Thursday, September 07, 2006

പ്രണയിക്കുന്നവര്‍ക്കായ്‌...ഒപ്പം കാമിക്കുന്നവര്‍ക്കും

ഇങ്ങനെ പറയാമോ എന്ന പോസ്റ്റിന്‌ ഒരു കമന്റ്‌ എന്നേ കരുതിയുള്ളൂ. പക്ഷെ പോസ്റ്റിനെക്കാള്‍ വലിയ കമന്റ്‌ ഒഴിവാക്കുക എന്ന കരീം മാഷുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ഇതൊരു പുതിയ പോസ്റ്റ്‌ ആയി ഇടുന്നു. പ്രസ്തുത പോസ്റ്റും അതിന്റെ പിന്മൊഴികളും ഇവിടെ ചേര്‍ത്തു വായിക്കാന്‍ അപേക്ഷ....

പാവാടയുടുത്ത പെണ്‍കുട്ടികളെ മാത്രമേ പ്രണയിക്കാന്‍ കഴിയൂ എന്നും മറിച്ച്‌ ജീന്‍സ്‌ ധാരിണികളെ കാമിക്കാന്‍ മാത്രമേ കൊള്ളൂ എന്ന എം. മുകുന്ദന്റെ ഒരു നിരീക്ഷണം ആണല്ലോ ആ പോസ്റ്റിന്റെ ആധാരം. അതു വായിച്ചപ്പോള്‍ എനിക്കുതോന്നിയ രണ്ടേ രണ്ടു സംശയങ്ങളാണ്‌ ഇത്രയും എഴുതാന്‍ കാരണം.
സംശയം 1 : മനുഷ്യനുള്‍പ്പെടെയുള്ള ജന്തുജാലങ്ങളുടെ നിലനില്‍പ്പിന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്ന കാമം എന്നത്‌ ഒരു അധമവികാരം ആണോ?

സംശയം 2 : യഥാര്‍ത്തത്തില്‍ പ്രണയവും കാമവും രണ്ടും രണ്ടാണോ? ഒന്നാലോചിച്ചാല്‍ ഒരേ സത്തയുടെ രണ്ടു വത്യസ്ഥ ഭാവങ്ങളല്ലേ അവ രണ്ടും?

വളരെ പ്രസിദ്ധനായ ഒരു മന:ശാസ്ത്രഞ്ജന്‍ (പേരു ഞാന്‍ മറന്നു..ഏതായാലും ഫ്രൊയിഡ്‌ അല്ല) ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്‌ : "നിങ്ങള്‍ക്ക്‌ കാമമില്ലാതെ പ്രണയിക്കാന്‍ കഴിയില്ല, മറിച്ച്‌ പ്രണയമില്ലാതെ കാമിക്കാന്‍ കഴിയും" അപ്പോള്‍ പ്രണയമല്ല, കാമമാണ്‌ അടിസ്ഥാനം എന്നു വരുന്നു. ഒരിത്തിരി വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു ഇവിടെ.

