Friday, June 16, 2006

കുട്ട്യേടത്തിയസ്യ , മണ്ടന്‍ ശ്രീജിത്തസ്യ , പ്രചോദനസ്യ

ഒരിക്കല്‍ നോം (കട: വിശാലേട്ടന്‍) നമ്മുടെ വകയിലെ ഒരു ജ്വേഷ്ടന്റെ ജാതകം ഒത്തുനോക്കാനായി നമ്മുടെ ആസ്ഥാന കണിയാന്റെ അടുത്ത്‌ എത്തിച്ചേരുകയുണ്ടായി. നമ്മുടെ ഉറ്റസുഹൃത്തും കൂടെ എഴുന്നെള്ളിയിരുന്നു.

ആസ്ഥാന കണിയാരുടെ വസതി കോണ്‍ക്രീറ്റ്‌ കൊണ്ട്‌ നിര്‍മ്മിക്കപ്പെട്ടതായിരുന്നു. വാസ്തുകലയില്‍ രഥാലയം എന്നും ഇപ്പോള്‍ കാര്‍ പോര്‍ച്ച്‌ എന്നും അറിയപ്പെടുന്ന സ്ഥലത്ത്‌ ആയിരുന്നു ഇടപാടുകര്‍ അഥവാ കസ്റ്റമേഴ്സ്‌ കാത്തിരിക്കേണ്ടത്‌. ഒടിച്ചുമടക്കാവുന്ന ഇരുമ്പു കസേര നാലെണ്ണം അവിടെ സ്ഥാപിച്ചിരുന്നു വരുന്നവര്‍ക്കിരിക്കാന്‍.

നോം അവിടെ എത്തിച്ചേരുമ്പോള്‍ അകത്ത്‌ കണ്‍സള്‍ട്ടേഷന്‍ നടക്കുകയായിരുന്നു. അതിനാല്‍ തോഴനോടൊപ്പം നമ്മള്‍ തുരുമ്പുമണമുള്ള കസേരയില്‍ ഇരുന്നു.

മറ്റുള്ളവരുടെ സ്വകാര്യതയില്‍ എത്തി നോക്കുന്ന നമ്മുടെ ശീലം ഇവിടെയും പൊന്തി വന്നു.എത്തിനോക്കി. സാരിയുടുത്ത യുവതി. 30 വയസ്സു തോന്നിക്കുമായിരിക്കണം. കൂടെയൊരു മദ്ധ്യവയ്സ്ക.

ലോകത്തുള്ള കണിയാന്മാരില്‍ 100ല്‍ 99..99 ഉം ശ്ലോകം ബെയ്സ്ഡ്‌ ആണല്ലോ?അതായത്‌
ഗംഭീര ഹോട്ടസ്യ
സഹി ന കര്‍മ്മസ്യ'
എന്തൊരു ചൂട്രപ്പ, സഹിക്കാന്‍ പറ്റണില്ല്യടക്കെ' എന്ന് പറയുന്നതിന്‌ മുമ്പ്‌ അവര്‍ എബൌവ്‌ മെന്‍ഷന്‍ഡ്‌ ശ്ലോകം ട്രാന്‍സ്മിറ്റ്‌ ചെയ്തിരിക്കും.

അകത്തു നടന്ന ഡയലോഗ്‌ ചോര്‍ത്തിയത്‌:

കണിയാന്‍:
സഹസ്രാമറി പറഞ്ഞസ്യന:
പരിണയ യോഗസ്യ:
ച്ചാല്‍. കുട്ടീ, ആയിരം മറി ഞാന്‍ പറഞ്ഞുതന്നതല്ലേ? കുട്ടീയുടെ ജാതകത്തില്‍ വ്യാഴം കോങ്കണ്ണിനാല്‍ നോക്കി നില്‍ക്കുകയാണ്‌. കോടിയില്‍ ഒരാള്‍ക്ക്‌ വരുന്ന യോഗം. വിവാഹയോഗം ല്ല്യ ത്രന്നെ.

ഒരു യുവതിയുടെ മധുരതരമായ ചെറു ശബ്ദത്തിന്‌ ഇടിമുഴക്കമാകാന്‍ കഴിയുമെന്ന് എനിക്ക്‌ മനസിലായത്‌ ആ നിമിഷമായിരുന്നു.

