Thursday, August 10, 2006

ഇമ്പാലില്‍ ജോസ് മരണത്തിനു കീഴടങ്ങി

ഇന്നു രാവിലെ മനോരമ പത്രത്തില്‍ കണ്ട വാര്‍ത്ത. ഇമ്പാലില്‍ ജോസ് മരണത്തിനു കീഴടങ്ങി.

ഈ പേര് എവിടെയോ കേട്ട പോലെ. ഏതെങ്കിലും സിനിമാ നടന്‍? രാഷ്ട്രീയപ്രവര്‍ത്തകന്‍? അധോലോക നായകന്‍? ഓര്‍മ്മ കിട്ടുന്നില്ല. വാര്‍ത്ത വായിക്കാമെന്ന് വച്ചു. വാര്‍ത്ത ചുവടെ.Manorama article Screenshot 1

Manorama article Screenshot 2


അപ്പോള്‍ പിടി കിട്ടി. ഇന്നലെ ബാംഗ്ലൂരിലെ ടൈംസ് ഓഫ് ഇന്ത്യയില്‍ ഇദ്ദേഹത്തെക്കുറിച്ച് ഒരു വാര്‍ത്ത വന്നിരുന്നു. അപ്പോഴാണ് ഈ പേര്‍ ഞാന്‍ കേള്‍ക്കുന്നത്. ആ വാര്‍ത്ത ചുവടെ.


TOI article Screenshot 1

TOI article Screenshot 2


രണ്ടും കൂട്ടി വായിച്ചാല്‍ ആര്‍ക്കും ചിരി വരും. ടൈംസ് ഓഫ് ഇന്ത്യ പ്രകാരം ഇദ്ദേഹം രണ്ടാം വീരപ്പനാണ്. കൊടും ഭീകരന്‍. കര്‍ണ്ണാടക പോലീസ് കുറേ നാളുകളായി കര്‍ണ്ണാടക അതിര്‍ത്തിയിലും വയനാട്ടിലും ഒക്കെയുള്ള കാടുകളില്‍ തിരഞ്ഞു നടക്കുന്നവന്‍. പതിനഞ്ചോളം പേരുള്ള ഒരു സംഘത്തിന്റെ തലവന്‍. ആനയെ ഒറ്റ വെടി കൊണ്ട് കൊല്ലുന്നവന്‍. ദൃഡഗാത്രന്‍. മനോരമ പ്രകാരം ഇദ്ദേഹം ഒരു പാവമാണ്. ഒരു സാധാ മൃഗവേട്ടക്കാരന്‍. ഒരു കണ്ണിന്റെ കാഴ്ച ഒരു വര്‍ഷം മുന്‍പും മറ്റേ കണ്ണിന്റെ കാഴ്ച ആറ് മാസം മുന്‍പും രോഗം മൂലം നഷ്ടപ്പെട്ട ഒരു ഹതഭാഗ്യന്‍. രണ്ട് വൃക്കകളുടേയും പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി ശയ്യാവലമ്പി ആയ ഒരു രോഗി. കേരളത്തില്‍ ഒരിടത്തും ഒരു കേസുപോലുമില്ലാത്ത ഒരു സാധാരണ പൌരന്‍.

അപ്പോള്‍ ഇദ്ദേഹത്തെപ്പറ്റിയാണോ മുന്‍പേജില്‍ ഏറ്റവും മുകളില്‍ തന്നെ ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത കൊടുത്തത്? ഈ വാര്‍ത്ത വായിച്ച് എത്ര പേര്‍ പുതിയ ഒരു ഹീറോയെ ജോസില്‍ ദര്‍ശിച്ച് കാണും. ഇത്ര അമ്മമാര്‍ കുട്ടികളെ ഉറക്കാന്‍, ഉറങ്ങിയില്ലെങ്കില്‍ ഇമ്പാലില്‍ ജോസ് വന്ന് പിടിച്ചുകൊണ്ടുപോകുമെന്ന് പറഞ്ഞ് പറ്റിച്ചുകാണും. എത്ര വനം കൊള്ളക്കാര്‍ ഇദ്ദേഹത്തിന്റെ സേവനം കിട്ടാന്‍ വേണ്ടി തലങ്ങും വിലങ്ങും ഓടിക്കാണും. എത്ര വനപാലകര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ഇദ്ദേഹത്തെപ്പിടിക്കാന്‍ വനത്തില്‍ കയറിക്കാണും. ജീവനോടെയോ മരിച്ചനിലയിലോ പിടിച്ചാല്‍ കിട്ടുന്ന കാശ് മേടിച്ചെടുക്കാ‍ന്‍ എത്ര ധൈര്യശാലികള്‍ തോക്കുമായി വനത്തിലേക്ക് യാത്ര തിരിച്ചുകാണും. എത്ര ആനകള്‍ പുതിയ വീരപ്പന്‍ എന്നു കേട്ട് ഇന്നലെ ഉറങ്ങാതെ പേടിച്ചിരുന്നുകാണണം. എല്ലാം വെള്ളത്തിലായില്ലേ. കഷ്ടമായിപ്പോയി.

