Wednesday, August 30, 2006

നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി........

ഈ കഥ മാതൃഭൂമിയുടെ പ്രവാസ സാഹിത്യം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതാണ്‌. ഒരുതുടക്കമെന്നനിലയില്‍ ഇതു പോസ്റ്റു ചെയ്യുന്നു. എല്ലാ ബ്ലോഗ്‌ ലവ്വേഴ്സില്‍ നിന്നും ആത്മാര്‍ഥമായ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.......

ഫൈസല്‍ ദോഹ

നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി...........

ഉച്ചമയക്കത്തിന്റെ നനുത്ത പഞ്ഞിക്കെട്ടുകള്‍ക്ക്‌ മുകളില്‍ പാതിയടഞ്ഞ മനസ്സുമായി വെറുതെയിങ്ങനെ കിടക്കാന്‍ നല്ലസുഖം. താഴ്‌വരയിലേക്ക്‌ തുറക്കുന്ന വലിയ ജനാലയുടെ വിരികള്‍ താഴ്ത്തിയിട്ടതു കൊണ്ടാവണം മുറിയില്‍ നല്ല ഇരുട്ടുണ്ട്‌. അതോ നേരം സന്ധ്യ കഴിഞ്ഞോ? എഴുനേല്‍ക്കാതെ തന്നെ കൈ നീട്ടി ലൈറ്റിട്ടു. സൈഡ്‌ടേബിളിലിരിക്കുന്ന ടൈംപീസില്‍ സമയം നാലുമണി ആവുന്നേയുള്ളൂ. "ഓ, ഈ വൈകുന്നേരവും ഈ രാത്രിയും തനിക്കു സ്വന്തമാണല്ലോ"! ഉള്ളിലെവിടെയോ ഒരു മൂളിപ്പാട്ടിന്റെ ഉറവ പൊട്ടുന്നതറിഞ്ഞു. ബോഗന്‍വില്ലകള്‍ അതിരിടുന്ന നീണ്ട വഴിക്കൊടുവില്‍, അരണ്ടവെളിച്ചവും നേര്‍ത്ത സംഗീതവും ഒഴുകിനടക്കുന്ന നെടുങ്കന്‍ ഇടനാഴികളുള്ള, 'പറുദീസ'യിലെ വി.ഐ.പി. സ്യൂട്ടുകളിലൊന്നില്‍, ഇളംനീല വിരിയിട്ട തൂവല്‍ക്കിടക്കയില്‍ ഇന്നു തന്നെ കാത്തിരിക്കാന്‍ അതിഥികളാരുമുണ്ടാവില്ല. കക്ഷത്തില്‍ കറുത്ത ബാഗും മുഖത്ത്‌ അറപ്പുളവാക്കുന്ന ഭവ്യതയുമായി പാണ്ഡ്യരാജനും ഇന്നു വരില്ല. ഉള്ളിലുയിര്‍ത്ത മൂളിപ്പാട്ട്‌ അറിയാതെ ചുണ്ടുകളിലുതിര്‍ന്നു.

വെറുതെ ഒന്നു നടക്കാനിറങ്ങാം. ഇങ്ങനെ കിടക്കാന്‍ തുടങ്ങിയാല്‍ തലയ്ക്കുള്ളിലെ ഈവിങ്ങല്‍ ഒടുങ്ങുമെന്നു തോന്നുന്നില്ല. നിലാവും മഞ്ഞും മദ്യവും പിന്നെ കുളിരിലും വിയര്‍ക്കുന്ന ഉടലുകളുടെ താളവും കിതപ്പും...., ഇന്നലെ രാവേറെ ചെന്നിരിക്കണം, താഴെ തേക്കിന്‍ കാടുകള്‍ക്കിടയില്‍ ആളിപ്പടര്‍ന്ന അഗ്നി‍ എരിഞ്ഞൊടുങ്ങാന്‍. ആരൊക്കെയായിരുന്നു കൂടെ? എഴുന്നേറ്റിരുന്നു കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി വെറുതെ ഓര്‍ക്കാന്‍ ശ്രമിച്ചു. ആളുന്ന തീയില്‍ ഞെരിഞ്ഞുപൊട്ടുന്ന നനഞ്ഞ ചുള്ളിക്കമ്പുകള്‍... ഉടഞ്ഞുചിതറിയ കുപ്പികള്‍... ഗിറ്റാറിന്റെ തന്ത്രികളില്‍ ഒഴുകി നീങ്ങുന്ന നീണ്ടു മെലിഞ്ഞ വിരലുകള്‍... അട്ടഹാസങ്ങള്‍... സീല്‍ക്കാരങ്ങള്‍... കെട്ടുപിണയുന്ന ശരീരങ്ങള്‍ക്കു കീഴെ ഉണങ്ങിയ തേക്കിലകളുടെ മര്‍മരം..., എല്ലാം കൂടെ കൂടിക്കുഴഞ്ഞ്‌ ഒന്നും വേര്‍തിരിച്ചെടുക്കാനേ കഴിയുന്നില്ല. അല്ലെങ്കിലും എന്തിനതൊക്കെ ഓര്‍ത്തെടുക്കണം? പാണ്ഡ്യരാജന്‍ മുന്‍കൂര്‍ പറഞ്ഞുറപ്പിച്ച, തന്റെ ശരീരത്തിന്റെ രാത്രിവാടക പറ്റിക്കഴിഞ്ഞാല്‍ പിന്നെയും ഈ ഓര്‍മകളെന്തിന്‌? എങ്കിലും കൂര്‍ത്ത കരിങ്കല്‍ച്ചീളുപോലെ ഉള്ളിലെവിടെയോ തറച്ച, അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ വീണ്ടും വീണ്ടും തികട്ടി വരുന്നു. പ്രാണന്‍ പറിഞ്ഞുവരുംപോലെ ഒരു കരച്ചില്‍. ആരേ കരഞ്ഞത്‌? വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിറഞ്ഞുപെയ്യുന്ന ഒരു കര്‍ക്കിടകസന്ധ്യക്ക്‌, അരക്കെട്ടു പിളരുന്ന വേദനയില്‍, ഞരങ്ങുന്ന കട്ടിലിന്റെ അഴികളില്‍ മുറുകെ പിടിച്ച്‌ പല്ലു ഞെരിച്ചൊതുക്കിയ അതേ നിലവിളി. വേണ്ട, ഓര്‍മകളേ അരുത്‌....

നെരിപ്പോടില്‍ കനലുകളണഞ്ഞിരിക്കുന്നു. തണുപ്പ്‌ ഒരു തേരട്ടയെപ്പോലെ മുറിയിലരിച്ചു നടന്നു. സ്കോച്ചും മള്‍ബറോയുമൊക്കെ മണക്കുന്ന ചുണ്ടുകള്‍ ദേഹം മുഴുവന്‍ പരതി നീങ്ങുമ്പോഴും ഉള്ളില്‍ ഇതേ തണുപ്പാണ്‌. മരണത്തിന്റെ തണുപ്പ്‌. ഈശ്വരാ... എത്ര വര്‍ഷങ്ങള്‍... എന്നിട്ടുമിപ്പഴും ഇവിടത്തെ ഈ തണുപ്പും തന്നെയുണര്‍ത്താന്‍ പാടുപെടുന്ന ചുണ്ടുകളും... സഹിക്കാനാവുന്നില്ലല്ലോ എനിക്ക്‌... ഉടലാകെ ഒരായിരം കറുത്ത തേരട്ടകള്‍ ഇഴഞ്ഞു നടക്കാന്‍ തുടങ്ങും അന്നേരം. പൊടുന്നനെ മുറിയില്‍ വീശിയ തണുത്ത കാറ്റിന്‌ കനലില്‍ പൊരിയുന്ന തേരട്ടകളുടെ ഗന്ധം. നെഞ്ചിനുള്ളില്‍ തിരമാലകള്‍ മറിഞ്ഞു വരുന്നു. പിടഞ്ഞെണീറ്റ്‌ കുളിമുറിയിലേക്ക്‌ നടന്നു. പരുത്ത തറയോടുകള്‍ പാകിയ നിലത്ത്‌ കാലുകള്‍ വേച്ചുപോകുന്നു. വാഷ്ബേസിനിന്റെ വശങ്ങളില്‍ മുറുകെപ്പിടിച്ച്‌ കണ്ണുകളടച്ചു. ഒരു രാത്രിയുടെ പാപക്കറകളത്രയും മഞ്ഞച്ച കയ്‌പുനീരായി തിളങ്ങുന്ന വെളുത്ത പ്രതലത്തില്‍ പടര്‍ന്നു കിടന്നു. നെഞ്ചിനുള്ളിലെ തിരമാലകള്‍ ഒന്നൊടുങ്ങിയെന്നു തോന്നുന്നു. പക്ഷേ, ഉള്ളിലിപ്പോഴും കര്‍ക്കിടക മഴയിരമ്പുന്നു.