ചെവി കൂര്‍പ്പിച്ചുപോയി. മലയാളി ആയിപ്പോയില്ല്യേ?

ഇടിമുഴക്കം: അല്ല പണിക്കരേ.... ഈ സീതയും രാമനും ജാതകം നോക്കിയിട്ടാണോ കെട്ടിയത്‌? വില്ലൊടിച്ചവന്‍ കെട്ടി. അത്രല്ല്യേ ഉള്ളൂ. ജാതകം ചേര്‍ന്നവന്മാരൊന്നുമല്ലല്ലോ വില്ല് ബ്രേയ്ക്ക്‌ ചെയ്യാന്‍ വന്നത്‌. ആണോ പണിക്കരേ?
കണിയാന്‍: പ്പെ പ്പെ പ്പെ പ്പെ പ്പെ പ്പെ പ്പെ

ഇടിമുഴക്കം: വാസ്‌ പാണ്ഡവ- ദ്രൌപതി കമ്പയേര്‍ഡ്‌ ദേര്‍ ജാതകംസ്‌?

കണിയാന്‍: ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള

ഇടിമുഴക്കം: കൃഷ്ണന്‍ ഭാമ?കണിയാന്‍: പ്പു പ്പു പ്പു പ്പു പ്പു പ്പു പ്പു പ്പു പ്പു

ഇടിമുഴക്കം: ഭീമന്‍ ഹിഡുംബി???? ഈസ്‌ ദേര്‍ എനി എവിഡന്‍സ്‌ ഇന്‍ മഹാംഭാരത? ടെല്‍ മീ..

കണിയാന്‍: ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ

ഞങ്ങള്‍ കൂടി കയ്യിലുള്ള ജാതകങ്ങള്‍ 1432 കഷ്ണങ്ങളാക്കി. പുറത്തിറങ്ങിയ ആ യുവതിയെ കടലാസ്‌ വൃഷ്ടിയില്‍ മുക്കി, ജാതക യുക്തിവാദികളായി പ്രഖ്യാപിച്ചു.

ഇതസ്യ പോസ്റ്റസ്യ ശുഭസ്യ:
കുട്ട്യേടത്തിയസ്യ പോസ്റ്റസ്യ
മണ്ടന്‍ ശ്രീജിത്തസ്യ പോസ്റ്റസ്യ
പ്രചോദനസ്യ ഇതി പോസ്റ്റസ്യ
പ്ലീസ്‌ കമന്റസ്യ:

16 comments:

K.V Manikantan said...

atnaഇതസ്യ പോസ്റ്റസ്യ ശുഭസ്യ:
കുട്ട്യേടത്തിയസ്യ പോസ്റ്റസ്യ
മണ്ടന്‍ ശ്രീജിത്തസ്യ പോസ്റ്റസ്യ
പ്രചോദനസ്യ ഇതി പോസ്റ്റസ്യ
പ്ലീസ്‌ കമന്റസ്യ:

മുല്ലപ്പൂ said...

"ആണോ പണിക്കരേ?
കണിയാന്‍: പ്പെ പ്പെ പ്പെ പ്പെ പ്പെ പ്പെ പ്പെ"

ഹ ഹ ഹ..
നന്നാ‍ായി ചിരിച്ചു.. എഴുതു സൂപ്പര്‍

Anonymous said...

കമന്റസി :)

പൊന്മുട്ടയിടുന്ന തട്ടാനില്‍ ഇന്നസെന്റ്‌ കാണാതായ ഒടുവിലിന്റെ പശുവിന്‌ വേണ്ടി കവടി നിരത്തി പറഞ്ഞപോലെത്തെ 'സ്യ' കളാണല്ലോ.

തണുപ്പന്‍ said...

ഉഗ്രനായിട്ടുണ്ടസ്യ, ഇനിയും വരട്ടസ്യ, പശു ഗോവ നഹി നഹി

K.V Manikantan said...

വഴിപോക്കാ

ന്റുപ്പാപ്പയ്കൊരാനേണ്ടാര്‍ന്ന്.....
അവസാന പേജ്‌. ആദ്യപോസ്റ്റില്‍ കടപ്പാട്‌ വച്ചതായിരുന്നു.

Visala Manaskan said...

..വാസ്തുകലയില്‍ രഥാലയം എന്നും ഇപ്പോള്‍ കാര്‍ പോര്‍ച്ച്‌ .. പോസ്റ്റ് മൊത്തം ചിരിച്ചുചിരിച്ച് വായിച്ചു.