അതും പോരാണ്ട് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്, ഇദ്ദേഹത്തെ കുറേ നാളുകളായി കര്‍ണ്ണാടക പോലീസ് അന്വേഷിക്കുകയാണത്രേ. മനോരമ പറയുന്നത് ഇദ്ദേഹം മാനന്തവാടി ആശുപത്രിയില്‍ മാസങ്ങളായി അഡ്മിറ്റാണെന്നും. ഈ പോലീസുകാരുടെ ഒരു കാര്യം. ആശുപത്രി ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം ആണെന്ന് ഇപ്പോള്‍ എല്ലാവരും അറിഞ്ഞില്ലേ. അവര്‍ക്ക് ഒന്ന് വെറുതേ മനോരമയില്‍ ഫോണ്‍ വിളിച്ച് ചോദിച്ചിരുന്നെങ്കില്‍ അപ്പോള്‍ പിടിച്ചു കൊണ്ടുപോകാമായിരുന്നു ഈ കൊടുംഭീകരനെ. കണ്ണും കാണാത്ത, രണ്ടു വൃക്കയും തകരാറിലായ മൃതപ്രായനായ ഇദ്ദേഹത്തെ വളരെ സാഹസികവും ധീരവുമായ ഒരു കമാന്റോ ഓപ്പറേഷനിലൂടെ പിടിച്ചിരുന്നെങ്കില്‍ അതും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഒരു വാര്‍ത്തയായേനേ. എല്ലാം തീര്‍ന്നില്ലേ. എന്തൊക്കെയായിരിന്നു -രണ്ടാം വീരപ്പന്‍, ആനക്കൊള്ളക്കാരന്‍, ഷാര്‍പ്പ് ഷൂട്ടര്‍- അങ്ങിനെ പവനാഴി ശവമായി.

ഇനി മനോരമയാണോ നുണ പറയുന്നത്. ശ്ശൊ. ആരെ വിശ്വസിക്കണം. ഈ പത്രങ്ങളുടെ ഒരു കാര്യം.


മനോരമ വാര്‍ത്തയുടെ ലിങ്ക് ഇവിടെ.
ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയുടെ ലിങ്ക്
ഇവിടെ.

11 comments:

വക്കാരിമഷ്‌ടാ said...

വിശ്വാസ്യതയുടെ പ്രശ്‌നം തന്നെ ഇതും?

bodhappayi said...

കണ്‍ഫ്യൂഷന്‍ ആയല്ലോ... ആരെ വിശ്വസിക്കും. രണ്ടു കൂട്ടരും മസാല പ്രചരണത്തില്‍ പുലികള്‍. ടൈംസ്‌ വായിച്ചു നമ്മുടെ കീരിക്കാടന്‍ ജോസിനെപ്പോലെ ഒരു രൂപമായിരുന്നു ഇമ്പാലി ജോസിനെപ്പറ്റി എന്റെ മസസ്സില്‍. എതായാലും താമസിയാതെ അറിയാം... ശ്രീജി.. നീയാ എഡിറ്റര്‍ക്കൊരു കത്തയക്കുന്നോ?

കിച്ചു said...

