Wednesday, May 31, 2006

ഉത്തരവാദി (കുറുമാന്റെ പോസ്റ്റ് കണ്ടപ്പോള്‍ ഓര്‍ത്തത്)

എന്റെ അമ്മാവന്‍, കടിയന്‍ ജാക്കിയെ വീട്ടില്‍ വാങ്ങിക്കൊണ്ടുവരുന്നതിന് മുന്നേ, ‘ക്യാന്‍‌ഡി ‘ എന്ന പേരുള്ള വെളുത്ത ഒരു സുന്ദരി പെണ്‍പട്ടിക്കായിരുന്നു തറവാട് കാവല്‍ ഡ്യൂട്ടി. സ്നേഹത്തിലും ബുദ്ധിശക്തിയിലും, കടിയിലുള്ള വേര്‍തിരിവിലും മികച്ചു നിന്നതിനാല്‍, അവളെ എനിക്കും എന്റെ ചേച്ചിക്കുമെല്ലാം ഭയങ്കര ഇഷ്ടമായിരുന്നു.

ചുറ്റുവട്ടത്തുള്ള വരത്തന്‍ പട്ടികള്‍ അവള്‍ക്കു ചുറ്റും വട്ടമിട്ട് നടക്കുന്നത് കണ്ടാല്‍ ഞാനായാലും ചേച്ചിയായാലും കട്ട, മടല്‍, കുപ്പി, പൂഴി ഇങ്ങനെ കൈയ്യില്‍ കിട്ടിയതെന്തും എടുത്ത് വീക്കി വരത്തന്മാരെ തുരത്തുമായിരുന്നു.

ക്യാന്‍ഡിയുടെ ചാരിത്ര്യം ഞങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് അവള്‍ക്കെസ്കോര്‍ട്ട് കൊടുത്ത് കാത്തു പോന്നു.

രാത്രി അമ്മാവന്‍ കടയടച്ച്, അല്പം പൊടിയുമടിച്ച് വന്നാല്‍ ക്യാന്‍ഡിയെ ചങ്ങലെ തുറന്നു വിടുമായിരുന്നു, പത്തു മിനിട്ടത്തേക്ക്. അവള്‍ പോയി ഒന്ന് മുള്ളി, വേലിയിലും ഗേയ്റ്റിലും ഒക്കെ ഒന്ന് മണം പിടിച്ച്, രണ്ട് കുരയൊക്കെ കുരച്ച് ഉടന്‍ തിരിച്ചെത്തും, ഉറങ്ങാന്‍ റെഡിയായി.

ഈ പത്ത് മിനിട്ട് ബ്രേയ്ക് സംഗതി പന്തിയല്ലെന്ന് ചേച്ചിക്ക് താമസിയാതെ തോന്നി. ഇരുളില്‍ മുള്ളുന്ന ക്യാന്‍ഡിയുടെ ചുറ്റും ചേച്ചി അപകടം മണത്തു. രാത്രിയായതിനാല്‍ ഞങ്ങളുടെ എസ്കൊര്‍ട്ട് ഇല്ല. ഇരുട്ടില്‍ പതുങ്ങി നില്‍ക്കുന്ന നാടന്‍ വരത്തന് പത്ത് മിനിട്ട് തന്നെ ധാരാളം.

ചേച്ചി അമ്മാവന് വാര്‍ണിംഗ് കൊടുത്തു.
“മാമാ, ക്യാന്‍ഡിയെ രാത്രി അഴിച്ച് വിടരുത്...പട്ടികളൊത്തിരി അവളുടെ പുറകേയുണ്ട്..”
അമ്മാവന്‍ ഉപദേശം പുച്ഛിച്ചു തള്ളി.

ചേച്ചി ദേഷ്യമടക്കി. അവസാനം വീട് നിറച്ചും നാടന്‍ ചൊക്ലീ പട്ടിക്കുഞ്ഞുങ്ങള്‍ നിറയുമ്പൊള്‍ പഠിച്ചോളും എന്ന് മുറുമുറുത്തു.

താമസ്സിയാതെ ക്യാന്‍ഡി ഗര്‍ഭിണിയാണെന്ന വിവരം ഞങ്ങളുടെ വീട്ടില്‍ തീയായ് പടര്‍ന്നു.

ഊണ് കഴിച്ചു കൊണ്ടിരിക്കെ അമ്മായി ഈ വിവരം പറഞ്ഞപ്പോള്‍, പെട്ടെന്നുണ്ടായ ഞെട്ടലിലും ആവേശത്തിലും ചേച്ചി ചീറി.

“അപ്പളേ ഞാന്‍ പറഞ്ഞതാ!!!! ഇതിനുത്തരവാദി അമ്മാവന്‍ മാത്രമാ...അമ്മാവന്‍ ഒറ്റ ഒരുത്തനാ...”

രണ്ടു നിമിഷം സ്തംഭിച്ചിരുന്ന ഞങ്ങള്‍ പിന്നെ പട്ടികൂട്ടം ഓരിയിടുന്നപോലെ കൂവിച്ചിരിച്ചു.
അമ്മാവന്‍ വീട്ടിലില്ലാഞ്ഞത് ഭാഗ്യം.

14 comments:

Sreejith K. said...

അരവിന്ദാ, കലക്കിപ്പൊളിച്ചു. ചിരിച്ച് കുടല് പുറത്ത് ചാടി. അമ്മാവന്‍ എന്നും ഒരു വീക്നസ് ആണല്ലേ.