തുരുമ്പുമണമുള്ള കസേരയില്‍ ഞാനുമുണ്ടായിരുന്നു!

രാജീവ് സാക്ഷി | Rajeev Sakshi said...

സങ്കുചിതനും അപ്പോള്‍ സങ്കുചിത സ്വഭാവമൊക്കെ കളഞ്ഞ് വിശാലമായി എഴുതാന്‍ തുടങ്ങീ ല്ലേ.
നന്നായി.
ഇനീം പോന്നോട്ടെ, ഓരോന്നോരോന്നായി.

ദേവന്‍ said...

പത്തില്‍ പത്തും പൊരുത്തമുള്ള ജാതകം കണ്ടിട്ടുണ്ടോ മാലോരേ?
എന്റെ അമ്മാവനും അമ്മായിയും അങ്ങനെ ആയിരുന്നു. സുഖമായി ജീവിച്ചിരുന്ന രണ്ടുപേര്‍, അവര്‍ കെട്ടിയന്നുമുതല്‍ രണ്ടിനും കഷ്ടകാലം. അവസാനം ചെറുപ്പത്തില്‍ തന്നെ മരിച്ചും പോയി ഇരുവരും.

Cibu C J (സിബു) said...

പറയാന്‍ പാടുണ്ടോ എന്നറിയില്ല... വിവാഹത്തിന് ജാതകം നിര്‍ബന്ധം പിടിക്കുന്നത്‌ വലിയൊരു സാമൂഹികതിന്മയാണ് - എല്ലാവരുടേയും വിശ്വാസങ്ങള്‍ കൂടി ഒരുമിച്ചുണ്ടാക്കുന്ന ഒരു തിന്മ(സിനര്‍ജിയുടെ വിപരീതം). സ്ത്രീധനം, സ്വജാതീ വിവാഹം എന്നിവയില്‍ അല്പമെങ്കിലും കാര്യമുണ്ടെന്നുവേണമെങ്കില്‍ സമ്മതിക്കാം. ജാതകത്തില്‍ അത്ര പോലും കണ്ടില്ല.

Kalesh Kumar said...

പുലികള്‍ രണ്ടുപേരും ചേര്‍ന്ന് ജാതകം നോക്കാന്‍ പോയ കഥ നന്നാ‍യിട്ടുണ്ട് സങ്കുചിതാ!(ബാക്കി ചരിത്രങ്ങള്‍ കൂടെ വേഗം പോസ്റ്റൂ!)

കണ്ണൂസ്‌ said...

സങ്കു :-)

ഇതു കേട്ടപ്പോള്‍ ഓര്‍മ്മ വന്ന ഒരു കഥ.

പ്രശസ്തമായ ഒരു ജ്യോതിഷ കുടുംബത്തിന്റെ ബാനറും വെച്ച്‌, ജ്യോതിഷാലയം നടത്തിയിരുന്ന ഒരു വിദ്വാന്‍ ഉണ്ടായിരുന്നു ആലത്തൂര്‌. ഒരിക്കല്‍, ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഇയാളുടെ അടുത്തു പോയി. സുഹൃത്തിന്റെ ജാതകം നോക്കലായിരുന്നു ഉദ്ദേശം. ശങ്കു പറഞ്ഞ പോലെ, സ്വകാര്യതയില്‍ എത്തിനോട്ടം തടുക്കാനാവത്തതു കൊണ്ടാവും, എന്റെ ചങ്ങായി ഇടക്കിടെ ജ്യോത്‌സന്‍ ഇരിക്കുന്ന മുറിയുടെ ജനലിനടുത്തു പോയി നിന്ന് കാതോര്‍ക്കും. പിന്നെ തിരിച്ചു വന്ന് കൈ തിരുമ്മി കസേരയില്‍ ഇരിക്കും. അങ്ങിനെ, രണ്ട്‌ മൂന്ന് പേരുടെ ഊഴം കഴിഞ്ഞപ്പോള്‍ നമ്മടെ ആള്‍ടെ ക്ഷമ പോയി. "പൂവാടാ, ഇബനൊന്നും ഒരു വിവരൂല്ല്യാത്ത ജാതിയാണ്‌" എന്നായി. എന്തായാലും വന്നതല്ലേ ഇരിക്ക്‌ എന്ന് പറഞ്ഞ്‌ അവനെ പിടിച്ചിരുത്തി ഞാന്‍.

