Saturday, September 09, 2006

അഞ്ഞൂറാന്‍

ബ്ലോഗ്‌റോളില്‍ ബ്ലോഗുകളുടെ എണ്ണം നാന്നൂറായി എന്ന് പറഞ്ഞ് ഞാന്‍ ക്ലബ്ബില്‍ ഒരു പോസ്റ്റിട്ടിട്ട് ഇന്ന് ഒരു മാസം പോലും തികഞ്ഞിട്ടില്ല. ഇന്ന് ചില ബ്ലോഗുകള്‍ കൂടി റോളില്‍ ചേര്‍ത്തതോടു കൂടി, ഇപ്പോഴത്തെ ബ്ലോഗ്‌റോളിലെ ബ്ലോഗുകളുടെ എണ്ണം അഞ്ഞൂറ്.

ഇരുപത്തി മൂന്ന് ദിവസം കൊണ്ടാണ് നൂറ് ബ്ലോഗുകള്‍ പുതുതായി വന്നത്. ഈ വളര്‍ച്ച അഭൂതപൂര്‍വ്വം തന്നെ.

ഇതോടൊപ്പം തന്നെ എടുത്ത് പറയേണ്ട ഒരു കാര്യമാണ് ബ്ലോഗ്‌റോളിന്റെ നീളം മൂലം അതിന്റെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ എന്നത്.

ബ്ലോഗ്‌റോള്‍ ഒരു ഡ്രോപ്പ് ഡൌണ്‍ കോമ്പോ ബോക്സില്‍ ആക്കുക, അതില്‍ ക്യാറ്റഗറി തിരിക്കുക, ഒരു നിശ്ചിത കാലയളവില്‍ അപ്ഡേറ്റ് ചെയ്യപ്പെടാത്ത ബ്ലോഗുകള്‍ നീക്കം ചെയുക എന്നതരത്തിലുള്ള പല നിര്‍ദ്ദേശങ്ങളും എന്നോട് പലരും പറയുകയുണ്ടായി. പക്ഷെ ഇതൊന്നും ഇപ്പോഴത്തെ ബ്ലോഗ്‌റോളില്‍ ചെയ്യാന്‍ സാധിക്കില്ല, അഥവാ എനിക്കറിയില്ല ഇതിലേതെങ്കിലും ചെയ്യാന്‍. അതിനാല്‍ ഞാന്‍ പരസ്യമായി സഹായം ചോദിക്കുന്നു. ഏത് തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍‍ക്കും അഭിപ്രായങ്ങള്‍ക്കും സ്വാഗതം.

ഇടയ്ക്കിടയ്ക്ക് വന്ന് ബ്ലോഗുകളുടെ എണ്ണം നാന്നൂ‌‌റായി, അഞ്ഞൂറായി എന്നൊക്കെ വിളിച്ച് പറയുന്നതില്‍ ക്ഷമിക്കണം. ഇതെത്ര കാലം പുതുക്കിക്കൊണ്ടിരിക്കാന്‍ പറ്റും എന്നെനിക്ക് തന്നെ സംശയം തുടങ്ങിയിരിക്കുന്നു. എന്റെ ബ്ലോഗില്‍ നിന്ന് സ്ഥലപരിമിതി മൂലം ഞാന്‍ ബ്ലോഗ്‌‌റോള്‍ ഒഴിവാക്കി‍. ഇങ്ങനെ എല്ലാവരും (ക്ലബ്ബില്‍ അടക്കം) ഒഴിവാക്കുന്നത് വരെയേ അത് പുതുക്കേണ്ടി വരികയുള്ളൂ എന്നതാണ് സത്യം.

ഈ അഞ്ഞൂറിന്റെ ഭാഗഭൃക്കായ എല്ലാ മലയാളം ബ്ലോഗേര്‍സിനും ആശംസകള്‍.

15 comments:

viswaprabha വിശ്വപ്രഭ said...

ശ്രീജിത്ത് നിശ്ശബ്ദമായി ചെയ്തുകൊണ്ടിരിക്കുന്ന ഈ കഠിനാദ്ധ്വാനത്തിന് ഒരു പാടു നന്ദിയുണ്ട്.

