Wednesday, June 28, 2006

സാമൂഹിക പ്രതിബദ്ധത

വണ്ടികളുടെ ഹെഡ് ലൈറ്റ്, ചോരത്തിളപ്പുള്ള യുവാക്കളില്‍ ഉളവാക്കുന്ന സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് ശ്രീജിത്തിന്റെ പോസ്റ്റില്‍ വായിച്ചപ്പോളാണ്, ഈ സംഭവം ഓര്‍മ വന്നത്.
അന്ന് ഞാന്‍ ബാംഗ്ലൂരില്‍, സി.വി.രാമന്‍‌ നഗറിലുള്ള എന്റെ ഓഫീസിലേക്കും, തിരിച്ചും, പുതുപുത്തന്‍ അംബീഷനില്‍ പറന്നു നടക്കുന്ന കാലം.
അങ്ങനെ ഒരു ദിവസം, കോറമാംഗലയില്‍ നിന്ന് റിംഗ് റോഡിലൂടെ, എയര്‍‌പോര്‍ട്ട് ജംഗ്‌ഷനിലേക്ക് ട്രാഫിക്ക് ജാമിനകത്തൂടെ അടുത്ത് കൊണ്ടിരിക്കെ, എതിരെ വരുന്ന ലൈനില്‍കൂടി ദാ വരുന്നു ഒരു കൈനറ്റിക് ഹോണ്ട, മെല്ലെ മെല്ലെ...ഹെഡ്‌ലൈറ്റും കത്തിച്ചോണ്ട്.
വല്ല തമിഴനോ, തെലുങ്കനോ, കന്നഡിഗനോ ആണെങ്കില്‍ പോ പുല്ല്, എനിക്കെന്ത് ചേതം എന്ന് ഞാന്‍ വിചാരിച്ചേനെ..
ഇത് കൈനറ്റിക്കിന്റെ മുകളില്‍ , ഒരു യുവ സുന്ദരി...കാണുന്ന സുന്ദരിമാരോടെല്ലാം ഒരു നിമിഷം കൊണ്ട് പ്രേമം തോന്നുന്ന പ്രായത്തിലായിരുന്ന ഞാന്‍ ആ നിമിഷം ആ നടുറോഡില്‍ വച്ച് ആ സുന്ദരിയുടേയും ആരാധകനായി. ഹോ എന്നാ അഴക്!!

ഏതായാലും ഞാനും ലവളും ഓപ്പസിറ്റ് സൈഡിലേക്കാണ് വണ്ടിയില്‍ പോകുന്നത്. “ലബ്ബ്” ഒന്നും ഡെവലപ്പ് ചെയ്യാന്‍ പോണില്ല. പിന്നെ ഇത്ര സുന്ദരിമാര്‍ റ്റു ലെറ്റ് അവസ്ഥയില്‍ അധികകാലം നില്‍ക്കാനും ഒട്ടും വകുപ്പില്ല..

അപ്പോ എന്നതേലുമാട്ടെ, ഇവള്‍ക്കൊരു ഉപകാരമെങ്കിലും ചെയ്തേക്കാം എന്ന് കരുതി, സ്പീഡ് കുറച്ച്, വണ്ടി ആ ജാമിനകത്തുകൂടി വളച്ച് തിരിച്ച് അവളുടെ അടുത്ത് ഓപ്പസിറ്റ് പൊസിഷനില്‍ എത്തിച്ചു.

ഞാന്‍ ഹെല്‍മെറ്റ് ഇട്ടിരുന്നത് കൊണ്ട്, “ പെങ്ങളേ, നിങ്ങടെ വണ്ടീടെ ലൈറ്റ് ഓണാ“ണെന്ന് പറയാന്‍ പറ്റില്ലായിരുന്നു.

അതു കൊണ്ട്, സാധാരണ എതിരെ പാഞ്ഞു പോകുന്നവരോട് ലൈറ്റ് ഓണാണ് എന്ന് കാണിക്കുന്ന ആംഗ്യ സിഗ്നല്‍ ഞാന്‍ അവളുടെ നേരെ കാണിച്ചു.

