Friday, July 14, 2006

അങ്ങിനെയാണോ?ഒരിക്കലും സാധാരണക്കാരന് ഉയര്‍ന്ന റാങ്ക് ലഭിക്കാറില്ലെന്നും ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കുമെന്നും സ്വാശ്രയ മാനേജ്‌മെന്റിനു വേണ്ടി അഭിഭാഷകര്‍ വാദിച്ചുവത്രേ.

ശരിക്കും അങ്ങിനെയാണോ? സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ക്കേ ഉയര്‍ന്ന റാ‍ങ്ക് ലഭിക്കുകയുള്ളൂ? എങ്കില്‍ എത്രമാത്രം മെച്ചപ്പെടണം?

ഇത് ഒരു പുതിയ അറിവായിരുന്നു.

80 comments:

ഷിജു അലക്സ്‌‌: :Shiju Alex said...

ഇപ്പോള്‍ ഇങ്ങനെ ഒക്കെ ആണെന്ന്‌ തോന്നുന്നു. IIT പോലുള്ള എന്‍ട്രന്‍സുകള്‍, കോച്ചിംഗ്‌ (പണം, പണക്കാര്‍ക്കുള്ളത്‌ എന്ന്‌ കൂട്ടി വായിക്കാന്‍ അപേക്ഷ.) ഇല്ലാതെ എത്ര പേര്‍ക്ക്‌ പാസ്സാകാന്‍ പറ്റും. ഇത്തരം കടമ്പകള്‍ കടന്നുകൂടുന്നവര്‍ അതി ബുദ്ധിമാന്മാര്‍ ആണോ? അവര്‍ വളര്‍ന്ന്‌ വരുന്ന (അതോ വളര്‍ത്തി കൊണ്ടുവരുന്നതോ) സാഹചര്യം അങ്ങനെ ആയത്‌ കൊണ്ടും പണം ഉള്ളതു്‌ കൊണ്ടും അല്ലേ.

ആര്‍ക്കറിയാം കൂടുതല്‍ നല്ലവര്‍ പുറത്ത്‌ കാണുമായിരിക്കും. അവര്‍ക്ക്‌ പണം ഇല്ലാത്തതു കൊണ്ടും അവരുടെ ജീവിത സാഹചര്യങ്ങള്‍ അതിന്‌ പറ്റത്തത്‌ കൊണ്ടും അല്ല്‌ പലരും പിന്‍തള്ളപെട്ടുപോകുന്നത്‌.

വക്കാരിമഷ്‌ടാ said...

അങ്ങിനെയെങ്കില്‍ ആ സ്ഥിതിവിശേഷം മാറ്റണോ, അതോ അത് ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് മുന്നോട്ട് പോകണോ?

എനിക്ക് ശരിക്ക് മനസ്സിലായില്ല, എങ്കിലും, അപ്പോള്‍ എന്താണ് സ്വാശ്രയ മാനേജ്‌മെന്റ് പറയുന്നത്? പണമുള്ളവര്‍ക്കേ ഉയര്‍ന്ന റാങ്ക് കിട്ടൂ-അതുകൊണ്ട് അങ്ങിനെ ഉയര്‍ന്ന റാങ്ക് കിട്ടുന്ന പണമുള്ളവരെ സേവിക്കണം. അതിനാണ് സ്വാശ്രയ കോളേജുകള്‍ ഫീസ് പിരിക്കുന്നത് എന്നോ?

അതോ പണമില്ലാത്ത, ഉയര്‍ന്ന റാങ്ക് കിട്ടാത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് സ്വാശ്രയ കോളേജുകളെന്നോ? അങ്ങിനെയെങ്കില്‍ അവിടുത്തെ ഫീസ് ഘടനയോ? അഡ്‌മിഷന്‍ രീതികളോ?

മൊത്തത്തില്‍ കണ്‍‌ഫ്യൂഷനായി.

ആനക്കൂടന്‍ said...

പണമുള്ളവരെ കൊണ്ടേ ഞങ്ങള്‍ക്ക് പ്രയോജനമുള്ളൂ. അതിനാല്‍ അവരെ പഠിപ്പിക്കാന്‍ അനുവദിച്ച് നാ‍ടിന്റേയും ഞങ്ങളുടെയും ഭാവി സമ്പന്നമാക്കൂ എന്നാണ് സ്വാശ്രയ കൊളേജുകള്‍ അഭ്യര്‍ത്ഥ്യക്കുന്നത്. എന്തൊരു സമത്വ സുന്ദര സ്വപ്നം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ റാങ്ക് ലിസ്റ്റ് എടുത്തു നോക്കിയാല്‍ എല്ലാവരും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന കുടുംബത്തില്‍ നിന്ന് ഉള്ളവര്‍ തന്നെ. മെച്ചപ്പെട്ട പഠന അനുബന്ധ പരിശീലനം നേടാനുള്ള അവസരം അവര്‍ക്കു തന്നെയാണ് ലഭിക്കുന്നത്.

സംവരണ ചര്‍ച്ചയില്‍ ഇത് ഒരു പാട് തവണ പരാമര്‍ശിച്ചിരുന്നു. ഇതിനൊരു ഒരു പോംവഴി കണ്ടെത്തുക ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യത്തില്‍ അസാധ്യമാണെന്ന് തോന്നുന്നു. അധ്യാപകരുടെ പ്രാഗല്‍ഭ്യം കുറയുന്നതും പഠന ചെലവ് ഏറുന്നതും തുടങ്ങിയ കാര്യങ്ങള്‍ പുതിയ സാഹചര്യത്തില്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ മുന്നേറ്റത്തിന് തടസമായി മാറുന്നില്ലെ?.

വക്കാരിമഷ്‌ടാ said...

അപ്പോള്‍ ഈ റാങ്ക് എന്നു പറയുന്നത് എന്‍‌ട്രന്‍സ് പരീക്ഷയുടെ റാ‍ങ്കോ അതോ പത്താം ക്ലാസ്സ്, പ്രീ ഡിഗ്രി, ഡിഗ്രി, എന്‍‌ട്രന്‍സ് പാസ്സായി അഡ്‌മിഷന്‍ കിട്ടുന്ന കോഴ്‌സും പാസ്സാകുമ്പോള്‍ കിട്ടുന്ന.... ആ റാങ്കോ?

ഷിജു അലക്സ്‌‌: :Shiju Alex said...

esജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചന്ത്രക്കാറന്‍ said...
This comment has been removed by a blog administrator.
കിരണ്‍ തോമസ് said...

സ്വയാശ്രയ കോളേജ്‌ അപ്പോള്‍ പാവപ്പെട്ടവര്‍ക്ക്‌ വേണ്ടിയാണോ നടത്തുന്നത്‌ എന്ന് ഒരു സംശയം. K.T. തോമസ്‌ കമ്മീഷന്‍ ഫീസ്‌ തന്നെ ( 35000/- for ENG 1.35 lak medicin)
വളരെ കുറവാണ്‌ എന്ന് മാനേജ്മെന്റുകള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ കേരളത്തിലേ പാവപ്പെട്ടവന്റെ വാര്‍ഷിക വരുമനം എത്ര എന്ന് ആരെങ്കിലും പറഞ്ഞാല്‍ നന്നായിരുന്നു. പാവപ്പെട്ട കുട്ടികളുടെ പേരില്‍ സ്വയാശ്രയ കോളേജ്‌ അഡ്മിഷനുപോലും കോടതി കയറാന്‍ നമ്മുടെ സാമുദായ നേതാക്കന്മാര്‍ക്ക്‌ ഉളിപ്പില്ലാ എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു

ആനക്കൂടന്‍ said...

പത്തു മുതല്‍ മുകളിലേക്കുള്ള ലിസ്റ്റ് നോക്കിക്കോളൂ വക്കാരീ. പോളിയോ ബാധിച്ച കുട്ടിക്ക് പ്ലസ്ടുവിന് (പ്ലസ്ടൂവിന് തന്നെയല്ലെ) ഒന്നാം റാങ്ക് കിട്ടിയത് ഏഷ്യാനെറ്റ് സ്പെഷലില്‍ വന്നിരുന്നു. ആ കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടര്‍മാര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലായിരുന്നു ഇവനെങ്കില്‍ എന്താകുമായിരുന്നു.

സാമ്പത്തികം എന്ന ഘടകത്തിനു പുറമേ മാനസീകമായ ഒരു തലം കൂടിയുണ്ട്. സാമ്പത്തീകമായ ദുര്‍ബലമായ അവസ്ഥയില്‍ നിന്ന് വരുന്ന കുട്ടികള്‍ മാനസികമായും ദുര്‍ബലരായിരിക്കില്ലെ. കുടുംബത്തില്‍ നിന്ന് കിട്ടുന്ന പിന്തുണ, സമീപനം ഇവയെല്ലാം രണ്ടും വിഭാഗങ്ങളിലും വിത്യാസപ്പെട്ടിരിക്കും.

കുട്ടിക്ക് അവന്റെ ലക്ഷ്യത്തിലേക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിലും വിവിധ മേഖലയിലെ സാധ്യതകള്‍ മനസിലാക്കി അറിയിക്കുന്നതിനും സാധാരണ കുടുംബത്തിലെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടോ. കുട്ടി അവന്റെ ലക്ഷ്യത്തിലേക്കുള്ള അറിവുകളെയും അസംസ്കൃത വസ്തുക്കളെയും സ്വയം സമാഹരിക്കേണ്ടി വരുന്നു. പഠിച്ചൊരു ജോലി വാങ്ങിക്കൂ എന്നൊരു ഉപദേശം മാത്രമേ ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ള ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ലഭിക്കുന്നുള്ളൂ.

നേരെ മറിച്ചാണ് സാമ്പത്തികമുള്ള വീട്ടിലെ കുട്ടിയുടെ സ്ഥിതി. മകന്റെ അല്ലെങ്കില്‍ മകളുടെ കരിയറിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ ഓരോ നിമിഷവും അലേര്‍ട്ടാണ്.

ചന്ത്രക്കാറന്‍ said...

പിന്നോക്കാവസ്ഥ എന്നതിന്‌ സാമ്പത്തികാവസ്ഥയുമായി ബന്ധമൊന്നുമില്ല ഷിജു. സാമ്പതികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ സാമ്പത്തികസഹായമാണ്‌ നല്‍കേണ്ടത്‌, സംവരണമല്ല. ഇന്ത്യന്‍ അവസ്ഥയില്‍ വിദ്യാഭ്യാസപരമായ പിന്നൊക്കാവസ്ഥ തികച്ചും സാമൂഹികമാണ്‌, അതിനെ നിര്‍ണ്ണയിക്കുന്ന ഘടകം - ഒരേയൊരു ഘടകം എന്നു പറഞ്ഞാല്‍ പോലും അബദ്ധമാകില്ല - ജാതിയണ്‌. ഏതെങ്കിലുമൊക്കെ exceptions കണ്ടേക്കാം. exceptions cannot be taken as examples എന്നാണല്ലോ.

വക്കാരിമഷ്‌ടാ said...

എത്രമാത്രം എക്‍സപ്‌ഷന്‍സ്, എത്രമാത്രം ജനറലൈസ്‌ഡ് എന്നറിയില്ല. അങ്ങിനെയുള്ള ഒരു സര്‍വ്വേ വല്ലതും നടന്നിട്ടുണ്ടോ ആവോ?

വളരെ പണ്ട് ഓലക്കുടിലില്‍ നിന്നും പത്താം ക്ലാസ്സില്‍ മൂന്നാം റാങ്ക് കിട്ടിയ കുറവിലങ്ങാടുകാരി ഒരു മിടുക്കിയെ ഓര്‍മ്മ വരുന്നു. പുള്ളിക്കാരി ഇപ്പോള്‍ ഡോക്‍ടറാണെന്നും പറഞ്ഞ് പിന്നീടും ഒരു ഫീച്ചര്‍ കണ്ടിരുന്നു.

അതാവാം മിക്കവാറും എക്‍സപ്‌ഷന്‍ എന്നും തോന്നുന്നു.

പണക്കാരുടെ മക്കള്‍ക്കുള്ള സൌകര്യങ്ങള്‍ പാവങ്ങള്‍ക്കില്ല. അത് യാഥാര്‍ത്ഥ്യം. കെ.ആര്‍. നാരായണനെയോ അബ്‌ദുള്‍ കലാമിനെയോ പോലുള്ളവര്‍ വളരെ കുറവുതന്നെയായിരിക്കുമോ?

വക്കാരിമഷ്‌ടാ said...

അപ്പോള്‍ ചന്ത്രക്കാരന്‍ പറഞ്ഞുവരുന്നത് കേരളത്തിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയ്ക്ക് കാരണം ജാതി മാത്രമാണെന്നാണോ?-

ചന്ത്രക്കാറന്‍ said...

സര്‍വേയൊക്കെ വേണൊ വക്കാരീ, ഒന്നു തല നാലുപാടും തിരിച്ചു നോക്കിയാല്‍ പോരേ?

കെ.ആര്‍.നാരായണനും അബ്ദുള്‍ കലാമുമൊക്കെ പ്രതിനിധാനങ്ങള്‍ മാത്രമാണ്. representation അല്ലല്ലോ participation.

പലപ്പൊഴും സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്ക്‌ ചൂണ്ടിക്കാട്ടാന്‍ വേണ്ടി അവര്‍ തന്നെ ഇത്തരം ഉദാഹരണങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്‌. കലാമിന്റെ പ്രസിഡന്റ്‌ പദവി തന്നെ അത്തരമൊരു പടപ്പാണ്‌. ബി.ജെ.പി ക്ക്‌ മതേതരത്ത മുഖം മൂടിയണിയാന്‍ ചെലവില്ലതെ കിട്ടിയ ഒരവസരം.

വക്കാരിമഷ്‌ടാ said...

അങ്ങിനത്തെ നിര്‍വ്വചനങ്ങളൊക്കെ ഓരോരുത്തരുടെ മനോധര്‍മ്മമനുസരിച്ച് കൊടുക്കുന്ന കാര്യങ്ങളല്ലേ. കലാമിനെ പ്രസിഡണ്ടാക്കിയത് എന്തുകൊണ്ട് എന്നുള്ള ഒരു ചോദ്യത്തിന് നമ്മുടെയെല്ലാം രാഷ്ട്രീയ താത്‌പര്യവും സാമുദായിക താത്‌പര്യവുമൊക്കെ വെച്ച് ആര്‍ക്കും എന്തും പറയാമല്ലോ. വാസ്തവം കലാം പ്രസിഡണ്ടായി എന്നതു മാത്രം.

സര്‍വ്വേ വേണം എന്നുതന്നെ തോന്നുന്നു. നാലുപാടുമുള്ള തലതിരിച്ചുള്ള നോക്കല്‍ പലപ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍‌കുന്നു. നോട്ടം പലപ്പോഴും മനോധര്‍മ്മമനുസരിച്ചുകൂടി ആകുമ്പോള്‍. എന്തെങ്കിലുമൊക്കെ മുന്‍‌വിധിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.

അരവിന്ദ് :: aravind said...

സ്വാശ്രയ കോളേജ് കൊണ്ട് ഒരൊറ്റ ഗുണമേയുള്ളൂ..
ഏതണ്ടനും അടകോടനും കാശുണ്ടെങ്കില്‍ ഇഞ്ചിനീയറോ ഡോക്ടറോ ആകാം(സ്വാശ്രയത്തിലുള്ള എല്ലാവരും അങ്ങനെയാണ് എന്നല്ല)..ഒരു റാങ്കും ബാധകമല്ല.
ഉറക്കമിളച്ച് പഠിച്ച് വന്ന് കഷ്ടകാലത്തിന് സര്‍ക്കാര്‍ സീറ്റ് കിട്ടാതെ പകച്ചു നില്‍ക്കുന്ന കുട്ടികള്‍ വിഡ്ഡികള്‍!

ചന്ത്രക്കാറന്‍ said...

കേരളത്തില്‍ മുന്നോക്കജാതിക്കര്‍ക്കിടയില്‍ വിദ്യാഭ്യാസപരമായ പിന്നൊക്കാവസ്ഥ നിലനില്‍ക്കുന്നില്ല, അവരുടെ സാമ്പത്തികസ്ഥിതി എന്തുതെന്നെയായിരുന്നലും. അതേ സമയം സാമ്പത്തികമായി സാമാന്യം മുന്നിലെത്താന്‍ കഴിഞ്ഞിട്ടുള്ള, അതേ സമയം സാമൂഹികമായി പിന്നൊക്കം നില്‍ക്കുന്ന, പല വിഭാഗങ്ങളും വിദ്യാഭ്യാസപരമായി ദയനീയാവസ്ഥയിലുമാണ്‌.

സംവരണമല്ലതെ ഈ സമുദായങ്ങളെ മുഖ്യധാരയിലെക്കെത്തിക്കാന്‍ ഞാന്‍ നോക്കിയിട്ട്‌ മറ്റൊരു മാര്‍ഗ്ഗവും കാണുന്നില്ല. അവരൊന്നും തന്നെ, ഒരു സമൂഹമെന്ന നിലക്ക്‌, മറ്റേതെങ്ങിലും സമുദായത്തെക്കാള്‍ പിന്നിലാണെന്ന് ഞാന്‍ കരുതുന്നുമില്ല.

ഡാലി said...

കമന്റണ്ടാ കമന്റണ്ടാ എന്നു വച്ചീട്ടും പറ്റണില്ലലൊ ഈശ്വരാ..
ചന്ത്രക്കാറാ.. സംവരണ ഒക്കെ അതിഭയങ്ക്kരമായി നടപ്പക്കുന്നതിന്നു മുന്‍പു സര്‍വേ നടത്തുക തന്നെ വേണം. താങ്കള്‍ പറഞ്ഞ പോലെ ആദ്യം ഒന്നു തല തിരിച്ചു നോക്കിക്കേ.. ആദ്യം ഉന്നത വിദ്യഭ്യാസ രംഗം തന്നെ ആയിക്കോട്ടെ. സ്വയാശ്രയം ഇല്ലാത്ത പി എച്ച്. ഡി എടുകൂ. സംവരണ (sc/ st/ obc)വിഭാഗത്തില്‍ വരുന്നവര്‍ ഒട്ടും കുറവല്ലത്ത സ്ഥലം. അവിടെ ഈ സംവറണക്കാരുടെ സാമ്പത്തിക നില നോക്കൂ. 99% പേരും നല്ല സാമ്പത്തിക നിലയുള്ളവര്‍ അച്ചനും അമ്മയും നല്ല ജോലിയുള്ളവര്‍. പുറം ലോകം ലോകം കാണാത്ത ദളിതര്‍ ഒന്നും അവിടെ എത്തിപ്പെടില്ല, മിക്കവാറും. അപൂര്‍വം ഒന്നൊ രണ്ടൊ പേര്‍ വഴിതെറ്റി വന്നലായി. അപ്പോള്‍ ജാതിയില്‍ മൂലം ഇവര്‍ക്കു എന്തു സംവരണം കിട്ടുന്നു. അത് ഈ വിഭാഗത്തിന്റെ തന്നെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ മാത്രം അനുഭവിക്കുന്നു. അതേ സമയം ഉയര്‍ന്ന ജാതിയിലുള്ളവര്‍ സാമ്പത്തിക പരാധീനത കാരണം പഠിപ്പുപേക്ഷിക്കുന്ന എത്രയൊ സന്ദര്‍ഭങ്ങള്‍... ഒരു സര്‍വെ നടത്തി സംവരണം സാമ്പത്തീകാടിസ്ഥാനത്തില്‍ ആക്കെണ്ട സമയം അതിക്രമിച്ചു. ജാതി സംവരണം ജാതി വ്യവസ്ഥ തുടരാന്‍ മാ‍ത്രമേ സഹായികൂ..

വക്കാരിമഷ്‌ടാ said...

ഇതൊരു നൂറു കമന്റ് പരിപാടിയില്‍ കോണ്ട്രിബ്യൂട്ട് ചെയ്യാനുള്ള ത്രാണിയില്ല, എങ്കിലും:

സാമ്പത്തികമായി സാമാന്യം മുന്നിലെത്താന്‍ കഴിഞ്ഞിട്ടുള്ള, അതേ സമയം സാമൂഹികമായി പിന്നൊക്കം നില്‍ക്കുന്ന, പല വിഭാഗങ്ങളും വിദ്യാഭ്യാസപരമായി ദയനീയാവസ്ഥയിലുമാണ്‌.

എന്തായിരിക്കാം കാരണം? സാമ്പത്തികമായി മുന്നോക്കം നിന്നിട്ടുകൂടി?

