നാം ഭീരുക്കളാവുന്നുവോ? കറുത്ത യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെനു തോന്നുന്നു. ഈ കുറിപ്പ് വേണൊ എന്നൊന്നു ശങ്കിച്ചു. പക്ഷേ പറയാനുള്ളത് പറഞ്ഞു തന്നെ തീര്‍ക്കണമല്ലോ? പറഞ്ഞു വരുന്നത് ഇവിടെനിന്നും അപ്രത്യക്ഷമായ ആ പോസ്റ്റിനെ കുറിച്ചാണ്. അത് ആരെയൊക്കെയോ അസ്വസ്ഥരാക്കി എന്നു വ്യക്തം. അതെന്തുകോണ്ട് എടുത്തു മറ്റി എന്നതിനെ കുറിച്ച് വിശദീകരിക്കാനുള്ള ധര്‍മിക ബാധ്യത അതെടുത്തു മാറ്റിയവര്‍ക്കില്ലേ? സഭ്യമല്ലാത്തതെന്തും എന്നാണല്ലോ ഈ കൂട്ടായ്മയുടെ ആപ്തവാക്യം. അനാഥനായ ആ കുരുന്നില്‍ എന്താണ് നാം അസഭ്യമായി കണ്ടത്? ദഹിക്കാത്ത നേരുകള്‍ക്കു നേരെ കണ്ണടച്ചു പിടിച്ചിട്ടു കാര്യമില്ലല്ലൊ? തിരുവോണനാളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണോ ആ പോസ്റ്റിനു പറ്റിയ അബദ്ധം? പ്രജാ വല്‍സലനായ മാവേലിത്തമ്പുരാന്‍ വരുന്നത്, പട്ടു വസ്ത്രങ്ങളണിഞ്ഞു വയറു നിറയെ ഓണമുണ്ട്, ആഹ്ലാദിച്ചു തിമിര്‍ക്കുന്ന കുഞ്ഞുങ്ങളെ കാണാന്‍ മാത്രമാണെന്ന മൂഡ സങ്കല്‍പമാണോ നമ്മെ ഭരിക്കുന്നത്? തെരുവിലുരുവം കൊണ്ട്, തെരുവില്‍ ജീവിച്ച്, തെരുവോരങ്ങളില്‍ വീണു തകരുന്ന അനാഥ ബാല്യങ്ങളും ആ മഹാരഥന്റെ പ്രജകളായി പുഴുജന്മം ജീവിച്ചു മരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം ഈ ബൂലോഗര്‍ നിഷേധിക്കന്‍ ശ്രമിച്ചാലും, കത്തുന്ന ഒരു നേരായി നമ്മുടെതന്നെ ആത്മാവിനെ പൊള്ളിക്കില്ലേ? തിരുവോണ നാളില്‍ എരിയുന്ന ഒരു കുഞ്ഞു വയറിന്റെ വിശപ്പുമാറ്റാന്‍ ആ ചിത്രം നാം ഏതെങ്കിലും ബൂലോഗര്‍ക്ക് പ്രചോദനമായെങ്കില്‍ അത്രയും ധന്യമായെനെയല്ലോ കൂട്ടായ്മയുടെ ഈ ഭൂമിക!
വെറുതെ ഉപരിപ്ലവങ്ങളായ കൊച്ചു വര്‍ത്തമാനങ്ങളിലും, പരസ്പരം പുറം ചൊറിഞ്ഞു സുഖിപ്പിക്കുന്നതിലും ഒടുങ്ങിപ്പോവണോ സര്‍ഗസ്വപ്നങ്ങളുടെ ഈ സംഗമഭൂമി? (കരീം മാഷ്, ശ്രീജിത്ത്, ദേവരാഗം, ഏവൂരാന്‍ തുടങ്ങി ഈ കൂട്ടായമയെ നെഞ്ചേറ്റി വളര്‍ത്തുന്നവരോട് മാപ്പ്) മറിച്ച് സ്വപ്നങ്ങളും വ്യഥകളും തേങ്ങലുകളും, ചിന്തകളും പങ്കു വെയ്ക്കുന്നതോടൊപ്പം,നേരിന്റെയും നേര്‍ക്കാഴ്ചകളുടേയും നേരെപിടിക്കുന്ന ഒരു കണ്ണാടിയായും ഇതു വളരേണ്ടതല്ലേ? വേണം എന്നു തന്നെയാണ് ഉറക്കെപ്പറയാന്‍ തോന്നുന്നത്.