അങ്ങനെ ഞങ്ങടെ ഊഴം ആയി. ജാതകം നോക്കിയ പണിക്കരുടെ മുഖത്ത്‌ ആകെ നിരാശാഭാവം.

പണിക്കര്‍ : ഔ.. ആകെ മോശം കാലാണല്ലോ കുട്ട്യേ.. ഏഴരശ്ശനിയാണ്‌.. കൊറെക്കാലം കൂടി കഷ്ടപ്പാട്‌ണ്ടാവും.. നല്ല ദൈവ വിചാരത്തോടെ ഇരിക്ക്യാ.. ശിവന്റെ അമ്പലത്തില്‍ ധാരീം വെളക്കും കഴിക്ക്യാ.. പരക്കാട്ട്‌ കാവില്‌ ജന്മനാളില്‌ മൊടങ്ങാണ്ട്‌ കൂട്ടു പായസം കഴിക്ക്യാ,..."

ഞാന്‍ വിഷമത്തോടെ സുഹൃത്തിനെ നോക്കി.. സാധാരണ ചെറുതെന്തെങ്കിലും കേട്ടാല്‍ ബേജാറാവുന്ന അവന്‌ അവന്‌ യാതൊരു കൂസലുമില്ല..

പണിക്കര്‌ തുടരുകയാണ്‌: ഇതൊക്കെ ചീതാലും എല്ലാം ഭേദാവുന്ന് ഞാന്‍ പറയ്‌ണില്ല്യ.. ..... വെയിലത്ത്‌...

സുഹൃത്ത്‌ എഴുന്നേറ്റു. " വെയിലത്ത്‌ ഒരു കൊട പിടിച്ച പോലെ ഇണ്ടാവും അല്ലേ പണിക്കരേ? "

പണിക്കര്‌ ഞെട്ടി..

സുഹൃത്ത്‌ " പരക്കാട്ട്‌ കാവില്‌ എന്തു കഴിക്കണം ന്നാ താന്‍ പറഞ്ഞത്‌?"

പണിക്കര്‍ : കൂട്ടു പായസം..

സുഹൃത്ത്‌ : ഡോ കള്ളപ്പണിക്കരേ.. പരക്കാട്ട്‌ കാവില്‌ കൂട്ടു പായസംന്നൊരു വഴിപാടില്ല്യടോ.."

പണിക്കര്‍ : എന്താ കുട്ടീ താന്‍ ഇങ്ങന്യൊക്കെ പറയണ്‌.. താന്‍ പരക്കാട്ട്‌ കാവില്‌ പോയി നോക്കൂ.. തന്റെ കഷ്ടകാലം മാറും. ഒറപ്പ്‌."

സുഹൃത്ത്‌ : ഡോ.. കൊറെ നേരായി ഞാന്‍ വെളീന്ന് തന്റെ ഡയലോഗ്‌ കേക്ക്‌ണൂ.. വര്‌ണവര്‌ടെ അട്‌ത്തൊക്കെ വെയിലത്ത്‌ കൊട പിടിക്കലും, പരക്കാട്ട്‌ കാവില്‌ കൂട്ട്‌ പായസൂം... ഡോ.. 5 കൊല്ലായി ഞാന്‍ പരക്കാട്ട്‌ കാവിലെ കൌണ്ടറിലിരുന്ന് വഴിപാട്‌ ശീട്ട്‌ എഴ്‌ത്‌ണൂ.. ഇത്‌ വരെ കൂട്ട്‌പായസംന്നൊരു വഴിപാട്‌ ഞാന്‍ കണ്ടിട്ടില്ല്യ.. എന്റടുത്താ താന്‍ ഇത്‌ പറയ്‌ണ്‌.... കള്ള # $ %&!*

കുറുമാന്‍ said...

സങ്കുവിന്റെ കഥ ദേ ഇപ്പോളാ കണ്ടാ....വായിച്ചപ്പോള്‍ കമന്റിടാന്‍ മനം പറഞ്ഞസ്യ, അതിനാല്‍ കമന്റിടുന്നസ്യ.

കഥ കൊള്ളാമസ്യ......പണിക്കേഴ്സ് മൊത്തം ഫ്രോഡസ്യ...