സംവരണമല്ലതെ ഈ സമുദായങ്ങളെ മുഖ്യധാരയിലെക്കെത്തിക്കാന്‍ ഞാന്‍ നോക്കിയിട്ട്‌ മറ്റൊരു മാര്‍ഗ്ഗവും കാണുന്നില്ല

എവിടെ സംവരണം വേണം? വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ ഒന്നാം ക്ലാസ്സ് മുതല്‍ക്കേ തുടങ്ങണമായിരിക്കുമല്ലോ? അതോ അങ്ങിനെയല്ലേ? ആ കുട്ടികള്‍ക്കൊക്കെ ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ മുന്നോക്കക്കാര്‍ക്കൊപ്പം പഠിക്കാന്‍ പോലും തടസ്സങ്ങളുണ്ടോ? അവരുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണോ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ? അങ്ങിനെയെങ്കില്‍ സംവരണം എങ്ങിനെ പരിഹാരമാകും?

പിന്നെ എന്തിന് സര്‍വ്വേയെ എതിര്‍ക്കുന്നു? വാസ്തവം ഇനി അതാണെങ്കില്‍ കൂടി.

പെരിങ്ങോടന്‍ said...

ഇന്ത്യന്‍ അവസ്ഥയ്ക്കു ഏറെക്കുറെ ചന്ത്രക്കാരന്‍ പറഞ്ഞൊരു ജനറലൈസേഷന്‍ ചേരുമായിരിക്കും(??) കേരളത്തിന്റെ കാര്യത്തില്‍ (ഇന്ത്യയിലങ്ങിനെയാണു പഞ്ചാബിലെങ്ങെന്യാന്നു്.. പഞ്ചാബിഹൌസ്) അതൊരു ഭീമാബദ്ധമാകാനെ വഴിയുള്ളൂ. എന്‍‌ട്രന്‍സിന്റെ റാങ്കും പണവും തമ്മില്‍ മാത്രമേ നേരിട്ടൊരു ബന്ധമുള്ളെന്നു തോന്നുന്നു. ജാതിയില്‍ മേന്മയുള്ളവര്‍ക്കു മാത്രമേ പണമുള്ളൂ എന്നു കേരളത്തില്‍ ഒരു കണ്ണുപൊട്ടനും പറയുകയില്ല. പ്ലസ് റ്റു വരെയുള്ള സ്കൂള്‍ വിദ്യഭ്യാസത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണു് പഠിപ്പിലും പിന്നോക്കം നില്‍ക്കുന്നതെന്നാണു് (വിദ്യഭ്യാസമില്ലാത്ത മാതാപിതാക്കളുള്ളവരെയും ഈ ഗണത്തില്‍ പെടുത്തേണ്ടിവരും‍) പെരിങ്ങോട്ടെ ഒരു റ്റ്യൂഷന്‍ സ്ഥാപനത്തില്‍ 5-12 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ പഠിപ്പിച്ചതില്‍ നിന്നും എനിക്കൂഹിക്കുവാന്‍ കഴിഞ്ഞിട്ടുള്ളതു്. എങ്കിലും തീര്‍ത്തും സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ഗ്രാമങ്ങളിലെ ജനവും പിന്നോക്കജാതിയില്‍ നിന്നുള്ളവരാണെന്നാണു കേരളത്തിലെ സ്ഥിതിവിശേഷം. ജാതീയ സംവരണങ്ങള്‍ ഈ കുട്ടികള്‍ക്കു് അനുവദിച്ചിട്ടു വലിയകാര്യമൊന്നുമില്ല, പ്രാഥമിക വിദ്യഭ്യാസം ഒരുക്കുന്നതില്‍ സംവരണം വലിയ പങ്കൊന്നും വഹിക്കുന്നില്ല എന്നതു തന്നെ കാര്യം. പ്രാഥമികവിദ്യഭ്യാസം കേരളത്തിലെ മിക്ക ഗ്രാമങ്ങള്‍ക്കും പ്രാപ്യമായ ഒന്നാണു്, എന്നിട്ടും ഇവരാരും റാങ്കുകളിലേയ്ക്കും തുടര്‍ന്നുള്ള പ്രൊഫഷണല്‍ വിദ്യഭ്യാസക്കളരിയിലേയ്ക്കും കടന്നുവരാത്തതു ഒരു collective effort ഇല്ലാത്തതിനാലാണു് (കുടുംബം, സാമ്പത്തികം, വിദ്യാഭ്യാസം) എന്നിവ ഇല്ലാത്തതിനാലാണു്. എല്ലാ തരത്തിലുള്ള ജനങ്ങളിലേയ്ക്കും‍ സാമ്പത്തിക സമത്വവും സ്കൂള്‍ വിദ്യഭ്യാസവും കടന്നുചെല്ലുകയാണെങ്കില്‍ ഈ സ്ഥിതിക്കൊരു മാറ്റമുണ്ടാകും. അതില്ലാത്തിടത്തോളം സംവരണം എന്നുള്ളതു ജാതിവ്യവസ്ഥതിയില്‍ പിന്നോക്കം നില്‍ക്കുന്ന ധനികര്‍ക്കു ആ പേരില്‍ കൂടുതല്‍ പ്രിവിലേജസ് നേടുവാനുള്ള ഒരു ഉപാധിമാത്രമാണു് (ഇതില്‍ exceptions ഉണ്ടാകും, exceptions cannot be taken as examples എന്നാണല്ലോ.)

ബെന്നി::benny said...

ചരിത്ര ബോധമില്ലാത്ത എന്തിനും ബാധകമാണ് നാച്ചുറല്‍ സെലക്ഷന്‍ എന്ന കടും‌വെട്ട്. നാച്ചുറല്‍ സെലക്ഷനെന്നാല്‍ കയ്യൂക്കുള്ളോര്‍ കാര്യക്കാര്‍ തന്നെ. “എവിടെ നിന്നു വന്നു ഞാന്‍, എവിടേക്കു പോണു ഞാന്‍” എന്ന് ചിന്തിച്ചു തുടങ്ങിയ ചിലരെങ്കിലും “മാനുഷരെല്ലാരും ഒന്നുപോലെ” എന്നു പാടുകയും “ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുക്കണം” എന്ന് ഉപദേശിക്കാനും തുടങ്ങി. അതിന്റെ ഭാഗമായി വന്നതാണ് സംവരണം.

ചാതുര്‍വര്‍ണ്ണ്യത്തില്‍ ഊന്നിയ ഭാരതീയ സമൂഹത്തില്‍ ബ്രാഹ്മണര്‍ തൊട്ട് താഴേക്ക് എന്നായിരുന്നു അധികാരശ്രേണി. ഏറ്റവും മികച്ചത് ഏറ്റവും അധികാരമുള്ളവര്‍ക്ക്!!! മണ്ണായാലും പെണ്ണായാലും പൊന്നായാലും അതുതന്നെ അവസ്ഥ. പാറയില്ലാത്തതും പശിമയുള്ളതുമായ മണ്ണ് അധികാരമുള്ളവര്‍ക്ക് ചേരും. വെളുത്ത് തുടുത്ത് ഉയരമുള്ള സുന്ദരികളും സുന്ദരന്മാരും അധികാരമുള്ളവര്‍ക്ക് തന്നെ.

(അധികാരമുള്ളവരുടെ ഇടയിലും അധികാരത്തിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് പ്രശ്നമുണ്ടാകും എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഒട്ടും അധികാരമില്ലാത്തവരും അധികാരമുള്ളവരും തമ്മിലുള്ള അന്തരത്തോളം വരില്ല അത് എന്നും വിസ്മരിക്കരുത്.)

ഭംഗിയുള്ള, ആരോഗ്യമുള്ള ഒരു ഇണയെ, അധികാരമുള്ളതുകൊണ്ടു മാത്രം തന്റേതാക്കുന്നതിനെ കാടത്തം എന്നു പറഞ്ഞ് തള്ളാന്‍ വരട്ടെ. നാച്ചുറല്‍ സെലക്ഷനാണ് ഇതൊക്കെ. ഏറ്റവും നല്ല വാഴയില്‍ നിന്നുള്ള കന്നുകള്‍ക്ക് മറ്റുള്ളവയേക്കാള്‍ കരുത്തും രോഗപ്രതിരോധ ശേഷിയും ഉണ്ടാവുമല്ലോ. അതുപോലെ ആയിരക്കണക്കിന് വര്‍ഷങ്ങളിലെ നാച്ചുറല്‍ സെലക്ഷനിലൂടെ ഭാരതത്തിലെ വരേണ്യജാതിക്കാര്‍ കരുത്തും പ്രതിരോധ ശേഷിയും നേടിയെടുത്തു.

(“കറുപ്പു താന്‍ എനക്കു പിടിച്ച കളറ്‌” എന്ന് ഭാരതത്തിലെ സകല കീഴ്ജാതിക്കാരും പാടേണ്ടി വരുന്നതിന് കാരണം ആയിരക്കണക്കിന് വര്‍ഷങ്ങളായി നടക്കുന്ന ഈ നാച്ചുറല്‍ സെലക്ഷനാണ്. ഇതിനിടയിലും പ്രതിരോധിച്ച കീഴാള വര്‍ഗ്ഗങ്ങള്‍ ഇല്ലെന്നില്ല. കേരളത്തിലെ കുംഭാരന്മാരും ഉത്തരേന്ത്യയിലെ ലംബാഡിമാരും ഉദാഹരണങ്ങള്‍. ഇവരെ പ്രതിരോധനത്തിന് സജ്ജരാക്കിയത്, അവരിലെ മേല്‍‌ജാതിച്ചിന്തയാണ് എന്നത് മറ്റൊരു കാര്യം.)

“അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും നായയ്ക്ക് മുറുമുറുപ്പ്” എന്ന രീതിയിലാണ് ഭാരതത്തിലെ വരേണ്യജാതിക്കാരുടെ ചെയ്തികള്‍. അവസാനത്തെ അപ്പക്കഷണം പോലും കീഴാളര്‍ക്ക് ലഭിക്കാതിരിക്കാന്‍ പെടാപ്പാട് പെടുകയാണവര്‍.

ആനക്കൂടന്‍ said...

മുന്നോക്കക്കാര്‍ക്കിടയില്‍ വിദ്യാഭ്യാസപരമായ പിന്നോക്കാ‍വസ്ഥയില്ല എന്നത് ചന്ദ്രക്കാര്‍ന്റെ കാഴ്ചപ്പാട് തികച്ചും വ്യക്തിപരമാണ്.

സാമ്പത്തിക വിഭാഗം റാങ്കുകള്‍ നേടുന്നതിനെ(വിദ്യാഭ്യാസപരമായി മുന്നേറുന്നതിനെ) സംവരണം കൊണ്ട് എങ്ങനെ നേരിടാനാവുമെന്നാണ്. സാമ്പത്തികമായി മുന്നിലേത്തിയ പിന്നാക്കക്കാര്‍ തന്നെ വിദ്യാഭ്യാസപരമായി ദയനീയാവസ്ഥയിലാണ് എന്നും ചന്ദ്രക്കാരന്‍ പറയുന്നു. സാമ്പത്തികമായി ഇവര്‍ മുന്നോക്കാവസ്ഥയിലാണെങ്കില്‍ ജനറല്‍ സീറ്റില്‍ ഇവര്‍ക്ക് പഠിക്കാമല്ലോ. സംവരണം കൊടുത്താലേ പഠിക്കുകയുള്ളോ?

അപ്പോള്‍ ഇതൊക്കെ വേറെന്തെക്കെയോ വിചാരങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതാണ്. വരേണ്യത, കീഴാളര്‍, അപ്പക്കഷ്ണം ഇതിനൊന്നും ഇതിനൊന്നും ഇനി വലിയ സ്കോപ്പില്ല എന്നു പറയാം.

ചന്ത്രക്കാറന്‍ said...

ആദ്യമായി, ഞാന്‍ സര്‍വേയെ എതിര്‍ത്തിട്ടില്ല. വിവരങ്ങളേക്കാളും ഒട്ടും പിന്നിലല്ല ബോദ്ധ്യങ്ങള്‍ എന്നു പറയാനേ ഉദ്ദേശിച്ചിട്ടുള്ളൂ.

---------------------------------------

ഓഹോ! കാര്യങ്ങള്‍ അത്ര മേല്‍ സ്വാഭവികമാകണമല്ലേ?

എന്തിനാണു സുഹൃത്തുക്കളെ വസൂരിക്കും പോളിയോക്കുമൊക്കെ കുത്തിവക്കുന്നത്‌? സ്വഭാവികപ്രധിരോധമുള്ളവര്‍ അതിജീവിച്ചാല്‍ പോരേ?

സിവിലൈസേഷന്‍ എന്ന എടവാടുതന്നെ സ്വഭാവികതയെ മറികടക്കാനുള്ളതാണ്‌. അതും വേണ്ടെന്നു വച്ചേക്കം അല്ലേ?

വിശദമായി പിന്നീട്‌....

saptavarnangal said...

വക്കാരി തുടങ്ങിയതു
>>>>>>>>
ഒരിക്കലും സാധാരണക്കാരന് ഉയര്‍ന്ന റാങ്ക് ലഭിക്കാറില്ലെന്നും ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കുമെന്നും സ്വാശ്രയ മാനേജ്‌മെന്റിനു വേണ്ടി അഭിഭാഷകര്‍ വാദിച്ചുവത്രേ.

ശരിക്കും അങ്ങിനെയാണോ? സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ക്കേ ഉയര്‍ന്ന റാ‍ങ്ക് ലഭിക്കുകയുള്ളൂ? എങ്കില്‍ എത്രമാത്രം മെച്ചപ്പെടണം?

ഇത് ഒരു പുതിയ അറിവായിരുന്നു.
>>>>>>>>>>>>>>

ഇതിനു കമെന്റാന്‍ പിന്മൊഴി കടന്ന് ഇവിടെ എത്തിയപ്പോള്‍ സ്വാശ്രയം സംവരണ്മായി മാറി!

എനി വേ,
സ്വാശ്രയ മാനേജ്‌മെന്റിനു വേണ്ടി വാദിച്ച അഭിഭാഷകര്‍ പറഞ്ഞതു ഒരു സത്യം , എന്റരന്‍സ്സ് റാങ്കിലെ ടോപ്പന്മാര്‍ ഒരു 75%വും സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ നിന്നുള്ളവരാണ്.
ഇപ്പോഴത്തെ എന്റ്ര്ന്‍സ്സ് പരീക്ഷയില്‍ പാസ്സാകണമെങ്കില്‍ കോളേജില്‍ പഠിപ്പിക്കുന്ന രീതിയില്‍ പഠിച്ചാല്‍ പോരാ. ഒബ്ജെക്റ്റിവ് ചോദ്യങ്ങള്‍ കുറഞ്ഞ് സമയത്തില്‍ ശരിയാ‍യ ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ ഇന്നത്തെ കോളേജ് പാഠ്യപദ്ധതി ഒരു വിദ്യാര്‍ഥിയെ പ്രാപ്തനാക്കുന്നില്ല. അതിനു വെറെ സ്പെഷ്യല്‍ കോച്ചിങ്ങ് വേണം, അതിനു സാമ്പത്തികം വേണം.

ഇനി പാവപെട്ടവനും ഉയറ്ന്ന റാങ്ക് കിട്ടണമെങ്കില്‍ കോളേജില്‍ സൌജന്യ നിരക്കില്‍ ഈ സ്പെഷ്യല്‍ കോച്ചിങ്ങ് ഏര്‍പ്പാടാക്കണം.മിക്ക കോളെജുകളും ഇതു ഇപ്പോള്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്. അതു പോലെ കരിയര്‍ ഗൈഡന്‍സ്സ് മേഖലയിലും കോളെജുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ കോളേജുകളും ഈ വഴിയില്‍ പതുക്കെ വന്നു തുടങ്ങീയിട്ടുണ്ട്.

ആനക്കൂടന്‍ said...

അപ്പോള്‍ ചന്ത്രക്കാരാ, പിന്നോക്കാവസ്ഥ എന്നു പറയുന്നത് രോഗമാണോ, അതിന് കുത്തിവയ്ക്കാന്‍ സംവരണം എന്ന ഒറ്റമൂലിമരുന്ന് മാത്രമാണോ കാണുന്നത്. 50 ല്‍ ഏറേ വര്‍ഷമായി ഇവിടെ സംവരണം ഉണ്ട്. അതു കുത്തിവച്ചിട്ട് ഇതു വരെ രോഗം മാറിയില്ലോ. ചില രാഷ്ട്രീയ കൊതുകുകള്‍ അതു കുടിച്ചു കൊഴുത്തു.

ഫലപ്രദമല്ലാത്ത മരുന്ന് കൂടിയ ഡോസില്‍ കൊടുത്തിട്ട് എന്തു പ്രയോജനം. അതിന്റെ ഡോസ് കുറയ്ക്കാന്‍ മറ്റൊരു മരുന്ന് പുറകേ കഴിക്കേണ്ടി വരും.

ബെന്നി::benny said...

ചന്ത്രക്കാരോ, "സിവിലിസേഷന്‍ എന്ന എഡവാട്" എനിക്ക് ബോധിച്ചു.

ആയിരക്കണക്കിന് വര്‍ഷങ്ങളായി പഴുത്തു ചളമായി, ചലമൊഴുകിക്കൊണ്ടിരിക്കുന്ന വൃണത്തിന് 50 വര്‍ഷത്തെ ചികിത്സ മതിയോ?

ചന്ത്രക്കാറന്‍ said...

ആനക്കൂടന്‍ said
"സാമ്പത്തികമായി ഇവര്‍ മുന്നോക്കാവസ്ഥയിലാണെങ്കില്‍ ജനറല്‍ സീറ്റില്‍ ഇവര്‍ക്ക് പഠിക്കാമല്ലോ. സംവരണം കൊടുത്താലേ പഠിക്കുകയുള്ളോ?"

ആനക്കൂടാ, താങ്കള്‍ക്കുള്ള മറുപടി ഞനാദ്യമേ പറഞ്ഞിട്ടുണ്ടല്ലോ?

"ഇന്ത്യന്‍ അവസ്ഥയില്‍ വിദ്യാഭ്യാസപരമായ പിന്നൊക്കാവസ്ഥ തികച്ചും സാമൂഹികമാണ്‌, അതിനെ നിര്‍ണ്ണയിക്കുന്ന ഘടകം - ഒരേയൊരു ഘടകം എന്നു പറഞ്ഞാല്‍ പോലും അബദ്ധമാകില്ല - ജാതിയണ്‌"


വക്കാരിമഷ്ടാ said...

"അങ്ങിനത്തെ നിര്‍വ്വചനങ്ങളൊക്കെ ഓരോരുത്തരുടെ മനോധര്‍മ്മമനുസരിച്ച് കൊടുക്കുന്ന കാര്യങ്ങളല്ലേ. കലാമിനെ പ്രസിഡണ്ടാക്കിയത് എന്തുകൊണ്ട് എന്നുള്ള ഒരു ചോദ്യത്തിന് നമ്മുടെയെല്ലാം രാഷ്ട്രീയ താത്‌പര്യവും സാമുദായിക താത്‌പര്യവുമൊക്കെ വെച്ച് ആര്‍ക്കും എന്തും പറയാമല്ലോ. വാസ്തവം കലാം പ്രസിഡണ്ടായി എന്നതു മാത്രം. "

അതായത്‌, കലാം വിജയിയായതുകൊണ്ട്‌ വിജയിച്ചവന്റെ ചരിത്രം അന്വേഷിക്കേണ്ട എന്നാണൊ വക്കാരീ? "നാണം കെട്ടും പ്രസിഡന്റായാല്‍ നാണക്കേടാ പദവി കൊണ്ടുപോകും" എന്നു പഴഞ്ചൊല്ല് മാറ്റേണ്ടി വരുമോ?

daly said...

"സ്വയാശ്രയം ഇല്ലാത്ത പി എച്ച്. ഡി എടുകൂ. സംവരണ (sc/ st/ obc)വിഭാഗത്തില്‍ വരുന്നവര്‍ ഒട്ടും കുറവല്ലത്ത സ്ഥലം. അവിടെ ഈ സംവറണക്കാരുടെ സാമ്പത്തിക നില നോക്കൂ. 99% പേരും നല്ല സാമ്പത്തിക നിലയുള്ളവര്‍ അച്ചനും അമ്മയും നല്ല ജോലിയുള്ളവര്‍."

അപ്പോള്‍ ഡാലീ, ഈപ്പറഞ്ഞ മാതപിതാക്കള്‍ വിദ്യാഭ്യാസം നേടിയതും "സമ്പന്ന"രായതുമാണ്‌ അവരുടെ മക്കള്‍ ഈ PHd എത്താന്‍ കാരണം. തീര്‍ച്ചയായും അവര്‍ സംവരണത്തിന്റെ ഫലമായിട്ടായിരിക്കും ഈ നിലയിലെത്തിയിരിക്കുക. പത്തയ്യായിരം കൊല്ലം അവനെക്കൊണ്ട്‌ മലം കോരിച്ചത്‌ മെറിറ്റിന്റെ അടിസ്ഥാനത്തിലൊന്നുമല്ലല്ലോ. ഒന്നുരണ്ട്‌ തലമുറകൂടി ഇത്തിരി പ്രിവിലേജ്‌ അനുഭവിച്ചൊട്ടെന്നേ...

