Monday, August 28, 2006

ഒരു ബ്ലോഗ് പോര്‍ട്ടല്‍ , വിക്കി രീതിയില്‍

മലയാളത്തിന്‌ ഒരു ബ്ലോഗ്‌ പോര്‍ട്ടല്‍ കൂടിയേ തീരൂ ഇന്ന്‌ എന്ന്‌ സമര്‍ഥിക്കാന്‍ വളരെ എളുപ്പമാണ്‌. കാരണം വേറൊന്നുമല്ല; 20 മുതല്‍ 90 വരെ പോസ്റ്റുകളാണ്‌ ഒറ്റ ദിവസംകൊണ്ടുണ്ടാവുന്നത്‌. ആരെക്കൊണ്ടാവും ഇതൊക്കെ വായിച്ചു തീര്‍ക്കാന്‍. ഒരു പുതിയ വായനക്കാരനെ ഇവിടേയ്ക്കാനയിക്കുമ്പോള്‍ ബ്ലോഗെന്ന ബ്രഹ്മാണ്ഡത്തിന്റെ വിശ്വരൂപമല്ലാതെ, കാണിച്ചുകൊടുക്കാന്‍ ലളിതമായൊരു മുഖം വേണ്ടേ? രണ്ടോ മൂന്നോ ദിവസംകൂടുമ്പോള്‍ ബ്ലോഗ്‌ വായിക്കാനിരിക്കുന്നവര്‍ എവിടേ നിന്ന്‌ തുടങ്ങും?

പോര്‍ട്ടലുകള്‍ എങ്ങനെയൊക്കെ ആവാം എന്ന്‌ ചര്‍ച്ചകള്‍ പലവുരു കഴിഞ്ഞതാണ്‌. അതില്‍ പൊന്തി വന്ന പല മോഡലുകളുണ്ട്‌: എഡിറ്റര്‍മാരുടെ ഒരു സംഘം സെര്‍വര്‍ വാടകയ്ക്കെടുത്ത്‌ നടത്തുന്ന കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം, റെക്കമെന്റേഷന്‍ സിസ്റ്റം, റേറ്റിംഗ്‌ സിസ്റ്റം, വിക്കി...

ഇതില്‍ തുടങ്ങാന്‍ വേണ്ട മുതല്‍ മുടക്കും അധ്വാനവും ഏറ്റവും കുറഞ്ഞ വിക്കി രീതി തുടങ്ങി വയ്ക്കുകയാണ്‌ ആദിത്യനും ഞാനും ഇവിടെ: http://varamozhi.wikia.com/wiki/Portal:Blogs

ആദ്യം ഉയരുന്ന ചോദ്യത്തിന്‌ മാത്രം ഇപ്പോള്‍ ഉത്തരം പറയാം. ബാക്കിയെല്ലാം ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കാം. ചോദ്യം ഇതായിരിക്കും: ഇതില്‍ എല്ലാവരും വന്ന്‌ അവനവന്റെ കൃതികള്‍ ലിങ്ക്‌ ചെയ്യില്ലേ?

ഇതാണ്‌ ഉദ്ദേശിക്കുന്ന കീഴ്‌വഴക്കം:

1. ഒരു പോസ്റ്റ്‌ ഇവിടെ ചേര്‍ക്കാന്‍ അതാത്‌ സെക്ഷന്റെ discussion പേജില്‍ അത്‌ നിര്‍ദ്ദേശിച്ചിരിക്കണം.

2. എന്‍റോള്‍ ചെയ്തവരുടെ അനുകൂല-പ്രതികൂല കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്‌ ഒരു പോസ്റ്റിനെ സ്വീകരിക്കുകയും തള്ളുകയും ആവാം.

പ്രദീപ്‌ സോമസുന്ദരത്തിനെ ജീവചരിത്രം വിക്കിയിലിടണോ വേണ്ടയോ എന്നുള്ള വിക്കി ചര്‍ച്ച ഓര്‍മ്മയുണ്ടല്ലോ. അതുപോലെ ഒക്കെ തന്നെ.

19 comments:

viswaprabha വിശ്വപ്രഭ said...

സ്വന്തം ബ്ലോഗിന് സ്വയം ഒരു കാറ്റഗറി തിരിക്കാന്‍ അറിയാത്തവര്‍ക്കോ?