കൈ അവളുടെ നേരെ പിടിച്ച് വിരലുകള്‍ വിടര്‍ത്തുകയും അടക്കുകയും ചെയ്തു കൊണ്ടുള്ള ആ സര്‍‌വ്വ സാധാരണ സിഗ്നല്‍.

അവളെന്റെ ഹെല്‍മെറ്റിട്ട മുഖത്തേക്കും കൈകളിലേക്കും ഒന്ന് മാറിമാറി നോക്കി.
പിന്നെ...

പ്‌ഫ!!!!
എന്നൊരാട്ട്.

എന്റെ സിഗ്നല്‍ കലിപ്പായി എന്ന് മനസിലാക്കിയ ആ നിമിഷം, ആറ് സെക്കന്റില്‍ നൂറ് പിടിക്കുന്ന വണ്ടി അന്ന് രണ്ട് സെക്കന്റില്‍ നൂറ്റമ്പതിലെത്തി.

23 comments:

ചില നേരത്ത്.. said...

അരവിന്ദേ സിഗ്നല്‍ വിവരണം കേട്ടപ്പോള്‍ പച്ച കത്തി.
ആട്ടല്ലേ കിട്ടിയുള്ളൂ..സമാധാനിക്കൂ..

സങ്കുചിത മനസ്കന്‍ said...

അര്‍വിന്നാ....
ഒറ്റക്കൈകൊണ്ട്‌ കണിക്കണമായിരുന്നു. രണ്ടുകൈയ്യും ഉപയോഗിച്ചാല്‍ ആട്ട്‌ ഷുവറല്ലേ.... ഹി ഹി ഹി ഹി

വിശാല മനസ്കന്‍ said...

ങ്യാഹഹഹ..

വായനക്കാരെ, ആ സ്പോട്ടിലെത്തിക്കാനുള്ള അരവിന്ദന്റെ കഴിവുണ്ടല്ലോ..അതാണ്, അതാണ്..!

വക്കാരിമഷ്‌ടാ said...

ലെവരും ഹെല്‍‌മറ്റ് വക്കാത്തത് നന്നായി. അല്ലെങ്കില്‍ പ്‌ഭ‌ഫാ‍ാ‍ാ എന്ന് ആട്ടുമ്പോളുള്ള തുപ്പലൊക്കെ അവരുടെ മുഖത്തുതന്നെയിരുന്നേനെ.

തീവണ്ടിയില്‍ ഇടതുകൈയില്‍ ചൂടു ചായഗ്ലാസ്സും പിടിച്ച് സീറ്റില്‍ ആപ്പുവെച്ച് ബാലന്‍സുപിടിച്ചിരിക്കുന്ന അണ്ണനോട് ഓപ്പസിറ്റിരിക്കുന്ന അണ്ണന്‍ സമയം ചോദിക്കുമ്പോള്‍ വാച്ചിന്റെ ആം‌ഗിളു ശരിയാക്കാന്‍ ഇടതുകൈ ചെരിക്കുന്ന അണ്ണനും ഇതുപോലുള്ള പറ്റ് പറ്റും. ചൂടു ചായമുഴുവന്‍ മടിയില്‍.

കുറുമാന്‍ said...

അരവിന്ദോ, അന്ന് വണ്ടി രണ്ട് മിനിട്ടില്‍ നൂറ്റമ്പത് പിടിച്ചില്ലായിരുന്നില്ലെങ്കില്‍, ഇന്നീ മുഖകാന്തി, ശോഭ,ശോണിമ ഒന്നും തന്നെ മുഖത്തു കാണില്ലായിരുന്നൂല്ലേ...

കലക്കി

സങ്കുചിത മനസ്കന്‍ said...

കുറൂ...
മലയാളം ക്ലാസില്‍ കയറാത്ത കുറൂ ഈ പര്യായങ്ങള്‍ എങ്ങനെ പഠിച്ചു? കാന്തി, ശോഭ, ശോണിമ????? അതോ കാലാട്ടനേരത്തെ നയനസുഖങ്ങളുടെ പേരുകള്‍ വച്ചുകാച്ചിയതോ?

വക്കാരിമഷ്‌ടാ said...