ഏടക്കുളത്ത്, വാസു പണീക്കര്‍....കേമന്‍ മാത്രമല്ല...കെങ്കേമന്‍. ജാതകം ഗുണിച്ച് പറഞ്ഞാല്‍ കിറു ക്രിത്ത്യം ആണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

വരാന്‍ ഇരിക്കുന്ന അപകടങ്ങള്‍, കഷ്ടകാലം, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ഇത്യാദി ഗ്രഹങ്ങളുടെ അപഹാരവും, ഉപകാരവും ഗണിച്ച് പറഞ്ഞ്, വാസു, ഓടിട്ട ഇടിച്ചു പുതിയ ഗ്രാനൈറ്റ് ഇട്ട വീടു പണിതു. വിസിറ്റേഴ്സിനു ഇരിക്കാന്‍ വിശാലമായ ഹാള്‍ പണിതു.

സൈക്കിള്‍ മാറ്റി ഹീറോഹോണ്ട വാങ്ങിയത് വിറ്റ്, സുമോ വാങ്ങി.

പാവം ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റ് നോക്കിയപ്പോള്‍, ഭാര്യയെ കാണുന്നില്ല...

വീടു പണിത കോണ്ട്രാകറ്ററുടെ കൂടെ പണിക്കത്തി ഒളിച്ചോടും എന്നത് പണിക്കന് കണക്കുകൂട്ടി കണ്ടു പിടിക്കാന്‍ പറ്റിയില്ല.

അന്ന്, തെക്കേ കുളത്തിലേക്ക്, കവടി വലിച്ചെറിഞ്ഞ്, വീടു വിറ്റ് പാവം മുങ്ങി.

കുറുമാന്‍ said...

ഒരൊറ്റ പോസ്റ്റും അതിനോടനുബന്ധിച്ചു വന്ന കമന്റുകളും കാരണം, ബൂലോഗ ക്ലബ്ബില്‍നിന്നും ആളുകള്‍ പിരിഞ്ഞു പോകുകാ, ക്ലബ്ബ് പൂട്ടുകാന്നൊക്കെ പറഞ്ഞാല്‍ അതു ശരിയാണോ, ബൂലോകരേ?

വരുക വരുക സഹജരേ
ശ്രീജിത്തേ എന്തിനാ ഗുഡ് ബൈ ഒക്കെ പറയണേ.

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

ഞാനും അര്‍ഹിക്കാതെ കിട്ടിയ എന്റെ അഡ്‌മിന്‍ പദവി ഉപേക്ഷിച്ചു. പദവികളും ഭാരവും വേദനാജനകവുമാകുന്ന ഒരു സ്ഥിതി.

മന്‍‌ജിത്തിന്റെ കമന്റു വായിച്ചു. ദുഃഖം തോന്നി.

ഇതൊരു അടഞ്ഞ അദ്ധ്യായമാകട്ടേ എന്നു പ്രത്യാശിക്കുന്നു.

സിബു ഒരിക്കല്‍ പറഞ്ഞതുപോലെ, പലര്‍ ചേര്‍ന്നു ബ്ലോഗ് തുടങ്ങിയാല്‍ ഇങ്ങനെ പല പ്രശ്നങ്ങളുമുണ്ടു്. പ്രത്യേകിച്ചു്, ഒരുപാടു് ആളുകള്‍ ഉണ്ടാവുകയും ഉള്ളവരൊക്കെ അഡ്‌മിനുകള്‍ ആവുകയും ചെയ്യുമ്പോള്‍.

വരമൊഴി FAQ, അക്ഷരശ്ലോ‍കം തുടങ്ങിയ പലരുടെ സംഭാവനകള്‍ ആവശ്യമുള്ള വൈജ്ഞാനികബ്ലോഗുകളൊഴിച്ചാല്‍, വളരെ അടുത്തു പ്രവര്‍ത്തിക്കുന്നവര്‍ മാത്രം ബ്ലോഗ്‌കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നതാണു നല്ലതെന്നു തോന്നുന്നു.

Visala Manaskan said...

കണ്ണൂസിന്റെ കഥ ‘സൂപ്പര്‍ ഡ്യൂപ്പര്‍‘ ആയിട്ടുണ്ടസ്യ.
കുറുകൃതിയും.