(മുന്‍പൊരിക്കല്‍ ചര്‍ച്ചാവേദിയില്‍ ഒരു പോസ്റ്റിന് കമന്റായി ഇട്ടിരുന്നത് ചെത്തിയൊരുക്കിക്കൂട്ടിയതാണ് ഈ ലേഖനം. വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്നു തോന്നിയതുകൊണ്ടും ഇപ്പോള്‍ വീണ്ടും കാലികപ്രാധാന്യം ഉള്ളതുകൊണ്ടും ഒന്നുകൂടി ഇവിടെ എടുത്തെഴുതുന്നു:)പ്രവാസികളെങ്കിലും ഇതു ക്ഷമയോടെ വായിക്കും എന്നു പ്രതീക്ഷിക്കുന്നു.
ക്രിസ്തുമസ് വരുന്നു. വിതയ്ക്കാതെ, കൊയ്യാതെ, കതിരും തേടിപ്പുറപ്പെട്ടുപോയ പ്രവാസിപ്പറവകള്‍ക്ക് ഇനി യാത്രയുടെ നാളുകള്‍ തുടങ്ങുകയായി.നാടുകാണാന്‍പോക്കെന്ന നമ്മുടെ വര്‍ഷാവര്‍ഷമുള്ള ശ്രാദ്ധകര്‍മ്മം ഡിസംബറില്‍ മഞ്ഞുപോലെ ഉറഞ്ഞുരുകിയാരംഭിച്ച് ഇടയ്ക്കൊന്നു ചൂടാറി പിന്നെ വീണ്ടും മാര്‍ച്ചിന്റെ വേനലില്‍ ഉരുകിത്തുടങ്ങും. തലവിധികളും പള്ളിക്കൂടം കലണ്ടറുകളും അനുസരിച്ച് അതങ്ങനെ അടുത്ത ഓണം വരെ നീണ്ടുപോകും...
സമയമായി. ഒരിക്കല്‍കൂടി എയര്‍ ഇന്ത്യയ്ക്കും മറ്റും പല്ലും നഖവും മൂര്‍ച്ചകൂട്ടി ഇരകളെ കാത്തിരിക്കാന്‍ നേരമായി. ഇനി അവരുടെ യാത്രക്കൂലികള്‍ അവരേക്കാള്‍ ഉയരത്തില്‍ മാനത്തേക്കു പറക്കുന്നതുകാണാം കുറച്ചു മാസങ്ങള്‍. അതിനൊപ്പം തന്നെ അവരുടെ തൊഴില്‍-ആളിമാരുടെ ധാര്‍ഷ്ട്യവും പുച്ഛരസവും.
നമ്മുടെ ദേശീയബോധം നാടായ നാടൊക്കെ പറന്നുനടന്ന് പകര്‍ത്തിയൊഴിക്കുന്ന ആ മഹാസ്ഥാപനത്തെക്കുറിച്ചും അതിനെ പിന്‍പറ്റി തടിച്ചുകൊഴുക്കുന്ന പ്രസ്ഥാനങ്ങളെപ്പറ്റിയും ഇത്രയെങ്കിലും കുത്തിക്കുറിക്കേണ്ടത് ഇന്നെന്റെ കര്‍ത്തവ്യമാണ്. സഹോദരീസഹോദരന്മാരെന്ന് ആയിരത്തൊന്നുവട്ടം ഉരുക്കഴിപ്പിച്ചുകൊണ്ട് വിദ്യാലയദിനങ്ങളില്‍ ഞങ്ങളുടെ കുഞ്ഞുമനസ്സുകളിലൂടെ, കുഞ്ഞുചുണ്ടുകളിലൂടെ വായ്ത്താരി മുഴക്കിച്ചത് ആരെപ്പറ്റിയാണോ ആ, എന്റെ ഇന്ത്യക്കാര്‍ക്കു വേണ്ടി ഇതിവിടെ എഴുതിയേ തീരൂ.
