Saturday, July 15, 2006

ബ്ലോഗഡോക്സ്‌

സര്‍ക്കാര്‍ വേതനം തരുന്ന സമയത്ത്‌ ബ്ലോഗുന്നത്‌ പാപം. വീട്ടില്‍ ചിലവഴിക്കേണ്ട സമയം ബ്ലോഗില്‍ ചെലവഴിക്കുന്നത്‌ ദ്രോഹം. ബ്ലോഗാതിരിക്കുന്നത്‌ ആത്മഹത്യ. വീട്ടിലിരുന്ന് ബ്ലോഗുന്നത്‌ കുടുംബഹത്യ. ആപ്പീസില്‍ ബ്ലോഗുന്നത്‌ രാജ്യഹത്യ.

എഴുതിയാല്‍ മറ്റുബ്ലോഗുകള്‍ വായിക്കാന്‍ സമയമില്ല. തല്‍ക്കാലം എഴുത്തുകാര്‍ തന്നെയാണു വായനക്കാരും. അവരെഴുതുന്നത്‌ വായിക്കുമ്പോള്‍ പകരം വായിക്കാന്‍ നാലു വരി പൊട്ടത്തരമെങ്കിലും എഴുതിയില്ലെങ്കില്‍ മോശമല്ലേ. എഴുതാതെ വായിക്കുന്നത്‌ മോശമല്ലേ എന്നു കരുതി വായിക്കാതിരുന്നാല്‍ അവരെന്തിനെഴുതുന്നെന്ന് ചിന്തിക്കില്ലേ അതതിലും സങ്കടമായല്ലോ. എന്നാല്‍ വായിക്കാതെ എഴുതാമെന്നു വച്ചാല്‍ അതാരെങ്കിലും എഴുതിക്കഴിഞ്ഞ കാര്യമായെങ്കില്‍ എഴുതുന്ന സമയവും വായനക്കാരന്റെ സമയവും പാഴായില്ലേ?

ജനപ്രിയ റ്റോപ്പിക്കുകള്‍ തിരഞ്ഞെടുക്കുന്നത്‌ സ്വാര്‍ത്ഥമായ ശ്രദ്ധപിടിച്ചുപറ്റല്‍. നല്ലതെന്ന് അവനവനു തോന്നുന്നത്‌ ബ്ലോഗല്‍ നമ്മളെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കല്‍.

പഠിച്ചത്‌ പാടിയാല്‍ അത്‌ ആവര്‍ത്തനമാകും. പഠിക്കാത്തത്‌ പാടിയാല്‍ അത്‌ അബദ്ധമാകും.

പറയാനെളുപ്പമുള്ളത്‌ പറയാന്‍ രസമില്ല. പറയാന്‍ പ്രയാസമുള്ളത്‌ പറയാന്‍ കഴിയില്ല.

ചിത്രം തൂണാക്കി എഴുതുന്നത്‌ നല്ലെഴുത്താവില്ല. ചിത്രം തൂണാക്കാതെ എഴുതിയാല്‍
നല്ലെഴുത്താവില്ല. (പത്ഥ്യമുണ്ടെങ്കില്‍ മരുന്നെന്തിന്‌ പത്ഥ്യമില്ലെങ്കില്‍ മരുന്നെന്തിന്‌ എന്നു പണ്ട്‌ കേസി പറഞ്ഞില്ലേ)

ബ്ലോഗനാര്‍ക്കാവിലമ്മേ. എന്തിനിങ്ങനെ പരീക്ഷിക്കുന്നു. (അമ്മ ആരുവ്വാ പീ എസ്‌ ഈ ചെയര്‍ പേര്‍സണോ?)

15 comments:

Adithyan said...

ഇതു പോലൊരു പോസ്റ്റിനു കമന്റെഴുതാന്‍ ഭയം,
എഴുതിയില്ലേല്‍ ദേവേട്ടന്‍ എന്തു വിചാരിയ്ക്കുമെന്ന ഭയം,
എഴുതാനാണേല്‍ എന്തെഴുതും എങ്ങനെ എഴുതും എന്നോര്‍ത്തിട്ടൊരു ഭയം,

എല്ലാമേ ഭയമയം...

ഉമേഷ്::Umesh said...

വ്വാ തേവരേ, അടിപൊളി.

ഇതീ ബോലോഗക്ലബ്ബില്‍ക്കിടന്നു ദ്രവിച്ചുപോകേണ്ടതാണോ? കൂമന്‍പള്ളിയിലിടാഞ്ഞതെന്തു്?

Unknown said...

