Saturday, August 26, 2006

കത്തുകളെ കുറിച്ചു തന്നെ..

കൊച്ച്‌ നാളുളില്‍ വീട്ടില്‍ മിക്കവാറും ദിവസവും പോസ്റ്റ്മാന്‍ കത്തുകളുമായി വരുമായിരുന്നു. കൂടുതലും അഛനുള്ളത്‌. മൂത്തമ്മയും വല്ല്യച്ചനും (അഛന്റെ ചേട്ടനും ചേച്ചിയം മദ്രാസിലായിരുന്നു) കൃത്യമായ ഇടവേളകളില്‍ അഛനെഴുതുമായിരുന്നു. മൂത്തമ്മയുടെ കത്തുകളുടെ തുടക്കം എപ്പോഴും ഇങ്ങിനെയയായിരുന്നു-

"പ്രിയ സഹോദരന്‍ കുമാരനും സതിയും മക്കളും വായിച്ചറിയാന്‍ സഹോദരി നാരായണി എഴുതുന്നത്‌.."

ദീര്‍ഘകാലം തമിഴ്‌നാട്ടിലായിരുന്നതുകൊണ്ടാവും മൂത്തമ്മയുടെ മലയാളം തമിഴ്‌ കൂട്ടിക്കലര്‍ത്തിയായിരുന്നു. കത്തിന്റെ അവസാന ഭാഗത്ത്‌ എന്നെയും സഹോദരിമാരെയും കുറിച്ചുള്ള പതിവ്‌ അന്വെഷണം ഇങ്ങിനെയിരിക്കും-

"മനോജിയും മോളിയും ബേബിയും നന്നായിട്ട്‌ പഠിക്കുന്നുണ്ടല്ലോ"

മനോജ്‌ എന്ന എന്നെ ഇപ്പോഴും മൂത്തമ്മ "മനോജി" എന്നേ വിളിക്കൂ.

ബോംബെയിലുള്ള ഞങ്ങളുടെ മാമന്റെ (അമ്മയുടെ സഹോദരന്‍) കത്തുകള്‍ തുടങ്ങുന്നതിങ്ങനെ -

"സതിയും കുമാരനും മക്കളും വായിക്കുവാന്‍ ജേഷ്ഠന്‍ ദാമു എഴുതുന്നത്‌...."

രാജ്യത്തിനകത്തും പുറത്തുമായി ജീവിക്കുന്ന അഛന്റെ വന്‍ കുടുംബത്തിലെ അംഗങ്ങള്‍ പലരും എഴുത്ത്‌ തുടങ്ങിയിരുന്നതിങ്ങനെ -

"ബഹുമാനപ്പെട്ട അമ്മാവനും അമ്മായിയും മക്കളും അറിയാന്‍..."

ജോലി തേടി നാടുവിട്ടപ്പോള്‍, അഛനെനിക്കെഴുതിയിരുന്ന കത്തുകളിളുടെ തുടക്കം ഇങ്ങിനെയയായിരുന്നു-

പ്രിയ മകന്‍ മനോജിനു.....

ആ ഇളം നീലനിറത്തിലുള്ള ഇന്‍ലാന്റ്‌ ലെറ്ററിലായിരുന്നു അകലങ്ങളിലായി ചിതറിക്കിടന്നിരുന്ന കുടുംബബന്ദങ്ങള്‍ കോര്‍ത്തിണക്കിയിരുന്നത്‌. പരിഭവങ്ങളും പിണക്കങ്ങളും സുഖാനവെഷണങ്ങളും കൈമാറിയിരുന്നത്‌...

വിദേശത്ത്‌ നിന്നും സ്വദേശത്ത്‌ നിന്നും വരുന്ന പോസ്റ്റല്‍ കവറുകളിലെ സീല്‍ പതിഞ്ഞ സറ്റാമ്പുകള്‍ പറിച്ചെടുത്ത്‌ പഴയ നോട്ട്‌ പുസ്തകതാളുകളില്‍ ഒട്ടിച്ച്‌, ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ മല്‍സരിച്ചു. ഗള്‍ഫില്‍ കുടുംബക്കാരുള്ള കുട്ടികളുടെ കയ്യിലെ പരുന്തിന്റെയും താടിവച്ച ഷെയ്ക്കിന്റെയും ചിത്രങ്ങളുള്ള സറ്റാമ്പുകള്‍ നോക്കി മറ്റുള്ളവര്‍ അസൂയപ്പെട്ടു.

