Monday, August 21, 2006

കൊച്ചി മീറ്റ് അടിച്ചു പിരിഞ്ഞു !!!

ഞായര്‍ 20, 2006

രാവിലെ എഴുന്നേറ്റപ്പോള്‍ത്തന്നെ ആദ്യം മനസ്സിലേയ്ക്ക് അഞ്ചു ബോബി ജോര്‍ജ്ജിനെപ്പോലെ ചാടിവന്നത് ഇന്നു വൈകിട്ട് നടക്കാനിരിക്കുന്ന ഡിസ്ക്കഷനെക്കുറിച്ചായിരുന്നു. എങ്ങനെ ഓണത്തിനിടയ്ക്കു പൂട്ടുകച്ചവടം നടത്താം, അല്ല ഓണത്തിടയ്ക്കൊരു ബൂലോഗ കൊച്ചി മീറ്റ് നടത്താം എന്നതിനെ പറ്റിയുള്ള ഡിസ്കഷന്‍! ഓ, ആകെ അഞ്ചാറുപേര്‍ കൂടിയൊരു ചര്‍ച്ച. എക്സ്പെക്ടഡ് മെമ്പേഴ്സ് - കൊച്ചിയിലെ പുലികളായ അതുല്യേച്ചി, ഇക്കാസ് & വില്ലൂസ്, പച്ചാളം, രാ‍ജമാണിക്യം. ഇന്നലെ പ്ലാന്‍ ചെയ്തതനുസരിച്ച് ഇന്നു വൈകുന്നേരം എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിനു മുന്നില്‍ എല്ലാവരും തമ്മില്‍ കണ്ടുമുട്ടാമെന്നായിരുന്നു. പിന്നീടെപ്പോഴോ ഇക്കാസ് വിളിച്ചു. മീറ്റിംഗ് അതുല്യേച്ചിയുടെ ഫ്ലാറ്റിലാക്കി, വൈകിട്ട് 5 മണിക്ക് കച്ചേരിപ്പടി ജംഗ്ഷനില്‍ കാണാമെന്നുറപ്പിച്ചു.

അങ്ങിനെ ഉച്ച തിരിഞ്ഞ് ഒരു മൂളിപ്പാട്ടുപോലും മൂളാതെ ഞാനിങ്ങനെ മടിപിടിച്ചിരിക്കുമ്പോള്‍ മൊബൈല്‍ ഫോണിനൊരിളക്കം. ശ്ശെടാ! ഇവള്‍ക്കിപ്പോ ന്താ ഈ നേരത്തൊരിളക്കം ന്ന് അമാന്തിച്ച് ചെന്നു ഫോണ്‍ എടുത്തപ്പോഴല്ലേ ലവള്‍ടെ ഇളക്കത്തിന്റ്റെ ഗുട്ടന്‍സ് പിടികിട്ട്യത്. അങ്ങേത്തലക്കല്‍ കുറുമാന്‍ജി. ‘എടാ നീ ഇപ്പത്തന്നെ ഒട്ടും ടൈം വേസ്റ്റാക്കാണ്ട് ഇന്റ്റര്‍നാഷണല്‍ ഹോട്ടലിലെ ബാറിലെത്ത്’ ഡിം ഫോണ്‍ ഡിസ്കണക്ട്!

ടൈം ഒട്ടും വേസ്റ്റാക്കാ‍നുണ്ടായിരുന്നില്ല. പുലിപ്പള്‍സര്‍ ഇന്റ്റര്‍നാഷണല്‍ ഹോട്ടലിനെ ലക്ഷ്യമാക്കി കുതിച്ചു. വെറും പത്തേപത്തുമിനിറ്റേ എടുത്തുള്ളു വിശ്വാമിത്രന്റ്റെ തപസ്സിളക്കിയ മേനകയെപ്പോലെ എന്റ്റെ മൊബൈല്‍ ഫോണിനെയിളക്കിയ ആ ഫോണ്‍കാളിന്റ്റെ ഉറവിടസ്ഥാനത്തെത്താന്‍.

ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ബാറിലേക്ക് നടന്നു. ആള്‍ എങ്ങിന്യാവും ഇരിക്കുക, തലയ്ക്കു നല്ല മിനുസം ഉണ്ടെന്നത് അദ്ദേഹത്തിന്റ്റെ പ്രൊഫൈലില്‍ നിന്നും മനസ്സിലായിട്ടുണ്ട്. പിന്നെ ഒരു കിടിലന്‍ ബുള്‍ഗാനും. ബാറിലെ ഓരോ തലയും ചെക്ക് ചെയ്ത് (ഒന്നിനും നേരത്തെ പറഞ്ഞതുപോലെയുള്ള മിനുസം അശ്ശേഷമില്ല) അവസാനം ഒരൊഴിഞ്ഞമൂലയില്‍ അതായിരിക്കുന്നു മ്മടെ അണെക്സ്പെക്റ്റഡ് ഗസ്റ്റ്!