ദേവേട്ടാ,
ഗോതമ്പുണ്ട തിന്നാന്‍ ഇടയാക്കാതെ ജീവന്‍ രക്ഷിച്ചതിന് നന്ദി. ഒരായിരം നന്ദിയുടെ ഓലപ്പടക്കങ്ങള്‍ക്ക് ഞാനിതാ തിരി കൊളുത്തുന്നു.

ട്ടേ,ട്ടേ......

myexperimentsandme said...

വേണ്ടായിരുന്നൂ ധരണീതലവാസമിന്ന്
വേണ്ടായിരുന്നൂ തരുണീമണിയോട് വാസം
വേണ്ടായിരുന്നൂ ഇതരചിന്ത ചെറുപ്പകാലേ
വേണ്ടായിരുന്നൂ മടി ശങ്കരപൂജചെയ്‌വാന്‍
.........
..........

ഒന്നും വേണ്ടായിരുന്നൂ :)

sami said...

ഇങ്ങനെയൊക്കെയാണെങ്കീപ്പിന്നെ ഒന്നും വായിക്കേണ്ട,ഈ കമന്‍റും ആരും വായിക്കണ്ട എന്നു കരുതി എഴുതുന്നതാ..അതു കൊണ്ട് ആരും ഇത് ദയവായി വായിക്കരുത്......ഈ കമന്‍റ് വായിക്കണ്ട എന്നു പറഞ്ഞില്ലേ?......കണ്ടോ...പിന്നേം വായിക്കുന്നു.......ഹൊ...വായന നിര്‍ത്തൂ....നിര്‍ത്തില്ല അല്ലേ?.....പറയുന്നതനുസരിക്കില്ല......വായിക്കേണ്ട എന്നു പറഞ്ഞാ വായിക്കരുത്.......


സെമി

Rasheed Chalil said...

ഉഗ്രന്‍.....

ആകെ കണ്‍ഫ്യൂഷന്‍..
പോസ്റ്റ് വായിച്ചപ്പോള്‍ ഒരുപാട് കണ്‍ഫ്യൂഷന്‍..

കമന്റുകള്‍ വായിച്ചപ്പോള്‍ വീണ്ടും കണ്‍ഫ്യുഷന്‍..

ഒരു കമന്റ് എഴുതണം എന്നു കരുതിയപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷനായി...

അവസാനം ഞാന്‍ പാടാന്‍ തീരുമാനിച്ചു
‘കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ........‘ (ഓഫീസിലിരുന്നു മൂളാനേ പറ്റുന്നുള്ളൂ..)

nalan::നളന്‍ said...

ഇത് താമസിപ്പിച്ചതെന്തേ!.. ഇതെന്റെ കെട്ട്യോള് പണ്ടേ പറഞ്ഞതാ.
ഈ പുലികളൊക്കെ എങ്ങനെ ഇതിനൊക്കെ സമയം കണ്ടെത്തുന്നുവെന്നൊരു പിടിയുമില്ല.

Visala Manaskan said...

പോസ്റ്റ് ഗംഭീരം.

ചിന്തിച്ചാല്‍ ഒരു അന്തവുമില്ല... ചിന്തിച്ചില്ലെങ്കില്‍...
എന്ന പോളിസി ഞാന്‍ ഇവിടെ അപ്ലൈ ചെയ്യുന്നു.

പട്ടേരി l Patteri said...

ഇനിയും ഇവിടെ കൂടുതല്‍ ബ്ലോഗ്‌ വെണം, പുതിയ ബ്ലോഗെര്‍സ്‌ നു പ്രചോദനം വേണം എന്നൊക്കെയാ ലാസ്റ്റ്‌ ബ്ലോഗ്‌ മീറ്റില്‍ പറഞ്ഞതു...എന്നിട്ടിപ്പോള്‍ ഇതു ഒരുമതിരി.....ഓരു കാര്യം മനസ്സിലയി...ഇവിടെ ഒരു ഹത്യ ദിവസവും നടക്കുന്നുണ്ടെന്നു....(ബ്ലോഗാതിരിക്കുന്നത്‌) ആത്മഹത്യ. (വീട്ടിലിരുന്ന് ബ്ലോഗുന്നത്‌) കുടുംബഹത്യ. (ആപ്പീസില്‍ ബ്ലോഗുന്നത്‌) രാജ്യഹത്യ


"യ യെഷ സുപ്തെഷു ജാഗ്രതൈ"
അര്‍ഥം ഞാന്‍ പറഞ്ഞു തരേണ്ടല്ലൊ ആല്ലെ ?