ഇരുട്ടുനിറഞ്ഞ, മാറാല തൂങ്ങുന്ന ഒരു ബ്ലോഗുണ്ടെനിക്ക്! അത് ഏതു കാറ്റഗറിയില്‍ പെടും? ആര്‍ക്കെങ്കിലും ഒന്നു സഹായിക്കാമോ?

:(


പിന്നെ ഒരു കാര്യം കൂടി:
ആഗസ്റ്റ് പതിനഞ്ചിനു ബൂലോഗക്ലബ്ബില്‍ തുടങ്ങിവെച്ച ‘യുണികോഡ് വിവാദം: ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന പോസ്റ്റ് അതിന്റെ വിഷയഗൌരവം കണക്കിലെടുത്ത് ബൂലോഗക്ലബ്ബിന്റെ മുകളില്‍ തന്നെ ഒരു ലിങ്കായോ ഭാവിത്തീയതി പോസ്റ്റായോ ഇടണം എന്നുണ്ട്. കുറച്ചുനാളത്തേക്കു മതി. ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടാവുമോ?

(ആ പോസ്റ്റിന്റെ പകര്‍പ്പുകള്‍ http://varamozhi.wikia.com/wiki/20060815 എന്ന വരമൊഴി വിക്കിയയിലും http://unicode.wikia.com/wiki/20060815 എന്ന യുണികോഡ് വിക്കിയയിലും പുതുക്കി സൂക്ഷിക്കുന്നുണ്ട്. കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ എളുപ്പമല്ലാത്തവര്‍ക്കു വേണ്ടി ഒരു PDF പകര്‍പ്പും ഉണ്ടാക്കുന്നു. എങ്കിലും സംവാദം ബൂലോഗക്ലബ്ബിലെ ആ പോസ്റ്റില്‍ തന്നെ, ഒരൊറ്റ സ്ഥലത്ത്, തുടരുന്നതാണ് അഭികാമ്യം)

ഉമേഷ്::Umesh said...

പുതുക്കുന്നതിനായി പേജ് എഡിറ്റ് ചെയ്ത്, ആവശ്യമുള്ള സബ്-റ്റെമ്പ്ലേറ്റ് പേജില്‍ പോയി, അവിടുത്തെ ഡിസ്‌കഷന്‍ പേജില്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക...

ഇതെങ്ങനെയാണെന്നു് ഒന്നു പറഞ്ഞുതരൂ സിബ്വാദിത്യരേ. അതാതു സെക്‍ഷന്റെ ഡിസ്കഷന്‍ പേജില്‍ പോകുന്നതെങ്ങനെ?

ഉമേഷ്::Umesh said...

വിശ്വത്തിനു വേണ്ടി “ദുരൂഹം” എന്നൊരു വിഭാഗം തുടങ്ങിയാലോ? ഒന്നുരണ്ടുപേര്‍ കൂടി കൂട്ടിനുണ്ടാവും... :-)

Adithyan said...

വിശ്വേട്ടാ, ബ്ലോഹ് കാറ്റഗറി നിശ്ചയിക്കണ്ട. ഓരോ പോസ്റ്റ് ചെയ്താല്‍ മതി.

ഉമേഷ്ജീ, ആരും പുതുക്കാതിരിക്കന്‍ വേണ്ടിയാണ് അങ്ങനെ ഒരു പുതുക്കല്‍ രീതി പറഞ്ഞത് ;))

ഇനി പറയാം. മെയിന്‍ പേജില്‍ എഡിറ്റ്. എഡിറ്റ് പേജില്‍ താഴെ എല്ലാ സബ്-റ്റെമ്പ്ലേറ്റ് പേജിലേക്കും ലിങ്കുണ്ട്. അവിടെ പോകുക. ഡിസ്‌കഷന്‍ പേജില്‍ പോകുക. :)

അനംഗാരി said...

ഓഡിയോ ബ്ലോഗുകള്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനം ഉണ്ടോ സിബൂ?.ഞാന്‍ കണ്ടില്ല. കവിതാ പാരായണം സംഗീതത്തില്‍ പെടുത്താമോ?. എങ്ങിനെയാണു ചേര്‍ക്കേണ്ടത് എന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു.