കുശലം പറഞ്ഞു തുടങ്ങിയതിന്റ്റൊപ്പം കള്ളുകുടിയും തുടങ്ങിയത് യാദൃശ്ചികം മാത്രം. ബാറല്ലേ അവിടിരുന്ന് ജ്യൂസ് കുടിക്കുന്നത് മോശമല്ലേ. ആ ഒറ്റക്കാരണം കൊണ്ട് മാത്രമാണ് അങ്ങിനെ സംഭവിച്ചതെന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.

അങ്ങിനെ ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും ബ്ലോഗുവിശേഷങ്ങളും ടച്ചിംഗ്സും ഒഴിഞ്ഞ ഗ്ലാസ്സുകള്‍ നിറച്ചും ഇരിക്കുമ്പോള്‍ ദാണ്ടേ വരുന്നു ഇക്കാസും വില്ലൂസും. ഇനിയുമെത്താത്ത പച്ചാളവും രാജമാണിക്യവും ഉടനെ തന്നെ എത്തിച്ചേരുമെന്ന് ഇക്കാസിന്റ്റെ സോണി എറിക്സ്ണ്‍ അനൌണ്‍സ് ചെയ്തു. വന്നപാടെ ഇക്കാസ് രണ്ടെണ്ണം പോരട്ടെയെന്ന് ബെയററോട് വിളിച്ചു പറയുന്നുണ്ടായിരുന്നുവോ? വില്ലൂസ് ഒരു അസ്സല്‍ നോണ്‍ മദ്യപാനിയായിരുന്നതിനാ‍ല്‍ അദ്ദേഹം ഏതോ പഴച്ചാറ് നുണഞ്ഞിരുന്ന് ഞങ്ങളുടെ വാചകക്കസര്‍ത്തില്‍ പങ്കുചേര്‍ന്നു. ഇതിനിടെ ഇക്കാ‍സ് ഒരു പ്രഖ്യാപനവും നടത്തി. ഇതൊക്കെത്തന്നെയാണ് നമ്മുടെ കൊച്ചി മീറ്റ്.

ഇടക്കിടെ അതുല്യേച്ചി കാര്യങ്ങളുടെ നീക്കുപോക്ക് വിളിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. അങ്ങിനെ മീറ്റ് പൊടിപൊടിച്ച് കൊണ്ടിരിക്കുമ്പോള്‍ പച്ചാളത്തിന്റ്റെ കാള്‍. ഇക്കാസ് ഹലോ പറയുന്നതിനൊപ്പം ‘ഞാനിവിടെത്തന്നെയുണ്ട്’ എന്നൊരു ശബ്ദം. ഇത്ര സൌണ്ട് ക്ലാരിറ്റിയുള്ള സ്പീക്കര്‍ ഫോണോ ഇക്കാസിന്റ്റേതെന്നു വിചാരിച്ചിരിക്കുമ്പോള്‍ അതാ ഒരു കൊച്ചു പയ്യന്‍സ് ഞങ്ങളുടെ മുന്നില്‍. ‘ഞാനാണ് പച്ചാളം’. ഞങ്ങള്‍ പ്രതീക്ഷിക്കാത്ത രൂപം ഭാവം!

ഉടനെ കുറുമാന്‍ജിയുടെ വക ചോദ്യം ഒരു ശരം കണക്കേ... ഞങ്ങള്‍ക്കത് ഒരുപാട് നേരം ചിരിക്കാനുള്ള വക നല്‍കി. “എവട്ര നിന്റ്റെ സ്ക്കൂള്‍ ബാഗ്. സെക്യൂരിറ്റിക്കാരന്‍ നിന്നെയെങ്ങനെ കടത്തിവിട്ട്രാ”.

അവസാനം രാജമാണിക്യവും എത്തിച്ചേര്‍ന്നു. ചര്‍ച്ചയ്ക്കു മൂര്‍ച്ച കൂടി. അതുല്യേച്ചി ഒരു ഓര്‍മ്മപ്പെടുത്തലെന്നോണം ഞങ്ങളെ വിളിച്ചുകൊണ്ടിരുന്നു. കുറുമാന്‍ജി പെഗ്ഗ് വീണ്ടും പറയുന്നതിനിടെയ്ക്കെപ്പോഴോ വിശാലേട്ടനെയും വിളിച്ചു കൊതിപ്പിക്കുന്നുണ്ടായിരുന്നു. എടാ ഇവിടെ കൊച്ചി മീറ്റ് നടന്നുകൊണ്ടിരിക്കുകയാട്ട്രാ. അപ്പോ വിശാലേട്ടന്റ്റെ ശബ്ദം സ്പീക്കറിലുടെ... ആ പിള്ളാരെക്കൂടെയെന്തിനാ...

