, നമ്മള്‍ക്കു[ഓഫീസ്‌ സമയം ബ്ലൊഗില്‍ കൊണ്ടു തുലക്കുന്ന ഉഴപ്പന്മാര്‍ ;-)] ഇതേ സംബന്ധിച്ച അറിവുകള്‍ പങ്കുവെക്കാം.. kannoose, a really nice job.., appreciate your effort.. :-)

സസ്നേഹം, ചാത്തുണ്ണി.

Anonymous said...

സൂ, ശരിക്കും പുള്ളിക്കാ‍ാരന്റെ ആ‍്ത്മാര്‍ഥത 100% ഉം സര്‍ക്കാരിനുവേണ്ടിയാണോ?

ഹാ കഷ്ടം, യാന്ത്രികം. 1% ശതമാനം പോലും ഇല്ലാത്ത ആത്മാര്‍ഥതയുടെ അഭാവം.

ഇനി ഇപ്പൊ അങ്ങനെ അണെങ്കില്‍ തന്നെ ഇതുപ്പൊലുള്ള വേദികളില്‍ തുറന്നു പറയാമൊ സൂ?

സു | Su said...

കുറുമാനേ :) സാരമില്ല. അങ്ങനെയുള്ളവരും ഉണ്ട് എന്ന് പറഞ്ഞേയുള്ളൂ. ജോലിയും ബ്ലോഗിങ്ങും ഒരുമിച്ച് കൊണ്ടുപോകാമല്ലോ.

സഞ്ചാരി said...

Pravasikalodulla sarkar jeevanakarude sameepanam.

സഞ്ചാരി said...

sarkar jeevanakar pravasikalode kanikkunna grurada.