എയര്‍ ഇന്ത്യയുടെ (എയര്‍ ഇന്ത്യ എന്ന ബല്യ ആനയുടെ മുതുകത്തും മുന്നിലും പിന്നിലുമായി നടക്കുന്ന പാപ്പാന്മാരുടെയും പാപ്പാത്തികളുടേയും) ധിക്കാരത്തിനും അവഗണനയ്ക്കും എതിരെ വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്നുണ്ട് ഇതെഴുതുന്നവന്‍. അതിന്റെ ഭാഗമായിത്തന്നെ കുറെ കഷ്ടപ്പാടു സഹിച്ചാല്‍ പോലും വേറെ ഗതിയില്ലാത്തതിനാല്‍ മറ്റ് എയര്‍ലൈനുകളില്‍ പലപ്പോഴും കൊളംബോ വഴിയോ മറ്റോ ആണു യാത്രയും പതിവ്.
കുറെയൊക്കെ നമ്മുടെ തന്നെ ഇടയിലുള്ള പാദസേവകരാണ് പ്രവാസികളുടെ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളുടെ ഈ ഗതികേടിനു കാരണം.
ഗള്‍ഫില്‍ ഏത് ഇന്ത്യന്‍ സംഘടന എന്തു പരിപാടി നടത്തിയാലും ചെലവുമുട്ടിക്കാനുള്ള ഒരു സൂത്രം ‘സ്പോണ്‍സറിങ്ങ്’ ആണ്. മിക്ക പരിപാടികളിലും എയര്‍ ഇന്ത്യയുടെ സ്പോണ്‍സറിങ്ങ് കാണും. സംഗതി ലളിതമാണ്. എയര്‍ ഇന്ത്യ കമ്മിറ്റിക്കാര്‍ക്കു പൈസ കൊടുക്കണ്ട. പകരം പരിപാടിയില്‍ പങ്കെടുക്കുന്ന, നാട്ടില്‍ നിന്നു വരുന്ന, സിനിമാതാരകങ്ങള്‍ക്കോ രാഷ്ട്രീയക്കോമരങ്ങള്‍ക്കോ, സാംസ്കാരികപ്പൊയ്ക്കോലങ്ങള്‍ക്കോ, മതതിമിരചക്ഷുസ്സുകള്‍ക്കോ (പല നിറങ്ങളിലും ചായമടിച്ച ചട്ടികളും കൊണ്ട് ഉട്ടോപ്പിയയില്‍ ഭിക്ഷ തെണ്ടാന്‍ വരുന്ന അവരുടെയൊക്കെ കാര്യം പിന്നെ പറയാം) യാത്രക്കു വേണ്ട നാലോ അഞ്ചോ ടിക്കറ്റ് സൌജന്യമായി കൊടുത്താല്‍ മതി. പ്രതിഫലമായി എയര്‍ ഇന്ത്യയുടെ ഒരു ബാനര്‍ ഓഡിറ്റോറിയത്തില്‍ തൂക്കിയിടണം. ചിലപ്പോള്‍ സ്റ്റേജില്‍ വെച്ച് പരസ്യമായി പ്രാദേശികമാനേജര്‍ക്ക് ഒരു നന്ദിയും പറയണം. അഥവാ അത്താഴം വിളമ്പുന്നുണ്ടെങ്കില്‍ ഒരു പ്ലേറ്റ് കൂടുതലും. അത്രയേ വേണ്ടൂ.
തീര്‍ത്തും നിസ്സാരമെന്നു തോന്നുന്ന ഈ കാര്യത്തില്‍ നിന്നാണ് ഇവരുടെ ധാര്‍ഷ്ട്യം തുടങ്ങുന്നത്.
ഇങ്ങനെ ടിക്കറ്റുപൊന്മുട്ടയിടുന്ന ഒരു താറാവിനെ നിലയ്ക്കു നിര്‍ത്താന്‍ ഈ സംഘടനകളുടെ നേതാക്കന്മാരൊന്നുംകൂട്ടു വരില്ല. കണ്മുന്നില്‍ നടക്കുന്ന അനീതികള്‍ കണ്ടില്ലെന്നു നടിക്കുകയാണവര്‍ ചെയ്യുക. സ്വന്തം വീട്ടിലെ കാര്യം വരുമ്പോള്‍ ചുളുവില്‍ അടിച്ചെടുക്കുന്ന നക്കാപ്പിച്ച സൌജന്യങ്ങളും അവര്‍ക്കൊരു മുതല്‍ക്കൂട്ടാവുന്നു.