ബാറിനകത്തെ മീറ്റ് അവസാനിപ്പിച്ച് 4 ബൈക്കുകളില്‍ ഒരു ജാഥ കണക്കേ അതുല്യേച്ചിയുടെ ഫ്ലാറ്റിലേക്ക് നാടുവാഴികള്‍ എന്ന സിനിമയില്‍ മോഹന്‍ലാലും കൂട്ടരും ബൈക്കുകളില്‍ പാട്ടും പാടി ചെത്തിയ പോലെ, വളഞ്ഞ് പുളഞ്ഞ് മെയിന്‍ റോഡുകളും ഇടവഴികളും താണ്ടി അതുല്യേച്ചിയുടെ ഫ്ലാറ്റിനു മുന്നില്‍ ഫുള്‍സ്റ്റോപ്പിട്ട് നിന്നു. 4 ബൈക്കുകള്‍ ഒരുമിച്ച് റാലികളില്‍ മാത്രം കണ്ടതുകൊണ്ടാണോന്നറിയില്ല അവിടെ മുറ്റത്തു നിന്നിരുന്ന ക്ടാങ്ങളില്‍ ആരോ ചോദിക്കുന്നുണ്ടായിരുന്നു. എടാ ഇന്നു റാലിയുണ്ടോ...

ഫ്ലാറ്റിനു മുന്നില്‍ത്തന്നെ അതുല്യേച്ചി ഞങ്ങളെക്കാത്തു നിറഞ്ഞ ചിരിയോടെ നില്‍പ്പുണ്ടായിരുന്നു, ഒപ്പം അപ്പുവും. ഞങ്ങള്‍ ഓരൊരുത്തര്‍ ഒരോ കസേരയുമായി വിശാലമായ ടെറസ്സിലേയ്ക്ക്...

ആ സായാഹ്നത്തിലെ ഇളം കാറ്റേറ്റ് അഞ്ചാറ് ബ്ലോഗര്‍മാരും ഞങ്ങള്‍ക്കു കൂട്ടായി അതുല്യേച്ചിയുടെ പലഹാരങ്ങളും. പലഹാരങ്ങളില്‍ ചിലതിന്റ്റെ പേരറിയാത്തതിനാല്‍ മീറ്റില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍ അതു കമന്റ്റിലൂടെ അറിയിക്കുമെന്ന് കരുതുന്നു. കൂട്ടത്തില്‍ പരിപ്പുവട മാത്രം എനിക്ക് അറിയാവുന്നതുള്ളൂ. .

അതുല്യേച്ചിയുടെ കൈകൊണ്ടുണ്ടക്കിയ രുചിയേറിയ പലഹാരങ്ങള്‍ കഴിച്ചും വിശേഷങ്ങള്‍ പരസ്പരം പങ്കുവച്ചും ഫോട്ടോസെടുത്തും ഞങ്ങള്‍ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. ഇക്കാസും വില്ലൂസും അവരുടെ വഴിക്കും പച്ചാളം പച്ചാളത്തേക്കും യാത്രയായി. ബാക്കിയായ് ഞാനും കുറുമാന്‍ജിയും രാജമാണിക്യവും. സമയം ഏതാണ്ട് 8 കഴിഞ്ഞിരുന്നു. കുറുമാന്‍ജി യെ തൃശ്ശൂര്‍ ബസ്സില്‍ കയറ്റിവിടാന്‍ ഞങ്ങള്‍ നേരെ എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്‍ഡിലേക്കു വച്ചുപിടിച്ചു.

അവിടെ വച്ചാണ് മേല്‍പ്പറഞ്ഞ ടൈറ്റിലിനാസ്പദമായ സംഭവമുണ്ടായത്. ബസ്സ് കയറാന്‍ സ്റ്റാന്‍ഡിലെത്തിയ കുറുമാന്‍ജിയും ബസ്സ് കയറ്റാന്‍ പോയ ഞാനും രാജമാണിക്യവും സ്റ്റാന്‍ഡിലേക്ക് കയറാതെ തൊട്ടടുത്തുള്ള ലൂസിയ ബാറിലേക്ക് കയറിയത് ഉത്തരം കിട്ടാത്ത ഒരു സമസ്യയായി ഇപ്പോഴും...

പത്തുപത്തരയോടെ ഞങ്ങള്‍ ബെയററോട് റ്റാറ്റാ പറഞ്ഞിറങ്ങി. സ്റ്റാന്‍ഡില്‍ നിന്നും കുറൂന് പോവേണ്ട റൂട്ടിലേയ്ക്കുള്ള ബസ് ഞങ്ങളെ കാത്തുകിടപ്പുണ്ടായിരുന്നു. കുറുമാന്‍ജി ബൈ പറഞ്ഞ് അതില്‍ ചാടിക്കയറി. ബസ്സ് ടിംഗ് ടിംഗ് അടിച്ച് അകന്നകന്ന് പോയപ്പോള്‍ രാജമാണിക്യം എന്നോട് ചോദിച്ചു, നിക്കേ എന്താടാ കുറുമാന്‍ജി ബസ്സില്‍ക്കയറാന്‍ നേരം വിളിച്ചു പറഞ്ഞത്. ഞാന്‍ രാജമാണിക്യത്തിന്റ്റെ ചെവിയില്‍ മെല്ലെ മന്ത്രിച്ചു... കൊച്ചി മീറ്റ് അടിച്ചു പിരിഞ്ഞു.