എന്നില്‍ ഉമേഷ്‌ജി ആവാഹിച്ചിരിക്കുന്നതിനാല്‍ ഞാന്‍ പറയട്ടെ, മുഖകാന്തി മുഖത്തുമാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. മുഖകാന്തി പുറത്തും അതുപോലുള്ള ശരീരഭാഗങ്ങളിലും കാണാനുള്ള സാധ്യത തുലോം കുറവാണ്. അതുകൊണ്ട് ഒന്നുകില്‍ കാന്തി മുഖത്ത് അല്ലെങ്കില്‍ മുഖ കാന്തി. മുഖകാന്തി പിന്നെ ഒന്നുകൂടി മുഖത്ത് പൂശിയാല്‍ വിവരമറിയും പക്ഷേ മുഖവും പുറവും അതിനു താഴെയുള്ള ശരീരഭാഗങ്ങളും ഒരേപോലിരിക്കുന്ന ചിലരില്‍ മുഖകാന്തി പുറത്തും കണ്ടേക്കാം. അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ മുഖകാന്തി മുഖത്തുതന്നെയാണോ എന്ന് വ്യക്തമാക്കേണ്ടിവരും. പക്ഷേ അര്‍‌വിന്ദന്റെ മുഖവും പുറവും ഒന്നുപോലെയല്ലാ എന്ന് നിസ്സംശയം പറയാന്‍ കഴിയും. അര്‍‌വിന്ദന്‍ ആപ്പ്രിക്കായില്‍ ചെന്നിട്ടിട്ട ആ ഫോട്ടം നോക്കിയാല്‍ മതി. ആ മുഖത്തിനു തുല്ല്യം ആ മുഖം മാത്രം.....:)

(കുറുമയ്യാ, വേറേ പണിയൊന്നുമില്ലാത്തതുകൊണ്ടാണേ)

ഇടിവാള്‍ said...

കലക്കി, അരവിന്നോ ...

അവളെന്റെ ഹെല്‍മെറ്റിട്ട മുഖത്തേക്കും കൈകളിലേക്കും ഒന്ന് മാറിമാറി നോക്കി.
പിന്നെ...


അപ്പോ, കൈ രണ്ടും ഉപയോഗിച്ചിരുന്നൂന്നു വ്യക്തം !!!!

ദില്‍ബാസുരന്‍ said...

ബാംഗ്ലൂരില്‍ എന്റെ റൂം മേറ്റായിരുന്ന ഒരു ഗെഡി മൂക്കിലൂടെ ചെവല ചോരയൊലിപ്പിച്ചും കൊണ്ട് വന്നിട്ട് ഇതേ വാലിഡ് റീസണ്‍ (അവലംബം: ബിരിയാണിക്കുട്ടി) കാച്ചിയിട്ടുണ്ട്. അന്ന് അവന്റെ കയ്യിലിരിപ്പ് അറിയാമായിരുന്നത് കൊണ്ട് ആര്‍ വി റോഡിലെ സ്ഥിരം ബാറിലെ അണ്ണന്മാര്‍ സല്‍ക്കരിച്ചതാവുമെന്ന് കരുതി. ഇത് വായിച്ചപ്പോള്‍ ഒരു സംശയം. ഇനി അവന്‍ അന്ന് സത്യം പറഞ്ഞതാണോ?

എന്തായാലും ഇത് അത്രത്തോളമൊന്നും ആവാഞ്ഞത് നന്നായി.

ഡാലി said...

സ്കൂട്ടര്‍ ഓടിക്കാന്‍ തുടങ്ങിയ കാലത്തു ഈ സിഗ്നല്‍ കണ്ടു കുറച്ചു പകച്ചു പോയിട്ടുണ്ട്‌. പിന്നീട് ഈ സിഗ്നല്‍ കാണിച്ച എന്നേയും ചിലര്‍ തുറിച്ചു നോക്കിയിട്ടുണ്ട്‌. ആ കുട്ടി ഓടിച്ചു തുടങ്ങിയിട്ടേ ഉണ്ടാവൂന്നേ... അരവിന്ദിന്റെ നല്ല കാലം എന്നല്ലാതെ എന്തു പറയാന്‍

ബിന്ദു said...

അയ്യോ...:) ശരിയ്ക്കും എനിക്കു വയ്യായേ..(മനസ്സിലൊന്നു സങ്കല്‍പ്പിച്ചു , അത പറ്റിയതു :) )

തണുപ്പന്‍ said...