ഒരു കാലത്ത് മനോജിന്റെ കേരളാ ബ്ലോഗ് റോള്‍ മാത്രമായിരുന്നു നമുക്കു മലയാളം ബ്ലോഗുകള്‍ തപ്പിയെടുക്കാനുണ്ടായിരുന്ന ഒരൊറ്റ മാര്‍ഗ്ഗരേഖ. അതില്‍ മലയാളികള്‍ ആയ എല്ലാവരുടെയും ബ്ലോഗുകള്‍ (മലയാളത്തിലായാലും ഇംഗ്ലീഷിലായാലും) ചേര്‍ത്തിരുന്നു. പിന്നീട് ക്രമത്തില്‍ മലയാളം ബ്ലോഗുകള്‍ കൂടിവന്നപ്പോള്‍ അതേ ലിസ്റ്റില്‍ ചുവപ്പു/തവിട്ടുനിറങ്ങളില്‍ അവയെ പ്രത്യേകം അടയാളപ്പെടുത്താന്‍ തുടങ്ങി.

ആദ്യകാലത്ത് ബൂലോഗത്ത് ഉജ്ജ്വലമായി വെട്ടിത്തിളങ്ങിയിരുന്ന ‘ക്ഷുരകവേദം’ എന്ന ബ്ലോഗെഴുതിയിരുന്നയാള്‍ ആണ് ബ്ലോഗ്‌ലൈന്‍സ് ഉപയോഗിച്ച് ആദ്യമായി ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് ബ്ലോഗെഴുത്തും കൂട്ടത്തില്‍ ബൂലോഗച്ചുരുള്‍‍ സൂക്ഷിപ്പും ഉപേക്ഷിക്കേണ്ടി വന്നു.
കാലഹരണപ്പെട്ട ആ ചുരുള്‍ രണ്ടാമതും വാര്‍ത്തെടുത്ത് കൃത്യനിഷ്ടയോടെ പുതുക്കുക എന്ന ജോലിയാണ് ശ്രീജിത്ത് നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്.

അത്ര നിസ്സാരമായ ഒരു ജോലിയൊന്നുമല്ല അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാളബൂലോഗത്തിന്റെ പേര്‍ച്ചുരുള്‍ സൂക്ഷിക്കല്‍.

പലവിധത്തിലുമുള്ള സെര്‍ച്ചുകള്‍ ചെയ്ത് മലയാളത്തിലുള്ള പുതിയ ബ്ലോഗുകള്‍ കണ്ടുപിടിക്കണം. പിന്നെ അതില്‍ ആവര്‍ത്തനം നടാന്നിട്ടുള്ളവയെ ഒഴിവാക്കണം. ‘സദാചാരം’ ഒക്കെ ശരിക്കില്ലേ എന്നൊന്നു് ഓടിച്ചുനോക്കണം.

നൂറുകണക്കിന് ബ്ലോഗര്‍മാര്‍ക്ക് വെറുതെ ഒരൊറ്റ വരി ജാവാസ്ക്രിപ്റ്റ് ആക്കി അവരുടെ ബ്ലോഗ് ടെമ്പ്ലേറ്റില്‍ ചേര്‍ത്ത് 500-ല്‍ അധികം ബ്ലോഗ് ലിങ്കുകളെ അവതരിപ്പിക്കാവുന്ന ഈ സൌകര്യം ശ്രീജിത്തു ഒരൊറ്റയാള്‍ മാത്രമാണ് ഇതിനൊക്കെ വേണ്ട സമയം ദിവസവും ചെലവാക്കേണ്ടി വരുന്നത്.

തുടക്കത്തില്‍ വളരെ ബുദ്ധിപരമാണെന്നു തോന്നുമെങ്കിലും ഇപ്പോള്‍ അഞ്ഞൂറും കവിഞ്ഞ നിലയ്ക്ക് പതിവുവിധി അനുസരിച്ച് തന്റെ മറ്റൊരു വലിയ മണ്ടത്തരം ആയോ എന്നു ശ്രീയും സംശയിക്കുന്നുണ്ടാവാം! :)

എങ്കിലും നിര്‍ത്തരുത് ശ്രീ, നിര്‍ത്തരുത്!ഈ ബൂലോഗരഥം ഉരുണ്ടുകൊണ്ടേയിരിക്കട്ടെ. ഞങ്ങളെല്ലാവരും കൂടെയുണ്ടാവും അതിലിരുന്ന് താങ്കളെ ആവേശം കൊള്ളിച്ചുകൊണ്ട് താങ്കളെക്കൊണ്ടു തന്നെ അത് വലിച്ചുനീക്കിക്കാന്‍‍!