കരിയണിഞ്ഞ്‌, മണി കിലുക്കി, കലിയിളകിത്തുള്ളുന്ന കരിംപൂതക്കെട്ടുപോലെ മഴയുറഞ്ഞു. ദ്രവിച്ചു തൂങ്ങിയ കഴുക്കോലുകള്‍ക്കു മീതെ പൊട്ടിപ്പൊളിഞ്ഞ ഓടുകള്‍ക്കിടയിലൂടെ ഇരുട്ടടച്ച തളങ്ങളില്‍ മഴ കൂലംകുത്തി. അകായില്‍ മഴവെള്ളം ചോരാത്ത ഒരിത്തിരി മൂലയില്‍ നീക്കിയിട്ട അഴിക്കട്ടിലില്‍, മുറ്റത്ത്‌ കലങ്ങിയൊഴുകുന്ന ചെളിവെള്ളത്തില്‍ വെറുതെ നോക്കിയിരുന്നിരുന്ന പെണ്‍കുട്ടിക്ക്‌ അന്നെത്രയായിരുന്നു വയസ്സ്‌? പതിനഞ്ച്‌... അതോ പതിനാറോ? ഓര്‍മയുടെ മാറാല പിടിച്ച അറകളില്‍ പിന്നെയും കറുത്ത തേരട്ടകള്‍ പ്രാണസഞ്ചാരം തുടങ്ങുന്നു. നെടുനീളെ അടര്‍ന്നിളകിയ തറയിലെ മണ്‍പുറ്റുകള്‍ക്കിടയില്‍നിന്നും, ചെത്തിത്തേക്കാത്ത ചുവരിലെ വിള്ളലുകളില്‍ നിന്നുമൊക്കെ അവ വന്നുകൊണ്ടേയിരിക്കും. മൗനവും ഇരുളും നിറഞ്ഞു തണുത്ത നിലങ്ങളില്‍, അമ്മയുടെ കണ്ണുനീരുണങ്ങിയ പാടുകള്‍ കടന് ദിശയറിയാത്ത പഥികരെപ്പോലെ അവ വീടു മുഴുവന്‍ അരിച്ചു നടന്നു. പിന്നെ, ചാരായവും വിയര്‍പ്പും നാറുന്ന, അച്ഛന്റെ മുഷിഞ്ഞ കുപ്പായങ്ങള്‍ക്കിടയിലും, ഉമിനീര്‍പാടു നിറഞ്ഞ്‌ തണുപ്പു മണക്കുന്ന തലയിണകള്‍ക്കിടയിലും, പൂതലിച്ച പഴയ പത്തായത്തിനുള്ളിലുമൊക്കെ അവ ആശയറ്റ്‌ ചുരുണ്ട്‌ കിടക്കും

(ജന്മാന്തരങ്ങള്‍ക്കപ്പുറത്തെങ്ങോ നിന്ന്‌ ചുക്കിച്ചുളിഞ്ഞ്‌ വിറയാര്‍ന്ന ഒരു കൈ മൂര്‍ധാവില്‍ തലോടുന്നു. കഥ പറഞ്ഞ്‌ മടുത്ത അച്ഛമ്മ, "ഇനീം വേണം കത" എന്നു ചിണുങ്ങുന്ന പൊടിക്കുട്ടിയെ ഉറക്കാന്‍ ഒരു പഴംപാട്ടു പാടുന്നു.
"കത പറഞ്ഞമ്മായ്‌ കഞ്ഞ്യേച്ചു,
കഞ്ഞ്യേച്ചമ്മായ്‌ പ്‌ലാവെലക്ക്‌ പോയ്‌
പ്‌ലാവ്‌ നെറച്ചും ചക്ക
ചക്ക കൊയ്യാന്‍ വാളിന്‌ പോയ്‌
വാള്‌ നെറച്ചും ചോര
ചോര കഴുകാന്‍ കൊളത്തില്‍ പോയ്‌
കൊളം നിറച്ചും മീന്‌
മീനെ പിടിക്കാന്‍ വലക്ക്‌ പോയ്‌
വല നിറച്ചും തേരട്ട
തേരട്ടേ കൊല്ലാന്‍ തീയ്ക്ക്‌ പോയ്‌
തീയില്‌ വീണ്‌ മരിച്ചും പോയ്‌")

ആത്മനിന്ദയുടെ ഉമിത്തീയില്‍ നീറിനീറിത്തീരാന്‍ തന്നെയാവണം വിധി. ദ്വാരം വീണു തുടങ്ങിയ പഴയ ഇരുമ്പുചട്ടിയില്‍ ചിരട്ടക്കനല്‍ ഊതിനീറ്റി അതിനുമുന്നില്‍ തീകായാനിരിക്കും അച്ഛന്‍. മുജ്ജന്മത്തിലാരോ ജീവിച്ചുതീര്‍ത്ത കെടുജന്മത്തിന്റെ ശാപവും പേറി ചുരുണ്ടു കിടക്കുന്ന തേരട്ടകളെ ഓരോന്നായി അച്ഛന്‍ ഈര്‍ക്കിലിയില്‍ കുത്തിയെടുത്ത്‌ കനലിലേക്കിടും. തീയില്‍ വെന്തു മലര്‍ന്ന്‌ പുളയുന്ന പുഴുജന്മങ്ങളെ നോക്കിയിരിക്കേ അച്ഛന്റെ ചുവന്ന കണ്ണുകളില്‍ പിന്നെയും കനല്‍ ചുവക്കും. വീശിയടിക്കുന്ന തണുത്ത കാറ്റിനപ്പോള്‍ കനലില്‍ പൊരിയുന്ന തേരട്ടകളുടെ മണം. ബീഡിക്കറ പിടിച്ചു കറുത്ത ചുണ്ടുകള്‍ കോട്ടി, വലിയ നാസാദ്വാരങ്ങള്‍ വിടര്‍ത്തി ആ കാറ്റിനെ മുഴുവന്‍ ആവാഹിച്ചെടുക്കും അച്ഛന്‍... അടുക്കളപ്പടിയില്‍ കുനിഞ്ഞിരുന്ന്‌ പുറത്തെ മഴയിലേക്ക്‌ ഛര്‍ദിച്ചു തളര്‍ന്ന്‌ എത്ര നാളുകള്‍... എന്നിട്ട്‌ ആ അച്ഛന്‍... ആ അച്ഛനാണ്‌ തന്നെ...