Santhosh said...

വിശ്വം, ചായക്കോപ്പയിലെ കൊടുങ്കാറ്റിനെ സമകാലികത്തിലേയ്ക്കോ മറ്റോ പറിച്ചു നടാന്‍ പറ്റുമെങ്കില്‍ അതല്ലേ നല്ലത്?

Cibu C J (സിബു) said...

കുടിയനും വിശ്വവും പറഞ്ഞതുപോലെ കാറ്റഗറികള്‍ കുറച്ചുകൂടി ജനറലാക്കണം. കാറ്റഗറി വിക്കിയിലേപ്പോലെ അനേകം കാറ്റഗറികള്‍ പോര്‍ട്ടല്‍ പേജിലിടുന്നത്‌ വായന ദുഷ്ക്കരമാക്കും. എന്റെ അഭിപ്രായത്തില്‍ മൊത്തം രചനകളെ, ഫാന്റസി, ലേഖനം, കവിത എന്നിങ്ങനെ തിരിക്കാം. അതില്‍ ഫാന്റസി തന്നെ, ലളിതവായനയ്ക്ക്‌ പറ്റിയതും, ഉമേഷെഴുതിയപോലെ ‘ദുരൂഹവും’(പ്രൌഡം?). അപ്പോള്‍ കാറ്റഗറി നാലായി. സംഗീതം എന്നതിന് പകരം ‘ഓഡിയോ’ എന്നായാല്‍ കുടിയന്റെ ഉദ്യമങ്ങളും ഒരു പ്രശ്നവുമില്ലാതെ ചേര്‍ക്കാം. അതായത്‌ എന്റെ അഭിപ്രായത്തില്‍ വിഭാഗങ്ങള്‍:

ലേഖനം, കവിത, ലളിതഭാവന, പ്രൌഡഭാവന, ഓഡിയോ, ചിത്രങ്ങള്‍ എന്നിവയാവണം... നിര്‍ദ്ദേശങ്ങള്‍ പറയൂ.

Manjithkaini said...

ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി എന്ന ലിങ്കിനുനേരെ കലേഷ് എന്നു കാണുന്നു. ആറന്മുള ശശി എഴുതിയ ലേഖനം കലേഷ് ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിച്ചിരിക്കുകയല്ലേ? അപ്പോള്‍ ആരുടെ പേരു നല്‍കണം? ലേഖനമെഴുതിയ ശശിയുടേതോ പുനഃപ്രസിദ്ധികരിച്ച കലേഷിന്റേതോ?

ദിവാസ്വപ്നം said...

ക്യാറ്റഗറികളുടെ എണ്ണം കുറഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നുന്നു.

പക്ഷേ, മേല്‍ പറഞ്ഞ ക്യാറ്റഗറികള്‍ തീരെ കുറഞ്ഞ് പോയില്ലേ എന്നൊരു സംശയം പോലെ...

പൊതുവായ അര്‍ഥത്തില്‍,

നര്‍മ്മം
ഓര്‍മ്മക്കുറിപ്പ്
ചെറുകഥ
കവിത
വിജ്ഞാനം
മള്‍ട്ടി മീഡിയ (ഫോട്ടോ, ഓഡിയോവിഷ്വല്‍)
രാഷ്ട്രീ‍യം
സിനിമ

ഇങ്ങനെ തരം തിരിക്കപ്പെട്ടാല്‍ തന്നെ ധാരാളം എന്ന് തോന്നുന്നു.

മലയാളം 4 U said...

പ്രിയ സിബു ചേട്ടാ
താങ്കളുടെ ഈ ഉദ്ധ്യമം നല്ലതു തന്നെ. എനിക്കും അവിടെ ചിലത് പോസ്റ്റ് ചെയ്യണം എന്നുണ്ട്. പക്ഷെ എന്റെ ബ്ലോഗിന്റെ സ്വഭാവം “പ്രതികരണങ്ങള്‍ ?” എന്ന വിഭാഗത്തില്‍ പെടുത്താം എന്നു തോന്നുന്നു. കെവിന്‍ & സിജി, കിരണ്‍ തോമസ് തുടങ്ങിയവരും ഇതേ സ്വഭാവത്തില്‍ ഉള്ള ബ്ലോഗ് കൃതികള്‍ പ്രസിദ്ധീകരിക്കാറുണ്ട്.
അതിനാല്‍ “ഓറ്മക്കുറിപ്പുകള്‍, പ്രതികരണങ്ങള്‍” എന്നീ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം എന്ന് എനിക്ക് അഭിപ്രായമുണ്ട്.