Kalesh Kumar said...

ഹൌ!
എന്റമ്മോ!!!!
ദേവേട്ടാ, സത്യമായും ഓരോ പാരഗ്രാ‍ഫും ഞാന്‍ 5-6 തവണ വായിച്ചുനോക്കി!
ഇങ്ങനൊരു പോസ്റ്റ് ബൂലോഗത്തില്‍ ഇതാദ്യം!
കിടിലന്‍!
ഹൊ!

അഭയാര്‍ത്ഥി said...

ക്രുത്യം ഒരു ഒഴിവു ദിവസം മുഴുവന്‍ കമ്പനിയില്‍ വന്നു കമെന്റെഴുതി തിരിച്ചു പോകുന്നു. ഇതു ഇന്നത്തെ ലാസ്റ്റ്‌ കമന്റ്‌. ഇതിലെഴുതിയ എല്ലാ അവസ്ഥാന്തരങ്ങളും ഇന്നു ഞാന്‍ അനുഭവിച്ചറിഞ്ഞതാണെന്നു തെര്യപ്പെടുത്തുന്നു.

എന്നും ബ്ലോഗ്‌ മീറ്റ്‌ അറ്റെന്‍ഡ്‌ ചെയ്യുന്നതു കയറി ഇറങ്ങി കമെന്റുന്നതിനേക്കാള്‍ എലുപ്പം. ഭൂലോഗമീറ്റ്‌ കഴിഞ്ഞു കേരള ബൂലോഗക്കാര്‍ക്കു സൂര്യനുദിച്ചില്ലെന്നു തോന്നുന്നു. അതോ ഇതോ ബ്ലോഗെന്നായൊ?.

യു ഏ യി ക്കാര്‍ ഉത്സാഹത്തോടെ ഇരിക്കുന്നു. അങ്ങേത്തല അമേരിക്കാവിലും എല്ലാരും ഉറങ്ങിയും ഉണര്‍ന്നും ബ്ലോഗെഴ്തുന്നു.

ഇനിയും മീറ്റുകളും ചാറ്റുകളും വേണ്ടെ.

വരിക വരിക സഹജരെ
....സമരമായ്‌.....

ഒരു ഗന്ധര്‍വ കാഹളമാണേ.

ഇനി ഒരു പക്ഷെ കുറച്ചു ദിവസം ഒളിവിലായിരിക്കും ഗന്ധര്‍വന്‍ .

എന്തുകൊണ്ടു.

ദേവന്‍ പറഞ്ഞ കാരണങ്ങളാല്‍- വായിക്കു എന്താണു ദേവന്‍ പറഞ്ഞിരിക്കുന്നതു.

ആനക്കൂടന്‍ said...

ദേവേട്ടന്റെ പ്രയോഗങ്ങള്‍ വായിച്ച് അന്തം വിട്ടു പോയി... ഇങ്ങനെ ഒരെഴുത്ത് ദേവേട്ടനെക്കൊണ്ടു മാത്രമേ സാധിക്കൂ...

അശരീരി...| a said...

http://ashareeri.blogspot.com/2006/07/just-comment.html

ബിന്ദു said...

കൊള്ളാം മാഷേ.. കൊള്ളാം :)
(വീട്ടിലിരുന്നു ബ്ലോഗിയാല്‍ ദ്രോഹം? ദൈവമേ.... എനിക്കു നീ താന്‍ തുണ.)

ദേവന്‍ said...

എല്ലാവരേം മൊത്തത്തില്‍ വട്ടാക്കി ഞാന്‍ ചാരുഹാസനായി.

പട്ടേരിയേ
യാ യേഷന്‍ എവിടെന്ന് വന്നതാണെന്ന് പിടിയില്ലാത്തതുകാരണം ഇതുവരെ വിവാദങ്ങള്‍ ഇല്ലായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഈയിടെ ലവിടെ പ്രകാശിച്ചു
http://icai.org/icairoot/overview/about_icai/motto.jsp
ഉടന്‍ തന്നെ കാഞ്ചി ഏലയ്യാ തുടങ്ങിയവര്‍ നയിക്കുന്ന പ്രതിഷേധ സമരാഹ്വാനം പ്രതീക്ഷിക്കാം.
ദില്‍ബാ
ദേ അടുത്ത നിയമം- ഓലപ്പടക്കം പൊട്ടിക്കണേല്‍ പോലീസിന്റെ പെര്‍മിഷന്‍ വേണം കേട്ടോ (എന്തെല്ലാം പൊല്ലാപ്പ്‌)