ഏതു സംവിധാനത്തിലും കുറച്ചു false positives ഉണ്ടാകും. മിക്കപ്പൊളും അതൊഴിവാക്കാന്‍ കഴിയില്ല. അതിന്റെ പേരില്‍ മൊത്തം സംവിധാനം തകര്‍ക്കുകയല്ല വേണ്ടത്‌.


പെരിങ്ങോടന്‍ said...

"എല്ലാ തരത്തിലുള്ള ജനങ്ങളിലേയ്ക്കും‍ സാമ്പത്തിക സമത്വവും സ്കൂള്‍ വിദ്യഭ്യാസവും കടന്നുചെല്ലുകയാണെങ്കില്‍ ഈ സ്ഥിതിക്കൊരു മാറ്റമുണ്ടാകും."

ചിരിപ്പിക്കല്ലേ പെരിങ്ങോടാ...

മൊത്തം "മെറിറ്റി"ന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങല്‍ നടക്കുകയും വേണം കൂട്ടത്തില്‍ സാമ്പത്തികസമത്ത്വവും വേണം അല്ലേ?

ഈ മെറിറ്റ്‌ എന്ന പരിപാടിയെക്കുറിച്ച്‌ എനിക്ക്‌ ചിലത്‌ പറയാനുണ്ട്‌. ഇപ്പൊള്‍ സമയമില്ല. പിന്നീടാകാം.

എല്ലാവരേയും ഞാന്‍ ശത്രുക്കളാക്കിയോ? ഒന്നും വ്യക്തിപരമല്ലേ!!! മോഹന്‍ലാല്‍ പറയുന്നപോലെ എന്നെക്കൊണ്ട്‌ ചെയ്യിക്കുമെന്ന് വാശിപിടിച്ചാല്‍......

ആനക്കൂടന്‍ said...

വക്കാരീ വിഷയം പിടിവിട്ടു പോകുന്നു.

എങ്കിലും ചന്ത്രക്കാര, ഒന്നു ചോദിച്ചോട്ടെ, സംവരണം എപ്പോള്‍ തുടങ്ങണം എപ്പോള്‍ അവസാനിക്കണം എന്നാണ് താങ്കളുടെ കാഴ്ചപ്പാട്? താങ്കള്‍ വിഭാവനം ചെയ്യുന്ന ആ മാര്‍ഗത്തിലൂടെ ഒരു വ്യക്തിയുടെ വളര്‍ച്ച ഒന്നു വിശദീകരിക്കാമോ?

ഡാലി said...

"അപ്പോള്‍ ഡാലീ, ഈപ്പറഞ്ഞ മാതപിതാക്കള്‍ വിദ്യാഭ്യാസം നേടിയതും "സമ്പന്ന"രായതുമാണ്‌ അവരുടെ മക്കള്‍ ഈ PHd എത്താന്‍ കാരണം. തീര്‍ച്ചയായും അവര്‍ സംവരണത്തിന്റെ ഫലമായിട്ടായിരിക്കും ഈ നിലയിലെത്തിയിരിക്കുക. പത്തയ്യായിരം കൊല്ലം അവനെക്കൊണ്ട്‌ മലം കോരിച്ചത്‌ മെറിറ്റിന്റെ അടിസ്ഥാനത്തിലൊന്നുമല്ലല്ലോ. ഒന്നുരണ്ട്‌ തലമുറകൂടി ഇത്തിരി പ്രിവിലേജ്‌ അനുഭവിച്ചൊട്ടെന്നേ..."

ചന്ത്രകാറന്‍ മാഷെ: എനിക്കു തോന്നുന്നു ഈ ഒരു പോയിന്റില്ലാണ് ജാതി സംവരണം തെറ്റുന്നത് എന്നു.
ഇന്ന് കാണുന്ന സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പിന്നോക്ക ജാതിക്കാര്‍ മാത്രം പിന്നോക്ക വിഭാഗ സംവരണം അനുഭവിക്കുന്ന ഒരു സ്ഥിതി വിശേഷമാണ്‌ കേരളത്തിലെങ്കിലും. ഒരു ശതമാനം പോലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കിട്ടുന്നില്ല. അതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ വീണ്ടും നമ്മള്‍ സ്വയാശ്രയത്തില്‍ എത്തും. അതായതു സ്കൂള്‍ വിദ്യാദ്യാസം കച്ചവടമായതും പിന്നെ അതുകഴിഞ്ഞുള്ളിടത്തു സ്വയശ്രയം എന്ന വമ്പന്‍ ഫിസും. പിന്നെ എങ്ങനെ ആ സാമ്പത്തിക പിന്നോക്കകാറ്ക്കു മുന്നോട്ടു വരാന്‍ പറ്റും? ഇവിടെയാണ് സാമ്പത്തിക സംവരണത്തിനെ പ്രസക്തി.

കിരണ്‍ തോമസ് said...

saptavarnangal പറഞ്ഞ പോലേ വിഷയം മാറീ സംവരണമയീ .ഇതുതന്നേയണ്‌ എല്ലാ വിവാദ വിഷയങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടാകുന്നത്‌.

ഒരു രാഷ്ട്രിയ ചര്‍ച്ച്‌ tv ചാനലില്‍ വരുമ്പോഴും ഇതു തന്നേയാണ്‌ സംഭവിക്കുന്നത്‌. വക്കാരി തുടങ്ങിവച്ച ചര്‍ച്ച വഴിതെറ്റി പോയി.

Anonymous said...

ഒരു മാന്യസുഹൃത്ത് പറഞ്ഞ നാച്വറല്‍ സെലക്ഷന്‍ തിയറി എനിക്ക് ബോധിച്ചു. അതില്‍ കാര്യമുണ്ടോ എന്നെനിക്കറിഞ്ഞു കൂടാ എങ്കിലും.
എങ്കിലും അത് ഇത്തിരി ആലൊചിക്കേണ്ട ഒരു വിഷയമായി തോന്നുന്നു. സാമ്പത്തികം മാത്രം നോക്കി സംവരണം നടത്തിയാല്‍ പോര എന്ന് വാദിക്കുന്നവര്‍ക്ക് നല്ല മൂര്‍ച്ചയുള്ള ഒരായുധമാണ് അത്.
പക്ഷേ അങ്ങനെയാണെങ്കില്‍, സംവരണം കൊണ്ടും വേണ്ട എഫക്ട് ഉണ്ടാകുമോ? സംവരണം ജെനെറ്റിക്സില്‍ മാറ്റമൊന്നും ഉണ്ടാക്കുമോ, അധവാ ഉണ്ടാക്കുകയാണെങ്കില്‍ എത്രകാലം വേണ്ടി വരും?
ഒരു കുറുക്കുവഴിയായി വിവാഹം എന്ന പരിപാടിയില്‍ സംവരണം ആലോചിക്കാവുന്നതാണ്. പിന്നോക്കകാര്‍ക്ക് റിസേര്‍വ് ചെയ്യപ്പെടട്ടെ അവിവാഹിതരായ മുന്നോക്കകാര്‍. ബാക്കിയുണ്ടെങ്കില്‍ മുന്നോക്കം മുന്നോക്കത്തിനെ കല്യാണം കഴിച്ചാല്‍ മതി. ഒരു പരിധി വരെ ഇത് പഴമയുടെ തെറ്റുകള്‍ തിരുത്തുമെങ്കില്‍ ട്രയല്‍‌റണ്‍ നടത്താവുന്നതാണ്.

വക്കാരിമഷ്‌ടാ said...

എന്തായാലും സംഗതി വഴിതെറ്റി. സ്വാശ്രയത്തില്‍ തുടങ്ങി സംവരണമായി. ന്യൂനപക്ഷ സ്വാശ്രയകോളേജുകളില്‍ പുതിയ സംവരണമൊട്ടില്ല താനും :)

ബെന്നി പറഞ്ഞതനുസരിച്ചാണെങ്കില്‍ ഇതിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുമല്ലോ.. ഇനിയൊരു തൊള്ളായിരത്തി അമ്പതു കൊല്ലം കൂടി അപ്പോള്‍ സംവരണം വേണം .... അതുകഴിയുമ്പോള്‍ സംഗതി നേരെ തിരിയും. പിന്നെ ഒരു ആയിരം കൊല്ലം തിരിച്ചും.. :)

പണ്ട് പെരിങ്ങോടര്‍ പറഞ്ഞതുപോലെ ചരിത്രത്തിനു പറ്റിയ തെറ്റില്‍ നിന്നും പാഠമുള്‍ക്കൊള്ളേണ്ട, ആ തെറ്റ് പിന്നെയും തുടരുക. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പണ്ട് നീയൊക്കെ ഞങ്ങളെയിട്ട് എത്രമാത്രം ദ്രോഹിച്ചു, നിന്നേം നിന്റെ നാലു തലമുറയെയും പാഠം പഠിപ്പിക്കും ഞങ്ങള്‍ എന്ന മനോഭാവം. രാഷ്ട്രത്തിന്റെ പുരോഗതിക്കും സാമൂഹ്യ സൌഹാര്‍ദ്ദത്തിനും പറ്റിയ നിലപാട് തന്നെ. പണ്ട് ശ്രീജിത്ത് പറഞ്ഞതുപോലെ ഇതുപോലൊന്നും നമുക്ക് ബ്രിട്ടീഷുകാരോട് പറയാന്‍ പറ്റാത്തതുകാരണം ഇവിടിങ്ങനൊക്കെ പറയാം.

നമുക്ക് ഇങ്ങിനെ വളരെ മനോഹരമായ പദങ്ങളൊക്കെ വെച്ച് വാചകക്കസര്‍ത്തുകള്‍ നടത്താം. നമുക്കാര്‍ക്കും തന്നെ എന്താണ് ഇതിനൊരു പോംവഴി എന്നറിയില്ല. ഇതുവരെയുള്ള നടപടികളുടെ ഫലം പോലും നമുക്കറിയില്ല. കാരണം നമ്മളൊന്നും പഠിച്ചിട്ടില്ല. എന്തെങ്കിലും ചെയ്യണമെന്നുള്ള ത്വര. നോക്കിയപ്പോള്‍ ഏറ്റവും എളുപ്പം സംവരണം. ശരി, കൊടുത്തു നോക്കാം. കൊടുത്തു. കിട്ടിക്കഴിഞ്ഞവര്‍ക്കോ, നല്ല രസം. അവര്‍ പിന്നെ അതിലൊന്നും ചെയ്യാന്‍ സമ്മതിച്ചില്ല. കണ്ടുനിന്നവര്‍ക്കോ, അവര്‍ക്കും വേണം. അവര്‍ക്കും കൊടുത്തു. അതിങ്ങനെ പോയി. ഇനി ബെന്നി പറഞ്ഞ സ്ഥിതിക്കാണെങ്കില്‍ ഇനി ഒരു തൊള്ളായിരത്തി അമ്പത് കൊല്ലം കൂടി അതിങ്ങനെ പോകും.

പക്ഷേ ഈ മേളാളര്‍ കീഴാളര്‍ പദങ്ങള്‍ക്കൊക്കെ കാരണമായ ജാതിവ്യവസ്ഥയുടെ ദുരുപയോഗങ്ങളെപ്പറ്റിയൊന്നും നമുക്ക് ഒന്നും അറിയേണ്ട. ജാതിവ്യവസ്ഥ ഇല്ലാതാക്കണെമെന്നും പ്രസംഗിക്കാം, ജാതിയുടെ പേരില്‍ തന്നെ സംവരണവും കൊടുക്കാം.

ഒരു മുന്നോക്കക്കാരനെന്നു പറയപ്പെടുന്നവന്‍ പിറന്നു വീഴുമ്പോള്‍ തന്നെ കാണുന്നത് ഒരു അഡ്‌മിഷനും ജോലിക്കുമൊക്കെ അദ്ധ്വാനിക്കുന്ന് അച്ഛനെയും ചേട്ടന്മാരെയുമൊക്കെയാണ്. അവന്റെ മനസ്സില്‍ ആദ്യം തന്നെ പതിയുന്ന മന്ത്രമാണ് അദ്ധ്വാനിച്ചില്ലെങ്കില്‍ രക്ഷയില്ല എന്നുള്ളത്. ആ ഒരു വാശിയില്‍ അവന്‍ പഠിക്കും. അതിന്റെ ഫലം കാണുകയും ചെയ്യും.

പക്ഷേ ഒരു പിന്നോക്കക്കാരനെന്നു പറയുന്നവനോട് സര്‍ക്കാരും രാഷ്ടീയക്കാരും പറയുന്ന മന്ത്രം, നിങ്ങളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ. അതുകൊണ്ട് നിങ്ങള്‍ക്ക് ഇതൊക്കെ സംവരണം ചെയ്‌ത് വെച്ചിട്ടുണ്ട്. അവനെ മോട്ടിവേറ്റ് ചെയ്യിക്കാന്‍ പറ്റിയ മാര്‍ഗ്ഗം തന്നെ. ആ ഒരു മാനസികാവസ്ഥയുമായി ക്ലാസ്സില്‍ പോകുന്ന അവന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന മുന്നോക്കക്കാരനെന്നു പറയപ്പെടുന്നവനുമായി മത്സരിക്കുന്ന കാര്യത്തെപ്പറ്റി പോലും ചിന്തിക്കില്ല. കാരണം, അവന് അതിന്റെ ആവശ്യമില്ല. സംവരണമുണ്ടല്ലോ.

ഇനി അങ്ങിനെയുള്ളവരൊക്കെ കഠിനാദ്ധ്വാനം ചെയ്യുകയും മുന്നോക്കക്കാരെന്നു പറയപ്പെടുന്നവരുമായി മത്സരിക്കുകയും മുന്നിലെത്തുകയുമൊക്കെ ചെയ്താല്‍ പല സമവാക്യങ്ങളും നാട്ടില്‍ മാറും. ആര്‍ക്കു വേണം അങ്ങിനെയൊരു സ്ഥിതിവിശേഷം. ആള്‍ക്കാര്‍ മൊത്തം ഒന്നിക്കുന്നതിനെക്കാളും എത്ര നല്ലതാണ് കുറച്ച് പോക്കറ്റുകള്‍ മാത്രം ഒന്നിക്കുകയും അവരെ മുതലെടുക്കുകയും ചെയ്യുന്നത്. ആര്‍ക്കും തരം പോലെ ഉപയോഗിക്കാമല്ലോ. മൊത്തം ആള്‍ക്കാരും ഒറ്റക്കെട്ടായെങ്ങാനും പോയാല്‍ നിയന്ത്രിക്കാന്‍ പോലും ബുദ്ധിമുട്ടാവില്ലേ.

ഞാനാലോചിക്കുകയായിരുന്നു. പണ്ട് മലബാറിലേക്കൊക്കെ കുടിയേറി കാടുവെട്ടിയും കാട്ടാനകളോട് പൊരുതിയുമൊക്കെ മണ്ണില്‍ പൊന്നുവിളയിച്ച ആള്‍ക്കാര്‍ക്കൊക്കെ അവരവരുടെ നാട്ടില്‍ തന്നെ പത്തുസെന്റ് വീതം സ്ഥലം സര്‍ക്കാര്‍ സംവരണം ചെയ്ത് കൊടുത്തിരുന്നെങ്കില്‍ ഇപ്പോളത്തെ സ്ഥിതിവിശേഷം എന്തായിരുന്നിരിക്കുമെന്ന്. നിവൃത്തിയില്ലാ എന്നുള്ള ബോധം കൊണ്ടുകൂടിയാണ് അവരൊക്കെ ആ സാഹസം അക്കാലങ്ങളില്‍ കാണിക്കാന്‍ തുടങ്ങിയത് എന്നാണ് തോന്നുന്നത്.

അദ്ധ്വാനിക്കാനുള്ള മനഃസ്ഥിതിയുള്ള ഒരുവന്റെ നാച്വറല്‍ സെലക്‍ഷന്‍ അദ്ധ്വാനമായിരിക്കും. പക്ഷേ അച്ഛനും അമ്മയ്ക്കും ചേട്ടനുമെല്ലാം സംവരണം കിട്ടുന്ന ഒരു കുടുംബത്തിലെ കുട്ടിയുടെ നാച്വറല്‍ സെലക്‍ഷന്‍ സംവരണമായിരിക്കും.

ഇതൊക്കെ നേരത്തെ പറഞ്ഞതു തന്നെ.

വക്കാരിമഷ്‌ടാ said...

ചന്ത്രക്കാരാ.. കലാമിനെ ബി.ജെ.പിക്കാര്‍ പ്രസിഡണ്ടാക്കിയതിന്റെ കാരണം ഓരൊരുത്തര്‍ക്കും അവരുടേതായ രീതിയില്‍ നിര്‍വ്വചിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. ബി.ജെ.പി വിരോധമുള്ളവര്‍ക്ക് ആ രീതിയില്‍ പറയാം. ബി.ജെ.പിയെ അനുകൂലിക്കുന്നവര്‍ക്ക് അവരുടെ രീതിയില്‍ പറയാം. അതല്ലാതെ അതില്‍ വേറെന്തു കാര്യം? അല്ലെങ്കില്‍ കലാമോ ബി.ജെ.പിയോ ഔദ്യോഗികമായി പറയണം, ഇന്ന കാരണം കൊണ്ടാണ് പ്രസിഡണ്ടായതെന്ന്. ബാക്കിയുള്ള പറച്ചിലുകള്‍ക്കെല്ലാം ഊഹത്തിന്റെ വിലയല്ലേ ഉള്ളൂ?

ഇനി സ്പെസിഫിക്കായി നോക്കിയാല്‍ ചന്ത്രക്കാരന്‍ പറഞ്ഞു വരുന്നത് കലാം നാണംകെട്ടാണ് ബി.ജെ.പി ഭരണകാലത്ത് പ്രസിഡണ്ടായതെന്നോ? അതോ കലാമിനെ ബി.ജെ.പി പ്രസിഡണ്ടാക്കാന്‍ പാടില്ലായിരുന്നുവെന്നോ? അയ്യോ... :)

അത് വെറും രാഷ്ട്രീയ ചര്‍ച്ച മാത്രമല്ലേ ആവുന്നുള്ളൂ?

[കുന്തം, ഇതിനു സ്വാശ്രയവുമായി യാതൊരു ബന്ധവുമില്ലല്ലോ-വെറും രാഷ്ട്രീയം.. അയ്യേ.. ഞാന്‍ നിര്‍ത്തി :)]

ബെന്നി::benny said...

ഡാലി, അതിന് മറുപടി ഞാന്‍ പറഞ്ഞു കഴിഞ്ഞെന്നു തോന്നുന്നു.

(അധികാരമുള്ളവരുടെ ഇടയിലും അധികാരത്തിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് പ്രശ്നമുണ്ടാകും എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഒട്ടും അധികാരമില്ലാത്തവരും അധികാരമുള്ളവരും തമ്മിലുള്ള അന്തരത്തോളം വരില്ല അത് എന്നും വിസ്മരിക്കരുത് - ബെന്നി)

ചന്ത്രക്കാരനും അതിന് മറുപടി പറഞ്ഞിട്ടുണ്ട്, ദാ ഇവിടെ: -

(ഏതു സംവിധാനത്തിലും കുറച്ചു false positives ഉണ്ടാകും. മിക്കപ്പൊളും അതൊഴിവാക്കാന്‍ കഴിയില്ല. അതിന്റെ പേരില്‍ മൊത്തം സംവിധാനം തകര്‍ക്കുകയല്ല വേണ്ടത്‌ - ചന്ത്രക്കാരന്‍)

കിരണേ, വിഷയം വഴി മാറിപ്പോയിട്ടൊന്നുമില്ല. സത്യത്തില്‍ ഇതാണ് വിഷയം. കരള്‍ പഴുത്ത് പനി വരുമ്പോള്‍, കരളിനെ ചികിത്സിക്കാതെ പനിയെ ചികിത്സിച്ചതുകൊണ്ട് എന്തുകാര്യം?

അനോണിയുടെ കമന്റ് എനിക്ക് ബോധിച്ചു കേട്ടാ. ഒറ്റമൂലിയുണ്ട്, ഗുജറാത്തില്‍ പരീക്ഷിച്ചതും നക്സ‌ലൈറ്റ് ചേട്ടന്‍‌മാര്‍ ആന്ധ്രയില്‍ ഉപയോഗിക്കുന്നതും പണ്ട് ഹിറ്റ്‌ലര്‍ ഉപയോഗിച്ചതുമായ ആ വഴി - ഉന്മൂലനം. അതിനെപ്പറ്റി നമുക്കൊന്നു ചിന്തിച്ചാലെന്താ?

പൊന്നമ്പലം said...

തികച്ചും ആനുകാലിക പ്രാധാന്യമുള്ള വിഷയം...