ഒരു പരിമിതി എല്ലാ മലയാള ബ്ലോഗറ്ക്കും ഇതില്‍ പങ്കാളിയാകാന്‍ പറ്റില്ല എന്നു തോന്നുന്നു. പ്രത്യേകിച്ചൂം കൃതികളില്‍ കഴമ്പില്ലാ എങ്കില്‍, തന്റേതല്ലാത്ത കൃതി പുനപ്രസിദ്ധീകരിക്കുന്നവറ്ക്ക്. മാത്രമല്ല ഇതിലുള്‍പ്പെടുത്തുന്ന കൃതികളുടെ എണ്ണം കൂടുന്നതനുസരിച്ച് വായനക്കാരുടെയും വായനയുടെയും അളവ് കൂടുകയും കൃതികളെ പറ്റി അഭിപ്രായപ്പെടുന്നവരുടെ എണ്ണം കുറയുകയും ചെയ്യും എന്ന് എനിക്ക് തോന്നുന്നു.

മുസ്തഫ|musthapha said...

നുറുങ്ങുകളും, മറ്റ് തരികിട തട്ടിക്കൂട്ടുകള്‍ക്കയി ഒരു ‘പലചരക്ക്’ കട കൂടെ ആയ്ക്കൂടെ

paarppidam said...

മലയാളം ബ്ലോഗ്ഗിങ്ങിനു നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനത്തിന്‍ അഭിനന്ദനങ്ങള്‍. ഇത്‌ വളരെ നല്ല ഒരു സംരഭം ആണ്‍.പക്ഷെ എങ്ങിനെയാണ്‍ ഈ പോര്‍ട്ടലില്‍ പുതുതായി ഒരാള്‍. അംഗത്വം എടുക്കുക.എന്ന് അറിഞ്ഞാല്‍ കൊള്ളാം. എന്റെ ബ്ലോഗ്ഗില്‍ ആര്‍ക്കിട്ടെക്ച്ചറുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‍ പ്രസിദ്ധീകരിക്കുന്നത്‌.ഇതിനെ ലേഖനങ്ങളുടെ വിഭഗത്തില്‍ ആണോ ഉള്‍പെടുത്തുക.

Physel said...

ബൂലോഗ ക്ലബ്ബില്‍ അംഗമാകാന്‍ എന്താണ് ചെയ്യേണ്ടത്?
എന്റെ ബ്ലോഗ് ഇതില്‍ എങ്ങിനെ ലിസ്റ്റ് ചെയ്യാം?

asdfasdf asfdasdf said...

ഒരു പോര്‍ട്ടല്‍ തുടങ്ങി അഡ്മിന്‍ ചെയ്യാനുള്ള ചങ്കുറപ്പുമുണ്ടെങ്കില്‍ kuttamenon@gmail.com ല്‍ മറുപടി പറയുക. സ്ഥലവും രെജിസ്ട്രേഷനും നമുക്ക് സംഘടിപ്പിക്കാം.

Cibu C J (സിബു) said...

ഇപ്പോഴുള്ള കാറ്റഗറികളുടെ എണ്ണം ഏതാണ്‌ ഓക്കെയാണെന്നാണ്‌ ഇപ്പോഴും എന്റെ തോന്നല്‍. അതായത്‌ 6 എണ്ണം. ഒന്നു രണ്ടെണ്ണം അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും കുഴപ്പമില്ല.