സുഹൃത്തുക്കളെ ഒരു ഒറ്റ മണിക്കൂര്‍ ശരിയായ വിവരം ഞാനിപ്പോല്‍ തന്നെ കളക്ട് ചെയ്ത് തരാം. മോനെ കുട്ടപ്പായി നിന്റെ കാല് ഞാന്‍ ഒടിക്കും. മസാല വില്‍ക്കാത്ത മലയാളത്തിന്റെ സുപ്രഭാതത്തെ ടൈംസുമായി കൂട്ടി കെട്ടിയതില്‍ (ചുമ്മാ തമാശയ്ക്ക് പറഞ്ഞതാ കാര്യമാക്കണ്ട) :) smile... കിച്ചു

bodhappayi said...

ഈശ്വരാ എന്‍റെ കാല്‍... അപ്പൊ കിച്ചു കൊഴിക്കോടു മനോരമ ആപ്പീസില്‍ കറസ്പോണ്ടന്‍റാ... കണ്ടു പിടിച്ചേ :)

കിച്ചു said...

അറിഞ്ഞതും കേട്ടതുമായ കാര്യങ്ങള്‍ വച്ചു നോക്കുമ്പൊള്‍ മനോരയില്‍ പറയുന്നത് ശരിയാണ്. ഇയാളുടെ പേരില്‍ കേരളത്തിള്‍ നിലവില്‍ കേസുകള്‍ ഒന്നും തന്നെയില്ല. പുലിത്തോല്‍ പിടിച്ച കേസും ഇപ്പോള്‍ നിര്‍ജീവമാണെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ഇയാളും ഒരു മൃഗവേട്ടക്കാരനായിരുന്നത്രേ. പക്ഷെ സാധാരണ എല്ലാ നാട്ടിലും ഉളളതുപോലെ കുരങ്ങിനെയും മലയണ്ണാനെയും വെടിവച്ചു പിടിക്കുന്ന സാദാ വേട്ടക്കാരനാണ്. പിന്നെ മറ്റൊരാരോപണം ഉളളത് ഇയാളെ മറ്റൊരാള്‍ക്ക് വേണ്ടി കര്‍ണ്ണാടകാ ഫോറസ്റ്റ് ബലിയാടാക്കുകയായിരുന്നു എന്നാണ്. ബാക്കി വിവരങ്ങള്‍ പിന്നാലെ...

കുട്ടൂസേ നീ പറഞ്ഞത് തെറ്റിപ്പോയി, പക്ഷെ ഏതാണ്ട് കുറച്ച് കറക്ടാണ്. മിണ്ടാതെ വായ് അടച്ചിരിക്കണേ... കുറച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ട്. അതാണ് ട്ടോ.. കിച്ചു.

Anonymous said...

അതാദ്യമേ തോന്നിയിരുന്നു മനോരമ പറഞ്ഞതായിരിക്കും ശരി എന്ന്...

::പുല്ലൂരാൻ:: said...

raavile club -il ingane oru post ittu.. pakshe athu entho kaanunnilla..

thappi nokkyappo.. ivite undu thaanum..

http://boologaclub.blogspot.com/2006/08/blog-post_115519708100494779.html

::പുല്ലൂരാൻ:: said...

raavile club -il ingane oru post ittu.. pakshe athu entho kaanunnilla..

thappi nokkyappo.. ivite undu thaanum..

link

bodhappayi said...

ഇന്നത്തെ ടൈംസില്‍ മരിച്ച വിവരം ഒണ്ട്. പക്ഷെ ഇദ്ദേഹം ഒരു ഭീകരന്‍ ആണെന്നു പറഞു പോയതു കൊണ്ടു അവര്‍ക്കു പഴയ വാര്‍ത്ത തിരുത്താന്‍ പ്രയാസം. വളരെ നിഗൂഠമായാണു മരണവിവരം വിവരിച്ചിരിക്കുന്നതു... :)

anoop said...

കൊള്ളാം നല്ല വിമര്‍ശനം

വള്ളുവനാടന്‍ said...

കിച്ചുക്കുട്ടാ ശരിയല്ലേ... വെറുതേ പത്രക്കാരനാണെന്നൊക്കെ പറഞ്ഞിട്ട് അവസാനം നിന്റെ ഒറിജിനില്‍ രൂപം പുറത്തുവരുന്വോള്‍... സമയമായിട്ടില്ല,
വള്ളുവനാടന്‍