Monday, September 18, 2006

പൈനാപ്പിള്‍ പുഡ്ഡിംഗ്

ശനിയാഴ്ച വീട്ടില്‍ പാര്‍ട്ടിയായിരുന്നു. വെറുതേ ഒരു പാര്‍ട്ടി. അര്‍മ്മാദിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ.
പൊറോട്ടയും ബീഫുമായിരുന്നു പാര്‍ട്ടിയുടെ മെയിന്‍ തീം-പിന്നെ സ്ഥിരം തീം കള്ളും. ഇവിടെ തീരെ കിട്ടാത്ത, കേരളാ പൊറോട്ടയടിക്കാനറിയാവുന്ന ഒരാളെ ഓണാഘോഷങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടിയതായിരുന്നു പാര്‍ട്ടിക്കുള്ള പ്രചോദനവും.
അറുപത് കേരളാ സ്റ്റൈല്‍ പൊറോട്ട അടിക്കാന്‍ അദ്ദേഹത്തിന് ഓര്‍ഡര്‍ കൊടുത്തു. ശ്രീമതിയും രണ്ട് കൂട്ടുകാരികളും രാവിലെ തുടങ്ങി, ഫ്രൈഡ് റൈസ്, ബീഫ് കറി, മട്ടണ്‍ കറി, പനീര്‍ ബട്ടര്‍ മസാല, മുട്ടക്കറി, കടലക്കറി, ഗോബി മഞ്ചൂറിയന്‍, പിന്നെ സ്റ്റാര്‍ട്ടേഴ്സ് ആയിട്ട് കോഴിക്കാല്‍ പൊരിച്ചത്, അല്ലറ ചില്ലറ സാലഡുകള്‍, അച്ചാര്‍, പപ്പടം എന്നിവയും തയ്യാറാക്കി.
കള്ളുവാങ്ങാന്‍ പോയ ഞാന്‍ രണ്ടു കക്ഷത്തിലും കുപ്പികളുമായി തിരിച്ചെത്തിയപ്പോള്‍ തീറ്റസാധങ്ങള്‍ നിരന്ന മേശകണ്ട് അത്ഭുതം കൂറി. ശ്രീമതിയെക്കുറിച്ച് ചെറിയ അഭിമാനം തോന്നി. ദൈവമേ എല്ലാറ്റിനും ടേസ്റ്റ് കാണുമോ എന്ന് ഒരു പേടിയും തോന്നാതിരുന്നില്ല. ശ്രീമതിയുടെ കുക്കിംഗില്‍ അത്ര വിശ്വാസം പോര..അനുഭവം ഗുരു.

“ഏട്ടാ, വേഗം പോയി ഈ സാധങ്ങള്‍ വാങ്ങിയേ...ഡിസേര്‍ട്ട് ആയിട്ട് ഇനി ഒരു പുഡ്ഡിംഗ് ഉണ്ടാക്കണം..പൈനാപ്പിള്‍ പുഡ്ഡിംഗ്! ”

ഞാന്‍ ഞെട്ടി. ഈശ്വരാ...പുഡ്ഡിംഗോ? ഇവളോ?

“ഏയ്...പുഡിംഗ് ഒന്നും വേണ്ട. വല്ല ഐസ്ക്രീമും വാങ്ങി വരാം..ഇനി ഉണ്ടാക്കാനൊന്നും പോകണ്ട..ആദ്യായല്ലേ..പാര്‍ട്ടിക്ക് തന്നെ പരീക്ഷണം വേണ്ട” ഞാന്‍ എതിര്‍ത്തു.

“ശെ..ഒന്ന് പോയി വാങ്ങി വന്നേ..ദേ റെസിപ്പി ഞാന്‍ ഡൌണ്‍‌ലോഡ് ചെയ്തതാ..ഇന്നാ ലിസ്റ്റ്..ഒരു കുഴപ്പോം വരില്ല”

ലിസ്റ്റ് വാങ്ങി നോക്കി..എന്തൊക്കെയാണപ്പാ ഇത്!
ടെന്നീസ് ബിസ്കറ്റ്, ജെലാറ്റിന്‍, ഫ്ലേക്സ്, ഫ്രഷ് ക്രീം, ക്രഷ്ഡ് പൈനാപ്പിള്‍...അങ്ങനെ പോകുന്നു ലിസ്റ്റ്.