ദിവാ,
നര്‍മ്മവും ഓര്‍മ്മക്കുറിപ്പുകളും വല്ലാതെ ഇടകലര്‍ന്നാണ്‌ ഇന്ന്‌ ബൂലോഗത്തില്‍. ചെറുകഥകളെ ലളിതവും 'ദുരൂഹവും' എന്ന്‌ തരം തിരിക്കേണ്ടതും ഇല്ലേ? ഉദാഹരണത്തിന്‌ മഞ്ഞക്കിളിക്കഥകള്‍ ലളിതം വിഭാഗത്തില്‍ പെടും. പെരിങ്ങോടരുടേത്‌ ദുരൂഹത്തിലും (വേറേ ഒരു പേരും കിട്ടാഞ്ഞിട്ടാണേ, പെരിങ്ങോടരേ. പൊറുക്കണം) രണ്ടിന്റേയും വായനക്കാര്‍ വ്യത്യസ്തരാണ്‌.

ഒരു വിഭാഗത്തില്‍ തന്നെയുള്ള ഇന്ന വിഷയം, ഇന്ന രീതിയിലെഴുതിയത്‌ വായിക്കാറില്ല എന്നൊരു സംഘം വായനക്കാര്‍ പറയുമ്പോഴേ ആ വിഭാഗത്തിനെ രണ്ട്‌ വിഭാഗങ്ങളായി തിരിക്കേണ്ടതുള്ളൂ.

അതുപോലെ ഫോട്ടോയും ഓഡിയോയും നമ്മള്‍ കേള്‍ക്കുന്ന സന്ദര്‍ഭവും രീതിയും വ്യത്യസ്തമായതിനാല്‍ രണ്ടും വേര്‍തിരിക്കണം എന്നും ഞാന്‍ പറയും. ഫോട്ടോ ഓഫീസില്‍ വച്ച്‌ നോക്കാം. 10 സെക്കന്റിന്റെ കാര്യമേ ഉള്ളൂ. പാട്ടിനും കവിതയ്ക്കും 5 മിനിറ്റെങ്കിലും ഉണ്ടാവണം.

സിനിമ വിഭാഗത്തില്‍ ഇന്ന്‌ രചനകള്‍ കുറവായതുകൊണ്ട്‌ ഒരു പ്രത്യേകവിഭാഗം എന്ന സ്റ്റാറ്റസ്‌ ഇപ്പോള്‍ കൊടുക്കേണ്ടതില്ല.

ദിവാസ്വപ്നം പറഞ്ഞത്‌ ഞാനിങ്ങനെ തിരുത്താം:

1. ഓര്‍മ്മക്കുറിപ്പുകള്‍, നര്‍മ്മം (വിശാലന്റെ സ്വപ്നങ്ങള്‍, സൂവിന്റെ പലകൃതികളും ശ്രീജിത്തിന്റെ റിപ്പോര്‍ട്ടുകളും ഇതില്‍ വരും)
2. ലളിതം - നര്‍മ്മമല്ല (പാട്ടിന്റെ വഴികള്‍ മുതല്‍ മഞ്ഞക്കിളി വരെ)
3. ചിന്തോദ്ദീപകം - ലളിതമോ നര്‍മ്മമോ അല്ല. (ചിന്തയിലെ രചനകള്‍, പെരിങ്ങോടര്‍, വിശ്വം എന്നിവരുടെ കൃതികള്‍ ഇവയില്‍ പെടും)
4. കവിതകള്‍, കാവ്യവിവര്‍ത്തനങ്ങള്‍, ശ്ലോകങ്ങള്‍(?)
5. വിജ്ഞാനീയം - ഷിജുവിന്റെ ലേഖനങ്ങള്‍, ദേവന്റെ ആയുരാരോഗ്യം, ഉമേഷിന്റെ ഗണിതം, പിന്നെ, ചരിത്രം, യാത്രാവിവരണം എന്നിവയും ഇതില്‍പ്പെടാം
6. അനാലിസിസ്‌ - രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പഠനവും പ്രതികരണവും ഉള്‍പ്പെടുന്നവ
7. പാട്ട്‌, ആലാപനം, വീഡിയോ
8. ഫോട്ടോകള്‍, പെയ്ന്റിംഗുകള്‍, കാര്‍ട്ടൂണൂകള്‍
9. ബ്ലോഗുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒരു സെക്ഷനിലും അഞ്ചില്‍ കൂടുതല്‍ എന്റ്രികള്‍ വേണ്ടാ എന്നും ഒരു അഭിപ്രായമുണ്ട്‌.