സാരമില്ല, വരാനുള്ളത് വഴീല്‍ തങ്ങൂല്ലാന്നോ, പുലിയായി വന്നത് എലിയായി പോയിന്നൊ ഒക്കെയങ്ങ് കരുതി സമാധാനിക്ക്

വഴിപോക്കന്‍ said...

ഇതോ സാമൂഹ്യ പ്രതിബദ്ധത?
സത്യത്തില്‍ അരവിന്ദന്‍ ഈ സിഗ്നല്‍ കാണിയ്ക്കാനായി ലൈറ്റിട്ട്‌ പോകുന്ന പെണ്‍കുട്ടികളെ നോക്കി നടക്കുകയായിരുന്നില്ലെ? :)

പണ്ട്‌ (bangalore വച്ച്‌ തന്നെ) ഇത്തിരി ആഡംബരമായി ഈ സിഗ്നല്‍ കാണിച്ച്‌ ഒരു ഫ്രണ്ടിനെ തേടി അടി പാര്‍സലായി വന്നിട്ടുണ്ട്‌ വീട്ടിലേയ്ക്ക്‌.

വിവരണം കലക്കീ

ബിരിയാണിക്കുട്ടി said...

അടി കൊണ്ട്‌ തൊണ്ടെടെ സില്‍ബറ് പോയ ഇന്ദ്രന്‍സ്, ജഗതിയോട് നായികയെ നായകന്‍ കേറിപിടിക്കാന്‍ ശ്രമിച്ചു എന്ന് വിവരിക്കുന്ന സീനാ ഓര്‍മ്മ വരുന്നത്. പടം - പട്ടാഭിഷേകം. അരവിന്ദേട്ടോ.. നടക്കട്ടെ.. നടക്കട്ടെ.. ഹീ..ഹീ..ഹീ..

പെരിങ്ങോടന്‍ said...

ഹാഹാ അരവിന്ദൂ ഇതു് ആ പ്രായത്തിലെ ചെറുപ്പക്കാര്‍ക്കെല്ലാം എതിരെവരുന്ന മോട്ടോര്‍സൈക്കിളിസ്റ്റുകളോടു കാട്ടുവാന്‍ തോന്നുന്ന സിഗ്നലല്ലേ, എതിരെ പെണ്ണാണെങ്കില്‍ ഏതു അരവിന്ദനും സിഗ്നലിടും.

saptavarnangal said...

അരവിന്ദാ,
കൊള്ളാം...
ഇതു കൊണ്ടാണ്‌ കൈനെറ്റിക്‌ ഹോണ്ടക്കു പിക്ക്‌-അപ്പ്‌ കുറച്ചും ബൈക്കിനു പിക്‌-അപ്പ്‌ കൂട്ടിയും ഡിസൈന്‍ ചെയ്തിരിക്കുന്നത്‌.. ഈ അരവിന്ദനെ ഒക്കെ ആ ഡിസൈനേര്‍സ്‌ മാനത്തു കണ്ടു...

Adithyan said...

ഗഡീ..
കൈ രണ്ടും വെച്ചാണല്ലേ സിഗ്നല്‍ കാട്ടിയത്...

ബൈക്ക് ഓട്ടിച്ചോണ്ടിരിയ്ക്കുമ്പോള്‍ പോലും ഈ സിഗ്നല്‍ കാട്ടാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ രണ്ടു കൈയ്യും പറിച്ച് സിഗ്നല്‍ കാണിക്കുന്ന കൊറെ പേരെ അറിയാം ;)

ഞാന്‍ ഈ സിഗ്നല്‍ കാണിക്കുന്നതിനു മുന്നെ എപ്പൊഴും ഹെഡ് ലൈറ്റിലേയ്ക്കു നല്ല വ്യക്തമായി ചൂണ്ടിക്കാണിയ്ക്കൂം. ;)
(ഇടിവാള്‍ ചിരിയ്ക്കാന്‍ പാടില്ല :D)

ഇടിവാള്‍ said...

