Thursday, July 27, 2006

വാക്കിടോക്കി

പേരുകളെക്കുറിച്ച്, മൊത്തം ചില്ലറയില്‍ ഞാനെഴുതിയ പോസ്റ്റില്‍, കണ്ണൂസ്‌ജി എഴുതിയ “പല്ലിക്കാട്ടം” പേരിന്റെ കഥ വായിച്ച്, കുട്ട്യോളുടെ ക്രിയേറ്റിവിറ്റി അപാരം എന്ന് വിചാരിച്ച് നടക്കാന്‍ തുടങ്ങിയിട്ട് ദിവസം രണ്ട് മൂന്നായി.

ഇന്നലെ എനിക്കും കെട്ട്യോള്‍‌ക്കും ഓവര്‍‌ടൈം പണിയായതിനാല്‍ ഡിന്നര്‍ പുറത്ത് നിന്ന് വാങ്ങാം എന്ന് തീരുമാനമാനിച്ചു.
സന്ധ്യക്ക് ഒരേഴു മണിയായപ്പോഴേക്കും “സാധനം വാങ്ങി വരാം” എന്ന് പറഞ്ഞ് ഞാന്‍ വണ്ടിയെടുത്ത് ഇവിടുത്തെ ചിക്കണ്‍ ഫാസ്റ്റ് ഫുഡ് ചെയിനായ നാ‌ന്‍ഡോസിലേക്ക് വിട്ടു.

“അവള്‍ക്ക് ഒരു ചിക്കന്‍ മിനി മീലും എനിക്ക് ഒരു ചിക്കണ്‍ റാപ്പും ലിവര്‍ ഫ്രൈയും” ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി.
എല്ലാം കൂടി അന്‍പത് റാന്‍ഡിലൊതുക്കണം.

കൌണ്ടറില്‍ സാമാന്യം നല്ല ക്യൂ.

വാലിനു നീളക്കുറവുള്ള ഒരു ക്യൂവില്‍ സ്ഥാനം പിടിച്ചു.

തൊട്ടപ്പുറത്തെ ക്യൂവില്‍ മുഴുവനും ആഫ്രിക്കന്‍‌സാണ്. കറുത്ത കണ്ണടയും കറുത്ത ജാക്കറ്റും കറുത്തഷൂസും കറുത്ത പാന്റ്സും ധരിച്ച് വെളുക്കെ ചിരിക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍. ഇങ്ങോട്ട് നോക്കിയവരെ വെറുതെ ചിരിച്ചു കാട്ടി.

“ഗിവ്‌ മി വണ്‍ വാക്കി-ടോക്കി പ്ലീസ്!!”

അടുത്ത ക്യൂവില്‍ ഓര്‍ഡര്‍ ചെയ്യുന്ന ആള്‍ ഓര്‍ഡര്‍ ചെയ്തതാണ്.

വാക്കി-ടോക്കിയോ? ഞാനമ്പരന്നു. കട മാറിയോ? ഇനി വല്ല ഫോണ്‍ കടയിലോ, ഇലക്ട്രോണിക് ഷോപ്പിലാണോ വന്ന് കയറിയത്? അവിടെ കൌണ്ടറില്‍ പോയി ചിക്കണ്‍ ലിവര്‍ എന്നൊക്കെ പറഞ്ഞാല്‍....
ഞാന്‍ നിന്നു പരുങ്ങി. ഇല്ല. തെറ്റിയിട്ടില്ല. മുന്‍പില്‍ ചുവരില്‍ തൂക്കിയ പലകകളില്‍ ചിക്കണ്‍ വിഭവങ്ങളുടെ വിവരങ്ങളാണ്. വാക്കി-ടോക്കി എന്ന ഒരു വിഭവം..പക്ഷേ ഇല്ല....ഇനി ഫോണിന്റെ ആകൃതിയില്‍ പൊരിച്ചെടുത്ത ചിക്കണ്‍ വല്ലതും ആണോ ഈ വാക്കി ടോക്കി?