അഗ്രജാ, പലവക എന്നൊരു വിഭാഗം വേണ്ടാ എന്നൊരു തോന്നലാണെനിക്ക്‌. അതിന്‌ ഐഡന്റിറ്റി ഇല്ലാതെ പോകും; എല്ലാവരും എല്ലാം അതിലേയ്ക്ക്‌ ചേര്‍ക്കാന്‍ ശ്രമിക്കും - ഏകദേശം ബൂലോഗക്ലബ്ബ്‌ പോലെ. അങ്ങനെ ഒരു വിഭാഗം ഉണ്ടാവുന്നതിലും നന്ന്‌ ബാക്കിയുള്ള എല്ലാ വിഭാഗങ്ങളും കൂടി എല്ലാ തരം ബ്ലോഗുകളേയും കവര്‍ ചെയ്യുകയല്ലേ?

പാര്‍പ്പിടം, ഇത്‌ വിക്കി രീതിയിലുള്ള പോര്‍ട്ടലാണ്‌. അതായത്‌ എല്ലാവര്‍ക്കും (അതേ, എല്ലാവര്‍ക്കും) ഇത്‌ എഡിറ്റ്‌ ചെയ്യാനാവും. പ്രത്യേക അംഗത്വം വേണ്ട. എഡിറ്റ്‌ ചെയ്യുമ്പോഴുള്ള കീഴ്‌വഴക്കങ്ങളെ പറ്റി പോര്‍ട്ടലിനൊടുവില്‍ എഴുതിയിരിക്കുന്നു. പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യതയുള്ള കൃതികള്‍ നിര്‍ദ്ദേശിക്കൂ. നമുക്ക്‌ അവിടെ ചേര്‍ക്കാം.

കുട്ടന്‍ മേനോന്‍, സധൈര്യം പോര്‍ട്ടല്‍ തുടങ്ങൂ. നേരത്തേ പറഞ്ഞപോലെ, മൂന്നു നാല്‌ പോര്‍ട്ടലെങ്കിലും മലയാളം ബ്ലോഗുകള്‍ക്കുണ്ടാവേണ്ട സമയമായി.

അനംഗാരി said...

ക്ഷമിക്കണം സിബൂ. ഇതില്‍ എങ്ങിനെയാണു ബ്ലോഗ് ചേര്‍ക്കേണ്ടതു എന്നൊന്ന് പറയാമോ?. ബ്ലോഗാണൊ അതൊ ബ്ലോഗിലെ ഏതെങ്കിലും കൃതിയാണൊ ചേര്‍ക്കേണ്ടത്. “വിവരക്കൂടുതല്‍”‍കൊണ്ടാണേ ചോദിക്കുന്നത്.

Cibu C J (സിബു) said...

ബ്ലോഗല്ല പോസ്റ്റാണ് (ഒരു ബ്ലോഗിലെ ഒരു കൃതി) ചേര്‍ക്കേണ്ടത്‌. പോര്‍ട്ടലില്‍ താഴെ, ‘പുതുക്കല്‍’ എന്ന സെക്ഷനില്‍ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്നത്‌ അതാത് സെക്ഷന്റെ ഡിസ്കഷന്‍ പേജാണ്. അതിന്റെ മുകളിലുള്ള edit-ല്‍ ക്ലിക്ക് ചെയ്യണം. അതില്‍ ഉദ്ദേശിക്കുന്ന പോസ്റ്റിന്റെ ലിങ്കും ടൈറ്റിലും കൊടുത്ത്‌ സേവ് ചെയ്യണം.

ഒരു വിക്കിയില്‍ എങ്ങനെയാണ് എഡിറ്റ് ചെയ്യേണ്ടത്‌ എന്ന്‌ വിക്കിപ്പീഡിയയില്‍ ചെന്ന്‌ പഠിച്ചാല്‍ കാര്യങ്ങളെല്ലാം വളരെ എളുപ്പമായി.

ദിവാസ്വപ്നം said...

അങ്ങനെയായാലും ഞാന്‍ ഓക്കേ. ഏതെങ്കിലും ഒരു ലോജിക്കിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ.

നര്‍മ്മത്തിന്റെ കാര്യത്തില്‍ യോജിക്കുന്നു. ‘നര്‍മ്മം’ വളരെ ബ്രോഡാണ്.

