Tuesday, September 05, 2006

ദേവേട്ടന്റെ കമന്റ്

പ്രിയ ബൂലോഗരേ,

ബൂലോഗക്ലബ്ബിലെ മുന്നൂറ്റി അന്‍പതാമത്തെ പോസ്റ്റാണിത്.

എന്റെ ഓണാശംസ പോസ്റ്റിന് മറുപടി കമന്റായി ദേവേട്ടന്‍ ഇട്ട കമന്റ് ആണ് ഈ പോസ്റ്റ്. ദേവേട്ടാ, ഇങ്ങനൊരു കമന്റ് എന്റെ ബ്ലോഗില്‍ ഇട്ടതില്‍ ഒരുപാട് സന്തോഷമുണ്ട്.

രാമേട്ടനും അരവിയും ഒക്കെ പറഞ്ഞത് വളരെ ശരിയാ.കമന്റുകളുടെയിടയില്‍ കിടക്കേണ്ടവനല്ല അത് എന്ന് വായിക്കുമ്പോള്‍ മനസ്സിലാകും!

ഈ പോസ്റ്റ് ബൂലോഗ ക്ലബ്ബിന്റെ സ്ഥാപകനായ ദേവേട്ടന് സമര്‍പ്പിച്ചുകൊള്ളുന്നു.

ദേവ ഗുരു ഉവാച :

കലേഷേ

ബ്ലോഗ്ഗാന്തോറും കയറി ആശംസയിടാന്‍ നിന്നാല്‍ കറങ്ങിപ്പോകുകയേയുള്ളു അതോണ്ട്‌ മെയിലാശംസകള്‍ മതിയെന്ന് പ്രതിജ്ഞയെടുത്ത്‌ രാവിലേ പണിക്കു വന്നതാ..എന്നിട്ടും ഇവിടെ എത്തിപ്പെട്ടു. ആശംസിക്കാനല്ല, അതു മെയില്‍ അയച്ചിട്ടുണ്ട്‌. ഈ സൂചിക്കുഴകള്‍ പണ്ടു കടന്ന ഒരു മുതുക്കന്‍ ഒട്ടകമല്ലേ ഞാനും എങ്ങനെ നൂഴണമെന്ന് ഞമ്മ രണ്ടു ടിപ്പ്‌ തരാമെന്നു വച്ചു.

ഇമ്മാതിരി പ്രതിസന്ധികള്‍ക്ക്‌ ഏറ്റവും യോജിച്ചത്‌ കഥകളാണ്‌. എന്റെ ഒരു പഴേ നമ്പര്‍ " ഡീ, നീ ഈ റോക്ക്‌ ഫെല്ലര്‍ റോക്ക്‌ ഫെല്ലര്‍ എന്ന പാറവീഴ്ത്തുകാരനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ?

"ഉം. എതാണ്ടും അമേരിക്കന്‍ മില്ല്യണയറല്ലേ?"

"ഏതാണ്ടും അല്ല, സെക്കന്‍ഡ്‌ വേള്‍ഡ്‌ വാര്‍ സമയത്തെ ലോകത്തെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു, ഇന്ന് ബില്‍ ഗേറ്റ്സ്‌ പോലെ"

"ഉം. അയാളു ചത്തോ?."

"ഹ. അയാളു പണ്ടേ ചത്തു, പറഞ്ഞു വന്നത്‌ അതല്ല. അയാള്‍ സമ്പാദിച്ച്‌ സമ്പാദിച്ച്‌ വലിയ ബിസിനസ്സുകാരനായി, സമ്പാദിക്കുംതോറും പിശുക്കു കൂടി, ആധി കൂടി, വ്യാധി കൂടി, ഊണില്ല ഉറക്കമില്ല, ഭാര്യയോടും മക്കളോടും ദേഷ്യമായി, ബിസിനസ്സു കാര്യത്തിനിടയില്‍ ശല്യം ചെയ്യുന്നവരല്ലേ അവരൊക്കെ"

"എന്നിട്ട്‌?"