ഫ്രോയിഡ്‌ അടക്കമുള്ള നിരവധി മന:ശാസ്ത്രഞ്ജന്മാര്‍ അടിവരയിട്ടു പറഞ്ഞ ഒരു കാര്യമുണ്ട്‌. കുഞ്ഞുങ്ങളില്‍ തിരിച്ചറിവുണ്ടാകുന്ന പ്രായത്തിനും മുന്‍പേ തന്നെ അവരില്‍ ലൈംഗിക ചോദന ഉണ്ടാകുന്നുണ്ട്‌.(പ്രണയത്തിന്റെയല്ല, കാമത്തിന്റെ ബാലപാഠമാണ്‌ തുടങ്ങുന്നതെന്നു ചുരുക്കം)എന്തുകൊണ്ടാണിതിങ്ങനെ? അതിനുത്തരം അന്വേഷിച്ച്‌ നാം ഒരുപാടു ദൂരം പുറകോട്ടു പോവേണ്ടിയിരിക്കുന്നു. മനുഷ്യന്റെ സാമൂഹ്യക്രമങ്ങള്‍ ഉരുവം കൊള്ളുന്നതിനും മുന്‍പേ...ഘോര വനാന്തരങ്ങളില്‍ മറ്റൊരു വെറും ജന്തുവായി അവന്‍ (അവളും) ജീവിച്ചിരുന്ന കാലം. അന്ന് അടിസ്ഥാനകാര്യങ്ങള്‍ മൂന്നേ മൂന്ന്..ഭക്ഷണം, പാര്‍പ്പിടം...പ്രത്യുല്‍പാദനം. അന്ന് പ്രണയമില്ലായിരുന്നു. കാമം മാത്രം. അന്ന് അന്തിവാനം ചുവക്കുന്നത്‌ പ്രണയിനിയുടെ കവിള്‍ തൊട്ടെടുത്ത കുങ്കുമഛവി കൊണ്ടായിരുന്നില്ല, ആകാശം പൂത്തിറങ്ങുന്നത്‌ അവളുടെ കണ്ണുകളിലെ നക്ഷത്രങ്ങള്‍ കൊണ്ടുമായിരുന്നില്ല, നിലാവും മഴവില്ലും മഴയും മഞ്ഞുതുള്ളികളുമൊക്കെ അവനന്ന് വിശദീകരിക്കാന്‍ കഴിയാത്ത അത്ഭുതങ്ങള്‍ മാത്രം. അനന്തമായ കാലം ബ്രഹ്മാണ്ഡപരാണുക്കളില്‍ മാറ്റം വരുത്തിക്കൊണ്ടേയിരുന്നു. തീ കണ്ടുപിടിക്കപ്പെടുന്നു, ചക്രങ്ങള്‍ പിന്നാലെയെത്തുന്നു, മാറ്റത്തിന്റെ രഥവേഗങ്ങളില്‍ മനുഷ്യന്‍ തന്റെ ജൈത്രയാത്ര ആരംഭിക്കുന്നു. സമൂഹങ്ങളുണ്ടാവുന്നു, സാമൂഹിക ക്രമങ്ങള്‍ വരുന്നു. ഗോത്രങ്ങളുടെയും, വര്‍ഗ്ഗങ്ങളുടെയും, ജീവിത സാഹചര്യങ്ങളുടെയും വേലിക്കെട്ടുകള്‍ക്കകത്ത്‌ മാനവകുലം നിരവധി കള്ളികളാക്കപ്പെടുന്നു. അരാജകത്വവും, അരക്ഷിതാ ബോധവും ചേര്‍ന്ന് മനുഷ്യകുലം നശിച്ചുപോകും എന്ന ഒരുഘട്ടത്തില്‍ വേദങ്ങളും, ഉപനിഷത്തുക്കളും പിന്നെ മതങ്ങളും ഉരുവം കൊള്ളുന്നു.മത പ്രബോധകന്മാരുണ്ടാവുന്നു. നിയന്ത്രണങ്ങളില്ലാതെ വളര്‍ന്ന ഭ്രാന്തന്‍ സമൂഹത്തെ അരുതുകളുടെ ചങ്ങലയില്‍ തളയ്ക്കുന്നു. അതിന്റെ ഭാഗമായി വിവാഹം എന്ന സാമൂഹിക ക്രമം നിലവില്‍ വരുന്നു. ഒരുപാടു ലഹളകള്‍ക്ക്‌ അടിസ്ഥാനമായി വര്‍ത്തിച്ച കാമം എന്ന അടിസ്ഥാന ചോദന അങ്ങിനെ കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായി അടിച്ചമര്‍ത്തപ്പെടുന്നു. പക്ഷേ എത്രകാലം...? എത്രകാലം നിലനില്‍പ്പിന്റെ ആധാരശിലയായ കാമത്തിനെ അങ്ങിനെ അടിച്ചമര്‍ത്തി വെയ്ക്കാന്‍ കഴിയും. കഴിയുകയേ ഇല്ല എന്നതല്ലേ സത്യം. മനസ്സിന്റെ വെളിമ്പറമ്പുകളില്‍ അനാഥപ്രേതമായി ശോകഗാനവും പാടി അലഞ്ഞുനടക്കാനൊന്നും അതിനെ കിട്ടില്ല.ഉപബോധ മനസ്സിന്റെ അണിയറയിലെങ്ങോ ഒരു പ്രച്ഛന്ന വേഷം അരങ്ങേറുന്നു. അധമം, നികൃഷ്ഠം എന്നൊക്കെ നാം കല്‍പിച്ചു നല്‍കിയ കാമത്തിന്റെ രൂപത്തില്‍നിന്നും, പ്യൂപ്പപൊട്ടി പുറത്തു വരുന്ന ചിത്രശലഭം പോലൊരു പരിക്രമണം. കാച്ചെണ്ണ തേച്ചു കുളിച്ച്‌, മഴവില്ലിന്റെ ഏഴുനിറങ്ങള്‍ ചാലിച്ചുചേര്‍ത്ത പട്ടുപാവാടയണിഞ്ഞ്‌ (അതെ പാവാട തന്നെ,ജീന്‍സല്ല)കൈതപ്പൂ മണം തൂവുന്ന ഇടവഴികളിലൂടെ ഒരു മടക്കയാത്ര. കണ്ണുകളില്‍ നക്ഷത്രങ്ങളുടെ തിളക്കവും, കവിളുകളില്‍ അന്തിച്ചോപ്പിന്റെ കുങ്കുമച്ഛവിയും, ചിരിയില്‍ പാല്‍നിലാവിന്റെ മാസ്മരികതയും ആവാഹിച്ച്‌, നേര്‍ത്ത മഞ്ഞുപൊഴിയുന്ന ഒരു പ്രഭാതത്തില്‍ നമ്മുടെ ബോധമനസ്സിന്റെ വയല്‍ വരമ്പിലൂടെ കാമം തിരിച്ചു വന്നപ്പോള്‍ നാം അതിനെ കാല്‍പനികതയുടെ ഒരു പേരുചൊല്ലി എതിരേറ്റു...."പ്രണയം".

