Sunday, August 20, 2006

ഇക്വഡോറില്‍ നിന്നുള്ള പെണ്‍കുട്ടി

വെള്ളിയാഴ്ച രാത്രി പത്തു മണിക്കു ഫോര്‍ത്ത്‌ ആന്‍ഡ്‌ കിംഗ്‌ സ്റ്റേഷനില്‍ ഓടിക്കിതച്ചു എത്തി.സാന്‍ഫ്രാന്‍സിസ്കോ ജയന്റ്സും ഡോഡ്ജേര്‍സും തമ്മിലുള്ള ബേസ്ബാള്‍ മാച്ചിനു ശേഷമുള്ള ആദ്യത്തേ ട്രെയിന്‍ .. പതിവില്ലാത്ത തിരക്ക്‌.വെറുതേ ഒരു കൗതുകത്തിനു ബേസ്‌ ബാള്‍ ഗെയിം കാണാമെന്നു വച്ചതാണു.പക്ഷേ എന്തു ചെയ്യാം ടിക്കറ്റ്‌ കിട്ടിയില്ല.

കാഴ്ചയില്‍ തീര്‍ച്ചയായും ചൈനീസ്‌ വംശജയായ പെണ്‍കുട്ടി.അല്‍പം മദ്യപിച്ചിട്ടുമുണ്ടു.എനിക്കെതിരേയുള്ള സീറ്റില്‍ ഇരുപ്പുറപ്പിച്ചു.വഴിയേ പോകുന്ന എല്ലാരേം വിളിച്ചു കുശലാന്വേഷണം നടത്തുന്നു ..അതും പോരാഞ്ഞിട്ടു മെക്സിക്കന്‍ പയ്യന്മാരേ കമന്റടിക്കുന്നുമുണ്ടു.ട്രെയിന്‍ മെല്ലേ നീങ്ങിതുടങ്ങി..

താങ്കള്‍ ഈ ലോകത്തില്‍ അല്ല എന്നു തോന്നുന്നു. അവിചാരിതമായ ചോദ്യവും പിന്നേ സ്വതവേയുള്ള അങ്കലാപ്പും ....പരിഭ്രമം ഒളിപ്പിച്ചു കൊണ്ടു പുഞ്ചിരിച്ചു.നിങ്ങള്‍ ആ കുറവും കൂടി നികത്തുന്നുണ്ടല്ലോ.ഏന്റെ ട്രെയിന്‍ യാത്രക്കിടയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ശബ്ദ കോലാഹലമാണു നിങ്ങള്‍ ഇവിടെ കാഴ്ചവച്ചതു..പട്ടയടിച്ചാല്‍ പള്ളേല്‍ കിടക്കണം.ഇങ്ങനൊക്കെ പറയാന്‍ തുടങ്ങിയതാണു പക്ഷെ സമ്മതിക്കേണ്ടേ..

ഞാന്‍ ഈ സ്ഥലവും ഇവിടുത്തെ ജനങ്ങളെയും അതിരു വിട്ടു സ്നേഹിക്കുന്നു.അവള്‍ തുടര്‍ന്നു...ജനിച്ചതു സൗത്ത്‌ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണു..അഛന്റെ അഛന്‍ കമ്മ്യൂനിസ്റ്റ്‌ വിപ്ലവകാലത്തു കിഴക്കന്‍ ചൈനയില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന അനേകരില്‍ ഒരാള്‍.അമേരിക്കയിലെക്കു കുടിയേറാനുള്ള ശ്രമത്തിനിടയില്‍ ഇക്വാഡോറിലെത്തി.ഏന്തൊക്കെയോ കാരണങ്ങളാല്‍ അതു നടന്നില്ല.അവിടുത്തുകാരിയായ എന്റെ അമ്മൂമ്മയേ വിവാഹം കഴിച്ചു.മുത്തഛന്റെ ഛായയാണു എനിക്ക്‌.