ഞാന്‍ ഈ മുക്കാല്‍ തുട്ട് നയത്തിന്റെ കയ്പ്പുനീര് കുടിച്ചവനാണ്. കുടുംബത്തിന്റെ സാമ്പത്തിക പാരാധീനത ഒന്നു കൊണ്ട് മാത്രം ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവന്‍. പത്താം തരത്തില്‍, 72% ഉം, 12-ല്‍ 65% ഉം മാര്‍ക്ക് ഉണ്ടായിരുന്നു. ഈ മാര്‍ക്ക് നല്ലതാണ് എന്ന് ഞാന്‍ വാദിക്കുന്നില്ല. പക്ഷെ എന്റെ കൂടെ പഠിച്ച പലര്‍ക്കും, വെറുതെ ജയിച്ചവന്‍ പോലും, തിരുവനന്തപുരം മാര്‍ ഇവാനിയോസിലും, എം.ജി യിലും ഒക്കെയായി പഠിച്ചപ്പഴും, എനിക്ക് കോ-ഓപ്പറേറ്റിവില്‍ പഠിക്കേണ്ടി വന്നു, പാര്‍ട്ട് റ്റൈമ് കോഴ്സ് ബി.കോം. എനിക്കതു തുടരാനും സാധിച്ചില്ല.

കാരണം... സാമ്പത്തികം മാത്രം... ഞാനൊന്ന് കരഞ്ഞോട്ടെ?

പെരിങ്ങോടന്‍ said...

ചന്ത്രക്കാരാ ‘പ്രൊഫഷണല്‍ കോഴ്സിലെ സംവരണത്തിലേയ്ക്കു്’ ഞാനിതുവരെ കടന്നിട്ടില്ല. പറഞ്ഞതു പ്രാഥമിക വിദ്യഭ്യാസത്തെ കുറിച്ചായിരുന്നു. അവിടെന്തു മെരിറ്റ്? സംവരണവാദികളുടെ ഒരു അടവല്ലേ പതിനേഴുകൊല്ലത്തെ സ്കിപ്പ് ചെയ്തു പ്രൊഫഷണലിലേയ്ക്കു എടുത്തുള്ള ചാട്ടം ;)

സാമ്പത്തിക സമത്വം പോട്ടെ, നേരെച്ചൊവ്വെയുള്ള വിദ്യഭ്യാസമെങ്കിലും കഴിഞ്ഞ അമ്പതുകൊല്ലത്തില്‍ ജനതയ്ക്കു (ഇപ്പോള്‍ രക്ഷിതാക്കള്‍ എന്ന റോള്‍ അഭിനയിക്കുന്നവര്‍) നല്‍കുവാന്‍ കഴിഞ്ഞെങ്കില്‍ എല്ലാത്തരക്കാരില്‍ നിന്നും ഏറെക്കുറെ പൊതുനിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളെ നമുക്ക് പ്രൊഫഷണല്‍ കോളേജുകളുടെ എന്‍‌ട്രന്‍സ് പരീക്ഷയ്ക്കു കാണാമായിരുന്നു. അവിടെ സംവരണമെന്ന പ്രശ്നം ഉദിക്കുന്നുമില്ല :)

വക്കാരിമഷ്‌ടാ said...

പെരിങ്ങോടര്‍ പറഞ്ഞതുപോലെ നേരാംവണ്ണമുള്ള അടിസ്ഥാന വിദ്യാഭ്യാസം കൊടുക്കുകയും അവരെ മോട്ടിവേറ്റു ചെയ്യിക്കുകയും ചെയ്‌തിരുന്നെങ്കില്‍ ഇവരില്‍ പലരും ഇന്ന് ഉയര്‍ന്നുവന്നേനെ. മോട്ടിവേഷന്‍ കിട്ടുന്ന മേഖലകളില്‍ ഇവര്‍ സംവരണമില്ലാതെതന്നെ ഉയരുന്നുണ്ടല്ലോ.

ആനക്കൂടന്‍ said...

പണ്ട് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്‍ത്തവരും ട്രാക്ടര്‍ക്ക് വന്നപ്പോള്‍ കൊടി പിടിച്ചവരുമെല്ലാം ഇവിടെയുണ്ട്. പരമ്പരാഗതമായ വിശ്വാസങ്ങള്‍ തലക്കടിച്ച ഇക്കൂട്ടര്‍ ഇപ്പൊള്‍ ഇതിനെയെല്ലാം അംഗീകരിച്ചല്ലോ. തുടര്‍ന്നു പോരുന്ന ഒരു വ്യസ്ഥിതിയെ മാറ്റിയാല്‍ ദുരന്തമുണ്ടാകും എന്ന് പറയുന്നവര്‍ കാര്യകാരണങ്ങളെ കണക്കിലെടുക്കുന്നില്ല.

എന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞ് എനിക്കു തെറ്റി എന്ന് പറയാം. വാക്കല്ലെ മാറ്റാന്‍ പറ്റൂ. കാലഘട്ടത്തിനനുസരിച്ച് നയങ്ങളും ജീവിതരീതിയും മാറിയേ പറ്റൂ. അതാരു നിര്‍ബന്ധിച്ചില്ലെങ്കിലും സംഭവിക്കും.

പിന്നോക്കാവസ്ഥയെ നിര്‍ണ്ണയിക്കുന്ന ഘടകമല്ല, ഇപ്പോള്‍ നിര്‍ണയിച്ചു കൊണ്ടിരിക്കുന്ന ഘടകമാണ് ജാതി. ആ നിര്‍ണയത്തില്‍ അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ടത് ലഭിക്കുന്നില്ല. ലഭിച്ചിരുന്നു എങ്കില്‍ ഇന്ന് ഇതാകുമായിരുന്നില്ല സ്ഥിതി.

ഷിജു അലക്സ്‌‌: :Shiju Alex said...

ഇവിടെ ജാതി, മതം വിവാദത്തിലൊന്നും ഒരു കഴമ്പും ഇല്ല. ഇത്‌ പണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്‌. അത്‌ മാത്രം.

മനേജ്‌മെന്റ്‌ അഭിഭാഷകന്‍ പറഞ്ഞത്‌ അവര്‍ക്ക്‌ തന്നെ എതിരായി തിരിയുന്ന ഒരു വാദം ആണെങ്കിലും അത്‌ വളരെ ശരിയാണ്‌. ഇന്ന്‌ എന്റ്‌ എന്ന കടമ്പ കടന്ന്‌ കൂടുന്നതില്‍ 90%-വും പണത്തിന്റെ പിന്‍ബലത്തില്‍ കടന്ന്‌ കൂടുന്നവരാണ്‌. അതൊരു യാഥാര്‍ത്ഥ്യമാണ്‌.

ഇതിനൊരു പരിഹാരം എന്താണ്‌? ചില നിര്‍ദ്ദേശങ്ങള്‍ സിബു ചേട്ടന്‍ വച്ചിട്ടുണ്ട്‌. ആരെങ്കിലും അത്‌ വായിച്ചായിരുന്നോ?

ഷിജു അലക്സ്‌‌: :Shiju Alex said...

ഇന്ന്‌ എന്റ്‌ എന്ന കടമ്പ

എന്നത്‌

ഇന്ന്‌ എന്‍ട്രന്‍സുകള്‍ എന്ന കടമ്പ
എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ

അരവിന്ദ് :: aravind said...

സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നതിന്റെ ഉദ്ദേശശുദ്ധി എനിക്ക് വ്യക്തമാവുന്നില്ല.
പിന്നോക്കക്കാരില്‍ മുഖ്യപങ്കും ഇപ്പോള്‍ സാമ്പത്തികമായി പിന്നോക്കം തന്നെയല്ലേ (അല്ലേ?)
മുന്നോക്കക്കാരിലും സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ ഉണ്ട്.
ഇനി വേണമെങ്കില്‍ സംവരണത്തിന്റെ ഒരു ചെറിയ ഭാഗം സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പിന്നോക്കക്കാര്‍ക്കും കൊടുക്കട്ടെ.(ബെന്നി പറഞ്ഞപോലെ "രണ്ടാം തരം തലമണ്ടയാണെന്ന" പരിഗണന വേണമെങ്കില്‍..എനിക്ക് തോന്നുന്നില്ല-ബെന്നിജീ, അതിത്തിരി കടുത്ത തിയറിയായിപ്പോയി...അങ്ങനെയൊക്കെയുണ്ടോ? പരിഗണിക്കേണ്ട ഒരു വ്യത്യാസം ഒക്കെ ഉണ്ടായിട്ടുണ്ടോ?)

പക്ഷേ സാമ്പത്തികമായി പിന്നോക്കം നില്‍‌കുന്ന മുന്നോക്കന് യാതൊരു തരത്തിലും സംവരണം പാടില്ല എന്ന് പറയുന്നത്..വക്കാരി പറയുന്ന ആ പകയുടെ പ്രതിഫലനമായേ എനിക്ക് തോന്നുന്നുള്ളൂ.
അവരുടെ ദാരിദ്ര്യം ദാരിദ്ര്യമല്ലേ? അവരുടെ കുട്ടികള്‍ കുട്ടികളല്ലേ?

അതോ പണ്ട് നടന്നതിനുള്ള പകതീര്‍ക്കലാണ് ജാതി സംവരണം കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍, അത് വേണ്ടപ്പെട്ടവര്‍ വ്യക്തമാക്കിയെങ്കില്‍, നന്നായിരുന്നു. അതൊന്നുമല്ല, വോട്ട് ബാങ്കുകള്‍ ആണല്ലോ ഇവിടെ മുഖ്യം...

പതിറ്റാണ്ടുകളോളം അടിച്ചമര്‍ത്തി ഭരിച്ച വെളുത്തവര്‍ഗ്ഗക്കാര്‍ക്ക് മാപ്പ് കൊടുത്ത് അവര്‍ക്ക് ചരിത്രപരമായ തെറ്റ് തിരുത്താന്‍ ഇന്നത്തെ ജീവിതം കൊണ്ട് കഴിയും എന്ന് തെളിയിക്കാന്‍ ഒരവസരം കൊടുത്ത മണ്ഡേലയെ ഇക്കാര്യത്തില്‍ മാതൃകയാക്കാം.

ജാതിയെന്തുമാകട്ടെ, പാവപ്പെട്ടവന്റെ വ്യഥകള്‍ എല്ലായിടത്തും ഒരുപോലെ, അതിനാല്‍ സംവരണം സാമ്പത്തികാമായി ജാതി നോക്കാതെ നടപ്പിലാക്കൂ എന്ന് പിന്നോക്കകാര്‍ പറയുന്നതിലപ്പുറം കഠിനമായ അരടിയുണ്ടോ, മനസ്സിലിപ്പോഴും വര്‍ണ്ണ വ്യവസ്ഥിതിയും വച്ചു നടക്കുന്ന മുന്നോക്കന് കൊടുക്കാന്‍!

പക്ഷേ, ആരുടേയും മനസ്സിലെ തീ കെടാന്‍ പാടില്ലല്ലോ? കാരണവന്മാരോട് ചെയ്യുന്ന അപരാധമായിപോവൂലേ?

കിരണ്‍ തോമസ് said...

മാനേജ്‌മെന്റുകള്‍ കോടതിയില്‍ പറഞ്ഞത്‌ പണക്കരാണ്‌ പ്രവേശനപ്പരിക്ഷാ ജയിക്കുന്നത്‌ എന്നാണ്‌. പക്ഷേ അതും സ്വയാശ്രയ ബില്ലുമായി എന്തു ബന്ധം . മാനേജ്‌മെന്റുകള്‍ നടത്തുന്ന പരീക്ഷാ വിജയിച്ചാല്‍ പോലും അവര്‍ ചുരിങ്ങിയത്‌ K.T thomas ഫീസ്‌ കൊറ്റുക്കേണ്ടി വരും (മാനേജ്‌മെന്റുകളുടെ കണക്കില്‍ എല്ലാ സീറ്റിലും അവര്‍ക്കു മിനിമം K.T thomas ഫീസ്‌ എങ്കിലും വേണം) . അപ്പോള്‍ പാവപ്പെട്ടവര്‍ എന്നു പറഞ്ഞാല്‍ ഈ ഫീസ്‌ കൊടുക്കാന്‍ കഴിയുന്നവര്‍ എന്ന് അര്‍ത്ഥം.

കിരണ്‍ തോമസ് said...

അരവിന്ദാ പുതിയ സ്വയശ്രയ നിയമം താങ്കള്‍ പറഞ്ഞ നിര്‍ദേശം പരിഗണിച്ചിട്ടുണ്ട്‌. ( 20 % മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്കാണ്‌ ഇത്‌ ലഭിക്കുന്നത്‌).ഇത്‌ നമുക്ക്‌ മറ്റ്‌ സംവരണ വിഷയങ്ങളിലും മാതൃകയക്കവുന്നതാണ്‌.
ഒരു തരത്തിലും ഇതൊന്നും അംഗീകരിക്കില്ലാ എന്നാണ്‌ ഇവര്‍ പറയുന്നത്‌

ആനക്കൂടന്‍ said...
This comment has been removed by a blog administrator.
ചന്ത്രക്കാറന്‍ said...

സംവരണം ഇല്ലാതാക്കിയാല്‍ ജാതിവ്യവസ്ഥ്യല്ല, ജാതിയാണ്‌ ഇല്ലാതാവുക. അതായത്‌ ആ ജാതിയുടെയും അതില്‍ ജനിച്ചുവളര്‍ന്നവന്റെയും കേവലമായ നിലനില്‍പ്പ്‌.

മൂട്ടില്‍ വരെ ജാതിയുടെ, ഐഡന്റിറ്റി ഒട്ടിച്ചുജീവിക്കുന്ന ഇന്ത്യന്‍ ജാതിഹിന്ദു സംവരണത്തിന്റെ കാര്യം വരുമ്പോള്‍ ഒറ്റയടിക്ക്‌ യുക്തിവാദിയാകുന്ന മന്ത്രവിദ്യ മണ്ഡല്‍ കമ്മീഷന്റെ കാലം മുതലേ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌.

വക്കാരി, ശരിയാണ്‌ ചരിത്രത്തിലെ തെറ്റുകള്‍ക്ക്‌ വര്‍ത്തമാനകാലത്തിലല്ല പരിഹാരം. പക്ഷേ തെറ്റുകള്‍ എല്ലായ്പോഴും പറ്റുന്നത്‌ ജാതിഹിന്ദുവിനാണ്‌, അത്‌ തിരുത്തേണ്ട ബാധ്യതയും അതിന്റെ ദുരിതങ്ങള്‍ പേറേണ്ടവനും എല്ലയ്പ്പോളും അവര്‍ണ്ണനും. അടിസ്ഥാനപരമായി ഇന്ത്യന്‍ ജാതിഹിന്ദു ഭീരുവായതിനാലാണ്‌ തടി കേടാകുന്ന അവസരങ്ങളിലൊക്കെ അവന്‍ തെറ്റു സമ്മതിക്കുന്നത്‌. അല്ലാതെ വിശാലമനസ്കത കൊണ്ടൊന്നുമല്ല. കത്തോലിക്കാസഭയും പോപ്പും അടുത്തകാലത്തായി പത്തഞ്ഞൂറുകൊല്ലം മുമ്പ്‌ ചുട്ടുകൊല്ലുകയും പീഢിപ്പികയും ചെയ്ത പലരോടും മരത്തോന്‍ മാപ്പു പറയുന്നതിന്റെയും കാരണം നിലനില്‍പ്പുതന്നെ. ഏതു കാര്യത്തിലും നഷ്ടവും ലാഭവും ഉണ്ടാകും. പക്ഷേ സ്ഥിരമായി കോസ്റ്റ്‌ ഒരു കൂട്ടര്‍ക്കും ബെനഫിറ്റ്‌ വേറെ ഒരു കൂട്ടര്‍ക്കുമാണെങ്കില്‍ അതിലെന്തോ മണത്തേ പറ്റൂ.

"പക്ഷേ ഈ മേളാളര്‍ കീഴാളര്‍ പദങ്ങള്‍ക്കൊക്കെ കാരണമായ ജാതിവ്യവസ്ഥയുടെ ദുരുപയോഗങ്ങളെപ്പറ്റിയൊന്നും നമുക്ക് ഒന്നും അറിയേണ്ട."

അപ്പോള്‍ ജാതിവ്യവസ്ഥക്ക്‌ സദുപയോഗവുമുണ്ടോ? അദ്വാനിപോലും ഇതു പരസ്യമായിപ്പരയാന്‍ ധൈര്യപ്പെടില്ല!

"ഒരു മുന്നോക്കക്കാരനെന്നു പറയപ്പെടുന്നവന്‍ പിറന്നു വീഴുമ്പോള്‍ തന്നെ കാണുന്നത് ഒരു അഡ്‌മിഷനും ജോലിക്കുമൊക്കെ അദ്ധ്വാനിക്കുന്ന് അച്ഛനെയും ചേട്ടന്മാരെയുമൊക്കെയാണ്. അവന്റെ മനസ്സില്‍ ആദ്യം തന്നെ പതിയുന്ന മന്ത്രമാണ് അദ്ധ്വാനിച്ചില്ലെങ്കില്‍ രക്ഷയില്ല എന്നുള്ളത്. ആ ഒരു വാശിയില്‍ അവന്‍ പഠിക്കും. അതിന്റെ ഫലം കാണുകയും ചെയ്യും."

ഇന്ത്യയിലെ അവര്‍ണ്ണന്‍ ജനിച്ചുവീഴുമ്പൊല്‍ തൊട്ട്‌ കാണുന്നത്‌ കാലിന്മേല്‍ കാലും കയറ്റിവച്ച്‌ വെറ്റിലയും ചവച്ചിരിക്കുന്ന അച്ഛനേയും, പത്തായം പെറ്റ്‌ ചക്കി കുത്തി അമ്മ വച്ചത്‌ ഉണ്ടുകൊണ്ടിരിക്കുന്ന ചേട്ടനേയുമണോ വക്കാരീ? നിത്യജീവിതം തള്ളി നീക്കാന്‍ രാപ്പകല്‍ കഷ്ടപ്പെടുന്ന, ഇന്നിനെപ്പറ്റിയല്ലാതെ ഭാവിയെന്നൊരു വാക്കിനെപ്പറ്റി അലോചിക്കാന്‍പോലും കഴിയാത്ത മതാപിതാക്കളെയാണ്‌, അഡ്മിഷനും ജോലിക്കും വേണ്ടി രാപ്പകല്‍ "അദ്ധ്വാനിക്കുന്ന" അഛനേയും ചേട്ടനേയുമല്ല. ഈ കഷ്ടപ്പടല്ലേ പഠിക്കാന്‍ കൂടുതല്‍ പ്രചോദനമാകേണ്ടത്‌? എന്നിട്ടെന്തുകൊണ്ട്‌ അതു സംഭവിക്കുന്നില്ല?

അരവിന്ദ് :: aravind said...

"പക്ഷേ സാമ്പത്തികമായി പിന്നോക്കം നില്‍‌കുന്ന മുന്നോക്കന് യാതൊരു തരത്തിലും സംവരണം പാടില്ല എന്ന് പറയുന്നത്..വക്കാരി പറയുന്ന ആ പകയുടെ പ്രതിഫലനമായേ എനിക്ക് തോന്നുന്നുള്ളൂ."

സാമ്പത്തികമായി മാത്രം പിന്നൊക്കം നില്‍ക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും സാമ്പത്തികസഹായം നല്‍കാവുന്നതാണ്‌. അതിലാര്‍ക്കും എതിര്‍പ്പില്ല. പക്ഷേ സമൂഹികമായി പിന്നൊക്കം നില്‍ക്കുന്നവരെ സാമ്പത്തികശേഷിയുണ്ട്‌ എന്ന ഒറ്റ്‌ കാരണത്താല്‍ ഒരു കാരണവശാലും ഒഴിവാക്കരുത്‌.

Anonymous said...

>>ഒരു മുന്നോക്കക്കാരനെന്നു പറയപ്പെടുന്നവന്‍ >>പിറന്നു വീഴുമ്പോള്‍ തന്നെ കാണുന്നത് ഒരു >>അഡ്‌മിഷനും ജോലിക്കുമൊക്കെ >>അദ്ധ്വാനിക്കുന്ന് അച്ഛനെയും >>ചേട്ടന്മാരെയുമൊക്കെയാണ്. അവന്റെ >>മനസ്സില്‍ ആദ്യം തന്നെ പതിയുന്ന മന്ത്രമാണ് >>അദ്ധ്വാനിച്ചില്ലെങ്കില്‍ രക്ഷയില്ല എന്നുള്ളത്. >>ആ ഒരു വാശിയില്‍ അവന്‍ പഠിക്കും. >>അതിന്റെ ഫലം കാണുകയും ചെയ്യും."