അപ്പോള്‍ പറയൂ സുഹൃത്തേ, കാമമാണോ പ്രണയമാണോ പരമമായ സത്യം?

പിന്‍കുറിപ്പ്‌ : നിയന്ത്രണങ്ങളുടെ അതിര്‍ത്തി രേഖകള്‍ പതിയെ മാഞ്ഞു പോവുന്ന ഇക്കാലത്ത്‌ ഉദാത്ത പ്രണയം നമ്മുടെ ഹൃദയത്തിന്റെ പടിയിറങ്ങിപ്പോയി എന്നല്ലേ വിലാപം. മുന്‍പേ തന്നെ ഇല്ലാത്ത ഒന്ന് എങ്ങിനെയാണ്‌ നാം നഷ്ടപ്പെടുന്നത്‌? ഒന്നുകൂടെയാലോചിച്ചാല്‍ അടിച്ചമര്‍ത്തിയവര്‍ തന്നെ നിയന്ത്രണങ്ങളഴിക്കുമ്പോള്‍ ഇനിയും ഒരു പ്രച്ഛന്ന വേഷം ആവശ്യമില്ലത്ത കാമം അതിന്റെ ലാസ്യമനോഹരമായ പ്രണയത്തിന്റെ വേഷം അഴിച്ചുവെച്ച്‌, തന്റെ യഥാര്‍ത്ത രൂപത്തിലേക്കുള്ള ഒരു തിരിച്ചു പോക്കിന്റെ ആരംഭത്തിലാണ്‌ എന്നതും പരമമായ ഒരു സത്യമല്ലേ?

18 comments:

അരവിന്ദ് :: aravind said...

ഒത്തിരി നാളുകള്‍‌ക്ക് ശേഷം കൊള്ളാവുന്ന ഒരു പോസ്റ്റ് ക്ലബ്ബില്‍ കണ്ടതില്‍ സന്തോഷം.
നന്ദി ഫൈസല്‍‌ക്കാ :-)

രാജ് said...

ബൂലോഗക്ലബ്ബിന്റെ പ്രസക്തിയെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന ഒരു മെയിലിങ് ലിസ്റ്റില്‍ വായിക്കുവാനായ കാര്യം:

പോസ്റ്റ് ഇടുന്നതിനു മുമ്പ്, ഈ ചോദ്യങ്ങള്ക്ക് ഉത്തരം കയ്യിലുണ്ടാവണം.

1. എന്തുകൊണ്ട് സ്വന്തം ബ്ലോഗില് ഇത് പോസ്റ്റു ചെയ്യുന്നില്ല? ഈ പോസ്റ്റും മലയാള ബ്ലോഗിംഗ് കമ്യൂണിറ്റിയുമായുള്ള ബന്ധം വ്യക്തമാണോ?
...

ഫൈസലിന്റേത് നല്ല ലേഖനം, പക്ഷെ പ്രസിദ്ധീകരിക്കേണ്ടതു ബൂലോഗക്ലബ്ബിലായിരുന്നില്ലെന്നു മാത്രം.

Physel said...

പറഞ്ഞല്ലോ പെരിങ്ങോടരേ, ഇങ്ങനെ പറയാമോ എന്ന പോസ്റ്റിന്‌ ഒരനുബന്ധം ആയാണ്‌ അത്രയും എഴുതിയത്‌ എന്ന്...അപ്പോള്‍ അതിവിടെത്തന്നെയല്ലേ പോസ്റ്റേണ്ടത്‌?

അരവിന്ദ് :: aravind said...

അതേ പെരിങ്ങോടരേ...ഇതിവിടെത്തന്നെ പോസ്റ്റണം. കാരണം വേറൊരു പോസ്റ്റിന്റെ തുടര്‍ച്ചയാണല്ലോ ഇത്.
വേറൊരുതരത്തില്‍ പറഞ്ഞാല്‍ ഇതേ വിഷയത്തില്‍ മുന്‍‌പിട്ടപോസ്റ്റിനേക്കാള്‍ നല്ലത്.
ഏത് ഇവിടെ പോസ്റ്റണം ഏത് പോസ്റ്റണ്ട എന്നൊക്കെ അതാത് ബ്ലോഗര്‍ തീരുമാനിക്കട്ടെ. സഭ്യമായ എന്തും പോസ്റ്റാം എന്ന് ദേവരാഗം പറയുന്നിടത്തോളം എന്തും പോസ്റ്റാം എന്നു തന്നെയാണ്. ഈ പോസ്റ്റാകട്ടെ, അങ്ങനെ ചിന്തിക്കേണ്ട ഒന്നാണെന്ന് തോന്നുന്നുമില്ല.

ക്ലബ്ബിലിടുന്ന പോസ്റ്റും ക‌മ്യൂണിറ്റിയുമായി എന്ത് ബന്ധം വേണം സുഹൃത്തേ? ഇവിടെ നല്ല തമാശയുള്ള പഴയ പോസ്റ്റുകള്‍‌ക്ക് ക‌മ്യൂണിറ്റിയുമായി എന്ത് ബന്ധമാണ്? ക്ലബ്ബ് നോട്ടീസ് ബോര്‍ഡ് ആകണം എന്നാണോ?