പ്രീ-ഡിഗ്രിക്ക്‌ പഠിക്കുമ്പോഴണു സുഹ്രുത്തുകള്‍ക്ക്‌ എഴുതാന്‍ തുടങ്ങുന്നതും, സ്വന്തം പേരില്‍ കത്തുകള്‍ കിട്ടാന്‍ തുടങ്ങുന്നതും. ( പ്രീ ഡിഗ്രി പുതിയ തലമുറയ്ക്‌ അന്യമാണു. ആവര്‍ക്ക്‌ പ്ലസ്‌-2). 84-86 കാലഘട്ടം. അത്‌ പിന്നീട്‌ കലാലയ ജീവിതം മുഴുവന്‍ കഴിഞ്ഞും കുറച്ചു കാലം കൂടെ നീണ്ടു.

അതിനും മുമ്പേ ഞനൊരു ഹംസമായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയ ലേഖനം കൈമാറാന്‍ ഞാന്‍ നിയോഗപ്പെട്ടു. കക്ഷിക്ക്‌ കൈമാറാന്‍ പോകും മുമ്പേ ഞാനത്‌ പൊട്ടിച്ച്‌ വായിച്ചു. അതായിരുന്നു ഞാന്‍ വായിച്ച ആദ്യ പ്രണയ ലേഖനം.

ഒരു ദയനീയ പരാജയമായിരുന്നു, ആ ഉദ്യമം. കൈമാറ്റം നടന്നില്ല എന്നുമാത്രമല്ല എന്റെ വീട്ടില്‍ അറിയിക്കുമെന്ന് കൂടെ എന്റെ വീട്ടുകാരെ അറിയാമായിരുന്ന ആ ചേച്ചി എന്നെ ഭീഷണിപ്പെടുത്തി. കത്തേല്‍പ്പിച്ച ചേട്ടനോട്‌ കൊടുത്തെന്ന് കള്ളം പറാഞ്ഞ്‌ ഞാനാകത്ത്‌ എന്റെ സ്വകാര്യ ശേഖരത്തിലേക്ക്‌ മാറ്റി.

പിന്നീടങ്ങോട്ട്‌ എത്ര എത്ര കത്തുകള്‍, കൂട്ടുകാര്‍, സംഭവങ്ങള്‍..

കോളേജ്‌ പഠനം മുഴുവനാക്കും മുമ്പേ കുടുംബ ഭാരം വലിക്കാന്‍ ബഹറിനിലേയ്ക്‌ പോയ മുസ്തഫ, അവിടെ നിന്നും എഴുതിയ മണല്‍ക്കാറ്റിന്റെ ചൂരുള്ള കത്തുകള്‍...

ഗള്‍ഫിലെ ഏകാന്തതയില്‍ അവന്‍ രണ്ടാമൂഴവും നാലുകെട്ടും വായിച്ച്‌ എം.ടി യ്ക്‌ സ്ഥിരമായി എഴുതി തുടങ്ങി, ഒടുവില്‍ എംടി അവനു അയക്കാറുള്ള മറുപടികത്തുകള്‍...

കോളേജ്‌ ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന പ്രകാശന്‍ പിന്നീട്‌ ഒരു കടമ തീര്‍ക്കാനെന്നവണ്ണം കുറച്ചു കാലം എഴുതികൊണ്ടിരുന്ന മൂന്ന് നാലുവരിക്കത്തുകള്‍...

ഒരു വിവരവുമില്ലാതെ വയനാടന്‍ കാടുകളിലെങ്ങോ മറഞ്ഞ അവന്റെ വിവരങ്ങള്‍ അന്വേഷിക്കുവാന്‍ എപ്പോഴും എഴുതിയിരുന്ന അവന്റെ കോളെജ്‌ പ്രണയത്തിലെ നായിക..

ഒരു കത്തെഴുതാന്‍ കഴിയുമെന്ന് വിശ്വസിക്കാനാവത്ത ഹരീഷ്‌ വെറുതെ എഴുതിയ കത്തുകള്‍..

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിനോദ്‌ കുമാര്‍ അയച്ച എഴുത്തുകള്‍...

ഒരു ഗുരുനാഥന്‍ എന്നതിലുപരി എന്നും വഴികാട്ടിയും സുഹ്രുത്തുമായിരുന്ന ബാലചന്ദ്രന്‍ മാസ്റ്റര്‍ അയച്ച ദീര്‍ഘമായ കത്തുകള്‍..

ഏന്നും കണ്ടിരുന്ന, ഒരുമിച്ച്‌ പഠിച്ച്‌ കളിച്ച്‌ ഒരിക്കലും കത്തെഴുതേണ്ടിയിരുന്നില്ലാത്ത, വീട്ടിനടുത്ത്‌ തന്നെയുള്ള സുരേഷ്‌, ടി.ടി.സി യ്ക്ക്‌ കോട്ടയത്തേക്ക്‌ പോയപ്പോള്‍ അവിടുത്തെ വിശേഷങ്ങള്‍ എഴുതി, ഒടുവില്‍ എല്ലവരെയും കബളിപ്പിച്ച്‌ ദേവലോകത്തേയ്ക്‌ മടങ്ങിപ്പോയപ്പോള്‍ നീറുന്ന ഒരോര്‍മ്മക്കുറിപ്പായി ബാക്കിയായ എഴുത്തുകള്‍...