കമ്പനികളില്‍ താഴെതട്ടുകളില്‍ ജോലിചെയ്യുന്ന ആളുകളെയും കമ്പനികളെ തന്നെയും ഒരേ സമയം ചൂഷണം ചെയ്യുന്ന ‘അഡ്മിന്‍’ വിഭാഗക്കാരെയും അവരോടൊപ്പം നില്‍ക്കുന്ന ട്രാവല്‍ ഏജന്‍സികളേയും എയര്‍ ഇന്ത്യയുടെ ജോലിക്കാരെയും കൂട്ടിക്കെട്ടുന്ന ഒരു വലയം കൂടി ഉണ്ട് ഇവിടങ്ങളില്‍. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് കരാറില്‍ എഴുതിയിട്ടുള്ള പാവങ്ങളുടെ പണം അവരറിയാതെ മുതലാക്കുന്ന സൂത്രം കമ്പനിയിലും പുറത്തും അധികമാര്‍ക്കും അറിയില്ല.
ഗള്‍ഫില്‍നിന്നും കൊച്ചിയിലേക്ക് എക്കോണമിക്ലാസ്സില്‍ യാത്രചെയ്യുന്നവരൊക്കെ കണ്ടിട്ടുണ്ടാവും അവരുടെ തൊട്ടടുത്ത സീറ്റുകളില്‍ ചെന്നയിലേക്ക് പോകുന്ന ‘കഡ്ഡപ്പ‘കളെ. ആന്ധ്രയുടെ ഏറ്റവും ദരിദ്രമായ, ദുരിതപൂര്‍ണ്ണമായ ഭാഗത്തുനിന്നും വരുന്ന ആ മനുഷ്യക്കോലങ്ങള്‍ ഗള്‍ഫിലെ അറബികള്‍ക്ക് ഏറ്റവും അനുസരണയുള്ള റോബോട്ടുകളാണ്. എന്നിട്ടും നല്ലൊരു വാഷിങ്ങ്മെഷീനും ഫുഡ്പ്രോസസ്സറിനും വേണ്ടതിനേക്കാള്‍ കുറഞ്ഞ ചെലവേ അവരെ പോറ്റാന്‍ വേണ്ടിവരൂ. നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കല്‍ കണവനേയും കണ്ണിലുണ്ണികളായ മക്കളേയും കാണാന്‍ പോകുന്ന അവര്‍ക്ക് വിമാനയാത്രയെക്കുറിച്ച് വലിയ അനുഭവമൊന്നുമില്ല. മിക്കവാറും രണ്ടാമത്തെയോ നാലാമത്തെയോ വിമാനയാത്രയായിരിക്കും അവര്‍ ചെയ്യുന്നുണ്ടാവുക. ഒരു ടൂറിസ്റ്റ്ബസ്സ് പോലും സ്വര്‍ഗ്ഗമായി തോന്നുന്ന അവര്‍ക്ക് വിമാനത്തിലെ ഏറ്റവും നിസ്സാരമായ സൌകര്യം പോലും ശ്രേഷ്ഠമായി തോന്നും. മാത്രമല്ല, നാമൊക്കെ ധരിച്ചുവെച്ചിട്ടുള്ള ആചാരങ്ങളും ഉപചാരങ്ങളും ആരും പഠിപ്പിച്ചുകൊടുത്തിട്ടില്ലാത്തതിനാല്‍ ചിലപ്പോഴൊക്കെ അവരുടെ പെരുമാറ്റം അരോചകമായി തോന്നിയെന്നും വരാം.