മീറ്റ് ഫോട്ടോസ് ഇവിടെ

29 comments:

Adithyan said...

നിക്കേ,
കൊള്ളാം വിവരണം.
അങ്ങനെ മീറ്റുകള്‍ തകൃതിയായി നടക്കുന്നുണ്ടല്ലെ :)

..അങ്ങിനെ സംഭവിച്ചതെന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.


അതു ഞാന്‍ വിശ്വസിച്ചു. ഒറപ്പായും വിശ്വസിച്ചു.

ഫോട്ടോ സ്ലൈഡര്‍ ഇട്ടതൊരു പുതുമയായി. ആ ആറാമത്തെ ഫോട്ടോയില്‍ കുറുമാന്‍ജിയുടെ ഇരിപ്പു കണ്ടിട്ട്... ;))

ദേവന്‍ said...

നിക്കേ
ബ്ലോഗുമീറ്റും വെള്ളടിയും വിവരണവും അസ്സലായി. പക്ഷേ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, സ്റ്റില്‍ ഫ്രെയിം അടിച്ച ചന്ദ്രഹാസം സിനിമയിലെ ജയനെപ്പോലെ കൈ രണ്ടും ഫ്രീസ് ആയ അതുല്യ പെടാപ്പാടുപെട്ട് ഉണ്ടാക്കിയ ഉണ്ണിയപ്പം “എതാണ്ട് പേരറിയാത്ത പലഹാരം“ ആക്കിയെന്നറിഞ്ഞാല്‍ അവരു തലതല്ലി ചാ‍കും!

(ല്ലാ മ്മടെ കുമാര്‍, ഓലപ്പന്തന്‍, അചിന്ത്യ, ഒന്നും വന്നില്ലേ?)

അനംഗാരി said...

നിക്കെ, ഈ കുടിയന്റെ നാടായ കൊച്ചിയില്‍ ഒരു വെള്ളമടി മീറ്റ് നടന്നിട്ട്..ശ്ശോ! എന്‍‌റ്റെ ഒരു തലവിധി. പങ്കെടുക്കാന്‍ പറ്റീല്ലല്ലോ. ഞാനിവിടെയായി പോയില്ലെ.

Anonymous said...

ഇത് നന്നായി..അതുല്യചേച്ചി കൊച്ചിയിലാണൊ?
അത് ഉണ്ണിയപ്പം അല്ലെ? പക്ഷെ അതിന്റെ കൂടെ സോസ് വെച്ചേക്കണു? അപ്പൊ അതു കട്ടലെറ്റ് ആവുമൊ ഇനി? പിന്നെ എന്താണ് വെള്ള കളറില്‍ വട്ടത്തില്‍ വട്ടത്തില്‍ ഉള്ളത്? വെള്ളരിക്കയാണൊ?
സ്ലൈഡ് ഷോ കൊള്ളാം..പക്ഷെ അതു കാരണം ആ ടെമ്പ്ലേറ്റ് താഴെ പോയീന്നാ തോന്നണെ. വേറെ എവിടെയെങ്കിലും ഒറ്റക്ക് ഒറ്റക്ക് ഉള്ള ഫോട്ടോവാണെങ്കില്‍ വലുതാക്കി എല്ലാരെം അടുത്ത് കാണാല്ലൊ..എന്നിട്ട് ഇതില്‍ അതുല്ല്യചേച്ചി എവിടെ?

:: niKk | നിക്ക് :: said...

ആദിക്കുട്ടൂ താങ്ക്സ്‌ ട്ടോ. കുറുമാന്‍ജിയുടെ ആ ഇരിപ്പു കണ്ടിട്ടെന്തു തോന്നി?

ഓലപ്പന്തന്‍സേ, സാരല്ല്യ...ഇനീം സമയം കിടക്കുവല്ലിയോ ;)

ദേവേട്ടാ ഹിഹി അതേ ഉണ്ണ്യപ്പത്തിന്റെ കാര്യം ഇടയ്ക്കു വിട്ടുപോയതാട്ടോ...
കുമാറേട്ടനേയും, ഉമേച്ചിയേയും ലൂസിയയില്‍ നിന്നും പിരിയുമ്പോള്‍ വിളിച്ചിരുന്നു.