കൊളംബിയന്‍ പരമ്പരാഗത രീതികളും,സ്പാനിഷ്‌ അധിനിവേശം കൊണ്ടുവന്ന സാംസ്കാരികമാറ്റങ്ങളും അടിമകളായീ വന്ന ആഫ്രിക്കന്‍ വംശജരുടെ വൈവിധ്യങ്ങളും കൊണ്ടു സമ്പന്നമായ സംസ്കാരം.പക്ഷേ എന്തുകൊണ്ടോ ഈ സംസ്കാരത്തിനു എന്നേ ഇഷ്ടമായില്ല.വെളുത്തുമെലിഞ്ഞ ശരീരവും,പൂച്ചയുടെ പാല്‍പാത്രം പോലെ പരന്ന കണ്ണുകളും ഒന്നും ആര്‍ക്കും ഇഷ്ടമായില്ല. അവര്‍ എന്നേ അന്യ ഗ്രഹ ജീവി എന്നു വിളിച്ചു .മുത്തഛന്റെ മരണത്തോടെ ഞാന്‍ തികച്ചും ഏകയായീ.അദ്ദേഹം പറഞ്ഞിരുന്ന കഥകളും അമേരിക്കയെക്കുറിച്ചു അദ്ദേഹത്തിന്റെ നിറം പിടിപ്പിച്ച വര്‍ണനകളും എന്നേ ഹരം പിടിപ്പിച്ചിരുന്നു.

ഉപരിപഠനത്തിനുള്ള അപേക്ഷകളില്‍ ഒന്നു സാന്‍ഹോസേ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റിയിലേക്കും അയച്ചു.ഒരു മിറക്കിള്‍ പോലേ.. സ്കോളര്‍ഷിപ്‌ വാഗ്ദാനം ചെയ്തുകൊണ്ടുള്ള യൂണിവേര്‍സിറ്റിയുടെ കത്തു ലഭിച്ചു.

വ്യത്യസ്തമായ സ്വീകരണമാണു എനിക്കിവിടെ ലഭിച്ചതു.ഈ സംസ്കാരം എന്നേ നെഞ്ചിലേറ്റു വാങ്ങി ലാളിച്ചു.നാലു ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യുന്ന എന്നേ ആദരവോടെ നോക്കി.ആണ്‍കുട്ടികള്‍ എന്നേ ഡിന്നര്‍നു ക്ഷണിക്കാന്‍ മത്സരിച്ചു.ആരെയും നിരാശപ്പെടുത്താന്‍ ഞാന്‍ ഒരുക്കമയിരുന്നില്ല.

എന്റെ ഡോക്റ്ററേറ്റ്‌ തീസിസ്നുള്ള (ഇന്‍ക സംസ്കാരവും സംഗീത വൈവിധ്യങ്ങളും ) റിസേര്‍ച്ചിനിടയില്‍ ഞാന്‍ വീണ്ടും ഇക്വാഡോറിലെത്തി.ഞാന്‍ ജനിച്ച മണ്ണു എത്ര മനോഹരമാണു എന്നാദ്യമായീ ഞാന്‍ ശ്രദ്ധിച്ചു.തെങ്ങുകള്‍ തല പൊന്തിച്ചു നില്‍ക്കുന്ന ബീച്ചുകളും, പച്ചപ്പില്‍ നിര്‍മിതമായ വാഴത്തോപ്പുകളും.തെരുവില്‍ ന്രുത്തം ചവിട്ടുന്ന പ്രണയ ജോടികള്‍.എനിക്കു നഷ്ടപ്പെട്ടതെന്തു എന്നു ഞാന്‍ തിരിച്ചറിഞ്ഞു.
കുറച്ചു കാലമെങ്കിലും ഒരു ഇക്വാഡോര്‍-കാരിയായീ ജീവിക്കണം എന്നെനിക്കു ആഗ്രഹമുണ്ടു.നിങ്ങള്‍ ഇവിടുത്തു കാരനല്ല എന്നു തോന്നിയതു കൊണ്ടു ചോദിക്കുന്നു.എന്നേപ്പൊലേ മിശ്ര വംശജയായ ഒരു വ്യക്തിയേ ബഹുമാനിക്കാനും സ്നേഹിക്കാനും എന്റെ നാട്ടുകാര്‍ തയ്യാറാവുമോ.