അഴിഞ്ഞുപോകുന്ന മുണ്ട്‌ ഒരു കൈയില്‍ വാരിപ്പിടിച്ച്‌, വാതില്‍പ്പടിയില്‍ സ്വയം താങ്ങി തന്നെത്തന്നെ നോക്കിക്കൊണ്ടു നില്‍ക്കുന്ന അച്ഛന്റെ രൂപം കല്ലില്‍ കൊത്തിവെച്ചപോലെ... മരണത്തിനു തൊട്ടുമുമ്പുള്ള അവസാനക്കാഴ്ചയായി, ലഹരിയുടെ പുക മൂടിയ കണ്ണുകളില്‍, പത്തി വിടര്‍ത്തിയെഴുന്നേറ്റ്‌ വിറയ്ക്കുന്ന കരിനാഗത്തിന്റെ നിഴലിളക്കം..., നാഭിയും നെഞ്ചും രണ്ടായിപ്പിളരുന്ന വേദനയില്‍ മറിഞ്ഞു മറിഞ്ഞു പോകുന്ന കണ്ണുകള്‍ക്കു മുന്നില്‍, പുനര്‍ജനിയുടെ പൊരുളറിയുന്ന പെരും കരിഞ്ഛേരട്ടകളെപ്പോലെ ബീഡിക്കറ പിടിച്ച്‌ കറുത്ത ചുണ്ടുകള്‍... മുറ്റത്ത്‌ ഇടിഞ്ഞു വീണ തുളസിത്തറയ്ക്കു മുകളിലേക്ക്‌ ഊക്കനൊരു കൊള്ളിയാന്‍ മിന്നി.

ബോധമണ്ഡലം നെടുകെ പിളര്‍ന്ന്‌ വെള്ളിടി വെട്ടി. മരവിച്ചുപോയ ചേതനയെ മൂടിയ നടുക്കത്തിന്റെ പുകമഞ്ഞ്‌ നീങ്ങിപ്പോകെ ചുറ്റിലും പേടിപ്പെടുത്തുന്ന തണുത്ത നിശ്ശബ്ദത മാത്രം. ഇരുള്‍ കനത്ത കുഴിമാടംപോലെ പൊതിഞ്ഞിരുന്ന ശൂന്യതയുടെ ഗര്‍ഭപാത്രം വികസിച്ചു. അടിവയറിന്റെ സ്നിഗ്‌ധതയിലെവിടെയോ ഉറക്കം ഞെട്ടിയ ഒരു കുരുന്നുജീവന്‍ നിസ്സഹായയായി കൈകാലുകളനക്കി. കാണെക്കാണെ, കണ്ണാടിയില്‍ പൂര്‍ണനഗ്‌നയായി മരിച്ചുനില്‍ക്കുന്ന സ്ത്രീരൂപം ചെറുതാവാന്‍ തുടങ്ങുന്നു. ചെറുതായിച്ചെറുതായി ഒടുവില്‍ അറ്റുപോന്ന പൊക്കിള്‍ക്കൊടിയുമായി, ചോരവഴുക്കുന്ന ഒരു കുഞ്ഞ്‌ കണ്ണാടിയില്‍ അനക്കമറ്റു കിടന്നു. പിന്നെ പീലികുരുക്കാത്ത കണ്ണുകള്‍ ഇറുകെ ചിമ്മി, ചുവപ്പ്‌ തിണര്‍ക്കുന്ന കൈകള്‍ ചുരുട്ടിക്കുടഞ്ഞ്‌ അത്‌ ഉറക്കെ കരയാന്‍ തുടങ്ങി....

മതിഭ്രമത്തിന്റെ മായക്കാഴ്ചകളില്‍ കൊരുത്ത്‌, നുരയൊലിപ്പിച്ച്‌ കുതിക്കുന്ന ഭ്രാന്തന്‍ കുതിരയെപ്പോലെ ഓര്‍മകള്‍..., ഇതെന്നെ എവിടേക്കാണ്‌ കൊണ്ടുപോവുന്നത്‌? മാറിയുടുക്കാനെടുത്ത വസ്ത്രങ്ങളുമായി കണ്ണാടിക്കു മുന്നില്‍ ഈ നില്‍പു തുടങ്ങിയിട്ട്‌ ഇതെത്ര നേരം? വയ്യ, ഏകാന്തതയുടെ ഈ ചതുപ്പില്‍ ഇനിയും ഒറ്റയ്ക്കാവാന്‍ വയ്യ. ധൃതിയില്‍ വസ്ത്രങ്ങള്‍ ധരിച്ചു. അലമാരയില്‍നിന്നും പാതിയൊഴിഞ്ഞ ജിന്‍ബോട്ടില്‍ എടുത്തു തുറന്നു. ചെറുനാരങ്ങ നീരിന്റെ ചവര്‍പ്പു കൂട്ടി ഒരല്‍പം. ഇല്ലെങ്കില്‍ കഴിഞ്ഞരാത്രിയുടെ ഹാങ്ങോവര്‍ മാറിക്കിട്ടില്ല. കട്ടിലില്‍ അലക്ഷ്യമായെറിഞ്ഞ കടുംപച്ച നിറമുള്ള വൂളന്‍ സ്വെറ്ററെടുത്തു കൈത്തണ്ടയിലിട്ട്‌ വാതില്‍ പൂട്ടി വരാന്തയിലേക്കിറങ്ങി.

വെളിയില്‍ ചൂളം കുത്തുന്ന ശീതക്കാറ്റ്‌ നിലച്ചിരിക്കുന്നു. പുകമഞ്ഞിന്റെ കട്ടിത്തിരശ്ശീലകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന നേര്‍ത്ത വെയില്‍നാളങ്ങള്‍. നീലമലകളുടെ അവസാനത്തെ മടക്കില്‍, ചെറിയ ക്രിസ്ത്യ‍ന്‍പള്ളി കഴിഞ്ഞുള്ള കയറ്റം അവസാനിക്കുന്നത്‌ "ലെയ്ക്ക്‌വ്യൂ ഹൗസി"ന്റെ ചെറിമരങ്ങള്‍ നിറഞ്ഞ മുറ്റത്താണ്‌. ഇവിടെ ഇതിന്റെ രണ്ടാംനിലയിലെ മരയഴികള്‍ പിടിപ്പിച്ച ഈ വരാന്തയില്‍ നിന്നു നോക്കിയാല്‍ അങ്ങു താഴെ വക്കുകളുടഞ്ഞ ഒരു വലിയ കണ്ണാടിപോലെ തടാകം കാണാം. തടാകം ചുറ്റി മുകളിലേക്കു വരുന്ന റോഡിന്റെ വശങ്ങളില്‍ അലക്ഷ്യമായി മേഞ്ഞുനടക്കുന്ന ചടച്ച കുതിരകള്‍. പാര്‍ക്കില്‍ ഒരു നല്ല വൈകുന്നേരത്തിന്റെ ആള്‍ത്തിരക്കേയില്ല. ചെമന്ന ഇഷ്ടികകള്‍ പാകിയ നടപ്പാതയ്ക്കപ്പുറം, തടാകത്തിലേക്കിറങ്ങുന്ന കല്‍പ്പടവുകള്‍ക്കു കീഴെ, കടുംനിറങ്ങളണിഞ്ഞ ഫൈബര്‍ ബോട്ടുകള്‍ യാത്രക്കാരെ കാത്ത്‌ അലസം കിടന്നു. ഉവ്വ്‌, സീസണ്‍ കഴിയാറായിരിക്കുന്നു. ഗോതമ്പുനിറമുള്ള പൂവുകള്‍ പൂക്കുന്ന മേടുകളില്‍ മടുപ്പിന്റെ ചാരനിറം പടരുന്നത്‌ ഇന്നലെയേ ശ്രദ്ധിച്ചിരുന്നു. കുതിരവണ്ടികളുടെ കടകടശബ്ദത്തിനും മീതേ കലപില കൂട്ടി നടന്നിരുന്ന സഞ്ചാരിക്കൂട്ടങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. കുതിരച്ചാണകത്തിന്റേയും നനഞ്ഞ വൈക്കോലിന്റെയും സമ്മിശ്രഗന്ധം തങ്ങിനില്‍ക്കുന്ന ഇടുങ്ങിയ തെരുവുകള്‍ വിജനമാവും ഇനി. ഒടുവില്‍ വിളറിനരച്ച ആകാശത്തിനു കീഴെ, വിരസതയുടെ കമ്പിളിപ്പുതപ്പും വലിച്ചിട്ട്‌ നീലക്കുന്നുകള്‍ ഒരു നീണ്ട ഉറക്കത്തിലേക്ക്‌ വഴുതിവീഴും. ഇനിയും വരാനുള്ള മറ്റൊരു പൂക്കാലത്തിലേക്ക്‌ സ്വപ്നത്തിലെ ജനാലകളും തുറന്നുവെച്ച്‌.........