പക്ഷേ, ഒരു സംശയം ; പുതുതായി വരുന്ന ആളുകളെ ഗൈഡ് ചെയ്യാന്‍ വേണ്ടി തരംതിരിവ് നടത്തുമ്പോള്‍, സാധാരണമായി ഉപയോഗിക്കപ്പെടുന്ന ക്യാറ്റഗറികള്‍ (കഥ, കവിത...‌) ഉപയോഗിക്കുന്നതല്ലേ ഉചിതം. ലളിതം, ദുരൂഹം എന്ന് പറയുമ്പോള്‍ അത് ഒന്നുകൂടി വിശദീകരിക്കേണ്ടി വരുന്നതു പോലെ തോന്നുന്നില്ലേ.

ഏതായാലും, ക്യാറ്റഗറികളുടെ എണ്ണം കൂടാതിരുന്നാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു. എഴുതുന്നവര്‍ക്ക്, ഏതു ക്യാറ്റഗറിയില്‍ പെടും എന്ന് ആലോചിച്ച് ബുദ്ധിമുട്ടേണ്ടി വരില്ലല്ലോ. വായിക്കുന്നവര്‍ക്കും, ക്യാറ്റഗറിയ്ക്കുള്ളില്‍ ചെന്ന് കഴിഞ്ഞ് ‘ഓ, ഇതല്ലല്ലോ’ എന്ന് ശങ്കയുണ്ടാവരുതല്ലോ.

മള്‍ട്ടി മീഡിയ എന്ന് പറഞ്ഞതിന്റെ കാരണം, ഇപ്പോള്‍ പ്രധാനമായും എഴുതുന്നവര്‍ കൂടുതല്‍ ഉള്ള സ്ഥിതിയ്ക്ക് അതല്ലാത്ത ‘എക്സ്ട്രാ കരിക്കുലര്‍‘-കാരെ തിരിക്കാന്‍ പറ്റും എന്ന് കരുതിയാണ്.

ഹ ഹ പെരിങ്ങോടരെ ‘ദുരൂഹം’ കാറ്റഗറിയില്‍ പെടുത്തിയത് വായിച്ച് ഞാന്‍ ചിരിച്ചുപോയി. പിന്നെ, മഞ്ഞക്കിളിയില്‍ വന്നതെല്ലാം ലളിതമായിരുന്നോ ?


വിഷയം അടിസ്ഥാനമാക്കി തിരിക്കുന്നതാണോ അതോ അവതരണ രീതി അടിസ്ഥനമാക്കി തിരിക്കുന്നതാണോ ഇതല്ലാതെ മൂന്നാമതൊരു തിരിവാണോ വേണ്ടത് എന്നൊക്കെ ഒത്തിരി തലപുകച്ചാല്‍ ഒരു തീരുമാനത്തിലെത്താന്‍ വൈകുമോയെന്നൊരു ശങ്കയും ഉണ്ട്.

ഈ ചര്‍ച്ച വച്ചിട്ട് ഒരു ദിവസമായ സ്ഥിതിയ്ക്ക്, സിബു തന്നെ എന്താന്ന് വച്ചാല്‍ അങ്ങട് നിശ്ചയിക്കുക. ഞങ്ങള്‍ അത് അനുസരിച്ചോളാം. ആരോ പറഞ്ഞതുപോലെ, ചര്‍ച്ചാബഹളം നടന്നാലും കൂടുതല്‍ കണ്‍ഫ്യൂഷനാകാനാണ് സാധ്യത.

Cibu C J (സിബു) said...

ഉമേഷും ആദിയുമായി കുറേ ചര്‍ച്ചചെയ്ത്‌, അവസാനം ദിവാസ്വപ്നം പറഞ്ഞ പോലെ തന്നെ സംഭവിച്ചു: കാറ്റഗറികളില്‍ വലിയ വ്യത്യാസങ്ങളില്ല; ലേയൌട്ട് അല്പം മാറ്റി.

നല്ല പോസ്റ്റുകള്‍ കണ്ടാല്‍ നിര്‍ദ്ദേശിക്കാന്‍ മടിവിചാരിക്കരുത്‌. വളരെ എളുപ്പമാണ് വിക്കിയിലെഴുതാന്‍.