കൂരിരുളിന്റെ കാഠിന്യമില്ലെങ്കില്‍ നിലാവിന്റെ ഭംഗി നാമറിയുന്നില്ല, അസത്യത്തിന്റെ മുള്‍മുനയില്‍ പിടഞ്ഞവര്‍ക്കല്ലേ സത്യത്തിന്റെ വില മനസ്സിലാവൂ? വിരഹദു:ഖമില്ലെങ്കില്‍ പ്രണയത്തിനെന്തു പൂര്‍ണ്ണത? ഞങ്ങള്‍ മലബാറുകാര്‍ പറയുംപോലെ "അരിശമുള്ളേടത്തല്ലേ പിരിശമുള്ളൂ". അതുപോലെ പട്ടിണിയും, അനാഥത്വവും, ദുരിതങ്ങളും,കഷ്ടപ്പാടുകളുമെല്ലാം ഈ ലോകക്രമത്തിന്റെ ഭാഗങ്ങളാണെന്ന് നാം അംഗീകരിക്കണം. ഒരു ഞാനോ നിങ്ങളൊ ശ്രമിച്ചാല്‍ ഇതൊക്കെ മാറ്റാന്‍ കഴിയുമോ എന്നല്ല ചിന്തിക്കേണ്ടത്. മറിച്ച് നാമോരോരുത്തരുടെയും എളിയ ശ്രമങ്ങളാണ് ഒരു വലിയ കുതിപ്പായി ഈ ലോകത്തെ മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കില്‍ വളര്‍ച്ച മുരടിച്ച ഒരു അറുബോറന്‍ സമൂഹമായി അങ്ങിനെ നിന്നു പോവില്ലേ നാം?
ആ പോസ്റ്റ് എടുത്തു കളഞ്ഞത് കണ്ടപ്പോള്‍ മനസ്സില്‍ വന്ന ചിന്തകള്‍ നിങ്ങളുമായി പങ്കു വെച്ചെന്നേ ഉള്ളൂ. എല്ല ബൂലൊഗര്‍ക്കും സ്നേഹാശംസകള്‍....!!!!
Wednesday, September 06, 2006
Subscribe to:
Post Comments (Atom)
10 comments:
മൂന്നാലു ദിവസം ഇതിന്റെ മുന്‍പിലിരുന്നില്ല..എന്താ സംഭവിച്ചത്..ഏതു ഫോട്ടോ മാറ്റീന്നാ പറഞ്ഞെ..
ഞാന്‍ ഈ കുസ്രുതിക്കുടുക്കയായി ഇവിടെ എത്തിയിട്ടു എഴുതിയ ഏറ്റ്വും വലിയ കമ്മെന്റ് ആ പൊസ്റ്റ് നായിരുന്നു, എന്നാലും ആ പൊസ്റ്റ് തിരുവോണ നാളില്‍ ബൂലോഗ തറവാടിന്റെ തിരുമുറ്റത്തു കാണാത്ത്തില്‍ ഏറ്റവും അധികം സന്തോഷിചതും ഞാന്‍ തന്നെ...
വലിയ കുതിപ്പാകാന്‍ പോകുന്ന
എളിയ ശ്രമങ്ങള്‍ എന്നാല്‍ ബൂലൊഗതു പോസ്റ്റ് ചെയ്യുന്നതാണൊ?
അതൊ ഇങ്ങനെ ഘോര ഘോരം പ്രസംഗിക്കാതെ അന്നാരക്കണ്ണനും തന്നലാവുന്നതും എന്ന മട്ടില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നതോ?