താഴെ പോര്‍ച്ചില്‍ യാത്രക്കൊരുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ എന്തോ തമാശ പറഞ്ഞ്‌ ഉറക്കെച്ചിരിച്ചു. അവരില്‍ മുഖപരിചയം തോന്നുന്ന ഒരുവള്‍ മുകളിലേക്ക്‌ കൈയുയര്‍ത്തി വീശി. പാണ്ഡ്യരാജന്‍ ഏര്‍പ്പാടുചെയ്യുന്ന മിനിബസ്സും കാത്തുനില്‍ക്കയാവണം. അവരുടെ ഇവിടത്തെ ജോലി കഴിഞ്ഞിരിക്കുന്നു. അങ്ങുദൂരെ വലിയ പട്ടണത്തില്‍, നിയോണ്‍ ബള്‍ബുകള്‍ പൂക്കുന്ന സന്ധ്യകളിലേക്ക്‌ ചേക്കേറാം അവര്‍ക്കിനി. കോടമഞ്ഞും മഴയും തെളിഞ്ഞ്‌ വീണ്ടും മേടുകള്‍ പൂക്കാന്‍ തുടങ്ങുന്ന ഋതുപ്പകര്‍ച്ചയില്‍, ചുരം കയറിയെത്തുന്ന സഞ്ചാരികള്‍ക്കൊപ്പം, ദേശാടനപ്പറവകള്‍പോലെ അവരിനിയും വരും. കാലഗണനയും ദിശാബോധവും തെറ്റി, കൂട്ടംവിട്ടൊയ്ക്കായ ഒരു പക്ഷിയായി, താന്‍മാത്രം ഇവിടെയിങ്ങനെ തനിച്ച്‌... പിറകില്‍ പാദസരം കിലുങ്ങി. നനഞ്ഞ കിളിക്കുഞ്ഞിന്റെ കരച്ചില്‍പോലെ നേര്‍ത്ത ശബ്ദത്തില്‍ ആരോ വിളിക്കുന്നു. "ചേച്ചീ"

ചെറിയ വട്ടമുഖത്തില്‍നിന്ന്‌ ഇപ്പോള്‍ താഴെ വീഴും എന്നു തോന്നിക്കുന്ന വലിയ കണ്ണുകളാണ്‌ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌. നന്നേ മെലിഞ്ഞ്‌ ഉയരംകൂടിയ ഒരു പെണ്‍കുട്ടി. കൗതുകം തോന്നിക്കുംവിധം ചെമ്പിച്ച നീണ്ടമുടി ഹാഫ്‌സാരിക്കു മുകളിലൂടെ മുന്നിലേക്ക്‌ മെടഞ്ഞിട്ടിരിക്കുന്നു. അവള്‍ കൈയിലെ വൃത്തിയായി മടക്കിയ ചെറിയ രോമപ്പുതപ്പ്‌ നീട്ടി.

"ഞാന്‍... ദ്‌ തരാനാ...."

കണ്ണുകളിലെ ചോദ്യഭാവം വായിച്ചിട്ടെന്നോണം അവള്‍ പിന്നെയും പറഞ്ഞു.

"ന്നലെ രാത്രി നിയ്ക്ക്‌ പൊതച്ചു തന്നതാ..."

പ്രാണനില്‍ കൊളുത്തിയ തേങ്ങലിന്റെ ആര്‍ദ്രമായ ഒരോര്‍മയുടെ നീറ്റലില്‍ അറിയാതെ അവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു.

"എന്തിനേ ന്നലെ കരഞ്ഞേ?"

പെട്ടെന്ന്‌ നിറഞ്ഞുപോയ വലിയ കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി, വിതുമ്പാന്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ കൂട്ടിക്കടിച്ച്‌, അവള്‍ തലകുലുക്കുക മാത്രം ചെയ്തു. പിന്നെ പതുക്കെ കൈകള്‍ വലിച്ചെടുത്ത്‌, പുറങ്കൈകൊണ്ട്‌ കണ്ണു തുടച്ച്‌ വെറുതെ എന്ന്‌ കണ്ണീരിലൂടെ ചിരിച്ചു. മഞ്ഞ്‌ പൂക്കുന്ന നാരക മരത്തിന്റെ ഇലകളില്‍, കാറ്റ്‌ വീണ്ടും സങ്കടം നിറഞ്ഞ്‌ തണുത്ത ഒരു നിശ്വാസമായി.

"ചേച്ചി പൂവാന്‍ നില്‍ക്ക്വാ?"

"എവിട്യ്ക്ക്‌?"

"ബേങ്ക്‌ളൂര്‍ക്ക്‌, വിജയമ്മ്വൊക്കെ നേര്‍ത്തെ പോയില്ലോ"

"എനിയ്ക്കെവ്‌ടേം പോവാനില്ല കുട്ടീ"

...തലയ്ക്കല്‍ കൊളുത്തി വെച്ച നിലവിളക്കില്ല. ചന്ദനത്തിരികളെരിയുന്നില്ല. ഒന്നു കരയാന്‍പോലും ആരുമില്ലാതെ പഴമ്പായില്‍ പൊതിഞ്ഞ ശവം ഉമ്മറത്തെ സിമന്റു തിണ്ണയില്‍ ഒരുപാടു നേരം അനാഥമായി കിടന്നു. ഒടുവില്‍ ആരൊക്കെയോ ചേര്‍ന്ന്‌ തെക്കേപ്പറമ്പില്‍ കുഴി വെട്ടി. റെയില്‍പ്പാളത്തില്‍ തീവണ്ടിയിടിച്ച്‌ ചത്ത പയ്യിനെ കുഴിച്ചിട്ട അതേ നിസ്സംഗതയോടെ അവര്‍ അച്ഛനെ മണ്ണിട്ടു മൂടി. എന്നിട്ട്‌ എല്ലാം കഴിഞ്ഞ്‌, കൂട്ടിന്‌ ഒരു വിളക്കുപോലും കൊളുത്തിവെയ്ക്കാതെ ഓരോരുത്തരായി പടിയിറങ്ങിപ്പോയി. മരണത്തിന്റെ അഴുകിയ ഗന്ധവും പേറി പെരുകുന്ന ഇരുട്ടില്‍ താനൊറ്റയ്ക്കാണെന്ന തോന്നല്‍ അസ്ഥികളില്‍ ഒരു മരവിപ്പായി പടര്‍ന്നു. ഇരുള്‍ മെഴുകിയ പ്രതിമപോലെ ഒരുപാടു നേരം അതേ ഇരുപ്പിരുന്നിരിക്കണം. പുറത്ത്‌ വിറങ്ങലിച്ചു കിടന്ന രാത്രിയുടെ നെഞ്ചില്‍, ചാറ്റല്‍ മഴ ഊര്‍ദ്ധ്വശ്വാസമായി കുറുകി. ഒടുവില്‍ മഴപെയ്‌തൊഴിഞ്ഞ്‌, കാര്‍മേഘങ്ങള്‍ നീങ്ങി, തെളിഞ്ഞു വരുന്ന പുലരിയുടെ ശാന്തിയിലേക്ക്‌ വാതില്‍ തുറന്ന്‌ ഇറങ്ങി നടന്നു. ചെളി വഴുക്കുന്ന മുറ്റം കടന്ന്‌, നീര്‍ച്ചാലൊഴുകുന്ന ഇടവഴി പിന്നിട്ട്‌, റെയില്‍പ്പാത മുറിച്ചു കടന്ന്‌, പാടവും പുഴയും കടന്ന്‌...