ഉമേഷ്::Umesh said...

നന്ദി, ശ്രീജിത്ത്.

ശ്രീജിത്തും ക്ഷുരകനും മറ്റും ഇതു തുടങ്ങുന്നതിനു മുമ്പു്, ബ്രൌസറിലെ ബുക്ക്മാര്‍ക്കുകളായിരുന്നു ബ്ലോഗുകള്‍. അത്രയേ ഉണ്ടായിരുന്നുള്ളൂ. ദിവസവും എല്ലാം ഓരോ തവണ വായിക്കും. കമന്റുകളെഴുതും. കമന്റുകള്‍ക്കു മറുപടി കിട്ടാന്‍ ഏതാനും മണിക്കൂറുകളെടുക്കും. സുഖം.

ബ്ലോഗെഴുതുന്നവര്‍ തങ്ങള്‍ക്കിഷ്ടമുള്ള മറ്റു ബ്ലോഗുകള്‍ സൈഡ്‌ബാറില്‍ കൊടുത്തിരുന്നു. ഇപ്പോഴും സുനില്‍ (വായനശാല), ഇഞ്ചിപ്പെണ്ണു് (നാലുകെട്ടു്+തോണി) തുടങ്ങിയവര്‍ അതു ചെയ്യുന്നുണ്ടു്.

ഇപ്പോള്‍ പോസ്റ്റുകളില്‍ 5% പോലും വായിക്കുന്നില്ല. കമന്റുകളിലൂടെ പോസ്റ്റുകളിലേക്കു പോകുന്ന രീതിയിലാണു്. ഈ പിന്മൊഴികള്‍, ബ്ലോഗ്‌റോള്‍ തുടങ്ങിയവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ നല്ല ശ്രമത്തിന്റെ ഫലമായി കൂടുതല്‍ സൌകര്യങ്ങള്‍ കിട്ടുകയും ജീവിതം ദുഷ്കരമാവുകയും ചെയ്തിരിക്കുന്നു. ഇനി പോര്‍ട്ടലുകള്‍ ഉണ്ടാക്കുന്നവര്‍ അതല്പം സുഖകരമാക്കും എന്നു പ്രതീക്ഷിക്കുന്നു.

ഞാന്‍ പണ്ടേ തന്നെ എന്റെ ബ്ലോഗില്‍ നിന്നു ബ്ലോഗ്‌റോള്‍ ഒരു പേജിലേക്കു മാറ്റി അതിലേക്കു് ഒരു ലിങ്കു കൊടുത്തു-വലിയ പേരുള്ള ബ്ലോഗുകള്‍ വരുമ്പോള്‍ ടെമ്പ്ലേറ്റ് കുളമാകുന്നതും സൈഡ്‌ബാര്‍ താഴേക്കു പോകുന്നതുമായിരുന്നു കാരണം. (ഇപ്പോഴും അതുണ്ടു്. Recent comments-ല്‍ നീളമുള്ള വാക്കുകള്‍ വരുമ്പോള്‍.)

പഴയ രീതി വീണ്ടും തുടങ്ങണം എന്നു തോന്നുന്നു. ഓരോരുത്തനും അവനവനിഷ്ടമുള്ള ബ്ലോഗുകളെ മാത്രം ലിസ്റ്റു ചെയ്യുക. എല്ലാം കൂടി ശ്രീജിത്തോ മറ്റാരെങ്കിലുമോ നന്നായി ഒരു പേജില്‍ ക്രോഡീകരിക്കുക. എല്ലാവരും ജാവാസ്ക്രിപ്റ്റിനു പകരം ആ പേജിലേക്കൊരു ലിങ്കു കൊടുക്കുക.

ബ്ലോഗ്‌ലൈന്‍സ് ചെയ്യുന്ന പോസ്റ്റിന്റെ ഉള്ളടക്കം കാണിക്കുക, ഫീഡ് നല്‍കുക തുടങ്ങിയവ ഇനി ആവശ്യമില്ല-അഗ്രിഗേറ്ററുകള്‍, പോര്‍ട്ടലുകള്‍ തുടങ്ങിയവ അതു ചെയ്തുകൊള്ളും.