ക്ലബ്ബിന്റെ സ്റ്റാറ്റസ്സ് ഈയിടെയായി താണു എന്നൊക്കെ പറയാമെന്നേയുള്ളൂ..അത് കേട്ട് ആള്‍‌ക്കാര്‍ നല്ല പോസ്റ്റുകള്‍ പോസ്റ്റട്ടെ എന്ന് ആശിക്കാനേ പറ്റുള്ളൂ..അല്ലാതെ, അഡ്മിനെ അധികാരപ്പെടുത്തലും, പോസ്റ്റ് ഡിലീറ്റലും, ഡ്രാഫ്റ്റ് അപ്രൂവലും കൊണ്ടുവന്നാല്‍ ക്ലബ്ബിന്റെ സ്റ്റാറ്റസ് വീണ്ടും മോശമാകുകയേയുള്ളൂ. ആള്‍ക്കാരുടെ ഒഴിഞ്ഞുപോക്കല്‍ കൊണ്ട്(ഞാനടക്കം).
ഏവൂരാന്‍ ക്ലബ്ബിനെ ബാന്‍ ചെയ്താലും ഇല്ലെങ്കിലും ബൂലോഗക്ലബ്ബ് എല്ലാവര്‍ക്കും എന്ന് തന്നെയിരിക്കട്ടെ. അതാണ് അതിന്റെ ശരി. അതാണ് ക്ലബ്ബ് എന്ന ചിന്തയുടെ ശരി. എന്റെ എളിയ അഭിപ്രായമാണ്. ബുദ്ധിമുട്ടുള്ളവര്‍ “സാഹിത്യക്ലബ്ബ്”, “പാചകക്ലബ്ബ്”, “വാചകക്ലബ്ബ്”, “തമാശക്ലബ്ബ്” എന്നൊക്കെ പറഞ്ഞ് അഡ്മിനും മറ്റുമുള്ള വേറെ ക്ലബ്ബുകള്‍ തുടങ്ങാവുന്നതേയുള്ളൂ. (ശരിക്കും അതാണ് വേണ്ടത്, തിരക്ക് കുറയും)
ഈ ക്ലബ്ബങ്ങനെ തന്നെ തുറന്ന് സര്‍വ്വസ്വതന്ത്രമായി കിടക്കട്ടെന്നേ...താമസിയാതെ ഓളം നിലക്കും, വീണ്ടും ശാന്തമാകും.അപ്പോള്‍ നീന്താന്‍ കാത്തിരിക്കുകയാണ് ഞാനും. :-)

ക്ലബ്ബിലെ എളിയ ഒരംഗം.

ഉമേഷ്::Umesh said...

“ഇങ്ങനെ പറയാമോ” എന്നതും സ്വന്തം ബ്ലോഗിലായിരുന്നു ഉചിതം. ഇതും അവിടെത്തന്നെ.

എഴുതിയതാരെന്നതു പ്രസക്തിയില്ലാത്ത പോസ്റ്റുകളാണു ക്ലബ്ബില്‍ വരേണ്ടതു് എന്നാണു് എനിക്കു തോന്നുന്നതു്. ഈ രണ്ടു പോസ്റ്റും ഫൈസല്‍ എഴുതി എന്നു തന്നെ ഇരിക്കുന്നതല്ലേ നല്ലതു്?

ഒരു പോസ്റ്റിന്റെ അനുബന്ധം ആ പോസ്റ്റില്‍ത്തന്നെ വേണമെന്നു് എന്താണു നിര്‍ബന്ധം? ക്ലബ്ബി‍ലൊഴിലെയുള്ള ബ്ലോഗുകളില്‍ അങ്ങനെയല്ലല്ലോ. ഉദാഹരണമായി സന്തോഷ് “ശേഷം ചിന്ത്യം” എന്ന ബ്ലോഗില്‍ എഴുതിയ ഒരു കാര്യത്തിനു് അനുബന്ധമായി പെരിങ്ങോടന്‍ “സമകാലികം” എന്ന ബ്ലോഗില്‍ എഴുതിയേക്കാം. ഉദാഹരണങ്ങള്‍ നോക്കാന്‍ ഞാന്‍ തുനിയുന്നില്ല. പലതുണ്ടു്. ക്ലബ്ബിലുമിതു സംഭവിച്ചിട്ടുണ്ടു്.

വലിയ കമന്റുകള്‍ പോസ്റ്റായി ഇടുക എന്നതു നല്ല കാര്യം. ഇതിനു മുമ്പു് ഇങ്ങനെ ചെയ്തപ്പോഴൊക്കെ അതു നന്നായിട്ടേ ഉള്ളൂ. പോസ്റ്റുകളും ബാക്ക്‍ലിങ്കുകളും ചേര്‍ന്നു പിന്മൊഴികളെക്കാന്‍ നല്ല ഒരു രീതി ഉണ്ടാകും.