ഈ ചെമ്മരിയാട്ടിന്‍ കൂട്ടത്തെയാണ് വജ്രജൂബിലി ആഘോഷിക്കുന്ന എയര്‍ഹോസ്റ്റസ് കൊച്ചമ്മമാര്‍ക്ക് സഹിക്കേണ്ടി വരുന്നത്. സിങ്കപ്പൂര്‍, അമേരിക്ക, ഇന്ത്യയിലെ തന്നെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കൊക്കെ പറക്കുന്ന ആകാശരാജാവിന്റെ ഈ തോഴിമാര്‍ക്ക് സാധാരണ പരിചയമുള്ള ഹൈ-ഫ്ലൈ കുട്ടപ്പന്മാരും കുട്ടപ്പിമാരുമല്ല ഇവര്‍. വിസ്കിയും പെപ്സിയും തിരിച്ചറിയാത്ത ഇവറ്റയെവിടെ? നോറ്ഡ്സ്റ്റോമിലോ മേസിസിലോ ഷോപ്പിങ്ങിനു പോവാന്‍ കമ്പനി തരാമെന്നു പറയുന്ന, ‘പടിഞ്ഞാറുനിന്നും വരുന്ന പണച്ചാക്കു’കളെവിടെ? (നമ്മുടെ തന്നെ അമേരിക്കന്‍ യൂറോപ്യന്‍ കൂട്ടുകാരെ കളിയാക്കുകയല്ല ഞാന്‍, ആകാശക്കൊച്ചമ്മമാരുടെ മനോഗതി സൂചിപ്പിക്കുകയാണ്) ഇങ്ങനെയൊരു ഫ്ലയിങ്ങ് സെക്റ്ററിലേക്ക് തങ്ങളെ തള്ളിയിട്ട ബോസ്സന്മാരെ തെറിപറഞ്ഞുകൊണ്ടു വേണം ഈ കടല്‍ക്കിളവികള്‍ക്കു ജോലി തുടങ്ങാന്‍ തന്നെ. ബാക്കി അവജ്ഞയും വൈരാഗ്യവുമാണ് നമുക്കൊക്കെ അവര്‍ ഗ്ലാസ്സിലും പ്ലേറ്റിലും വിളമ്പിത്തരുന്നത്. ഒരു പുഞ്ചിരിയുടെ പൂമൊട്ടെങ്കിലും അവര്‍ അതിനൊപ്പം വെക്കാറില്ല മിക്കപ്പോഴും!
തല സ്വല്‍പ്പം ഉയര്‍ത്തി നേരെ നോക്കി അവരോടു സംസാരിച്ചുനോക്കൂ. നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങളെപറ്റി ബോധമുണ്ടെന്നു കണ്ടറിയുന്ന ആ നിമിഷത്തില്‍ കാണാം പുലിയെപ്പോലെയിരിക്കുന്ന അവര്‍ നല്ലൊരു കുറിഞ്ഞിപ്പൂച്ചയായി മാറുന്നത്! നൂറുപേരില്‍ നാലുപേരെങ്കിലും നേര്‍ക്കുനേരെ നിന്നു ചോദിക്കാനുണ്ടെങ്കില്‍ ഈ പുലിത്തരമൊക്കെ എന്നേ പോയേനെ! എങ്കിലും സഭയില്‍ വെച്ച് കാര്യങ്ങള്‍ ചോദിക്കുന്നത് ചെറ്റത്തരമാണെന്ന് കരുതുന്ന അന്ധവിശ്വാസമോ സംസ്കാരപ്പൊയ്മുഖമോ മൂലം, നാം, പ്രത്യേകിച്ച് മലയാളികള്‍, ന്യായമായ കാര്യങ്ങളൊന്നും നേരിട്ട് ചോദിക്കാതെ, കിട്ടുന്ന ഓശാരമൊക്കെ അനുഭവിച്ചങ്ങനെ പോവുകയാണു പതിവ്.