സമതലങ്ങളില്‍ ആസുരമായ തൃഷ്ണയുടെ ഉച്ചസൂര്യന്‍ തിളച്ചു. ഉഷ്ണഗന്ധം സ്ഖലിക്കുന്ന രാവുകളില്‍, പൊട്ടിയൊലിക്കുന്ന വിയര്‍പ്പിന്റെ ഉപ്പുചൂരില്‍ കുതിര്‍ന്ന വിരികളില്‍, രതിമൂര്‍ഛയറിഞ്ഞ ഉടലുകള്‍ ഇണപിരിഞ്ഞു. ഉടയാടകളഴിച്ചു വിരിഞ്ഞു കിടക്കുന്ന നഗരങ്ങള്‍... കാമം ചുട്ടുപൊള്ളുന്ന കിതപ്പുകളുടെ താളം ഉന്‍‌മത്തമായ ശരീരത്തിന്‍‌റ്റെ ദ്രുതചലനങ്ങളില്‍ തൊടുത്ത്‌, അശാന്തമായ ആസക്തിയുടെ ഊഷരഭൂമികളിലൂടെ ചുടുമണല്‍ക്കാറ്റുയര്‍ത്തി കടന്നുപോയ അശ്വമേധം... അവസാനം ഇഴഞ്ഞു തളര്‍ന്ന്‌, കരിമ്പുക തുപ്പി മല കയറിയെത്തിയ വണ്ടിയില്‍, വെളുത്ത മഞ്ഞുകൂരയ്ക്കു കീഴില്‍ കുളിര്‍ന്നു വിറച്ച്‌ നിന്നിരുന്ന സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും നിനക്കുമിടയില്‍ പിന്നിട്ടുപോന്ന ഈ കാലങ്ങളത്രയും അവിടെ ഘനീഭവിച്ചു നില്‍പ്പുണ്ടായിരുന്നിരിക്കണം.

"ചേച്ചി എന്താ ഓര്‍ക്കുന്നേ?"

"ഒന്നൂല്ല, ഞാനൊന്ന്‌ പുറത്തേക്കിറങ്ങാന്‍ തുടങ്ങ്വായിരുന്നു"

"ഞാങ്കൂടെ വരട്ടെ... വെറ്‌തെ സ്ഥലോക്കെ ഒന്നു കാണാന്‍..."

"ന്താ മോള്‍ടെ പേര്‌?"

"വേണി

പുതപ്പ്‌ വേണ്യന്നെ പൊതച്ചോളൂ, ഇത്തിരി കഴിഞ്ഞാ തണുപ്പ്‌ സഹിയ്ക്കില്ല"

വരാന്തയുടെ അറ്റത്തെ പടികള്‍ പാതിയിറങ്ങി ഇനിയും വയ്യാത്തതുപോലെ വേണി നിന്നു. കൂമ്പാള പോലെ വിളറിയ കവിളുകളില്‍ വേദനയുടെ ചുവപ്പുരാശി പടരുന്നു. ഒരാശ്രയത്തിനെന്നോണം മെലിഞ്ഞ വിരലുകള്‍കൊണ്ട്‌ അവള്‍ ഗോവണിയുടെ കൈവരിയില്‍ മുറുകെ പിടിച്ചു.

"ന്താ കുട്ടീ, ഇറങ്ങാന്‍ വയ്യേ?"

"ഞാന്‍... എനിയ്ക്ക്‌...."

പറയാന്‍ വന്നത്‌ ഗദ്ഗദം ഇടറിയ തൊണ്ടയില്‍ കുരുങ്ങി മുറിഞ്ഞു.

നീറിക്കത്തിയിരുന്ന തീനാളങ്ങള്‍ അണയാന്‍ തുടങ്ങിയ നേരത്ത്‌, ഗിറ്റാര്‍ വായിച്ചു കൊണ്ടിരുന്ന, തോളറ്റം മുടിവളര്‍ത്തിയ ചെറുപ്പക്കാരന്റെ മടിയില്‍ തല വെച്ച്‌ ചുരുണ്ട്‌ കിടന്ന്‌, പെരുമഴയത്ത്‌ ആരോ വഴിവക്കിലുപേക്ഷിച്ചു പോയ പൂച്ചക്കുഞ്ഞിനെപ്പോലെ വിറച്ചിരുന്ന മെലിഞ്ഞ പെണ്‍കുട്ടി. പൊടുന്നനെ നെഞ്ചിനുള്ളില്‍ ഉറല്‍ പാറി വീണ്‌ ഒരോര്‍മ പൊള്ളി.

"ന്നലെ രാത്രി ആദ്യായിട്ടാ മോള്‌...?"

ഉള്ളുലച്ചു വന്ന കരച്ചില്‍, പക്ഷേ അവളുടെ കണ്‍കോണുകളില്‍ ഉരുണ്ടുകൂടിയ നീര്‍ത്തുള്ളികളായൊടുങ്ങി.

"നടക്കാന്‍ വയ്യാന്ന്ണ്ടെങ്കീ നമുക്ക്‌ മുറീല്‍ക്ക്‌ പോകാം"

"വേണ്ട ചേച്ചീ, പത്ക്കെ നടക്കാം"

ചുമലിലൂടെ കൈയിട്ട്‌ ഒരു കൊച്ചുകുട്ടിയെപ്പോലെ അവളെ ചേര്‍ത്തു പിടിച്ച്‌ മെല്ലെ പടികളിറങ്ങി. ഉതിര്‍ന്നു വീണ മഞ്ഞുമണികള്‍ കായ്ച്ചു നില്‍ക്കുന്ന ചെറിമരങ്ങള്‍ക്കിടയിലൂടെ, വെളുത്ത ചായം തേച്ച ഗെയിറ്റ്‌ കടന്ന്‌ പതുക്കെ ഇറക്കമിറങ്ങി പള്ളിക്കടുത്തെത്തുവോളം വേണി പിന്നെയൊന്നും പറഞ്ഞില്ല. റോഡ്‌ മുറിച്ചു കടന്ന്‌ മുക്കുറ്റിപ്പൂവിന്റെ പരവതാനി നിവര്‍ത്തിയിട്ടപോലെ നിറയെ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ ചെരിവില്‍, താഴെ തടാകക്കരയിലേക്കിറങ്ങിപ്പോവുന്ന പടവുകളിലെത്തുമ്പോഴേക്കും അവള്‍ നന്നേ തളര്‍ന്നിരുന്നു.

"നമുക്കിത്തിരി ഇവിടെ ഇരുന്നാലോ കുട്ടീ"

മൗനമുറഞ്ഞ്‌ കട്ടിയായത്‌ പോലെ മുന്നില്‍ തടാകം. ആകാശത്തിലെമ്പാടും ഉണങ്ങിയ പഞ്ഞിക്കായകള്‍ പൊട്ടിച്ചിതറി. മിനുത്ത പഞ്ഞുത്തുണ്ടുകളായി പാറി നടക്കുന്ന മഞ്ഞ്‌ ഒന്നുകൂടി ഒരു വെളുത്ത മേല്‍ക്കട്ടിയായി തടാകത്തിനു മുകളില്‍ തൂങ്ങിക്കിടന്നു. നോക്കിയിരിക്കെ, എങ്ങുനിന്നില്ലാതെ വീശിയ തണുത്ത കാറ്റ്‌ പഞ്ഞിത്തുണ്ടുകളെ മുഴുവന്‍ അടിച്ചു പറത്തിക്കൊണ്ടുപോയി. ഒരു പടവ്‌ താഴെയിരുന്ന്‌, മടിയിലേക്ക്‌ തല ചായ്ച്ച്‌ കിടന്നിരുന്ന വേണി തണുപ്പിന്റെ ഒരു പാളിയടര്‍ന്ന്‌ ദേഹത്ത്‌ വീണാലെന്നോണം വിറച്ചു.

"തണുപ്പടിയ്ക്ക്‌ണുണ്ടല്ലേ?"

"കൊറേശ്ശെ"

"വേണി വിജയത്തിന്റെ കൂടെയാ വന്നേ?"

"ഉം..."

"വിജയത്തിന്റെ ആരാ?"