നിങ്ങളുടെ നാടിനെക്കുറിച്ചു നിങ്ങള്‍ പറഞ്ഞുള്ള അറിവേ എനിക്കുള്ളൂ അതുകൊണ്ടു ഞാന്‍ എന്റെ നാട്ടുകാരെക്കുറിച്ചു പറയാം.എല്ലാത്തരത്തിലുള്ള ആള്‍ക്കാരെയും സമഭാവനയോടേ കാണുന്നവരാണു ഞങ്ങള്‍.കേട്ടിടത്തോളം നിങ്ങളുടെ നാടും ഏകദേശം എന്റേതു പോലെ തന്നേ.. ചെറുപ്പത്തില്‍ നിങ്ങളേ ചില ആള്‍ക്കാര്‍ പരിഹസിച്ചിട്ടുണ്ടാവാം.ചിലപ്പോള്‍ അവര്‍ സ്നേഹക്കൂടുതല്‍ കൊണ്ടു കൂടുതല്‍ സ്വാതന്ത്ര്യം കാണിച്ചതാവാം.എന്താണേലും നിങ്ങള്‍ കുറച്ചു നാള്‍ ഇക്വാഡോറില്‍ ജീവിച്ചു നോക്കൂ,തീര്‍ച്ചയായും സ്വന്തം നാടു നിങ്ങളേ വാരിപ്പുണരാതിരിക്കില്ല.

ഇനി നിങ്ങള്‍ പറയൂ ഞാന്‍ അവളോടു പറഞ്ഞതു സത്യമാവില്ലേ?

2 comments:

evuraan said...

ഗുണാളാ,

താങ്കളുടെ ബ്ലോഗിലെഴുതിയതിന്റെ പകര്‍പ്പ് ഇവിടെ ക്ലബ്ബിലിടണമായിരുന്നോ?

അംഗങ്ങളെല്ലാവരും താന്താങ്ങളുടെ പോസ്റ്റിന്റെ ഓരോ കോപ്പി ഇവിടെയിടാന്‍ തുടങ്ങിയാല്‍ കുഴപ്പമല്ലേ?

അംഗത്വം വാരിവിതറുന്ന ഭാരവാഹികളെ, ഇതൊക്കെ നവാഗതര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് ആരുടെ ജ്വാലിയാണോ ആവോ?

ഇതിനോട് എനിക്കുള്ള അസ്കിതയെന്താന്നു വെച്ചാല്‍, അടിയന്റെ തനിമലയാളത്തിന്റെ മുന്‍‌നിരയില്‍, "ഇക്വഡോറില്‍ നിന്നുള്ള പെണ്‍കുട്ടി" എന്ന് പേരില്‍ ഒന്നിനു പുറകേ ഒന്നായി രണ്ടെ എന്‍‌ട്രികള്‍ വരുന്നു. Expected Behavior - പക്ഷെ, ഒന്നായ് നിന്നെയിഹ രണ്ടായി കാണുമാറാകാന്‍ ക്ലബ്ബിന്റെ അംഗത്വം ഉപയോഗിക്കണോ?

എനിക്ക് ചെയ്യാനാവുന്നത് ഇനി രണ്ടിലൊന്ന് -- ഒന്നുകില്‍ ബൂലോക ക്ലബ്ബിനെ ബാനണം, അല്ലെങ്കില്‍, ഇതിനെ ബാനണം. എന്തു വേണം?

ശ്രീജിത്ത്‌ കെ said...

ഏവൂരാന്‍ പറഞ്ഞത് തന്നെ ഞാനും.

സ്വന്തം കൃതികളുടെ പരസ്യപ്പലകയായി ക്ലബ്ബ് ഉപയോഗിക്കരുതെന്ന് കമന്റിട്ട് കമന്റിട്ട് മടുത്തു. സ്വന്തം പോസ്റ്റ് ഈ ബ്ലോഗ്‌ലോകത്തെ എല്ലാവരും വായിക്കണം എന്ന് ചിലര്‍ക്കെങ്കിലും വാശിയുള്ളത് പോലെ തോന്നുന്നു. കമന്റുകളോടുള്ള കൊതി വേറെ. ബ്ലോഗ്‌ ഇന്‍‌വിറ്റേഷന്‍ അയക്കുമ്പോള്‍ ഇനി ഇക്കാര്യം ഞാന്‍ പറയാന്‍ ശ്രമിക്കാം. മറ്റുള്ളവരും ശ്രദ്ധിക്കുമല്ലോ.