കൂട്ടുകാരാ താങ്കളുടെ വീട്ടില്‍ /കുടുമ്പത്തില്‍ അടുത്ത കല്യാണം വരുമ്പോല്‍ അറിയിക്കുമല്ലൊ?... ആ ചിത്രത്തില്‍ കണ്ട പോലെ ഉള്ള ഒട്ടിയ വയറും വിശക്കുന്ന വയറുമുള്ള കുരെ കുട്ടികളെ കൂട്ടി ഞാന്‍ അങു വരാം , നമുക്കു അവരെ പന്തലില്‍ മുന്‍നിരയില്‍ ഇരുത്തി കല്യാണം കഴിഞ്ഞു ആദ്യ പന്തിക്കു ഇല ഇടുമ്പോള്‍ അവരെ ഇരുത്തി വയറു നിറയെ ആഹാരം കൊടുക്കാം . കൂടാതെ വരുന്നവര്‍ക്കൊക്കെ ആ ബ്ലൊഗിലെ എല്ലുന്തിയ കുട്ടിയുടെ ഫോടോയും ആ ബ്ലൊഗിന്റെ പ്രിന്റ് ഔട്ട് കൊടുക്കം , ബോധവല്ക്കരണം നമുക്കു വീട്ടില്‍ നിന്നു തന്നെ തുടങ്ങാം .
പിന്നെ എന്റെ കൈവശം കുറച്ചു ശര്‍ക്കരൌപ്പെരി ഉണ്ടു ..അതാ ചിത്രത്തിലെ കുട്ടിക്കു കൊണ്ടു കൊടുക്കാന്‍ പറ്റുമൊ നിങ്ങള്‍ക്കു ?
ആര്‍ക്കെങ്കിലും എന്റെ അന്നത്തെ ബ്ലോഗിന്റെ കമെന്റ് ഇവിടെ തപ്പി എടുത്തു പോസ്റ്റ് ചെയ്യമോ?
ഭിക്ഷചോദിചു ഹോട്ടെലിനു വെളിയില്‍ ഇരുന്ന കുട്ടിക്കു ആരും കാണാതെ വട കീശയില്‍ ഒളിപ്പിചു പുറത്തു വന്ന ആ 4 വയസ്സുള്ള കുട്ടിയുടെ നന്മ ഇപ്പൊഴും എവിടെയൊ ബാക്കി ഉണ്ടെന്ന വിശ്വാസത്തോടെ ഈ കമെന്റ് സമര്‍പ്പിക്കുന്നു..പണവും പ്രശക്തിയും ആഗ്രഹിക്കതെ അക്ഷീണം പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സാമൂഹ്യപ്രവരര്‍ത്തകര്‍ക്കു..
(വാചകമടിക്കാര്‍ക്കില്ല..അവരൊന്നു ഓര്തു നൊക്കിയെ എപ്പൊഴെങ്കിലും അവര്‍ ഇങനെ ഉല്ല കുട്ടികള്‍ക്കു ഒരു നാരങ്ങ മുട്ടായി എങ്കിലും കൊടുത്തൊ എന്നു :( :( :(
പ്രിയപ്പെട്ട കുസൃതീ,
ആ പോസ്റ്റിനോടൊപ്പം താങ്കളുടെ കമന്റും ഞാന്‍ വായിച്ചിരുന്നു. ഭിക്ഷ ചോദിച്ച കുട്ടിക്കുകൊടുക്കാന്‍ കീശയില്‍ വട ഒളിപ്പിച്ചു കൊണ്ടുപോയ ആ നാലു വയസ്സുകാരന്റെ ഹൃദയം താങ്കള്‍ക്കു കൈമോശം വന്നോ എന്നെനിക്കു സംശയിക്കേണ്ടിയിരിക്കുന്നു. എന്താണ് പറയുന്നത് എന്നു മനസ്സിലാക്കാതെയുള്ള കമന്റുകളെ കുറിച്ചാണ് ഉപരിപ്ലവം എന്നു ഞാന്‍ പറഞ്ഞതും....
"വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത്" എന്നൊരു മഹദ്വചനം ഉണ്ട്. എങ്കിലും അത്രയും എഴുതാനുള്ള എന്റെ ധാര്‍മികമായ അവകാശം ചോദ്യം ചെയ്തതു കൊണ്ട് ഇത്രയും കൂടെ പറയുന്നു. കൊട്ടും കുരവയുമില്ലാതെ വളരെ എളിയ നിലയില്‍ ഇത്തരം കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം ഞങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുന്നുണ്ട്. അണ്ണാരക്കണ്ണനും തന്നാലായത്....അത്ര തന്നേ കരുതിയിട്ടുള്ളൂ. അതുകൊണ്ടു കൂടിയാണ് അങ്ങിനെ എഴുതാന്‍ തോന്നിയതും. പറഞ്ഞു പഴകിയ ക്ലീഷേകള്‍ നമുക്കിനിയും വേണോ കുസൃതീ?
സുഹൃത്തുക്കളേ...ആ ഫോട്ടോയെപറ്റി ഇത്ര രോഷം കൊള്ളേണ്ട കാര്യമൊന്നുമില്ല. അത് മാറ്റിയത് ഒരു തരത്തില്‍ നന്നായി.കാരണം മനസ്സ് സന്തോഷിക്കേണ്ട ഒരവസരത്തില്‍ ഇതു പോലെ മനസ്സു വേദനിക്കുന്ന പടം പ്രദര്‍ശിപ്പിക്കുന്നത് സഹാനുഭൂതിയൊന്നുമല്ല..ഒരുതരം സാഡിസമാണ്. മറ്റുള്ളവരുടെ സന്തോഷം നശിപ്പിക്കുക എന്ന ആ സാഡിസ്റ്റ് മനോഭാവം. അല്ലെങ്കില്‍ വെറുതേ ആളാകാനുള്ള വേലയാണ്. പിന്നേയ്! ആ ഫോട്ടോ കണ്ടിട്ടുവേണം ഇനി നാട്ടിലുള്ള പട്ടിണിപ്പാവങ്ങളെ എല്ലാരും സഹായിക്കാന്‍ തുടങ്ങാന്‍! വിട്ടുപിടി മാഷെ...ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയാതെ പലരും പലതും ചെയ്യുന്നുണ്ട് എന്നറിയുക. അതിന്റര്‍ത്ഥം ഇവിടെ ഒരാള്‍ പറഞ്ഞതുപോലെ അച്ഛന്റെ പിറന്നാളിനും, അമ്മയുടെ ഷഷ്ടിക്കും പാവങ്ങളെ വീട്ടില്‍കൊണ്ടുവന്നു വെഞ്ചാമരം വീശി, പട്ടുമെത്തയില്‍ കിടത്തി, അടുത്ത ദിവസം ചവുട്ടിപ്പുറത്താക്കുക എന്നല്ല. നാട്ടില്‍ പട്ടിണിയുള്ളത് കാരണം ബാക്കിയുള്ളോര്‍ക്ക് ഓണം ആഘോഷിക്കാന്‍ വയ്യേ? വെറുതേ എന്തിനാ മാഷേ മറ്റുള്ളവരുടെ ഒരു ദിവസം നശിപ്പിക്കുന്നത്? സഹായിക്കുന്നതും മറ്റും നല്ലത് തന്നെ..പക്ഷേ ഒരോണദിവസമേ ഈ ഫോട്ടോ ഇങ്ങോട്ട് കയറ്റി വക്കാന്‍ തോന്നിയുള്ളോ? ഇതു വരെ അല്ലെങ്കില്‍ ഓണം കഴിഞ്ഞ് പറ്റൂലാരുന്നോ? ഓണദിവസമേ സഹായം പറ്റുള്ളോ? അല്ല, ഈ പിള്ളേര്‍ക്ക് ഓണദിവസം മാത്രം ഭക്ഷണം മതിയോ?
മാഷ് എന്നും ഭക്ഷണം കഴിക്കുന്നത് മൂക്കളാ ഒലിക്കുന്ന, ഈച്ചയാര്‍ക്കുന്ന പട്ടിണി ക്ടാങ്ങളെ ഇടതും വലതും ഇരുത്തിയാണോ അതോ അവരെ കുളിപ്പിച്ച് വൃത്തിയാക്കി വൃത്തിയുള്ള വസ്ത്രം നല്‍കിയതിനു ശേഷമാണോ? ആദ്യം പറഞ്ഞപോലെയല്ലെങ്കില്‍ എന്തൊരു ക്രൂരതയാണ് മാഷേ!