കുറുമാന്‍ said...

അരന്വിന്ദാ.....കലക്കി......എന്റെ മോത്തി കാരണം ഒരു ക്യാന്‍ഡി കഥ വായിക്കാന്‍ പറ്റിയല്ലോ......അമ്മാമമന്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ പൊടിപൂരം!!

രാജീവ് സാക്ഷി | Rajeev Sakshi said...

അരവിന്ദാ,
എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലെ മോനേ.
വിശാലന്‍റെ പോസ്റ്റ് വായിച്ച്,
ഒരു കമന്‍റ് പോലുമിടാതെ രാവിലെ മുതല്‍
വിഷമിച്ചിരിക്കുകയായിരുന്നു.
മൂഡ് ചേഞ്ചാക്കി തന്നതിന് നന്ദി.

രാവിലെ മൂഡ് ചേഞ്ചാക്കി തന്നതിന്
വിശാലനുള്ള നന്ദിയും ഇനി ഇവിടെത്തന്നെ ഇട്ടോട്ടെ.

സിദ്ധാര്‍ത്ഥന്‍ said...

കഥ വായിച്ചപ്പോള്‍ ഞാനുമോര്‍ത്തതാണു്‌ ശ്രീജിത്തു്‌ പറഞ്ഞതു്‌. എത്രനല്ല അമ്മാവന്മാര്‍! അക്ഷയപാത്രം നല്‍കി മരുമോനെ അനുഗ്രഹിച്ചിരിക്കുകയല്ലേ.

അരവിന്ദാ ക്ലബ്ബിലിടുന്നവയ്ക്കൊരു ലിങ്കു്‌ സ്വന്തം ബ്ലോഗിലുമിട്ടുവെയ്‌. നാളെ ചിലപ്പോള്‍ തപ്പിയിട്ടു കണ്ടില്ലെങ്കിലോ?

ചില നേരത്ത്.. said...

അരവിന്ദാ..
എനിക്കും ഇങ്ങിനെ ഒരു അമ്മാവനുണ്ടായിരുന്നെങ്കില്‍...
വിശാലന്റെ കമന്റ് വായിച്ച് സാക്ഷി വിഷമിക്കാനെന്തിരിക്കുന്നു..ഈ സാക്ഷി ഒരു ഹൃദയമുള്ളവനാ..ഇങ്ങിനെയൊന്നും ആകാതെ സാക്ഷീ..

സു | Su said...

ഇതിനുത്തരവാദി മണിയമ്മാവന്‍ ആണോ ;)

Visala Manaskan said...

അതും കലക്കി മോനേ..

‘ഏയ് എന്തായാലും അമ്മാവന്‍ ആവില്ല‘ എന്നൊന്നും അമ്മായി പറഞ്ഞില്ലല്ലോ??

myexperimentsandme said...

ഹ..ഹ.. വിശാലാ... അമ്മാവന്‍ പോയാലും എത്രത്തോളം പോകുമെന്ന് അമ്മായിക്കറിയാന്‍ വയ്യേ.

(ഇതിനടി ഉറപ്പ്. ദേ ആ പാവങ്ങളെ നമ്മള്‍ ചുമ്മാ... അമ്മാവാ മാപ്പ്, അമ്മായീ മാപ്പ്, അരവിന്ദാ മാപ്പില്ല :) )

ദേ വിശാലന്റെ വേര്‍ഡ് വെരി: കെ. എച്ച് എഗ്ഗ് (കൊടകരഹൈനസ്സ് മുട്ട)

സ്നേഹിതന്‍ said...

അരവിന്ദന് അമ്മാവന്മാരുടെ അനുഗ്രഹം എപ്പോഴുമുണ്ടെന്ന് തോന്നുന്നു! :) :)

Satheesh said...

ചിരിച്ച് കണ്ണും മൂക്കും ഒന്നായീന്ന് ഞങ്ങളുടെ നാട്ടില്‍ പറയാറുണ്ട്.. അനുഭവിച്ചത് ഇന്നാണ്..കലക്കീന്നു പറഞ്ഞാല്‍ അതു ‘മൂറ്ഖന്‍ പാംബുകടിച്ചിട്ട് ഒരു സുഖമില്ലെന്നേ ‘ എന്നു പറഞ്ഞ പോലിരിക്കും..

പാപ്പാന്‍‌/mahout said...

അരവിന്ദന്റെ പോസ്റ്റുകള്‍ വായിച്ചുകഴിഞാല്‍ ഒരു സുഖശോധനയുടെ സുഖം. ഈ പോസ്റ്റും വ്യത്യസ്തമല്ല.

Santhosh said...

ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും, അരവിന്ദന്‍ സിന്ദാബാദ്!

ശനിയന്‍ \OvO/ Shaniyan said...

പാവം അമ്മാമന്‍.. എന്തായാലും അമ്മായി അരവിന്ദനെ കൊല്ലാഞ്ഞതു ഭാഗ്യായി!

കുറ്റം ആരോപിക്കപ്പെട്ട ഇത് ഏത് അമ്മാവാനാ?

ചിരി നിന്നിട്ട് ബാക്കി എഴുതാം..

ദേവന്‍ said...

ഹെന്റമ്മോ!!! ഈ അരവിന്നങ്കുട്ടി ഒരു ഉരുപ്പടി തന്നപ്പാ.