Anonymous said...

kaaryam enthaayaalum profile hit kooTi
On Blogger Since August 2006
Profile Views 180
alle faisale
"enthaa ningalokke parayunne, ithu ente blog l ittaal ningalaarengilum vaayikkumaayirunno, ivite ittappol ellavarum vaayichallo.... havoo dhanyamaayi ee jeevitham "

Anoni akaan kaaranam , ingane yulla blognokke camment ittu , vendaatha charchakal nadathi samayam kalayukayaa alle ennu enne ariyunna aarengilum chodichaal utharam illathathu kondu

Word Verification
jobyta
qw_er_ty

Physel said...

ഉമേഷ്ജീ, ഒരുതിരുത്ത്‌..... ഇീ പോസ്റ്റിനു കാരണഭൂതമായ മുന്‍പോസ്റ്റ്‌ എന്റെയല്ല. അതു ചാവേര്‍ ഇട്ടതാണ്‌. ഒരുപാടു പേര്‍ പ്രതികരിച്ചു കണ്ടപ്പോള്‍ അനുബന്ധമായി പറഞ്ഞു എന്നേയുള്ളൂ. അതിത്തിരി വലുതായിപ്പോയതിനാല്‍ ഒരു പുതിയ പോസ്റ്റ്‌ ആക്കിയിട്ടു. ആ പാതകമേ ഞാന്‍ ചെയ്തുള്ളൂ.

Unknown said...

വന്ന് വന്ന് ക്ലബ്ബില്‍ ഒന്നും പോസ്റ്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയായോ? എന്ത് പോസ്റ്റ് ചെയ്യാം എന്നുള്ളതില്‍ ഒരു പൊതുവായ നിയമം ഇത് വരേയും രൂപപ്പെടാത്ത സാഹചര്യത്തില്‍ സഭ്യമായതെന്തും എന്ന പഴയ രൂപത്തില്‍ മുന്നോട്ട് നീങ്ങുകയല്ലേ നല്ലത്?

സ്വന്തം ബ്ലോഗിലിടാന്‍ പറ്റാത്ത അല്ലെങ്കില്‍ അവിടത്തെ വിഷയങ്ങള്‍ക്ക് മങ്ങല്ഏല്‍പ്പിക്കുന്ന വിഷയങ്ങള്‍ക്കാണ് ക്ലബ് എന്നാണ് കേട്ടിരുന്നത്.ഈ വക കാര്യങ്ങളിടാന്‍ വേറെ ഒരു ബ്ലോഗ് സ്വന്തമായി തുടങ്ങണം എന്നാണ് ഇപ്പോള്‍ കേട്ടത്.

ഉമേഷ്::Umesh said...

ഫൈസല്‍,

അപ്പോള്‍ അതു സ്വന്തം ബ്ലോഗിലാകാന്‍ കൂടുതല്‍ കാരണങ്ങളായി. സിബുവും ഞാനും കൂടി സ്വന്തം ബ്ലോഗുകളില്‍ തുടര്‍ന്ന ഒരു സംവാദം കാണണമെങ്കില്‍ ഇവിടെ നോക്കൂ.

എന്റെ പോസ്റ്റ്

സിബുവിന്റെ മറുപടി

എന്റെ മറുപടി

സിബുവിന്റെ മറുപടി

നവനീതിന്റെ ഒരു പോസ്റ്റിനെ പെരിങ്ങോടന്‍ തുടര്‍ന്നതു് ഇവിടെ വായിക്കൂ.

ആദ്യത്തെ പോസ്റ്റ് ക്ലബ്ബിലാണെങ്കില്‍പ്പോലും സിബുവും പെരിങ്ങോടനും ഇങ്ങനെയേ ചെയ്യൂ എന്നാണു തോന്നുന്നതു്.

ഇതിപ്പോള്‍ മാറ്റണം എന്നല്ല പറയുന്നതു്. ഭാവിയില്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അതല്ലേ നല്ലതു് എന്നൊരു നിര്‍ദ്ദേശം മാത്രമാണു്.

നഷ്ടം പോസ്റ്റു ചെയ്യുന്നവര്‍ക്കു തന്നെയാണു്. ഉറങ്ങുന്നവര്‍ ഉണര്‍ന്നു വരുമ്പോഴേക്കും കുറേ പുതിയ പോസ്റ്റുകള്‍ ക്ലബ്ബില്‍ വന്നെന്നിരിക്കും. പിന്മൊഴികളില്‍ നോക്കിയാല്‍ (ബ്ലോഗര്‍ ബീറ്റ നന്നായാല്‍ മെച്ചമുണ്ടായേക്കും) ആരു പോസ്റ്റു ചെയ്തു, എന്താണു വിഷയം എന്നൊന്നും മനസ്സിലായെന്നു വരില്ല. സ്വന്തം ബ്ലോഗിലാണെങ്കില്‍ ആളുകള്‍ (കുറഞ്ഞപക്ഷം എന്നെപ്പോലുള്ളവര്‍) വായിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ടു്.