"എന്നിട്ട്‌ നാല്‍പ്പതു വയസ്സില്‍ അയാള്‍ക്ക്‌ പത്തിരുന്നൂറൂ അസുഖങ്ങള്‍ ഉണ്ണാന്‍ വയ്യാ, അപ്പിയിടാന്‍ വയ്യാ, ശ്വാസം വിടാന്‍ വയ്യാ, വേദന വേദന.. ലോകത്തെ മികച്ച വൈദ്യന്മാരെല്ലാം കൈയ്യൊഴിഞ്ഞു, ആളിപ്പോ ചാകുമെന്നതില്‍ ഒരു ആശുപത്രിക്കും ഒരു സംശയവുമില്ല... ഒടുക്കം പുള്ളി തന്നെ പോം വഴി കണ്ടെത്തി. തന്റെ ബിസിനസ്സ്‌ സാമ്ര്യാജ്യം വിറ്റു റോക്ക്‌ ഫെല്ലര്‍ കാശെല്ലാം പലര്‍ക്കായി കൊടുത്തു. ഒക്കെ ഉപേക്ഷിച്ച്‌ സുഖമായി ഉറങ്ങി. പിന്നെ ഇറങ്ങിപ്പോയി.. ഒരന്‍പതോളം വര്‍ഷം പൂര്‍ണ്ണാരോഗ്യവാനായി, സന്തോഷവാനായി, സകുടുംബം, സസന്തോഷം, സാകേതം സാമോദം സാമ്പാര്‍.. എന്തു മനസ്സിലായി?"

"ഇവിടെ കാശൊന്നുമില്ലെന്ന് മനസ്സിലായി"

ടിപ്പ്‌ രണ്ട്‌: മറ്റുവിന്‍ ചട്ടങ്ങളേ

ഓണത്തിനു പുടവ, കടുവാ ഒക്കെ വേണം എന്നത്‌ കണ്‍സ്യൂമര്‍ സംസ്കാരം നമ്മളില്‍ അടിച്ചേല്‍പ്പിച്ചതാണെന്നു ഒരു മണിക്കൂര്‍ പ്രസംഗിക്കുക. പിന്നെ ഒരു ചേയ്ഞ്ചുള്ള ഓണമെന്ന നിലക്ക്‌, ഒറ്റക്ക്‌ സംഘഗാനം പാടാം, പാര്‍ക്കില്‍ നടക്കാന്‍ പോകാം, കൂട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യാം..

ടിപ്പ്‌ മൂന്ന്: പറയാതെ പറയുക

ഉദാ: "ഈ ഓണത്തിനു പാലോ മറ്റോ വാങ്ങിക്കണമെങ്കില്‍ ദേ ലുലുവില്‍ പോയി വാങ്ങാം കേട്ടോ, അവിടാകുമ്പോ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കാമല്ലോ താഴെ ഗ്രോസ്സറി നടത്തുന്ന അച്ചായനു കാര്‍ഡ്‌ മെഷീനില്ല"

(ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ്‌ ഉത്തരം ഓ സാരമില്ല ചേട്ടാ പൈസയില്ലേല്‍ നമുക്ക്‌ ബുദ്ധിമുട്ടി ഓണമൊന്നുമാഘോഷിക്കണ്ടാ. ഇതു കേട്ട്‌ .

"എന്നാ ശരി നമുക്ക്‌ ലുലുവില്‍ പോകാം അവിടാകുമ്പോ ചുരിദാറിനു റീഡക്ഷന്‍ സെയിലുമുണ്ടല്ലോ" എന്ന ഹൃദയഭേദകമായ നിരീക്ഷണം റീമ പറയില്ല എന്ന് പ്രതീക്ഷിക്കാം)

ടിപ്പ്‌ നാല്‌: ഗദ്ഗദം

ചേരുവ.
കിംഗ്‌ ഫിഷര്‍ ക്യാന്‍ ഒരെണ്ണം
മിഴുങ്ങസ്യാ നോട്ടം ഒരെണ്ണം
അനന്തത, ഒരു കിലോമീറ്റര്‍