കഷ്ടം!
എന്നിട്ട്, ഒരു പിന്നോക്കക്കാരന്‍ ജനിച്ചു വീഴുമ്പോള്‍ എന്താണാവൊ കാണുക?
പാടത്തും വെലിയത്തും ഒക്കെ പണിയെടുത്തു വരുന്ന അച്ഛനും അമ്മയും..എന്നിട്ടും വീട്ടില്‍ ഒരു നേരത്തെ ഭക്ഷണം തികയുന്നില്ല.മാത്രമൊ
“പിന്നോക്കക്കാരന്‍” ‘അറിവില്ലാത്തവന്‍’ എന്ന് ജനനത്തിന് മുമ്പേ മുദ്ര കുത്തപ്പെട്ടതും. പിന്നേയും പലതും....

ഇവിടെ പ്രയോരിറ്റിയാണ് പ്രശ്നം. വിദ്യാഭ്യാസമുള്ള വീട്ടില്‍ നിന്ന് വരുന്ന എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുവനണൊ ഒരു താങ്ങ് വേണ്ടത്, അതോ വിദ്യാഭ്യാസം എന്ത് എങ്ങിനെ എന്ന് സാമ്പത്തികമായും മാനസികമായും പകച്ചു നില്‍ക്കുന്ന ഒരുവനാണൊ? ഈ രണ്ടാമത്തെ കാറ്റഗറിയില്‍ പെട്ടവരാണല്ലൊ എന്തായലും കൂടുതല്‍? അതോ പാവപ്പെട്ട രണ്ട് സവര്‍ണ്ണന് കോളേജ് അഡ്മിഷന്‍ നഷ്ട്പ്പെടുന്നതാണൊ 100 വളരെ പിന്നോക്കരായവര്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നതിനേക്കാള്‍ നല്ലത്? സാമ്പത്തികമായ സംവരണം വേണം ,വേണ്ട എന്നല്ല...പക്ഷെ ഇപ്പോള്‍ ഒരു കണക്കെടുത്താലും എന്തായാലും പിന്നോക്കക്കാര്‍ക് തന്നെയായിരിക്കും അതും കിട്ടുക..പക്ഷെ, അങ്ങിനെ ഒരു വകുപ്പ് ഉണ്ടെന്ന് പോലും പിന്നോക്കക്കാര് അറിഞ്ഞെന്ന് വരില്ല..

Anonymous said...

“മൂട്ടില്‍ വരെ ജാതിയുടെ, ഐഡന്റിറ്റി ഒട്ടിച്ചുജീവിക്കുന്ന ഇന്ത്യന്‍ ജാതിഹിന്ദു സംവരണത്തിന്റെ കാര്യം വരുമ്പോള്‍ ഒറ്റയടിക്ക്‌ യുക്തിവാദിയാകുന്ന മന്ത്രവിദ്യ മണ്ഡല്‍ കമ്മീഷന്റെ കാലം മുതലേ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌.“

അതു പരമമായ സത്യം!

വക്കാരിമഷ്‌ടാ said...

"ഈ കഷ്ടപ്പടല്ലേ പഠിക്കാന്‍ കൂടുതല്‍ പ്രചോദനമാകേണ്ടത്‌? എന്നിട്ടെന്തുകൊണ്ട്‌ അതു സംഭവിക്കുന്നില്ല?"

അതാണ് അന്വേഷിക്കേണ്ടത്. എനിക്കറിയില്ല എന്തുകൊണ്ടാണെന്ന്. അതിനുള്ള മാര്‍ഗ്ഗം സംവരണമാണെന്ന് ആരാണ് പഠിച്ച് തെളിയിച്ചത്? എന്നിട്ടും സംവരണമായിരിക്കാം എന്നോര്‍ത്ത് നമ്മള്‍ 50 കൊല്ലമായി അത് കൊടുത്തു. മാറിയോ സ്ഥിതിവിശേഷം? ഇല്ല. പക്ഷേ ഇപ്പോള്‍ പറയുന്നത് 950 കൊല്ലം കൂടി കൊടുക്കേണ്ടി വരുമെന്ന്!

അതിനുള്ള കാരണം കണ്ടുപിടിക്കുക. അവരെ മോട്ടിവേറ്റ് ചെയ്യിക്കുക. ഈ “നിത്യജീവിതം തള്ളി നീക്കാന്‍ രാപ്പകല്‍ കഷ്ടപ്പെടുന്ന, ഇന്നിനെപ്പറ്റിയല്ലാതെ ഭാവിയെന്നൊരു വാക്കിനെപ്പറ്റി അലോചിക്കാന്‍പോലും കഴിയാത്ത“ മാതാപിതാക്കളുടെ മക്കളില്‍ ഒരാളെ ഒന്നാം ക്ലാസ്സ് മുതല്‍ പരിശീലിപ്പിച്ച് മോട്ടിവേറ്റ് ചെയ്‌ത് നോക്കിക്കേ, അവന്‍ സംവരണമില്ലാതെ സമൂഹത്തില്‍ മുന്നേറുമോ എന്ന്? പക്ഷേ അതിന് നല്ല അദ്ധ്വാനം വേണം. സംവരണമാകുമ്പോള്‍ എന്തോ ചെയ്‌തു എന്നുള്ള സമാധാനവുമായി, എന്തൊക്കെയോ കിട്ടി എന്നുള്ള ആശ്വാസം അവര്‍ക്കുമായി. നമുക്കൊക്കെ ആരെപ്പറ്റിയൊക്കെയെങ്കിലും രണ്ട് പറയുമ്പോഴുള്ള സമാധാനവും.

ജാതിയുള്‍പ്പടെ ഒന്നും മോശമല്ല ചന്ത്രക്കാരാ.. ജാതിയല്ല പ്രശ്‌നം-ജാതിയുടെ പേരിലുള്ള വിവേചനമാണ്. ഇനി വിവേചനം ജാതിയുടെ പേരില്‍ മാത്രമല്ല താനും. എങ്ങിനെ ഉപയോഗിക്കുന്നു എന്നനുസരിച്ചാണ് നല്ലതും ചീത്തയും ഉണ്ടാവുന്നത്. പണ്ടു പറഞ്ഞതുപോലെ അടിച്ചമര്‍ത്തല്‍ ജാതിയുടെ പേരില്‍ മാത്രമല്ല ഭാരതത്തില്‍ ഉണ്ടായിരിക്കുന്നത്, ആയിരം കൊല്ലം മുന്‍പത്തെ കാര്യമെടുത്താലും. അതുകൊണ്ട് ജാതിവ്യവസ്ഥയ്ക്കും സദുപയോഗവും ദുരുപയോഗവുമുണ്ട്, മറ്റേതൊരു വ്യവസ്ഥയെയും പോലെ.

വക്കാരിമഷ്‌ടാ said...

എല്‍‌ജി ഇപ്പോഴും പിന്നോക്കക്കാരനെന്നു പറയപ്പെടുന്നവരെയും പാവപ്പെട്ടവനെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നു. പാടത്തും വരമ്പത്തും പണിയെടുക്കുന്നവരില്‍ മുന്നോക്കക്കാരെന്നു പറയപ്പെടുന്നവരുമുണ്ട് എല്‍‌ജീ...

Anonymous said...

>>എന്നോര്ത്ത് നമ്മള് 50 കൊല്ലമായി അത് >>കൊടുത്തു.

‘നമ്മള്‍’ കൊടുത്തു അവര്‍ക്ക്? അതില്‍ ഈ
‘നമ്മള്‍’ ആരാണ്? നമ്മുടെ കയ്യിലുള്ള എന്തോ എടുത്തു ഈ ‘അവര്‍ക്ക്’ ഫ്രീ ആയിട്ട് കൊടുത്തു എന്നാണൊ? നേരെ തിരിച്ചല്ലെ, പിടിച്ചു വെച്ചത്
തിരികെ കൊടുത്തതെല്ലെ?

50 കൊല്ലം ഒരാളുടെ ആയുസ്സല്ലേ ആവുന്നുള്ളൂ.
വെറും ഒരാളുടെ ഒരായുസ്സു കൊണ്ട് ഇക്കണ്ടതെല്ലാം മാറ്റാന്‍ കഴിയുമൊ?

ബെന്നി::benny said...

"എന്നിട്ടും സംവരണമായിരിക്കാം എന്നോര്‍ത്ത് നമ്മള്‍ 50 കൊല്ലമായി അത് കൊടുത്തു. മാറിയോ സ്ഥിതിവിശേഷം? ഇല്ല. പക്ഷേ ഇപ്പോള്‍ പറയുന്നത് 950 കൊല്ലം കൂടി കൊടുക്കേണ്ടി വരുമെന്ന്!" - വക്കാരിമഷ്ടാ

വക്കാര്യേ, ഇതാ പറഞ്ഞത്... നമ്മള്‍ പലപ്പോഴും വികാരപരമായി സംസാരിക്കുന്നു. ആര് ആര്‍ക്ക് സംവരണം കൊടുത്തു എന്നാണ് വക്കാരി പറയുന്നത്? നമ്മള്‍ അവര്‍ക്ക് കൊടുത്തുവെന്നോ? ആരാണ് നമ്മള്‍, ആരാണ് അവര്‍??

ആനക്കൂടന്‍ said...

ഇപ്പോഴത്തെ സ്ഥിതിവിശേഷത്തില്‍ സംവരണം ആവശ്യമാണോ എന്നാണ് ചിന്തിക്കേണ്ടത്. 50 വര്‍ഷം മുമ്പ് കൊടുത്തത് ഔദാര്യമല്ല അവകാശം തന്നെയായിരുന്നു. അതിന്റെ ഗുണം ആര്‍ക്ക് ലഭിച്ചു ആര്‍ക്ക് ലഭിച്ചില്ല എന്നതാണ് പ്രശ്നം. അതിന്റെ അടിസ്ഥാനത്തിലാണ് സംവരണ നയം മാറണം എന്നു പറയുന്നത്.

വക്കാരി സെല്‍ഫ് ഗോള്‍ അടിക്കരുത് പ്ലീസ്....

അരവിന്ദ് :: aravind said...

“ഇന്ത്യന്‍ ജാതിഹിന്ദു ഭീരുവായതിനാലാണ്‌ തടി കേടാകുന്ന അവസരങ്ങളിലൊക്കെ അവന്‍ തെറ്റു സമ്മതിക്കുന്നത്‌. അല്ലാതെ വിശാലമനസ്കത കൊണ്ടൊന്നുമല്ല“
ചന്ത്രക്കാരാ, ഈ പറഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാമോ? ഇത് ഒരു തരത്തിലും ഒത്തുജീവിക്കാന്‍ പറ്റില്ല, അവന്മാരെ ഒരു പാഠം പഠിപ്പിക്കും എന്നുള്ള മനസ്ഥിതിയില്‍ നിന്നുമാണോ, അതോ ശരിക്കും ഏതെങ്കിലും സര്‍വ്വേയോ ഡാറ്റായോ ആധാരപ്പെടുത്തിയാണോ എഴുതിയത്?
സങ്കടമുണ്ട് ചന്ത്രക്കാരാ, ശരിക്കും ദുഖമുണ്ട്. അത്രയൊന്നും എനിക്ക് വിലയില്ലെങ്കിലും, ജാതിയും മതവും നോക്കാതെ കൂടെ ഉണ്ടും ഉറങ്ങിയും കളിച്ചും വളര്‍ന്ന എന്റെ കൂട്ടുകാര്‍ നാളെ എന്നെക്കുറിച്ച്, അതെന്റെ നിലനില്പിന്റെ പ്രശ്നമായതിനാല്‍ അവന്‍ അഭിനയിച്ച് നമ്മടെകൂടെ കൂടിയതാണ് എന്ന് പറയുന്നത് കേള്‍ക്കേണ്ടി വരുമ്പൊള്‍(?) സങ്കടമുണ്ട്. (ഈ മനോസ്ഥിതി ആ ലെവലിലേക്ക് കൊണ്ടു പോകാന്‍ ഒട്ടും വിഷമമില്ല)

ഇങ്ങനെത്തെ ചിന്താഗതിയൊക്കെ ജനറലൈസ് ചെയുന്നതിലും വലിയ പാതകമില്ല.

മനുഷ്യരില്‍ പലതരമുണ്ടെന്ന് മനസ്സിലാക്കുക. ഈ പകയും വാശിയും ഇന്‍‌ഫീരിയോറിറ്റി/സുപ്പീരിയോറിറ്റി കോമ്പ്ലക്സുകള്‍ ഇല്ലാത്തവരും ഉണ്ട് രണ്ട് ഭാഗത്തും. അങ്ങനെയുള്ളവരെ വളര്‍ന്നു വരാന്‍ സമ്മതിക്കുകയല്ലേ വേണ്ടത്? അതോ ചീഞ്ഞ ചിന്തകള്‍ വരും തലമുറക്ക് പകര്‍ന്ന് നല്‍കണോ? ചിന്തിക്കണം.

സംവരണം പാടേ തുടച്ച് നീക്കണം എന്നല്ല പറഞ്ഞ് വരുന്നത്. ജാതി എന്നുള്ള ആ ഒരൊറ്റ വ്യവസ്ഥ ഇളവ് ചെയ്ത് ദരിദ്രരായ മുന്നോക്കക്കാരെ കൂടി അതില്‍ ഉള്‍പ്പെടുത്തണം, പിന്നോക്കകാരില്‍ മുന്നോക്കംനില്‍ക്കുന്നവര്‍ക്ക് ചെറിയ ഒരു ഭാഗം മാത്രം സംവരണം നല്‍‌കണം (കുറച്ച് കാലം കൂടി-ആ കുറവ് വരുത്തുന്ന % മതി പിന്നോക്കമായ മുന്നോക്കക്കാരന്).

ക്രമേണ അത് പിന്നോക്കമായാലും മുന്നോക്കമായാലും സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായി മാറണം. ജാതി പോയി തുലയണം. മതം നില്‍ക്കട്ടെ.

കോടിശ്വരനായ ഒരു പിന്നോക്കക്കാരന്‍ ബിസ്സിനസ്സ്‌കാരന്റെ മകന്‍ ഡോക്ടറാവണം എന്ന് എന്തിന് വാശി പിടിക്കുന്നു? അവന് അനേകം അവസരങ്ങളില്ലേ, സാഹചര്യമില്ലേ? സംവരണം കൊണ്ട് അവന് പ്രയോജനമാണോ, അതോ സൌഭാഗ്യങ്ങളുടെ കൂട്ടത്തില്‍ മറ്റൊരു ഭാഗ്യം മാത്രമോ? അവര്‍ക്ക് സംവരണം നല്‍കുന്നതിന്റെ അടിസ്ഥാനമെന്ത്? ചരിത്രത്തിലെ പിഴവിന്റെ കോമ്പന്‍‌സേഷനോ? അപ്പോള്‍ ഇന്നിന്റെ തെറ്റിന് നാളെ കോമ്പന്‍സേഷന്‍ ഉണ്ടാകുമോ?

Anonymous said...

>>പാടത്തും വരമ്പത്തും പണിയെടുക്കുന്നവരില്‍ >>മുന്നോക്കക്കാരെന്നു പറയപ്പെടുന്നവരുമുണ്ട് >>എല്‍‌ജീ...

എന്നാല്‍ അവരെയൊന്നും അധികം ഞാന്‍ കണ്ടിട്ടില്ല. പക്ഷെ നല്ല നല്ല ജോലികളില്‍ മുന്നോക്കക്കാരെ മാത്രമൊ അല്ലെങ്കില്‍ മരുന്നിന് രണ്ട് പിന്നോക്കക്കരെയെ ഞാന്‍ കണ്ടിട്ടുള്ളൂ..
ഇവിടത്തെ ഈ ബൂലോകത്തെ തന്നെ കാര്യം എടുക്കൂ..വക്കാരിചേട്ടാ..ഇതില്‍ എത്രം പിന്നോക്കക്കാരുണ്ട്? ഞാന്‍ ട്ടെക്നിക്കലി അല്ല,അവര്‍ക്ക് വേണ്ടി ഇവിടെ വാദിക്കുന്നവരില്‍ തന്നെ എത്ര പേര്‍ ഉണ്ട്? എന്നാല്‍ ഇവിടെ തന്നെ മുന്നോക്കക്കാരുടെ കണക്കെടുത്തു കൊള്ളൂ..അവര്‍ക്ക് വേണ്ടി വാദിക്കാന്‍ പോലും അവര്‍ക്ക് അവരുടെ നമ്പര്‍ അനുസരിച്ചു ആളില്ല. അതില്‍ നിന്ന് വക്കാരിചേട്ടന്‍ പറയും, സംവരണം അപ്പൊ നടത്തീട്ടും ശരിയായില്ലാന്ന്. ഞാന്‍ പക്ഷെ കാണുന്നത്, അതിലും തിരിച്ചു..സംവരണം ഇനിയും കുറേ അധികം തലമുറുകള്‍ വരെ വേണം..അത്രം ഭീതികരമായിരുന്ന് അതിനു മുന്നുള്ള് അവസ്ഥ.

പിന്നോക്കക്കാര്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ തന്നെയാണ് വക്കാരിചേട്ടാ...യാതൊരു സംശയവുമില്ല.

Anonymous said...

വക്കാരിചേട്ടന്‍ പറയുന്ന ആ മോട്ടിവേഷന്‍ ഉണ്ടല്ലൊ..അതു തനെയാണ് സംവരണം. നിങ്ങള്‍ ഇവിടെം വരെയെങ്കിലും പഠിച്ചെത്തിയാല്‍ നിങ്ങള്‍ക്ക് ഈ ജോലിയുണ്ട്.അതു തന്നെയാണ് മോട്ടിവേഷന്‍..അതും കൂടി ഇല്ലെങ്കില്‍ അവന്‍ എന്തു ചെയ്യും? എന്തിന് വേണ്ടി പഠിക്കും? എത്ര പഠിച്ചാലും..കാലാകാലങ്ങളായി വിദ്ധ്യാഭ്യാസം കയ്യടക്കി വെച്ചിരിക്കുന്നവന് തന്നെ ജോലി എങ്കില്‍ അവന്‍ എന്തിന് പഠിക്കണം?

Anonymous said...

>>കോടിശ്വരനായ ഒരു പിന്നോക്കക്കാരന്‍ >>ബിസ്സിനസ്സ്‌കാരന്റെ മകന്‍ ഡോക്ടറാവണം >>എന്ന് എന്തിന് വാശി പിടിക്കുന്നു?

അതു തിരിച്ചു ചോദിച്ചൂടെ അരവിന്ദേട്ടാ? കാലകാലങ്ങളായി വൈദ്യനും പൂജാരിയുമായവന്‍ എന്തിന് അടുത്ത തലമുറയിലും അവന്‍ തന്നെ ആയിരി‍ക്കണെം എന്ന് വാശി പിടിക്കുന്നു?

ചന്ത്രക്കാറന്‍ said...

50 കൊല്ലം! ഇന്ത്യന്‍ ജാതിവ്യവസ്ഥപോലെ ശ്രദ്ധാപൂര്‍വ്വം, ജ്യോതിഷവും ദൈവവവും അടക്കമുള്ള എല്ലാ പ്രതിരോധ-ഉപരോധമാര്‍ഗ്ഗങ്ങളുടെയും സപ്പോര്‍ട്ടുള്ള ഒന്നിനെതിരെ 50 കൊല്ലം. കഷ്ടിച്ച്‌ രണ്ടു തലമുറ! ഇന്ത്യന്‍ വിധിവിശ്വാസം മാത്രം തലയില്‍നിന്നെടുത്തുകളയാന്‍ വേണം ചുരുങ്ങിയത്‌ നൂറു കൊല്ലം.

ഇത്രയൊക്കെ കൊടുത്തിട്ടും ഇവനോന്നും പോരേ എന്നായിരിക്കുമോ?

------------------------------------------

തൃശ്ശൂര്‍ പടിഞ്ഞാറേച്ചിറയില്‍ ബ്രാഹ്മണര്‍ക്കുള്ള കടവില്‍ കുളിച്ചുകൊണ്ടിരുന്ന രണ്ട്‌ ഉണ്ണിനമ്പൂരിമാര്‍ തമ്മിലുള്ള തര്‍ക്കം. ദൈവം ഉണ്ടോ ഇല്ലേ എന്നാണു വിഷയം. കേട്ടുകൊണ്ടിരുന്ന വല്യനംബൂതിരി ചൊദിച്ചുവത്രെ-

"എന്തൊരബദ്ധാടോ ഈ പറയുന്നത്‌. ദൈവല്ല്യാച്ചാല്‍ എങ്ങനെയാടോ അയിത്തായാല്‍ കുളിച്ചാല്‍ ശുദ്ധാവണത്‌"

ലോജിക്കേ.... ലൊജിക്ക്‌.

വക്കാരിമഷ്‌ടാ said...