ഉമേഷ്::Umesh said...

chaavayr,

താങ്കള്‍ എഴുതിയതില്‍ അസഭ്യം ഒന്നുമില്ല. നല്ല പോസ്റ്റാണതു്. ഫൈസലിന്റെ പോസ്റ്റും നല്ലതു തന്നെ. ക്ലബ്ബില്‍ കൊള്ളാത്തവയാണു രണ്ടും എന്നു് എനിക്കഭിപ്രായമില്ല. നേരേ മറിച്ചു്, ക്ലബ്ബില്‍ മാത്രം കിടന്നുപോകേണ്ടവയല്ല എന്നായിരുന്നു.

എന്റേതൊരു നിര്‍ദ്ദേശം മാത്രമായിരുന്നു. ബൂലോഗക്ലബ് മാത്രം വായിക്കുന്ന ധാരാളം പേരുണ്ടെന്നു് അറിയില്ലായിരുന്നു. അവര്‍ക്കു് ഒരുപാടു നഷ്ടപ്പെടുന്നുണ്ടു് എന്നാണു് എന്റെ വിശ്വാസം.

അനോണിയുടെ കമന്റ് തീര്‍ച്ചയായും അസ്ഥാനത്താണു്.

ഉമേഷ്::Umesh said...

chaavayr പറഞ്ഞു:

പിന്നെ എന്‍റെ പ്രീയ ഭൂലോഗ പുലികളേ.... സ്വന്തം പോസ്റ്റില്‍ എന്തുകൊണ്ട് പോസ്റ്റുന്നില്ല എന്ന് അലോചിച്ച ശേഷം ഇവിടെ പോസ്റ്റാനാണെങ്കില്‍ ഇങ്ങനെയൊരു ക്ലബ്ബിന് പ്രസക്തിയില്ലല്ലോ?

തീര്‍ച്ചയായും ഉണ്ടു്. സ്വന്തം വീട്ടില്‍ എനിക്കെന്തും ചെയ്യാം. ഏതു വേഷവും ധരിക്കാം. ഒരു പൊതുസ്ഥലത്തു പോയാല്‍ അവിടുത്തെ രീതിയനുസരിച്ചാവും ഞാന്‍ പ്രവര്‍ത്തിക്കുക. ഇവിടെ ഇതു ശരിയാണോ എന്നു് ആലോചിച്ചിട്ടേ അതു ചെയ്യുകയുമുള്ളൂ. അവിടെ ഞാന്‍ ചീത്ത വിളിക്കുകയില്ല. അതേ സമയം വീട്ടിലെ ആഭരണപ്പെട്ടി കൊണ്ടു വെയ്ക്കുകയുമില്ല.

നിങ്ങളുടെ പോസ്റ്റുകളെപ്പറ്റിയാണു് ഇതു പറയുന്നതെന്നു തെറ്റിദ്ധരിക്കരുതു്. മുകളില്‍ക്കൊടുത്ത ചോദ്യത്തിനു മറുപടി പറഞ്ഞെന്നേ ഉള്ളൂ.

Santhosh said...

ബൂലോഗ ക്ലബില്‍ ഒരു പോസ്റ്റിടുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ അല്ലേ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ (ചിലപ്പോള്‍ പ്രശസ്തിക്കു വേണ്ടിക്കൂടിയാവാം).

‘ഇങ്ങനെ പറയാമോ’ എന്ന പോസ്റ്റിന് ഒട്ടനവധി കമന്‍റുകള്‍ കിട്ടിയത് അത് പോസ്റ്റു ചെയ്തത് ബൂലോഗ ക്ലബിലായതു കൊണ്ടോ, പോസ്റ്റ് ചെയ്തത് ചാവയ്ര് (ഇത് എങ്ങനെയാണ് വായിക്കേണ്ടത്?) ആയതു കൊണ്ടോ ഒന്നുമല്ല. ചര്‍ച്ചയ്ക്കുതകുന്ന നല്ല ഒരു കുഞ്ഞു പോസ്റ്റ് ആയതിനാലാണ്. അത് ബൂലോഗ ക്ലബിലിട്ടാല്‍ അതിന്‍റെ നഷ്ടം ലേഖകനു തന്നെയാണ്. അതേ ഗതിയാണ് ഈ പോസ്റ്റിനും വന്നു ചേര്‍ന്നിരിക്കുന്നത്. നല്ല മറുപടി. ബൂലോഗ മലവെള്ളപ്പാച്ചിലില്‍ ഇത്, പക്ഷേ മുങ്ങിപ്പോകാന്‍ അധികനേരം വേണ്ട. ഇനിയൊരുനാളില്‍ ഫൈസലിന്‍റെ സ്വന്തം ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ഈ അഭിപ്രായം ആ ബ്ലോഗില്‍ നിന്നും തപ്പിയെടുക്കാനാവില്ല. നഷ്ടം വീണ്ടും ലേഖകനു തന്നെ.