അതൊന്നുമല്ല കാര്യം, ഓണത്തിന് ഇജ്ജാതി പരിപാടി നടത്തിയില്ലെങ്കില്‍ ആ സ്പോയില്‍സ്പോര്‍ട്ട് കളിക്കുന്ന ഒരു സുഖം കിട്ടില്ല അല്ലേ? ഫോട്ടോയിട്ടതിനെ എതിര്‍ക്കുന്നവരെ രണ്ട് തെറി വിളിക്കാന്‍ പറ്റൂലല്ലേ? ഏതാണ്ടും മഹാകാര്യം ചെയ്യുന്നുണ്ടെന്ന് നാലുപേരെ അറിയിക്കാന്‍ പറ്റൂലല്ലേ?
അതേയ് സ്വന്തം ചെയ്യാനുള്ളതങ്ങ് ചെയ്യ്. എല്ലാവരും അങ്ങനെതന്നെ. ലോകം താങ്കള്‍ വിചാരിക്കുന്നപോലെ അത്ര കണ്ണില്‍ചോരയില്ലാത്തതൊന്നുമായിട്ടില്ല മാഷെ. എല്ലാരും ഇങ്ങനെ എല്ലാരും ചെയ്യണം എല്ലാരും എന്റെ മഹത് ചെയ്തികളറിയണം എന്ന് വിചാരിക്കുന്നില്ലെന്ന് മാത്രം.
ഇത് ആരോ എഴുതിയത് പോലെ മൃഷ്ടനം തട്ടി ഏമ്പക്കവും വിട്ടിട്ട് “ഇവിടെ വേസ്റ്റാക്കിയ ഫുഡ് കാണുമ്പോള്‍ എനിക്ക് സോമാലിയായിലെ പട്ടിണിപ്പാവങ്ങളെ ഓര്‍മ വരുന്നു” എന്ന് പ്രസംഗിച്ചതു പോലെയായി.
തരിച്ച് വരുന്നു.
എന്നാല്‍പ്പിന്നെ
"വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത്"
അതു പ്രാവര്ത്തികമാക്കുന്ന കുറെ പേരെ എനിക്കു നേരിട്ടരിയുകയും ചെയ്യമ്. അവരൊന്നും പബ്ലിസിറ്റിക്കു വേണ്ടി അതൊക്കെ ഇവിടെ വിളിച്ചു കൂവിയാല്‍ അതിന്റെയൊക്കെ മഹത്വം നഷ്ടപെടുമെന്നു എന്നു കരുതുന്നവരില്‍ നാരായണ മൂര്‍ത്തി മുതല്‍ ചായക്കടക്കാരന്‍ ഗോപാലേട്ടന്‍ വരെ ഉണ്ടു....\
എന്തായാലും ആ പൊസ്റ്റ് ഇട്ടതു ഏതു ഭഗവാന്‍ ആയാലും ശരി, ഓണനാളില്‍ അതെന്റെ ബൂലൊഗ കൂടപ്പിറപ്പുകള്‍ കാണേണ്ടാ..., ഓണനാളിലെങ്കിലും , ഈ കുസ്രുതിയും കൂട്ടരും സന്തൊഷം മാത്രമുള്ള ലോകത്തണെന്നു കരുതി സന്തോഷിക്കുന്നതു ഒരു വലിയ തെറ്റാണോ ഫൈസല്‍ ചേട്ടാ....