സഹിഷ്ണുത ഒരു നല്ല ഗുണമാണ്. പക്ഷേ അതു മറ്റുള്ളവര്‍ക്കു നമ്മുടെ മെക്കിട്ടു കയറാനുള്ള ഒരു കോണിയാവരുത്. സഹജീവിയോടുള്ള സ്നേഹമായിരിക്കണം അതിന്റെ ഗുണം. അപ്പുറത്തെ സീറ്റിലിരിക്കുന്ന ഒരു ‘കഡ്ഡപ്പ’ക്ക് ഒരു ഉപകാരമാവുമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും സഹിക്കണം. അതിനു പകരം ഇന്നു നാം സഹിഷ്ണുത കാണിക്കുന്നത് എയര്‍ഹോസ്റ്റസും ട്രാന്‍സ്പോര്‍ട്ട് ബസ്സു് ഡ്രൈവറും പോലീസുകാരനും പോലുള്ള സ്ഥാപനങ്ങള്‍ അര്‍ഹതയില്ലാതെ നമ്മില്‍ അടിച്ചേല്‍പ്പിക്കുന്ന ധാര്‍ഷ്ട്യത്തിനോടാണ്.
നമ്മുടെ കൂടെയുള്ള പാവങ്ങളുടെ മേല്‍ വിമാനത്തിനുള്ളിലും കസ്റ്റംസിലും എമിഗ്രേഷനിലും നടക്കുന്ന ചൂഷണങ്ങളെ പറ്റി ആരാണു വായ് തുറക്കുക? ആ പാവങ്ങള്‍ക്കു തന്നെ അറിയില്ല അവര്‍ക്ക് എന്തൊക്കെ അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്ന്. അറിവുള്ളവരാകട്ടെ, സ്വയം മറ്റൊരു ക്ലാസ് ആയി നടിച്ച് മാറി നില്‍ക്കുകയും സ്വന്തം സൌകര്യങ്ങള്‍ നോക്കുകയും ചെയ്യും.
ഒരുദാഹരണം പറയാം. ‘പുഷിങ്ങ്’ എന്നൊരു പരിപാടിയുണ്ടായിരുന്നു. ഇപ്പോളും ഉണ്ടോ എന്നറിയില്ല. നാട്ടിലെ റിക്രൂട്ടിങ്ങ് ഏജന്‍സികളും ട്രാവല്‍ ഏജന്‍സികളും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റു് ജോലിക്കാരും കൂടിയാണ് ഇതു നടത്താറ്. ECNR എന്ന ഒരു സ്റ്റാമ്പ് പാസ്പോര്‍ട്ടില്‍ ആടിക്കണം. അത് മുന്‍പേ ഇല്ലാത്തവര്‍ക്ക് ഇങ്ങനെ ‘ആടി‘ക്കാന്‍ കുറച്ചു പണം അടയ്ക്കണം. (എത്ര? 500 രൂപ? ഇപ്പോള്‍ എത്രയാണെന്നറിയില്ല). ബോര്‍ഡിങ്ങ് ഗേറ്റടക്കുന്നതിനു തൊട്ടു മുന്‍പ് സുരക്ഷിതമായ ഒരു സമയത്ത് മുപ്പതോ നാല്‍പ്പതോ തൊഴിലഭയാര്‍ത്ഥികളെ ഇവരെല്ലാവരും കൂടി പ്ലെയിനിനകത്തോട്ടു push ചെയ്തു കേറ്റും. ഒന്നുകില്‍ പാസ്പോര്‍ട്ടില്‍ മാത്രം ECNR സ്റ്റാമ്പു് അടിച്ചിരിക്കും.(മറ്റു രേഖകളിലൊന്നും കാണില്ല). അല്ലെങ്കില്‍ അതുമുണ്ടാവില്ല. jest simbly going... അവരുടെ പേരില്‍ നിയമപ്രകാരം ഖജനാവിലേക്കു പോവേണ്ടിവരുമായിരുന്ന 30 x 500 രൂഫാ ഏമാന്മാരും ഏജന്റുമാരും പങ്കുവെച്ചെടുക്കും.
അടുത്തരംഗം അഞ്ചു വര്‍ഷം കഴിഞ്ഞാണ് കാണുക.