ഹെഡ്‌ ലൈറ്റിലോട്ട്‌ ചൂണ്ടിക്കാണീക്കും... അല്ലേ.. ആദി..
ഒവ്വ : ഒവ്വേ... ;) ! വല്ലാത്തൊരു സാമൂഹ്യപ്രതിബദ്ധത തന്നെ !

ഞാന്‍ ചിരിച്ചിട്ടേയില്ല....

അരവിന്ദ് :: aravind said...

ഇവിടെ ചില മിസ്‌ അണ്ടര്‍സ്റ്റാന്‍ഡിംഗുകള്‍ കിടന്നു കറങ്ങുന്നതിനാല്‍ ഞാന്‍ സംഗതി ക്ലാരിഫൈ ചെയ്യുന്നു.
ഒറ്റ കൈകൊണ്ടാണ് സിഗ്നല്‍ കാണിച്ചത്..സത്യം...കൈകള്‍ എന്ന് പോസ്റ്റില്‍ വന്നത് അച്ചടിപ്രഭാകരന്‍ നിമിത്തമാണ്.
രൂപാ അന്‍പതിനായിരം മുടക്കി വാങ്ങിയ പുത്തന്‍ ബൈക്കീന്ന് രണ്ടു കൈയ്യെടുത്ത് സഹായം നടത്താന്‍ അന്ന് സ്ക്പോപ്പില്ലാരുന്നു സുഹൃത്തുക്കളേ...:-))

ബാംഗ്ലൂര്‍ പോലെയുള്ള സിറ്റികളില്‍ ഇതു പോലെയുള്ള ശല്യം സാധാരണയായത് കൊണ്ട് അതു താനല്ല്യോ ഇത് എന്ന് ആ കുട്ടിക്ക് ഒരു ശങ്ക വന്നിരി‍ക്കാം.

ഏതായാലും അതു കഴിഞ്ഞതില്‍ പിന്നെ ഒരു സാമൂഹിക പ്രതിബദ്ധതയും എന്നെ അലട്ടിയിട്ടില്ല.:-)) ഒണ്‍ലി സ്വന്തം കാര്യം നോക്കി പോ കൂവേ പോളിസി. :-)

ശ്രീജിത്ത്‌ കെ said...

ഇതിന്റെ അപകടം പണ്ട് മനസ്സിലായതില്‍ പിന്നെ ഞാന്‍ ഈ സിഗ്നല്‍ കാണിക്കുമ്പോള്‍ എന്റെ ചെറുവിരലും, മോതിരവിരലും മടക്കിപ്പിടിക്കും. മൂന്ന് വിരല്‍ മതി ആശയം മനസ്സിലാക്കിക്കൊടുക്കാന്‍, തെറ്റിദ്ധാരണ ഉണ്ടാവുകയുമില്ല.

evuraan said...

ഈ പ്രതിപത്തതയ്ക്ക് ആരോഗ്യകരമായ പ്രതിഫലമൊന്നും കിട്ടിയില്ല എന്നതു ഭാഗ്യം.

ശ്രീജിത്തേ, മൂന്ന് വിരല്‍ മാത്രമായാലും ചിലനേരത്ത് വരാനുള്ളത് ഹെല്‍‌മറ്റിനപ്പുറം തങ്ങിയില്ലെന്നും വരാം..

:)

Adithyan said...

മൂന്നു വിരല്‍ ഉപയോഗിയ്ക്കുന്നതാണു കൂടുതല്‍ അപകടം എന്നാണ് എന്റെ അഭിപ്രായം... ;)

ഇടിവാള്‍ എന്തു പറയുന്നു ? :))

പാപ്പാന്‍‌/mahout said...

അരവിക്കുട്ടിപ്പിള്ള പതിവുപോലെ കലക്കി.

അടിതടുത്തുകൊണ്ടിരിക്കുമ്പോ “അണ്ണാ, ചേച്ചീ, ഞാന്‍ സത്യമായും ദേ ഇങ്ങനെ മോതിരവിരലും ചെറുവിരലും മടക്കിപ്പിടിച്ചു മൂന്നുവിരല്‍‌ കൊണ്ടാ സിഗ്നല്‍ കാണിച്ചേ” ന്നു വിളിച്ചുപറയാന്‍ മടിക്കണ്ടാ ശ്രീജിത്തേ...