കുടിയോയ്‌ വെയിറ്റ്‌ വെയിറ്റ്‌

ഇഞ്ഞിപ്പെണ്ണേ ഉണ്ണ്യപ്പം കൂടാതെ വേറെ ഒരു പലഹാരമുണ്ടായിരുന്നു. അതിന്റെ പേരറിയില്ലാ. കുറുമേട്ടനു അറിയാം. അതിന്റെ കൂടെ സോസല്ല, കണ്ണിമാങ്ങ അച്ചാറായിരുന്നു. വട്ടത്തില്‍ വെള്ളക്കളറില്‍ കാണുന്നത്‌ വെള്ളരിക്ക. ഈ ഫോട്ടോസ്‌ രാജമാണിക്യത്തിന്റെ ഫോണില്‍ നിന്നും അപ്ലോഡ്‌ ചെയ്തതാ. ഇനിയുള്ള ഫോട്ടോസ്‌ അതുല്യേച്ചി, ഇക്കാസ്‌ തുടങ്ങിയവരുടെ കയ്യിലേ ഉള്ളൂ. അതിനു വേണ്ടി വെയിറ്റ്‌ ചെയ്യൂ പ്ലീസ്‌ :)

Sreejith K. said...

നിക്കേ, വിവരണം അസ്സലായി. നന്നായി രസിച്ചു. പോസ്റ്റിന്റെ പേര്‍ കേട്ടിട്ട് ആദ്യമൊന്ന് തെറ്റിദ്ധരിച്ചു കേട്ടോ.

ഫോട്ടോകളില്‍ ഉള്ളവരെ തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ. ടെററിസം എന്ന് ടീ-ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത് ആരാ? അതുല്യച്ചേച്ചി എന്തേ ഫോട്ടോകളില്‍ ഒന്നിലും കാണാത്തത്? പച്ചാളത്തെ ഊഹിക്കാന്‍ പറ്റുന്നുണ്ട്.

സ്ലൈഡ് ഷോ കലക്കന്‍. പക്ഷെ അവന്‍ സൈഡ് ബാറിന്റെ ആട്ടി ഓടിച്ചു. സ്ലൈഡ് ഷോ ഒന്ന് ചെറുതാക്കാമോ?

:| രാജമാണിക്യം|: said...

നിക്കേ പോസ്റ്റ്‌ ഉഗ്രന്‍..

പിന്നെ അതുല്യേച്ചി തന്ന പലഹാരങ്ങളെല്ലാം സുപ്പറായിരുന്നിട്ടാ..
ഉണ്ണ്യപ്പം, കാഷ്യു നട്സ്‌, പരിപ്പുവട, സ്വീറ്റ്‌ രസ്ന പിന്നെ വേറെ എതോ ഒരെണ്ണം കൂടി ഉണ്ടായിരുന്നല്ലോ.. "- - - - പതികാരം" അങ്ങനൊ മറ്റോ.. പേരു ഞാന്‍ മറന്നു പോയി.

കുറുമാന്‍ ജി നാളെ എറണാകുളത്തു വരുമെന്നറിയുന്നു..

ഇഞ്ഞിപെണ്ണേ ഫോട്ടോ ഇവിദെ വലുതായി കാണാം.
http://www.flickr.com/photos/47864770@N00/sets/72157594245664204/

ബാക്കി കുറേ ഫോട്ടോസ്‌ അതുല്യേച്ചിയും ഇക്കാസും പോസ്റ്റുമെന്നു തോന്നുന്നു.

മുസ്തഫ|musthapha said...

നിക്കേ, സംഭവം കലക്കി.. നല്ല വിവരണം.
ഇതൊക്കെ ഓര്‍ത്തെടുക്കാനുള്ള ബോധം ദൈവം നിനക്ക് ബാക്കി വെച്ചല്ലോ..!!!
ഇമ്മാതിരി ജലപാനം നടന്നിട്ടു പേരിന് പോലും ഒരു ‘വാള്‍‘... മോഹിച്ചുപോയി.. അതോണ്ടാ..

ഫോട്ടോസൊന്നും എനിക്ക് കാണാന്‍ പറ്റിയില്ല. പക്ഷേ, ഇങ്ങിനൊരു മെസ്സേജ് അവിടെ കാണാന്‍ പറ്റി.. ‘We are sorry, this slideshow is empty‘... അതെന്തേ അങ്ങിനെ..???

Sreejith K. said...

നിക്കേ, ഈ സ്ലൈഡ് ഷോ ഇവിടെ കൊടുക്കുന്നതിനു പകരം അതിന്റെ ലിങ്ക് മാത്രം കൊടുക്കാമോ. ടെമ്പ്ലേറ്റിനെ രക്ഷിക്കാന്‍ അത് മാത്രമാവും വഴി.

ലിങ്ക് ഇതാ.
http://boologaclubKochiMeet.slide.com/p/1/19-1527225716

Kumar Neelakandan © (Kumar NM) said...