മുംബായില്‍ വെച്ചുണ്ടായ ഒരനുഭവം: മുറിത്തെലുങ്കും മുറിഅറബിയും മാത്രം അറിയുന്ന, അറബിക്കൊട്ടാരത്തിന്റെ മതിലുകള്‍ക്കു പുറത്ത് അപൂര്‍വ്വം മാത്രം പോയിട്ടുള്ള ‘കഡ്ഡപ്പ’ ( ഇവിടെ മലയാളി എന്നും വായിക്കാവുന്നതാണ്), നാട്ടിലേക്കു തിരിച്ചുവരുന്നു. 5 വര്‍ഷം മുന്‍പത്തെ നേരിയ ഓര്‍മ്മകള്‍ അലയിളക്കി പ്ലെയിനിലെ ‘രാജകീയ’യാത്രയും കഴിഞ്ഞ് ഇറങ്ങുന്ന ആ പാവത്തിനെ എതിരേല്‍ക്കുന്നത് എമിഗ്രേഷനില്‍ പാന്‍ മുറുക്കിക്കൊണ്ടിരിക്കുന്ന ഫോലീസുകാരനാണ്. ECNR എന്ന സ്റ്റാമ്പില്ലാതെ എങ്ങനെ 5 വര്‍ഷം മുന്‍പ് നീ അക്കരെക്കു പോയി എന്നാണു ചോദ്യം. അരമണിക്കൂര്‍ നേരത്തെ ഗ്രില്ലിങ്ങിനു ശേഷം അവളുടെ കയ്യില്‍ ആകെയുണ്ടായിരുന്ന 20 ദിനാര്‍ /അല്ലെങ്കില്‍ 250 ദിര്‍ഹം കയ്യിലാക്കിയാല്‍ എന്തോ ഒരു വലിയ സഹായം ചെയ്തു കൊടുത്തു എന്ന പോലെ അയാള്‍ അവളെ പോകാനനുവദിക്കുന്നു.
അവള്‍ പോലുമറിയുന്നില്ല, അവളെ ആരൊക്കെ എങ്ങനെയൊക്കെ ചൂഷണം ചെയ്തുവെന്ന്! (ഈയിടെ ഇതിനൊക്കെ എന്തെങ്കിലും മാറ്റം വന്നുവോ എന്നറിയില്ല. അനുഭവസ്ഥര്‍ പറയട്ടെ.)
ഇപ്രാവശ്യം നാട്ടില്‍ എത്തി രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു പുതുതലമുറ ബാങ്കില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ (ഞാന്‍ തല്‍ക്കാലം താമസിക്കുന്ന എന്റെ സഹോദരിയുടെ) വീട്ടിലേക്കു ഫോണ്‍ വിളിച്ചിരിക്കുന്നു. അവരുടെ പുതിയ ഒരു സമ്പാദ്യപദ്ധതിയുണ്ടത്രേ, NRI കള്‍ക്ക് അതിവിശിഷ്ടം! (ആര്‍ക്കും അങ്ങനെ അറിയാന്‍ വഴിയില്ലാത്ത) എന്റെ നമ്പറും പേരും എങ്ങനെ കിട്ടി എന്ന വേവലാതിയോടെയുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും കിട്ടിയ ലീഡ് ആണത്രേ! നെടുമ്പാശേരിയോ! “അതെ, അവിടത്തെ എമിഗ്രേഷന്‍ പേപ്പറില്‍ എഴുതിക്കൊടുക്കുന്ന വിവരങ്ങള്‍ ഞങ്ങളെപ്പോലെയുള്ള ആള്‍ക്കാര്‍ക്ക് കിട്ടും. ഞങ്ങളുടെ മാര്‍ക്കെറ്റിങ്ങ് വിഭാഗത്തിന്റെ പ്രധാന സോഴ്സ് ആണ് അവിടം”. വിഡ്ഢിയായ ചെറുപ്പക്കാരന്‍! ഇതൊക്കെ വെട്ടിത്തുറന്നു പറഞ്ഞ് ഒരിക്കല്‍ അവന്‍ ഇരിക്കുന്ന മരം അറിയാതെ മുറിച്ചുകളഞ്ഞേക്കാം!