ഓ.ടോ.: പണ്ടു്, നല്ല ഒരു പുതിയ ബ്ലോഗ് കണ്ടാല്‍ കാത്തുകാത്തിരുന്നു് ആദ്യത്തെ കുഞ്ഞിന്റെ മുഖം കാണുന്നതു പോലെയായിരുന്നു. ഇന്നു് ആസൂത്രണമാര്‍ഗ്ഗങ്ങളില്ലാത്ത ലോകത്തു് പത്താമത്തെയോ പതിനഞ്ചാമത്തെയോ കുഞ്ഞിന്റെ മുഖം കാണുന്നതു പോലെയാണു്. എങ്കിലും നല്ല കുട്ടികളെന്നു തോന്നുന്നവയെ മാത്രം വീട്ടില്‍ നിര്‍ത്തി ബാക്കിയുള്ളവയെയെല്ലാം അനാഥാലയത്തില്‍ കൊടുക്കണം എന്നു പറയുന്നതും അല്പം കഷ്ടമല്ലേ?

aneel kumar said...

മനോജിന്റെ കേരളാ ബ്ലോഗ് റോളിനെ ഹോം പേജായി വച്ചിരുന്ന ഒരു കാലഘട്ടത്തില്‍ അവിടെ പുതുതായി പ്രത്യക്ഷപ്പെട്ടിരുന്ന മലയാളം പോസ്റ്റുകളിലേയ്ക്കു പോവുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയായിരുന്നു. ബാക്കി ഉമേഷ് പറഞ്ഞപോലെ (ഓ.ടോ.: പണ്ടു്, നല്ല ഒരു പുതിയ ബ്ലോഗ് കണ്ടാല്‍ ...)

ഏതെങ്കിലുമൊരു പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടാലോ പുതുതായി പബ്ലിഷ് ചെയ്താലോ കേരളാ ബ്ലോഗ് റോളില്‍ അവ വീണ്ടും ലിസ്റ്റ് ചെയ്യപ്പെടും.

ക്ഷുരകന്റെ കാലത്ത് ബ്ലോഗ്‌ലൈന്‍സ് ചുരുളുകളും പുതിയ പോസ്റ്റുകള്‍ വരുന്ന ബ്ലോഗുകളെ ഏറ്റവും മുകളില്‍ കാണിച്ചിരുന്നു; അക്ഷരക്രമത്തിലായിരുന്നില്ല. അങ്ങനെ ഇപ്പോഴും പറ്റിയിരുന്നെകില്‍ ആക്റ്റീവായ ബ്ലോഗുകള്‍ എപ്പോഴും ആദ്യം കാണാനാവുന്ന മുകളില്‍ തന്നെ വരുകയും ലിസ്റ്റിന്റെ നീളം 100/200 ആയി ചുക്കി കാണിക്കുകയും ചെയ്യാമായിരുന്നു. മുഴുവന്‍ ലിസ്റ്റും കാണാന്‍ വേറൊരു ലിങ്ക് (ഉമേഷ് പറഞ്ഞപോലെ) കൊടുക്കുകയുമാവാം.

ഈ വിഷയം ശ്രീജിയുമായി നേരത്തേ സംസാരിച്ചിട്ടുള്ളതാണെങ്കിലും അതു നടക്കാനുള്ള സാധ്യത അക്കാലത്ത് ശ്രീജി നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായത്.

ബോട്ടം ലൈന്‍ : ഈ റോളിന്റെ പരിപാടിയെങ്ങാന്‍ നിര്‍ത്തി‍യാല്‍ ശ്രീജീ, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും ;)

Unknown said...

ബ്ലോഗ് റോള്‍ സത്യം പറഞ്ഞാല്‍ എളുപ്പമുള്ള പണി തന്നെ. ശ്രീജിത്തിന്റെ ഈ കൃത്യം സ്തുത്യാര്‍ഹം തന്നെ. ഈ ബ്ലോഗെറില്‍ വന്ന സമയത്ത് എങ്ങനെ ഈ കാണുന്ന ബ്ലോഗ് മുഴുവന്‍ വായിക്കും എന്നുള്ളത് ഒരു സമസ്യ തന്നെ ആയിരുന്നു.

ശ്രീജിത്തെ.. അടിപൊളി...

Sreejith K. said...