ആദ്യം ഓര്‍ഡര്‍ ചെയ്തവന്‍, ഒരു കവറുമായി പുറത്തിറങ്ങിപ്പോയി. അല്ല! കവറില്‍, പോലീസിന്റെ കൈയ്യില്‍ കാണുന്ന തരം വാക്കി‌റ്റോക്കി അല്ല. ഷേയ്പ് കണ്ടാല്‍ അറിയാം.

മറ്റേ ക്യൂവില്‍ അടുത്ത ആള്‍..” വണ്‍ വാക്കി-ടോക്കി പ്ലീസ്.”

ഞാന്‍ ശരിക്കും ഞെട്ടി. ദേ പിന്നേം...ഇതെന്താണ് ഈ തിന്നാല്‍ പറ്റുന്ന വാക്കി-ടോക്കി?

മെല്ലെ ക്യൂവില്‍ നിന്നിറങ്ങി, മറ്റേ ക്യൂവിന്റെ മുന്നില്‍ കൌണ്ടറില്‍ ചാരി മെനു നോക്കി നില്‍ക്കുന്നപോലെ നിന്നു.
കണ്ണ് അകത്തേക്ക്, “വാക്കി ടോക്കി“ എടുക്കുന്ന സ്ത്രീയുടെ കൈകളില്‍ തറഞ്ഞു നിന്നു. എന്താണ് ദൈവേ ഈ വാക്കിടോക്കി?

അപ്പോഴല്ലേ പിടി കിട്ട്യേ..

വാക്കി‌ടോക്കി എന്ന്വച്ചാല്‍, രണ്ട് കോഴിക്കാന്‍ പൊരിച്ചത് + ഒരു കോഴിത്തല (ചുണ്ടടക്കം) പൊരിച്ചത്.
കോഴിക്കാല്‍ - walky
കോഴിത്തല - talky.


എന്റെ മുഖം ട്യൂബ് ലൈറ്റ് ഇട്ട പോലെ തെളിഞ്ഞു. ഇവര് ആള്‍ക്കാര് കൊള്ളാലോ! നല്ല പേര്!

ഹോ ഇനി ഈ വിജ്ഞാനം ഒന്ന് പ്രദര്‍ശ്ശിപ്പിക്കണമല്ലോ, അല്ലെങ്കില്‍ ഒരു മനസമാധാനം ഇല്ല.

ഫോണെടുത്ത് കറക്കി.
“എട്യേ...നിനക്ക് തിന്നാന്‍ വാക്കിടോക്കി പറയട്ടെ? വാക്കിടോക്കി?”

21 comments:

Sreejith K. said...

അരവിന്ദേട്ടാ, അവസാന പാരഗ്രാഫ് അടിപൊളി. എനിക്കിഷ്ടമായി.

ഇനി ബാംഗ്ലൂരിലേക്ക് വരുമ്പോ എനിക്കും ഒരു വാക്കി-ടോക്കി പാര്‍സല്‍.

ഇടിവാള്‍ said...

ഹ ഹ അരബി....

വായിച്ചു കഴിഞ്ഞപ്പഴാ, ഞാണ്‍ ഒന്നു ശ്വാസം വിട്ടത്. ഏകദേശം ഇതുപോലുള്ള ഒന്ന് എഴുതി വച്ച് 2 ദിവസമായി. അടുത്ത തിങ്കള്‍/ചൊവ്വ ആകട്ടെ പോസ്റ്റിങ്ങ് എന്നു കരുതി ഇരിക്കയാണ് .. അതിനിടയില്‍, അരവി അതി പൊളിച്ചടുക്കിയോ എന്നൊരു പേടി ഉണ്ടായി !

ഹോ, ഭാഗ്യം, അതു ഇനിയും പോസ്റ്റാനുള്ള സ്കോപ്പുണ്ട് ഗെഡീ !

കുറുമാന്‍ said...

ഈ മിനി മീല്‌ കലക്കി......

“എട്യേ...നിനക്ക് തിന്നാന്‍ വാക്കിടോക്കി പറയട്ടെ? വാക്കിടോക്കി?” - ആ എട്യേ വിളി എനിക്കിഷ്ടപെട്ടു

Visala Manaskan said...

അതലക്കി അരവിന്ദേ..
ആ എടിയേ.. വിളിയുണ്ടല്ലോ..അതിന് 100/100 ആ മ്യാര്‍ക്ക്

മുല്ലപ്പൂ said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...