ഇനി, ഒരു പ്രത്യേക വിഷയം ബ്ലോഗിന്‍റെ ഥീമായി സ്വീകരിച്ചവര്‍ക്ക് ആ ബ്ലോഗ് പലവക കൊണ്ടു നിറയ്ക്കാന്‍ താല്പര്യമില്ലെങ്കില്‍ വിശാലനോ പെരിങ്ങോടനോ ചെയ്തതുപോലെ ഇത്തരം അവിയലെഴുത്തുകള്‍ക്ക് വേണ്ടി മറ്റൊരു ബ്ലോഗും ആകാവുന്നതാണ്.

ഇനി അതല്ല, ക്ലബ് ഇങ്ങനെ തന്നെ തുടരുന്നതാണ് എല്ലാര്‍ക്കും താല്പര്യമുള്ള കാര്യമെങ്കില്‍, അതും ആവാം. നമ്മളില്‍ ചിലരെങ്കിലും ബൂലോഗ ക്ലബ് സന്ദര്‍ശിക്കുന്നത് അവസാനിപ്പിക്കുമെന്ന് എനിക്കുറപ്പാണ്. ചവറുകള്‍ കുന്നുകൂടുകയും തനിമലയാളത്തില്‍ നിന്നും പിന്മൊഴിയില്‍ നിന്നും ബൂലോഗ ക്ലബിനെ വിലക്കുകയും ചെയ്യുന്നതോടെ, ക്ലബിന്‍റെ ഇന്നുള്ള ഗ്ലാമര്‍ ഇല്ലാതാവുകയും ഈ എഴുത്തുകാരെല്ലാം ഒന്നുകില്‍ സ്വന്തം ബ്ലോഗുകളിലേയ്ക്ക് വലിയുകയോ പുതിയ പച്ചപ്പുകള്‍ തേടിപ്പോവുകയോ ചെയ്യുന്ന കാലവും വിദൂരമല്ല. ഇതില്‍ ഏതു വഴി തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ ഇപ്പോള്‍ നമുക്ക് അവസരമുണ്ട്. ആ തീരുമാനം നാളേയ്ക്കു വച്ചാല്‍, ഒരു പക്ഷേ, നമ്മള്‍ വൈകിപ്പോയെന്നു വരും.

രാജ് said...

അനൌപചാരികമായുള്ള ചര്‍ച്ചയ്ക്കു വേണ്ടി സ്ഥലം നീക്കി വച്ചയിടത്തു വന്നു ഔപചാരികമായ ചര്‍ച്ചകള്‍ ചെയ്യുവാന്‍ ആരും മെനക്കെടാറില്ലല്ലോ. ബ്ലോഗുകള്‍ കമ്യൂണിക്കേറ്റ് ചെയ്യേണ്ടതു ലിങ്കുകളിലൂടെയാണെന്നു വിശ്വസിക്കുവാനാണു ഞാന്‍ ഇഷ്ടപ്പെടുന്നതു്. ഫൈസല്‍ എന്ന ബ്ലോഗെഴുത്തുകാരന്റെ വ്യക്തിത്വം മനസ്സിലാക്കുവാന്‍ എനിക്കു് ഉപകരിച്ചേയ്ക്കാവുന്ന ഒരു സാമ്പിള്‍ പീസായിരുന്നു ഈ പോസ്റ്റ്, അങ്ങിനെയുള്ള ഒന്നു സ്വന്തം ബ്ലോഗിലിടുകയായിരുന്നില്ലേ നല്ലതു് എന്നുറക്കെ ചിന്തിച്ചതാണു ഞാന്‍. ഇവിടെ തൊട്ടടുത്തു വരാന്‍ പോകുന്ന ത്രെഡ് ‘മമ്മുട്ടിയുടെ പുതിയ കോമഡി’ പടത്തിനെ കുറിച്ചുള്ള ചര്‍ച്ചയാകാം, അതിലുണ്ടായേക്കാവുന്ന കൊച്ചുവര്‍ത്തമാനങ്ങളില്‍’ നല്ലൊരു പോസ്റ്റ് വായിക്കപ്പെടാതിരിക്കുവാന്‍ സാധ്യതയുണ്ടെന്നു ഓര്‍മ്മിപ്പിക്കുവനാണു ഞാന്‍ ആദ്യമെഴുതിയ കമന്റ് പ്രസിദ്ധീകരിച്ചതു്. 300+ പോസ്റ്റുകള്‍ ഉള്ള ഒരു വലിയ ബ്ലോഗില്‍ നിന്നും ‘എഴുത്തിന്റെ ഐഡന്റിറ്റി’ ഉപയോഗിച്ചൊരു പോസ്റ്റ് വായിച്ചെടുക്കുവാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ പത്തോ പതിനഞ്ചോ പോസ്റ്റുള്ള ഒരു ബ്ലോഗറുടെ പേജില്‍ നിന്നും എത്തരത്തിലുള്ള എഴുത്താണു് അവിടെ പ്രതീക്ഷിക്കേണ്ടതെന്നു വ്യക്തമായ ഉത്തരം കിട്ടിയേക്കാം. ഞാനോ, ഉമേഷോ, സന്തോഷോ ഒരു നിയമം വിശദീകരിക്കുകയായിരുന്നില്ലെന്നും പറഞ്ഞുകൊള്ളട്ടെ, നിയമങ്ങള്‍ വിശദീകരിച്ചു ബ്ലോഗെഴുത്തുകാരെ തുടലിലിട്ടു എഴുതിപ്പിക്കുവാനും വായിപ്പിക്കുവാനും കഴിയണമെന്നു ആഗ്രഹിക്കുന്നുമില്ല. എഴുത്തിന്റെയും വായനയുടേയും ശീലങ്ങള്‍ സുതാര്യമായിരിക്കേട്ടെ എന്നാഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളില്‍ ചിലരോടു ഇപ്രകാരം ചില അഭിപ്രായങ്ങള്‍ തുറന്നു പറയേണ്ടിവരുന്നുവെന്നു മാത്രം.