അനിലേട്ടന്‍ അന്ന് പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ മറന്നിട്ടില്ല. അന്ന് അനിലേട്ടനോട് പറഞ്ഞത് തന്നെയാണ് ഞാന്‍ ഇപ്പോള്‍ പോസ്റ്റിലും പറഞ്ഞത്. ഞാന്‍ നോക്കിയിട്ട് അങ്ങിനെ ഒരു സെറ്റിങ്ങ്സും കാണുന്നില്ല. സഹായം വേണം എനിക്ക്.

സഹായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഞാന്‍ ബ്ലോഗ്‌റോളിന്റെ പാസ്സ്‌വേഡ് തരാം. പരസ്യമായി തരാന്‍ ഒരു മടി.

ബ്ലോഗ്‌റോള്‍ നമുക്ക് സ്വന്തമായി ഉണ്ടാക്കുന്നതാവും ഇപ്പോള്‍ ഉള്ള തേര്‍ഡ് പാര്‍ട്ടി റോള്‍ ഉപയോഗിക്കുന്നതിനേക്കാളും ഭേദം എന്നാണെന്റെ അഭിപ്രായം. ശനിയനും അത് തന്നെ എന്നോട് പറഞ്ഞത്. ആ വഴിക്കും ഒന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീജിത്തേ ഞങ്ങളൊക്കെ ഒന്നു തുടങ്ങിയപ്പോഴേക്കു പേടിപ്പിക്കുവാണോ?

sreeni sreedharan said...

ശ്രീജിത്തേ, ഞാനൊരു കാര്യം പറയട്ടെ?
ശ്രീജിത്ത് ഒരു സംഭവം തന്നെയാണ് കേട്ടോ.....
ഈ കേസില്‍ ഒറ്റപ്പെട്ട് പോയാലും ശരി, തോല്‍ക്കരുത്...
ബുദ്ധിപരമായതെന്തും ഒഴിച്ച് എന്‍റെ എല്ലാ സഹായവും പ്രതീക്ഷിച്ചോ!

മഹേഷ് said...

വിഷയാധിഷ്ഠിതമായ വര്‍ഗ്ഗീകരണമാണ് നല്ലത്. ഒരു ബ്ലോഗില്‍ ഒരു നിശ്ചിതവിഷയത്തിലുള്ള പോസ്റ്റുകളേ ഉണ്ടാകൂ എന്ന് ഇന്നത്തെ നിലയില്‍ പറയാനാവില്ല.
മറ്റെന്തു വഴി?

ദേവന്‍ said...

ഈ കുട്ടിക്ക്‌ രാശിയുള്ള കൈ ആണല്ല്.
ലവന്‍ തൊട്ടപ്പോളേക്ക്‌ അമ്പത്‌ അഞ്ഞൂറായി!

Anonymous said...

ആശംസകള്‍. ഞാന്‍ അനോണിമസ്‌. ബ്ലോഗ്‌ റോളില്‍ ഞാനില്ല. ബൂലോഗ ക്ലബ്ബ്‌ എനിക്കു അംഗത്വവും തരില്ല. നിക്കില്ല. ഒന്നുമില്ല.

എന്നാല്‍ ഞാന്‍ നിസ്സാരനല്ല. ഈ ബൂലോഗത്ത്‌ സത്യമപ്രിയം പറയാന്‍, കൂട്ടം തെറ്റുന്ന ആ കുഞ്ഞാടിനെ പറ്റത്തെത്തിക്കാന്‍....വേറേയാരുമില്ല.

പുറം ചൊറിയാതെ, വെറുതേ ഹാലേലൂയ പാടാതെ, നല്ലതിന്റെ നല്ലതു മാത്രം കണ്ടും കെട്ടതിനെ മുഖം നോക്കാതെ വെട്ടിയും ആരുമല്ലാതെ എല്ലാമായി ബൂലോഗത്തിരിക്കുന്നു, ഞാന്‍ അനോണിമസ്‌.

പുലികേശി രണ്ട് said...