ദേവന്റെ ചോദ്യത്തിനെ പിന്‍‌പറ്റി എനിക്ക് പറയാനുള്ളത് കുറുമാനോടാണ്.

നാട്ടില്‍ വരും മുന്‍പു തന്നെ ഇവിടെ കൂടുന്നകാര്യം പറഞ്ഞിരുന്നു.
ദുബായില്‍ നിന്നും ഫ്ലൈറ്റില്‍ കയറും മുന്‍പ് വിളിച്ചിരുന്നു.
നാട്ടിലെത്തിയിട്ട് വിളിച്ചിരുന്നു. ഒത്തുകൂടുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

എന്നിട്ട് പിന്നെ ഒരു വിളിവന്നത്, ഈ ഞായറാഴ്ച രാത്രിയാണ്. “ഞാനിപ്പോള്‍ ലൂസിയയില്‍ ആണ്. ഞങ്ങള്‍ ഒന്നു കൂടി. ഇന്റര്‍നാഷണലില്‍, അതുല്യയുടെ വീട്ടീല്‍, ഇപ്പോള്‍ ലൂസിയയില്‍. ഇനി അടുത്ത വണ്ടിക്ക് തൃശ്ശൂരു പോകും. ഇപ്പഴാ ഓര്‍ത്തത് കുമാര്‍ജിയെ വിളിക്കാന്‍ മറന്നു എന്ന്”

എങ്ങനെ ഉണ്ട് ക്ലൈമാക്സ്? ഇപ്പോ കുമാര്‍‍ ആരായി?
(വച്ചിട്ടുണ്ട് കുറുമാനെ, ഒരു പാത്രം ചീത്ത. അതു ഞാന്‍ അങ്ങുകൊണ്ടുവന്നു തരും.)

കുറുമാനേ, അല്‍പ്പം വിഷമവും തോന്നി ഉള്ളില്‍.
എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ, ഞാന്‍ ഒരു പരാതിക്കാരന്റെ ലെവലിലേക്ക് താഴ്ന്നോ? ഛെ!

:| രാജമാണിക്യം|: said...

ഇതാ പുതിയ ലിങ്ക്‌
http://www.flickr.com/photos/
47864770@N00/sets/72157594245664204

ദേവന്‍ said...

കുമാറേ
ഫ്ലൈറ്റേലോട്ട്‌ കുറുമാന്‍ കയറുന്നതിനു മുന്നേ വിളിച്ചെന്ന് പറഞ്ഞല്ലോ, ശേഷം നടന്ന കാര്യം നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.

മൂപ്പരു വിമാനത്തേല്‍ കേറി ഇരുന്ന പാടെ ഒരു ബീര്‍ ചോദിച്ചു വാങ്ങി, പിന്നെയവര്‍ ചോദിക്കാതെ കൊണ്ടു തന്നു, ശേഷം ഡ്യൂട്ടി ഫ്രീ ബ്രോഷറെടുത്ത്‌ ഒരു കുപ്പി ഓര്‍ഡര്‍ ചെയ്തു "മെഴുകുതിരി മാതിരി മെല്ലെ സാറ്‌ കത്തിയമരുകയായിരുന്നു" (വീക്കേയെന്‍സിന്റെ ഡയ.)

എങ്ങനെയോ സാറിനെ പൊക്കി വീട്ടിലാക്കി. കണ്ണു തുറന്നതതും കൈലുമുണ്ടു പോലും മാറാതെ ഓടി മാപ്രാണം ഷാപ്പിലോട്ട്‌. പിന്നിത്രയും ദിവസം ഷാപ്പില്‍ നിന്നും ഷാപ്പിലേക്ക്‌ പെന്‍ഡുലം പോലെ ആടുകയായിരുന്നു. ഈ ആട്ടത്തിനിടക്കെപ്പോഴോ കൊച്ചീലെ ലൂസിയാ ബാറിലോട്ടും തെറിച്ചെന്നേയുള്ളു. സംശയമുണ്ടേല്‍ നിക്കിനോടോ പച്ചാളത്തിനോടോ അതുല്യോടോ..

വെക്കേഷന്‍ കഴിഞ്ഞ്‌ ഇവിടെയെത്തുമ്പോള്‍ മൂപ്പര്‍ രണ്ടു ലിറ്ററിന്റെ മോരു ജാര്‍ ഒരെണ്ണം പൊട്ടിച്ച്‌ അണ്ണാക്കിലേക്ക്‌ കമിഴ്ത്തും. എന്നിട്ട്‌ അരമണിക്കൂര്‍ നീളമുള്ള ഒരേമ്പക്കം. പിന്നെ ആദ്യം ചെയ്യുന്നത്‌ കുമാറിനെ വിളിക്കലായിരിക്കും..

Mubarak Merchant said...

ഒരു പടം പോലും പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല.
സോറി.

Unknown said...