നേരം പോക്കിനായിരിക്കും, കുറെക്കാലം വിളിക്കുകയും, എഴുതുകയും ഒടുവില്‍ പിരിയുകയും ചെയ്ത അജ്ഞാതയായ പെണ്‍കുട്ടിയെഴുതിയ കത്തുകള്‍...

ആളറിയിക്കാതെ പ്രണയിനിക്കായെഴുതിയ കത്തുകള്‍, ആളറിഞ്ഞപ്പോള്‍ മറുപടിക്കായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്‌...
വിരഹം..ദുഖം..

കത്തുകളെപ്പറ്റി ഇനിയുമേറെ പറയാനുണ്ട്‌
(അതിലേറെ കേള്‍ക്കാനും കൗതുകം)

8 comments:

വല്യമ്മായി said...

കത്തുകളെഴുതാനും വായിക്കാനും ഇന്നുമിഷമാണ്.പക്ഷെ ആര്‍ക്കെഴുതാന്‍.അവര്‍ വായന മറന്നിരിക്കുന്നു.

Rasheed Chalil said...

ചിട്ടി ആയിഹേ... വത്തന്‍സെ ചിട്ടി ആയിഹേ..
ചിട്ടി ആയിഹേ... വത്തന്‍സെ ചിട്ടി ആയിഹേ..

ഊപ്പറ് മേരാ നാം ലിഖാഹെ.. അന്തര്‍ ഏക്ക് പൈഗാം ലിഖഹെ..

ഹോ പര്‍ദേസ്........

വേറെയെന്ത് പറയാന്‍..

Mubarak Merchant said...

ഇത്തിരിവെട്ടമേ, ഇനിയുമുണ്ട് പറയാന്‍:
पहले जब तू खत लिखता था, कागज मै चेहरा दिखता था...

ഷാജുദീന്‍ said...

മധുസൂദനന്‍ നായരുടെ “അമ്മയുടെ എഴുത്തുകളും”ഓര്‍ക്കാവുന്നതാണ്

സഞ്ചാരി said...

വളരെയധികം കത്തെഴുതുകയും,വായിക്കുകയും ചെയിത വ്യക്തിയാണെ. കത്തെഴുതുന്‍പോഴും അതിനുള്ളമറുപടി വായിക്കുന്‍പോഴുള്ള മനസ്സിന്റെ സുഖം പറഞ്ഞറിയിക്കാന്‍ പറ്റാത്തെരനുഭവം.
കത്തിന്റെ മഹാത്മ്യം കത്തിനുമാത്രം.

Peelikkutty!!!!! said...

ഒരു കത്തു വായിക്കാൻ കുറെ നാളായി കൊതിക്കുന്നു. “കത്തുകളെ കുറിച്ചു തന്നെ..” വായിച്ചപ്പോൾ കൊതി കൂടിയല്ലോ പടിപ്പുരേ?

മനോജ് കുമാർ വട്ടക്കാട്ട് said...

എഴുതുകയും വായിക്കുകയും ചെയ്ത കത്തുകളില്‍ പങ്കു വയ്ക്കാവുന്നത്‌ പകര്‍ത്തൂ. കത്തെഴുത്തിലെ സാഹിത്യം എല്ലാവരും അറിയട്ടെ.....

വളയം said...

പണ്ട് നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടി കൂട്ടുകാരന് കത്തെഴുതുകയും, അവന് മറുപടിയെഴുതാന്‍ അറിയാത്തത് കൊണ്ട് സ്വന്തം കത്തിന് മറുപടിയും അവന്‍ തന്നെ എഴുതിക്കൊടുത്തിരുന്നു.

ഏഴാം ക്ലാസിലെ പെണ്‍കുട്ടിക്ക് ഒന്‍പതിലെ ഒരു പയ്യന്‍ നോട്ടുപുസ്തകത്തില്‍ തിരുകിയയച്ചു അവന്റെ ആദ്യ പ്രേമലേഖനം.

ആരും കത്തയക്കനില്ലാത്ത കാലത്ത് ആര്‍‍ക്കെങ്കിലും ഒരു കത്തയക്കാന്‍ കൊതിച്ചു നടന്നു പിന്നീടവന്‍

പിന്നെ കത്തുകളുടെ ഘോഷയാത്രകള്‍ ........ നെടുവീര്‍പ്പുകള്‍‌ , നിശ്വാസങ്ങള്‍ , സ്വാന്ത്വനങ്ങള്‍ ....