കാറ്റഗറിയില്ലാതെ ഉമേഷ് ഗണിതശാസ്ത്രവും സുഭാഷിതവും ഒരുമിച്ചു എഴുതിയാല്‍ എഴുത്തിലും വായനയിലും സംഭവിച്ചേയ്ക്കാവുന്ന obscuration നെ കുറിച്ചു ആലോചിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ ഞങ്ങള്‍ എഴുതിയതിന്റെ സാംഗത്യവും മനസ്സിലായേക്കും. ഇത്തരത്തില്‍ യാതൊരു സുതാര്യതയും പ്രദര്‍ശിപ്പിക്കാത്ത ബൂലോഗക്ലബ്ബാണു ഞങ്ങളുടെ ബ്ലോഗെന്നു പറഞ്ഞു് എഴുത്തുകാര്‍ താലോലിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതു മലയാളം ബൂലോഗത്തിനെ കുറിച്ചു തന്നെ അവ്യക്തത പരത്തിയേക്കാം.

Physel said...

ഉമേഷ്ജീ, സന്തോഷ്‌,പെരിങ്ങോടര്‍,

ഇതിങ്ങനെപോട്ടെ....ക്ളബ്ബില്‍ വന്ന ഒരുപോസ്റ്റിണ്റ്റെ കമണ്റ്റ്‌ എന്ന നിലയില്‍ എഴുതിയതു കൊണ്ടാണ്‌ ക്ളബ്ബില്‍ തന്നെ പോസ്റ്റ്‌ ചെയ്തത്‌. തിരക്കിനിടയില്‍ ഒന്നോടിച്ചു വായിച്ചു കളയുന്നവയല്ലേ എല്ലാം? പക്ഷെ ചര്‍ച്ച വന്നു വന്ന്‌ ഇതിണ്റ്റെ തീം തന്നെ മാറിപ്പോയി അല്ലേ? ചാവേര്‍ ഇട്ടു തന്നത്‌ നല്ല ഒരു വിഷയമായിരുന്നു...ഇടയ്ക്കൊക്കെ ഒന്നിങ്ങനേം കിടക്കട്ടെ. പെരിങ്ങോടരുടെ അവസാനം പറഞ്ഞ അഭിപ്രായം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. അതാണ്‌ ശരിയായ രീതി എന്നുതന്നെ തോന്നുന്നു.

Cibu C J (സിബു) said...

ചാവേറേ, ബ്ലോഗുകള്‍ വായിക്കാന്‍ സമയമില്ലെങ്കില്‍ ഈ ബ്ലോഗ് പോര്‍ട്ടലിലേയ്ക്ക്‌ (http://varamozhi.wikia.com/wiki/Portal:Blogs) വരൂ. ഇപ്പോള്‍ ആദിത്യനും വല്ലപ്പോഴും ഞാനും ഉമേശനും മാത്രമേ ഉള്ളൂ അവിടെ ദേഹണ്ണിക്കാന്‍. ബാക്കിയുള്ളവരും അവിടേയ്ക്കെത്താനായി കാത്തിരിക്കുന്നു.

ദമനകന്‍ said...

ഫൈസലേ, മൌലികമായ ചിന്തകള്‍, നല്ല കുറിപ്പ്.
നന്ദി.

Anonymous said...

ഇത്രയും വലിയൊരു ചര്‍ച്ചക്കൊന്നും കാര്യമില്ല... നാം നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ എന്തെഴുതണം എന്തെഴുതണ്ട എന്ന തീരുമാനം ബ്ലോഗര്‍ക്കുതന്നെ വിട്ടുകൊടുത്തതാണ്. എന്നാല്‍, സാമ്പാറും പായസവും മീന്‍കറിയും കൂടി ഇളക്കുന്നത് നല്ലതല്ലെന്നു തോന്നുന്നു, ഗൌരവമേറിയ ചര്‍ച്ചകള്‍ക്കായി പുതിയൊരു ബ്ലോഗ് തുടങ്ങാവുന്നതാണ്...
വള്ളുവനാടന്‍, വെള്ളുവനാടനല്ല കേട്ടോ...

Physel said...

പെരിങ്ങോടരുടെ നിര്‍ദ്ദേശം അനുസരിച്ച് ഒരു പലവക ബ്ലോഗ് തുടങിയിട്ടുണ്ട്. ഇതവിടെയും വായിക്കാം