നിക്കേ,
വിവരണം രസിച്ചു. പക്ഷേ പടങ്ങളൊന്നും കാണാന്‍ പറ്റുന്നില്ല. ചില ലിങ്കുകള്‍ ഇവിടെ ബ്ലോക്ക്ഡ് ആണ്. സ്ലൈഡ് ഷോ വര്‍ക്ക് ചെയ്യുന്നില്ല.:(

ആരെങ്കിലും സാധാരണ ഫോട്ടോസ് ഇടൂ.. പ്ലീസ്!

bodhappayi said...

അതു ശരി.. അപ്പൊ മിണ്ടാതെ പറയാതെ മീറ്റുവാണോ. ബാംഗ്ലൂര്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ നോക്കണ്ട.. :)

ജോബി നടുവില്‍ | JOBY NADUVILepurackal said...

ആദി...
ബൂലോഗ ക്ലബില്‍ ഒരു മെമ്പര്ഷിപ്പ് വേണം ...
തരുമോ...

എന്റെ ഈ-മെയില്‍ ഐഡി jobyng@gmail.com

ഞാന്‍ പടിച്ചു വരുന്നേയുള്ളൂ

ബാക്കി പിന്നെ പറയാം ...

ജോബിലാല്‍

ഷാജുദീന്‍ said...

ഈ കമന്റിന് ഒരു തലക്കെട്ടുണ്ട് “ നടക്കാതെ പോയ കോട്ടയം മീറ്റ്”
നമുക്കേ കോട്ടയത്തൊന്നു കൂടാം എന്നു പറഞ്ഞ് കുറുമാന്‍ വക ഒരു കോള്‍. വെമ്പള്ളിക്കാരനെയും വിളിക്കാം എന്നും അദ്ദേഹം പറയുകയുണ്ടായി എന്ന് ഞാന്‍ ഇത്തരുണ്ഠ്തില്‍ സ്മരിച്ചു കൊള്ളട്ടെ. എങ്കില്‍ അതിനു ആദ്യ കോട്ടയം ബൂലോഗ സമ്മേളനം എനു പേരിടാം എന്നു ഞാനും നിനച്ചു. പക്ഷേ നിശ്ചയിച്ച ഇരുപതാം തീയതി കുറുമാന്‍ കോട്ടയത്ത് നിന്നു നേരത്തേ പോയി. അതൊ കൊച്ചിയിലേക്കാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. അതിത്രമാത്രം വേലത്തരങ്ങള്‍ക്കായിരുന്നെന്‍ ഇപ്പോഴാണറിയുന്നത്.

പരദേശി said...

നിക്കേ,
വിവരണം നന്നായി,അങോട്ടു വരുമ്പൊള്‍ തീര്‍ച്ചയായും ഇങനെ ഒന്നു “മീറ്റ്” ചെയ്യേന്ഡി വരും.അതുല്യേച്ചിയുടെ “മിസ്റ്ററി” പലഹാരം “ അതിരസം” ആണെന്നു തോന്നുന്നു.രാജമാണിക്യം ...പതികാരം എന്നു പറഞതുകോന്ഡു തോന്നിയതാണു.

Mubarak Merchant said...

ആ പലഹാരത്തിന്റെ പേരു ‘കുഴിപ്പിണിയാരം’ എന്നാണ്

Visala Manaskan said...

കലക്കന്‍ റിപ്പോര്‍ട്ട്!!!

രസിച്ചു രസിച്ചു വാ‍യിച്ചു!

മുസാഫിര്‍ said...

മീറ്റ് നാന്നായി.ഈക്കാസെ,അനിയാ,ലവനെ എടുത്ത് ഞാന്‍ തെങ്ങിന്റെ കടക്കല്‍ ഒഴിക്കും.

:| രാജമാണിക്യം|: said...

കൊച്ചി ബൂലോഗ മീറ്റ്‌ ചിത്രങ്ങള്‍ കാണാത്തവരേ... നിങ്ങള്‍ക്കു യാഹൂ ഫോട്ടോസിലേക്കു സ്വാഗതം

http://new.photos.yahoo.com/album?c=boologaclub&aid=576460762307229022&pid=&wtok=6wPtyhMBbvAbyuzPTgccSg--&ts=1156257295&.src=ph

Unknown said...

രാജമാണിക്ക്യാ,
നന്നീണ്ട്രാ മോനേ! ഇപ്പൊഴാ ഒന്ന് കാണാന്‍ പറ്റീത്. :)

:: niKk | നിക്ക് :: said...

ശ്രീജിത്തേ, നന്ദി.