"ആര്വല്ല. ആസ്പത്രീന്ന്‌ പരിചയപ്പെട്ടതാ... അമ്മടെ കൂടെ നിക്കുമ്പോ"

"അമ്മ...?"

"മരിച്ചു പോയി... അപ്പഴ്‌ വിജയമ്മ മാത്രേ ഉണ്ടായിര്‍ന്നുള്ളു ഒരു സഹായത്തിന്‌. ശവടക്കാനുള്ള ചെലവൊക്കെ അവരാ കൊടുത്തെ. പിന്നെ അവര്‌ പോന്നപ്പൊ എന്നേം കൂടെ കൂട്ടി".

"ഇതിനാ വരുന്നേന്ന്‌ പറഞ്ഞിരു‍ന്നോ ആദ്യം?"

"ഞങ്ങള്‌ കൊറച്ചീസം അവര്‌ടെ പാലക്കാട്ള്ള വീട്ടി നിന്നിരുന്നു. അപ്പളാ ഒക്കെ പറഞ്ഞെ. ഇഷ്‌ടൊണ്ടെങ്കീ മാത്രം പോന്നാ മതി അല്ലേല്‌ നാട്ടിലേക്ക്‌ പോകാനുള്ള ഏര്‍പ്പാടൊക്കെ ചെയ്‌തു തരാം എന്നു പറഞ്ഞു. എനിക്കവിടെ വേറെ ആരൂല്ല, അതോണ്ട്‌ ഞാനും കൂടെ പോന്നു."

"പിന്നെന്തേ ബേങ്ക്‌ളൂര്‍ക്ക്‌ കൊണ്ടു പോകാഞ്ഞെ?"

"അവര്‌ അട്ത്താഴ്ച വരും. അത്‌ വരെ ഇവ്‌ടെത്തന്നെ നിന്നോളാന്‍ പറഞ്ഞു"

കോട വീഴാന്‍ തുടങ്ങിയാല്‍ മലമടക്കുകളില്‍ സന്ധ്യ മയങ്ങുന്നതും രാത്രി പരക്കുന്നതും ഒട്ടും നിനച്ചിരിക്കാത്ത നേരത്താവും. വെറുതെയിങ്ങനെ നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന്‌ താഴ്‌വരയില്‍ നിന്നും ഇരുട്ട്‌ കയറി വന്ന്‌ ആകാശവും തടാകവും അതിലെ ബോട്ടുകളും മരങ്ങളും ഒക്കെ മുങ്ങിപ്പോവും. തടാകത്തിനു ചുറ്റും ചില്ലു കൂടുകളില്‍ വര്‍ണവിളക്കുകള്‍ തെളിഞ്ഞു. ഇരുണ്ടു കറുക്കാന്‍ തുടങ്ങിയ ജലപ്പരപ്പില്‍ ചുവപ്പും നീലയും പച്ചയുമൊക്കെ ഇടകലര്‍ന്ന്‌ വെളിച്ചത്തിന്റെ പൊട്ടുകള്‍ നീന്തിക്കളിച്ചു. അലോസരപ്പെടുത്തുന്ന ഒരു തണുത്ത തലോടലായി നനഞ്ഞ കാറ്റ്‌ വീശിക്കൊണ്ടിരുന്നു.

"ഇന്നലെ രാത്രി എന്തിനേ കുട്ടി അവിടെ വന്നേ? അതും ആദ്യായിട്ട്‌..."

"ങ്ങനെ ആളും ബഹളോക്കെണ്ടാവൂന്ന്‌ പാണ്ഡ്യന്‍ പറഞ്ഞിര്‍ന്നില്ല ചേച്ചി. ഇന്ന്‌ രാവിലെ വന്നപ്പൊ വിജയമ്മ തല്ലാന്‍ ചെന്നു അയാളെ."

എണ്ണമയം തീരെയില്ലാത്ത അവളുടെ മുടിയിഴകളില്‍ തലോടിക്കൊണ്ടിരിക്കെ നെഞ്ചിനുള്ളില്‍ എന്തിനെന്നറിയാതെ ഉള്ളുലഞ്ഞു വരുന്ന ഒരു കരച്ചലിരുന്ന്‌ വിങ്ങുന്നുണ്ടായിരുന്നു.

"നാട്ടിലേക്ക്‌ പൊയ്ക്കൂടായിര്‍ന്നോ മോളെ നിനക്ക്‌..."

തകര്‍ന്നു പോയ ഒരാത്‌മാവിന്റെ ആഴങ്ങളിലെങ്ങോ നിന്ന്‌ ഉയര്‍ന്ന ഒരു നിശ്വാസം തണുത്ത കാറ്റിലലിഞ്ഞു ചേര്‍ന്നു.

"ഓര്‍മ്മ വെച്ചെടം മുതല്‍ നിയ്ക്കാകെ അമ്മ മാത്രെണ്ടായിര്‍ന്നുള്ളൂ... അതൂടെ പോയപ്പോ പിന്നെ... ഞാനൊറ്റയ്ക്ക്‌... ന്റെ യോഗം ഇങ്ങനാവണംന്നായിരിക്കും, അല്ലാണ്ടെ...."

പറയാന്‍ വന്നതിന്റെ തുടര്‍ച്ചയിലേക്ക്‌ സ്വയം നഷ്ടപ്പെട്ട്‌ അവള്‍ എന്തൊക്കെയോ സങ്കടം നിറഞ്ഞ ഓര്‍മകളിലേക്ക്‌ ചുരുങ്ങി ഒന്നും മിണ്ടാതെ കിടന്നു....

വിധി! അല്ലെങ്കില്‍ അമ്മയ്ക്കെങ്ങിനെ അത്‌ ചെയ്യാന്‍ കഴിഞ്ഞു. അമ്മ ആരോടെങ്കിലും ഒന്നു മിണ്ടിയിട്ട്‌ തന്നെ ഒരുപാടു നാളുകളായിരുന്നല്ലോ അപ്പൊഴേയ്ക്കും. കരിയും മാറാലയും പിടിച്ച വീടിന്റെ ഉള്ളറകളില്‍ അങ്ങിനെയൊരു ജന്മം പടുതിരി കത്തിയിരുന്നു എന്നുപോലും ആരുമോര്‍ത്തിരുന്നില്ല... കറുത്ത ആകാശത്തിനും കറുത്ത മഴയ്ക്കും ഭ്രാന്തു പിടിച്ചു. ചോര ചിതറി ചുവന്ന പാവാടയില്‍ പാതി നിലത്തും പാതി കട്ടിലിലുമായി ബോധമറ്റു കിടന്ന മകള്‍ക്കരികില്‍, പ്രാകൃതമായൊരു മൈഥുനത്തിന്റെ തളര്‍ച്ചയില്‍ മയങ്ങിക്കിടക്കുന്ന അച്ഛന്റെ നാഭിയില്‍ വിഷം ചീറ്റി തളര്‍ന്ന്‌ ചുരുണ്ടുകിടന്ന കരിനാഗത്തിനെ, പുല്ലരിയാനെടുത്ത അരിവാളിന്റെ മൂര്‍ച്ച വെച്ച്‌ അരിഞ്ഞെടുത്തു അമ്മ. താളം തെറ്റിയ മനസ്സില്‍ കത്തിയെരിഞ്ഞ പകയുടെ ഊക്കില്‍, കരിഞ്ചേരട്ടകള്‍ വെന്തു കരിഞ്ഞു കിടക്കുന്ന കനല്‍ചട്ടിയിലേക്ക്‌ അതിനെ വലിച്ചെറിഞ്ഞിട്ട്‌, പേ പിടിച്ചലറിപ്പെയ്യുന്ന മഴയിലേക്ക്‌ ഇറങ്ങി നടന്ന്‌ അമ്മ പോയി. ഭ്രാന്താശുപത്രിയിലെ കുറ്റവാളികളുടെ സെല്ലില്‍ ആത്മപീഢയുടെ നരകപര്‍വവും പിന്നിട്ട്‌ കടന്നു പോയിട്ടുണ്ടാവുമോ അമ്മയിപ്പോള്‍? അറിഞ്ഞുകൂടാ... ഒന്നും അറിഞ്ഞുകൂടല്ലോ എനിയ്ക്കിപ്പോള്‍.

