Tuesday, June 13, 2006

ഗുരുക്കെണി

മരങ്ങളുടെ ഒടുക്കത്തെ പേരുകളൊക്കെ ഇരന്നും തുരന്നും പുസ്തകവും ഗൂഗിളും അറുത്തു മാറ്റിയും ഒരുതരത്തില്‍ പിഴച്ചുപോകുമ്പോഴാണു തണുപ്പന്റെ ബ്ലോഗിലിട്ട്‌ എന്നെ ഗുരുക്കള്‍ പൊക്കിയത്‌

ഗുരുക്കെണി
മരങ്ങളുടെ ഒടുക്കത്തെ പേരുകളൊക്കെ ഇരന്നും തുരന്നും പുസ്തകവും ഗൂഗിളും അറുത്തു മാറ്റിയും ഒരുതരത്തില്‍ പിഴച്ചുപോകുമ്പോഴാണു തണുപ്പന്റെ ബ്ലോഗിലിട്ട്‌ എന്നെ ഗുരുക്കള്‍ പൊക്കിയത്‌.
"ഡേ തമ്പി, പിലാശ്‌ മരം എന്താഡേ?"
ഉദാഹരണമായി
ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും
വിളങ്ങി പൂമൊട്ടുടനേ പിലാശില്‍;
വനാന്തലക്ഷ്മിക്കു നഖക്ഷതങ്ങള്‍
വസന്തയോഗത്തിലുദിച്ച പോലെ.

ചെവല ചന്ദ്രക്കല പോലും. വനലക്ഷ്മീ ഗോപാല്‍ സ്വാമിയുടെ നഖക്ഷതം പോലും. സത്യത്തില്‍ ഈ കവികളെല്ലാം മാര്‍ക്ക്വിസ്‌ ഡി സാഡിന്റെ ശിഷ്യന്മാര്‍ ആയിരുന്നോ ഇവന്മാര്‍ക്കു പിച്ചും നുള്ളും ഇത്തിരി കൂടുതലാണല്ലോ.

വെയിറ്റേ മിനുട്ട്‌, ഈ ജ്യോത്സ്യന്മാര്‍ ഒക്കെ പിലാശ്‌ അഥവാ പ്ലാശുമരം എന്നല്ലേ എഴുതാറ്‌. അപ്പോ രണ്ടും ഒന്നല്ലേ, ശ്രീകണ്ഠേശ്വരം ചിലപ്പോള്‍ ഇംഗ്ലീഷോ ദ്വിഥമോ എഴുതാറും ഉണ്ട്‌. ആരെങ്കിലും ശ താ വലി നോക്കാന്‍ പറഞ്ഞു. ങേ ഹേ. ആരുമില്ല.

ആരും വേണ്ടാ. ഞാന്‍ തന്നെ വൈകുന്നേരം കൂടു പൂകിയനേരം പുസ്തകം നോക്കി.

പിലാശ്‌ = പലാശ
അയ്യോ. പ്ലാശിലോട്ട്‌ ക്രോസ്സ്‌ ലിങ്ക്‌ ഇല്ലല്ലോ. അപ്പോ ഞാന്‍ ഗുരുക്കള്‍ക്കു തെറ്റു പറഞ്ഞു കൊടുത്തു? ഐ ആം സ്റ്റോറി.

പലാശം... ങേ?. കേതുവിനെ അങ്ങനല്ലേ പ്രാര്‍ത്ഥിക്കാറ്‌?
"പലാശ പുഷ്പ സംകാശം കാശ്യപേയം മഹാദ്യുതം രൊുദ്രം രൌദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം.."
അപ്പോ പലാശപ്പൂവ്‌ രൌദ്രമായ ചുവപ്പു പുഷ്പം .. ഘോരം.. കണ്ടങ്കോരം..മനസ്സിന്റെ അന്തരാഷ്ട്രത്തിലെങ്ങ്നോ ചമത മരത്തിന്റെ മുടിഞ്ഞ ചെവല തെള്ളിക്കേറി വരുന്ന്.

ഒച്ചനക്ഷത്രാവലി കുറച്ചു മുന്നോട്ട്‌ മറിച്ചു. ചമത, പ്ലാശു വൃക്ഷം,
പലാശം.ഈപ്പി നാരായണേട്ടന്റെ ഡിക്ഷണറി കൂടെ നോക്കി. പലാശം =ചമത.

യുറീക്കാ. ശാസ്ത്രകേരളം. ബാലരമാ, പൂമ്പാറ്റാ. നമ്മടെ ചമതാ പാര്‍ട്ടി. പഴേ മുനികന്യകമാര്‍ ലതിന്റെ തൊലിയല്ലെ അടിച്ചു പഞ്ചറാക്കി കാഞ്ചീപുരം മരവുരിയും ബനാറസ്‌ കഞ്ചുകവും ഉടുത്തത്‌. ഇതിന്റെ വിറകൊടിച്ചല്ലേ സന്യാസിമാര്‍ അതിരാത്രവും നടത്തി അടി തിരിഞ്ഞവരും സോമയാഗം നടത്തി ചോ മാതിരി ആയതും (മാതിരി അല്ലാത്ത ഒറിജിനല്‍ ചോ. നമ്മുടെ രാമസ്വാമി, ചിരം ജീവി ആണെന്ന തോന്നുന്നത്‌, എത്രായിരം കൊല്ലമായി താടിച്ചേട്ടന്മാര്‍ ചോ മാതിരി ആകാന്‍ ശ്രമിക്കുന്നു..)