നമ്മുടേയും നമ്മുടെ രാജ്യത്തിന്റേയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയാണ് എമിഗ്രേഷന്‍ ഡിപ്പാര്ട്ട്മെന്റ് തന്നെ. സ്വന്തം ക്രെഡിറ്റ് കാര്‍ഡു പോലെ സ്വകാര്യമായി കരുതുന്ന, കരുതേണ്ട വ്യക്തിപരമായ (പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പരുകള്‍, ഒപ്പ് തുടങ്ങിയ) വിവരങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു ഗവണ്മെന്റ് സംവിധാനത്തെ വിശ്വസിച്ചേല്‍പ്പിക്കുകയാണ് ആ ഫോറം പൂരിപ്പിക്കുമ്പോള്‍ നാം ചെയ്യുന്നത്. ആ വിവരങ്ങളാണ് നമ്മുടെ സമ്മതമില്ലാതെ മൂന്നാമതൊരു കച്ചവടക്കക്ഷിക്കു കൈമാറുന്നത്. ഭീകരവാദികള്‍ക്കും കള്ളക്കടത്തുകാര്‍ക്കുമെതിരെ നിരന്തരം യുദ്ധം ചെയ്തുകൊണ്ടേ പുലര്‍ന്നുവരുന്ന ദൌര്‍ഭാഗ്യവതിയായ ഒരു നാടിന്റെ കോട്ടകൊത്തളങ്ങളിലാണ് ഇത്തരം വിഷപ്പുഴുക്കള്‍ നുരച്ചുകൂടിയിരിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള അപകടം എത്രയാണെന്നു പക്ഷേ നമ്മില്‍ എത്ര പേര്‍ തിരിച്ചറിയുന്നുണ്ട്? ഇത്തരം ഒരു വ്യവസ്ഥിതിയെ ഇല്ലാതാക്കാന്‍ നാം എത്ര പേര്‍ ശ്രമിക്കും? പലപ്പോഴും എണ്ണിച്ചുട്ട അവധിദിനങ്ങളില്‍ അച്ഛനമ്മ-ഭാര്യ-മക്കളോടും കൂട്ടുകാരോടും കൂടി ചെലവാക്കേണ്ട നിമിഷങ്ങള്‍ ‘നമ്മെ അത്രക്കൊന്നും ബാധിക്കാത്ത’ ഈ വക കാര്യങ്ങള്‍ക്കു ചെലവാക്കാന്‍ നമുക്കാവില്ല!!?മുംബായിലും കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റും വിമാനമിറങ്ങുക എന്നത് ബലാല്‍സംഗത്തിന്നിരയാവുക എന്ന പോലെ ഒരനുഭവമാണ് ആത്മാഭിമാനമുള്ള പലര്‍ക്കും. ഒരു പക്ഷേ നമുക്കിടയില്‍ അക്ഷരം കൂട്ടിവായിക്കാനറിയാവുന്നവര്‍ക്ക് അതനുഭവപ്പെട്ടു കാണില്ല. കാരണം നേരവും കാലവും, ആളെയും അമ്പാരിയേയും കണ്ടറിഞ്ഞേ ഈ പീഡനം നടക്കൂ. കുറഞ്ഞൊന്നു ശ്രദ്ധിച്ചാല്‍ അപ്പുറത്തുകാണാം കൂടെ വന്നിറങ്ങിയ മറ്റൊരു സാധുവിനെ തൊലിയുരിക്കുന്നത്. ആണ്ടറുതിക്ക് അച്ഛനമ്മപെങ്ങന്മാരെയും കെട്ട്യോളെയും കുട്ട്യോളെയും കാണാന്‍ വരിക എന്ന ഒരൊറ്റ കുറ്റമാണ് അവന്‍ ചെയ്തിട്ടുണ്ടാവുക.
‘ഉടനീളം എല്ലാവരോടും വഴക്കുണ്ടാക്കുന്ന’ ഒരാളുടെ കൂടെ വിമാനയാത്രകളില്‍ ഒരുമിച്ചു പോവാന്‍ പോലും വൈമനസ്യം കാണിക്കുന്ന ഭാര്യയുടെ മുഖം യാതൊരു സുഖവുമില്ല കാണാന്‍. അതുകൊണ്ട് ‘ഒക്കെ സഹിച്ചു’പോകുന്നവരാണ് പലരും.