മടിയില്‍, പ്രാണനെ പൊതിയുന്ന വാത്സല്യത്തിന്റെ നേരിയ ചൂടില്‍, അസ്വസ്ഥമായ മനസ്സോടെ വേണി തിരിഞ്ഞു കിടന്നു. പൊരുളറിയാത്ത ഏതോ ഒരുള്‍പ്രേരണയാലെന്നപോലെ, അനാദിയായ സ്നേഹത്തിന്റെ വെളുത്ത പാടുകള്‍ വീണ അടിവയറില്‍ അവള്‍ മുഖം ചേര്‍ത്തു. മഞ്ഞു നീങ്ങി തെളിഞ്ഞു വരുന്ന ആകാശച്ചെരിവില്‍, നിഴല്‍രൂപങ്ങളായി ഉയര്‍ന്നു നില്‍ക്കുന്ന നീലമലകളുടെ ഉച്ചി തുടുത്തു. മലകള്‍ക്കു മുകളിലായി അപ്പോള്‍ മെല്ലെ ഉദിച്ചുവരുന്ന നിലാവിന്റെ മുലപ്പാല്‍ ചുരന്നു. പിന്നെ നേര്‍ത്ത ചുണ്ടുകള്‍ തെല്ലു പിളര്‍ത്തി, കൈകള്‍ മാറില്‍ച്ചേര്‍ത്ത്‌ മുറുകെ പുണര്‍ന്ന്‌, ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി അവള്‍ ഉറങ്ങാന്‍ തുടങ്ങി.

19 comments:

ലിഡിയ said...

ഫൈസല്‍ ബ്ലോഗ്ഗ് തുടങ്ങിയില്ലേ? ഒന്നു തുടങ്ങി ഇത് മുഴുവന്‍ അവിടെ സ്വരുക്കൂട്ടി വയ്ക്കൂ..നഷ്ടപെടുത്തരുതാത്ത വണ്ണം അത്ര നല്ലോരു കഥയാണിത്..

എങ്ങനെ പറയണം എന്നെനിക്കറിയില്ല,പക്ഷെ മനസ്സിനെ പിടിച്ചുലച്ച ഒരു കഥ..

ആത്മാര്‍ത്ഥമായ ഒരു അഭിനന്ദനം.

-പാര്‍വതി.

സു | Su said...

ഒരു ബ്ലോഗ് തുടങ്ങി അവിടെ പോസ്റ്റ് ചെയ്യൂ. എന്തിനാ ക്ലബ്ബില്‍ ഇട്ടത്?

:)

asdfasdf asfdasdf said...

പുതുമ തീരെയില്ലെങ്കിലും ഭാഷ നല്ലത്. പാര്‍വ്വതി ചേച്സി പറയുന്നതുപോലെ ഒരു ബ്ലോഗ് തുടങ്ങി പൂശിത്തുടങ്ങൂ.. ആശംസകള്‍.

വല്യമ്മായി said...

നല്ല ഭാഷയും പ്രയോഗങ്ങളും

മനോജ് കുമാർ വട്ടക്കാട്ട് said...

അരവിന്ദന്റെ മൊത്തം ചില്ലറയിലെ 'ഹലോ ഹലോ' യില്‍ നിന്നും ഫൈസലിന്റെ 'നിങ്ങളില്‍ പാപം ചെയ്തവര്‍ക്കാ'യില്‍ എത്തിനില്‍ക്കുമ്പോള്‍ 'കൂടുതല്‍ ചിരിച്ചാല്‍ കൂടുതല്‍ ദുഖിക്കേണ്ടി വരും' എന്ന നാട്ടിന്‍പുറത്തെ ഒരു പഴയ ചൊല്ല് സത്യമാകുന്നു.

Sreejith K. said...

ഫൈസലേ, ഈ കഥയും താങ്കളുടെ ബ്ലോഗിലുള്ള ഈ കഥയും ഒന്നല്ലേ

http://physel.blogspot.com/2006/08/blog-post.html

ഞാന്‍ എവിടെ കമന്റിടണം?

സു | Su said...

ശ്രീജിത്തേ, ബ്ലോഗുള്ളത് ഞാന്‍ അറിഞ്ഞില്ല കേട്ടോ. അതാ ഇവിടെ കമന്റ് വെച്ചത്.

എത്രയോ തവണ എല്ലാവരോടും പറഞ്ഞിട്ടുണ്ട് ശ്രീജിത്ത്. ബ്ലോഗിലെ പോസ്റ്റിന്റെ പരസ്യം ഇവിടെ വെക്കരുതെന്ന്.

Physel said...

നിര്‍ദ്ദേശങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ഹ്ര്‌ദയം നിറഞ്ഞ നന്ദി....

നടുമുറ്റം എന്ന പേരില്‍ ഒരു ബ്ലോഗ് തുടങിയിട്ടുണ്ട്. ഈ കഥ അവിടെയും പോസ്റ്റ് ചെയ്തിട്ടുന്ട്.

http://physel.blogspot.com/

ഒരിക്കല്‍ കൂടെ നന്ദി...എല്ലാവര്‍ക്കും

Rasheed Chalil said...

ഫൈസല്‍ നന്നായി. നല്ലഭാഷ, നല്ലശൈലി, മനോഹരമായ ആഖ്യാനം.

കൂടുതല്‍ പ്രതീക്ഷിക്കുന്നു.

vimathan said...

ഫൈസല്‍, ക്ഷമിക്കണം. തീരേ പുതുമയില്ലാത്ത പ്രമേയം. 80-കളിലെ കോളെജ് മാഗസിനുകളില്‍ കണ്ടിരുന്ന ഭാഷ.

അലിഫ് /alif said...

നല്ല കഥയായി..ഇതറിഞ്ഞിരുന്നേല്‍ ഞാനെന്റെ “മരണാനന്തര ജീവിതം” കൂടി ക്ലബ്ബീലിട്ട് പത്താളെ കൂട്ടാമായിരുന്നു..എന്നാലും
ആദ്യത്തെ വാചകം മാറ്റിപ്പറയുന്നു..
കഥ നല്ലതായി..‍

അഞ്ചല്‍ക്കാരന്‍ said...

“ഈ കഥ മാതൃഭൂമിയുടെ പ്രവാസ സാഹിത്യം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതാണ്‌. ഒരുതുടക്കമെന്നനിലയില്‍ ഇതു പോസ്റ്റു ചെയ്യുന്നു. എല്ലാ ബ്ലോഗ്‌ ലവ്വേഴ്സില്‍ നിന്നും ആത്മാര്‍ഥമായ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു”.

പ്രിയ സുഹൃത്തേ,
മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചവ ഈ ചെറുസംരഭത്തില്‍ കൊണ്ടു വന്ന് റീ പോസ്റ്റിയിട്ട് അഭിപ്രായം ചോദിക്കുന്നത് എല്ലാവരും അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഉള്ള സ്ഥിതിയൊന്ന് ആലോചിച്ച് നോക്കൂ...അതും ഇത്ര വലിയ പോസ്റ്റുകള്‍. കഴിയുന്നെതും സ്വതന്ത്രമായവ ഇവിടെ എത്തിക്കൂ..

ഉമേഷ്::Umesh said...

അഞ്ചല്‍ക്കാരനോടു വിയോജിക്കുന്നു. ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ പകര്‍പ്പവകാശപ്രശ്നങ്ങളില്ലെങ്കില്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കണം എന്നാണു് എന്റെ അഭിപ്രായം-മറ്റേതു വായിക്കാന്‍ പറ്റാത്തവര്‍ക്കായി. ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണമാണെങ്കില്‍ ലിങ്കു കൊടുത്താലും മതി.