ഈ ഓണം കേറാ മൂലയില്‍ ഇതൊക്കെ ഞാന്‍ എവിടെപ്പോയി വാങ്ങാനാണ്? പണ്ട് കുട്ടിക്യൂറാ പുതിയ പൌഡര്‍ ഇറക്കിയപ്പോള്‍, അങ്ങാടിയില്‍ ജയരാജന്റെ കടയില്‍പ്പോയി “ലാവന്‍ഡര്‍ മിസ്റ്റുണ്ടോ” എന്ന് ചോദിച്ചപ്പോള്‍ “കമ്പോണ്ടറോ? കമ്പോണ്ടറ് ആശൂത്രീല്” എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചതോര്‍മ വന്നു.

“ഇതൊക്കെ ഇവിടെ കിട്ടുമോ? വേണോടീ? നമക്ക് ഐസ്‌ക്രീം വാങ്ങാം ന്നേ..അതാ സേഫ്” ഞാന്‍ വീണ്ടും.
“പറ്റൂല...പാര്‍ട്ടിക്ക് പുഡ്ഡിംഗ് തന്നെ വേണം! എല്ലാം കിട്ടും ഇവിടെ. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒന്ന് ശരിക്കും നോക്കി നടന്നാല്‍ മതി.“ വിണ്ടും നിര്‍ബന്ധം.

“എല്ലാം വേണോ? ജലാറ്റിന്‍ , ഫ്ലേക്സ്..എന്നതാ ഇതൊക്കെ? കേട്ടിട്ടുപോലുമില്ലല്ലോ!”

“ശ്ശോ..എല്ലാം വേണം..അല്ലെങ്കില്‍ പുഡ്ഡിംഗ് ശരിയാവൂല..വേഗം പോയി വാ..സമയം പോണൂ....”


ഞാന്‍ തലകുനിച്ച് ഇറങ്ങിപ്പോയി.

*********************************

കൈയ്യില്‍ ഒരു കാര്‍ബോര്‍ഡ് ബോക്സുമായി തിരികെ വരുന്ന എന്നെക്കണ്ട് ശ്രീമതി ഒന്നമ്പരുന്നു.
“ഇതെന്താ? പറഞ്ഞ സാധനങ്ങള്‍ ഒന്നും കിട്ടിയില്ലേ?”

“ഓ..ഞാന്‍ കുറേ നോക്കി...ചില സാധങ്ങളൊന്നും കണ്ടില്ല..”

“അവിടെ ആരോടെങ്കിലും ചോദിക്കാരുന്നില്ലേ?..”

“ചോദിച്ചു...മന്തന്മാര്‍..അവര്‍ക്കും അറിയില്ലെന്നേ!“

“കള്ളം കള്ളം.. മുഴുവന്‍ സാധനങ്ങള്‍ കിട്ടാതെ ഞാന്‍ എങ്ങനെ പുഡ്ഡിംഗ് ഉണ്ടാക്കും......”

...............

“....ഇതെന്താ ഇത് ബോക്സില്‍?”


ഞാന്‍ ബോക്സ് തുറന്നു.
ബോക്സിനകത്ത് പത്തിഞ്ച് വട്ടത്തില്‍ പൈനാപ്പിള്‍ പുഡ്ഡിംഗ്, റെഡി മേയ്ഡ്, റെഡി റ്റു സേര്‍വ്വ്.