വാക്കുകള്‍ വായ്ക്കകത്ത് കുത്തിക്കയറ്റിയാല്‍ പിന്നെ പറയുന്നതൊക്കെ മേക്കോ എന്നായിരിക്കുമെന്നാണ്.. :)

നമ്മള്‍ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ “നമ്മള്‍” എന്ന മുന്നോക്കക്കാരനെന്നു പറയപ്പെടുന്നവന്‍ “അവര്‍” എന്നു പറയപ്പെടുന്ന പിന്നോക്കക്കാരനു കൊടുക്കുന്ന സൌജന്യം എന്ന അര്‍ത്ഥം വന്നുവെങ്കില്‍ ഞാന്‍ അതല്ല ഉദ്ദേശിച്ചത്. കൊടുക്കുന്ന സിസ്റ്റം ആയിരുന്നു എന്റെ മനസ്സില്‍.

ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു, പിന്നോക്കക്കാരെന്നു പറയപ്പെടുന്നവരോടുള്ള എന്തുരീതിയിലുള്ള സേവനവും കാണിക്കുന്നത് അവര്‍ക്ക് എന്തെങ്കിലുമൊക്കെ സംവരണം ചെയ്‌തുകൊണ്ടല്ല. അവരെ ഏതൊരു പൌരനേയും പോലെ മത്‌സരിക്കാന്‍ പ്രാപ്‌തനാക്കുക എന്നുള്ളതാണ് അവരോട് ചെയ്യാവുന്ന ഒരു നല്ല കാര്യം. അതിന്റെ തുടക്കമാണ് പ്രാഥമിക വിദ്യാഭ്യാസം. അമ്പതു കൊല്ലത്തെ സംവരണം ഒരു പരീക്ഷണമായിരുന്നു. അത് വിജയിച്ചില്ല എന്ന് സംവരണവാദികള്‍ തന്നെ പരോക്ഷമായി സമ്മതിക്കുന്നു. അതുകൊണ്ട് 950 കൊല്ലം കൂടി കൊടുത്തു നോക്കാം എന്നാണ് വാദമെങ്കില്‍ മറുപടിയില്ല. അമ്പത് കൊല്ലമെന്ന് പറയുന്നത് ഒരു മനുഷ്യന്റെ ആയുസ്സ് മൊത്തമില്ലായിരിക്കും, പക്ഷേ സംവരണം വഴി കയറിയ മാതാപിതാക്കളുടെ മക്കള്‍ക്കും സംവരണം വേണ്ടിവരുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുനുള്ള സമയം ആ അമ്പത് കൊല്ലം തന്നിട്ടുണ്ട്. അതല്ല സംവരണം കൊണ്ടുവന്നപ്പോള്‍ ഉദ്ദേശിച്ചത്. ഇനി 950 കൊല്ലം കൂടി വേണ്ടിവരും എന്നൊക്കെ പറഞ്ഞാല്‍ പിന്നെ മറുപടിയില്ല.

സമൂഹത്തില്‍ എല്ലാവിഭാഗക്കാരുമുണ്ട്. പണ്ട് ചെയ്തതിന്റെ പ്രതികാരം എന്നുള്ള രീതിയല്ല ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാ വിഭാഗക്കാരും ഒരുമിച്ച് പോകുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്.

മുന്നോക്കക്കാരെന്നു പറയപ്പെടുന്നവര്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ പിന്നോക്കക്കാരെന്നു പറയപ്പെടുന്നവരെയും കൊണ്ടാക്കുക എന്നതു മാത്രമാണ് പിന്നോക്കാരുടെ ഉന്നമനത്തിനുള്ള മാര്‍ഗ്ഗമെങ്കില്‍ നമുക്ക് ഇപ്പോഴത്തെ രീതിയിലുള്ള സംവരണങ്ങള്‍ നടപ്പിലാക്കാം. സര്‍ക്കാര്‍-സ്വകാര്യ മേഖലയുള്‍പ്പടെ.

ബെന്നി::benny said...

ചന്ത്രക്കാരാ നമിച്ചു കേട്ടാ നമിച്ചു. ഉണ്ണ്യമ്പൂര്യോള്‍‌ടെ തര്‍ക്കം വിശാലനെപ്പോലും വെല്ലുന്നതായല്ലോ! നിയ്യ് ഇങ്ങ്യനൊക്കെ ഡയലോഗടിക്ക്യോ?

പാറപ്പുറത്തിരുന്നും പാടത്തുനടന്നും കുന്നില്‍ കയറിയും നമ്മളന്ന് സംസാരിച്ചതൊന്നും വെറുതെയായില്ലല്ലോ!

വക്കാരിമഷ്‌ടാ said...

പരസ്പര വിശ്വാസം ഇല്ലെങ്കില്‍ ജാതി കഴിഞ്ഞാല്‍ മതത്തിന്റെ പേരിലും മതം കഴിഞ്ഞാല്‍ വേറെ എന്തിനെയെങ്കിലുമൊക്കെ പേരിലും വിവേചനങ്ങളും പിന്നോക്ക-മുന്നോക്ക അവസ്ഥയുമൊക്കെ വരും. ഇതെല്ലാം സംവരണം കൊണ്ട് ഇല്ലാതാക്കാം, അത് 950 കൊല്ലം കൊണ്ടാണെങ്കിലും എന്നൊക്കെ വിചാരിക്കുന്നത് എത്രത്തോളം ശരിയാണെന്നറിയില്ല. പരസ്‌പര വിശ്വാ‍സം ഉണ്ടാക്കാനുള്ള വഴിയല്ല അത് ഇല്ലാതാക്കുന്ന കാര്യത്തിന്റെ പേരില്‍ തന്നെയുള്ള സംവരണമെന്ന കാര്യം.

പക്ഷേ ശുദ്ധമായ പ്രതികാരവും ആരോടെങ്കിലുമൊക്കെയുള്ള പകയുമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ അരവിന്ദന്‍ പറഞ്ഞതുപോലെ കുറഞ്ഞ പക്ഷം അത് തെളിച്ചെങ്കിലും പറയുക. കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വരുമല്ലോ.

ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം 50 കൊല്ലത്തിനു ശേഷം അതിന്മേലുള്ള ഒരു പഠനമോ സര്‍വ്വേയോ, ഇതെങ്ങിനെയൊക്കെയായി എന്നോ ഒന്നും നോക്കാതെയും നടത്താതെയും പിന്നെയും ഇതുപോലെ തന്നെ പോകട്ടെ എന്ന് പറയുമ്പോള്‍ ....

അരവിന്ദ് :: aravind said...

എല്‍‌ജ്യേ എന്തോ ഒക്കെ ഒണ്ട് വിശേഷം? കുറേ നാളായല്ലോ കണ്ടിട്ട് ? പാചകം ഒക്കെ നന്നായി പോകുന്നുണ്ടല്ലോ അല്ലിയോ :-))..ഓ..ഞാനങ്ങനെ പോകുന്നു.വിശേഷമൊന്നുമില്ല. :-)


അപ്പോ ഇനി പറയാന്‍ വന്ന കാര്യം.
സംവരണം വേണോ വേണ്ടയോ എന്നല്ല ചര്‍ച്ച എന്ന് തോന്നുന്നു (അയ്യോ എനിക്ക് തെറ്റിയോ?)
അതിന്റെ മാനദണ്ഡം ക്രമേണ(ഒറ്റയടിക്കല്ല) മാറ്റുന്നതിനേക്കുറിച്ചാണ് എന്ന് തോന്നുന്നു.

മോട്ടിവേഷന്‍.
നല്ല സാമ്പത്തിക സ്ഥിതിയുള്ള ഒരു പിന്നോക്കന് അല്പം പഠിച്ചാല്‍ സംവരണം വഴി കിട്ടുന്ന സീറ്റ് മോട്ടിവേഷനനാണോ? അവനാ മോട്ടിവേഷന്‍ വേണോ? എത്ര പണമുണ്ടായാലും നീ പിന്നോക്കനാണെടാ എന്ന അപമാനമല്ലേ ഈ സംവരണപ്രൊട്ടക്ഷന്‍ അവന്?

ഒട്ടും സാമ്പത്തികസ്ഥിതിയില്ലാത്ത ഒരു മുന്നോക്കന് എത്ര പഠിച്ചാലും ഭാഗ്യം വേണം ഒരു സീറ്റ് ഒപ്പിക്കാന്‍, കാരണം അവന്റെ അപ്പനപ്പാപ്പന്മാര്‍ പണ്ട് എന്തോ ചെയ്തു എന്നത് മോട്ടിവേഷനാണോ?

ഈ സ്ഥിതി തിരിച്ചും പറയാം.

അപ്പോ എന്താ അവിടെ കാതലായ പ്രശ്നം? സമ്പത്തിക സ്ഥിതി. അപ്പോ അതല്ലേ ഈ ജാതിയേക്കാള്‍ (ജാതിയും വേണം, പക്ഷേ ക്രമേണ അത് പോകണം) പരിഗണിക്കേണ്ട ഒരു ക്രൈറ്റീരിയ എന്നേ എന്റെ ചോദ്യമുള്ളൂ.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ കഴിഞ്ഞിട്ടു പോരേ, ബാക്കിയുള്ളവരെ പരിഗണിക്കാന്‍?


ഇനി ഡോക്ടര്‍ ചോദ്യം..ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ.
ഒരു ജീവനോപാധിയായ് ആണല്ലോ എല്ലാവരും വിദ്യാഭ്യാസം നേടുന്നത്? സാമ്പത്തികമായ് മുന്നോക്കമുള്ള ഒരുവന്റെ മകന് സംവരണം ഉപയോഗപ്പെടുത്തി മാത്രം ഒരു സീറ്റ് ഒപ്പിക്കുന്നതിനോടേ എനിക്കെത്രിപ്പുള്ളൂ..മെറിറ്റ് സീറ്റോ, സ്വാശ്രയസീറ്റോ നേടുന്നതില്‍ എനിക്കെതിര്‍പ്പില്ല.
എല്‍ജീ, അങ്ങനെയൊരുവന്‍ ഒരു സംവരണസീറ്റ് കൊണ്ടുപോകുമ്പൊള്‍ ആ സീറ്റ് വേറൊരു പിന്നോക്കക്കാരനാണ് നഷ്ടപ്പെടുന്നത് എന്നറിയണം. വേറൊന്നും കണക്കിലെടുക്കാതെ ജാതി മാത്രം നോക്കി സീറ്റ് ഫില്ല് ചെയ്താല്‍ അത് പിന്നോക്കക്കാരന്(യഥാര്‍ത്ഥ) പോലും ഗുണം ചെയ്യുമോ?

യഥാര്‍ഥത്തില്‍ സംവരണം വേണ്ടവര്‍ എന്നും ചൂഷണം ചെയ്യപ്പെട്ടിട്ടേയുള്ളൂ.

മുന്നോക്കന്‍ പിന്നോക്കനെ ചൂഷണം ചെയ്തു എന്ന് പറയുമ്പോള്‍ പിന്നോക്കന്‍ പിന്നോക്കനെ ചൂഷണം ചെയ്യുന്നതും കണ്ടില്ലെന്ന് നടിക്കരുത്.

ചന്ത്രക്കാര്രാ :-)) ആ തമാശ ഇഷ്ടായി :-) (നിലനില്‍പ്പിന്റെ പ്രശ്നമായി എടുക്കുമോ ആവോ ഈ അഭിനന്ദനം?)

ചന്ത്രക്കാറന്‍ said...

വിഷമിക്കേണ്ട ഒരു കാര്യവുമില്ല അരവിന്ദാ. ഈപ്പഞ്ഞതൊന്നും എന്റെയും താങ്കളുടെയും കാര്യമല്ല. സ്വന്തം കാര്യമാണ്‌ പറയുന്നതെങ്കില്‍ വ്യക്തിപരമായി എനിക്കിതൊന്നും പറയേണ്ട കാര്യവുമില്ല. കുറച്ചുകൂടി വലിയ, ഒരു ഹിസ്റ്റൊറിക്കല്‍ സ്കേയിലിലാണ്‌, ഇത്രയും പറഞ്ഞത്‌.

Anonymous said...

അരവിന്ദേട്ടാ
ഞാനിച്ചിരെ മീനും മാങ്ങയും ഉണ്ടാക്കീട്ടുണ്ടുട്ടൊ..
പോസ്റ്റാം..എപ്പോഴൊ അരവിന്ദേട്ടന്‍ കമന്റില് ചോദിച്ചത് വായിച്ചൂന്ന് ഓര്‍മ്മ.

ഡാലി said...

ബെന്നി ചേട്ടാ എന്റെ ചോദ്യം ചെറിയ എക്സപ്ഷന്‍ ഒന്നുമ്മല്ല. അതു മാത്രമെ സംഭവികൂ, ഇന്നത്തെ ജാതി സംവരണം കൊണ്ട്.എന്റെ ചോദ്യം (അല്ലെങ്കില്‍ സാമ്പത്തിക സംവരണമാണ് വേണ്ടത് ജാതിയല്ല എന്നു വാദിക്കുന്നവരുടെ) ലളിതമായി പറഞ്ഞാല്‍ ഇതാണ്. പിന്നൊക്ക സമൂദായക്കരനായലും തീരെ സാമ്പത്തികമില്ലത്തവര്‍ക്കു സ്കൂള്‍ വിദ്യാദ്യസം പൂര്‍ത്തിയാക്കനാവാത്ത ഒരു സാഹചര്യമല്ലെ നിലവില്ലുള്ളത് (മുന്നക്കകാരന്റെ ഗതിയും ഇതു തന്നെ) ഒരു സംവരണ ഗുണം ഒരു പിന്നോക്കകാരന്നു കിട്ടണമെങ്കില്‍ അവന്‍ സ്കൂല്‍ വിദ്യാബ്യാസമെങ്കിലും കഴിയണം. അപ്പോള്‍ സംവരണം അനുഭവിക്കുന്നത്‌ പിന്നൊക്കകാരിലെ സാമ്പത്തിക ഭദ്രതയുള്ളവര്‍ മാത്രം. അപ്പോള്‍ ജാതി സംവരണം കൊണ്ട് ഇപ്പോഴും കാട്ടില്‍ കഴിയുന്ന ദളിതരെ ഉയര്‍ത്തികൊണ്ടുവരാന്‍ സാധിക്കുമൊ? ജാതി സംവരണം ജാതിവ്യതാസം മാത്രമല്ലേ ഉണ്ടാകൂ.
സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ വേരൊരു കാര്യം കൂടി ചെയ്തിരുന്നു. പ്രഥമിക വിദ്യാദ്യാസം എല്ലാവര്‍ക്കും സൌജന്യമാക്കി. അതാണ് ഇന്നു ഇതിരിയെങ്കിലും വിഭ്യാഭ്യാസമായി മുന്നോക്കമായ പിന്നോക്കാരുണ്ടാവാന്‍ കാരണം. ഇന്നോ? ഇന്നു സര്‍ക്കാര്‍ സ്കൂളുകല്‍ അടച്ചു പൂട്ടല്‍ ഭീഷിണിയില്‍. (അതിനെതിരെ വേറൊരു അലമുറ വേണ്ടി വരും)ഒരു ശരശരിക്കരനു പോലും 2 കുട്ടികളില്‍ കൂടുതലായല്‍ തന്റെ കുട്ടികള്‍ക്കു പ്രഥമിക വിദ്യാദ്യാസം കൊടുക്കാന്‍ പെടാപാടു പേറ്റണം. പിന്നെ ഈ കടമ്പ കടന്നു ഒരു ദാരിദ്രക്കരന്‍ എങ്ങിനെ വരും? എന്നിട്ടു വേണ്ടെ അവനു സംവരണം അനുഭവിക്കന്‍? അപ്പോള്‍ ജാതി സംവരണം കളഞ്ഞ് സാമ്പത്തിക സംവരണം (പ്രൈമറി മുതല്‍) അല്ലെ വരേണ്ടത്?

saptavarnangal said...

ചര്‍ച്ച ചുറ്റി തിരിഞ്ഞു സംവരണത്തില്‍ ഒട്ടി.. അതു കൊണ്ട് സ്വാശ്രസം തല്‍ക്കാലം ഒതുക്കി വെക്കുന്നു..

സംവരണത്തിലേക്ക്..
സംവരണം എന്ന ആശയത്തെ പലരും പല രീതിയിലാണ് കാണുന്നതു. കാലാകാലങ്ങളായി ഇവിടെ നില നിന്നിരുന്ന ജാതി വ്യവസ്തിതിയുടെ ഗുണം അനുഭവിച്ചു കൊണ്ടിരുന്നതു സവര്‍ണ്ണരായിരുന്നു.വിദ്യാഭ്യാസപരമായും സാമ്പത്തികമായും സമൂഹികമായും പിന്നോക്കാവസ്ഥയിലായിരുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാ‍നായില്‍ വിഭാവനം ചെയ്തതാണ് സംവരണം. ഇതില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉള്ള സഹായം മാത്രമേ സര്‍ക്കാറിനു ചെയ്യാന്‍ കഴിയൂ.സമൂഹികമായി അവരെ ഉയര്‍ത്തി കൊണ്ടുവരേണ്ടതു ഈ സമൂഹമാണ്, കുറച്ചുകൂടി സ്പഷ്ട്മായി പറഞ്ഞാല്‍ ഈ സവര്‍ണ്ണ സമൂഹം തന്നെയാണ്. അതു പൂര്‍ത്തിയാകുന്നതു വരെ സംവരണം നിലനില്‍ക്കും, നില്‍ക്കണം. ( കാ‍ലത്തിനനുസരിച്ച് പുതുക്കണം - ക്രീമി ലേയര്‍)അനോനി പറഞ്ഞതു പോലെ അതു വിവാഹങ്ങളിലൂടെ ഒരു പരിധി വരെ നടക്കും.

നമ്മുടെ ഭൂരിപക്ഷം വിവാഹ പരസ്യങ്ങള്‍ ‘അതി പുരാതനമായ നായര്‍* തറവാട്ടിലെ പെണ്ണിനു/ചെക്കനു ഹിന്ദു സമുദായതില്‍ നിന്നു വിവാഹാലോചനകള്‍ ക്ഷണിക്കുന്നു’ എന്ന രീതിയില്‍ ആയാല്‍ ജാതി സംവരണം അവിടെ നിര്‍ത്താം..!

* ഉദാഹരണതിന് പറഞ്ഞതു മാത്രം

Satheesh :: സതീഷ് said...

വക്കാരിയുടെ കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ എല്ലാരും കൂടി ഒരു മണ്ഠല്‍ കമ്മീഷന്‍ ചര്‍ച്ചയാക്കി!! anyway, വന്ന് വായിച്ച സ്ഥിതിക്ക് വല്ലതും പറയാതെ പോകുന്നത് ശരിയല്ലല്ലോ..
പിന്നോക്കക്കാരിലാണ് പാവങ്ങള്‍ കൂടുതല്‍ എന്നത് നഗ്ന സത്യം. ഒരു സര്‍വേ : http://www1.worldbank.org/prem/prmpo/povertyday/docs/2003/kozel.pdf
ഇതിനെ മാറ്റിയെഴുതാന്‍ സംവരണത്തിനു പറ്റുമോന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷെ വേറെ യാതൊരു alternative-വും ഇല്ല എന്നതുകൊണ്ടും, മേലങ്ങാതെ നാലു വോട്ടു പിടിക്കാന്‍ ഇത്ര നല്ല വഴി വേറെ ഇല്ല എന്നതുകൊണ്ടും നമ്മുടെ നേതാക്കന്മാര്‍ ഇതു തുടരുന്നു.
ഇനിയിപ്പം ഇതു മാറ്റണമെങ്കില്‍ ഒരുപക്ഷേ ചില പുതിയ നിയമങ്ങള്‍ അതില്‍ ചേര്‍ക്കണം. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം സംവരണം, എന്നു വെച്ചാല്‍ അച്ഛനോ അമ്മക്കോ സംവരണം കൊണ്ടു ഗുണം കിട്ടിയതാണെങ്കില്‍ പിന്നെ മക്കള്‍ക്ക് സംവരണം കൊടുക്കരുത്..(അല്ലാതെ ചേട്ടനും അനിയനും സംവരണം ഒന്നിച്ചാവുന്നതിനു പ്രശ്നമില്ല!)
സാമ്പത്തിക സംവരണം നടത്തിക്കിട്ടാന്‍ വലിയ പാടാണ്‌. ഇത്രയും നല്ല government infrastucture ഉള്ള US ഇലും മറ്റും ഇപ്പോഴും natives ന് ജാതിസംവരണം (അവിടെ അങ്ങിനെ പറ്യൊ എന്തോ!) തന്നെയാണെന്നാണെന്റെ അറിവ്!

വക്കാരിമഷ്‌ടാ said...

ഡാലി പറഞ്ഞതുപോലെ.