ഇതിന്റെ തോല്‍ ഇഞ്ചക്കുത്തു കുത്തി പിന്നെ പിരിച്ചു കയര്‍ ആക്കിയതിനാത്തല്ലേ നിര്‍വ്വാണം കിട്ടാത്ത ബുദ്ധസന്യാസിമാരും മറ്റും "ലിപ്റ്റണ്‍ റ്റീ ബാഗ്‌" (ക്രെഡിറ്റ്‌ സെമിക്ക്‌) ചമഞ്ഞത്‌?

ലിങ്കാന്‍ തണുപ്പബ്ബ്ലോഗിലോട്ടു ചെന്നപ്പോ ഗുരുക്കള്‍ അവിടെ വീണ്ടും ശ്ലോകിച്ചു വച്ചിരിക്കുന്നു.ചമതാ.. ഗുരുക്കളേ, ഈ മരമെന്നു കരുതിയാണു ഭ്രമരം ഭ്രമിച്ച്‌ കിളിച്ചുണ്ടേല്‍ ചുംബിച്ചത്‌. ഹാവൂ.

MSK Prathapന്റെ പുസ്തകം കൂടി തുറന്നു. ചമത = butea monosperma

എത്രവേണം ചിത്രം? ദാ...

5 comments:

evuraan said...

പലാശം ചമതയാവാം.

ചമത പൂക്കുമോ എന്തോ?

കണ്ണൂസ്‌ said...

ദേവാ,

പലാശ പുഷ്പ സംകാശം
താരകാകാര മസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

എന്നാണ്‌.

കാശ്യപേയം മഹാദ്യുതിം സൂര്യ സ്തോത്രം ആണ്‌. ഇങ്ങനെ

ജപാകുസുമ സങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോഘ്നം സര്‍വ പാപഘ്നം
പ്രണതോസ്മി ദിവാകരം.

ദേവന്‍ said...

താങ്ക്യൂ കണ്ണൂസേ. താരകാകാര മസ്തഹന്‍ തന്നെ കേതു, രാഹുപ്പാമ്പിന്റെ തല വെട്ടിയ നക്ഷത്രമല്ലേ. ഇടയില്‍ ആദിത്യനെ ഓന്‍ലൈന്‍ കണ്ടതുകൊണ്ടാകും സൂര്യന്‍ മിക്സ്‌ ആയത്‌!! വയസ്സായേ പിന്നെ ഓര്‍മ്മ കണക്കാ.

സംഭവം എന്തായാലും രൌദ്രമായ ചുവപ്പാണല്ലോ.. ലതു തന്നെ ചമത പൂവ്‌.

എവൂരാനേ, ചമതയുടെ പൂക്കള്‍ ആ ലിങ്കില്‍ ഉണ്ട്‌.

http://www.plantcreations.com/images/Butea_monosperma_amazing.jpg

പാപ്പാന്‍‌/mahout said...

ലിപ്‌ടണ്‍ ആദ്യമായി പരാമര്‍‌ശിച്ചത് കലേഷല്ലേ?

Makayiram Thirunal Marthanda Varma said...

പ്ലാശിൻ ചമത, അത്തിച്ചമത, വന്ഹിചമത, കൂവള ചമത, കരിങ്ങാലി ചമത, അശ്വത്ഥ ചമത (ആൽമരം) തുടങ്ങി ഏതു വൃക്ഷത്തിന്റെ ശാഖകൾ വിറകായി ഹോമത്തിനുപയോഗിക്കുന്നു എന്നനുസരിച്ച് "ചമത" എന്ന പ്രയോഗം ഭാഷയിൽ ചേരുന്നു. പലാശം എന്ന പദം സംസ്കൃതത്തിൽ - അത് തന്നെ മലയാളത്തിൽ പ്ലാശ് / പ്ലാശിൻ മരം എന്നൊക്കെ പ്രയോഗിക്കുന്നു. ഇതിൽ ചർച്ചക്കായി പ്രത്യേകം ഒന്നുമില്ല - ഈ വക ദ്രവ്യങ്ങൾ ഹോമിക്കുമ്പോൾ, അവയുടെ അഗ്നി ആ പരിസരമാകെ പരിണാമത്തിനു വിധേയമാക്കുന്നു എന്നത് അഗ്നിയെ കുറിച്ച് അറിയുന്നവർ മനസ്സിലാക്കുന്നു. വായുവിനും, ജലത്തിനും, ഭൂമിക്കും ( ) പോലെ അഗ്നിയുടെ പ്രത്യേകത ഇന്നുവരെ ആധൂനിക ശാസ്ത്രം പഠിച്ചിട്ടില്ല എന്നതിൽ നമുക്ക് ഖേദിക്കാം.