5 കമെന്റ് ല്‍ കൂടുതല്‍ ഉള്ള കമെന്റ് ആക്കെണ്ടാ നമുക്കീ വിഷയം (ഇവിടെ) ....അഥവാ അത്രക്കു നിറ്ബന്ധം ആണെങില്‍ സ്വന്തം പൊസ്റ്റില്‍ ഇടൂ, അവിടെയാകാം അങ്കം :) :)
അവിടെ പൊസ്റ്റ് ഇട്ട വിവരം അറിയിക്കാന്‍ ഇവിടെ വേറെ ഒരു പോസ്റ്റ് ഇട്ടേക്കല്ലെ !!!!1, എന്റെ ബ്ലോഗില്‍ വന്നു പറഞ്ഞാല്‍ മതി
ദേവരാഗം ഈ വിഷയം പറഞ്ഞ് നാവെടുത്ത് വായിലിട്ടതേയുള്ളൂ, ദാ കിടക്ക്ണു “ഒരു വിയോജനക്കുറിപ്പ്”. രണ്ടുപേരു ചെയ്തതും മോശംതന്നെ. ഫൈസലിന് ആ ഫോട്ടോ കൊടുക്കാന്‍ രണ്ടു ദിവസം കൂടി കാത്തുനില്‍ക്കാമായിരുന്നു. അതേപോലെ തന്നെ ആ പോസ്റ്റ് ഡെലിറ്റ് ചെയ്തയാള്‍ക്ക് നന്നെചുരുങ്ങിയത് ഒരു കമന്റെങ്കിലും ഇടാമായിരുന്നു.
ഫൈസലേ സാരമില്ല, രണ്ട് ഭാഗത്തും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അത് ഈ ബൂലോഗര്‍ക്കെല്ലാര്‍ക്കുമറിയാം.
പരാതികളും പരിഭവങ്ങളും തീര്‍ക്കാന്‍ മറ്റൊരു ബ്ലോഗ് തുടങ്ങുന്നത് നന്നായിരിക്കും, പിന്മൊഴികളില്ലാത്ത ഒരെണ്ണം. (നാട്ടുകാരറിയാതെ ആരെയെങ്കിലും തല്ലാനും ഉപകരിക്കും :)
അജ്ഞാത നാമാവേ ക്ഷമിക്കണം, ആ ഫോട്ടോ പോസ്റ്റ് ചെയ്തത് ഞാനല്ല....അതെടുത്ത് കളഞപ്പോള്‍ പ്രതികരിച്ചു എന്നേയുള്ളൂ.
"ദഹിക്കാത്ത കാഴ്ച്ച" എന്ന പേരില്‍ ഞാനാണു അത്തരമൊരു പോസ്റ്റിട്ടത്.പിന്നീടെന്തോ പന്തികേട് തോന്നിയപ്പോള്‍ ഞാന്‍ തന്നെയാണു അതെടുത്തു മാറ്റിയതും."അതെന്തു കൊണ്ട് എടുത്തു മാറ്റി എന്ന് വിശദീകരിക്കാനുള്ള ബാധ്യത അതെടുത്തു മാറ്റിയവര്‍ക്കില്ലേ..?" എന്ന വിയോജനക്കുറിപ്പുകാരന്റെ ചോദ്യത്തിനു മറുപടി നല്‍കാന്‍ മാത്രമേ എനിക്കു കഴിയൂ.
1 : ഓഫീസില്‍ നിന്നിറങ്ങാന്‍ നേരം ഏറെ വൈകിയതു കാരണം ധൃതിപിടിച്ച് ചെയ്തതിനാല്‍ സ്വന്തം ബ്ലോഗില്‍ പോസ്റ്റേണ്ടതിനു പകരം അബദ്ധത്തില്‍ ബൂലോഗക്ലബ്ബില്‍ പോസ്റ്റിപ്പോയതാണു.പിന്നീടത് അവിടെത്തന്നെ കിടക്കട്ടെ,അടുത്ത ഷിഫ്റ്റിനു സ്വന്തം ബ്ലോഗിലേക്കു മാറ്റാം എന്നു കരുതിയത് എന്റെ മാത്രം തെറ്റ്.
2 : ഒരു തുടക്കക്കാരന്റെ ചാപല്യവും സ്ഥലജല വിഭ്രമവുമായി മാത്രം ഇതിനെ കണ്ടാല്‍ മതി.
3 : പോസ്റ്റ് ചെയ്യുമ്പോള്‍ ആ ദിവസത്തിന്റെ പ്രത്യേകത ഞാന്‍ ഓര്‍ത്തിരുന്നില്ല എന്നത് എന്റെ ഏറ്റവും വലിയ തെറ്റ്.