നിങ്ങള്‍ എങ്ങിനെയെങ്കിലും ഒരു ഡിഗ്രിയെടുത്തു വാ, നിങ്ങള്‍ക്ക് ജോലി സംവരണമുണ്ട് എന്നുള്ള വാദക്കാരും നിങ്ങള്‍ എങ്ങിനെയെങ്കിലും പ്രീഡിഗ്രി ജയിച്ചു വാ, നിങ്ങള്‍ക്ക് ഐ.ഐ.റ്റിയില്‍ സംവരണമുണ്ട് എന്നുള്ള വാദക്കാരും ഇവര്‍ അവിടം വരെ എങ്ങിനെയെത്തുന്നു എന്ന് നോക്കുന്നില്ല. പെരിങ്ങോടരും ഇതു തന്നെ പറഞ്ഞിരുന്നു. അവര്‍ക്ക് സംവരണമെന്ന മോട്ടിവേഷന്‍ കൊടുക്കും. പക്ഷേ ആ സംവരണം കിട്ടുന്ന നില വരെ അവര്‍ എത്തപ്പെടാന്‍ യാതൊരു മോട്ടിവേഷനും അവര്‍ക്ക് കിട്ടുന്നില്ല. അങ്ങിനെ മോട്ടിവേഷനും ഒന്നും കിട്ടാതെ പ്രീഡിഗ്രി വരെ വരുന്നവര്‍ക്ക് സംവരണം വഴി ഐ.ഐ.റ്റിയില്‍ അഡ്മിഷന്‍ കിട്ടിയാലോ.. പിന്നെ അവിടെ ഓരോ പരീക്ഷയ്ക്കും സംവരണം കൊടുക്കുമോ?

അതേ സമയം ഒന്നാം ക്ലാസ്സുമുതലേ സാമൂഹ്യമായി പിന്നോക്കമാവുകയും അതുമൂലമുള്ള മാനസികാവസ്ഥയിലായവനുമായ ഒരുവനെ മോട്ടിവേറ്റ് ചെയ്ത് പ്രത്യേക ശ്രദ്ധചെലുത്തി പഠിപ്പിച്ച്, എന്നാല്‍ അവനെതോ പ്രത്യേക ജീവിയാണെന്ന തോന്നലൊന്നും അവനിലുണ്ടാക്കാതെ അവനെ പ്രീഡിഗ്രി നിലവാരത്തിലൊക്കെ എത്തിക്കുകയാണെങ്കില്‍ പിന്നെ ഏതൊരു കുട്ടിയേയും പോലെയേ അവനേയും കാണേണ്ടതുള്ളൂ.

പക്ഷേ അതിന് വേണ്ടത് അദ്ധ്വാനമാണ്. വെറുതെ ഉള്ള കണ്ണീരൊഴുക്കലല്ല.

ഇതിനെ ഇനി എങ്ങിനെ സ്വാശ്രയത്തില്‍ കൊണ്ടുപോയി കെട്ടും, സതീഷേ. കേന്ദ്ര നിയമപ്രകാരം ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്വാശ്രയ കോളേജുകളില്‍ പുതിയ സംവരണനിയമങ്ങള്‍ ബാധകമല്ല (അവിടേയും സംവരണം വന്നു!)

saptavarnangal said...

ഡാലി,
ഡാലി സംവരണത്തെ പഠിക്കുവാനുള്ള അവസരം മാത്രമയേ കാണുന്നൊള്ളു. ഞാന്‍ പറഞ്ഞ സാമൂഹികമായ ഉന്നമനം എന്ന വീക്ഷണ കോണിലൂടെ കാണൂ. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയാലും അവിടെയും മുന്നോക്ക ദരിദ്രന്നായിരിക്കും കൂടുതല്‍ ഗുണം കിട്ടുക.. അപ്പോഴും കോരന്‍ സ്റ്റില്‍ വേ ബാക്ക്..

സതീഷ്,
എവിടെയാണു പിന്നൊക്കക്കാരുടെ സംവരണം ലിമിറ്റ് ചെയേണ്ടതു എന്നതു ഒരു സങ്കീര്‍ണ്ണമായ സമസ്സ്യയാണ്. സംവരണം വഴി തട്ടി മുട്ടി ഒരു ഗുമസ്തന്‍ ജോലി വാങ്ങിയവനോട് പറയാന്‍ പറ്റുമ്മോ , ഇനി നിന്റെ കുടുംബത്തിനു സംവരണം ഇല്ല എന്നു..? ഇപ്പോള്‍ സംവരണം അനുഭവിക്കുന്നവരിലെ ആ ഹൈ വെണ്ണ പാളി എടുത്തു കളഞ്ഞാല്‍ ഒരു പരിധി വരെ കുറച്ചുക്കൂടി പാവപ്പെട്ട ദളിതര്‍ക്ക് അവസരം കിട്ടും.

വക്കാരി,
നിങ്ങള്‍ എങ്ങനെയെങ്കിലും ഡിഗ്രി എടുത്തു വാ എന്നു പറഞ്ഞാല്‍ എന്തുവാ..?( വികാരപരമായ ചോദ്യം അല്ല കേട്ടോ :) )എല്ലാവരും എഴുതുന്നതു ഒരേ വര്‍ഷാവസാന പരീക്ഷയാണ്. ദളിതന്റെ ഉത്തരകടലാസ്സ് നോക്കുമ്പോള്‍ അവിടെ സംവരണം ഇല്ലല്ലോ..?? അവനു അവിടെ പഠിക്കനുള്ള അവസരം മാത്രമാണ് സംവരണം വഴി ലഭിക്കുന്നതു.കോര്‍സിന്റെ പരീക്ഷകള്‍ എല്ലാവര്‍കും സമം..

വക്കാരിമഷ്‌ടാ said...

ഞാന്‍ നിര്‍ത്തി. ഇത് ലാസ്റ്റ്.

അങ്ങിനെ പാസ്സാവുന്ന പരീക്ഷയെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. അങ്ങിനെ പാസ്സായിക്കഴിഞ്ഞാല്‍ അവര്‍ക്ക് പിന്നെ ജോലിക്ക് സംവരണം കൊടുക്കുന്നു. കാരണം, അവര്‍ക്ക് മറ്റുള്ളവരെപ്പോലെ മാര്‍ക്ക് വാങ്ങാ‍ന്‍ കഴിയുന്നില്ല. എന്തുകൊണ്ട്? അവരുടെ അടിസ്ഥാന വിദ്യാഭ്യാസത്തെപ്പറ്റിയോ മാനസികാവസ്ഥയെപ്പറ്റിയോ ഒന്നും നമ്മള്‍ നോക്കുന്നില്ല (ഈശ്വരാ, ഇവിടേയും നമ്മള്‍ എന്നു വന്നു-സര്‍ക്കാര്‍, അല്ലെങ്കില്‍ സിസ്റ്റം). അങ്ങിനെ ഒന്നിനുപുറകെ മറ്റൊന്നായി അവര്‍ക്ക് സംവരണം. അതേ സമയം ഒരാളുടെ ഭാവിയില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസ ഘട്ടത്തില്‍ അവരെ വേണ്ടവണ്ണം ശ്രദ്ധിച്ചാല്‍ പിന്നെ ഈ പറയുന്ന സംവരണമൊന്നും അവര്‍ക്ക് കൊടുക്കേണ്ട ആവശ്യം തന്നെ ചിലപ്പോള്‍ വരില്ല. അറിയില്ല-പക്ഷേ നമ്മള്‍ (ദേ പിന്നെയും നമ്മള്‍) നോക്കിയിട്ടില്ല. അവര്‍ക്ക് കൊടുക്കേണ്ടത് സാഹചര്യമാണ്. എല്ലാവിധ സാഹചര്യങ്ങളും. പക്ഷേ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗവും ചെയ്‌തു എന്ന് കാണിച്ച് വികാരം കൊള്ളാനുള്ള മാര്‍ഗ്ഗവുമാണ് സംവരണം എന്നു തോന്നുന്നു.

അങ്ങിനെ ഒരാള്‍ മിടുക്കു കാണിക്കുകയും എന്നിട്ടും ജനിച്ച ജാതിയുടെ പേരില്‍ അവര്‍ക്ക് അവകാശം നിഷേധിക്കുകയും ചെയ്‌താല്‍ അതിനുള്ള ഒന്നാന്തരം മരുന്ന് അങ്ങിനെയുള്ളവര്‍ക്ക് കൊടുക്കണം. ആ ക്ലിയര്‍ മെസ്സേജാണ് ഗവണ്മെന്റ് കൊടുക്കേണ്ടത്. ജനിച്ച ജാതിയുടെ പേരില്‍ ഒരു രീതിയിലുമുള്ള വിവേചനം ആര്‍ക്കും ഉണ്ടാവില്ല എന്നുള്ള മെസ്സേജ്.

സതീഷ് സൂചിപ്പിച്ചതുപോലെ സാമൂഹ്യമായ അസമത്വം മാറണമെങ്കില്‍ സമൂഹത്തിലെ എല്ലാവരും സഹകരിക്കണം. ജാതിസംവരണം പോലുള്ള കാര്യങ്ങള്‍ സമൂഹത്തില്‍ പിന്നെയും പിന്നെയും നടപ്പാക്കുന്നതുവഴി പ്രതികാര കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാം എന്നല്ലാതെ സമൂഹത്തില്‍ സമത്വവും പരസ്പര വിശ്വാസവും ഉണ്ടാക്കാന്‍ ഇതുവരെ നമുക്ക് (ദേ പിന്നെയും നാം) പറ്റിയിട്ടില്ല.

ഡാലി said...

സപ്തമെ: പിന്നെയും ദേ സംവരണ പിശകു തന്നെയാണ് സപ്തം ചൂണ്ടി കാണിക്കുന്നത്. പഠിത്തത്തിലും ജോലിയിലും മാത്രമലേ പിന്നോക്ക വിഭാഗക്കാരന് സംവരണം കൊടുക്കാന്‍ പറ്റൂ. (വേറെ ഒന്നിലും കൊടുക്കന്‍ പറ്റില്ല എന്നതു നഗ്ന യാദാര്‍ഥ്യം)സമുദായികമായ ഉന്നമനം അതിനു ശേഷം അവര്‍ ഉണ്ടാക്കണം എന്നു വ്യഗ്യം. (ഈ ചര്‍ചയില്‍ തന്നെ അതു പറയുന്നുണ്ട്)പക്ഷെ അതു ഇനി ഈ ജാതി സംവരണം കൊണ്ട് അത് നടപ്പവില്ല എന്നാണ് ഞാന്‍ ചൂണ്ടി കാണിക്കുന്നത്. അവരൊന്നും ആ സംവരണം നേടാന്‍പ്പൊലും യോഗ്യരാകുന്നില്ല. പിന്നെ എങ്ങിനെ ഈ സാമുദായിക ഉന്നമന്നം നടക്കും?

പച്ചാളം : pachalam said...

wഅയ്യൊ ! അപ്പൊ എനിക്ക് ഡോക്ടറാവാന്‍ പറ്റില്ലെന്നാണൊ.
കഷ്ടം!
പണ്ടായിരുന്നേല്‍ പ്ലേവിന്നേലെങ്കിലും പ്രതീക്ഷിക്കാമായിരുന്നു...

തന്മാത്ര said...

ഞാനുമൊരു ബ്ലോഗു തുടങ്ങിയിട്ടുണ്ട്‌. നിങ്ങളില്‍ നിന്നൊക്കെ പ്രചോദനം ഉള്‍ക്കൊണ്ട്‌. ഒന്നു പരിഗണിക്കണേ.
http://gafoorkoro.blogspot.com/

വേണു venu said...

ഒരുപാടു നാളൊന്നുമായിട്ടില്ല...
ഇന്നലെ അല്ല...മിനിഞ്ഞാന്നുമല്ല..
ഗ്രാമത്തിലെ സ്കൂളില്‍ പ്രശസ്ത വിജയം നേടിയ ഒരു ബാലന്‍ പ്രര്‍ഥിച്ചു പോയി...ദൈവമേ...നിനക്കു് എന്നെ തോല്പിക്കാന്‍ പറ്റിയില്ലേ...
അമ്മയുടെ മുഖം...
നായര്‍ തറവാടില്‍ .....

കണക്കിനും സയന്‍സിനും കൂടുതല്‍ മാര്‍ക്കു വാങ്ങിയ അയാള്‍ കൊമെര്‍സ്‌ പഠിച്ചപ്പൊള്‍ ,പഠിപ്പിച്ച ജോണ്‍ മാത്തു സാറിന്റെ ദു:ഖം ....

പെരിങൊടന്‍ പറഞതു പോലെ..

"എല്ലാ തരത്തിലുള്ള ജനങ്ങളിലേയ്ക്കും‍ സാമ്പത്തിക സമത്വവും സ്കൂള്‍ വിദ്യഭ്യാസവും കടന്നുചെല്ലുകയാണെങ്കില്‍ ഈ സ്ഥിതിക്കൊരു മാറ്റമുണ്ടാകും.
Santhosh Janardhanan പറഞ്ഞതുപോലെ..

ഞാനും ഒന്നു കരഞ്ഞോട്ടെ.
വേണു.

saptavarnangal said...

ഡാലി,
പകുതിയ കിട്ടിയൊള്ളു ഡാലിക്കു, സംവരണത്തില്‍ സര്‍ക്കാറിനു ചെയാന്‍ കഴിയുന്നതാണ് ജോലി സംവരണവും വിദ്യാഭ്യാസ സംവരണവും. സാമൂഹികമായ ഉന്നമനത്തില്‍ സഹായിക്കേണ്ടതു അവരവരും അതിനേക്കാള്‍ ഉപരിയായി സവര്‍ണ്ണ മേധാവിത്തവുമാണ്. സംവരണം വഴി വീദ്യാഭ്യാസം , ജോലി നേടിയ ഒരുവനെ സമൂഹം അങ്ങോട്ട് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നില്ല അവനെ തോളൊട് തോള്‍ ചേര്‍ന്നു നില്‍കാന്‍ കഴിവതും അവസരം നല്‍കാറില്ല. ഇതു സംവരണം എന്ന സിസ്റ്റത്തിന്റെ തെറ്റല്ല.

കെ ആര്‍ നാരായണന്‍ പ്രെസിഡ്ന്റ് ആയ്തു സവരണം വഴിയല്ല, അദ്ദേഹത്തിന്റെ മെറിറ്റ് വഴിയാണെന്നു കേരളത്തിനു വെളിയില്‍ എത്രപേരു സമ്മതിക്കും..?? അത്രെയും ഉയര്‍ന്ന ഒരാളെ പിന്നെയും പിന്നെയും ദളിതന്‍ അതു കൊണ്ട് എവിടെ എത്തി എന്നു പറഞ്ഞ് സമാധിക്കാന്‍ അല്ലേ സവര്‍ണ്ണ സമൂഹം ഇപ്പോഴും ശ്രമിക്കുന്നതു?

saptavarnangal said...

വക്കാരി,
ഒരുവനു കുറഞ്ഞ മാര്‍ക്കോടെ സംവരണം വഴി ജോലി കിട്ടി എന്നതു കൊണ്ട് സംവരണം അവിടെ തീരുന്നില്ല. തീരാന്‍ പാടില്ല. അവന്റെ കുട്ടികള്‍കു ഒരു നല്ല വിദ്യാഭ്യാസം കൊടുക്കനുള്ള സാമ്പത്തിക ചുറ്റുപാടെ അവനു അപ്പോള്‍ കഷ്ടി കൈ വരുന്നൊള്ളു. അതു 2 തലമുറകളൈങ്കില്‍ കഴിയണം, അപ്പൊഴെ സമൂഹം അവരെ പകുതിയെങ്കിലും അംഗീകരിക്കൂ.

യാത്രാമൊഴി said...

നാ‍ച്ചുറല്‍ സെലക്ഷനെക്കുറിച്ച് ബെന്നി പറഞ്ഞത് വളരെ ശരിയാണു. നാച്ചുറല്‍ സെലക്ഷന്‍ എന്നതിനു പകരം ഫോഴ്സ്ഡ് എവലൂഷന്‍‍ എന്നോ, ഫോഴ്സ്ഡ് അഡാപ്റ്റേഷന്‍ എന്നോ പറയാം. അയ്യായിരത്തോളം വര്‍ഷം ഒരു പറ്റം മനുഷ്യരെ മൃഗതുല്യമാ‍യ ജീവതത്തിലേയ്ക്ക് തള്ളി വിട്ടപ്പോള്‍ അവരുടെ തലച്ചോറ് അത്തരം സാ‍ഹചര്യങ്ങള്‍ക്കാ‍യി മാത്രം ഉപയോ‍ഗിക്കാന്‍ നിര്‍ബന്ധിതരായി. ലാമാര്‍ക്കിയന്‍ തിയറിയുടെ ആദ്യനിയമം (യൂസ് ആന്‍ഡ് ഡിസ്‌യൂസ്) ഇവിടെ ബാധകമാകുന്നു. ലോകവും, അറിവും അതിവേഗം കുതിച്ചു പാ‍ഞ്ഞപ്പോള്‍ അത് തിരിച്ചറിയാന്‍ പോലും ശേഷിയില്ലാതെ പകച്ചുനില്‍ക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ. കാരണം സവര്‍ണരാല്‍ നിശ്ചയിക്കപ്പെട്ട അതിര്‍ത്തികള്‍ക്കുള്ളില്‍ അവരുടെ വികാസപരിണാമങ്ങള്‍ നിരന്തരം തളച്ചിടപ്പെട്ടു. ഈ സാഹചര്യങ്ങള്‍ കൊണ്ടുണ്ടായ മാനസികവും സാമൂഹ്യവുമായ ആഘാതങ്ങളില്‍ നിന്നും ഇന്നും ദളിതര്‍ പൂര്‍ണമായും മോചിതരായിട്ടുണ്ടെന്ന് തോന്നുന്നില്ല.

ചന്ത്രക്കാരന്‍ സൂചിപ്പിച്ച മലം വാരലില്‍ നിന്നും മാറി അവരുടെ തലച്ചോര്‍ മറ്റു വഴിക്ക് ചിന്തിച്ചു തുടങ്ങിയത് സംവരണമെന്ന പിടിവള്ളിയില്‍ തൂങ്ങി തന്നെയാണു. 50 വര്‍ഷം കൊണ്ട് ഒരു ചുക്കും സംഭവിച്ചില്ല എന്നും, ഇനി ഈ പിടിവള്ളി മുറിച്ച് കളയണമെന്നും വീമ്പു പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണു. അല്ലെങ്കില്‍ അസൂയ മൂത്ത് കാഴ്ച നഷ്ടപെട്ടിട്ടാണു. അതുമല്ലെങ്കില്‍ ദളിതന്റെ മേല്‍ പഴയതുപോലെ പിടിമുറുക്കുന്നതിനാണു.

പ്രതികാരമെന്ന വാക്ക് ഇവിടെ ചിലരുപയോഗിച്ചു കണ്ടു. ആരാണു പ്രതികാരം ചെയ്യുന്നത്? സംവരണമെന്ന പിടിവള്ളിയില്‍ പിടിച്ച് പിച്ച വെയ്ക്കാന്‍ തുടങ്ങുന്ന ഒരു ജനതയോ? അതോ അവര്‍ക്ക് ആ പിടിവള്ളിയെറിഞ്ഞു കൊടുത്ത സര്‍ക്കാരോ?

പൂര്‍വ്വജന്മദോഷമെന്നും, കര്‍മ്മഫലമെന്നുമൊക്കെ പച്ചക്കള്ളങ്ങള്‍ എഴുതിയുണ്ടാക്കി, അത് വിശ്വസിപ്പിച്ച് സഹസ്രാബ്ദങ്ങളോളം ഒരു ജനതയെ കാല്‍ക്കീഴില്‍ ചവിട്ടിയരച്ചിട്ടും ഒരു വിരല്‍ പോലുമനക്കാതെ സഹിച്ചത് പ്രതികാരമെന്തെന്നു പോലും ആ പാവങ്ങള്‍ക്ക് അറിയാതെ പോയിട്ടാവണം. കാരണം മേല്‍പ്പറഞ്ഞ പൊള്ളത്തരങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങി, മേലാളനെ ദൈവങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിച്ച്, തങ്ങളുടെ വിധിയെ മാത്രം പഴിച്ച് കഴിയുകയായിരുന്നല്ലോ അവര്‍. അവര്‍ കൂട്ടത്തോടെ ഒരു പ്രതികാരത്തിനു മുതിര്‍ന്നിരുന്നുവെങ്കില്‍ ഇന്നീ മേനി പറയുന്ന സനാതന ഹിന്ദുസമൂഹത്തിന്റെ വിധി മറ്റൊന്നായേനെ!