"ഞാന്‍ ശരിക്കും ഞെട്ടി. ദേ പിന്നേം..."

ചിരിച്കു വയ്യായേ....

-B- said...

ചിരിച്ച് ചിരിച്ച്.. അയ്യൊ...

ആ വാക്കി ടോക്കി-ടെ കൂടെ ഒരു കൊക്ക കോള എന്റെ വക. അവസാനം വയറ്റിനുള്ളിലൊരു കൊക്കിക്കൂവലും ചിക്കി ചികയലും..

Kalesh Kumar said...

അരേ, കൊള്ളാം!
ഈ കോഴിതലയൊക്കെ തിന്നുന്ന മനുഷ്യരുണ്ടോ? ചുണ്ടടക്കം! ഈശ്വരാ!
വിശാലോ ഞാനും എന്റെ പെണ്ണുമ്പിള്ളേ എടിയേ എന്നൊക്കെ വിളിക്കാറുണ്ട്!

സു | Su said...
This comment has been removed by a blog administrator.
സു | Su said...

“എട്യേ...നിനക്ക് തിന്നാന്‍ വാക്കിടോക്കി പറയട്ടെ? വാക്കിടോക്കി?”

കെട്ട്യോള്‍ ഉവാച: ദേ മനുഷ്യാ ബ്ലോഗെഴുതി ബ്ലോഗെഴുതി നിങ്ങളുടെ വാക്കി-ടോക്കിയ്ക്ക് എന്തേലും പറ്റിയോ? ഞാനെന്താ പോലീസോ വാക്കി‌ടോക്കി തിന്നാന്‍. ഠപ്പ്...

അരവിന്ദന്റെ മുഖം പിസ്സായുടെ ടോപ്പിലെ കൂട്ട് പോലെ കളര്‍ഫുള്‍ ആയി ;)( മഞ്ഞളിച്ചു എന്ന് മലയാളം)

അരവിന്ദാ ക്ഷമിക്കൂ. വിശാലന്റെ കഥ പറഞ്ഞ് കമന്റ്ടിച്ച് വിശാലന്റെ പേരിട്ടു. ഒരു പറ്റൊക്കെ ആര്‍ക്കും പറ്റും.

sreeni sreedharan said...

അരവിന്ദേട്ടാ, നോക്കിയിരുന്നോ മിക്കവാറും ഏ കെ 47 നും ഇറങ്ങാന്‍ സാധ്യത ഇല്ലാതില്ല!

Adithyan said...

അര്‍വീ,
കലക്കീട്ടോ :)
പിന്നെ ആ ‘എടിയേ‘ എന്നൊക്കെ വിളിക്കാനുള്ള ധൈര്യം കാരണം ഇവിടെ ബീപ്പിയുള്ളവരുടെ ഇടയില്‍ ഒരു ഹീറോ ഇമേജായിട്ടുണ്ട് ട്ടാ ;))

ഇതു ഞാന്‍ എത്ര തവണ ചെയ്തിരിക്കുന്നു :)->
മെല്ലെ ക്യൂവില്‍ നിന്നിറങ്ങി, മറ്റേ ക്യൂവിന്റെ മുന്നില്‍ കൌണ്ടറില്‍ ചാരി മെനു നോക്കി നില്‍ക്കുന്നപോലെ നിന്നു.
കണ്ണ് അകത്തേക്ക്, “വാക്കി ടോക്കി“ എടുക്കുന്ന സ്ത്രീയുടെ കൈകളില്‍ തറഞ്ഞു നിന്നു. എന്താണ് ദൈവേ ഈ വാക്കിടോക്കി?

Visala Manaskan said...

ഞാനിന്ന് വീട്ടീപ്പോകാതെ, ഒരു കമ്പനിയുടെ 2003, 2004, 2005, 2006 അക്കൌണ്ടുകള്‍ ‘ഇപ്പ ശരിയാക്കിത്തരാം ന്ന്’ പറഞ്ഞ് വാങ്ങി വച്ച്, ഒരു എന്റ്രീ ലാപ്പനില്‍ എന്റ്രിയിട്ട് പിന്നെ അരമണിക്കൂറ് പോയി ബ്ലോഗ് വായിക്കും, ജിമൈയില്‍ പോയി ചാറ്റും, പിന്നെ കമന്റും എന്ന റോളില്‍ ഇരുപ്പാണ്.