4 : പിന്നീടാരോ ഈ ദിവസം തന്നെ ഇതു വേണ്ടിയിരുന്നോ എന്ന് ഓര്‍മ്മപ്പെടുത്തിയപ്പോളാണു അതവിടുന്ന് എടുത്തുമാറ്റാനുള്ള ബുദ്ധി എനിക്കോടിയത്.
ഈയൊരു വിശേഷ ദിവസത്തിന്റെ പ്രത്യേകത എന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നു പറയാം.എന്നെ സംബന്ധിച്ചേടത്തോളം മറ്റ് ഏതൊരു ദിവസത്തെയും പോലെ സാധാരണ ജീവിതം തന്നെയായിരുന്നു ഈ ഓണ നാളും.അന്നും പതിവുപോലെ ഓഫീസ് തിരക്കുകളില്‍ മുഴുകിയ ഒരു പതിവു ദിനം.(ഞാന്‍ ഗള്‍ഫിലാണു.ഓണം പോലും എന്നെപ്പോല്ലുള്ള മിക്ക പ്രവാസികള്‍ക്കും സുഖമുള്ള ഓര്‍മ്മ മാത്രമായിരിക്കണം.പണ്ട് സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഒരോണനാളില്‍ പൂക്കള മത്സരം നടത്തി സമ്മാനം നേടിയെന്നതല്ലാതെ മറ്റൊരു ഓര്‍മ്മയും ഓണത്തെക്കുറിച്ച് ഇപ്പോള്‍ എന്നിലില്ല.)അതു കൊണ്ടു തന്നെ ഈ പോസ്റ്റിടുമ്പോള്‍ മറ്റൊന്നും എന്റെ മനസ്സിലില്ലായിരുന്നു.പക്ഷെ,പിന്നീട് അത് ആരിലൊക്കെയോ തെറ്റിദ്ധാരണ പടര്‍ത്തി എന്നു തോന്നിയതു കൊണ്ടാണു ആ പോസ്റ്റ് എടുത്തുമാറ്റിയതും ഇപ്പോള്‍ ഇങ്ങിനെയൊക്കെ പ്രതികരിക്കേണ്ടി വന്നതും.
ഈ വിഷയം ഇവ്വിധം വിവാദ വിധേയമായതില്‍ ഖേദമുണ്ട്.അതു കൊണ്ട് തന്നെ വിഷയം ഇവിടെ വെച്ച് അവസാനിപ്പിക്കുകയാകും നല്ലതെന്നു തോന്നുന്നു.ഈയൊരു പോസ്റ്റിട്ടതിന്റെ പേരില്‍ ആര്‍ക്കെങ്കിലും മനോവിഷമമുണ്ടായെങ്കില്‍ നൂറുവട്ടം മാപ്പ്.ബൂലോഗ ക്ലബ്ബ് ഈ തുടക്കക്കാരനോട് പൊറുക്കുമെന്നു തന്നെ കരുതട്ടെ.
മിന്നാനിനുങ്ങേ,
മിടുക്കന്‍, മിടുമിടുക്കന്‍!
ഇങ്ങനെത്തന്നെ വേണം!
ഇപ്പറയുന്ന പോസ്റ്റു് എനിക്കൊന്നും കാണാന്‍ തന്നെ പറ്റിയിരുന്നില്ല. (ഇപ്പോള്‍ കണ്ടു, മിന്നാമിനുങ്ങിന്റെ ബ്ലോഗില്‍ തന്നെ).
അതു പോസ്റ്റു ചെയ്തതു താനാണെന്നും എടുത്തുമാറ്റിയതും താന്‍ തന്നെയാണെന്നും തുറന്നു പറഞ്ഞ ഈ ആര്‍ജ്ജവത്തിനു മുന്നില്‍ എന്റെ കൂപ്പുകൈ!
എത്ര വലിയ മലകളാണ് വെറുതെ എലിപോലെ ഇല്ലാതാവുന്നത്!
:)
Post a Comment