ആരെങ്കിലും സംവരണത്തിന്റെ കൃത്യമായ ശതമാനക്കണക്കുകള്‍ ഒന്നു കണ്ടുപിടിച്ചെഴുതിയാല്‍ വലിയ ഉപകാരമായിരുന്നു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഏറ്റവും കൂടുതല്‍ ശതമാനം സംവരണം കിട്ടുന്നത് മുന്നോക്കക്കാര്‍ക്കാണു (മെരിറ്റെന്ന ഓമനപ്പേരില്‍). അതു കഴിഞ്ഞ് മറ്റു പിന്നോക്ക വര്‍ഗ്ഗക്കാര്‍ക്ക്. അതും കഴിഞ്ഞാണു പട്ടികജാതിക്കാരനും പട്ടികവര്‍ഗക്കാരനും വരുന്നത്.
എന്നാല്‍ സംവരണം എന്ന വാക്ക് പട്ടികജാതിക്കാരനും പട്ടികവര്‍ഗക്കാരനും മാത്രമായി കൊടുക്കുന്ന എന്തോ ഭിക്ഷയായാണു എങ്ങും മുഴങ്ങി കേള്‍ക്കുന്നത്. കാരണം എവിടെയും മുഴങ്ങി കേള്‍ക്കുന്ന സ്വരം മേലാളന്റേതാണല്ലോ. നാഴികയ്ക്ക് നാല്പതു വട്ടവും സംവരണമെന്ന പദമുച്ചരിച്ച് ദളിതരുടെ അപകര്‍ഷതാബോധം നിലനിര്‍ത്തുക എന്നത് മുന്നോക്കക്കാരുടെ തന്ത്രവും, ആവശ്യവുമാണല്ലോ. അതു കൊണ്ട് തന്നെ ബാക്കിയുള്ളവരുടെ സംവരണത്തിനു സംവരണമെന്ന ധ്വനിയേ ഇല്ല!

സാമ്പത്തിക സംവരണം വേണമെന്ന് വാശി പിടിക്കുന്നവര്‍ക്കായി ഒരു ചെറിയ നിര്‍ദ്ദേശം-

ഒരു പരീക്ഷണമെന്ന നിലയ്ക്ക്, ഇപ്പോള്‍ മുന്നോക്കക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ തന്നെ രണ്ടായി വിഭജിക്കുക. സാമ്പത്തികമായി (ഒരു നിശ്ചിത വരുമാനത്തിനു താഴെയുള്ളവര്‍) പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്കായി കുറച്ച് സീറ്റ് സംവരണം ചെയ്യട്ടെ. കുറച്ചധികം മുന്നോക്ക സമുദായക്കാര്‍ സാമ്പത്തികമായി ഇന്ന് പിച്ചയെടുക്കുന്ന പരുവത്തിലാണെന്നുള്ളത് വാസ്തവം. അവരെ സഹായിക്കാന്‍ അവരുടെ തന്നെ സമുദായക്കാരില്‍ മുന്നോക്കം നില്‍ക്കുന്നവര്‍ ഈ ത്യാഗം ചെയ്യാന്‍ തയ്യാറാവട്ടെ! ഇത് നടപ്പിലാക്കി ഒരു 50 വര്‍ഷം കഴിഞ്ഞ് ഇതുപോലെ ഒരു ചര്‍ച്ച നടത്താം. മുന്നോക്കരിലെ പിന്നോക്കര്‍, മുന്നോക്കം പോയോ എന്ന്. എന്താ പറ്റുമോ?

ദളിതരായ മാതാപിതാക്കള്‍ സംവരണം കൊണ്ട് ഉയര്‍ന്നു വന്നതുകൊണ്ട് അവരുടെ മക്കള്‍ക്ക് ഇനി സംവരണം വേണ്ട എന്ന നിര്‍ദ്ദേശവും, ആദ്യം മുന്നോക്കക്കാരില്‍ നടപ്പിലാക്കട്ടെ. മെരിറ്റെന്ന സംവരണത്തില്‍ അഡ്മിഷന്‍ കിട്ടിയ പണക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വീണ്ടും അതേ മെരിറ്റെന്ന സംവരണത്തില്‍ സീറ്റുകള്‍ കൊടുക്കാന്‍ പാടില്ല. ആ സീറ്റുകളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് കൊടുക്കാമല്ലോ!

സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരൊഴിച്ച് ബാക്കിയുള്ളവരുടെ സമ്പത്തിനെക്കുറിച്ച് ആര്‍ക്കെങ്കിലും കൃത്യമായ രേഖകളുണ്ടോ? പണത്തിനു മേല്‍ പരുന്തും പറക്കില്ലാത്ത ഈ നാട്ടില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്നതിലും താഴ്ന്ന തുകയിലുള്ള വരുമാനസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിനാണോ ബുദ്ധിമുട്ട്?

ഇത് സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള കുഴപ്പമെന്ന് പറഞ്ഞേക്കാം. എന്നാല്‍ ആദ്യം ആ സിസ്റ്റം ശരിയാക്കാനുള്ള നടപടികളുണ്ടാവട്ടെ. എന്നിട്ട് നേരത്തെ പറഞ്ഞതുപോലെ പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോക്കക്കാരില്‍ തന്നെ സാമ്പത്തിക സംവരണം അങ്ങു നടപ്പിലാക്കട്ടെ. അപ്പോള്‍ അറിയാമല്ലോ കാര്യങ്ങളുടെ പോക്ക്.

തല്‍ക്കാലം ദളിതന്റെ സംവരണം അവിടെത്തന്നെ നില്‍ക്കട്ടെ. ജാതിയില്ലാതെയാക്കലല്ല അവനിപ്പോള്‍ ആവശ്യം. മാന്യമായി ജീവിക്കലാണു. അതിനവനെ അനുവദിക്കു. സംവരണം ഉപേക്ഷിച്ചു വരൂ, നിന്നെ ജാതിയില്ലാത്തവനും, മത്സരിക്കാന്‍ ശേഷിയുള്ളവനും ആക്കാം എന്ന മോഹനവാഗ്ദാനം തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഇന്നവനെ കിട്ടുമെന്ന് തോന്നുന്നില്ല.

വക്കാരിയുടെ സ്വാശ്രയപോസ്റ്റ് ഒരുവഴിക്കായി.
ഹൊ.. ഞാന്‍ ഇനി ജ്യോതിഷത്തിലേക്ക് തിരിച്ചു പോട്ടെ.

nalan::നളന്‍ said...

മൊഴിയേ!!
എനിക്കു പറയാനൊന്നും ബാക്കി വച്ചില്ലല്ലോ!..
നാച്വറല്‍ സെലക്ഷന്‍ മതിയെങ്കില്‍ നമുക്ക് കാട്ടിലേക്ക് തിരിച്ചു പോകാം , എന്താ!

പെരിങ്ങോടന്‍ said...

മൊഴിയേ അയ്യായിരം കൊല്ലം എന്നൊക്കെ പറയുന്നതു ഒരു വലിയ കണക്കല്ലേ. ഫോഴ്സ്ഡ് അഡാപ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെയും ചരിത്രപരമായി അതിനു 3000 കൊല്ലത്തെ പഴക്കമേ കാണുകയുള്ളൂ. ഇതില്‍ തന്നെയും മുന്നോക്കരും പിന്നോക്കരും ഒരേ സമൂഹമായി താമസിക്കുകയും ചെയ്തുപോന്നതു പിന്നെയും ഒരായിരം വര്‍ഷങ്ങള്‍ക്കു ശേഷമെന്നു കരുതണം. ഈ ഇടക്കാലത്തും അതിനു മുമ്പും ഒരേ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ സമൂഹമായി താമസിക്കുകയായിരുന്നു (ജാതിയെന്നു പറയാമോ എന്തോ) അവരില്‍ ബെന്നി പറഞ്ഞ നാച്ചുറല്‍ സെലക്ഷന്‍ മാത്രമായിരുന്നു, ഏറെക്കുറെ മൃഗതുല്യമായതു്. ഗോത്രസമൂഹങ്ങളില്‍ അധികാരമുള്ളവന്‍ അധികാരമില്ലാത്തവന്‍ എന്നൊരു വിഭജനമായിരുന്നു, ഗോത്രങ്ങള്‍ കലര്‍ന്നുപോവുകയും ഇതിലൊന്നു കേമന്‍ മറ്റേതു മോശക്കാരന്‍ എന്നവസ്ഥ വരുകയും ചെയ്തതു എപ്പോഴാണെന്നൊന്നു അന്വേഷിച്ചുനോക്കൂ. തീര്‍ച്ചയായും 5000 വര്‍ഷങ്ങള്‍ക്കു മുമ്പല്ല - ഗോത്രപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഏതെങ്കിലും ആദിവാസിസമൂഹത്തില്‍ ചെന്നു സംവരണത്തെ കുറിച്ചു വിശദീകരിച്ചാല്‍ അവരില്‍ ചിലരെങ്കിലും പറയും മൂപ്പന്റെ മകനു സംവരണം വേണ്ടെന്നു്. മൊഴി പറഞ്ഞ മെരിറ്റ് അനുഭവിക്കുന്നവനാണല്ലോ മൂപ്പന്റെ മകന്‍. ഇതൊരു വലിയ കാന്‍‌വാസിലേയ്ക്കു പകര്‍ത്തുമ്പോഴും, ഗോത്രങ്ങളുടെ/ജാതികളുടെ കലര്‍പ്പെന്ന കാന്‍‌വാസിലേയ്ക്കുമ്പോഴും മൂപ്പന്റെ മകനെ ഒഴിവാക്കുവാന്‍ പറ്റുമോ? അവന്റെ വാദം, അവന്‍ കാട്ടില്‍ താമസിച്ചു, അവന്റെ അപ്പന്‍ മൂപ്പന്‍ മലമ്പനികാരണം മരിച്ചു, നാടെന്ന മെരിറ്റ് അവനിതുവരെ അനുഭവിച്ചിട്ടില്ല എന്നതാവും. തൊട്ടുവരുന്ന എല്ലാവര്‍ക്കും ഈ മെരിറ്റ് ബാധകമാണു മൊഴി, അതേ സമയം അതാര്‍ക്കും ബാധകമല്ല താനും. ഇപ്പോഴത്തെ സാഹചര്യത്തിലെ unprivileged -നെ കുറിച്ചു സംസാരിക്കൂ, തലമുറകളുടെ വിഷമം നമുക്കു മറന്നേ തീരൂ, കാരണം അതൊരു തുടര്‍ക്കഥയാണു്. ജാത്യാടിസ്ഥാനത്തിലുള്ള സംവരണം എന്ന തെറ്റ് അതിനോടൊപ്പം കൊണ്ടുപോകണോ?

ആനക്കൂടന്‍ said...

വിദ്യാഭ്യാസ മേഖലയിലെ സംവരണം കൊണ്ടാണ് ദളിതന്‍ ഇത്രയേങ്കിലും എത്തിയതെന്നാണ് യാത്രാമൊഴി ഉദ്ദേശിച്ചതെങ്കില്‍ അതല്‍പ്പം കടന്ന കണ്ടെത്തലായിപ്പോയി.

ഭരണഘടനയില്‍ ഒരിടത്തും പ്രാഥമിക വിദ്യാഭ്യാസത്തില്‍ സംവരണം എന്ന തത്വം എഴുതി വച്ചിട്ടില്ല. പതിനാലു വയസുവരെ സൌജന്യ വിദ്യാഭ്യാസം പൌരന്റെ അവകാശമായാണ് അവിടെ കുറിച്ചിരിക്കുന്നത്. അതായത് ദളിത് വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളിലേക്ക് പഠനത്തിനായി എത്തിയത് സംവരണത്തിലൂടെയല്ല. ഈ അവകാശത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിലൂടെയാണ്.

കര്‍ഷക അടിയാന്മാര്‍ കൃഷി ഭൂമി കൃഷിക്കാ‍രന് എന്ന മുദ്രാവാക്യവുമായി കൊടിപിടിച്ചിറങ്ങിയതും അവര്‍ക്കിടയില്‍ ഉണ്ടായ ബോധവല്‍ക്കരണത്തിന്റെ ഫലമായി തന്നെ. കേരളത്തിലെ ഏതെങ്കിലും ഒരു ജാതിക്കാര്‍ സംവരണത്തിലൂടെ മുഖ്യധാരയില്‍ എത്തിയിട്ടുണ്ടോ?. അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടായാല്‍ അവന്‍ തനിയെ മുന്നേറും. ഇപ്പോഴത്തെ ജാതി ഹിന്ദുവിനെ അവന്‍ തകര്‍ക്കുകയും ചെയ്യും. ഇതുണ്ടാകാതിരിക്കലാണ് സംവരണത്തിലൂടെ അവനെ പാര്‍ശ്വവല്‍ക്കരിച്ചു കൊണ്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ ഓരോ ജാതിയും ഒരോ തൊഴില്‍ കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ളവരാണ്. ആ ജനിതകപരമായ തുടര്‍ച്ച ഇപ്പൊഴും ഉണ്ട്. ആശാരിയുടെ മകന്‍ ആശാരിതന്നെയാകാന്‍ സാധ്യത കൂടുതലാകുന്നതും ഇതു കൊണ്ടു തന്നെ. മുന്നോക്ക ജാതിക്കാരെയൊന്നും പാ‍ടത്തു പണിക്ക് കാണുന്നില്ലല്ലോ എന്ന് വിലപിച്ചിട്ട് എന്തു കാര്യം.

ബെന്നിച്ചേട്ടന്‍ പറഞ്ഞ ഒരു കാര്യം കൂടി പരാര്‍ശിച്ച് ഞാനും നിര്‍ത്തുന്നു. അദ്ദേഹവും പിന്നോക്ക ജാതിക്കാരനും ഒരേസമയം ഡിഗ്രി പടിച്ചിറങ്ങി. മുന്നോക്ക ജാതിക്കാരന്‍ ആയതിന്റെ പേരിലാണ് ഞാന്‍ ഈ തലത്തിലെത്തിയതെന്ന് ബെന്നിച്ചേട്ടന്‍ പറഞ്ഞു. കൂടെ പടിച്ചിറങ്ങിയ കീഴാള ഡിഗ്രിക്കാരന്‍ കൂലിപ്പണിയാണ് സ്വീകരിച്ചതത്രെ. എന്തു കൊണ്ട് അങ്ങനെ സംഭവിച്ചു? സംവരണക്കാരന്‍ സംവരണക്കാരന്‍ എന്ന ലേബല്‍ ഒരു വ്യക്തിയില്‍ ഉണ്ടാക്കുന്ന മാനസികമായ നില എന്തായിരിക്കും?

ഒരു സംവരണവും ദളിതന് കൊടുക്കാതിരുന്നുവെങ്കില്‍ 50 വര്‍ഷം കൊണ്ട് അവന്‍ ജാതി മേധാവിത്തത്തെ അട്ടിമറിക്കുകയും ഭരണം പിടിച്ചെടുക്കയും ചെയ്യുകയില്ലായിരുന്നോ എന്നു വെറുതെ ഒന്ന് ആലോചിച്ചു നോക്കാവുന്നതാണ്.

ആനയ്ക്ക് കൊടുക്കരുത് പട്ടിക്കു കൊടു ക്കുന്നതു പോലെ കൊടുക്കണം എന്ന് ഏതോ സവര്‍ണന്‍ പറഞ്ഞിട്ടുണ്ട്. ആനയ്ക്ക് എത്ര വലിയ ഉരുള ഉരുട്ടി കൊടുത്താലും അത് ഒരിക്കല്‍ തിരിച്ച് ആക്രമിക്കും. അതേ സമയം പട്ടിക്ക് ഒരു ബിസ്കറ്റ് കൊടുത്താല്‍ അത് ആയുഷ്കാലം വാലാട്ടി പുറകേ നടന്നു കൊള്ളും. ഭൂരിപക്ഷ പിന്നോക്കക്കാര്‍ക്ക് എതിരെ ന്യൂനപക്ഷ സവര്‍ണര്‍ ചെയ്തു കൊണ്ടിരിക്കുന്നതും ഇതു തന്നെ. ചില ബിസ്ക്റ്റുകള്‍ എറിഞ്ഞു കൊടുത്ത് വാലാട്ടികളാക്കി നിര്‍ത്തുക.

ദില്‍ബാസുരന്‍ said...

അഭിപ്രായം പറയാനാണ് വന്നത്. പക്ഷെ പെരിങ്ങോടനും ആനക്കൂടനും പറഞ്ഞത് ചിന്തയ്ക്ക് വക നല്‍കുന്നു.

അവ കൂടി കണക്കിലെടുത്ത് ചിന്തിച്ചിട്ട് തിരിച്ച് വരാം.

വളയം said...

പണമുള്ളവര്‍കേ ഉയര്‍ന്ന റങ്ക്‌ കിട്ടൂ. അതുകൊണ്ട്‌ വര്‍ഷം ഒന്നരലക്ഷം രൂപ ഫീസും, അതിന്റെ 5 ഒാ പത്തോ ഇരട്ടി സംഭാവനയും വാങ്ങി ഞങ്ങളീ നാട്ടിലെ "പാവങ്ങളെ" സാൂജന്യ നിരക്കിലൊന്നു പഠിപ്പിച്ചെടുത്തോട്ടെ എന്നു സ്വാസ്രയമാനേജ്‌മന്റ്‌.

ഇന്നാട്ടിലെ എല്ലാ അധഃസ്ഥിതരേയും ഞങ്ങളൊന്നുദ്ധരിച്ചൊട്ടേ എന്ന് രാഷ്ട്രീയക്കാരന്‍.

ദീപസ്തഭം മഹാശ്ചര്യം........

പാടത്ത്‌ പണിയെടുത്ത മുന്നോക്ക ജാതിക്കരനെ എനിക്കറിയാം. ദുരഭിമാനം വില്‍ക്കാന്‍ കഴിയാതെ പട്ടിണി കിടന്ന മുന്നോക്കക്കാരനെ ഞാന്‍ കണ്ടിട്ടുണ്ട്‌. ഇന്നും ദിവസം നൂറു രൂപ പോലും വരുമാനമില്ലാത്ത എത്രയോ മുന്നോക്കന്‍ കേരളത്തില്‍ ജീവിക്കുന്നു എന്നത്‌ യാഥാര്‍ത്യമെങ്കിലും നമ്മളാരും അതു വിളിച്ചു പരയരുത്‌....

പറഞ്ഞാല്‍ അവന്‍ പിന്തിരിപ്പനാവും.

എന്താണു കേരളത്തിലെ "സാമൂഹ്യമായ പിന്നോക്കവസ്ഥ". കേരളത്തില്‍ എവിടെയാണ്‌ ഒരാള്‍ക്‌ സാമ്പത്തികമായി തന്നോടൊപ്പം നില്‍ക്കുന്ന മുന്നോക്കക്കാരനൊപ്പമുള്ള സാമൂഹ്യസ്ഥാനം കിട്ടാതെ പോകുന്നത്‌.

കേരളത്തിലെ ഒരുപാട്‌ പിന്നോക്ക സമുദായ നേതക്കളെ നമുക്കറിയാം. ഉപനേതാക്കളെയും അറിയാം. ഇവരുടെ പലരുടെയും സാമ്പത്തിക സ്ഥിതിയും അറിയാം. അവരര്‍ഹിക്കുന്ന ഫീസിളവ്‌ പോലും നേരത്തെപറഞ്ഞ ദിവസം നൂറു രൂപ പോലും വരുമാനമില്ലാത്ത മുന്നോക്കന്‍ അര്‍ഹിക്കുന്നില്ലേ?

മുന്‍പത്തെ തലമുറ പിന്നോക്ക ജനവിഭാഗങ്ങളോട്‌ ചെയ്ത അതേ തെറ്റ്‌ ഇന്നു മുന്നോക്കനെന്ന് മുദ്രകുത്തി ഒരുവിഭാഗത്തോട്‌ ആവര്‍ത്തിക്കുകയല്ലേ?

ഈ യാഥാര്‍ഥ്യങ്ങള്‍ ആര്‍ക്കും അറിയാത്തത്‌ കൊണ്ടല്ല. പിന്നെയോ?

ദീപസ്തഭം മഹാശ്ചര്യം........

വാല്‍ക്കഷണം:
എല്ലാ രാഷ്ട്രിയക്കാരനും അഗീകരിക്കുന്നുവെങ്കിലും വനിതാ സംവരണബില്‍ ഇനിയും ലോക്‍സഭയിലെത്തിയില്ല ...........?

വളയം said...

മുന്‍പത്തെ കമന്റ്‌, പല മുന്‍ കമന്റുകളും വിശദമായി വയിക്കുന്നതിനു മുന്‍പായിരുന്നു. ഈയുള്ളവന്റെ ചിന്തകള്‍ പലരും മുന്‍പേ പറഞ്ഞവയെന്ന് ഇപ്പോള്‍ വിശദമായ വയനക്കുശേഷമറിയുന്നു. ഈയുള്ളവനര്‍ക്ക്‌ സമാനമനസ്ക്കനെന്നു.....ചിന്തകള്‍ക്കു കടപ്പാടു രേഖപ്പെടുത്തുന്നു