അങ്ങനെ സഹിക്കാതെ പോയിട്ട് ‘അവന്മാരുടെ‘ ഒക്കെ കണ്ണിലെ കരട് ആയി ഓരോ യാത്രയും ഒരു ചെറുയുദ്ധമായി പ്രഖ്യാപിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ആവില്ലേ? ചെറിയ സമയനഷ്ടങ്ങളും അസൌകര്യങ്ങളും ഉണ്ടായേക്കാം. പക്ഷേ ഒരാള്‍ക്കു വേണ്ടിയല്ല, ഒരു ജനതയ്ക്കുവേണ്ടിയാണ് എന്റെ യുദ്ധം എന്നു നമുക്കു തന്നെ തോന്നണം. അതായിരിക്കണം ആ അവജ്ഞക്കുനേരെയുള്ള നമ്മുടെ ആദ്യത്തെ സമരമുറ.
വല്ലപ്പോഴുമെങ്കിലും അപൂര്‍വ്വമായെങ്കിലും ഇങ്ങനെയൊന്നുമല്ലാത്ത, ചില നല്ല മനുഷ്യരെക്കാണാം ഈ സ്ഥാപനങ്ങള്‍ക്കിടയില്‍. ആ അവസരങ്ങളില്‍, അതു കണ്ടറിഞ്ഞ്, പ്രത്യേകമായി, “you have been so very nice with me, Thank you!", എന്നു മാത്രമെങ്കിലും പറഞ്ഞ് ഹൃദയത്തില്‍ നിന്നും തേന്‍ തൊട്ടുചാലിച്ച ഒരു പൂപ്പുഞ്ചിരി കൊടുക്കാനും നാം മറക്കരുത്! പുഞ്ചിരിയേക്കാള്‍ വ്യാപകശക്തിയുള്ള ഒരു പകര്‍ച്ചവ്യാധി വേറൊന്നില്ല! നല്ല സേവനത്തിനു് ഇങ്ങനേയും ഒരു പ്രതിഫലം ഉള്ള കാര്യം നമുക്കവരെ ഓര്‍മ്മിപ്പിക്കാം.
ഒരു കാര്യം കൂടി: പ്രവാസികളുടെ സുഖലോലുപതയിലെ ഒരു കണ്ണില്‍ക്കരട് മാത്രമാണ് ഈ വിമാനയാത്രയെന്നും അവരുടെ മിക്ക പരാതികളും സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകടികള്‍ മാത്രമാണെന്നും നമ്മുടെ തന്നെ തന്നാട്ടുകാരായ സഹോദരങ്ങള്‍ക്ക് ഒരു അബദ്ധമായ അന്ധമായ വിശ്വാസമുള്ളതായി തോന്നിയിട്ടുണ്ട്. അതങ്ങനെയല്ലെന്നറിയാന്‍ മറ്റുവഴിയൊന്നുമില്ല; “ഒരു വിസയുമെടുത്തിങ്ങു പോരൂ, അനുഭവിച്ചറിയൂ” എന്നു മാത്രമേ പറയാനാവൂ.
പിന്നെന്തിനവിടെ ഇത്ര കഷ്ടപ്പെട്ടു ജീവിക്കുന്നു എന്നായിരിക്കാം അടുത്ത ചോദ്യം. അത്തരം ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് ഈ ബ്ലോഗുകളിലൂടെ തന്നെ സാവകാശം തുടരാം...
താഴെത്തട്ടില്‍ ഉള്ള ആളുകള്‍ക്കും അവരുടെ തന്നെ ഭാഷയിലും ശൈലിയിലും അവരുടെ പ്രശ്നങ്ങള്‍ എഴുതാനും വായിക്കാനും കഴിയുന്ന ഒരു നാള്‍ വരും ബ്ലോഗുകളിലൂടെ. എന്നിട്ട് എഴുതിത്തുടങ്ങേണ്ട കഥകള്‍ ഇനിയും കുറേയുണ്ട്. ആ നാള്‍ ഉടന്‍ വരും എന്നാശിക്കട്ടെ. അത്തരം കഥകള്‍ക്ക് ഒരാമുഖം എന്ന നിലയില്‍ ഈ കുറിപ്പടി ഇവിടെ കിടന്നോട്ടെ അല്ലേ?