ക്യാന്‍ കയ്യില്‍ ഫിറ്റ്‌ ചെയ്ത്‌ മിഴു. നോട്ടം അനതതയിലോട്ട്‌ തൊടുക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോ മെല്ലെ "എന്റേടോ, ഞാന്‍ ആലോചിക്കുവാ, എന്റെ കൂടെ കൂടി താനും കഷ്ടത്തിലായല്ലോ, ഓണമായിട്ട്‌ ഒരു ലാന്‍ഡ്‌ ക്രൂയിസര്‍ സമ്മാനമായി തരണമെന്നൊക്കെ സ്വപ്നം കണ്ടിരുന്ന എന്നിക്ക്‌ മോഹങ്ങള്‍ മരവിച്ചു മോതിരക്കൈ മുരടിച്ചു..."

അങ്കോം കാണാം ബീറും അടിക്കാം.

7 comments:

nalan::നളന്‍ said...

യാരടേയ് ഈ ക്ലബ്ബിന്റെ ഭാരവ്യാഹികളു

ഒരോണത്തല്ലുപോലും സംഘടിപ്പിക്കാന്‍ വയ്യെങ്കിലു‍ രാജി വച്ചൊഴിഞ്ഞു പോടേയ് :)

രാജ് said...

നളണ്ണന്‍ ബാംഗ്ലൂരെ മുഴുവന്‍ വെള്ളവും കുടിച്ചുവറ്റിച്ചോ ;)

myexperimentsandme said...

ദേവേട്ടന്റെ ടിപ് നമ്പ്ര് നാലിന്റെ ഫലമാണെന്ന് തോന്നുന്നു. ക്യാനിന് പകരം വീപ്പയായിപ്പോയതാവണം :)

ദേവന്‍ said...

ഓണത്തല്ല് അവിട്ടത്തിനുമാകാം നളാ. തൊടങ്ങിക്കോ.

പ്രൊഫൈലിലെ കണ്ണാടി പടത്തിലെ കിംഗ്‌ ഫിഷര്‍ ചിരി കണ്ടപ്പോഴേ തോന്നി, ഇന്ന് എന്തെങ്കിലും നടക്കുമെന്ന്

പുള്ളി said...

അലുക്കുലുത്ത്‌ഉണ്ടാക്കല്ലേ...
മേല്‍പറഞ്ഞ അടവുകള്‍ കാശു ചിലവുള്ള എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാം.
ഐഡിയ ഉഗ്രന്‍!

ദേവന്‍ said...

കൊച്ചി മീറ്റും കഴിഞ്ഞ്‌, ഓണോം കഴിഞ്ഞ്‌ അറ്റുല്യ പ്ലെയിനേലോട്ട്‌ ദാ ഇപ്പോ കേറി . ഒരു 4 മണിക്കൂര്‍ കാത്തിരിക്കു ഓണത്തല്ലല്ല സാക്ഷാല്‍ കൂട്ടത്തല്ലു കാണാം!

nalan::നളന്‍ said...

എന്തു പറയാനാ.
ഓണമായിട്ടു റ്റി. വി പെട്ടിയില്‍ സിനിമാപുരാണമല്ലാതെ വേറൊന്നുമില്ല.
ഇന്റര്‍വ്യൂനു സിനിമാക്കാരു, പാട്ടുപാടാന്‍ സിനിമാക്കരു, ഓണം ആശംസിക്കാന്‍ സിനിമാക്കരു.
ഈ റ്റീ വി കണ്ടുപിടിച്ച്തു തന്നെ സിനിമാക്കാര്യം പറയനാണെന്നു തോന്നുന്നു.

കോഴി ചികിത്സയെപ്പറ്റി വായിച്ച ശേഷം ഒരു മുന്‍‌കരുതലെന്നോണം ബ്രാന്റുമാറ്റി ബ്രാന്റിയാക്കി. രോഗം വരാതെ നോക്കേണ്ടതല്ലേ അതിന്റെ ഒരിത്. അതായീ...