ടെററിസ്റ്റ്‌ മ്മടെ രാജമാണിക്യമാ. കാമറാമെന്‍ - രാജമാണിക്യം, ഇക്കാസ്‌, അപ്പു എന്നിവര്‍. ഇവര്‍ ആരെങ്കിലും കനിയണം ആതിത്ഥ്യമരുളിയ അതുല്യേച്ചിയുടെ ഫോട്ടോ കാണണമെങ്കില്‍. :(

കുട്ടപ്പായിയേ ഇനിയും എത്ര എത്ര മീറ്റുകള്‍ നടക്കാനിരിക്കുന്നു. എത്രയെണ്ണം നമ്മള്‍ ആരും അറിയാതെ പോയിട്ടുണ്ടാവും...

രാജമാണിക്യം, അഗ്രജ്‌ ഇക്കാ, ദില്‍ബൂ, പരദേശി, വിശാലേട്ടന്‍ എന്നിവരുടെ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും നന്ദി.

Mubarak Merchant said...

സോറി ബാബുവേട്ടാ, എല്ലാം കുറുമാന്‍ പറ്റിച്ചപണിയാ. എന്തായാലും ലവനെ തെങ്ങിന്റെ കടയ്ക്കലൊഴിക്കണ്ട, വായിലോട്ടോഴിച്ചിട്ട് കുറച്ച് നേരം കഴിഞ്ഞ് തെങ്ങിന്റെ കടയ്ക്കല്‍ ഒരു സിഗരറ്റൊക്കെ കത്തിച്ച് വെറുതെ നിന്നുകൊടുത്താല്‍ മതി, തെങ്ങിനുള്ളത് തെങ്ങിന് കിട്ടിക്കോളും.

myexperimentsandme said...

ഹായ്...റിപ്പോര്‍ട്ടടിപൊളി. ഇതിനെയൊക്കെയാണല്ലേ ഇന്‍സ്റ്റന്റ് മീറ്റ് എന്നൊക്കെ പറയുന്നത്. കുറുമാന്‍ ഒരു കുട്ടിച്ചുരീദാറൊക്കെയാണല്ലോ ഇട്ടിരിക്കുന്നത്.

ബാറിലിരുന്ന് ബാര്‍ ബാര്‍ ബീറടിച്ചപ്പോഴും മോശമായ കാര്യം ചെയ്‌തല്ലേ വില്ലൂസ് :)

ഇന്റര്‍‌നാഷണലില്‍ കയറി പിന്നെ ലൂസിയായിലും കയറി ലൂസായ കുറുമാന്‍ കുമാര്‍‌ജിയെ വിളിക്കാന്‍ മറന്ന കാര്യം ഓര്‍ത്തല്ലോ...എന്തൊരു ബെറെയിന്‍ :)

അങ്ങിനെ അതുല്ല്യേച്ചീടെ ഹോസ്‌പിറ്റല്‍ ഇറ്റാലിറ്റി ഒന്നുകൂടി അനുഭവിച്ച നിങ്ങള്‍ ഭാഗ്യവാന്മാര്‍.

നല്ല വിവരണം, നല്ല ഫോട്ടംസ്. ആ ഫ്ലാറ്റ് കണ്ടിട്ടുണ്ടല്ലോ. ആ രീതിയിലുള്ള എഴുത്ത് നല്ല പരിചയം.

sreeni sreedharan said...

അപ്പോ പച്ചാളത്തെ കുറുമാന്‍ കൊച്ചാക്കിയ വിവരം എല്ലാവരും അറിഞ്ഞല്ലേ...
ഉം സാരമില്ല!

രാജമാണിക്യമേ ഫോട്ടോ കലക്കി.

അതുല്യേച്ചിയുടെ കൈപുണ്യം കൊള്ളാം, ഇപ്പോള്‍
ഓര്‍ക്കുന്‍പോള്‍ വായില്‍ വെള്ളം വരുന്നു.

പക്ഷേ ശ്യൂന്യതയിലേക്ക് വിരല്‍ ചൂണ്ടി “ആ കാണുന്നതാണ് അമൃതാ ഹോസ്പിറ്റല്‍ ” എന്നു പറഞ്ഞതു മാത്രം എനിക്ക് മനസിലായിട്ടില്ല!!(ഞാനോടി)

ഇക്കാസേ എന്‍റെ ജിമെയിലിലോട്ട് ഫോട്ടോസ് അയച്ചുതാ ഞാന്‍ അപ്‍ലോഡ് ചെയ്തോളാം.
sreenisreedharan@gmail.com

:: niKk | നിക്ക് :: said...

വക്കാരീഷ്ട്ടാ ഡാങ്ക്സ്‌. ആ ഫ്ലാറ്റ്‌ ഏതായാലും ജപ്പാനില്‍ അല്ലാട്ടൊ. കാണാന്‍ ഒരു വഴീമില്ല. ചുമ്മാ നമ്പറിടല്ലേ ഇഷ്ട്ടാ.

ഈ രീതിയിലുള്ള എഴുത്തെവിടെയാ കണ്ടിട്ടുള്ളതെന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നൂ...

Anonymous said...

ഉഗ്രന്‍