“ദേ പുഡ്ഡീംഗ് വാങ്ങി വന്നിരിക്കുന്നു...ദുഷ്ടന്‍!!“

“ശ്ശെ! അതെല്ലെന്നേ...ദേ നീ പറഞ്ഞ സാധനങ്ങള്‍ എല്ലാം ഇതിലുണ്ട്. അതും കറക്റ്റളവില്‍...അല്ലാതെ ആ പറഞ്ഞ ലിസ്റ്റിലുള്ള മൊത്തം സാധനങ്ങളും കിട്ടാന്‍ വേറൊരു വഴീം കാണാത്തോണ്ടാ...! സത്യം!“


പാര്‍ട്ടി പൊടിപൊടിച്ചു എന്ന് പ്രത്യേകം പറയണമല്ലോ.

12 comments:

Rasheed Chalil said...

അരവിന്ദാ കലക്കി... സൂപ്പര്‍.

ഇടിവാള്‍ said...

ഹ ഹ .. അരവിയേ.. അതു ബുദ്ധിയായി കേട്ടോ ! പുതിയ പരീക്ഷണങ്ങള്‍ക്കൊന്നും നിന്നു കൊടുക്കാതിരിക്കുന്നതാ നന്ദി !

പണ്ടു എന്റെ അനിയത്തിയൊരു ഹലുവായൂണ്ടാക്ക്കി , എന്റമ്മോ..


അതൊരു പോസ്റ്റാക്കിയും ഇട്ടിരുന്നു.. ഹലുവാപുരാണം എന്ന പേരില്‍ !

അച്ചപ്പു said...

പുഡിംഗ്‌ എന്തായാലും കലക്കി അരവിന്ദാ, ആദ്യമായി പറയട്ടെ ഈ പുഡിംഗ്‌ കഥ ശ്രീമതി വായിക്കാന്‍ ഇട വരണ്ട അന്തിപ്പട്ടിണിക്കിടും, പിന്നെ ഈ ഓണം കേറാമൂല എവിടെ എന്നു പറഞ്ഞില്ല. എല്ലാവിധ പുഡിംഗ്‌ ആശംസകളും നേരുന്നു.

Kalesh Kumar said...

അരേ, സൂപ്പറായി അവതരിപ്പിച്ചിരിക്കുന്നു! കിടിലം !!!

Aravishiva said...

ഈ പെണ്ണുങ്ങളുടെ ഒരു കാര്യമേ...കണ്ണു തെറ്റിയാല്‍ എന്തെങ്കിലുമൊക്കെ പരീക്ഷിയ്ക്കും.പാവം പുരുഷന്മാര്‍..ങ്‌ഹാ‍...പുഡ്ഡിങ്ങ് പ്രശ്നം ബുദ്ധിപൂര്‍വ്വം പരിഹരിച്ചതിനു അഭിനന്ദനങ്ങള്‍...കഥ കലക്കി.

വളയം said...

അല്ലാ മാഷേ; കടം കൊടുക്ക്വൊ .
ഇമ്മാതിരി ഇത്തിരി ബുദ്ധി..

Unknown said...

അരവിന്ദേട്ടാ,
എന്താ പാര്‍ട്ടി? അടുത്ത വണ്ടിക്ക് ഞാനും വരുന്നു. അടുത്ത പാര്‍ട്ടി എന്നാ?

Anonymous said...

ഹഹഹ..പക്ഷേങ്കില്‍ ഇന്ന് ആപ്പ് എവിടെയാണ് കിടക്കുന്നെ എന്നൊന്നറിഞ്ഞാല്‍ കൊള്ളാം.സൂപ്പര്‍ മാര്‍ക്കറ്റിലാ?

“ശ്രീമതിയുടെ കുക്കിംഗില്‍ അത്ര വിശ്വാസം പോര..അനുഭവം ഗുരു.“ -- സെന്റെന്‍സ് എഴുതിയ ശേഷം ഒരു സംശയം...അതും ആദ്യായിട്ട് ശ്രീമതിയെക്കുറിച്ച് രണ്ട് വരി എഴുതിയതാണെന്ന് തോന്നണ്.

ബിന്ദു said...

ഇവിടെയെങ്ങാനുമായിരുന്നെങ്കില്‍ അരവിന്ദന്റെ വീട്, ഇടയ്ക്കിടക്ക് പാര്‍ട്ടിക്ക് പോകാമായിരുന്നു. :)

Peelikkutty!!!!! said...