മറ്റന്നാള്‍ തവക്കോളി (തവക്കളയല്ല) ഞാനെന്തു പറയും??

കിച്ചു said...

കുറെക്കാലമായി ബൂലോഗത്തിന് പോസ്റ്റുന്നവര്‍ക്ക് ക്മന്റണം എന്നോര്‍ത്തിട്ട് കിടക്കട്ടെ, ആ മഹാഭാഗ്യം അവരവിന്ദേട്ടന്.

“സാധനം വാങ്ങി വരാം“എന്ന് പറഞ്ഞ് ഞാന്‍ വണ്ടിയെടുത്ത് ഇവിടുത്തെ ചിക്കണ്‍ ഫാസ്റ്റ് ഫുഡ് ചെയിനായ നാ‌ന്‍ഡോസിലേക്ക് വിട്ടു. ഇതില്‍ ഈ ഇന്‍വെട്ടര്‍ കോമയില്‍ കൊടുത്തിട്ടുളള സാധനം കോഴിയുമായി ബന്ധപ്പെട്ടത് തന്നെയാണെന്ന് കരുതുന്നു. അല്ല നിങ്ങളൊക്കെ എന്തെല്ലാം പറഞ്ഞാലും ഞാന്‍ പറയും കോഴി വാങ്ങാന്‍ പോയത് തന്ന്യാ അല്ലേ അരവിന്ദേട്ടാ.... നന്നായി... “നല്ല വാക്കി ടോക്കി“

ലിഡിയ said...

ഇത് അടിപൊളി...

ആ ചാഞ്ഞും ചരിഞ്ഞും നിന്ന് സംഭവം എന്താന്ന് കണ്ട് പിടിച്ച ഭാഗമാണ് എന്റെ മനസ്സില്‍ മുഴുവന്‍..

എന്നിട്ടത് വാങ്ങിയൊ?

-പാര്‍വതി

സഞ്ചാരി said...

വായിച്ചു കഴിഞ്ഞപ്പോള്‍ കുറ്നേരം ചിരിഅടക്കന്‍ കഴിഞ്ഞില്ല.cock-tail,drum-stick മുന്പെ ഉണ്ട് ഇനിയിപ്പോള്‍ വാക്കി ടോക്കിയും.
ദൈവമേ! ഇവിഅരിടുന്ന പേര്‍ ഇവരറിയുന്നില്ല പൊറുക്കേണമേ.

ബിന്ദു said...

അരവിന്ദാ ഇതു സംഭവം അടിപൊളിയായല്ലൊ. എന്നിട്ടു വാമഭാഗം ഞെട്ടിയോ?
:)

K.V Manikantan said...

ഫോണെടുത്ത്‌ കറക്കിയോ അതോ കുത്തിയോ?

വളയം said...

ഞനൊന്നു ചിരിച്ച്‌ തീരട്ടെ... എന്നിട്ട്‌ കമന്റാം

കരീം മാഷ്‌ said...

അപ്പോള്‍ അവര്‍ തവളക്കാലിനെന്താവും പറയുക "ജംബി സ്വിമ്മി എന്നാവുമോ?

പാപ്പാന്‍‌/mahout said...

പൊന്നും കുടത്തിനെന്തിനു പൊട്ട്? അരവിന്നന്‍‌കുട്ടീടെ പോസ്റ്റിന്‍ എന്തിന്‍ എന്റെ വക നല്ലതെന്നുള്ള സര്‍‌ട്ടിഫിക്കറ്റ്? [ഈ അലങ്കാരം ഏതാകുന്നു ആനപ്പുറം മാഷേ? “കന്ദര്‍‌പ്പാ നീ കളിക്കേണ്ട” എന്നതാണോ?]

മുകളിലെഴുതിയിരിക്കുന്ന സഞ്ചാരി കോഴിദൈവത്തിന്റെ ഉപാസകനാണോ?