ബ്ലോഗുകളുടെ എണ്ണം കൂടുന്നതു പ്രശ്നം തന്നെ. വിഷയം അനുസരിച്ചുതരം തിരിക്കാ‍നും പ്രയാസമാണ്. മലയാളികളായ നമ്മള്‍ ഈ പ്രശ്നത്തെ ഒരു മലയാളിരീതിയില്‍‌ത്തന്നെ നേരിടുന്നതാവും നല്ലത്‌. എന്റെ അഭിപ്രായത്തില്‍ മൊത്തം ബ്ലോഗുകളെ ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം, മറ്റുമതങ്ങള്‍ ഇങ്ങനെ നാലു വിഭാഗങ്ങളാക്കുക. ഹിന്ദൂസിന്റെ അടിയില്‍ നായര്‍, ഈഴവന്‍, നമ്പൂതിരി, ക്ഷുരകന്‍, അമ്പലവാസി ഇങ്ങനെയൊക്കെയും, നായരെ വീണ്ടും മേനോന്‍, പിള്ള, കുറുപ്പ്, കൈമള്‍ ഇങ്ങനെയൊക്കെയും തിരിക്കാമല്ലോ. കൃസ്ത്യാനികളെയും കത്തോലിക്കാ, മാര്‍‌ത്തോമ, മലങ്കര, യാക്കോബായ ഇങ്ങനെയൊക്ക്ക്കെ തിരിക്കാം. മുസ്ലിങ്ങളുടെ ഇടയില്‍ ഇങ്ങനത്തെ ഉപവിഭാഗങ്ങളുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമല്ലോ, ഏതെങ്കിലും മുസ്ലിം സഹോദരന്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നപേക്ഷിക്കുന്നു. ഈയൊരുകാര്യത്തില്‍ കേരളക്കരയിലാര്‍‌ക്കും താനേത് ഉപവിഭാഗത്തിലാണ്‍ എന്നു തീരുമാനിക്കാന്‍ ഒരു കണ്‍‌ഫ്യൂഷനും ഉണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ട് ഈ ജാതീകരണം വിജയിക്കുമെന്നാണ്‍ എന്റെ അഭിപ്രായം.

Anonymous said...

അല്ലാ, പുലികേശി ഇതു കാര്യമായിട്ട് തന്നെ പറഞ്ഞതാണോ അതോ കേരളത്തിലെ അവസ്ഥയെ ഒന്ന് വാരിയതോ...? കാര്യമായിട്ടാണെങ്കില്‍ ഇതാ പുലികേശിക്ക് എന്റെ വക രണ്ട് ഇടിയും മൂന്ന് കുത്തും. ഇനി ഇമ്മാതിരി കണ്ണന്തിരുവുകള് ഇവിടെ വിളമ്പാന്‍ നില്‍ക്കരുത്. മറ്റു ബൂലോഗരേ... എന്തു പറയുന്നു, ഞാന്‍ പറഞ്ഞത് ശരിയല്ലേ?

ദേവന്‍ said...

അതു ഒരു പുലികേശകോമഡിയല്ലേ അനോണി.

അല്ലാ, "ഞാന്‍ പുലികേശി രണ്ടാമന്‍" എന്ന പോസ്റ്റ്‌ ഇട്ട ബ്ലോഗരു പുനര്‍ ജനിച്ചതാണോ ദിസ്‌ പുലികേശി രണ്ട്‌ ?

കണ്ണൂസ്‌ said...

എന്തായാലും എന്തെങ്കിലും ഒക്കെ ചെയ്ത്‌ എല്ലാരും കൂടി ഇതൊക്കെ അങ്ങു നടത്തിക്കൊണ്ട്‌ പോകിന്‍.

ഓ.ടോ

ഈ കുട്ടിക്ക്‌ രാശിയുള്ള കൈ ആണല്ല്.
ലവന്‍ തൊട്ടപ്പോളേക്ക്‌ അമ്പത്‌ അഞ്ഞൂറായി!



എന്റെ പാസ്സ്ബുക്ക്‌ ഒന്ന് തൊടാമോ ജിത്തേ?

പുലികേശി രണ്ട് said...

ബില്ലി ഷെയ്‌ക്‍സ് “ഹാം‌ലെറ്റി”ലെഴുതി, “വാരനാരി കുറച്ചു കൂടുതല്‍ പ്രതിഷേധിക്കുന്നുവെന്നെനിക്കുതോന്നുന്നു.” (The lady doth protest too much, methinks.) അനോണിയും അങ്ങനെയാണോ?

“രണ്ടാമൂഴത്തില്‍ ദ്രൌപദിയെ പ്രാപിക്കണമെന്നു നിനക്കും തോന്നിയില്ലേ? എന്നെ നോക്കി സത്യം പറയൂ”