സാമ്പാ‍റ്,കല്യാ‍ണസദ്യ,സ്പ്രിങ് റോള്‍സ് ഇതാ ഇപ്പം പുഡ്ഡിങും....ഭക്ഷണപ്രിയനേ അല്ലാന്നു തോന്നുന്നല്ലോ!!!

aneel kumar said...

... “ലാവന്‍ഡര്‍ മിസ്റ്റുണ്ടോ” എന്ന് ചോദിച്ചപ്പോള്‍ “കമ്പോണ്ടറോ? കമ്പോണ്ടറ് ആശൂത്രീല്” എന്ന് പറഞ്ഞ് എല്ലാവരും

ചിരിച്ചതോര്‍മ വന്നു.


അറബി ആവാന്‍ പോണ അരവീ, ദ് കലക്കി.

ഏകദേശം ഇങ്ങനെയൊക്കെത്തന്നെയുള്ള ഒരു പ്രവാസി മലയാളി (ഗള്‍ഫ് ആവാനാണ് 99% ചാന്‍സ്) നെടുമങ്ങാട് വ്യേള്‍ഡ് മാര്‍ക്കറ്റിലെ ഒരു സീദാസാദാ അമ്മച്ചീടേ പച്ചക്കറിക്കടയില്‍ വന്ന് കയ്യിലെ ലിസ്റ്റ് നോക്കി ചോദിച്ചു:

‘സെലറിയുണ്ടോ?‘
...
‘സ്പ്രിങ് ആണിയന്‍?’
...
‘റെഡ് കാപ്സിക്കം?’
...
...
...

കടേലെ ഡിസ്പ്ലേ ആഹെ മൊത്തം ചൂണ്ടിക്കാണിച്ചിട്ട് അമ്മച്ചി പറഞ്ഞു,

‘സാറേ ദാണ്ടെ ഈ ഇരിക്കിന സാദനങ്ങളല്ലാതെ നമ്മള കടേല് വ്യേറെ ഒന്നും കിട്ടൂല.
ലാ പറഞ്ഞേന്റെ പ്യേരൊന്നും ഞായ് ക്യേട്ടിറ്റ്‌പോലുയില്ല, നിങ്ങളാണെ ഒള്ളതേ!
നിങ്ങള് ചാലേല് വല്ലോം പെയ് നോക്കീ’

അവധിക്കാലം കാണ്ടിനെന്റല്‍ ആയിറ്റ് കോഴിക്കാന്‍ കച്ച കെട്ടിയ പ്രവാസീരെ കാര്യം പിന്നെ എന്തരായോ എന്തോ ;)

Sreejith K. said...

മൊത്തം ചില്ലറയില്‍ ഇടാന്‍പറ്റാത്ത ഒരു ചളം പോസ്റ്റ് ഇടാന്‍ പോകുവാണ് ക്ലബ്ബില്‍ എന്നെന്നോട് മുന്‍‌കൂറാ‍യി പറഞ്ഞത് ഈ പോസ്റ്റ് ഇടാനാണോ? ഇതാണോ അരവിന്ദാ ചളം പോസ്റ്റ്? അടി മേടിക്കും, പറഞ്ഞേക്കാം. മൊത്തം ചില്ലറയിലെ പോസ്റ്റ്കള്‍ വായിച്ച് ചിരിക്കുന്നത്പോലെ ഈ പോസ്റ്റ് വായിച്ച് ചിരിക്കാന്‍ പറ്റിയില്ലെങ്കിലും സംഭവം തകര്‍പ്പന്‍.

ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇടുമ്പോള്‍ ആദ്യത്തെ കമന്റ്റായി എന്നെ ഞോണ്ടിയിട്ട് പോകുന്ന ചില അനോണികള്‍ ഉണ്ടായിരുന്നു ഈ ഭാഗത്തെങ്ങാണ്ട്. ഇവിടെ അവരെ കണ്ടില്ലല്ലോ. അരവിന്ദേട്ടനെ അവര്‍ക്കും പേടിയാണോ ;)