പക്ഷേ അതു ബൂലോഗക്ലബ്ബില്‍ വേണോ? സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയല്ലേ നല്ലതു്? ക്ലബ്ബിലിട്ടാല്‍ കൂടുതല്‍ ശ്രദ്ധ കിട്ടും എന്നു കരുതിയിട്ടാണോ? നേരേ മറിച്ചാ‍ണു സത്യം.

“മൂന്നു മിനിട്ടില്‍ കൂടുതല്‍ എഴുതാന്‍ എടുക്കാത്ത കാര്യങ്ങള്‍” എന്നു സിബു പറഞ്ഞതാണു ക്ലബ്ബിനു യോജിക്കുക. ഇതൊരു ചവറുകൂനയാണു്. ഏറ്റവും മുകളില്‍ കിടക്കുന്നതു് ആളുകള്‍ കണ്ടിട്ടു് എടുത്തേക്കാം. ബാക്കിയെല്ലാം ചവറു തന്നെ.

സു | Su said...

ഹിഹിഹി. അങ്ങനെ സിബു പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ ബ്ലോഗിലെ പോസ്റ്റൊക്കെ ഇവിടെ പേസ്റ്റ് ചെയ്താലോ. അതൊക്കെ 3 മിനുട്ട് കൊണ്ട് എഴുതിയതാ ;)

പിന്നെ, ഇവിടെ ഒക്കെ ചവര്‍ ആണെന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഇപ്പോ കുറച്ച് കാലമായി അങ്ങനെയാണെന്ന് പറയാം. പക്ഷെ വിശാലനും, ആദിത്യനും, വക്കാരിയും, അരവിന്ദനുമൊക്കെ ക്ലബ്ബില്‍ അടിപൊളി പോസ്റ്റ് ഇട്ടിട്ടുണ്ട്. സാക്ഷി നല്ല ചിത്രം വരച്ചിട്ടിട്ടുണ്ട്. കുമാര്‍ നല്ല ഫോട്ടോകള്‍ വെച്ചിട്ടുണ്ട്. വിശ്വം, വന്ദേമുകുന്ദഹരേ പാടിയത് ഇട്ടിട്ടുണ്ട്. ഇതൊക്കെ ചവര്‍ ആണോ?

അതൊക്കെ മാറി. കാലം മാറുമ്പോള്‍ കോലവും മാറും എന്ന് ക്ലബ്ബ് തുടങ്ങിയ കാലത്ത് ആരും ചിന്തിച്ചില്ല. അതാണ് സത്യം.

Sreejith K. said...

സൂ, കലക്കന്‍ കമന്റ്. പറഞ്ഞതിന് എന്റെ ഫുള്‍ സപ്പോര്‍ട്ട്.

ഉമേഷ്::Umesh said...

ചവറ്റുകൊട്ടയിലെ എല്ലാ സാധനങ്ങളും ഒരു കാലത്തു നല്ലതായിരുന്നു സൂ. ഇപ്പോള്‍ മൂല്യം നഷ്ടപ്പെട്ട, തപ്പിയെടുക്കാന്‍ ബുദ്ധിമുട്ടുള്ള സാധനങ്ങളാണു ചവറ്റുകൊട്ടയില്‍.

“ചവര്‍” എന്നുദ്ദേശിച്ചതു് അവയുടെ നന്മയില്ല്ലായ്മയല്ല, അവയ്ക്കു പില്‍ക്കാലത്തു വരുന്ന അപചയമാണു്.

സു | Su said...

അമ്പടാ, ശ്രീജിത്തേ, ആദ്യം പറഞ്ഞ പാരഗ്രാഫ് നല്ലോണം പിടിച്ചു അല്ലേ? അത് മനസ്സിലിരിക്കട്ടെ. ഈ ചവറ്റുകൂനയില്‍ ശരിയാവില്ലാന്ന് കണ്ടാണ് ഞാന്‍ ഇട്ട മഹത്തരമായ പോസ്റ്റൊക്കെ ഡിലീറ്റ് ചെയ്തത് ;)

ഉമേഷ്‌ജീ,

ചവറ്റുകുട്ടാന്ന് വെച്ചാല്‍ ആവശ്യം ഉള്ള, നന്മയുള്ള വസ്തുക്കള്‍ ഉള്ളത് ആണെന്ന് പറഞ്ഞതിന് നന്ദി. ഞാനൊക്കെ ഒരിക്കല്‍ ചവറ്റുകുട്ടയില്‍ എത്തിയാല്‍ ആശ്വസിക്കാമല്ലോ, വേണ്ടുന്ന വസ്തുക്കള്‍ ആണെന്ന്.
ആരും തെരഞ്ഞെടുത്തില്ലെങ്കിലും.

Anonymous said...

എനിക്ക് തോന്നണെ, ആരും അബൌട്ട് മി ഒന്നും വായിക്കുന്നുണ്ടാവില്ല. ഇവിടെ പോസ്റ്റിട്ടാലെ അതു എല്ലാരും കാണൂ എന്ന് പുതിയതായിട്ട് ബ്ലോഗുന്നവര്‍ വിചാരിക്കുന്നുണ്ടെന്ന് തോന്നുന്നു.
അതും മറ്റു ബ്ലോഗുകള്‍ ഒന്നും അധികം വായിക്കുകയോ അല്ലെങ്കില്‍ ബൂലോഗം എന്താണെന്ന് അറിയാണ്ടോ വരുന്നവര്‍.

അവരാദ്യായിട്ടല്ലെ, ഈ പോസ്റ്റിന്റെയും കമന്‍സ്റ്റിന്റേയും മലവെള്ളപ്പാച്ചിലില്‍ അങ്ങിനെ ഉണ്ടാവാന്‍ വളരെ സാദ്ധ്യതയുണ്ട്. അതോണ്ട് ആദിത്യന്റെ സെറ്റിങ്ങ്സിന്റെ കൂട്ടത്തില്‍ ബൂലോഗ ക്ലബില്‍ നിങ്ങളുടെ പോസ്റ്റുകള്‍ ഇടാതിരിക്കുക എന്നതു ആദ്യത്തെ പോയിന്റ് ആയിട്ട് തന്നെ കൊടുക്കുക നല്ലതായിരിക്കുമെന്ന് തോന്നുന്നു. അല്ലാണ്ട് ഈ നിയമം അറിഞ്ഞിട്ടും അവരതു ലംഘിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ലാ‍ന്ന് ഐ തിങ്ക്....

Physel said...

ഇഞ്ചിപ്പെണ്ണ് പറഞ്ഞതാണ് എന്റെ കാര്യത്തില്‍ സംഭവിച്ചത്.മാത്ര്‌ഭൂമിയിലേ ബ്ലോഗുകളെക്കുറിച്ചുള്ള ലേഖനമാണ് സത്യത്തില്‍ എന്നെ ക്ലബ്ബില്‍ എത്തിച്ചത്. ബ്ലോഗ് മര്യാദകളേക്കുറിച്ച് എനിക്ക് പിടിയുണ്ടായിരുന്നില്ല.ഈ വലിയ പോസ്റ്റ് മറ്റുള്ളവര്‍ക്ക് അസൌകര്യം സ്ര്‌ഷ്ടിച്ചെങ്കില്‍ മാപ്പ്. ഇനി ആവര്‍ത്തിക്കില്ല. എന്റെ പുതിയ കഥ സ്വന്തം ബ്ലോഗിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
link: physel-poilil.blogspot.com

ബ്ലോഗ് വഴിത്താരയിലെ വിളക്കുമാടങ്ങളേ...നിങ്ങള്‍ക്കു നന്ദി....

പിന്‍‌കുറിപ്പ് : ഇഞ്ചിപെണ്ണ് എന്ന് വിളിക്കാന്‍ എന്തോ ഒരു മടി..പുതിയ ഒരു വിളിപ്പേര് തന്നൂടെ ഞങള്‍ക്ക്.ഇതിലും ഇഞ്ചി പക്ഷവും കൊഞ്ചു പക്ഷവും കണ്ടേക്കാം. എങ്കിലും......